Sunday, August 14, 2011

തീവ്രവാദി

നാട്ടില്‍ നിന്നും ഭാര്യയുടെ എഴുത്ത്.....നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായ മൂത്തമോന്റെ വിശേഷങ്ങളെ കുറിച്ചുള്ള നെഞ്ചിടിപ്പോടെ അയാള്‍ കത്ത് തുറന്നു. അമ്പരപ്പിച്ചു കൊണ്ട് അവള്‍ എഴുതിയിരിക്കുന്നു... ."നമ്മുടെ മോന്‍ ഇപ്പോള്‍ ആളാകെ മാറിപ്പോയി  പഴയ കൂട്ടുകെട്ട് ഒക്കെ വിട്ടു .അഞ്ചു നേരവും പള്ളിയില്‍ പോകും പിന്നെ ദിക്റും സ്വലാത്തും  അധിക ദിവസവും ഇശാ നിസ്ക്കാരം കഴിഞ്ഞാല്‍ മത പഠന ക്ലാസ്സിനു പോകും ...."...........അയാളുടെ മനസ്സില്‍ ഒരായിരം ബോംബുകള്‍ ഒന്നിച്ചു പൊട്ടാന്‍ തുടങ്ങി... .

Monday, July 18, 2011

കല്യാണ ഭകഷ്യമേളയും കുറെ പൊംക്ലാസുകളും ....


വിവാഹം ഏതൊരു വ്യക്തിക്കും അയാളുടെ വേണ്ടപ്പെട്ടവര്‍ക്കും ഏറെ  ആഹ്ലാദകരമായ മുഹൂര്‍ത്തമാണ്.കാലങ്ങളായി ഈ ഒരു വേളയില്‍ നമ്മുടെ നാടിനെ സംബന്ധിച്ചെടുത്തോളം സന്തോഷത്തിനു ഇത്തിരി മങ്ങല്‍ ഉണ്ടാക്കിയിരുന്നത് സ്ത്രീധനം എന്ന വിപത്തായിരുന്നു. എത്രയൊക്കെ പുരോഗതി ഉണ്ടായിട്ടും ആ ഒരു കാര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല ഇതുവരെ. സ്വര്‍ണത്തിന് വില കൂടും തോറും കൂടുതല്‍ കൂടുതല്‍ പവനാണ്  കൊടുക്കുന്നത്.സ്വര്‍ണ്ണ കടകളുടെ പരസ്യങ്ങള്‍ കണ്ടു കണ്ട്ഇത്തിരി സ്വര്‍ണ്ണമൊന്നും കണ്ണില്‍ പിടിക്കാതായിരിക്കുന്നു.

എന്നാലും ഒരു സമാധാനമുണ്ട്.ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഇത്തിരി പൊന്നും പണവുമൊക്കെ ഏതൊരു സാധാരണക്കാരനും കരുതി വെക്കും.പിന്നെ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം സഹായിക്കുകയും ചെയ്യും.ഇനി പറ്റെ ദാരിദ്ര്യം ആണെങ്കില്‍ എല്ലാവരും കൂടെ ഒന്ന് ആഞ്ഞു പിടിച്ച് കാര്യങ്ങള്‍ നടത്തും.

ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌ സ്ത്രീധനത്തെ കുറിച്ചല്ല.അതല്ലാതെ തന്നെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ വിവാഹം കഴിഞ്ഞുള്ള പലവിധ സല്‍ക്കാരങ്ങള്‍ വരെ പണം പൊടിച്ചു തീര്‍ക്കുന്ന പുതിയ പുതിയ കുറെ ഏര്‍പ്പാടുകളെ കുറിച്ചാണ്.

ഈ കാര്യത്തില്‍ വധുവിന്റെ വീട്ടുകാരെന്നോ വരന്റെ വീട്ടുകാരെന്നോ വ്യത്യാസമില്ല.ഒരു സമ്പന്നനെ  സംബന്ധിച്ചെടുത്തോളം ചിലവാക്കാന്‍ സ്വന്തം കാശ് ഇഷ്ടം പോലെയുണ്ട്.നാട്ടിലെ അറിയപ്പെടുന്ന ദരിദ്രന്‍ ആണെങ്കില്‍ വിവാഹത്തിന് സഹായിക്കാന്‍ ഒരു പാട് ആളുകളുണ്ടാവും. പലപ്പോഴും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ പിരിവു കിട്ടിയ സംഖ്യ ബാക്കി വന്നത് അടുത്ത കുട്ടിക്കായി ബാങ്കില്‍ ഇട്ടിരിക്കുകയാണ് എന്ന് പോലും പറയുന്നത് കേള്‍ക്കാം.എന്നാല്‍ നാട്ടിലെ ഇടത്തരക്കാര്‍ പ്രത്യേകിച്ചും ഗള്‍ഫ് ചുറ്റുപാടുള്ളവര്‍ സമ്പന്നന്റെ ശൈലി അനുകരിക്കാന്‍ ശ്രമിക്കുകയും ദരിദ്രനെക്കാള്‍ കടക്കാരന്‍ ആയിത്തീരുകയും ചെയ്യുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ ഒരു സ്ഥിതി.
                                                                                                    രണ്ടു ഭാഗത്ത്‌ നിന്നും അന്വേഷണങ്ങള്‍ ഒക്കെ നടന്നുകഴിഞ്ഞാല്‍ അടുത്ത ചടങ്ങ് പെണ്ണ്കാണല്‍ ആണ്.ചെറുക്കനും കൂട്ടുകാരനുമാണ് മുമ്പൊക്കെ പെണ്ണ് കാണാന്‍ വന്നിരുന്നത്. ഇപ്പോള്‍ ഏകദേശം ഉറയ്ക്കും എന്ന് തോന്നുന്ന ബന്ധത്തിന് ചെറുക്കന്റെ മാതാപിതാക്കള്‍ തന്നെ കൂടെ വരുന്നതും കാണുന്നുണ്ട്.ഏതായാലും പെണ്ണ് കാണാന്‍ വരുമ്പോള്‍ പെണ്ണിന് ഒരു സമ്മാനം ഉറപ്പ്.സ്വര്‍ണാഭരണം,മൊബൈല്‍ ഫോണ്‍,അല്ലെങ്കില്‍ വിലപിടിച്ച ‍മിഠായികള്‍......... ....

അടുത്തത് ചെറുക്കന്റെ സഹോദരി, ജ്യേഷ്ടഭാര്യ തുടങ്ങിയവര്‍ അടക്കം  അടുത്ത ബന്ധുക്കളായ സ്ത്രീകള്‍  പെണ്‍കുട്ടിയെ കാണാന്‍ വരുന്ന ചടങ്ങാണ്.ഈ പരിപാടി കഴിയുന്നതും ഉച്ചയ്ക്ക് ശേഷമാണ് ഉണ്ടാവുക.ചായ റെഡി.പൊറോട്ട,നൈസ്പത്തിരി,ചപ്പാത്തി,ബ്രഡ്,കുബ്ബൂസ്  ഇതിനു കൂടെ കോഴി,ആട്,ബീഫ് തുടങ്ങിയവ കൊണ്ടുള്ള പലതരം കറികള്‍,അയക്കൂറ പൊരിച്ചത് പോരാത്തത് ഇതിനു പുറമേ കരിച്ചതും പൊരിച്ചതുമായ ഒരു പാട് പലഹാരങ്ങള്‍. ..........

വീട്ടുകാരുടെ അതിഭയങ്കരമായ നിര്‍ബന്ധം കൊണ്ട് എന്തെങ്കിലും  പേരിനൊന്ന് കഴിച്ചെന്നു വരുത്തി  എല്ലാവരും എഴുനേല്‍ക്കുന്നു.എല്ലാവര്‍ക്കും സന്തോഷം.ഒരുക്കിയ വിഭവങ്ങള്‍ മുക്കാലും വെയ്സ്റ്റ് ആയാലെന്ത്!!!!!
                                                                                                                       അടുത്തത് വരന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയമാണ്.വധുവിന്റെ ബന്ധുക്കളായ പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ്.വധുവിന്റെ വീട്ടിലെ പെണ്ണ് കാണല്‍ ചടങ്ങിലെ വിവിധ തരം വിഭവങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് വരന്റെ വീട്ടുകാരും ഒട്ടും മോശമാവരുതല്ലോ.അതും ഉച്ചയ്ക്ക്. ഗംഭീരമായ ഒരു ഭക്ഷ്യമേള  തന്നെ അവിടെ ഒരുക്കുന്നു.എന്നാലല്ലേ വരുന്നവര്‍ക്ക് ഒരു മതിപ്പ് തോന്നുകയുള്ളൂ!!!!

അതും കഴിഞ്ഞു കല്യാണ തിയ്യതി നിശ്ചയിച്ചു.ഇനി ക്ഷണക്കത്ത് അടിക്കണം.ക്ഷണക്കത്ത് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍  അറിയണം ആളുടെ പ്രൌഡിയും കല്യാണ ആഘോഷങ്ങളുടെ മതിപ്പും.അതുകൊണ്ട് തന്നെ ക്ഷണക്കത്ത് ഒട്ടും മോശമാവരുത്.ആറുരൂപമുതല്‍ മൂന്നക്കവും കടക്കുന്ന കത്തുകള്‍ വരെ ഉണ്ട്.വേണമെങ്കില്‍ നെറ്റിലൂടെ സെലക്റ്റ് ചെയ്യാം.അല്ലെങ്കില്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാം.വരന്‍ വിദേശത്ത് ആണെങ്കില്‍ അവിടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ വിതരണം ചെയ്യാന്‍ കുറച്ചു കത്തുകള്‍ കൂടിയ നിലവാരത്തില്‍ തന്നെ വേണം.അല്ലാതെ നാട്ടിലേക്ക് വേറെയും.ആയിരം ക്ഷണക്കത്ത് അടിക്കുമ്പോഴേക്കും ഒരു സംഖ്യ രണ്ടു കൂട്ടര്‍ക്കും തീരും.ഇത് കിട്ടുന്ന വീട്ടുകാര്‍ ഭൂരിപക്ഷവും വിവാഹതീയതി മാത്രമേ  നോക്കൂ.പലപ്പോഴും ക്ഷണക്കത്ത്‌  മുഴുവന്‍ ഇരുന്നു വായിക്കുന്നത് വീട്ടിലെ അക്ഷരം പഠിച്ചു വരുന്ന കുട്ടികളായിരിക്കും.

ഇതിനിടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ രണ്ടു വീട്ടുകാരും വീടെല്ലാം റിപ്പയര്‍ ചെയ്യുകയും പെയിന്റ് അടിക്കുകയും ചെയ്യുന്നു.പോരാ വധുവിന്റെ വീട്ടില്‍ അതി ഗംഭീരമായ മണിയറ ഒരുക്കണം.വിലയേറിയ ഫര്‍ണിച്ചറുകള്‍,അലങ്കാരങ്ങള്‍ A/C എല്ലാ സൌകര്യങ്ങളും.വരന്റെ വീട്ടിലും ബെഡ് റൂം തരക്കേടില്ലാത്ത രീതിയില്‍ ഒരുക്കുന്നു.
ഇനി വിവാഹ വസ്ത്രങ്ങള്‍ വാങ്ങുക എന്ന ചടങ്ങുണ്ട്.വധുവിന് വിവാഹ ദിവസവും തലേന്നും പിന്നീടും അണിയാനുള്ള വസ്ത്രങ്ങള്‍ മാത്രമല്ല വീട്ടുകാര്‍ക്കും വിവാഹ ദിവസത്തേക്കും അനുബന്ധ ചടങ്ങുകള്‍ക്കും അണിയാനുള്ള വസ്ത്രങ്ങള്‍.വന്‍കിട തുണിക്കടകള്‍ ഇപ്പോള്‍ കോഴിക്കോട് അടക്കം വന്നത് കൊണ്ട് കോയമ്പത്തൂര്‍ ഒന്നും പോകേണ്ടതില്ല എന്ന് ആശ്വസിക്കുന്നവരുണ്ട്  .വിവാഹ സാരി ആ ഒരു ദിവസം മാത്രം ഉടുക്കാന്‍ ഉള്ളതാണ് എങ്കിലും  അതിനു പതിനായിരങ്ങള്‍ ആണ് വില തലേദിവസം ഉടുക്കാനുള്ള സാരിയും ഏകദേശം അതിനടുത്തു വില വരും വീട്ടിലുള്ള മറ്റു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാം കൂടി ലക്ഷങ്ങള്‍ തുണിക്കടയില്‍ പൊടിക്കും.വരനും വിലയേറിയ വിവാഹ വസ്ത്രങ്ങള്‍ നിര്‍ബന്ധം കൊട്ടും സൂട്ടും അല്ലെങ്കില്‍ ശര്‍വാനിയും തലപ്പാവും ഒക്കെയായി കല്യാണ ചെറുക്കനും ചമയങ്ങള്‍ ഏറെ. ഒപ്പം വീട്ടുകാര്‍ക്കും ഏകദേശം വധുവിന്റെ വീട്ടുകാര്‍ക്ക് വരുന്ന ചെലവൊക്കെ വരന്റെ വീട്ടുകാര്‍ക്കും വരും. 
.
ഇനി വിവാഹത്തിന് വധുവിന്റെ വീട്ടില്‍ രണ്ടു ദിവസം മുമ്പ് മൈലാഞ്ചി കല്യാണം ഒപ്പനയും പാട്ടും ബിരിയാണിയും.കല്യാണ തലേന്ന് മുതല്‍ വധുവിനെ ഒരുക്കാന്‍ ഇപ്പോള്‍ ബ്യുട്ടിഷ്യന്‍ നിര്‍ബന്ധം സാരി ഉടുപ്പിക്കാനും മുഖം മിനുക്കാനും ചാര്‍ജ് ആയിരങ്ങള്‍.രണ്ടു വീടുകളിലും കല്യാണ തലേന്ന് എത്തുന്ന ഒരുപാട് അതിഥികള്‍ അവര്‍ക്കായി ഒരുക്കുന്ന ഭക്ഷണം.

കല്യാണ ദിവസം വരുന്ന അതിഥികള്‍ക്ക് വന്ന ഉടനെ  കുടിക്കാന്‍ ഒരു വെല്‍ക്കം ഡ്രിങ്ക്.പഴയ നാരങ്ങ വെള്ളത്തിന്റെ കാലം പോയി തണുപ്പിച്ച പാലില്‍ ഒരു പാട് കാര്യങ്ങള്‍ കലക്കി ഉണ്ടാക്കുന്ന സാധനമാണ് ഇപ്പോള്‍.വിവാഹ വിരുന്നിലെ വിഭവങ്ങളും ഒരു ഐറ്റത്തില്‍ അവസാനിക്കുന്നില്ല.കോഴിബിരിയാണി ആണെങ്കില്‍ കൂടെ ആടെങ്കിലും ഉണ്ടാവും.ഈയിടെ  ഒരു വിവാഹ വീഡിയോ കണ്ടപ്പോള്‍ അമ്പരന്നു പോയി .നാട്ടിന്‍ പുറത്ത് കാണുന്ന പോലെ ഓല മേഞ്ഞ ചെറിയ ഒരു പീടിക ഭരണികളില്‍ മിട്ടായികളും,ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ .ചെറിയൊരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചതിനു താഴെ സിഗരറ്റുകൂടുകള്‍ മുറിച്ച് ഇട്ടത്,മുകളില്‍ തൂങ്ങുന്ന വാരികകള്‍ പുറത്ത് ഒട്ടിച്ചു വെച്ച 'ചെമ്മീന്‍' സിനിമയുടെ പോസ്റ്റര്‍.ഒരു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതുപോലെ വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ആവശ്യമുള്ളത് ഇവിടെ നിന്നും വാങ്ങിക്കാം കാശ് കൊടുക്കാതെ.ബുഫെ ആണെങ്കില്‍ ദോശ,പത്തിരി,പൊറോട്ട,ബിരിയാണി,കപ്പ ......അങ്ങനെ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍.ഭക്ഷണത്തിലും അത് വിളമ്പുന്നതിലും  പിന്നെ പന്തല്‍ ഒരുക്കുന്നതിലും പുതിയ പുതിയ രീതികള്‍................
                                                           ഇനി വിവാഹ ശേഷം സല്ക്കാരങ്ങളുടെ ഘോഷയാത്രയാണ്.കല്യാണത്തിന്റെ അടുത്തദിവസം തന്നെ വരനെയും കൂട്ടുകാരെയും ബന്ധുക്കളെയും വിപുലമായ ഒരു സല്‍ക്കാരം വധുവിന്റെ വീട്ടില്‍ വെച്ച്.കൂട്ടത്തില്‍ വധുവിന്റെ അടുത്ത ബന്ധുക്കളും അയല്‍വാസികളും മറ്റു വേണ്ടപ്പെട്ടവരും.ഇത് ഒരു മിനി ഭകഷ്യമേള തന്നെയാണ്.കോഴി,ആട്,വലിയ മീന്‍,ചെമ്മീന്‍,ബീഫ്,കല്ലുമ്മക്കായ........ഇതെല്ലാം കൊണ്ടുള്ള വിഭവങ്ങള്‍.ബിരിയാണി ,ഫ്രൈഡ് റൈസ്,മജ്ബൂസ്,സാദാ ചോറ് ,മക്രോണി,നൂഡ്‌ല്സ്,പായസം.....ഈ വിഭവങ്ങളൊക്കെ കഴിച്ചു എഴുനേറ്റ ഉടനെ മുട്ടമാല,പുഡ്ഡിംഗ് ,ഐസ്ക്രീം ....പിന്നെ ഫ്രൂട്സ്,...ഗഹ് വ  .................
എല്ലാവരും ഭക്ഷണം കഴിച്ചോ എന്നതല്ല എത്രത്തോളം വിഭവങ്ങള്‍ ഒരുക്കി എന്നതിനാണ് പത്രാസ്.ഇനി ഈ സല്‍ക്കാരത്തില്‍ വരന്റെ മാതാപിതാക്കള്‍ പങ്കെടുത്തിട്ടില്ല എങ്കില്‍ അവര്‍ക്കായി വീണ്ടും ഒരു സല്‍ക്കാരം.ചെറുതെങ്കിലും ഇതിലും ഒട്ടും മോശമാവാതെ.തിരിച്ചു വധുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വരന്റെ വീട്ടില്‍ വിളിച്ച് ഇതിനോട് കിടപിടിക്കുന്ന ഒരു സല്‍ക്കാരം.വധുവിന്റെ മാതാവ് വരന്റെ വീട്ടിലേക്കു വിരുന്നു പോകുമ്പോള്‍ മുമ്പൊക്കെ അപ്പത്തരങ്ങള്‍ ആണ് കൊണ്ടുപോയിരുന്നത് എങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത് ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ആണ്.അല്ലെങ്കില്‍ വിലകൂടിയ ചോക്ലേറ്റുകള്‍ ഇത് വരന്‍ സല്ക്കാരത്തിനു വരുമ്പോള്‍ ഇങ്ങോട്ടും കൊണ്ടുവരും കൂടാതെ ഭാര്യയുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള വസ്ത്രങ്ങളും.

മുന്‍ കടന്നുപോയവര്‍ നല്ല ഉദ്ധേശത്തോടെ തുടങ്ങിവെച്ച ചില ആചാരങ്ങളും കീഴ്വഴക്കങ്ങളും പണക്കൊഴുപ്പിന്റെ മേളകളായി അധ:പ്പതിപ്പിച്ചത് ആരാണ്.ആരെയൊക്കെയോ ബോധിപ്പിക്കാന്‍......ആരെ, നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ അതിഥികളെയോ അതോ ഇനിയുള്ള കാലം നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം നില്‍ക്കേണ്ട പുതിയ ബന്ധുക്കളെയോ.

ആവശ്യമില്ലാതെ നാം വാരി വലിച്ചു കഴിക്കുന്നതും ബാക്കി വന്നു കുഴിച്ചു മൂടുന്നതുമായ ഭക്ഷണം ആരുടെ പണം ചെലവാക്കി വാങ്ങിയതാണ്  എങ്കിലും.ലോകത്തിലെവിടെയൊക്കെയോ ആര്‍ക്കൊക്കെയോ കിട്ടാതെ പോകുന്ന ഭക്ഷണമാണ്.ഭകഷ്യ ക്ഷാമം മൂലം മനുഷ്യന്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുന്നതിന്റെ വാര്‍ത്തകള്‍ നിത്യവും വായിക്കുന്ന നമുക്കെങ്ങനെയാണ് ഇങ്ങനെ ഭക്ഷണം ധൂര്‍ത്തടിക്കാന്‍ കഴിയുക.

ഈ പൊങ്ങച്ച പ്രദര്‍ശനങ്ങളിലൂടെ,ആഘോഷങ്ങളിലൂടെ നേട്ടം കൊയ്യുന്നത് ആരാണ്.വന്‍ നഗരങ്ങളിലെ കുത്തക തുണിക്കച്ചവടക്കാര്‍ അഞ്ചും  പത്തും നിലകളിലായി ചെറുകിട പട്ടണങ്ങളില്‍ പോലും തുണിക്കടകള്‍ തുറന്നു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടകള്‍ പുത്തന്‍ പരസ്യങ്ങളിലൂടെ നിങ്ങളെ മാടി വിളിക്കുന്നു.ബേക്കറികള്‍ കൊതിയൂറും വിഭവങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു.ക്ഷണക്കത്ത് കാരന്‍ മുതല്‍ കാറ്ററിംഗ് കമ്പനിക്കാര്‍ വരെ നിങ്ങളെ കൊണ്ട് ജീവിക്കുന്നു.നിങ്ങളോ തീക്കാറ്റടിക്കുന്ന മരുഭൂമിയില്‍ പൊറാട്ടക്കല്ലിനു മുന്നില്‍ ഉരുകി തീരുന്നു.പലിശക്ക് കടം വാങ്ങി മക്കളുടെ  വിവാഹം കെങ്കേമമാക്കുന്നു.

വയറുനിറയെ കഴിച്ച്ഏമ്പക്കവും വിട്ട് ഇറങ്ങിപ്പോവുന്നവന്‍ ഭക്ഷണത്തില്‍ ഉണ്ടായ പോരായ്മ മാത്രം ഓര്‍ക്കുന്നു അല്ലെങ്കില്‍ ഈ പണം പൊടിച്ചു നടത്തുന്ന ആറാട്ടിനെ വിമര്‍ശിക്കുന്നു...................
നാം മറ്റുള്ളവരുടെ മുന്നില്‍ മതിപ്പുണ്ടാക്കേണ്ടത് ധൂര്‍ത്തടിച്ചു കാണിച്ചല്ല.ഒരു പാട് ധനവും അധ്വാനവും ചെലവഴിച്ച് പിരിമുറുക്കത്തോടെ ഈ പാവനമായ വേദിയില്‍ നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേട്.

തിരുത്തേണ്ടിയിരിക്കുന്നു ഈ ധാരണകള്‍.ലളിതമായിരിക്കട്ടെ എല്ലാ ചടങ്ങുകളും.ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയാവരുത് നമ്മുടെ ജീവിതം.  
27.02.2014 4pm news സസ്നേഹം (ബഹറിന്‍) പ്രസിദ്ധീകരിച്ചത് 

Saturday, July 16, 2011

കലാപം


കലാപമൊടുങ്ങിയ തെരുവില്‍ പട്ടാള ബൂട്ടുകളുടെ കിരുകിരിപ്പ്‌ മാത്രം അവശേഷിച്ചു. അന്തരീക്ഷത്തില്‍ അപ്പോഴും  കത്തിയമര്‍ന്ന കടകളില്‍ നിന്നുയരുന്ന   പുകയോടൊപ്പം കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധവും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.തെരുവിലെ ഓടയില്‍ അഴുകി തീരാറായ ആ മനുഷ്യ ശരീരത്തിന്റെ ശിരസ്സില്‍ വന്നിരുന്ന ഈച്ചകളില്‍ ഒന്ന് അപരനോട് ചോദിച്ചു.
"ഇയാള്‍ ഏതു മതക്കാരനാണ് ..."
.ഭക്ഷണത്തില്‍ നിന്നും തല ഉയര്‍ത്താതെ മറ്റേ ഈച്ച പറഞ്ഞു.
"അറിഞ്ഞുകൂടാ...... തെരുവിലെ ആരാധനാലയങ്ങളുടെ മുന്നില്‍ എല്ലാ വിശേഷ ദിവസങ്ങളിലും പിച്ചക്കാരുടെ വരിയില്‍ ഇയാളെയും  കാണാറുണ്ടായിരുന്നു."