Thursday, February 27, 2014

ഏച്ചുകൂട്ടിയും വെട്ടിമാറ്റിയും നശിപ്പിച്ചൊരു ‘ബാല്യകാലസഖി’ബഷീറിന്‍റെ  ‘ബാല്യകാല സഖി’ പറയുന്നത് നഷ്ടപ്രണയത്തിന്‍റെ നോവാണ്. മജീദിന്‍റെ നാടുവിടലും വര്‍ഷങ്ങളായുള്ള അലച്ചിലും പണമുണ്ടാക്കാനായിരുന്നില്ല. മനുഷ്യജീവിതങ്ങളെ അടുത്തറിയാനായിരുന്നു. സ്വാതന്ത്ര്യസമരവും വര്‍ഗ്ഗീയകലാപവും എല്ലാം ബഷീറിന്‍റെ മറ്റു പല കൃതികളിലും കടന്നു വരുന്നുവെങ്കിലും ‘ബാല്യകാലസഖി’യില്‍ ഒട്ടുമേ പറഞ്ഞിട്ടില്ല.

നാടുവിട്ടുള്ള വര്‍ഷങ്ങളായുള്ള അലച്ചിലില്‍ കഷ്ടപ്പാടും ദുരിതങ്ങളുമായിരുന്നു മജീദിന് കൂട്ട്. ചെന്നിറങ്ങിയയിടത്ത് ആദരവോടെയുള്ള സ്വീകരണവും ജോലിയും സൌഹൃദവും ആയിരുന്നില്ല.

പട്ടിണി കൊണ്ട് ശോഷിച്ച, ഭര്‍ത്താവിന്‍റെ തല്ലുകൊണ്ട് പല്ല് പൊട്ടിയ, കാതില്‍ കറുത്ത നൂലിട്ട ‘സുഹറ’യെയാണ് തിരിച്ചു വന്ന മജീദ്‌ വീണ്ടും രാജകുമാരിയായി സ്നേഹിച്ചത്. അവര്‍ ചന്തയില്‍ പാട്ടുപാടി പ്രണയിച്ചു നടക്കുകയായിരുന്നില്ല.

സംസാരിക്കുമ്പോള്‍ വെറ്റിലതുപ്പല്‍ തെറിച്ച കുപ്പായം മാറ്റി വരാന്‍ പറഞ്ഞപ്പോള്‍ പുതിയത് മാറ്റി വന്ന ഉമ്മ തന്നെയാണ് കാലം മാറിയപ്പോള്‍ ഉപ്പ പറഞ്ഞിട്ട്  അയല്‍പക്കത്ത് പോയി ഇത്തിരി പുകയില വാങ്ങാന്‍  മുഷിഞ്ഞ തുണിയും തലയിലിട്ട് ഇറങ്ങിയത്‌. കുറഞ്ഞ വരികളില്‍  കൃത്യമായി വരച്ചിട്ട ജീവിതാവസ്ഥകള്‍.

ഇതൊക്കെ കൊണ്ടാണ് ‘ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത, വക്കില്‍ ചോര പൊടിഞ്ഞു നില്‍ക്കുന്ന’ ഒരേട്‌ എന്ന് എം പി പോള്‍ ‘ബാല്യകാലസഖി’യെ വിശേഷിപ്പിച്ചതും. 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായി വന്നപ്പോള്‍ ചോര്‍ന്നുപോയത് ഇതൊക്കെയാണ്. ആര്‍ക്കോ വേണ്ടി കുത്തിത്തിരുകി വെച്ച സ്വാതന്ത്ര്യസമരവും കല്‍ക്കത്തയും പിന്നെ കുറെ ഫ്ലാഷ്ബാക്കുകളും. സുഹ്റയുടെ മരണ വാര്‍ത്ത വായിച്ച മജീദിന്‍റെ അവസ്ഥപോലും ഈ ബഹളത്തിനിടയില്‍ മുങ്ങിപ്പോയി. ഇന്നും വായനക്കാരന്‍റെ മനസ്സിനെ മഥിക്കുന്ന ആ ചോദ്യം. ‘എന്തായിരുന്നു അന്ന് അവസാനമായി  സുഹ്റ  പറയാന്‍ തുടങ്ങിയത്’. അതുപോലും അപഹാസ്യമാക്കി ചിത്രീകരിച്ച് സംവിധായകന്‍ കൃതാര്‍ത്ഥനാകുമ്പോള്‍ വായനക്കാരന്‍ മടുപ്പോടെ നിരാശയോടെ വേദനയോടെ എഴുന്നേല്‍ക്കുന്നു. അതിലേറെ ക്ഷോഭത്തോടെയും.

പഴയകാലവും മജീദ്‌-സുഹ്റാമാരുടെ ബാല്യവും സൂക്ഷ്മമായി ചിത്രീകരിച്ച സംവിധായകന്‍ മോശക്കാരനല്ല. മജീദിന്‍റെ ബാപ്പയുടെ വേഷം  മമ്മൂട്ടിയും ഉജ്വലമാക്കി.

പക്ഷെ ‘ബാല്യകാലസഖി’ വെച്ചൊരു പരീക്ഷണം വേണ്ടായിരുന്നു.  കാരണം അത് വെറുമൊരു നോവലല്ല . മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരന്‍റെ ജീവിതം കൊണ്ടെഴുതിയത് കൂടിയാണ്. തോന്നിയപോലെ കൂട്ടിച്ചേര്‍ത്തും മുറിച്ചു മാറ്റിയും തട്ടിക്കൂട്ടി നശിപ്പിച്ചത് മലയാളികള്‍ എക്കാലവും കണ്ണീരിന്‍റെ നനവോടെ ചേര്‍ത്തുപിടിച്ച അനശ്വര പ്രണയകഥയാണ്.Sunday, February 23, 2014

ഇക്കാക്കആഴമുള്ള ഉറക്കത്തിന്‍റെ  ചരട് മുറിച്ചു കൊണ്ടാണ് ടെലഫോണ്‍ മണി മുഴങ്ങിയത്.

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവള്‍ ഫോണ്‍ എടുക്കുന്നത് കേട്ടു. 

‘ഇല്ല ...ഉറങ്ങ്വാ .........ഇന്ന് വെള്ളിയാഴ്ചയല്ലേ.............കുറേക്കഴിയും.......ങാ........എന്തേലും പറയണോ......എന്നാ ശരി’

ഫോണ്‍ വെച്ചു.

‘നാശം......ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങാന്നു വെച്ചാ....വിളിച്ചോളും സമയവും കാലവും നോക്കാതെ’

‘ആരാ........’

‘നിങ്ങടെ ഇക്കാക്ക’

അവള്‍ അരിശത്തിലാണ്.

‘എന്തേ...വിശേഷിച്ച്’

‘കുന്തം.......എന്തോ പൈസയുടെ തിടുക്കമുണ്ടാകും. പിന്നെ വിളിക്കാന്നു പറഞ്ഞു’

‘എന്തെങ്കിലും പറഞ്ഞോ പ്രത്യേകിച്ച്..’

‘ങാ.....ഉറക്കത്ത് വിളിച്ചുണര്‍ത്തി നമ്മുടെയൊക്കെ സുഖവിവരം ചോദിച്ചു...പോരേ.........അപ്പോ കാര്യായിട്ടുള്ള എന്തോ ആവശ്യാന്ന് ഉറപ്പിക്കാം’

അവള്‍ പരിഹസിക്കുന്ന പോലെ പിന്നെയും പിറുപിറുത്തുകൊണ്ട്  പുതപ്പിനുള്ളിലേക്ക് നൂണ്ടുപോയി.

ഒരു ടെന്‍ഷനും ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നത്‌ ഇങ്ങനെ വെള്ളിയാഴ്ച രാവിലെകളിലാണ്.  മൂടിപ്പുതച്ച് ഇരുട്ടിലിങ്ങനെ.......മക്കള്‍ക്ക്‌ സ്കൂളിലോ തനിക്ക് ഓഫീസിലോ പോകാനില്ലാത്തത് കൊണ്ട് അവള്‍ക്കും സ്വസ്ഥമാണ് ഈ ഉറക്കം. ഒമ്പത് മണിയൊക്കെ കഴിഞ്ഞ് സാവകാശം ഉണര്‍ന്നാല്‍ മതി. ഉണര്‍ന്നാലും കുറെ നേരം വെറുതേ കിടക്കാം. അതൊരു സുഖമാണ്. പക്ഷെ ഇന്നത്തെ ദിവസം രാവിലെതന്നെ എല്ലാം നശിപ്പിച്ചു ആ ഫോണ്‍. ഉറക്കം  പോയതില്‍   നിരാശയും ദേഷ്യവും തോന്നി.

അയാള്‍ മൊബൈല്‍ എടുത്തു സമയം നോക്കി. എഴുമണി ആവുന്നേയുള്ളൂ. മൂന്നു മിസ്‌ കോളുകള്‍ . ഇക്കാക്കയുടെത് തന്നെ. തന്‍റെ ഫോണ്‍ സൈലന്‍റ്  ആയതു കൊണ്ടാവും വിളിച്ചിട്ട്  കിട്ടാതെ  ലാന്‍ഡ് ഫോണിലേക്ക് വിളിച്ചത്.

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍  മാത്രമാണ് ഇങ്ങോട്ട് വിളിക്കുന്നത്‌. ചിലപ്പോള്‍ ബന്ധുക്കളുടെയോ, അയല്‍ക്കാരുടെയോ, നാട്ടുകാരുടെയോ ഒക്കെ കാര്യത്തിനാവും . സാമ്പത്തിക സഹായം തന്നെ പ്രധാനം. തരക്കേടില്ലാതെ അയച്ചുകൊടുക്കാറുമുണ്ട്. അവള്‍ പറയും

വിളിച്ചു പറഞ്ഞാലുടനെ പണം അയച്ചു കൊടുക്ക്‌.....നിങ്ങളെ ഇക്കാക്കാക്ക് പൊങ്ങച്ചം കിട്ടട്ടെ......നിങ്ങളുടെ പണം കൊണ്ട് എല്ലാരുടെം മുന്നില് അയാള്‍ക്ക്‌ ആളാകാം. നാട് വിട്ടാലുള്ള കഷ്ടപ്പാടൊന്നും മൂപ്പര്‍ക്ക്  അറിയണ്ടാലോ’.
പറയുമ്പോഴൊക്കെ അയച്ചു കൊടുക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ. ചിലപ്പോള്‍ രാവിലെ തന്നെ ആരെങ്കിലും സങ്കടം പറയാന്‍ വന്നിട്ടുണ്ടാവും. എളുപ്പമാണല്ലോ ഇങ്ങോട്ട് ഒരു മിസ്കോള്‍ അല്ലെങ്കിലൊരു വിളി.

നാട്ടില്‍ നിന്ന്   ഒരു ദിവസം പോലും  എങ്ങും വിട്ടു നില്‍ക്കാത്ത ഇക്കാക്കാക്ക് ഇവിടത്തെ ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ ഒന്നും അറിയണ്ടല്ലോ. അനുഭവിക്കുന്ന പിരിമുറുക്കങ്ങളും തിരക്കുകളും..........

മുറിഞ്ഞുപോയ ഉറക്കം തിരിച്ചുപിടിക്കാനാവാതെ  കുറച്ചു നേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ എഴുന്നേറ്റു. ദേഷ്യവും സങ്കടവും ഉള്ളില്‍ കിടന്നു പുകഞ്ഞു. ഒന്ന്  പൊട്ടിത്തെറിക്കാനോ ഉറക്കെ കരയാനോ പോലും കഴിയാതെ ചിട്ടയോടെയും ഉപചാരശീലങ്ങലോടെയും വാക്കുകളും ചലനങ്ങളും യാന്ത്രികമായിപ്പോയ തന്‍റെ ജീവിതത്തെ കുറിച്ച്..........അയാള്‍ക്ക്‌ കരച്ചില്‍ വന്നു.


ഭാര്യയും മക്കളുമൊക്കെ പിന്നെയും ഉറക്കത്തിലേക്ക് ആണ്ടുപോയിരിക്കുന്നു. മൊബൈലുമെടുത്ത്  ബെഡ് റൂമില്‍ നിന്ന് പുറത്തേക്ക് കടന്നു.

കളിപ്പാട്ടം പൊട്ടിപ്പോയ കുട്ടിയെപ്പോലെ അയാള്‍ ഖിന്നനായി. ഉള്ളില്‍ ആവിപോലെ ഉയരുന്ന  കോപവും സങ്കടവും. മൊബൈലില്‍ വെറുതെ മറിച്ചു കൊണ്ടിരുന്നപ്പോള്‍ പിന്നെയും ഫോണ്‍.

ഇക്കാക്ക തന്നെ.  ഈര്‍ഷ്യയോടെ ഫോണെടുത്ത് സലാം പറഞ്ഞു.
ഇക്കാക്ക ചോദിച്ചു.

‘പിന്നെ എന്തൊക്കെയാ നിങ്ങളെ വിശേഷം..... സമീറാക്കും കുട്ട്യോള്‍ക്കും ഒക്കെ സുഖം തന്നല്ലേ..’

‘എല്ലാര്‍ക്കും സുഖം തന്നെ’
മറുപടിക്ക് വലിയ മയം ഉണ്ടായിരുന്നില്ല.

‘പിന്നെ.........’

എന്തോ പറയാനുണ്ട് എന്നുറപ്പ്. കാശിന്‍റെ കാര്യം തന്നെ ആയിരിക്കും.

‘ഞാന്‍ നിന്നോട് ഒരു കാര്യം പറയാനാ രാവിലെ മുതല് വിളിച്ചത്.....’
പറഞ്ഞോ
‘പിന്നെ...................ഇന്നലെ രാത്രി ഞാന്‍ നിന്നെ ഒറക്കത്ത് കണ്ട്.....നീ ഒറ്റയ്ക്ക് പേടിച്ച്  നിലവിളിക്കുന്നതായിറ്റ് ........പിന്നെ എനിക്ക് ഉറക്കം വന്നില്ല. അതാ രാവിലെ തന്നെ വിളിച്ചത്.............ഒന്നൂല്ലാലോ നിനക്കും കുട്ട്യേക്കുമൊന്നും  .....വണ്ടിയൊക്കെ എടുത്ത് പോകുമ്പൊ ശ്രദ്ധിക്കണേ....’

ഫോണ്‍ കട്ടായി.
ഒറ്റയടിക്ക് അയാള്‍ ഒന്നുമല്ലാതായിപ്പോയി. ധൃതിയോടെ തിരിച്ചു വിളിച്ചു. അപ്പുറത്ത് ഇക്കാക്ക.

‘ഇതില് പൈസ തീര്‍ന്നതോണ്ടായിരിക്കും കട്ടായിപ്പോയി........നീ ബേജാറാകുകയൊന്നും മാണ്ട.........എന്തോ ഇങ്ങനൊക്കെ ഒറക്കത്ത് കാണുമ്പോ ഒരു പേട്യാ...കണ്ണെത്താദൂരത്തല്ലേ നിങ്ങളൊക്കെ....ഒന്ന് വിളിച്ച് വര്‍ത്താനം പറഞ്ഞാലേ  സമാധാനണ്ടാവൂ............’

എന്ത് പറയണം എന്നറിയാതെ അയാള്‍ തളര്‍ന്നു നിന്നു. ഉള്ളില്‍  അണ പൊട്ടിയപോലൊരു  കരച്ചില്‍ വന്നു മുട്ടി. താനിപ്പോഴും എത്ര ചെറുതാണെന്ന് നിന്ദ്യതയോടെ ഓര്‍ത്തു.


ഇക്കാക്കയുടെ  വാക്കുകളില്‍ മദ്രസയിലേക്ക് പോകുന്ന വഴിയിലെ തെങ്ങിന്‍പാലം കടക്കുമ്പോള്‍ അപ്പുറമെത്തും വരെ മുറുകെപ്പിടിച്ച കൈകള്‍ തന്ന ബലം ...........

ഓടിക്കളിക്കുമ്പോള്‍ വീണ് തൊലിയുരിഞ്ഞ  മുട്ടിലെ ചോര കണ്ട് നിലവിളിച്ചപ്പോള്‍ തെങ്ങിന്‍ ചുണങ്ങ് വെച്ച് തന്ന് ‘ചോര ഇപ്പം നിക്കുട്ടോ’ എന്ന് പറഞ്ഞ്  മുറിവിലേക്ക്‌ ഊതിക്കൊണ്ടിരുന്നപ്പോള്‍ കിട്ടിയ ആശ്വാസം......

‘നീയെന്താ ഒന്നും മിണ്ടാത്തത്.....ഒന്നൂല്ലാലോ നിങ്ങക്കൊന്നും’

അപ്പുറത്ത് വീണ്ടും ഇക്കാക്കയുടെ വേവലാതി നിറഞ്ഞ ചോദ്യം.

കരച്ചില്‍ കനത്ത തൊണ്ടയില്‍ ഈ വാക്കുകള്‍ പറയാനാവാതെ  അമര്‍ന്നു നിന്നു.

ഇക്കാക്കാ...........സുഖാണ് .......എപ്പോഴും നിങ്ങളുടെ പ്രാര്‍ഥനയുടെ കരുതലുണ്ടല്ലോ....ഞങ്ങളോടൊപ്പം’


Sunday, February 9, 2014

വീട്പുതിയ വീടിന് കുറ്റിയടിക്കാന്‍ ആശാരിയോടൊപ്പം ഇറങ്ങുമ്പോള്‍ ഉമ്മ അയാളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

മോനേ കിണറിന് ആദ്യം  സ്ഥാനം കാണണേ. എത്ര വല്യ പൊര ആയാലും വെള്ളം കിട്ടാഞ്ഞാ തീര്‍ന്നു.....

ബൈക്കില്‍ കിതച്ചു വന്ന മകന്‍ പറഞ്ഞു.

ഉപ്പാ അവിടെ മൊബൈലിന് റെയ്ഞ്ച് കിട്ട്വോന്ന് നോക്കണേ ഇല്ലെങ്കില്‍ കുടുങ്ങിപ്പോകും..

അയാള്‍ ഭാര്യയെ നോക്കി.


കേബിളില്ലെങ്കില്‍ ഡിഷ്‌ വെച്ചാലെങ്കിലും ടീവി കാണാമല്ലോ എന്ന സമാധാനത്തില്‍ ഭാര്യയൊന്നും മിണ്ടിയില്ല.

Saturday, February 8, 2014

പെണ്‍മക്കളെ ‘ബായിക്കുക’(വാഴിക്കുക)ഒരുപാടു നാളായി എന്നെ ഈ   'മാപ്പിള നാടന്‍പ്രയോഗം'  വല്ലാതെ  അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. ‘വാഴിക്കുക’ എന്ന  വാക്ക്; പറഞ്ഞു പറഞ്ഞു മിനുസം വെച്ച് ‘ബായിക്കുക’ എന്നും ‘ബായിച്ചു’ എന്നും ആയി തീര്‍ന്നത്.

മലബാറിലെ  മുസ്ലിം സമൂഹം ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ കഴിഞ്ഞ കാലം ഏറെ പിറകില്‍ ആയിരുന്നത് കൊണ്ട് കൂടിയാവാം മാപ്പിളമാരുടെ സംസാരഭാഷയില്‍ നാടന്‍ പദങ്ങളും മലയാളീകരിക്കപ്പെട്ട അറബി വാക്കുകളുമാണ്  കൂടുതല്‍.

എന്നാല്‍ എന്നെ അമ്പരപ്പിച്ചത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ മാപ്പിളമാരിലെ പഴമക്കാര്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നതിന് സര്‍വ്വ സാധാരണമായി  ഉപയോഗിക്കുന്ന  പെണ്ണിനെ വാഴിക്കുക (വായിക്കുക, ബായിക്കുക) എന്ന പദമാണ്
“മോളെ ബായിച്ചു കൊടുക്കുക” , “ഓള് ഏടയാ വാണത്” , “ഒരു പെങ്കുട്ടിനെ വായിക്കുവാനുള്ള പാട്”.... എന്നിങ്ങനെയാണ് ഇവിടങ്ങളില്‍ സാധാരണയായി പറയുന്നത്.

ഭരണകര്‍ത്താവാക്കുക, രാജാവായി അഭിഷേകം ചെയ്യിക്കുക തുടങ്ങിയ  അര്‍ത്ഥത്തില്‍ ആണ് സാധാരണ ‘വാഴിക്കുക’ എന്ന പദം മലയാളത്തില്‍ ഉപയോഗിക്കുന്നത്. ആദരണീയമായ ഒരു സ്ഥാനം നല്‍കപ്പെടുക എന്ന് സാരം.

ഈ അര്‍ത്ഥം ഉദ്ദേശിച്ചാണ് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നതിന് ‘വാഴിച്ചു’ എന്ന് പറയുന്നത് എങ്കില്‍ മുസ്ലിം സമുദായത്തില്‍ സ്ത്രീകളോടുള്ള മനോഭാവത്തെ കുറിച്ച് എഴുതിയും പറഞ്ഞും സ്ഥാപിക്കപ്പെട്ട ചില ധാരണകള്‍ തിരുത്തേണ്ടി വരും.

‘കണ്ണീരിന്‍ കടല്‍ നീന്തും മുസ്ലിംപെണ്‍കുട്ടി’ എന്നതാണല്ലോ നമ്മുടെ കവികളും കലാകാരന്മാരും പറഞ്ഞു വെച്ചത്. അങ്ങനെയല്ല എന്ന് പൂര്‍ണ്ണമായും നിഷേധിക്കാനാവാത്ത ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞതുമാണല്ലോ.
അപ്പോള്‍ ഇങ്ങനെ ഒരു വാക്കുകൊണ്ട് ആദരിക്കപ്പെടുന്ന  രീതിയില്‍ ഏതു കാലഘട്ടത്തില്‍ ആയിരിക്കും ഈ പ്രദേശങ്ങളിലെ മുസ്ലിം പെണ്‍കുട്ടികള്‍ ജീവിച്ചിട്ടുണ്ടാവുക?
പുതിയാപ്പിളമാര്‍ വിവാഹ ശേഷം ഭാര്യവീട്ടില്‍ കഴിയുന്ന സമ്പ്രദായമുള്ള ചില പ്രദേശങ്ങള്‍ ഈ പറഞ്ഞ ജില്ലകളില്‍ ഉണ്ട്. അവിടങ്ങളില്‍ വധുവിന് മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിഗണന ലഭിക്കുന്നുമുണ്ട്. എന്നാല്‍ ‘വാഴിക്കുക’ എന്ന പ്രയോഗം അവിടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. (അത്തരം ഇടങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന മാപ്പിള ശൈലികളും, വാക്കുകളും, പ്രയോഗങ്ങളും ധാരാളം ഉണ്ട് താനും). ഈ പറഞ്ഞ മൂന്നു ജില്ലകളിലെയും മാപ്പിളമാരുടെ രീതി അനുസരിച്ച് പുതിയാപ്പിളയെ അഥവാ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ  ഏറെ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന സമ്പ്രദായം ആണുള്ളത്. (മരണം വരെ വീട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും,നാട്ടുകാര്‍ക്കും അയാള്‍ പുതിയാപ്പിള ആണ്). മേല്‍പറഞ്ഞ അര്‍ത്ഥത്തില്‍ ശരിക്കും വാഴിക്കപ്പെടുന്നത് ആണ്‍കുട്ടിയാണ്. അപ്പോള്‍ എന്തുകൊണ്ടാവും പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുന്നതിന് ഈ പദം ഉപയോഗിച്ചിട്ടുണ്ടാവുക? .(മുസ്ലിംകള്‍ ഏറെയുള്ള മാപ്പിള ശൈലിയും വാക്കുകളും ധാരാളം പ്രയോഗിക്കുന്ന മലപ്പുറം ജില്ലയില്‍ ഈ വാക്ക് ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്)


ശ്രീകണ്ഠന്‍നായരുടെ  ശബ്ദതാരാവലിയില്‍  ‘വാഴിക്കുക’ എന്ന വാക്കിന്  ‘കുടുംബം ഉണ്ടാക്കിക്കൊടുക്കുക’ എന്ന ഒരു അര്‍ഥം കൂടി നല്‍കിയിട്ടുണ്ട്.

ഈ ഒരു അര്‍ത്ഥത്തിലാണ് ‘വാഴിക്കുക’ എന്ന് പ്രയോഗിക്കപ്പെടുന്നത് എങ്കില്‍ അതിന് കുറേക്കൂടി ചേര്‍ച്ച തോന്നുന്നുണ്ട്. അപ്പോഴും  അമ്പരപ്പ് ഒന്നുകൂടി കൂടുകയാണ്. കാരണം  ഇത്തരം കട്ടിയുള്ള വാക്കുകളൊന്നും സംസാരഭാഷയില്‍ കടന്നുവരാത്ത നാടന്‍ മാപ്പിളമാര്‍ എന്തുകൊണ്ടാവും പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊടുക്കുന്നത് സൂചിപ്പിക്കാന്‍ ഈ വാക്ക് ഇത്ര വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടാവുക. തങ്ങള്‍ ഇടപഴകുന്ന; കൂടുതല്‍ നല്ല മലയാളം പറയുന്ന മറ്റു സമുദായങ്ങള്‍ ഈ വാക്ക് ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും

പഴയ അറബി മലയാളം പാട്ടുകളില്‍ ‘വാഴിക്കുക’ എന്ന് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിന് ഉപയോഗിച്ചിരുന്നു.(ഉമ്മ പറഞ്ഞ അറിവ് ‘ഖദീജ ബീവി വഫാത്ത്’ എന്ന കൃതിയില്‍ ഇങ്ങനെ ഒരു വാക്ക് ഉണ്ടായിരുന്നുവത്രെ).

ഇങ്ങനെ ഒരു  ഭാഷയിലൂടെ നൂറ്റാണ്ടുകള്‍ക്കു  മുമ്പ് തന്നെ  സമ്പൂര്‍ണ്ണ   സാക്ഷരത നേടിയ ഒരു സമുദായത്തിന്‍റെ ഭാഷാ പ്രയോഗങ്ങളും സംസാരശൈലിയും പലപ്പോഴും പുച്ഛത്തോടെയും  പരിഹാസത്തോടെയും വീക്ഷിക്കപ്പെടുമ്പോള്‍ ഇങ്ങനെ ചില അമ്പരപ്പുകള്‍ ബാക്കിയാവുന്നു.

നമ്മള്‍ ശ്രദ്ധിക്കാതെ പോവുന്ന ചില വാക്കുകളും പ്രയോഗങ്ങളും  ഒരു സമൂഹത്തിന്‍റെ ഇന്നലകളിലേക്ക് ചികഞ്ഞു പോകാനുള്ള താക്കോലായി മാറും. അറിവും കഴിവും ഉള്ളവര്‍ മുന്നിട്ടിറങ്ങിയാല്‍ ചരിത്രത്തിന്‍റെ ഇരുട്ടുമുറികള്‍ തുറന്ന് അമൂല്യമായ പലതും കണ്ടെത്താനാവും. വരാനിരിക്കുന്ന തലമുറകള്‍ക്ക് അത് മുതല്‍ക്കൂട്ടാവുകയും ചെയ്യും.