Tuesday, November 21, 2017

പാലൊളി എന്ന കമ്യൂണിസ്റ്റ്


"നല്ല തങ്കപ്പെട്ടൊരു മനുഷ്യനെയാണ് ഞങ്ങൾ നിങ്ങളെ ഏൽപ്പിച്ചു പോകുന്നത്. ഈ വലിയ ആപ്പീസും നിയമസഭാ മന്ദിരവുമൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ട്. മൂപ്പരെ അഞ്ചുവർഷം കഴിഞ്ഞ് ഇതേപോലെ ഞങ്ങളെ തിരിച്ചേൽപ്പിക്കണം"

ദേശാഭിമാനി വാരികയിൽ,
സഖാവ് പാലോളി മുഹമ്മദ്‌കുട്ടിയുമായി  പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി സക്കീർ ഹുസൈൻ P Zakir Hussain  നടത്തിയ അഭിമുഖം- 'ചുവന്ന മണ്ണും നടന്ന പാതകളും'-  എന്ന പുസ്തകത്തെക്കുറിച്ച്  ഞാൻ  എഴുതിയ അസ്വാദനക്കുറിപ്പ്.

പാലോളി എന്ന കമ്യൂണിസ്റ്റ്

'പാലോളി' എന്ന വാക്ക് മലയാളിയെ സംബന്ധിച്ചെടുത്തോളം മലപ്പുറം കോഡൂരിലെ  പഴയ ഒരു തറവാട്ടിന്റെ പേരല്ല, കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ- മനുഷ്യസ്നേഹിയുടെ പേരാണ്. രാഷ്ട്രീയത്തിനതീതമായി ഏതൊരു മലയാളിയും അദ്ദേഹത്തെ  ഹൃദയത്തോട് ചേർത്ത് വിളിക്കുന്ന വിശേഷണമുണ്ട് 'സഖാവ്'.

സഖാവ് പാലോളി മുഹമ്മദ് കുട്ടി.  അധികാരമോഹമില്ലാത്ത യഥാർഥ കമ്യൂണിസ്റ്റ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി ഈ മനുഷ്യൻ സാധാരണക്കാർക്കിടയിൽ ജീവിക്കുന്നു. എം എൽ എ ആയിട്ടും മന്ത്രിയായിട്ടും ലാളിത്യം ചോർന്നു പോകാതെ ചുറ്റുമുള്ള സമൂഹത്തിന്റെ നന്മക്കായി അവരിലൊരാളായി നിരന്തരം പ്രവർത്തിക്കുന്നു. ജീവിതം തന്നെയാണ് സന്ദേശം എന്ന് തെളിയിച്ച കമ്യൂണിസ്റ്റുകാരന്റെ സൂക്ഷ്മതയും ഉത്കണ്ഠയും അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ ഉണ്ട്.

"ഞാനൊരു തെറ്റ് ചെയ്താൽ അതിന് ഉത്തരം പറയേണ്ടി വരുക പാലോളി തറവാട്ടുകാരല്ലല്ലോ, സംസ്ഥാനത്തുള്ള മുഴുവൻ പാർട്ടി സഖാക്കളുമാണ്. വലിയ ശ്രദ്ധ എപ്പോഴും ആ കാര്യത്തിൽ വേണം.  അതില്ലാതെ പിശക് പറ്റുന്നതിന്റെ പരുക്ക് പാർട്ടിക്ക് പറ്റുന്നുണ്ട്"

എഴുത്തുകാരനും പത്രപ്രവർത്തകനായ പി സക്കീർ ഹുസൈൻ സഖാവ് പാലോളി മുഹമ്മദ്‌കുട്ടിയുമായി നടത്തിയ ദീർഘമായ അഭിമുഖത്തിന്റെ പുസ്തകരൂപമായ 'ചുവന്ന മണ്ണും നടന്ന പാതകളും' പറയുന്നത് സഖാവ് പാലോളിയുടെ വ്യക്തിജീവിതത്തെക്കാൾ  ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്, മലപ്പുറം ദേശത്തിന്റെ  രാഷ്ട്രീയ ചരിത്രവും കടന്നുപോയവരും ജീവിച്ചിരിപ്പുള്ളവരുമായ വിവിധ  രാഷ്ട്രീയനേതാക്കളുടെയും ചിത്രമാണ്, ഇന്നലെകളിലെ സമൂഹ്യാവസ്ഥയിലേക്ക്‌ തുറന്നു വെക്കുന്ന വാതിലുകളാണ്, ഭരണ നിർവ്വഹണത്തിന്റെ ഉള്ളുകള്ളികളും വികസനങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്പങ്ങളുമാണ്. സ്വാർത്ഥതയില്ലാതെ മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന  ഒരു രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും അനുഭവങ്ങളും നമുക്ക് മുന്നിൽ തുറന്നു വെക്കുന്നത് വലിയൊരു ലോകമാണ്.

1946 ൽ ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പാലോളിയുടെ ജീവിതത്തിൽ കടന്നുപോയ ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കൗമാരകാലത്ത് ചായപ്പീടികയിലെ ബെഞ്ചിൽ ഇരുന്ന് ചയകുടിച്ചതിന് നാട്ടിലെ പ്രമാണിയാൽ മർദ്ധിക്കപ്പെട്ട നാടിക്കുട്ടി എന്ന ദളിതനെ മർദനത്തിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, ഈ മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അടികൊണ്ട് കാൽമുട്ട് തകർന്ന് ആറുമാസത്തോളം പറ്റെ കിടപ്പിലായിപ്പോയ അനുഭവം പോലെ, മർദ്ദനങ്ങളുടെയും ഭീഷണികളുടെയും പരിഹാസങ്ങളുടെയും നിഴലിലൂടെ മനുഷ്യ പക്ഷത്തു നിന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ സംഭവ ബഹുലമായ അനുഭവ വിവരണം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.

ചുവപ്പു രാഷ്ട്രീയത്തിന് ഒട്ടും വേരോട്ടം ലഭിക്കാൻ സാധ്യതയില്ലാത്ത മണ്ണിൽ പ്രമാണിമാരുടെയും ഗുണ്ടകളുടെയും ഭീഷണികളെ അതിജീവിച്ച് താഴേത്തട്ടിലെ സാധാരണക്കാർക്ക് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിന്റെ ഓർമ്മകൾ ഏറെ വികാരോജ്വലമാണ്. ഒരു മുറി ചക്ക കിട്ടിയാൽ അത് നുറുക്കി നാലു ദിവസത്തേക്ക് ഉപ്പിട്ട് കഴിക്കുന്ന പട്ടിണിക്കാലത്തിന്റെ ഓർമ്മകൾ. നേരവും കാലവുമില്ലാതെ പകലന്തിയോളം അടിമകളെപ്പോലെ   ജോലി ചെയ്യിച്ച് നിസ്സാര കൂലി നൽകിയും പേടിപ്പിച്ചു നിർത്തിയും ചൂഷണം ചെയ്തിരുന്ന കാലത്ത് ഗതികെട്ട അടിയാളന്റെ പ്രത്യാശയായി പാർട്ടി വളർത്തിയെടുത്ത അനുഭവം.

യാഥാസ്ഥിക കുടുംബത്തിൽ പിറന്ന സഖാവിന്റെ പർട്ടി പ്രവർത്തനത്തോട് വീട്ടുകാർക്കും കുടുംബത്തിനും ഉണ്ടായിരുന്ന എതിർപ്പും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും. അധികാരമോ സ്ഥാനമാനങ്ങളോ ആയിരുന്നില്ല എന്നിട്ടും പൊരുതി നിൽക്കാനുള്ള പ്രചോദനം.  കാലങ്ങളായി  പട്ടിണിയും ദാരിദ്ര്യവും ചൂഷണവും അനുഭവിച്ചു നടുവൊടിഞ്ഞു പോയൊരു സമൂഹത്തിനെ നിവർന്നു നിൽക്കാനുള്ള കരുത്തുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ദൈന്യജീവിതങ്ങളുടെ നിത്യക്കാഴ്ച എല്ലാ എതിർപ്പുകളോടും പൊരുതാനുള്ള കരുത്തു നൽകി എന്നതാണ് ശരി. ആ കാലഘട്ടത്തിലെ അനുഭവങ്ങളെ കുറിച്ച് വിശദമായി തന്നെ ഈ അഭിമുഖം പങ്കുവെക്കുന്നുണ്ട്.

മലപ്പുറം ജില്ലാ രൂപീകരണവും നേരിടേണ്ടി വന്ന എതിർപ്പുകളും അടിയന്തരാവസ്ഥയുടെ ഓർമ്മകളും ഒളിവു ജീവിതവും ഇതിൽ ചർച്ചയാവുന്നുണ്ട്. എ കെ ജി യും, ഇ എം എസും, നായനാരും അടക്കമുള്ള നേതാക്കളുമായുള്ള ബന്ധവും, വാർത്താവിനിമയ സൗകര്യങ്ങൾ പോലും ഇല്ലാത്ത   കാലത്തെ പാർട്ടി പ്രവർത്തന രീതികളും പുതുതലമുറക്ക് കൗതുകമായിരിക്കും. ജനപ്രതിനിധി എന്ന നിലയിൽ പഞ്ചായത്ത് മെമ്പർ മുതൽ എം എൽ എ യും മന്ത്രിയും ഒക്കെയായ കാലത്തെ അനുഭവങ്ങൾ സംശുദ്ധ രാഷ്ട്രീയത്തിന്റെ സൂക്ഷ്മതയും ജാഗ്രതയും വെളിവാക്കുന്നതാണ്. മന്ത്രി ആയിരുന്ന കാലത്തെ അറബിഭാഷാ സമരവും, പോലീസ് വെടിവെപ്പും തുടർന്നുണ്ടായ കാര്യങ്ങളും അദ്ദേഹം ഓർമ്മിക്കുന്നുണ്ട്.

ജനകീയാസൂത്രണവും കുടുംബശ്രീ പദ്ധതിയും, സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമത്തിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയെ കുറിച്ചും വിശദമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. കേന്ദ്രപദ്ധതികൾ നടപ്പിൽ വരുത്താൻ ഉണ്ടാകുന്ന പ്രായോഗിക പ്രയാസങ്ങൾ മുതൽ ഉദ്യോഗസ്ഥന്മാരുടെ അനാവശ്യ ധാർഷ്ട്യങ്ങളും, രാഷ്ട്രീയം മറന്നു കൊണ്ട് വികസന കാര്യങ്ങളിൽ ഒരുമിച്ചു നിന്നതിന്റെ ഗുണപരമായ അനുഭവങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ആങ്ങള കമ്യൂണിസ്റ്റ് ആയിപ്പോയതിന്റെ പേരിൽ  പെങ്ങളുടെ പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങിപ്പോയതിന്റെ വേദനകരമായ അനുഭവം നമ്മെ ഉലച്ചുകളയും. ഇതേ കാരണത്താൽ തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യവിവാഹം ഒഴിവായിപ്പോകുന്നതും. മനുഷ്യപക്ഷത്തു നിൽക്കേണ്ടി വന്നതിനാൽ ഇങ്ങനെ ഒട്ടേറെ വേദനാജനകമായ അനുഭങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട് അദ്ദേഹം.

നാടകകൃത്തും അഭിനേതാവുമായ പാലോളിയെ ആർക്കും അറിയില്ല. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഇങ്ങനെയും ചില രസകരമായ ഓർമ്മകൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.   തറവാട് വീട്ടിൽ നിന്നും മാറി താമസിക്കാൻ ആലോചിച്ചപ്പോൾ അവിടെ ഉയർന്ന കൂട്ടനിലവിളി എത്ര അസൗകര്യങ്ങൾക്കിടയിലും ചേർന്നു നിന്ന ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ ഒരു കാലം കൂടിയാണ് ഓർമ്മിപ്പിക്കുന്നത്.

"നല്ല തങ്കപ്പെട്ടൊരു മനുഷ്യനെയാണ് ഞങ്ങൾ നിങ്ങളെ ഏൽപ്പിച്ചു പോകുന്നത്. ഈ വലിയ ആപ്പീസും നിയമസഭാ മന്ദിരവുമൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ട്. മൂപ്പരെ അഞ്ചുവർഷം കഴിഞ്ഞ് ഇതേപോലെ ഞങ്ങളെ തിരിച്ചേൽപ്പിക്കണം" മന്ത്രി ആയ സഖാവിനെ കാണാൻ തിരുവനന്തപുരത്തു വന്ന   നാട്ടുകാർ   മന്ത്രിയുടെ പി എ യോട് പറഞ്ഞ ഈ വാക്കുകൾ അദ്ദേഹത്തോടുള്ള അനുയായികളുടെ സ്നേഹവും ആദരവുമാണ് വെളിവാക്കുന്നത്. ആ വിശ്വാസം ഒരിക്കലും അദ്ദേഹം തെറ്റിച്ചില്ല. അധികാരം വിട്ടൊഴിഞ്ഞ ശേഷവും  പഴയപോലെ സാധാരണക്കാരനായി അദ്ദേഹം അവരോടൊപ്പമുണ്ട്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നിറഞ്ഞ മനസ്സോടെ അദ്ദേഹം പറയുന്നത് "എന്നെപ്പോലെ പരിഗണന കിട്ടിയ വേറൊരാളും പാർട്ടിയിൽ ഇല്ല" എന്നാണ്.

മുണ്ടും മാടിക്കുത്തി  തല്ലും പിടിയും ധാർഷ്ട്യവും അതിനു ചേർന്ന ചില കൂട്ടുകാരും  പ്രണയവും മദ്യപാനവുമൊക്കെയായി നടക്കുന്ന മുന്തിയ തറവാട്ടിൽ പിറന്ന  സുമുഖനായ നായകനും, അയാൾ പറയുന്ന തീപ്പൊരി ഡയലോഗുകളും ഒക്കെയായി ഇതാണ് സഖാവ് എന്ന് വരച്ചു വെക്കാൻ ശ്രമിക്കുന്ന സിനിമകൾ കണ്ട് ആവേശം പൂണ്ട് കൈയ്യടിക്കുകയും ഫേസ്‌ബുക്കിൽ അതൊക്കെ ആഘോഷിച്ചു നടക്കുകയും ചെയ്യുന്ന വർത്തമാനകാല വിപ്ലവ യുവത്വത്തിന്റെ    ആരവങ്ങൾക്കിടയിൽ മങ്ങിപ്പോകുന്നൊരു ചിത്രമുണ്ട്. ത്യാഗങ്ങൾ സഹിച്ചുകൊണ്ട് മനുഷ്യപക്ഷത്തു നിന്ന സൗമ്യതയോടെ സമൂഹവുമായി ഇടപെട്ട് ആദരവ് നേടിയ യഥാർഥ സഖാക്കളുടെ ജീവിതം.

'ചുവന്ന മണ്ണും നടന്ന പാതകളും' എന്ന പുസ്തകം ആ ദൗത്യം കൂടിയാണ് നിറവേറ്റുന്നത്. അതുകൊണ്ട് തന്നെ  ഈ അഭിമുഖത്തിന്  ഇന്ന് ഏറെ പ്രസക്തിയുണ്ട്.

_____________________

'ചുവന്ന മണ്ണും നടന്ന പാതകളും'

അഭിമുഖം-പാലോളി മുഹമ്മദ്‌കുട്ടി/പി സക്കീർ ഹുസൈൻ

പ്രസാധകർ: ചിന്ത പബ്ലിഷേഴ്‌സ്

വില: ₹ 105

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ