Tuesday, May 6, 2014

മരുഭൂമിയിലെ മുല്ലപ്പൂക്കള്‍ഗള്‍ഫിലെ ഒഴിവുദിനമായ വെള്ളിയാഴ്ചകളില്‍  എന്‍റെ പ്രഭാതക്കാഴ്ചകളിലൊന്നാണ്  കടയുടെ മുന്നില്‍ അതിരാവിലെ മുതല്‍ നില്‍ക്കുന്ന,  ഈ പരിസരത്ത് താമസക്കാരായ  കുറെ ആന്ധ്രക്കാര്‍. കുളിച്ചൊരുങ്ങി നന്നായി ഡ്രസ്സ് ചെയ്ത് കൈയിലൊരു  മുല്ലപ്പൂവിന്‍റെ പൊതിയുമായി അവര്‍ കാത്തു നില്‍ക്കുന്നത് അറബി വീടുകളില്‍ ഖദ്ദാമമാരായി ജോലി ചെയ്യുന്ന തങ്ങളുടെ ഭാര്യമാരെയാണ്.

ആന്ധ്രപ്രദേശിലെ കാക്കിനാഡയില്‍ നിന്നോഈസ്റ്റ് ഗോദാവരിയില്‍  നിന്നോകടപ്പയില്‍ നിന്നോ  വന്ന ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഈ പുരുഷന്മാര്‍ നാട്ടിലെ പ്രാരാബ്ധം കാരണം  തങ്ങളുടെ ഭാര്യമാരെ കൂടി അറബി വീടുകളില്‍ ജോലിക്കാരികളായി കൊണ്ടുവന്നതാണ്. മാസത്തിലെ ഒരു വെള്ളിയാഴ്ച മാത്രമാണ് അവധി. അന്നേദിവസം അറബി വീട്ടിലെ ഡ്രൈവര്‍ വണ്ടിയില്‍ ഇവിടെ കൊണ്ടുവന്നു വിടുകയോ അല്ലെങ്കില്‍ ടാക്സിയില്‍ ഇവര്‍ പോയി കൂട്ടിക്കൊണ്ടുവരികയോ ചെയ്യും..

പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ, കരുതലിന്‍റെ, ചേര്‍ത്തുപിടിക്കലിന്‍റെ.......ഹൃദ്യമായ ഒരു കാഴ്ചയും അനുഭവവുമാണ് ഇവരുടെ ഒന്നിച്ചുള്ള വരവ്.

കടും നിറമുള്ള പട്ടുചേല ചുറ്റി കഴുത്തിലെ മഞ്ഞച്ചരടിന്‍റെ അഭിമാനത്തോടെ  കൈയില്‍ അറബി വീട്ടില്‍ നിന്ന് പ്രിയപ്പെട്ടവനായി കൊണ്ടുവന്ന പലഹാരങ്ങളോ പഴങ്ങളോ വസ്ത്രങ്ങളോ നിറച്ച സഞ്ചിയുമായി പ്രിയതമ. ഒരു മാസത്തെ ഇടവേളക്ക് ശേഷം കാണുന്നതിന്‍റെ ആഹ്ലാദം കൊണ്ട് വിടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞ ചിരിയുമായി അയാള്‍.

രണ്ടുപേരും  കടയില്‍ കയറി  ജ്യൂസ് കുടിച്ചു ക്ഷീണം തീര്‍ക്കും. നിത്യവും ഫോണില്‍ വിളിച്ചു സംസാരിക്കുമെങ്കിലും പറഞ്ഞു തീരാത്ത വിശേഷങ്ങള്‍. കാക്കിനാഡക്കാരുടെ തെലുങ്കിന് ഒരു വാത്സല്യത്തിന്‍റെ ചുവയുണ്ട്. സ്നേഹാന്വേഷണങ്ങളില്‍ ആ വാത്സല്യം പുരണ്ടിരിക്കും.


തൊട്ടടുത്ത ആന്ധ്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയിട്ടാണ് റൂമിലേക്ക് പോകുക. റൂമിലേക്കെന്നാല്‍ അയാള്‍ താമസിക്കുന്ന ബാച്ചികൂടാരത്തിലേക്കല്ല. ആന്ധ്രക്കാര്‍ തന്നെ വാടകയ്ക്ക് കൊടുക്കുന്ന  ഫ്ലാറ്റുകളിലേക്കാണ്. പഴയ അറബി വീടുകള്‍ വാടകക്കെടുത്ത് മുറികളൊക്കെ ചെറുതാക്കി തിരിച്ച് ഒരുപാട് ആളുകള്‍ താമസിക്കുന്നയിടത്തിനെയാണ് ഫ്ലാറ്റ് എന്ന് പറയുന്നത്. അവിടെ ഏറ്റവും മുകളില്‍ പലകകൊണ്ട്  മറച്ച് മുകളില്‍ ഷീറ്റടിച്ചുണ്ടാക്കിയ കൊച്ചുമുറികള്‍ മണിക്കൂറുകളുടെ വാടകയ്ക്ക് മധുവിധുആഘോഷിക്കാന്‍ കൊടുക്കും. അങ്ങോട്ടാണ്  ഇവര്‍ പോകുന്നത്.  ഉച്ചവരെ അവരുടെതായ സ്വകാര്യലോകം.

ഉച്ചഭക്ഷണം കഴിഞ്ഞ്  നെറ്റ്ഫോണില്‍   നാട്ടിലെ മക്കളെയും ബന്ധുക്കളെയും വിളിക്കും. അത് കഴിഞ്ഞു പിന്നെയും കടയിലേക്ക് വരും. മക്കളുമായി സംസാരിച്ചതിന്‍റെ സന്തോഷവും സങ്കടവും വര്‍ത്തമാനത്തില്‍ തുളുമ്പുന്നുണ്ടാകും.

കറിവേപ്പിലയോ, ഉഴുന്നും കടുകും എല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത തെരപ്പാത്ത ഗിഞ്ചിലുവോ അങ്ങനെ അറബി വീട്ടില്‍ കിട്ടാത്ത എന്തെങ്കിലുമൊക്കെ വാങ്ങിക്കും. പിന്നെ മുമ്പ് വന്നപ്പോള്‍ ഏല്‍പിച്ചു പോയ അവള്‍ക്ക്  മുഖത്ത് പുരട്ടാനുള്ള വല്ല ക്രീമും. വേണ്ടെന്ന് പറഞ്ഞാലും നിര്‍ബന്ധിച്ച് സ്നേഹത്തോടെ ശാസിച്ച്.....  പിന്നെയും പിന്നെയും എന്തൊക്കെയോ വേണോ എന്ന്  ചോദിച്ച് .......... കുറച്ചു നേരം കൂടി കഴിഞ്ഞാല്‍ കൈവിട്ടു പോകുമല്ലോ എന്നത് കൊണ്ടാകാം ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളിലും അവര്‍ വല്ലാതെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നത്. വാക്കുകളിലും ചലനങ്ങളിലും അതിങ്ങനെ.....

രാവിലെ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ സ്നേഹപൂര്‍വ്വം യാത്രയയക്കാനാവാതെ, തിരിച്ചു വരുമ്പോള്‍ ഇഷ്ടത്തോടെ സ്വീകരിക്കാനും സാമീപ്യം കൊണ്ട് തളര്‍ച്ച മാറ്റാനും കഴിയാതെ, സായന്തനങ്ങളില്‍  പാര്‍ക്കിലും ബീച്ചിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രണയപൂര്‍വ്വം അലഞ്ഞു നടക്കാനാവാതെ,  രാത്രിയില്‍ ഇരുട്ടിനെ പുതപ്പാക്കി പരസ്പരം  അലിഞ്ഞു ചേരാന്‍ കഴിയാതെ, ഒഴിവു ദിനങ്ങളില്‍ ബന്ധുക്കളുടെയും കൂട്ടുകാരുടെയും കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ആഘോഷമോ പിക്നികോ ഇല്ലാതെ ..........., ഇവരും  പ്രവാസലോകത്തെ ദമ്പതിമാര്‍ .

‘മാലിയ’യിലെ പാര്‍ക്കില്‍ പകല്‍ എരിഞ്ഞടങ്ങി ഇരുട്ടു വീണ് രാത്രിയാകും വരെ അവര്‍ വര്‍ത്തമാനം പറഞ്ഞിരിക്കും. മക്കളും, നാടും, വീടും, സ്വപ്നങ്ങളും പിന്നെ സ്വന്തം സങ്കടങ്ങളും............... വെയിലുകൊണ്ട് കരുവാളിച്ചു പോയ അവന്‍റെ മുഖം അവള്‍ സങ്കടത്തോടെ തലോടും, ക്ഷീണിച്ചു പോയതില്‍ പരിഭവം പറയും, നല്ല ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കും.  അപ്പോള്‍  വീട്ടു ജോലി ചെയ്തു നിറംമങ്ങി വടുവീണ അവളുടെ കൈ അയാള്‍ വെറുതെ തലോടിക്കൊണ്ടിരിക്കും......

 പിന്നെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച്  ഒരു ടാക്സി പിടിച്ച് പ്രിയപ്പെട്ടവളെ അറബി വീട്ടില്‍ കൊണ്ടാക്കും. കണ്ണില്‍ നിന്ന് മറയുന്നത് വരെ നോക്കിനിന്ന്  അയാള്‍  തിരിച്ചുപോരും.

ഒരു പകലിന്‍റെ ഓര്‍മ്മകള്‍ പേറുന്ന മനസ്സും ശരീരവുമായി ഒരേ നാട്ടില്‍ ഏറെ ദൂരെയല്ലാതെ  രണ്ടിടങ്ങളില്‍ ഈ ദമ്പതികള്‍ അന്ന് രാത്രി ഉറക്കമില്ലാതെ കിടക്കും. 


ഒന്നിച്ചു നാട്ടില്‍ ചെന്നിറങ്ങുമ്പോള്‍ ആഹ്ലാദത്തോടെ ഓടി വരുന്ന മക്കളെയും.  ഏറെകാലങ്ങള്‍ക്ക് ശേഷം നിലാവു വീണ മുത്താറിപ്പാടങ്ങള്‍ക്ക് നടുവിലെ കൊച്ചു വീട്ടില്‍ ചോര്‍ന്നു തീരുന്ന സമയത്തിന്‍റെ വേവലാതിയില്ലാതെ പരസ്പരം സ്നേഹിച്ചും ഓമനിച്ചും ഒന്നായലിഞ്ഞ് തളര്‍ന്നുറങ്ങുന്ന  രാത്രിയും മനസ്സില്‍ വരച്ചും സങ്കല്‍പിച്ചും..............

 അപ്പോള്‍ അവരുടെയുള്ളില്‍ മുല്ലപ്പൂവിന്‍റെ മണമുള്ളൊരു കാറ്റ് മെല്ലെ വീശുന്നുണ്ടാകും.