Tuesday, October 2, 2012

സേവനവാരം....ഗാന്ധിജയന്തി ദിനത്തില്‍ വെറുതെ ഒരു ചിന്തവീമംഗലം യൂ പി സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ ഗാന്ധിജയന്തി എന്നാല്‍ ‘സേവനവാരം’ ആയിരുന്നു.സ്കൂളിന്റെ പരിസരവും,മൂടാടി അങ്ങാടിയും,വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍റെ ചുറ്റുപാടുമൊക്കെ വൃത്തിയാക്കാന്‍.അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളും ഉത്സാഹിച്ച ഒരാഴ്ച.അവസാന ദിവസം വിളമ്പുന്ന ‘വെല്ലക്കഞ്ഞി’ എന്ന പായസത്തിന്റെ പൊള്ളലും രുചിയും ഇപ്പോഴും നാക്കിലുണ്ട്.
ജനാധിപത്യ കാലത്ത്  ഏതോ ഒരു ‘രാജാവി’ന് തോന്നിയ ബുദ്ധി സേവന വാരം എന്നത് സേവന ദിനമാക്കി.പതിയെ പതിയെ സേവനം നിര്‍ത്തി അതും സാധാരണ പോലെ ഒരു ഒഴിവു ദിനമായി മാറി.
സേവനവാരം കൊണ്ട് പഠിച്ച ഒരു പാഠം ഉണ്ടായിരുന്നു.പരിസര ശുചിത്വം.കുഞ്ഞിക്കൈകള്‍ കൊണ്ട് കച്ചറ പെറുക്കുകയും കാടും പടലും വെട്ടി തെളിച്ചു പൊതു വഴികളും അങ്ങാടിയുമൊക്കെ വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പതിഞ്ഞ പാഠം.ഇത് തങ്ങളുടെ കടമയാണെന്ന്.പൊതു ഇടങ്ങളിലെ മാലിന്യം നീക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്ന്.
സേവനവാരം മാത്രമല്ല.വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം പോലും സേവനമല്ല മറിച്ച് ഉയര്‍ന്ന ശമ്പളം നേടാനുള്ള,സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ‘സംഗതി’ മാത്രമാണെന്ന് മക്കളെ ‘തച്ചുപഴുപ്പിച്ച്’ എടുക്കുന്ന ഈ കാലത്ത്.അവനവന്റെ വീട്ടിലെ/പറമ്പിലെ സകല വൃത്തികേടും അഴുക്കും കൊണ്ടുപോയി തള്ളാനുള്ള ഇടമാണല്ലോ പൊതുസ്ഥലങ്ങള്‍. . ലാലൂരും,ഞെളിയന്‍പറമ്പും,പെട്ടിപ്പാലവും എല്ലാം ആ പരിസര വാസികളുടെ നിലവിളിയായി മാത്രം ഒതുങ്ങിപ്പോകുന്നത് സേവന വാരങ്ങളെല്ലാം അവസാനിച്ച അവനവനെ മാത്രം സേവിക്കാന്‍ ശീലിച്ച കാലം ആയത് കൊണ്ടാകും..
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ഒറ്റമുണ്ടുടുത്ത ഒരു വൃദ്ധന്‍ ഇതിലെ കടന്നു പോയിരുന്നു.സ്വന്തം കൈ കൊണ്ട് ആശ്രമത്തിലെ കക്കൂസ് കഴുകിയ ഏറെ ലളിതമായി ജീവിച്ച ഒരു മനുഷ്യന്‍ . ഭരിക്കുന്നവരെ പോറ്റാന്‍, അവരുടെ ഭൃത്യപ്പടക്ക് ശമ്പളവും ചെലവും നല്‍കാന്‍ പാവപ്പെട്ടവനെ പിഴിഞ്ഞുണ്ടാക്കുന്ന നികുതിപ്പണം യാതൊരു ഉളുപ്പുമില്ലാതെ ചെലവാക്കുന്ന ഈ കാലത്ത് മറന്നു കളയാം നമുക്കീ മനുഷ്യനെ.

ഉപ്പുകുറുക്കിയും, വിദേശ വസ്തുക്കള്‍ ബഹിഷ്കരിച്ചും,നൂറായിരം  സമരങ്ങളിലൂടെയും,പോരാട്ടങ്ങളിലൂടെയും വിദേശികളെ തുരത്തി സ്വതന്ത്രയായ ഈ രാജ്യത്തിന്റെ ,കുടിവെള്ളവും,മണ്ണും അടക്കം വിദേശക്കുത്തക്കള്‍ക്ക് തീറെഴുതി കങ്കാണിപ്പണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അഭിനവ ഗാന്ധിയന്മാരുടെ ഈ കാലത്ത് കറന്‍സി നോട്ടിലെ വെറുമൊരു ചിത്രമായി മാത്രം യുവ തലമുറ ഗാന്ധിജിയെ അറിഞ്ഞാലും അത്ഭുതപ്പെടാനില്ല.
ഒരു സേവനവാരം ഇനിയും ആവശ്യമാണ്‌.സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ . അരുക്കായിപ്പോയ കുറ മനുഷ്യജീവികളെ കാണാനാവാത്ത അത്രയും പൂപ്പല്‍ പിടിച്ചു പോയ ചില മനസ്സുകളില്‍.. .
. വളര്‍ന്നു വരുന്ന തലമുറയെ ഇനിയെങ്കിലും അത് ശീലിപ്പിച്ചില്ലെങ്കില്‍ മാലിന്യ കൂമ്പാരമായി ഈ നാട് മാറും.
അഴിമതിയും,കുറ്റകൃത്യങ്ങളും, നീതിനിഷേധങ്ങളും കൊണ്ട് ഇപ്പോള്‍ തന്നെ കെട്ടു നാറാന്‍ തുടങ്ങിയിരിക്കുന്നു മഹാത്മാ ഗാന്ധി രാഷ്ട്രപിതാവായ നമ്മുടെ രാഷ്ട്രം...

ഈ ഗാന്ധി ജയന്തി ദിനത്തില്‍ വെറുതെ ചിന്തിച്ചു പോകുന്നു .ഇനിയുമൊരു സേവനവാരം ആരാണ് തുടങ്ങിവെക്കുക...ഏതു കുഞ്ഞിക്കൈകളാണ് അതേറ്റു വാങ്ങുക.

10 comments:

 1. സേവനവാര കാലം...
  ഓർമ്മകൾ തിങ്ങി നിറഞ്ഞ കാലം!

  ReplyDelete
 2. യുനിഫോര്‍മും, ടൈയും പിന്നെ ശൂസുമിട്ടു, സായിപ്പിന് പഠിക്കുന്ന കുട്ടികള്‍ കച്ചട പെറുക്കാണോ..? നോ ദാറ്റ്‌ ഈസ്‌ നോട്ട് ദേയര്‍ ജോബ്‌. ദാറ്റ്‌ ഈസ്‌ ദി ജോബ്‌ ഓഫ് മുനിസിപ്പാലിറ്റി.

  നല്ല അധ്യാപരെ നമ്മുക്ക് എന്നെ നഷ്ടമായി. ഇപ്പോള്‍ പ്രൊഫഷണലുകള്‍ മാത്രമല്ലേ ഉള്ളൂ.

  ReplyDelete
 3. സ്കൂളിലെ സേവന വാര ദിനങ്ങള്‍ ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്‌...

  ReplyDelete
 4. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല....

  ReplyDelete
 5. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല....

  ReplyDelete
 6. മാലിന്യ സംസ്ക്കരണം ഇന്നൊരു വെല്ലു വിളിയായി തുടരുമ്പോള്‍ ആണ് ആ മഹാന്‍ പഠിപ്പിച്ച പാഠങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. പുതു തലമുറ അറിയണം സേവനത്തിന്റെ മഹത്വം. മികച്ച ഒരു ചിന്ത

  ReplyDelete
 7. സേവന വാരം ........ഇന്ന് "വാരാനുള്ള "സേവനമായ്‌ മാറിയിരിക്കുന്നു .എതോന്നിലും പോലെ സാമൂഹികമായ ഉത്തരവാദിത്തത്തിലും മായം ചേര്‍ക്കപ്പെട്ടു .ഒരു ജീവിതം മുഴുവന്‍ തന്‍റെ രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ഉഴിഞ്ഞു വെച്ച ഒരു മനുഷ്യന്റെ ആത്മാവ് ഒരു പക്ഷെ ഇതെല്ലാം കണ്ടു വിതുമ്പുന്നുണ്ടാവനം .കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും എന്നും ഓര്‍മിക്കാന്‍ ആയിരത്തിന്റെ നോട്ടില്‍ ഈ മഹാത്മാവിന്റെ ചിരിക്കുന്ന ഫോട്ടോ പതിച്ചപ്പോള്‍ .......രാജ്യം ആദരിക്കുകയല്ല അവഹേളിക്കുകയാണ് എന്നാ തിരിച്ചരിവേന്കിലും ഭരണകൂടത്തിന് ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു ...............നല്ല എഴുത്ത് നജീബ്ക്ക .

  ReplyDelete
 8. ഇപ്പോള്‍ സേവനവാരം എന്നത് കേട്ടുകേള്‍വി മാത്രം....

  ReplyDelete
 9. ഞാനും ചെയ്തിട്ടുണ്ട്‌ സ്കൂളില്‍ സേവനവാരം. ഇന്ന് അത് ആ സ്കൂളില്‍ ഇല്ല. എന്താ ചെയ്ക കാലം പോകുന്ന പോക്കെ.. ജീവിതത്തില്‍ കാശ് സമ്പാദിക്കാന്‍ ഉള്ള സംഗതി ആണ് വിദ്യാഭ്യാസം എന്ന കണ്ടെത്തല്‍ കൊള്ളാം. അധികാര വര്‍ഗതിനെതിരെ ഉള്ള വാക്കുകളും സത്യം തന്നെ... ശരിക്കും നമുക്ക്‌ മറക്കാം ആ ഗാന്ധിയെ

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ