Monday, November 20, 2017

വിമർശം പരിഹാസമായി മാറുന്ന സോഷ്യൽമീഡിയ ദുരന്തം


സന്തോഷ് ഏച്ചിക്കാനം അടക്കം എഴുതിത്തെളിഞ്ഞ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏറെക്കാലമായുള്ള പരസ്യവാചകം 'ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മലയാള മാഗസിൻ' എന്നാണെങ്കിൽ സോഷ്യൽ മീഡിയയുടെ ശക്തിയും വ്യാപനവും എത്രത്തോളം എന്ന് അദ്ദേഹത്തോട് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. അപ്പോൾ തികച്ചും ഈ മാധ്യമത്തെ കുറിച്ചുള്ള ധാരണക്കുറവും 'ബിരിയാണി' വിവാദം മൂലം  ഉണ്ടായ ഈർഷ്യയും ആയിരിക്കാം ഫേസ്‌ബുക്ക് എഴുത്തുകാരെ കുറിച്ചുള്ള അദ്ദേഹത്തിനുള്ള ക്ഷോഭത്തിനു കാരണം.

സക്കറിയയും അശോകൻ ചരുവിലും അടക്കമുള്ള പഴയ തലമുറയിൽ പെട്ടവരും പ്രമോദ് രാമനും സുഭാഷ് ചന്ദ്രനും ഷാജികുമാറും സുസ്മേഷും പ്രിയയും ആര്യാഗോപിയും ബെന്യാമിനും പി ജെ ജെ യും അടക്കമുള്ള പുതിയ തലമുറയും സോഷ്യൽ മീഡിയയും അച്ചടി മാധ്യമങ്ങളും നന്നായി ഉപയോഗിക്കുന്നവർ ആണ്. ഇവരോടൊക്കെയും ഇനി എന്തിനാ ഇങ്ങോട്ടു വരുന്നത് അവിടെ തന്നെ എഴുതിയാൽ പോരെ എന്ന് അദ്ദേഹം പറഞ്ഞു കളയുമോ!  ഈ രണ്ട് ഇടങ്ങളും ആർക്കും പ്രാപ്യമാണ് എന്നിരിക്കെ ഈ ഒരു വിഭജനത്തിൽ യാതൊരു കാര്യവും ഇല്ല എന്നതാണ് വാസ്തവം.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഫേസ്‌ബുക്കിൽ ഇന്നലെ മുതൽ സന്തോഷ് ഏച്ചിക്കാനത്തിന് എതിരെയുള്ള പല പോസ്റ്റുകളും കമന്റുകളും കാണുമ്പൊൾ ചിലത് പറയാതെ വയ്യ.

 ഇന്നലെ പത്രങ്ങളിൽ വന്ന  വാചകമേളയിൽ കണ്ട കാര്യം വെച്ചാണ് പലരുടെയും രോഷപ്രകടനം. എന്ന് വെച്ചാൽ ഈ മാസം ഒന്നാം തിയ്യതി ഇറങ്ങിയ 'പച്ചക്കുതിര' മാസികയിൽ സന്തോഷുമായി  താഹ മാടായി നടത്തിയ അഭിമുഖം ഇതിൽ ബഹുഭൂരിപക്ഷവും കണ്ടിട്ടില്ല എന്ന് ചുരുക്കം. അത്ഭുതമില്ല പലപ്പോഴും ടി വി ചാനൽ വാർത്തകളും ഓൺ ലൈൻ മാഗസിനുകളും പറയുന്ന വാർത്തകൾ വെച്ചാണല്ലോ ഇവിടെ ഗംഭീര ചർച്ചകൾ നടക്കാറുള്ളത്. പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പോയിട്ട് പത്രങ്ങൾ തന്നെ നേരാം വണ്ണം വായിക്കാത്തവർ ആണ് ഏറെയും. കഥകളും കവിതകളും നിത്യം എഴുതുന്ന  പലരുടെയും വായനാശീലം എത്രത്തോളം പരിമിതമാണ് എന്നറിയുമ്പോൾ നാം അമ്പരന്നുപോകും.

'സോഷ്യൽ മീഡിയയെ കുറിച്ചുള്ള സന്തോഷിന്റെ വിമർശനം എന്താണ്?' എന്ന ചോദ്യത്തിന് ഉത്തരമായി സന്തോഷ് പറഞ്ഞത് ഇങ്ങനെയാണ്.

ആത്മരതിക്കാരുടെ വലിയൊരു സങ്കേതമാണ് അത്. സെൽഫി എന്ന് പറയുന്ന സംഗതി അതിനെ നശിപ്പിച്ചു.
ഭാര്യ രാവിലെ ചായയിടുന്നതുമുതൽ കിടന്നുറങ്ങുന്നതുവരെ ചിലരതിൽ ഫോട്ടോയിടും. ഇതൊക്കെ നമ്മൾ കാണണം. സോഷ്യൽ മീഡിയ ഇവിടെയുള്ളവരുടെ ഉള്ളിൽ കിടന്നിരുന്ന ഇതരമതവിദ്വേഷം, ജാതിഭ്രാന്ത്, ഇതെല്ലാം പുറത്തുകൊണ്ടുവരാൻ സഹായിച്ചു. അഴുക്കിനെ ഒരു  ഹോസ് വച്ച് പമ്പ്ചെയ്യുന്നതുപോലെയാണ് സോഷ്യൽ മീഡിയ. ജാതി മതം, തുടങ്ങി നമ്മുടെ നവോത്ഥാന പാരമ്പര്യം കുടത്തിലാക്കാൻ ശ്രമിച്ച ആ ഭൂതത്തെ സോഷ്യൽ മീഡിയ വീണ്ടും മൂടി തുടന്ന് പുറത്തുവിട്ടു.

ഇപ്പറഞ്ഞതിൽ കുറച്ചെങ്കിലും വാസ്തവം ഉണ്ട് എന്നതിൽ  സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആർക്കും എതിരുണ്ടാവും എന്ന് തോന്നുന്നില്ല.

'സോഷ്യൽ മീഡിയയിൽ, ഫേസ്ബുക്കിലൊക്കെ എഴുതി പ്രിന്റ്മീഡിയയെ പുച്ഛിച്ച് പിന്നെ അതെല്ലാമെടുത്ത് പ്രിന്റ്ചെയ്ത് പുസ്തകമിറക്കുന്ന പ്രവണത് കൂടുന്നുണ്ട് '
ഈ ചോദ്യത്തിനാണ് വിവാദമായ മറുപടി വരുന്നത്.  അതോടൊപ്പം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ കൂടിയുണ്ട്. (ചിത്രത്തിൽ നോക്കുക).

വിയോജിപ്പും വിമർശവും ആവാം പക്ഷെ എൽ പി സ്‌കൂൾ കുട്ടികളെ പോലെ ഒരാളുടെ സ്ഥലപ്പേരിനെ ചേർത്ത് 'എച്ചി എച്ചി' എന്ന് പരിഹസിക്കുന്നതാണോ വിമർശം.  ഒരു പൊതുവേദിയിൽ ഇത്തരം അഭിപ്രായം പറയുന്ന ഒരാൾക്ക് ആരെങ്കിലും ഈ രീതിയിൽ  മറുപടി കൊടുത്താൽ നാം അങ്ങനെ ഉള്ളവരെ ഏതു രീതിയിൽ ആണ് വിലയിരുത്തുക. എതിരഭിപ്രായങ്ങളും ഖണ്ഡനങ്ങളും ആശയത്തോടാവണം അല്ലാതെ വ്യക്തിപരമായി ആക്ഷേപിച്ചും അയാൾ എഴുതിയ കൃതികൾ എല്ലാം മോശമാണ് എന്ന രീതിയിലും ആവുമ്പോൾ പറയുന്നവരുടെ മനസ്സിന്റെ വലിപ്പിക്കുറവും അറിവ് കുറവും മാത്രമാണ് കാണിക്കുന്നത്.

ഇന്നലെ മുതൽ ഈ വിഷയത്തിൽ fb യിൽ കാണുന്ന പോസ്റ്റുകളും കമന്റുകളും ഭൂരിപക്ഷവും ഇത്തരം പരിഹാസങ്ങളും ആക്ഷേപങ്ങളും മാത്രമാണ് എന്ന് ഖേദപൂർവ്വം പറയട്ടെ. ചുരുക്കി പറഞ്ഞാൽ അതിലൂടെ സന്തോഷ് സോഷ്യൽ മീഡിയയെ  കുറിച്ച് പറഞ്ഞത് ശരി വെക്കുകയാണ് ചെയ്തത് ഈ സോഷ്യൽ മീഡിയയുടെ സ്വയം വക്താക്കൾ.

'പൊങ്കാല' എന്ന ആദരണീയമായ ഒരു വാക്കിനെ  ആരെയെങ്കിലും കൂട്ടം ചേർന്ന് അക്രമിച്ചും പരിഹസിച്ചും വായടപ്പിക്കുന്നതിന്റെ പര്യായം ആക്കി മാറ്റിയ സോഷ്യൽ മീഡിയയിലെ പക്വതയില്ലാത്ത, ഇതിനെ നേരം പോക്കായി കാണുന്ന  മലയാളി തന്നെയാണ് സത്യത്തിൽ ഈ മാധ്യമത്തിന്റെ ഗൗരവവും ഗുണപരമായ സാധ്യതകളും ഇല്ലാതാക്കുന്നത് എന്ന് ഓർക്കുക.

ഈ എഴുത്ത്  സന്തോഷ് ഏച്ചിക്കാനത്തിന്റെ വാദങ്ങളെ ന്യായീകരിക്കാൻ അല്ല.  അതിൽ പലതിനോടും   പൂർണ്ണമായും വിയോജിച്ചു കൊണ്ട് തന്നെ കാള പെറ്റെന്നു കേട്ട ഉടനെ കറക്കാൻ ഇറങ്ങുന്ന സോഷ്യൽ മീഡിയ വികാരജീവികളുടെ കോപ്രായങ്ങൾ കണ്ടു മനം മടുത്താണ്.

വിമർശനം എന്നാൽ പരിഹാസം അല്ലെന്നും അത് അറിവിലേക്കുള്ള വാതിലാണെന്നും  ഉള്ള തിരിച്ചറിവെങ്കിലും ഉണ്ടാകട്ടെ.
(ചിത്രത്തിൽ
 സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ വന്ന ഭാഗം)

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ