Wednesday, August 28, 2013

മനിതന്‍


മനിതന്‍എന്ന വാക്ക് ഏറെ മാസങ്ങള്‍ കഴിഞ്ഞിട്ടും എന്റെയുള്ളില്‍  ഇപ്പോഴും  ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നില്‍ക്കുന്നു. ഒരു അപരാധിയെ പോലെ മുഖം കുനിച്ച്,മുനിയപ്പ എന്ന വൃദ്ധനായ തമിഴന്‍റെ രൂപത്തില്‍.എല്ലാ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് തെറ്റും ശരിയും വിധിക്കുവാനും സദാചാരം പ്രസംഗിക്കുവാനും എത്രയെളുപ്പം എന്ന് പരിഹസിക്കും പോലെ......

മരുഭൂമിയിലെ മസറ*യില്‍ നിന്ന് ഏറെ ദൂരം താണ്ടി എല്ലാ മാസങ്ങളിലും അവസാന വെള്ളിയാഴ്ചകളിലാണ് മുനിയപ്പ  വരുന്നത്.ശമ്പളം നാട്ടിലേക്കയച്ച്, വീട്ടിലേക്ക് ഏറെ നേരം ഇന്റര്‍നെറ്റില്‍ ഫോണ്‍ വിളിച്ച് കഴിഞ്ഞ്  അയാള്‍ വൈകുന്നേരത്തോടെയാണ് എന്‍റെ കടയില്‍ എത്തുന്നത്.

എവിടെനിന്നോ സംഘടിപ്പിച്ച  പഴയ കുറെ ദിനതന്തിയും,’ആനന്ദ വികടനുംഒക്കെയുണ്ടാകും കക്ഷത്തില്‍.ചീകിയോതുക്കാത്ത നരച്ച മുടിയും കുറ്റിത്താടിയും,പഴയൊരു ദിശ്ദാശ*യും ധരിച്ച് മുനിയപ്പയെ  കണ്ടാല്‍ ഒരു ബദു*വിനെ പോലെ തോന്നിച്ചു.

ഒരു മാസത്തേക്ക് ആവശ്യമായ  കുറച്ചു ഇന്ത്യന്‍ പച്ചക്കറികളും,മസാലപ്പൊടിയും പിന്നെ നാല്  ബണ്ടില്‍ 'മുപ്പതാം നമ്പര്‍' ബീഡിയും വാങ്ങി ഇരുട്ടാവുമ്പോഴേക്കും തിരിച്ചു പോകുന്ന അയാള്‍ക്ക് ഇനി ഒരു മാസം പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ല.

മധുരയ്ക്ക് അടുത്തൊരു ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ മൂത്ത സന്തതിയായ മുനിയപ്പ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി,ദൂരെ പട്ടണത്തിലെ പച്ചക്കറി ചന്തയില്‍ ചുമടെടുപ്പുകാരനായാണ് ജീവിതം തുടങ്ങിയത്.എഴുത്തും വായനയും അറിയാവുന്നത് കൊണ്ട് പിന്നീട് അവിടെ കണക്കപ്പിള്ളയായി.ഗ്രാമങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ക്ക് വില നിശ്ചയിച്ചും ലേലം വിളിച്ചും പകലും രാത്രിയും ചന്തയിലായിരുന്നു അയാളുടെ ജീവിതം.കിട്ടുന്ന വരുമാനത്തില്‍  വീട്ടിലേക്കയച്ചതില്‍ നിന്ന്  മിച്ചം പിടിച്ച് തങ്കച്ചിമാരുടെ ‘തിരുമണം’* മുടിച്ച ശേഷമാണ് അയാള്‍ കല്യാണം കഴിച്ചത്.

കുട്ടികള്‍ നാല് പിറന്നിട്ടും മുനിയപ്പയുടെ ചുമലില്‍ നിന്ന് കുടുംബഭാരം ഒഴിഞ്ഞിരുന്നില്ല.മാസത്തില്‍ രണ്ടോ മൂന്നോ ദിവസം വീട്ടിലെത്തുമ്പോള്‍ പതിനാറ് കഴിഞ്ഞ മൂത്ത മകളെയും തൊട്ടു താഴെ വളര്‍ന്നു വരുന്ന ഇളയ  പെണ്‍കുട്ടികളെയും ചൂണ്ടി പൊണ്ടാട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ അയാളുടെ ഉറക്കം കെടുത്തി.പൊന്നും പാത്രങ്ങളും കൊടുത്തു പെങ്ങന്മാരെ കെട്ടിച്ചുവിട്ട കടങ്ങള്‍ തന്നെ വീട്ടി തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

അങ്ങനെയാണ് ഒരു കൂട്ടുകാരന്‍ എടുത്തു കൊടുത്ത വിസയില്‍ നാല്‍പതു വയസ്സ് കഴിഞ്ഞ ശേഷം ഇരുപതു കൊല്ലം മുമ്പ് മുനിയപ്പ കുവൈത്തില്‍ എത്തുന്നത്.തമിഴല്ലാത്ത മറ്റൊരു ഭാഷയും വഴങ്ങാത്ത മുനിയപ്പക്ക് കിട്ടിയത് അധികവും മരുഭൂമിയിലും മറ്റും സൈറ്റ് വര്‍ക്കുകള്‍.കേബിള്‍ ഇടാന്‍ നിലം കീറിയും,ലോഡിംഗ് അണ്‍ലോഡിംഗ് ജോലികള്‍ ചെയ്തും മുനിയപ്പയുടെ പ്രവാസ ജീവിതം മുന്നേറി.രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ നാട്ടില്‍പോയി.മക്കളുടെ ‘തിരുമണം’ കഴിച്ചു കൊടുത്തു.പേരക്കുട്ടികള്‍ പിറന്നു.ഏതൊരു സാധാരണ പ്രവാസിയേയും പോലെ ബാധ്യതകളും,പ്രാരാബ്ധങ്ങളുമായി മുനിയപ്പയുടെ മരുഭൂവാസം നീണ്ട് നീണ്ട്....
  
അഞ്ചു വര്‍ഷം മുമ്പ് ഇഖാമ പുതുക്കാന്‍ കൊടുത്ത എജന്റ്റ് പാസ്പ്പോര്‍ട്ടും പണവുമായി മുങ്ങിയതോടെ മുനിയപ്പ അനധികൃത താമസക്കാരനായി.പോലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ കൂടുതല്‍ സുരക്ഷിതത്വം ഉള്ള ഒരിടമെന്ന നിലയിലാണ് ഒഴിഞ്ഞ മരുഭൂമിയിലെ ഏതോ അറബിയുടെ കൃഷിയിടത്തില്‍ അയാള്‍  ജോലിക്കാരനായത്.

തക്കാളിയും,കക്കിരിയും,മല്ലിച്ചപ്പും കൃഷി ചെയ്തും പേരക്കുട്ടികളെ കളിപ്പിച്ച് നാട്ടില്‍ കൂടേണ്ട പ്രായത്തില്‍ കൂട്ടിലടച്ച കുറേ വളര്‍ത്തുപ്രാവുകളോടും,കോഴികളോടും കഥ പറഞ്ഞും മരുഭൂമിയില്‍ ഒരു വൃദ്ധന്റെ ഏകാന്ത വാസം.

പലപ്പോഴായി മുനിയപ്പ പറഞ്ഞ കഥകളില്‍ നിന്ന് കിട്ടിയതാണ് അയാളുടെ ജീവിതചിത്രം.എന്തിനാണ് ഇത്രയധികം ബീഡി എന്ന്‍ ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു.

“തമ്പീ നൈറ്റിലെ തൂക്കം വരാമെ ഒണ്ടിയാ പടുക്കുമ്പോത് എന്നാ പണ്‍ട്രത്.....”

ഞാനത് സങ്കല്‍പ്പിച്ചു നോക്കി.നിലാവുള്ള രാത്രിയില്‍ കണ്ണെത്താദൂരം പരന്നു കിടക്കുന്ന മരുഭൂമിയില്‍ തന്‍റെ കൃഷിയിടത്തിലെ ടെന്റിനു മുന്നിലിട്ട കട്ടിലില്‍ ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ നോക്കി ബീഡിയും വലിച്ചു കിടക്കുന്ന ഏകാന്തനായ മുനിയപ്പയുടെ ചിത്രം....

ചില ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിച്ചതിന്‍റെ ഓര്‍മ്മയില്‍ ആയിരിക്കാം അയാള്‍ ഏറെ മൌനിയായിരിക്കും.ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കും

“തമ്പീ.......വാഴ്വിലെ നിമ്മതീനാ എന്നാ?...”
“പാലൈവനത്തിലെ പസുമൈ തേട്റത് തപ്പാ?”

ഉത്തരം നിര്‍ബന്ധമില്ലാത്ത ചോദ്യങ്ങള്‍.ചിലപ്പോള്‍ ഇതൊക്കെ അയാളുടെ ഉള്ളിലുയരുന്ന ഏതോ ചോദ്യങ്ങളുടെ ഉത്തരമാണെന്നു തോന്നിയിട്ടുണ്ട്.എന്തോ ഇതൊക്കെ ആയിരിക്കാം എനിക്ക് മുനിയപ്പയോട് അടുപ്പം തോന്നാന്‍ കാരണം.

കഴിഞ്ഞ മാസം അവസാന വെള്ളിയാഴ്ച.രാവിലെ നേരത്തേ  തന്നെ കടയില്‍ വന്ന മുനിയപ്പയെ കണ്ടു ഞാന്‍ അതിശയപ്പെട്ടു. ആളാകെ  മാറിയിട്ടുണ്ട്.മുടിവെട്ടിച്ച്,നരയൊക്കെ കറുപ്പിച്ച്,ഷേവ് ചെയ്ത് പഴയതെങ്കിലും വൃത്തിയുള്ള  ഷര്‍ട്ടും പാന്‍റും ധരിച്ച് ഇന്‍സൈഡ് ചെയ്ത് ...മാത്രമല്ല ഏറെ ഉത്സാഹത്തിലും ആണെന്ന് തോന്നി.

“എന്നാ മാപ്പിളെ ഊര്ക്ക് പോകറിയാ”  എന്ന് ഞാന്‍ തമാശ ചോദിച്ചപ്പോള്‍ “അപ്പടി ഒണ്ണുമില്ലൈ” എന്ന് മുനിയപ്പ ചെറിയൊരു നാണത്തോടെ ചിരിച്ചു.

മുനിയപ്പക്ക് എന്നോട്  എന്തോ ചോദിക്കാനുണ്ടെന്ന് അയാളുടെ ഭാവവും പരുങ്ങലും കണ്ടപ്പോള്‍ എനിക്ക് തോന്നി.കടയില്‍ അത്യാവശ്യം തിരക്കുണ്ടായത് കൊണ്ടാവാം അയാള്‍ മാറി നിന്നു.
തിരക്കൊഴിഞ്ഞ ശേഷം മുനിയപ്പ അടുത്തേക്ക് വന്നു. ഒച്ചതാഴ്ത്തി ചെറിയൊരു പരിഭ്രമത്തോടെ  എന്നോട് ചോദിച്ചു.

തമ്പീ...........ഇങ്കെ  കോണ്ടം* കെടയ്ക്കുമാ?” 

ഞാന്‍ അമ്പരന്നു പോയി. ഇത്രയും കാലം അയാളെ കുറിച്ചുണ്ടായിരുന്ന മതിപ്പൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായി .പരട്ടക്കിളവന്‍.....ഇതിനാണോ ഇയാള്‍  രാവിലെ തന്നെ ഈ വേഷം കെട്ടി വന്നത്. ആലോചിച്ചപ്പോള്‍ എനിക്കയാളോട് വല്ലാത്ത പുച്ഛം തോന്നി. എന്റെ മറുപടി ഒട്ടും മയത്തിലായിരുന്നില്ല.

“അതെല്ലാം ഇങ്കെ വിക്കറതില്ലൈ”

വര്‍ഷങ്ങളായി ഞാനും അയാളുമായുള്ള സൗഹൃദം ഒരു കച്ചവടക്കാരനും കസ്റ്റമറും എന്ന നിലയില്‍ ആയിരുന്നില്ല. അത് കൊണ്ട് തന്നെ എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“എങ്കിട്ടെ ഇത് കേക്കറ്ത്ക്ക് ഉനക്ക് വെക്കമില്ലയാ?”

അയാള്‍ ചമ്മലോടെ പുറത്തേക്കു പോയി.എനിക്കെന്തോ വല്ലാത്ത അരിശം തോന്നി.ഒരു പച്ചപ്പാവമായി ഞാന്‍ കരുതിയ ഇയാളും.....

അല്‍പ്പം കഴിഞ്ഞു അയാള്‍ വീണ്ടും വന്നു. അയാളുടെ മുഖം കുനിഞ്ഞും നേരത്തെ ഉണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെട്ടും കണ്ടു.വന്ന പാടെ എന്റെ കൈ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.

“തമ്പീ ഒണ്ണും നെനക്കാതെ ......മനിതന്‍ താനേ”

ഇതും പറഞ്ഞ്  എനിക്ക് മുഖം തരാതെ മുനിയപ്പ വേഗം ഇറങ്ങിപ്പോയി.

അല്‍പ നിമിഷം വേണ്ടി വന്നു എനിക്കാ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍.അതെ അയാളും ഒരു മനുഷ്യനാണ്.വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ മരുഭൂമിയില്‍ ഏകാന്തനായി ജീവിതം കഴിച്ചു കൂട്ടുന്ന ഒരു മനുഷ്യന്‍.കാലങ്ങളായി യന്ത്രം പോലെ പണിയെടുത്ത് ആയുസ്സ് തീരാറായെങ്കിലും അയാളും വികാരവിചാരങ്ങളുള്ള പച്ച മനുഷ്യനാണ്.ദുര്‍ബലനും ചപലനുമായ വെറും മനുഷ്യന്‍.സദാചാരത്തിന്റെ അളവുകോല്‍ വെച്ച് അയാളെ വിധിക്കാന്‍ ഞാനാര്?

എനിക്ക് കുറ്റബോധം തോന്നി. മുനിയപ്പയെ തിരിച്ചു വിളിച്ച് എന്തെങ്കിലും തമാശ  പറഞ്ഞ് അയാളുടെ ഉള്ളിലെ കലക്കം മാറ്റണം എന്ന് കരുതി ഞാന്‍ കടയുടെ പുറത്തിറങ്ങി നോക്കിയെങ്കിലും അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.

പിന്നീടൊരിക്കലും അയാളെ ഞാന്‍ കണ്ടിട്ടില്ല.നിലാവുള്ള രാത്രികളില്‍ മേഘങ്ങള്‍ ഒഴുകുന്ന വാനത്തിന്‍ ചോട്ടില്‍.പരന്നുകിടക്കുന്ന മരുഭൂമിയിലെ തക്കാളിയും,കക്കിരിയും വിളഞ്ഞു നില്‍ക്കുന്ന തന്റെ തോട്ടത്തില്‍,ടെന്റിനു മുന്നിലിട്ട  കട്ടിലില്‍ മുപ്പതാം നമ്പര്‍ ബീഡിയും വലിച്ച് ഇപ്പോഴും ഒറ്റയ്ക്ക് ഉറക്കം വരാതെ കിടക്കുന്നുണ്ടാകുമോ?................മുനിയപ്പയെന്ന പാവം മനിതന്‍.
-------------------------------------------------------------------------------
മസറ=കൃഷിയിടം
ദിശ്ദാശ=അറബികളുടെ നീളന്‍ കുപ്പായം
ബദു=കാട്ടറബി
തിരുമണം=വിവാഹം 
പാലൈവനം= മരുഭൂമി
പസുമൈ=പച്ചപ്പ്‌
കോണ്ടം=ഗര്‍ഭനിരോധന ഉറ


ബഹറിന്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ സസ്നേഹം ആഴ്ചപ്പതിപ്പില്‍ 6/02/2014  ല്‍ പ്രസിദ്ധീകരിച്ചത് 

Thursday, August 15, 2013

‘ബീ ഉമ്മ’ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിച്ചു നില്‍ക്കുന്ന മാതൃ നക്ഷത്രം

 “സ്വാതന്ത്ര്യം കയ്യില്‍ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല.ഒരു അടിമ രാജ്യത്ത് മരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്.എന്റെ നാടിന് മോചനം നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ ........”
                               മൌലാനാ മുഹമ്മദലി ജൌഹര്‍      (ലണ്ടന്‍ വട്ടമേശ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ് അലി സഹോദരങ്ങള്‍ എന്നറിയപ്പെട്ട മൌലാനാ മുഹമ്മദലിയുടെയും ഷൌക്കത്തലിയുടെയും ജീവിതം.ഉയര്‍ന്ന മാതൃരാജ്യ സ്നേഹവും ,കറകളഞ്ഞ മതേതര ചിന്തയും ഉയര്‍ത്തിപ്പിടിച്ച ഈ സഹോദരങ്ങളുടെ ഊര്‍ജ്ജം  അടിയുറച്ച മതവിശ്വാസവും,അഗാധമായ പാണ്ഡിത്യവും ആയിരുന്നു.

രാജ്യം എന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന ധീര ദേശാഭിമാനികളായ ഈ നേതാക്കളുടെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ മഹതിയായൊരു വനിതയുടെ കരുത്തുറ്റ പിന്‍ബലവും സാന്നിധ്യവും ഉണ്ട്.ഇവരുടെ പ്രിയപ്പെട്ട മാതാവായ ആബിദാ ബീഗത്തിന്റെ .ആളുകള്‍ ജാതി മത ഭേദമന്യേ അവരെ ആദരവോടെ വിളിച്ചു ‘ബീ ഉമ്മ’(മഹതിയായ ഉമ്മാമ).

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ 1857 ല്‍ ആണ് ആബിദാ ബീഗം  ജനിച്ചത്‌.ഭൌതിക വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും മതപരമായ അറിവും ഉന്നതമായ ആത്മീയ ചിന്തയും ദൈവഭയവും ഉയര്‍ന്ന സംസ്കാരവും ധീരയും  കുലീനമായ സ്വഭാവവുമുള്ള മഹതിയായി അവരെ മാറ്റി.

ലളിതമായ ജീവിത ശൈലിയും ഉയര്‍ന്ന ചിന്തയും അതായിരുന്നു ‘ബീ ഉമ്മ’. രാംപൂരിലെ ഉന്നത ഉദ്യോഗസ്ഥനായ അബ്ദുൽ അലി ഖാൻ ആയിരുന്നു അവരുടെ ഭർത്താവ്.ഇരുപത്തിഎഴാം വയസ്സില്‍  തന്നെ വിധവയാകേണ്ടി വന്ന അവര്‍ക്ക് നവാസിഷ്‌ അലി,സുല്‍ഫിക്കര്‍ അലി, ഷൌക്കത്തലി,മുഹമ്മദലി എന്നീ  നാല് മക്കളായിരുന്നു.എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ ഏറെ ശ്രദ്ധിച്ചു.

സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, സരള ദേവി, സക്കീന ലുഖ്മാനിയ എന്നീ ധീര വനിതകൾക്കൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് മുന്നിട്ടിറങ്ങിയ ഇവര്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലത്ത് സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാൻ മക്കളായ ഷൌക്കത്തലിയെയും,മുഹമ്മദലിയെയും  സമര രംഗത്തേക്ക് പറഞ്ഞയച്ച ധീര വനിതയാണ്‌.

ഒരിക്കല്‍ ഒരാള്‍  മൌലാനാ മുഹമ്മദലിയെ കുറിച്ച് ബീ ഉമ്മയുടെ സാന്നിധ്യത്തില്‍ പുകഴ്ത്തി പറഞ്ഞു  “നിങ്ങള്‍ ഇത്ര നന്നായി വളര്‍ത്തിയത്‌ കൊണ്ടാണ് അദ്ധേഹത്തിന് ജന ഹൃദയങ്ങളില്‍ ഇങ്ങനെ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിഞ്ഞത്”

അവര്‍ വിനയപൂര്‍വ്വം അത് നിഷേധിച്ചു  “ഒരിക്കലും അല്ല.ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലമാണ്.അല്ലാഹു ഒരാളെ ഉയര്‍ത്തണം എന്ന് ഉദ്ദേശിച്ചാല്‍ ഉയര്‍ത്തുകയും ഇകഴ്ത്തണം എന്ന് ഉദ്ദേശിച്ചാല്‍ ഇകഴ്ത്തുകയും ചെയ്യുന്നു.ഇതൊന്നും നമ്മുടെ കഴിവ് കൊണ്ടല്ല”.

മൂത്ത പുത്രന്‍ നവാസിഷ്‌ അലി ചെറിയ പ്രായത്തില്‍ മരണപ്പെട്ടപ്പോള്‍ അവരുടെ ദുഃഖത്തില്‍ ആശ്വസിപ്പിക്കാന്‍ വന്നവരോട് അവര്‍ പറഞ്ഞു.

“നാം എല്ലാം അല്ലാഹുവിന്റെ ഇഷ്ടത്തിനു സമര്‍പ്പിക്കുക.എല്ലാറ്റിനും അധികാരം അവനു മാത്രമാണ്.നമ്മെ ഏല്‍പ്പിച്ചത് ഉദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കാനുള്ള അധികാരവും അവനുണ്ട്.നമ്മുടെ ജനനവും മരണവും എല്ലാം അവന്റെ കൈകളിലാണ്”

ഹജ്ജ്‌ വേളയില്‍ ക-അബ യുടെ ഖില്ല പിടിച്ചു കരഞ്ഞു കൊണ്ട് ബീ ഉമ്മ  പ്രാര്‍ഥിച്ചു. “അല്ലാഹുവേ വളര്‍ന്നു വരുന്ന എന്റെ മക്കളെ നീ അനുഗ്രഹിക്കേണമേ ...യഥാര്‍ത്ഥ മുസ്ലിംകള്‍ ആയി അവര്‍ വളരണമേ”.

അതെ യഥാര്‍ത്ഥ മുസ്ലിംകള്‍ ആയി തന്നെ അവര്‍ വളര്‍ന്നു വന്നു അന്യ മതങ്ങളെ ആദരിക്കുകയും മാതൃരാജ്യത്തോടുള്ള സ്നേഹം ഈമാന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്ത ധീര ദേശാഭിമാനികള്‍.ഈ വിശ്വാസമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരധീരം പോരാടാന്‍ അലി സഹോദരങ്ങളെ പ്രേരിപ്പിച്ചത്.ഇവരെ  ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചപ്പോള്‍ മക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ചെന്ന ബീ ഉമ്മ പുത്രന്മാരോടായി  പറഞ്ഞ വാക്കുകള്‍ അവരുടെ രാജ്യസ്നേഹത്തിന്റെ ആഴം വെളിവാക്കുന്നു.

“പ്രിയപ്പെട്ട മക്കളെ നിങ്ങളുടെ വിശ്വാസം നിങ്ങള്‍ മുറുകെ പിടിക്കുക.അതിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്നാലും നിങ്ങള്‍ വിലവെക്കേണ്ടതില്ല!!”

പാശ്ചാത്യ രീതികളെ അനുകരിക്കാനും.പാശ്ചാത്യരെ ആദരപൂര്‍വ്വം കാണാനും ശ്രമിച്ചവരോട് അവര്‍ പറഞ്ഞു.

“പ്രിയപ്പെട്ട നാട്ടുകാരെ നിങ്ങള്‍ നിങ്ങളുടെ പാരമ്പര്യ രീതികളെ പിന്തുടരുക.ബ്രിട്ടീഷുകാരെ ഉന്നതരായി അവരോധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.അവര്‍ കപടന്മാരും ചതിയന്മാരുമാണ്”.

ഇതായിരുന്നു ബീ ഉമ്മ.അവര്‍ ഇന്ത്യയെ അതിരറ്റു സ്നേഹിച്ചിരുന്നു.മക്കളോടൊപ്പം ഖിലാഫത്ത്‌ സമരത്തില്‍ അവര്‍ സജീവമായിപങ്കെടുത്തു.ഖദര്‍ വസ്ത്രമണിഞ്ഞ് ഗാന്ധിജിക്കൊപ്പം പല സമ്മേളനവേദികളിലും സന്നിഹിതയായി.കോണ്ഗ്രസ്സിന്റെയും ലീഗിന്റെയും സമ്മേളനങ്ങളില്‍ ബീ ഉമ്മയുടെ  സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

1923ല്‍ തലശ്ശേരിയില്‍ വെച്ച് നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നു. ഒരിക്കല്‍  കോഴിക്കോട്ട് വെച്ച് അവര്‍ക്ക് വലിയൊരു സ്വീകരണം നല്‍കുകയുണ്ടായി. കേരളത്തിലും പഴയ തലമുറയിലെ മുസ്ലിം വനിതകളില്‍  ബീ ഉമ്മ എന്ന പേര് വന്നതിന്റെ  ചരിത്ര വഴി ഈ മഹതിയോടുള്ള ആദരമാണെന്ന് കാണാം.

അവര്‍ മരണശയ്യയില്‍ ആണെന്നറിഞ്ഞപ്പോള്‍  ഗാന്ധിജി അവരെ കാണാനെത്തി.ദുഃഖം നിറഞ്ഞ ആ രംഗം ഗാന്ധിജിയുടെ വാക്കുകളില്‍.

“ആരും തേങ്ങിക്കരയുന്നത് ഞാന്‍ കേട്ടില്ല.മുഹമ്മദലിയുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകുന്നത്‌ കണ്ടു. ഷൌക്കത്തലി വളരെ ബുദ്ധിമുട്ടി നിയന്ത്രിച്ചു.പക്ഷെ മുഖത്ത് അസാധാരണമായ ധര്‍മ്മനിഷ്ഠ പ്രകടമായിരുന്നു.എല്ലാവരും അല്ലാഹുവിന്റെ നാമം ഉരുവിടുകയാണ്.ഒരു സ്നേഹിതന്‍ അന്ത്യ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു.....”

എണ്‍പത്തിഒന്നാമത്തെ വയസ്സില്‍ ബീ ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ഈ വാര്‍ഷിക വേളയില്‍ നമ്മുടെ നാടിന് വേണ്ടി സ്വത്തും,ആരോഗ്യവും,ജീവനും ത്യജിച്ച പോരാളികളെ ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത നാമമാണ് ബീ ഉമ്മയുടേത്.

അവര്‍ ധീരയായ ഒരു മാതാവായിരുന്നു.തന്റെ മക്കളെ പോലെ തന്നെ മാതൃ രാജ്യത്തെയും സ്നേഹിച്ച മാതാവ്. തനിക്ക് ലഭിച്ച അറിവും മതബോധവും തന്നില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞ യഥാര്‍ത്ഥ ദൈവ ഭക്ത.ഉജ്ജ്വലമായ ആ ഓര്‍മ്മകള്‍ എന്നും ആവേശം ഉണര്‍ത്തുന്നതാണ്.


Saturday, August 3, 2013

ഈ ഉമ്മയും മക്കളും പൊരുതുന്നത് നമുക്ക് വേണ്ടിയാണ്


അങ്ങനെ ഒടുവില്‍ ജസീറ തന്റെ കുഞ്ഞുങ്ങളെയും കൂട്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറി. താന്‍ ജനിച്ചു വളര്‍ന്ന തീരം മണലെടുത്ത് ഇല്ലാതായിപ്പോവുന്നത് തടയാന്‍ ഇനി സെക്രട്ടേറിയറ്റ് പടിക്കല്‍ അവര്‍ തന്റെ ഒറ്റയാള്‍ സമരം തുടരും.കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ തുടരുന്ന പോരാട്ടം ഇനി നാട് ഭരിക്കുന്നവരുടെ കണ്‍മുന്നില്‍. തീരസംരക്ഷണത്തിന് ശാശ്വത പരിഹാരമില്ലെങ്കില്‍ ഇനി നാട്ടിലേക്കില്ലെന്നാണ് ജസീറയുടെ തീരുമാനം.


സരിതയും,ശാലുവും ചാനലുകളില്‍ ആഘോഷമായി നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും,ഒരു നാട് കടലെടുക്കാതിരിക്കാനും ഈ  വീട്ടമ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഏറെ  ശ്രദ്ധയില്‍ പെടാതെ പോയി.പക്ഷെ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്നവരെങ്കിലും ഇവരെ അറിയണം.മനസ്സ് കൊണ്ടെങ്കിലും ഈ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നമുക്കാവണം.


കണ്ണൂര്‍ പുതിയങ്ങാടി കടപ്പുറത്തെ ജസീറ എന്ന  പാവം വീട്ടമ്മ.ഏറെ പഠിപ്പും,ലോകവിവരവും ഇല്ലാത്ത അന്നന്നത്തെ ജീവിതമാര്‍ഗ്ഗം ജോലി ചെയ്തു കണ്ടെത്തുന്ന പര്‍ദ്ദയിട്ടൊരു മുസ്ലിം പെണ്ണ്‍. ഈ കോരിച്ചൊരിയുന്ന മഴക്കാലത്ത് ആറു രാത്രിയും,ഏഴു പകലും അവര്‍ കണ്ണൂര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു.സമരപ്പന്തലും ബാനറും ഇല്ലാതെ പ്രസംഗവും,മുദ്രാവാക്യങ്ങളും ഇല്ലാതെ ചാനല്‍ കണ്ണുകള്‍ അറിയാതെ രാപ്പകല്‍ ഒരു കുടക്കീഴില്‍ കുത്തിയിരുന്നൊരു സമരം.പകല്‍ മുഴുവന്‍ കൈക്കുഞ്ഞും,വൈകീട്ട് സ്കൂള്‍ വിട്ടുവന്നാല്‍ ഏഴാം ക്ലാസ്സിലും,അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളും മാത്രം അവര്‍ക്ക് കൂട്ട്.രാത്രിയില്‍ അടുത്തുള്ള കടത്തിണ്ണയില്‍ ഉറക്കം.


കണ്ണൂര്‍  പുതിയങ്ങാടി നീരൊഴുക്കും ചാല്‍ കടപ്പുറത്താണ് ജസീറയും കുഞ്ഞുങ്ങളും താമസിക്കുന്ന വീട്.വീട് എന്ന് പറയുമ്പോള്‍ മനസ്സില്‍ ഉയരുന്ന സങ്കല്‍പ്പം മറന്നു കളയുക.സിമന്റു തേക്കാത്ത ഒരു ഒറ്റമുറി.ദ്രവിച്ചു പൊളിഞ്ഞ വാതിലില്‍ പ്ലാസ്ടിക് ഷീറ്റിന്റെ സുരക്ഷ!!കടലിലേക്ക് അറുപത് മീറ്റര്‍ മാത്രം ദൂരം.


ഈ തീരം ഓരോദിവസവും നേര്‍ത്തു നേര്‍ത്തു വരികയാണ്.പകലും രാത്രിയും ഇവിടെ  നിന്ന് തലച്ചുമടായും,വാഹനങ്ങളിലും  മണല്‍ കടത്തുന്നാതാണ് കടല്‍ തീരം ഇല്ലാതായി കൊണ്ടിരിക്കുന്നതിന്റെ കാരണമെന്ന് എല്ലാവര്‍ക്കും അറിയാം.പക്ഷെ മണല്‍ കടത്തിലൂടെ വരുന്ന വരുമാനം...... സ്ത്രീകളും കുട്ടികളും അടക്കം ഈ ജോലി ചെയ്യുന്നു.മണല്‍ മാഫിയക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ട്.തീരം കടലെടുത്തു പോകുന്നതില്‍ ആര്‍ക്കും പ്രശ്നമില്ല.പണമാണ് മുഖ്യം പണവും,അധികാരവും എതിര്‍പ്പുകളെ നിശബ്ദരാക്കുന്നു.ഇവിടെ നശിച്ചു പോകുന്ന ഒരു തീരത്തെ ചൊല്ലി കടപ്പുറത്തെ ഒരു പെണ്ണിന്റെ  നിലവിളിക്ക് എന്ത് പ്രസക്തി.


പക്ഷെ അന്നന്ന്‍ ക്ഷയിച്ചു പോകുന്ന തീരത്തെ കുറിച്ചുള്ള വേവലാതി....ഈ ദ്രോഹം കണ്ട്  അടങ്ങിയിരിക്കാന്‍ ജസീറക്ക് കഴിഞ്ഞില്ല .കടല്‍ ഭിത്തി നശിച്ചു പോയതും,സ്ഥിരമായി മണല്‍ വാരുന്ന സ്ഥലം താഴ്ന്നു പോയതും ചൂണ്ടിക്കാട്ടി അവര്‍ ബന്ധുക്കളെയും,നാട്ടുകാരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് കുറെയൊക്കെ വിജയിച്ചെങ്കിലും മറ്റ് പ്രദേശങ്ങളില്‍ നിന്നും വാഹനത്തിലും മറ്റും വന്നു മണല്‍ കൊണ്ട് പോകുന്നവരെ മുടക്കുക  എളുപ്പമായിരുന്നില്ല.വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി വീണും തടഞ്ഞും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പല തവണ മര്‍ദനം ഏല്‍ക്കേണ്ടി വന്നു.കേസ് കൊടുത്തിട്ടും ഫലമുണ്ടായില്ല.


പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം കളക്ടര്‍ക്കും,ജില്ലാ പോലീസ് സൂപ്രണ്ടിനും  പരാതി നല്‍കുകയും പല തവണ ആപ്പീസുകള്‍ കയറി ഇറങ്ങുകയും ചെയ്തപ്പോള്‍ നന്മ വറ്റാത്ത ചില പോലീസ് ഉദ്യോഗസ്ഥരെങ്കിലും അനുഭാവം കാട്ടിയെങ്കിലും മണലെടുപ്പിന് വലിയ കുറവൊന്നും ഉണ്ടായില്ല.


അങ്ങനെയാണ് കഴിഞ്ഞ മാസം പതിനാലാം തിയ്യതി അവര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതിയുമായി എത്തിയത്.കയ്യില്‍  മണലെടുക്കുന്നതിന്റെ മൊബൈലില്‍ എടുത്ത ചിത്രങ്ങളുമുണ്ടായിരുന്നു.വേണമെങ്കില്‍ പെറ്റി കേസ് ചാര്‍ജു ചെയ്യാമെന്ന പോലീസിന്റെ തണുപ്പന്‍ പ്രതികരണമാണ് നടപടിയുണ്ടാകുന്നത് വരെ പോലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താനുള്ള തീരുമാനമെടുക്കാന്‍ കാരണം.ആരോരുമില്ലാതെ ഒരു ഒറ്റയാള്‍ സമരത്തിന്റെ തുടക്കം.


സമരത്തിന്റെ നാലാം ദിവസം കൈക്കുഞ്ഞിനെയും കൂട്ടി രാത്രിയില്‍ സമരം ചെയ്യുന്നുവെന്ന് ആരോപിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി ജസീറയെ ബലമായി തലശ്ശേരി മഹിളാ മന്ദിരത്തിലേക്ക് കൊണ്ടുപോയി.(മൂത്ത രണ്ടു പെണ്‍മക്കളെ ഒറ്റയ്ക്കിട്ട് ഉമ്മയെ പിടിച്ചു കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത ബോധം എത്ര കെങ്കേമം!അദിതിയും,ഷഫീക്കുമടക്കം  വീട്ടകങ്ങളിലും,പേരറിയാത്ത എമ്പാടും കുഞ്ഞുങ്ങള്‍ തെരുവ് തിണ്ണകളിലും ദുരിതങ്ങള്‍ അനുഭവിക്കുന്നത് അറിയാന്‍ കണ്ണില്ലാത്ത അധികൃതരുടെ  ജാഗ്രത!)


കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താം എന്ന് എഴുതി ഒപ്പിട്ടുകൊടുത്താല്‍ വിട്ടയക്കാമെന്ന അധികൃതരുടെ നിബന്ധനയെ  രാവും പകലും താന്‍ മാറോടു ചേര്‍ത്ത് മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിന്റെ സംരക്ഷണം ആരെയും എഴുതി ബോധിപ്പിക്കാന്‍ തയ്യാറല്ലെന്ന്  ജസീറ എതിര്‍ത്തു.മൂന്നാം ദിവസം ഒരു നിബന്ധനയിലും  ഒപ്പിടാതെ ഇവരെ വിട്ടയച്ചപ്പോള്‍ തലശ്ശേരിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെ പഴയങ്ങാടിക്ക് ബസ്സുകൂലി ഇവര്‍ പലരോടും ഇരക്കേണ്ടി വന്നത് അധികൃതര്‍ക്ക് അറിയേണ്ടതുണ്ടായിരുന്നില്ല.


എന്നാല്‍ ഇതുകൊണ്ട് തളരാതെ അവര്‍ വീട്ടിലേക്കു പോലും പോകാതെ രാത്രി തന്നെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ വീണ്ടും ചെന്നു.ഉമ്മ തിരിച്ചു വന്നതറിഞ്ഞ് മക്കളുമെത്തി കൂട്ടിന്.


ഒടുവില്‍ സമരത്തിന്റെ ഒമ്പതാം ദിവസം ജസീറയുടെ  നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അധികൃതര്‍ കണ്ണ് തുറന്നു.സ്ഥിരമായ പോലീസ് പാറാവടക്കം അധികൃതര്‍ നല്‍കിയ ഉറപ്പിന്മേല്‍ ജസീറ സമരം പിന്‍വലിച്ചു.


പക്ഷെ നല്‍കിയ ഉറപ്പുകളൊക്കെ വെറും വാക്കുകള്‍ ആവുകയും മണലെടുപ്പ് വീണ്ടും നിര്‍ബാധം തുടരുകയും ചെയ്തപ്പോള്‍ റംസാന്‍ നോമ്പെടുത്ത് കൊണ്ട് ജൂലായ്‌ പത്തു  മുതല്‍ ജസീറ വീണ്ടും സമരം തുടങ്ങി ഈ തവണ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നിലേക്ക് മാറ്റി ഈ ഒറ്റയാള്‍ പോരാട്ടവേദി.


രാത്രി പത്തുമണിയോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ചു മുപ്പത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചുവെങ്കിലും ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍  കളക്ടറേറ്റിനു മുന്നില്‍ തിരിച്ചെത്തി അവര്‍ സമരം തുടര്‍ന്നു.


ഒന്‍പതു ദിവസത്തെ  കളക്ടറേറ്റിനു മുന്നിലെ സമരത്തിന്‌ ശേഷം  നടന്ന ഒതുതീര്‍പ്പ് ചര്‍ച്ചയില്‍  കലക്ടര്‍ നല്‍കിയ ഉറപ്പുകളില്‍  വിശ്വസിച്ച് ജസീറ സമരം അവസാനിപ്പിച്ചുവെങ്കിലും പറഞ്ഞത്  പാലിക്കപ്പെടാത്തതിനാല്‍ അവര്‍ കളക്ടറേറ്റിനു മുന്നില്‍ ജൂലായ്‌ 24 ന് വീണ്ടും സമരം തുടങ്ങി.


ഇതിനിടെ   ജസീറ നടത്തുന്ന സമരം കാപാട്യമാണെന്ന് പറഞ്ഞ് മണലെടുപ്പിനെ ന്യായീകരിച്ചു കൊണ്ട് പുതിയങ്ങാടി തീരദേശ ജനക്ഷേമസമിതി പത്രസമ്മേളനം നടത്തി .അതില്‍ ഏറ്റവും തമാശയായി തോന്നിയത് ‘ജസീറയുടേതടക്കം പ്രദേശത്തുള്ള മിക്കവരുടെയും വീട് നിര്‍മിക്കാന്‍ ഈ കടല്‍മണ്ണാണ് ഉപയോഗിച്ചിരുന്നത്’ എന്ന പരാമര്‍ശമാണ്.ഈ ചിത്രത്തില്‍ കാണുന്ന ‘രമ്യഹര്‍മ്മം’ പണിയിക്കാന്‍ എമ്പാടും മണല്‍ വേണ്ടി വന്നിരിക്കാം!!


  ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് ജസീറയുടെ കരുത്ത്.പത്താം ക്ലാസ്സില്‍ പഠനമവസാനിപ്പിച്ച ജസീറയ്ക്ക് രണ്ടു പെണ്‍കുട്ടികള്‍ പിറന്ന ശേഷം ആദ്യ വിവാഹബന്ധം തകര്‍ന്നു.ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ PMRY സ്കീമില്‍ ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങി.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പഴയങ്ങാടിയില്‍ മുഖമക്കന ധരിച്ച വനിതാ ഓട്ടോക്കാരിക്ക്  നല്ല ഓട്ടം കിട്ടാന്‍ തുടങ്ങിയപ്പോള്‍ ചില പുരുഷ ഡ്രൈവര്‍മാര്‍ക്ക് സഹിച്ചില്ല.ഭീഷണി മൂലം ആരോടും പരാതിപ്പെടാതെ അവര്‍ അടുത്ത പ്രദേശമായ മാട്ടൂലിലേക്ക് തൊഴിലിടം മാറ്റി.അന്നത്തെ എ എസ് ഐ യുടെ ഇടപെടല്‍ മൂലം വീണ്ടും അവര്‍ക്ക് പഴയങ്ങാടി ഓട്ടോ സ്റ്റാന്റില്‍ തിരിച്ചെത്താന്‍ ആയെങ്കിലും ഏറെനാള്‍ അത് തുടരാന്‍ കഴിഞ്ഞില്ല.


പിന്നീട് രണ്ടാം വിവാഹവും ശേഷം കോട്ടയത്തേക്ക് ഉള്ള തൊഴില്‍ മാറ്റവും.പ്രസവത്തിനായി വീട്ടിലേക്കു തിരിച്ചു വന്നപ്പോഴാണ് കുറഞ്ഞ കാലം കൊണ്ട് കടല്‍ തീരത്തിനുണ്ടായ മാറ്റം അവര്‍ തിരിച്ചറിഞ്ഞതും മണല്‍ വാരലിനെതിരെ ചിന്തിക്കാനും സമരം ചെയ്യാനും പ്രേരിപ്പിച്ചതും.


മലയോടു കല്ലെറിയുന്ന ഈ സമരം എവിടെയെത്തുമെന്നറിയില്ല.എത്ര നാള്‍ ഒരു പാവം പെണ്ണിന് പിടിച്ചു നില്‍ക്കാനാവുമെന്നും.


നാം വായിക്കുന്ന പോലെ എളുപ്പമല്ല  ഒന്നും.ഒറ്റയ്ക്ക് മണല്‍  മാഫിയക്കെതിരെ,അധികൃതര്‍ക്കെതിരെ  ഒരു പെണ്ണ് രാത്രിയും പകലും പൊരുതുക.കൂട്ടിനു പറക്കമുറ്റാത്ത മൂന്നു മക്കള്‍ മാത്രം.ബന്ധുക്കളുടെ,അയല്‍വാസികളുടെ,നാട്ടുകാരുടെ,സമുദായത്തിന്റെ  എതിര്‍പ്പും പരിഹാസവും എത്രത്തോളമായിരിക്കും?


ഉമ്മയോടൊപ്പം സമരത്തിന്‌ കൂട്ടുനില്‍ക്കുന്ന ആ മക്കളെ കുറിച്ച് ഓര്‍ത്തു നോക്കൂ. വിദ്യാലയങ്ങളില്‍ സഹപാഠികളാല്‍ അവര്‍  കളിയാക്കപ്പെടുന്നുണ്ടാകുമോ?സമരം ചെയ്യുന്ന ഉമ്മയുടെ മക്കളെ സമൂഹത്തിന്റെ പുച്ഛം നിറഞ്ഞ കണ്ണുകള്‍ കാണുന്നതെങ്ങനെ ആയിരിക്കും.


പ്രകൃതിയെ നശിപ്പിക്കുന്ന,പരിസ്ഥിതിയെ തകിടം മറിക്കുന്ന സമര ഇടങ്ങളിലെല്ലാം ഈ അടുത്ത കാലത്തായി മുന്‍നിരയില്‍ അടങ്ങാത്ത പോരാട്ട വീര്യവുമായി ഉറച്ചു നില്‍ക്കുന്നത് സ്ത്രീകളാണ് എന്നത് അതിശയപ്പെടുത്തുന്നു.അതും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍.ഏറെ വിദ്യാഭ്യാസവും അറിവും ഇല്ലാത്തവര്‍.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും മാലിന്യക്കൂമ്പാരമാക്കുന്ന വികസനങ്ങള്‍ക്കെതിരെ അമ്മ മനസ്സുകളുടെ ജാഗ്രതയായിരിക്കാം എല്ലാ പീഡനങ്ങളും സഹിച്ചു സമരമുഖങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്.

നര്‍മ്മദയിലും,പ്ലാച്ചിമടയിലും,ലാലൂരിലും,പെട്ടിപ്പാലത്തും,കൂടംകുളത്തും അങ്ങനെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അവര്‍ പൊരുതുകയാണ്.വരും തലമുറകള്‍ക്ക് വേണ്ടി.

കോടികള്‍ വെട്ടിപ്പ് നടത്തി ഭരണകൂടത്തെ പോലും തട്ടിക്കളിക്കുന്ന പെണ്ണുങ്ങള്‍ ആഘോഷിക്കപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍,വിപ്ലവ നായികയടക്കം അഴിഞ്ഞാട്ടത്തിന്റെ ചാനല്‍ കാഴ്ചകളില്‍ റിയാലിറ്റി ഷോ നടത്തുമ്പോള്‍  ദാരിദ്ര്യത്തിന്റെ തോരാമഴയില്‍ നനഞ്ഞ് ഈ ഉമ്മയും മക്കളും നടത്തുന്ന പോരാട്ടം കാണാന്‍ നമുക്ക് കണ്ണുണ്ടാകണം.വ്രതമാസത്തിന്റെ പകലും രാത്രിയും അവര്‍ നടത്തുന്നതൊരു വിശുദ്ധ യുദ്ധമാണ്.പ്രകൃതിക്കും മനുഷ്യനും വേണ്ടി.നമുക്ക് വേണ്ടി.ഇനിയും പിറക്കാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി 

 വിവരങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമി ആഴ്ചപ്പതിപ്പ് (ലക്കം 20)കടല്‍ മണ്ണിന്റെ കാവലാള്‍ (സുല്‍ഫത്ത് എം)