Tuesday, January 28, 2014

'ദൃശ്യ'ത്തിന്‍റെ വന്‍വിജയം പേടിപ്പിക്കുന്നത്‌



തിരക്കഥയുടെ കെട്ടുറപ്പ് , മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ശക്തമായ തിരിച്ചു വരവ്, കലാഭവന്‍ ഷാജോണ്‍ അടക്കമുള്ള മറ്റു നടീനടന്മാരുടെ അഭിനയമികവ് , എല്ലാം കൊണ്ടും ഏറെക്കാലത്തിനു ശേഷം മലയാള സിനിമയ്ക്ക് ഒരു ഉണര്‍വ്വായി മാറിയിരിക്കുകയാണ് 'ദൃശ്യം'.

85 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയത് ഈ സിനിമയാണെന്ന് പത്രങ്ങള്‍ എഴുതുന്നു. മലയാളികള്‍ ഉള്ള ഇടങ്ങളിലോക്കെയും ഗംഭീരമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രം. പത്രങ്ങളും ടീവിയും സോഷ്യല്‍ മീഡിയകളും ഈ സിനിമയെ വര്‍ണ്ണിച്ചു മതിയാകുന്നില്ല.

മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് മുന്നേറുന്ന ഈ ചിത്രം അതുകൊണ്ടാണ് ഏറെ മോഹിച്ച് കണ്ടത്.

സത്യം പറഞ്ഞാല്‍ ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉള്ളില്‍ തോന്നിയത് മലയാളി ഇത്ര ക്രൂരനായിപ്പോയല്ലോ എന്നാണ്. അത്രയേറെ അസ്വസ്ഥതയോടെയാണ്‌ ഈ സിനിമ കണ്ടത്. ഒരു കുടുംബത്തിന്‍റെ ദുരന്തം നിസ്സഹായത ഭീതി ഇതൊക്കെ പ്രേക്ഷകന്‍റെ നെഞ്ചിടിപ്പ് കൂട്ടും വിധം ചിത്രീകരിച്ചതാണ് ഈ സിനിമയുടെ വിജയം.

പത്തുമുപ്പതു വര്‍ഷം  മുമ്പ് ഏകദേശം സമാനമായ തീമായിരുന്നു നെടുമുടി വേണുവും മോഹന്‍ലാലും അഭിനയിച്ച ‘മനസ്സറിയാതെ’  എന്ന സിനിമ. അന്ന് ആ സിനിമ ഒരു വിജയമായില്ല. കാരണം ആ കാലഘട്ടത്തില്‍ അത്തരം ഒരു കഥ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകന്‍  മടിച്ചു.

എം ടി സിബി മലയില്‍ ടീമിന്‍റെ മോഹന്‍ലാല്‍ ചിത്രമായ ‘സദയം’ തിയേറ്ററില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം രണ്ടു കുട്ടികളെ ക്രൂരമായി കൊലചെയ്യുന്ന  രംഗം അതില്‍ ഉള്ളത് കൊണ്ട് കൂടിയായിരുന്നു.

ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’ ബോക്സ് ഓഫീസ് പരാജയമാകാനുള്ള കാരണവും ഒരു കൌമാരക്കാരിയെ മാനഭംഗപ്പെടുത്തി കൊല്ലുന്നതും തുടര്‍ന്നുള്ള ആ രാത്രിയിലെ അന്വേഷണവും അമ്മയുടെ നിലവിളിയും ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കിയ അസ്വസ്ഥത തന്നെയായിരുന്നു.

സിനിമയില്‍ ആണെങ്കിലും ഇത്തരം ക്രൂരത താങ്ങാനാവാതെ  പ്രേക്ഷകന്‍ നിരാകരിച്ചത് കൊണ്ട് വിജയിക്കാതെ പോയ സിനിമകളാണ് ഇതൊക്കെ.

എന്നാല്‍ ഇന്ന് മലയാളി ഏറെ മാറിപ്പോയിരിക്കുന്നു എന്നാണു ദൃശ്യത്തിന്‍റെ  അപ്രതീക്ഷിത വിജയം വിളിച്ചു പറയുന്നത്. അപകടമായാലും ദുരന്തമായാലും നിസംഗനായി മൊബൈലില്‍ ഷൂട്ട്‌ ചെയ്യുന്ന പുതിയ കാലത്തെ മലയാളിയെ ഈ ചിത്രം ഏറെ തൃപ്തിപ്പെടുത്തിയെങ്കില്‍ അതിശയമില്ല.
സിനിമയുടെ കഥ അവസാനം നായകനെയും കുടുംബത്തെയും രക്ഷിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പ് ഉയരുന്നതുകൊണ്ട് ഈ ‘ദൃശ്യം' നന്മയുടെതാകുന്നില്ല.  

എം മുകുന്ദന്‍റെ ദല്‍ഹി 1981 എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നാം മാറിപ്പോയിരിക്കുന്നു എന്നതാണ്   ഈ ചിത്രം നമ്മോടു വിളിച്ചു പറയുന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുബപ്രേക്ഷകരാണ് ഈ സിനിമ  വിജയിപ്പിച്ചത് എന്നതാണ്   ഏറെ നടുക്കം ഉണ്ടാക്കുന്നതും.
----------------------------------------------------------------------
വാല്‍ക്കഷണം: തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ കിം- കി ഡുക്കിന്‍റെ സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണ്ട് തലചുറ്റി വീണ സിനിമാപ്രേമി മലയാളി തന്നെയായിരുന്നോ സാര്‍?






Saturday, January 18, 2014

‘എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും’.


ഏറെ നാളുകള്‍ക്കു ശേഷമാണ് ഹമീദ്ക്കയെ ബസ്സില്‍ വെച്ച് കണ്ടത്. കോഴിക്കോട്ടെ പാണ്ടികശാലയില്‍ കൊപ്ര തിരയുന്ന പണി ചെയ്യുന്ന  കാലത്തേ  ഹമീദ്ക്കയെ എനിക്കറിയാം. പിന്നീട് അദ്ദേഹം ഗള്‍ഫില്‍ പോയി. ഇരുപത്തിയഞ്ച് കൊല്ലത്തോളമായി പ്രവാസ ജീവിതം. ചെറിയൊരു വീട്.  ഭാര്യയും മൂന്നു പെണ്മക്കളും  നാട്ടില്‍ തന്നെ.

മക്കള്‍ പഠനത്തില്‍ മിടുക്കികളായിരുന്നു. പഠിപ്പിന്‍റെ വിലയെന്തെന്ന്  ഗള്‍ഫ്ജീവിതം കൊണ്ട് ശരിക്കും  തിരിച്ചറിഞ്ഞ ആളാണ്‌ ഹമീദ്ക്ക. അത് കൊണ്ട് തന്നെ മക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്ന കാര്യത്തില്‍ അദ്ദേഹം ഏറെ ഉത്സാഹിച്ചു..

ഡിസ്റ്റിംഗ്ഷനോട് കൂടിയാണ് മൂന്നു പേരും പത്താം തരാം പാസായത്. മൂത്ത മകള്‍ എം ബി ബി എസിന് പഠിക്കുന്ന വിവരം രണ്ടു വര്‍ഷം  മുമ്പ് കണ്ടപ്പോള്‍ ഹമീദ്ക്ക സന്തോഷത്തോടെ എന്നോട് പറഞ്ഞിരുന്നു.

‘ഓളെ പഠിത്തം കഴിഞ്ഞിട്ട് ഒരു ഡോക്ടറെ കൊണ്ട് തന്നെ ഓളെ കെട്ടിക്കണം.....വീടിന്‍റെ ഗെയ്റ്റിനു രണ്ടു ഭാഗത്തും രണ്ടാളുടെയും പേരെഴുതിയ ബോര്‍ഡും...’
തമാശ രൂപത്തിലാണ് അത് പറഞ്ഞതെങ്കിലും അത് ഒരു ഉപ്പയുടെ സ്വപ്നം കൂടിയാണെന്ന് ഹമീദ്ക്കയുടെ ഭാര്യയുടെ വാക്കുകള്‍ പൂരിപ്പിച്ചു.

‘ഇതെത്ര കാലായി പറയാന്‍ തൊടങ്ങീട്ട്ന്നോ.........പടച്ചോന്‍ എത്തിക്കട്ടെ’
ഞാനും ഉള്ളില്‍ പറഞ്ഞു
 ‘പടച്ചോന്‍ എത്തിക്കട്ടെ
നന്നായി പഠിക്കാന്‍ കഴിവുണ്ടായിട്ടും ഏഴാം ക്ലാസിനപ്പുറം  പഠിക്കാന്‍ കഴിയാഞ്ഞ അദ്ധേഹത്തിന്‍റെ ഭാര്യയുടെ ഉത്സാഹവും പരിശ്രമവും  കൂടി മക്കളുടെ ഉയര്‍ന്ന വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. പഠിത്തത്തില്‍ മാത്രമല്ല സ്വഭാവത്തിലും, പെരുമാറ്റത്തിലും  ഹമീദ്ക്കയുടെ പെണ്‍കുട്ടികള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ ആയിരുന്നു. മതബോധത്തോടെ അടക്കത്തിലും ഒതുക്കത്തിലും വളര്‍ന്ന മക്കള്‍. ആ മക്കള്‍ മാത്രമായിരുന്നു ഹമീദ്ക്കയുടെ സമ്പാദ്യവും.



നീണ്ട ഒരു മണിക്കൂര്‍ യാത്രയില്‍ സഹയാത്രികനായി ഹമീദ്ക്കയെ കിട്ടിയതില്‍ സന്തോഷം തോന്നി.  മകള്‍ എം ബി ബി എസ് പാസായി ഡോക്ടറായതും രണ്ടാമത്തവളും മെഡിസിന് ചേര്‍ന്നതും പറയുമ്പോള്‍ ഹമീദ്ക്കാക്ക് പഴയ ഉത്സാഹം ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ ഹമീദ്ക്ക ചോദിച്ചു.

‘നിന്‍റെ അറിവില്‍ മോള്‍ക്ക്‌ പറ്റിയ പുതിയാപ്പിളമാര്‍ ആരെങ്കിലും ഉണ്ടോ?’
‘അതിപ്പൊ ഹമീദ്ക്കാ.....അവള്‍ക്കൊരു ഡോക്ടറെ തന്നെ വേണ്ടേ’
ഹമീദ്ക്ക ഒരു തമാശ കേട്ടിട്ടെന്ന പോലെ ചെറിയൊരു ചിരി ചിരിച്ചു.
‘ഡോക്ടര്‍........അതൊന്നും നടക്കുന്ന കാര്യല്ല ചങ്ങായീ...... കുറച്ചൂടെ താഴോട്ട് അത്യാവശ്യം പഠിപ്പും വിവരവും ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പറ...........ഡോക്ടറൊന്നും നമ്മക്ക് താങ്ങൂല’
ഇയാള്‍ക്ക് എന്താണ് പറ്റിയതെന്ന് ഞാന്‍ അതിശയപ്പെട്ടു. ഈ കുട്ടി ഇത്രയും പഠിച്ചിട്ട്............... ഭാര്യയെക്കാളും പഠിപ്പ് കുറഞ്ഞവന്‍ എന്ന അപകര്‍ഷത മൂലം ഉണ്ടാവുന്ന ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചനങ്ങളും പലതും കേട്ടിട്ടുണ്ട്. ഇത്തരം മേഖലയില്‍ ഒരേ പ്രൊഫഷനില്‍ ഉള്ളവര്‍ വിവാഹം ചെയ്താലുള്ള സൌകര്യങ്ങളെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞറിയാം. മാത്രമല്ല ജീവിതത്തില്‍ ഏറെ സമ്പാദ്യങ്ങള്‍ ഒന്നുമില്ലാത്ത ഈ സാധുവിന്‍റെ വലിയൊരു മോഹവുമാണല്ലോ.....

അതെന്താ ഹമീദ്ക്കാ .......അത് ഇങ്ങളെ പൂതിയല്ലേ....മാത്രല്ല അങ്ങനെയാവുമ്പോ അതല്ലേ അവളുടെ ഭാവിക്കും നന്നാവുക
‘മോനേ.....ഒരു ഡോക്ടറെ പുതിയാപ്പിള ആക്കിയെടുക്കുക എന്ന് വെച്ചാല്‍ എളുപ്പല്ല........എത്ര പണം വേണമെന്നറിയ്വോ’
‘സ്ത്രീധനോ......’
ഞാന്‍ അതിശയപ്പെട്ടു.
‘എന്ന് പറഞ്ഞൂട......’
ഹമീദ്ക്ക ചെറുതായി ചിരിച്ചു. എന്‍റെ മുഖത്തെ ചോദ്യം വായിച്ച് അദ്ദേഹം തുടര്‍ന്നു.
‘പൊന്നും പണവും ഒന്നുമല്ല..................ഒരു എം ബി ബി എസ്സ് കാരനെ  എം ഡി ആകാനുള്ള പഠിപ്പിന്‍റെ  ചെലവ് നമ്മള്‍ എടുത്താല്‍ മതി.....അത് എത്രയാന്ന് അറിയ്വോ?’
ഹമീദ്ക്ക തുടര്‍ന്നു.
‘ഒരു കോടിയുടെ പുറത്താകും....................നമ്മുടെ കൂട്ടത്തില് മുകളിലോട്ട് പഠിക്കുന്ന ആണ്‍കുട്ടികള് കുറവാ...പെണ്‍കുട്ടികളാണെങ്കില്‍ എമ്പാടും..... അതോണ്ട് തന്നെ നല്ല ഡിമാന്റാ’
ശരിയാണ്. എന്‍റെ ചുറ്റുപാടും ഞാന്‍ അറിയുന്ന സത്യം.
‘ആരെയും പറഞ്ഞിട്ട് കാര്യമില്ല..........വെറും എം ബി ബി എസ് ന് ഇപ്പൊ വിലയില്ലാലോ. മുകളിലോട്ട് പഠിപ്പിക്കാന്‍ പൈസ ഇല്ലെങ്കില്‍ എന്താക്കും........... എനിക്കൊരു ആണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഇങ്ങനെയൊക്കെ ചെയ്തുപോകും’
ഹമീദ്ക്ക പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. വിവാഹ മാര്‍ക്കറ്റില്‍ ഡോക്ടര്‍ പുതിയാപ്പിളമാര്‍ക്കുള്ള ഡിമാന്റിനെ കുറിച്ച്. മകളുടെ ഭര്‍ത്താവ് ഡോക്ടര്‍ ആണ് എന്ന് അന്തസ്സ് പറയാന്‍ പണച്ചാക്കുമായി വില പറയുന്ന പുത്തന്‍പണക്കാര്‍ . ഉള്ളതൊക്കെ വിറ്റും മക്കളെ പഠിപ്പിച്ചവര്‍ തുടര്‍ പഠനത്തിന് വേറെ ഗതിയില്ലാതെ ആണ്‍കുട്ടികളെ ഭാര്യവീട്ടുകാര്‍ക്ക് വിട്ടുകൊടുത്ത ചില രക്ഷിതാക്കള്‍ ...........

‘നിനക്കറിയ്വോ വിചാരിച്ച പോലെ അതേ പഠിപ്പുള്ള പുതിയാപ്പിളനെ തന്നെ കിട്ടാന്‍ വേറെ ഒരു വഴിയുണ്ട്’
‘അതെന്താ’ ഞാന്‍ ജിജ്ഞാസിയായി.
‘കൂടെ പഠിക്കുന്നവരെയോ സീനിയറിനെയോ പ്രേമിക്കുക.......................’
‘.......ഞാന്‍ പറയുമ്പോ നീ തമാശയാണെന്ന് വിചാരിക്കണ്ട.......................ഗതികേട് കൊണ്ട് അത് അറിഞ്ഞിട്ടും അംഗീകരിക്കേണ്ടി വരുന്ന എത്രയോ രക്ഷിതാക്കളുണ്ട്’

അമ്പരപ്പ് മാറാതെ ഞാന്‍ കേട്ടുകൊണ്ടിരുന്നു.

‘ഇല്ലെടോ..............എന്‍റെ മോള് അതിനൊന്നും പോയിട്ടില്ല. പക്ഷെ കഥയില്ലാതെ എന്‍റെ മോഹം അവള് കേള്‍ക്കെ ഞാന്‍ പറഞ്ഞുപോയിട്ടുണ്ട് .......’

‘നിനക്കറിയാലോ മൂത്തവളെയും  രണ്ടാമത്തവളെയും പോലെ  ഇളയവള്‍ക്കും മെഡിസിന് തന്നെ പോകാനാ  പൂതി.........സത്യം പറയട്ടെ മുമ്പൊക്കെ മക്കളുടെ പഠിത്തത്തില്‍ അഭിമാനം മാത്രമല്ല ചെറിയൊരു അഹങ്കാരം പോലും തോന്നിയിരുന്നു എനിക്ക്..........പഠിപ്പില്ലാത്ത എനിക്കും ഓള്‍ക്കും കിട്ടിയ സന്തോഷം............പക്ഷെ ഇപ്പൊ തോന്ന്വാ..........എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും....’

നിസ്സഹായനായ ആ മനുഷ്യന്‍റെ ഉള്ളിലെ വേവ് മുഴുവന്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു.

ഇതൊരു ഹമീദ്ക്കയുടെ മാത്രം ഉള്ളിലെ പിടച്ചിലല്ലെന്ന്‍ നമ്മുടെ പത്രങ്ങളില്‍  ഞായറാഴ്ചകളിലെ ‘മാറ്ററിമോണിയല്‍’ കോളങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുസ്ലിം യുവതി ഡോക്ടര്‍,.......മുസ്ലിം യുവതി BDS,......മുസ്ലിം യുവതി B tech..... സമാനയോഗ്യതയുള്ള വരന്മാരെ തേടുന്ന പരസ്യങ്ങള്‍.
ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വിവാഹപ്രായം കഴിഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ അവസാന ആശ്രയമാണത് എന്നാരും അറിയുന്നില്ല. തേടിത്തേടി തളര്‍ന്നവന്‍റെ പ്രതീക്ഷ.

അടക്കിപ്പിടിച്ച നിലവിളി പോലെ ഉള്ളിലൊരു നോവായി ഹമീദ്ക്കയുടെ വാക്കുകള്‍ പൊള്ളിച്ചു കൊണ്ടിരിക്കുന്നുണ്ട്‌.

മാറ്ററിമോണിയല്‍ കോളങ്ങളില്‍ അഭ്യസ്തവിദ്യയായ മുസ്ലിം യുവതികള്‍ക്ക്‌ വരനെ തേടുന്ന പരസ്യങ്ങള്‍ പിന്നെയും പിന്നെയും കൂടി വരുന്നത് കാണുമ്പോള്‍ നടുക്കത്തോടെ തിരിച്ചറിയുന്നു.
ഒരുപാട് ഹമീദ്ക്കമാര്‍ എവിടെയൊക്കെയോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടാകുമോ?
എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും’.


Saturday, January 4, 2014

മുറ്റത്തെ കുറുന്തോട്ടിക്കും.............

എപ്പളായിക്കും പടച്ചോനെ ഇത് കോയ്ക്കോട്ടെത്വാ..... ഇന്നലത്തെപ്പൊലെ ഇന്നും പോയി വെറ്തെ തിരിച്ച് വരണ്ടി വര്വോ

വേഗപ്പൂട്ട് വീണ ബസ്സിന്‍റെ ഇഴഞ്ഞ പോക്കില്‍  അസ്വസ്ഥയായിക്കൊണ്ട് ആ  സ്ത്രീ പറഞ്ഞു. തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍  ഞാനും വീട്ടുകാരിയും ഇരുന്ന  സീറ്റിലെ സഹായാത്രികയായിരുന്നു അവര്‍.  

കുറെക്കാലമായി അലട്ടുന്ന കൈ വേദനക്ക് ചികിത്സക്കായാണ് അവര്‍ കോഴിക്കോട്ടെ പേരുകേട്ട വലിയ ആശുപത്രിയിലേക്ക് പോവുന്നത്. ആയൂര്‍വേദവും, അലോപ്പതിയും, യുനാനിയും ഒക്കെയായി ഒരുപാട് ചികിത്സ നടത്തി. അതിനായി ദൂരെ സ്ഥലങ്ങളില്‍ പലേടത്തും പോയി. എമ്പാടും കാശും ചെലവായി. ഇപ്പോള്‍ മാസങ്ങളായി കോഴിക്കോട്ടെ ചികിത്സ കൊണ്ട് കുറച്ചു വ്യത്യാസം കാണുന്നുണ്ട്. വേദന കൊണ്ട് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അതിനു മുമ്പ്. എന്തോ ഒരുതരം വാതമാണത്രേ.

ഇന്നലെയും കോഴിക്കോട്ട്  പോയതാണ്. പക്ഷെ അവിടെ എത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞിരുന്നു. ഓട്ടോ വിളിച്ചു ഡോക്ടറുടെ വീട്ടില്‍ ചെന്നപ്പോള്‍ അന്നത്തെ ടോക്കണ്‍ തീര്‍ന്നു . വെറുതെ തിരിച്ചു പോരേണ്ടി വന്നു.

‘ഒരു ദെവസത്തെ പാടാ കോയിക്കോട്ട്‌ പോയി വരാന്‍. രാത്രി വൈകിയാ തലശ്ശെരീന്ന് ഞാളെ നാട്ടിലേക്ക് ബസ്സ് കിട്ടൂല....”

തലശ്ശേരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള അവരുടെ നാടിന്‍റെ പേര് പറഞ്ഞപ്പോള്‍  അത്ഭുതം തോന്നി. അവിടെ ഒരു വൈദ്യരെ കണ്ട് തിരിച്ചു വരികയാണല്ലോ ഞാനും ഭാര്യയും.

പറഞ്ഞപ്പോള്‍ അവര്‍ക്കറിയാം അദ്ധേഹത്തെ.
തന്നേ....... ഇത്രേം ദൂരേന്നൊക്കെ ആട ആള്വേള് വര്വോ?’  

അവര്‍ക്കും അതിശയം. പിന്നെ പറഞ്ഞു.

 ‘ഓറെ അച്ചനും പേര് കേട്ട വൈദ്യരായിനും............ അതേ ചികിത്സ തന്നാ മോനും. ന്‍റെ ഉമ്മേം ഉമ്മാമേം ഒക്കെ എന്ത് സൂക്കേട്‌ മന്നാലും ആടായിനും പോകല്’.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി എനിക്ക് ഈ വൈദ്യരെ അറിയാം. വാതവും, രക്തസമ്മര്‍ദ്ദവും അടക്കം ഒരു പാട് രോഗങ്ങള്‍ക്ക് അദ്ധേഹത്തിന്‍റെ ചികിത്സ കൊണ്ട് ഫലമുണ്ടായതും അറിയാം. അതും വലിയ പണച്ചെലവ് ഇല്ലാതെ. രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമീപനം തന്നെ വലിയൊരു ആശ്വാസമാണ്.

എന്നിട്ടും ഈ സ്ത്രീ  ഒരിക്കലും കൈ വേദനക്ക് സ്വന്തം നാട്ടിലുള്ള  വൈദ്യരെ കണ്ടിരുന്നില്ല. ആരൊക്കെയോ പറഞ്ഞു കേട്ട്  ദൂരെദിക്കുകളിലൊക്കെ പോയി പലവിധ ചികിത്സകള്‍ ചെയ്ത് ഒരു പാട് പണം ചെലവാക്കിയിട്ടും.

അമ്പത് കിലോമീറ്റര്‍ ദൂരെ നിന്ന് വന്ന ഞങ്ങള്‍ പറഞ്ഞപ്പോഴാണ് ചുറ്റുവട്ടത്തുള്ള അദ്ധേഹത്തെ കുറിച്ച് അവര്‍ കാര്യമായി ചിന്തിക്കുന്നത് തന്നെ.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പണ്ട് കോപ്പിയെഴുത് മനസ്സില്‍ തിരുത്തി നോക്കി. മുറ്റത്തെ കുറുന്തോട്ടിക്കും............

നാട്ടില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അന്നം പോലെ ഔഷധവും പല നാടുകളിലായി പടച്ചവന്‍ കരുതി  വെച്ചിരിക്കുകയായിരിക്കുമോ എന്ന്  കൌതുകത്തോടെ വെറുതെ ചിന്തിച്ചു..