Monday, November 20, 2017

നിലാച്ചോട്ടിലൊരു ഓർമ്മയുടെ വെള്ളിത്തിര


"എണേ ഓൻ വര്ന്നുണ്ടോന്ന് നോക്ക്.... അഞ്ച് മണിന്റെ വണ്ടിയൊക്കെ പോയിറ്റ് എത്തറ നേരായി... ഇനി എപ്പളാ"
അമ്മമ്മ ഇരിക്കപ്പൊറുതി ഇല്ലാതെ ചോദിച്ചു.

അച്ഛൻ വരുന്നോന്ന്  നോക്കാൻ  മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ  ബാബുവിന്റെ വക കളിയാക്കൽ.
"ഇഞ്ഞെന്താ ഏച്യേ ....പുതിയ പാവാടൊക്കെ ഉടുത്ത്... കല്യാണത്തിന് പോക്ആ"
കയ്യിലുള്ള  നോട്ടീസ് നോക്കി  വായിച്ചു കൊണ്ട് സിനിമാപരസ്യ വണ്ടിയെ അനുകരിച്ച്  ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് അവൻ  മുറ്റത്തിനു ചുറ്റും പിന്നെയും  ഓടാൻ തുടങ്ങി.

"കൊയിലാണ്ടി വിക്ടറിയുടെ വെള്ളിത്തിരയിൽ വിജയകരമായ ഇരുപത്തിയഞ്ചാം ദിവസം... അങ്കക്കുറി... അങ്കക്കുറി..."
"ജയൻ, സുഗുമാരൻ, കെ പി ഉമ്മർ, സീമ, ജയബാരദി,  കുതിരവട്ടം  പപ്പു.... തുടങ്ങി ഇങ്ങളുടെ ഇഷ്ടതാരങ്ങൾ...

വൈന്നേരം സിനിമക്ക് കൊണ്ടോവാം ന്ന് അച്ഛൻ ഏറ്റതാണ്. പണി കഴിഞ്ഞ് നേരത്തെ വരാംന്നും അപ്പളത്തേക്ക് എല്ലാരും റെഡിയായി നിന്നോന്നും രാവിലെ ഉറപ്പ് പറഞ്ഞാണ് പോയത്.

കറുത്ത ഹെയർപിന്ന്,  എണ്ണതേച്ച് അമർത്തിചീകിയ മുടിയിലേക്ക് കുത്തുന്നതിനിടയിൽ അമ്മ അമ്മമ്മയെ സമാധാനിപ്പിച്ചു.
"ആവ്ന്നേ ഉള്ളുഅമ്മേ.... ആറരക്കല്ലേ സില്മ തൊടങ്ങൂ......"

അമ്മമ്മ  ഉച്ച കഴിഞ്ഞപ്പോ തന്നെ ഉടുപ്പൊക്കെ മാറ്റി  നിക്കുകയാണ്.  പണിയൊക്കെ നേരത്തെ തീർത്ത് അമ്മയും ഒരുങ്ങിക്കഴിഞ്ഞു.

 സിനിമക്ക് പോകുന്നതിന്റെ സന്തോഷത്തിൽ രാത്രി ഞാനും ബാബുവും  ഉറങ്ങീട്ടില്ല. കൊല്ലത്തിൽ ഒരിക്കലൊക്കെയാണ് അച്ഛൻ സിനിമക്ക് കൊണ്ട് പോവുന്നത്. ആ യാത്ര തന്നെ വലിയൊരു സന്തോഷമാണ്. വയലും കഴിഞ്ഞ് റെയിലിന്റെ അര്ക്കൂടെ  കുറച്ചു നേരം നടക്കണം കൊയിലാണ്ടിക്ക്. വിക്ടറി  ടാക്കീസിന് മുന്നിലെ വലിയ മൈതാനത്തിനു അപ്പുറം നിരത്തിലൂടെ കാറും ബസ്സുമൊക്കെ എമ്പാടും പോകുന്നുണ്ടാകും. മോന്തി ആയാലും നല്ല വെളിച്ചവും. പിന്നെ സിനിമ എന്ന    അത്ഭുതം.

കൂട്ടുകാരി സുനന്ദ അമ്മവീട്ടിൽ  പോയപ്പോ അവിടെയുള്ള  എല്ലാരും പോയി 'അങ്കക്കുറി' കണ്ടു വന്ന കഥ അവൾ ഒരു നൂറുപ്രാവശ്യം പറഞ്ഞിട്ടുണ്ട്.

ജയന്റെ പേര് കേഷ്യർ രാമേന്ദ്രൻന്നാണെന്നും ജയന്റെ അമ്മേം പെങ്ങളും മരിക്കാൻ കാരണക്കാരനായ സുകുമാരന്റെ അച്ഛനെ കൊന്ന് സീമേനെ തട്ടിക്കൊണ്ടു പോയതാണെന്നും ഇനി സുകുമാരനേം കൊല്ലനാണ് പരിപാടി എന്നും. അച്ഛനെ കൊന്ന് പെങ്ങളെ തട്ടിക്കൊണ്ടുപോയ ജയനെ തേടി കൊല്ലാനായി  സുകുമാരൻ നടക്കുന്നതും, രണ്ടാളും ആളറിയാതെ വല്യ ചങ്ങായിമാരായി ഒന്നിച്ചു താമസിക്കുന്നതും. സുകുമാരൻ സ്നേഹിക്കുന്ന ജയഭാരതി ജയന്റെ നടുവിട്ടുപോയ എളേമ്മേന്റെ മോളാണ് ന്നും.  ഉമ്മറ് ദുഷ്ടനാണ് ന്നും...

അമ്മമ്മക്ക് ജയൻ ന്ന് വെച്ചാൽ ജീവനാണ്.  അതുകൊണ്ടാണ്  അമ്മമ്മ കേൾക്കാൻ സിനിമക്കഥ പറഞ്ഞും നോട്ടീസ് വായിച്ചു കൊടുത്തും പാട്ടിലാക്കിയത്. ബാബൂന്  കുതിരവട്ടം പപ്പൂനെ ആണ് ഇഷ്ടം. സിനിമേല് മൂപ്പരുടെ കൂടെ ഒരു കൊരങ്ങനുംണ്ട്. നല്ല തമാശ ആണ് പോലും. കൊരങ്ങൻ കള്ള് കുടിക്കും. ആൾക്കാരുടെ പൈസ പോക്കറ്റടിക്കും, കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുപ്പൊക്കെ എടുത്തു കാറ് തൊടക്കാൻ കൊണ്ടുക്കൊടുക്കും. പിന്നെ കൊരങ്ങ്  ഒരു പാമ്പിനെ പിടിക്കുന്ന രംഗവും ഉണ്ട് പോലും. പോരാത്തതിന്  ഈ പാട്ടും.
"മരഞ്ചാടി നടന്നൊരു കുരങ്ങൻ
മനുഷന്റെ കുപ്പായമണിഞ്ഞൂ.."

"അച്ചൻ വരുന്ന്ണ്ട്"
ബാബു ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.
"ഇഞ്ഞെന്തൊരാളാടാ... നേരം വൈകീല്ലേ" അമ്മമ്മ പരിഭവപ്പെട്ടു.
"ആയിക്കില്ലമ്മേ...അഞ്ചര കയിഞ്ഞിക്കേള്ളൂ...  ഞാനൊന്നു കുളിച്ചിട്ട് വേഗം വരാ..ങ്ങളൊക്കെ റെഡിയല്ലേ"
അച്ഛൻ തിരക്കിട്ട് കുളിച്ചു വന്നു കുപ്പായവും മുണ്ടും മാറ്റി.
"ഇങ്ങക്ക് ചായ എങ്ങാൻ മാണോ"
അമ്മ ചോദിച്ചു.
"മാണ്ട... മ്മക്ക് കീയ്യാ...ഇനി നേരം വൈകണ്ട... "
ഇറയത്ത് നിന്ന്  ചൂട്ടുംകറ്റ എടുത്ത് അച്ഛനിറങ്ങി. വീട് പൂട്ടി അമ്മയും.

വയൽ വരമ്പിലൂടെ  അച്ഛൻ മുന്നിലും തൊട്ടു പിന്നിൽ അമ്മമ്മയും അതിന്റെ പിന്നിൽ അമ്മയും പിറകിലായി ഞാനും ബാബുവും.. ഉത്സവത്തിനു പോകുന്നത് ഓർമ്മ വന്നു.

"അമ്മേ ഇങ്ങള് സിനിമ കണ്ടിറ്റ് കരയർദെ" ഒരു ബീഡി കത്തിച്ചു കൊണ്ട്
അച്ഛൻ അമ്മമ്മേനെ കളിയാക്കി. കഴിഞ്ഞ പ്രാവശ്യം സിനിമ കാണുമ്പോ അമ്മമ്മ എന്തൊരു  കരച്ചിലായ്‌നുന്നോ.
"ഇഞ്ഞ് വേം നടന്നൂടെടാ... മോന്തി ആകാനായി" അമ്മമ്മ അത് ശ്രദ്ധിക്കാതെ പറഞ്ഞു.

വയല് കടന്ന് തീവണ്ടിപ്പാളത്തിനോട് ചേർന്നുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ രാമോട്ടിയച്ചന്റെ ചായപ്പീടികയിൽ ഇരുന്ന് മീൻകാരൻ മമ്മദ്മാപ്പിള വിളിച്ചു.
"വാ....എല്ലാര്ക്കും ഓരോ ലൊട്ടേം ചായേം കുടിച്ചിറ്റ് പോകാ"
"ഇല്ല പോട്ടെ" അച്ഛൻ നടന്നു.
"അങ്കക്കുറി കാണാൻ പോക്ആയിരിക്കും ല്ലേ ..."
ബീഡി തെരക്കുന്ന കോയിന്നേട്ടൻ ചിരിച്ചു.

കരിമ്പുകതുപ്പി 'ഠഡൻ ടഡൻ' എന്ന കനത്ത  ഒച്ചയിൽ ഇരമ്പിക്കുതിച്ച് കൂക്കിവിളിച്ചുകൊണ്ടൊരു  തീവണ്ടി കടന്നു പോയപ്പോൾ  നിലമൊക്കെ വിറക്കുന്ന പോലെ തോന്നി. എപ്പളെങ്കിലും ആണ് തീവണ്ടിയിങ്ങനെ അടുത്ത് നിന്ന് കാണുക.

തീവണ്ടിയാപ്പീസ് കടന്നപ്പോൾ തന്നെ ടാക്കീസിൽ നിന്നുള്ള പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
'കാലം വല്ലാത്ത കാലം..ഇത് ലോകം വല്ലാത്ത ലോകം'

വർണ്ണക്കടലാസുകൾ കൊണ്ടുള്ള തോരണം കൊണ്ട് മൂടിയിരുന്നു വിക്ടറി ടാക്കീസിന്റെ വളപ്പ്. പോസ്റ്ററുകൾക്ക് പുറമെ ടാക്കീസിന്റെ മുറ്റത്തായി വലിയ കട്ടൗട്ടുകളിൽ ജയനും സുകുമാരനും സീമയും ജയഭാരതിയും ചിരിച്ചു. കുരങ്ങനെ തോളിൽ വെച്ച പപ്പു വിനെ ബാബു തൊട്ടു നോക്കി.

ടാക്കീസിന് മുന്നിലെ വണ്ടിപ്പീടികകളിൽ നിന്ന്  ചീനച്ചട്ടിയിൽ ചട്ടുകം കൊണ്ട് തട്ടുന്ന ഒച്ചയും കടല വറുക്കുന്ന മണവും പൊങ്ങി.

അകത്തേക്ക് കയറുമ്പോൾ ടിക്കറ്റ് മുറിക്കുന്നയാൾ ബാബുവിനെ ഒന്ന് തറപ്പിച്ചു നോക്കി.
"ഓൻ ന്റെ മടീൽ ഇരുന്നോളും... "
അച്ഛൻ പറഞ്ഞു.
മുളമ്പായകളിൽ കരിഓയിൽ അടിച്ചതിന്റെ മണമായിരുന്നു ടാക്കീസിനുള്ളിൽ.
അമ്മമ്മയുടെ  അടുത്ത് ഞാൻ പിന്നെ അമ്മ അപ്പറം അച്ഛൻ, അച്ഛന്റെ മടിയിൽ ബാബു.
മുന്നിൽ വലിച്ചു കെട്ടിയ വെളുത്ത തുണിയുടെ വശങ്ങളിൽ താഴെയായി ചുവന്ന രണ്ടു തൊട്ടികളിൽ FIRE എന്നും 'തീ'  എന്നും എഴുതിയിരുന്നു.

"അതില്ല് തീയുണ്ടാവോ അച്ചാ"
 ബാബു ചോദിച്ചു.
E.X.I.T  വാതിലിനു നേരെ മുകളിൽ കത്തി നിൽക്കുന്ന ചുവന്ന അക്ഷരങ്ങൾ പലവട്ടം വായിച്ചു.
"എത്തറ പങ്കയാ... അല്ലെ ഏച്യേ"
കസേരകളിൽ ആളുകൾ നിറഞ്ഞു വന്നു.
"സില്മ ഇപ്പൊ തൊടാങ്വോച്ചാ"
എത്രേം വേഗം ഒന്ന് സിനിമ തൊടങ്ങി കിട്ടിയിരുന്നെങ്കിൽ. എത്ര ദിവസായി സുനന്ദ പറഞ്ഞു പറഞ്ഞിങ്ങനെ മോഹിപ്പിക്കുന്നു. അതൊക്കെ ഇപ്പൊ നേരിൽ കാണാലോ.

ബെല്ലടിച്ചു.  വിളക്കുകൾ ഒക്കെ കെട്ടു.
സിനിമ തൊടങ്ങി. ഒരു ഗോപുരം പോലെ എകരത്തിൽ മണി അടിക്കുന്നു. മതിൽക്കെട്ടിന്റെ അരുക്കൂടെ മുന്നോട്ട് പോകുന്ന ജീപ്പ്. ഇത് ജയിലാണ്. ഇപ്പൊ ജയനെ കാണിക്കും. ഈശ്വരാ..

എല്ലാരും ശ്വാസമടക്കിപ്പിടിച്ചു സിനിമയിലാണ്. ഇരുട്ടുമുറിയിൽ വെളിച്ചം വീണപ്പോൾ  ജയിൽപ്പുള്ളിയായി ജലകത്തിനടുത്ത് ജയനെ കണ്ടതും ആരൊക്കെയോ കയ്യടിക്കുന്നു. ജയിലിലേക്ക് വന്ന കഴുകൻ മത്തായി ജയന്റെ കുപ്പായം കീറിയതും ജയൻ അടിതുടങ്ങി.
ടാക്കീസ് ഇളകിമറിയുന്ന കൈയ്യടിയും വിസിൽവിളിയും. മത്തായിയെ അടിച്ചൊതുക്കി ഒരു മൂലയിൽ ആക്കുംവരെ കയ്യടി തന്നെ ആയിരുന്നു.

പെങ്ങളുടെ കല്യാണദിവസം കള്ളൻ എന്ന് പറഞ്ഞു ജയനെ പോലീസ് പിടിക്കാൻ വന്നപ്പോ അമ്മമ്മയുടെ  കണ്ണ് നിറഞ്ഞിരുന്നു. ജയിലിന്നും ഇറങ്ങി വന്ന് അമ്മാവനെ കണ്ടപ്പോൾ അമ്മയും  പെങ്ങളും മരിച്ച വിവരം പറയുന്നത് കേട്ട്   അമ്മമ്മ  തേങ്ങി. "ഊയീ..".

സുനന്ദ പറഞ്ഞപോലെ പിന്നെ ഓരോ രംഗങ്ങളും.  തമ്മിലറിയാതെ കൊല്ലാൻ നടക്കുന്ന ജയനും സുകുമാരനും പെട്ടിപ്പീടികയിൽ വെച്ച്  കണ്ടപ്പൊ ഇപ്പം തിരിച്ചറിയും ന്ന് പേടിച്ചവരൊക്കെ രണ്ടാളും രണ്ടു വഴിക്ക് പോയപ്പോ ശ്വാസം വിട്ടു. പിന്നെ രണ്ടാളും ചങ്ങായിമാരായപ്പൊ മുതല്  ഉള്ളിൽ രണ്ടാളും തിരിച്ചറിയുന്നത് ആലോചിച്ച്‌   പിരിമുറുക്കത്തോടെ ഇരുന്നു.

ഉമ്മറും മൂന്നാലു പെണ്ണുങ്ങളും ഇരിക്കുന്നത് കണ്ടപ്പോ അമ്മമ്മ പറഞ്ഞു. "മതിയെണേ അതൊന്നും നോക്കണ്ട"
'കാലം വല്ലാത്ത കാലം' ന്നുള്ള പാട്ട് പാടി സീമ ഡാൻസ്  തുടങ്ങിയപ്പോ ആയിരുന്നു പിന്നേം വിസിലടിയും ഊയ്യാരവും.
പപ്പുവിനെ കണ്ടപ്പോൾ തന്നെ എല്ലാരും ചിരിച്ചു മറിഞ്ഞു.

'ഇടവേള'ക്ക് പിന്നെയും വിളക്ക് തെളിഞ്ഞു.
'കർള.....കർളേയ്.. കർള.....കർളേയ്..'
 കടല വിൽക്കുന്ന കുട്ടികളുടെ  ഒച്ചയോടൊപ്പം പാട്ടു പുസ്തകം വിളിക്കുന്നവരും
"പാട്ടൂസ്തകം... പാട്ടൂസ്തകം... മരഞ്ചാടി നടന്നൊരു കുരങ്ങൻ.."
'അങ്കക്കുറി'യിലെ പാട്ടുകളും സിനിമയുടെ പകുതി കഥയും പിന്നെ മിനുപ്പുള്ള ചിത്രങ്ങളും ഉള്ള  പാട്ടുപുസ്തകം മോഹിപ്പിക്കുന്നു.
"മോക്ക് വേണോ"
അച്ഛന്റെ ചിരി. നീലചട്ടയുള്ള പാട്ടുപുസ്തകം അച്ഛൻ വാങ്ങി കൈയിൽ വെച്ചു തന്നു.
"അച്ചാ ഇനിക്കോ"
ബാബുവിന്റെ പരിഭവം. അച്ഛൻ രണ്ടാളെയും കൂട്ടി പുറത്തേക്ക് നടന്നു.
ടാക്കീസിന് മുന്നിലെ വണ്ടിപ്പീടികകളിൽ നല്ല തിരക്ക്. രണ്ടാൾക്കും സർബ്ബത് ഒഴിച്ച ഐസൊരച്ചത്.
 "എന്തൊരു തണ്പ്പാച്ചാ.... ന്തൊരു മത് രാ"
ഐസൊരച്ചതിന്റെ രസത്തിൽ അച്ഛനെ നോക്കി ചിരിച്ചു.
ബീഡി വലിച്ചു കൊണ്ട് അച്ഛൻ അലിവോടെയിങ്ങനെ...

ബെല്ലടിച്ചപ്പോൾ ടാക്കീസിലേക്ക് കേറി.
ജയഭാരതിയെ ദുഷ്ടന്മാര് പിടിക്കാൻ പോയപ്പോ എത്ര ആളെയാ ജയൻ ഒറ്റക്ക് അടിച്ചു പായിച്ചത്.  ജയന്റെ പെങ്ങള് തന്നെ ആണെന്നറിഞ്ഞപ്പോൾ ഒന്നൂടെ സന്തോഷം തോന്നി. എന്തൊരു സ്നേഹാണ് അങ്ങളയും പെങ്ങളും. ജയന്റെ കുടി നിർത്തിയത് പോലും പെങ്ങൾ. പാവം .

സുകുമാരൻ ജയഭാരതിയോട് ഉമ്മ ചോദിക്കുമ്പോ എന്തോ നാണം വന്നു തലതിരിച്ച് അമ്മയെ നോക്കി. അന്നേരം കസേരക്കയ്യിൽ  അമ്മയുടെ കൈ അച്ഛന്റെ കൈയിൽ അമർന്നിരുന്നു.

സിനിമ കഴിഞ്ഞിറങ്ങുമ്പോഴും അമ്മമ്മയുടെ കണ്ണീര് നിന്നിട്ടുണ്ടായിരുന്നില്ല. അമ്മയുടെ മുഖവും വാടിയിരുന്നു. എനിക്കും ഉണ്ടായിരുന്നു സങ്കടം. ജയൻ ജയിലിലേക്ക് പോകുമ്പോ കരയുന്ന സീമയുടെ മുഖമായിരുന്നു ഉള്ളിൽ. നെറ്റിയിലെ ചോരകൊണ്ട് സീമക്ക് സിന്ദൂരം ചാർത്തിയ ജയനും. എന്തൊരു സ്നേഹംള്ള മനുഷ്യനാണ്. ഒന്നും പുറത്തു കാണിക്കാതെ...

ചൂട്ട് കത്തിച്ചു വീശി   അച്ഛൻ  മുന്നിൽ നടന്നു. ഇരുട്ടിൽ  വഴിയിലുള്ള വീടുകളിൽ ഒക്കെ ഉറങ്ങിയിരുന്നു
"എടാ... ഒരാളെ കൊന്നാൽ ഒരുപാട് കൊല്ലം ജെയില്ല്ക്കെടക്കണോ"
അമ്മമ്മയുടെ ചോദ്യത്തിന്  അച്ഛൻ ചിരിച്ചു.
"അമ്മക്കെന്തിന്റെ കേടാ... ഇത് സില്മ അല്ലെ അമ്മേ..."
"ഈശ്വരാ.....ഇങ്ങനൊന്നും ആര്ക്കും വരാണ്ട് നിക്കട്ടെ". അച്ഛന്റെ പിന്നിൽ നടന്നുകൊണ്ട് അമ്മമ്മ പ്രാർത്ഥിച്ചു.
"ഏച്യേ... മ്മക്കൊരു കൊരങ്ങനെ പോറ്റണേ....എന്ത് രസായ്‌ക്കും"
ബാബു സ്വകാര്യം പറഞ്ഞു.

 ഞങ്ങളുടെ ഉള്ളിലപ്പോഴും സിനിമാടാക്കീസും സിനിമയിലെ കാഴ്ചകളും തന്നെയായിരുന്നു.

ആകാശത്ത് പപ്പടവട്ടത്തിൽ അമ്പിളി ചിരിച്ചു നിന്നു. കൊയ്ത്തുകഴിഞ്ഞ   വയലിൽ പരന്നൊഴുകിയ നിലാവെളിച്ചത്തിൽ,  മണ്ണട്ടകൾ കരയുന്ന  വരമ്പത്തൂടെ   ഞങ്ങൾ നടന്നു. ദൂരെ വയൽക്കരയിൽ ഒരു കുഞ്ഞോലപ്പുര ഇരുട്ടിൽ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു.

നിലാവ് വിരിച്ച  ആകാശക്കുടയുടെ ചോട്ടിൽ ഓലച്ചൂട്ട് ആഞ്ഞുവീശി വയൽ വരമ്പിലൂടെ ഒരു കുടുംബം മുന്നോട്ട് നീങ്ങി. ഏതോ സിനിമയുടെ സന്തോഷം നിറഞ്ഞ അവസാന ദൃശ്യം പോലെ.....

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ