Tuesday, November 21, 2017

മണ്ണിന്റെ മക്കളുടെ ചരിത്രവും വർത്തമാനവും

അകാലത്തിൽ അന്തരിച്ച ഡോ.  പ്രദീപൻ പാമ്പിരികുന്ന്
എന്ന അസാധ്യ പ്രതിഭ മലയാളത്തിന് സമ്മാനിച്ച മികച്ചൊരു   പഠന ഗ്രന്ഥമാണ്. 'ദലിത് പഠനം- സ്വത്വം സംസ്കാരം സാഹിത്യം'.  ദലിത് ജീവിതത്തിന്റെ ചരിത്രത്തെ സൈദ്ധാന്തികമായി അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യകൃതിയായ ഇപ്പുസ്തകം, ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മരണശേഷം ആണ് പ്രസിദ്ധീകൃതമായത്.

കീഴാളരെ സൂചിപ്പിക്കാനുള്ള ഒരു പദം എന്നതിനപ്പുറം 'ദലിത്' സ്വത്വത്തെ കുറിച്ച്, കടന്നു വന്ന വഴികളെ കുറിച്ച്,  ദലിത്  സാഹിത്യത്തെ കുറിച്ച്  ബഹുഭൂരിപക്ഷം മലയാളികൾക്കും ഏറെ ധാരണയൊന്നും ഇല്ല. ഉപരിപ്ലവമായോ വൈകാരികമായോ പക്ഷം പിടിച്ചോ  എഴുതപ്പെടുന്ന പല ലേഖനങ്ങളും ഇതേ കുറിച്ച് ഗൗരവമായി വായിക്കാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് താനും.

ഇവിടെയാണ് പ്രദീപൻ പാമ്പിരികുന്ന് വ്യത്യസ്തനാവുന്നത്. വളരെ സൂക്ഷ്മമായ നിരീക്ഷണ ബോധത്തോടെയും കൃത്യമായ വിശകലനത്തോടെയും ഒട്ടും തുളുമ്പാതെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 128 പേജുള്ള പഠനത്തിന് വേണ്ടി ഉപയോഗിച്ച റഫറൻസ് ഗ്രന്ഥങ്ങളുടെ ഗ്രന്ഥസൂചി മാത്രം മുപ്പതോളം പേജുണ്ടെങ്കിൽ ഇതിന്റെ പിന്നിലുള്ള കഠിനാധ്വാനവും സൂക്ഷ്മതയും എത്രത്തോളം എന്നൂഹിക്കാം.

1 ദലിത് ചരിത്രം 2 കേരളം: ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും ദലിത് അവബോധ വികാസവും3 ദലിത് സ്വത്വം, ജ്ഞാനം, സാഹിത്യം 4  ദലിത് സാഹിത്യം ആധുനികതയും ഉത്തരാധുനികതയും. എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചാണ് ഈ പഠനം.

കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച 160 പേജുള്ള ഈ പുസ്തകത്തിന് 80 രൂപ മാത്രമേ വിലയുള്ളൂ എന്നത് വായനക്കാരന് ആശ്വാസമാണ്. (സ്വകാര്യ പ്രസാധകരിൽ നിന്നായിരുന്നെങ്കിൽ ചുരുങ്ങിയത് 150 രൂപ വിലയിട്ടേനെ). മലയാളിയുടെ വിജ്ഞാന ശേഖരത്തിനും ചിന്തകൾക്കും മികച്ചൊരു മുതൽക്കൂട്ടാണ് ഈ പുസ്തകം എന്ന് ഉറപ്പ്.
____________________
ദലിത് പഠനം- സ്വത്വം സംസ്കാരം സാഹിത്യം
ഡോ.  പ്രദീപൻ പാമ്പിരികുന്ന്
പ്രസാ: കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്
₹ 80

1 comment:

  1. കീഴാളരെ സൂചിപ്പിക്കാനുള്ള ഒരു പദം എന്നതിനപ്പുറം 'ദലിത്' സ്വത്വത്തെ കുറിച്ച്, കടന്നു വന്ന വഴികളെ കുറിച്ച്, ദലിത് സാഹിത്യത്തെ കുറിച്ച് ബഹുഭൂരിപക്ഷം മലയാളികൾക്കും ഏറെ ധാരണയൊന്നും ഇല്ല. ഉപരിപ്ലവമായോ വൈകാരികമായോ പക്ഷം പിടിച്ചോ എഴുതപ്പെടുന്ന പല ലേഖനങ്ങളും ഇതേ കുറിച്ച് ഗൗരവമായി വായിക്കാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് താനും.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ