Monday, November 20, 2017

മുസ്ലിം പെണ്ണെഴുത്തിന്റെ വർത്തമാനം


കഴിഞ്ഞയാഴ്ച തിരൂരിൽ വെച്ച് നടന്ന 'മാധ്യമം ലിറ്റററി ഫെസ്റ്റിവലി'ലെ മികച്ച ഒരു സെഷൻ ആയിരുന്നു 'പെൺ പോരാട്ടങ്ങൾ'. കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരുമായ വനിതകൾ പങ്കെടുത്ത ആ ചർച്ചയിൽ  ഉമ്മുൽ ഫായിസ അവതരിപ്പിച്ച വിഷയം ഏറെ ശ്രദ്ധേയമായിരുന്നു. മുസ്ലിം സ്ത്രീകളുടെ ഗൗരവത്തിലുള്ള ഇടപെടലുകളും ചിന്തകളും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പ്രാധാന്യപൂർവ്വം കാണുന്നില്ല എന്നതിനെ കുറിച്ച് അവർ ഉദാഹരണ സഹിതം വിവരിച്ചപ്പോൾ അതിൽ ഒട്ടും അതിശയം തോന്നിയില്ല.

 മുൻകാലങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ കൂടുതലായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ആ ഇടങ്ങളിൽ ഒന്നും മുസ്ലിം വനിതകളുടെ  എഴുത്തോ ചിന്തകളോ കാണാറില്ല എന്നത് നമ്മുടെ ആനുകാലികങ്ങൾ സ്ഥിരമായി വായിക്കുന്ന ആർക്കും മനസ്സിലാവുന്ന കാര്യമാണ്. ജനുവരി ലക്കം 'പച്ചക്കുതിര' മാസികയിൽ ഉമ്മുൽ ഫായിസ തന്നെ എഴുതിയ ലേഖനം പോലെ ചിലതേ ഇതിന്  അപവാദമായി ഉണ്ടാകൂ.

എന്നാൽ വലിയ ചിന്തയും കഴമ്പും  ഒന്നുമില്ലെങ്കിലും 'തസ്ലീമാ നസ്രീന് പഠിക്കുന്ന' ചില എഴുത്തുകാരികളെ പേര് മുസ്ലിമിന്റേത് ആയതുകൊണ്ട് മാത്രം പൊക്കിക്കൊണ്ടു നടക്കുന്നത് കണ്ടു ഖേദം തോന്നിയിട്ടും ഉണ്ട്. താൻ ജനിച്ചു വളർന്ന മതം പഴഞ്ചനാണ് എന്ന് പറയുകയും കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന 'പുരോഗമന' ചിന്താഗതിക്കാരായ മുസ്ലിം വനിതകൾ ആണ് പലർക്കും  പഥ്യം. മുസ്ലിം സ്ത്രീകളും ആയി ബന്ധപ്പെട്ട പൊതു ചർച്ചകളിലും നമ്മുടെ മാധ്യമങ്ങൾ മുന്നിൽ നിർത്തുക ഇങ്ങനെയുള്ള എഴുത്തുകാരികളെ ആണ്. അതുകൊണ്ടു തന്നെ ഉമ്മുൽ ഫായിസയുടെ ഉത്കണ്ഠ ഏറെ ശരിയാണ് എന്നതിൽ സംശയം ഇല്ല.

എന്നാൽ ഈ വിഷയത്തിൽ അതിലേറെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കാനുള്ളത് മുസ്ലിം സമുദായത്തിനോട് തന്നെയാണ്. നിലവിൽ മലയാളത്തിൽ തന്നെ  മുസ്ലിം സമുദായത്തിന്റേതായി ആറോളം ദിനപത്രങ്ങളും, മാസികകളും വാരികകളും ആയി  കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളും ഉണ്ട്. ഇതിൽ ഏറെയും ഗൗരവപരമായ ചർച്ചകളും ചിന്തകളും കൊണ്ട് സമ്പന്നമാണ് താനും.  എന്നാൽ ഇക്കൂട്ടത്തിലെ വനിതാ മാസികകൾ എന്ന   കാമ്പില്ലാത്ത  പ്രസിദ്ധീകരണങ്ങളിൽ അല്ലാതെ നേരത്തെ പറഞ്ഞപോലെ മുസ്ലിം സ്ത്രീകളുടെ ഗൗരവത്തിലുള്ള ഇടപെടലുകളും ചിന്തകളും ഉള്ള എഴുത്തുകൾക്ക് ഇക്കണ്ട മുസ്ലിം പ്രസിദ്ധീകരണങ്ങളിൽ കാര്യമായ പരിഗണന ലഭിക്കാറുണ്ടോ? ഇവയുടെയൊക്കെ എഡിറ്റോറിയൽ ടീമിൽ വനിതാ പ്രാതിനിധ്യം പേരിനെങ്കിലും  ഉണ്ടോ? ഞാൻ മനസ്സിലാക്കിയെടുത്തോളം ഇവിടത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ മുസ്ലിം പേരുള്ള  വനിതകളായ എഴുത്തുകാർക്ക് നൽകുന്ന പ്രോത്സാഹനം  പോലും സാമുദായിക പ്രസിദ്ധീകരണങ്ങൾ നൽകുന്നില്ല എന്നാണ്.  ഇക്കാര്യത്തിൽ യാഥാസ്ഥിതികരും പുരോഗമന വാദികളും ഒക്കെ ഒരേ നിലപാട് തന്നെയാണ്.

1929 ൽ 'നിസാഉൽ ഇസ്‌ലാം' എന്ന പേരിൽ അറബി മലയാളത്തിൽ വനിതാ മാസിക പ്രസിദ്ധീകരിക്കപ്പെട്ട നാടാണ് ഇത്. എന്ന് വെച്ചാൽ ആ കാലത്തും വായനാ ശീലമുള്ള വനിതകൾ എമ്പാടും ഉണ്ടായിരുന്നു എന്നർത്ഥം. എന്തിന് 1938 ല്‍ 'മുസ്ലിം വനിത' എന്ന പേരില്‍ ഹലീമാ ബീവി എന്ന സ്ത്രീ  മലയാളത്തില്‍ ഒരു  വനിതാ മാസിക ഇറക്കുക പോലും ചെയ്തിട്ടുണ്ട്. ആ കാലത്തിൽ നിന്നൊക്കെ ഏറെ മാറി
 വിദ്യാഭ്യാസ രംഗത്തും എഴുത്തിലും വായനയിലും ഒക്കെ മതപരമായ അസ്തിത്വം നിലനിർത്തി കൊണ്ട് തന്നെ കേരളത്തിലെ മുസ്ലിം വനിതകൾ ഏറെ മുന്നേറുകയും, ജേർണലിസം കോഴ്‌സുകളിൽ അടക്കം മുസ്ലിം പെൺകുട്ടികൾ ധാരാളമായി താല്പര്യപൂർവ്വം ചേർന്ന് പഠിക്കുകയും ചെയ്യുമ്പോഴും സമുദായത്തിന്റെ  പ്രസിദ്ധീകരണ രംഗത്ത് തന്നെ  മുസ്ലിം പെൺകുട്ടികളുടെ എഴുത്തുകൾക്കും ചിന്തകൾക്കും ഇപ്പോഴും ഒട്ടും  പരിഗണന ഇല്ല  എന്നത് ഒരു വസ്തുത മാത്രമാണ്.

മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലമായെങ്കിലും മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഏറെ ഇടം നൽകുന്നുണ്ട്. ഭാവിയിൽ ഇത്തരം ചർച്ചകളിൽ ഹിജാബ് ധരിച്ച വനിതകളുടെ എഴുത്തുകൾക്കും ചിന്തകൾക്കും പേജുകൾ ലഭിക്കാതിരിക്കില്ല  (ചിലപ്പോൾ അത് മാർക്കറ്റ് നോക്കിയാകാം). എന്നാലും സമുദായത്തിനകത്തെ എഴുത്തിടങ്ങളിൽ മുസ്ലിം വനിതകളുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും കൂടുതൽ പരിഗണന ലഭിക്കാനുള്ള സാധ്യത അത്രപോലും കാണുന്നില്ല.

ചുളിഞ്ഞു പോകുന്ന നരച്ച പുരികങ്ങൾക്ക് ചോട്ടിലെ കട്ടിക്കണ്ണടയിലൂടെയുള്ള അരിച്ചു പെറുക്കൽ ഇല്ലാതെ തന്നെ തങ്ങളുടെ ചിന്തകളും ആശയങ്ങളും കാഴ്ചപ്പാടുകളും അനുഭവങ്ങളും ഉത്കണ്ഠകളും ചർച്ചചെയ്യാൻ മുസ്ലിം വനിതകളുടേതായ ഒരു ജേർണലിന് വർത്തമാന ഇന്ത്യയിൽ ഏറെ സാധ്യതയുണ്ട്. ഏതെങ്കിലും പത്രാധിപന്മാരുടെ ഔദാര്യം കാത്തു നിൽക്കേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നു.

കേരളത്തിൽ മാത്രമല്ല പുറത്തും വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ഗവേഷകമാർ ആക്ടിവിസ്റ്റുകൾ ഇവർക്കൊക്കെ തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരിടം. മത സംഘടനകളാലോ മത വിരുദ്ധരാലോ ഹൈജാക്ക് ചെയ്യപ്പെടാതെ മുസ്ലിം വനിതകളുടെ  നേതൃത്വത്തിൽ അങ്ങനെ ഒരു പ്രസിദ്ധീകരണം അച്ചടിയിലും ഓൺലൈനിലും ആയി  ഇംഗ്ലീഷിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയാണ് വേണ്ടത്.

ഏതെങ്കിലും സംഘടനാ പരിപാടികളിൽ മൈക്കിന് മുന്നിൽ നിന്ന് വായുവിൽ അലിഞ്ഞു പോകുന്ന പ്രസംഗങ്ങളോ, ഒരിക്കലും പുറം ലോകം അറിയാതെ അടച്ചിട്ട ഹാളിൽ വായിക്കപ്പെടുന്ന  പ്രബന്ധങ്ങളോ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചകളോ ആയി മാത്രം ഒതുങ്ങിപ്പോകണ്ടതല്ല വർത്തമാന കാല മുസ്ലിം വനിതകളുടെ ചിന്തകൾ.

വിദ്യാഭ്യാസവും അറിവും ചിന്താശേഷിയും ഉള്ള മുസ്ലിം വനിതകളുടെ ഒരു പുതുതലമുറ ഇവിടെ ഉണ്ടായിട്ടും സമൂഹത്തിനോടും കാലത്തോടും സംവദിക്കാനുള്ള അക്ഷരങ്ങളുടെയും അച്ചടിയുടെയും വഴിയെ കുറിച്ച് ഗൗരവപൂർവ്വം ആലോചിക്കാതിരിക്കുന്നത് അക്ഷന്ത്യവ്യമായ അപരാധം തന്നെയാണ് എന്ന് മാത്രം പറയട്ടെ.
Fb പോസ്റ്റ് 2017 march 12

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ