Monday, November 20, 2017

വെടികൊള്ളാൻ വിധിക്കപ്പെട്ട കാക്കകളുടെ വർത്തമാനം


'ലോകത്തെ എല്ലാ കാക്കമാരുടെയും അവസ്ഥ ഇതുതന്നെയാണ്, പറഞ്ഞാൽ കേൾക്കില്ല. വെടി കൊള്ളാനാണ് യോഗം!'

ഒരു തമാശക്കഥ പോലെ രസകരമായ വായന  നടുക്കമായി മാറുന്നത് ഈ  വരികളിലൂടെ കടന്നു പോകുമ്പോഴാണ്. കഥ പറിച്ചിലിന്റെ മർമ്മമറിയുന്ന എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് 'ബഹ്റൈനിലെ കാക്കകൾ' എന്ന കഥയിലൂടെ പറയുന്നത് വർത്തമാന കാലത്തെ അസ്വസ്ഥത ഉയർത്തുന്ന ചില വിഷയങ്ങളെ കുറിച്ച് തന്നെയാണ്. അന്നം തേടി പ്രവാസിയാവേണ്ടി വന്നവനായാലും അഭയാർത്ഥിയായി അന്യദേശത്തേക്ക് പാലായനം ചെയ്യേണ്ടി വന്നവനായാലും ഏതു നിമിഷവും കാഞ്ചി വലിക്കപ്പെടാവുന്ന  അധികാരത്തിന്റെ  തോക്ക് അവന്റെ പിറകിലുണ്ട്. വർത്തമാന കാലത്ത്‌ അങ്ങനെ വെടി കൊണ്ട് ചാകാൻ വിധിക്കപ്പെടുന്നത് 'കാക്ക'  തന്നെയാണല്ലോ ഏറെയും. കടൽ കടന്ന് പോന്ന കപ്പൽ തുറന്നു കിടക്കുന്നുണ്ടെന്നും അതിൽ കയറിയാൽ തിരിച്ചു നാട്ടിലെത്താമെന്നും പറഞ്ഞു കൊടുത്താൽ മനസ്സിലാക്കാനാവാത്ത 'കാക്കകൾ'  കൊടും തണുപ്പിൽ കടപ്പുറത്തെ മരക്കുറ്റിമേൽ വിറച്ചു കൊണ്ട് 'സുജൂദി'ൽ എന്ന പോലെ കൂനികൂടി  ഇരിക്കുകയാണ്. ഏതു നിമിഷവും വെടി കൊണ്ട് വീഴാൻ.

ബഹ്‌റിനിലെ കേരളീയ സമാജത്തിൽ പ്രസംഗിക്കാൻ ചെന്ന സാഹിത്യകാരൻ വൈകുന്നേരം നാട് ചുറ്റിക്കാണാനായി കൂട്ടുകാരോടൊപ്പം ചെന്നപ്പോഴാണ് കടൽ തീരത്തു വരിവരിയായുള്ള കുറ്റികളിൽ തണുത്തു വിറച്ചിരിക്കുന്ന കാക്കകളെ കാണുന്നത്. കൊച്ചിയിൽ നിന്നും അരി കയറ്റി പോരുന്ന കപ്പലിൽ ഇര തേടി വന്ന, എത്ര ആട്ടിയിട്ടും പോവാഞ്ഞ കാക്കകൾ  കപ്പലിൽ കുടുങ്ങി  മരുഭൂമിയിൽ എത്തിപ്പെടാൻ കാരണം കടുത്ത വിശപ്പ്  തന്നെ. ചേക്കേറാൻ ഒരു മരം പോലും ഇല്ലാത്ത മരുഭൂമിയിൽ ഒരിക്കലും പൊരുത്തപ്പെട്ടു പോവാനാവാത്ത കൊടും ചൂടിനെയും കടും തണുപ്പിനേയും അതിജീവിച്ചു  കഴിയേണ്ടി വരുന്നതും ഗതികേട് കൊണ്ട് തന്നെ. കാക്കകൾ കാരണം ദേശീയ പക്ഷിയായ 'ബുൾബുൾ' ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് കാക്കകളെ വെടിവെച്ചു കൊല്ലാൻ സർക്കാർ ഉത്തരവിടുന്നു. കൊടും തണുപ്പിൽ ഏതു നിമിഷവും വെടിവെച്ചു കൊല്ലപ്പെടാവുന്ന നിസ്സഹായാവസ്ഥയിൽ  കാക്കകൾ....

സ്വദേശിവത്കരണം  മൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾ മാത്രമല്ല ഈ കാക്കകൾ. അഭയാർത്ഥികൾ ആയി പല നാടുകളിലേക്ക് കുടിയേറേണ്ടി വരുന്ന എത്രയോ മനുഷ്യരും അനുഭവിക്കേണ്ടി വരുന്നത് ഇതേ ഭീഷണിയാണ്. ചോദിക്കാനും പറയാനും ആരുമില്ലാതെ പോയ ഗതികെട്ട കാക്കകൾ.

സഖാവ് കൂടിയായ ബാർബർ  അലീക്കയിലൂടെ പറയിക്കുന്ന ചില നേരുകൾ/ ചോദ്യങ്ങൾ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത ഏതൊരാളുടെയും ചോദ്യമാണ്.

ബഹ്‌റൈനിൽ പോയി വരിക എന്നത് പരപ്പനങ്ങാടിയിൽ പോയി വരുന്ന അത്രയും എളുപ്പമായി  പുരോഗമിച്ച ഇക്കാലത്തും  'ഇസ്‌ലാമിന്റെ കാര്യം തന്നെ. ഒക്കെ താടിമ്മലാ' എന്നതിൽ വർത്തമാന മുസ്ലിംകളുടെ ചിഹ്നങ്ങളിലും രൂപത്തിലും മാത്രം ഒതുങ്ങുന്ന മതബോധത്തെ തുറന്നു കാണിക്കുന്നുണ്ട്.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും, സി എച്ചും , സീതി സാഹിബും ബഷീറും  ബാബുരാജും  പ്രേംനസീറും ഒക്കെ താടി ഇല്ലാഞ്ഞിട്ടും മത മൂല്യങ്ങളുടെ അടിത്തറയായ മാനവിക ബോധത്തിലും മനുഷ്യ സ്നേഹത്തിലും   എത്രയേറെ മുന്നിലായിരുന്നു എന്നും അലീക്ക ഓർക്കുന്നുണ്ട്.

അമേരിക്കയിലേക്ക് പോകുന്ന അവ്വോക്കാർ എന്ന ചെറുപ്പക്കാരനോട്  താടി ഒന്ന് വെട്ടി സൈസാക്കിയെങ്കിലും പൊയ്ക്കോ അല്ലെങ്കിൽ ബുദ്ധിമുട്ടാകും എന്ന് സ്നേഹബുദ്ധ്യാ ഉപദേശിക്കുന്ന അലീക്കയോട്  "ഷാരൂഖാന്‌  താടീണ്ടായിറ്റാണോ പിടിച്ചു വെച്ചത്? മ്മടെ  പ്രസിഡണ്ട് കലാമിനുണ്ടായിനോ" എന്ന ചെറുപ്പക്കാരന്റെ മറുചോദ്യത്തിന്‌ നമുക്ക് പോലും ഉത്തരമില്ലാതായി പോകുന്നുമുണ്ട്.

 എല്ലാ രേഖകളും ഉണ്ടായിട്ടും അവ്വോക്കറിനെ അമേരിക്കയിൽ ഇറങ്ങാൻ അനുവദിക്കാതെ ന്യൂയോർക്ക് എയർപോർട്ടിൽ നിന്ന് തിരിച്ചയക്കുകയാണ്. സുഹൃത്തായ സ: കമാൽ ഈ കാര്യത്തിൽ ഇടപെടാൻ പറ്റുമോ എന്ന് കഥാകൃത്തിനെ വിളിച്ചു ചോദിക്കുമ്പോൾ വർത്തമാന കാലത്തെ എഴുത്തുകാരന്റെ നിസ്സഹായതയും  നിസ്സാരതയും 'ഞാൻ വെറുമൊരു എഴുത്തുകാരൻ, വിഡ്ഢിയായ ഊരുതെണ്ടി' എന്ന മറുപടിയിൽ ഉണ്ട്. ആരുടെയെങ്കിലും ഔദാര്യം കൊണ്ട് മാത്രം അച്ചടിക്കപ്പെടുന്ന എഴുത്തുകളുടെ ബലത്തിൽ പിടിച്ചു നിൽക്കുന്ന എഴുത്തുകാരൻ ഇനി അത് വായിച്ച്‌ അമേരിക്ക തന്നെ എന്തെങ്കിലും ചെയ്തു കളഞ്ഞാലോ എന്നും ആകുലപ്പെടുന്നുണ്ട്.

ലളിതവും നർമ്മം എന്ന് തോന്നിപ്പിക്കുന്നതുമായ ശൈലിയിലൂടെ  പറയുന്ന 'ബഹ്‌റിനിലെ കാക്ക'
സത്വ പ്രതിസന്ധിയിൽ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെയും പല വിധത്തിലും നിർബന്ധിതമായി പാലായനം ചെയ്യപ്പെടേണ്ടി വരുന്ന മനുഷ്യരുടെയും  നിസ്സഹായാവസ്ഥ ഒട്ടും തുളുമ്പാതെ ഹൃദ്യമായി അവതരിപ്പിക്കുന്നു. ഓരോ വട്ടം വായിക്കുമ്പോഴും ഇതൾ വിരിയുന്ന ഏറെ മാനങ്ങളുള്ള കഥ.

എത്ര കണിശമായാണ് സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ പേരുകൾ പോലും എന്നത് കഥാ പ്രേമികളെ വല്ലാതെ മോഹിപ്പിക്കും.
താടിയുടെ കാര്യത്തിൽ കടുംപിടിത്തം പിടിച്ച ചെറുപ്പക്കാരന് ശേഷം മുടിവെട്ടാനിരുന്ന കഥാകൃത്തിന്റെ മുടികൊഴിച്ചിലിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ പറയുന്ന വാചകം "നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, അലീക്കാ. കാലം അങ്ങനെയല്ലേ പോണത്. ഭയങ്കര വാശിയാ എല്ലാവർക്കും. ഒട്ടും കടും പിടിത്തം ഇല്ലാത്തത് രോമത്തിനു മാത്രാ" എന്നതൊരു ഉദാഹരണം. ബഹ്‌റിനിൽ കഥാകൃത്തിന്റെ കൂടെയുള്ളത് ഷബിനിയും റിയാസും ഫിലിപ്പും ആണ്. മതജാതി ഭേദമില്ലാത്ത പ്രവാസികളുടെ പരിച്ഛേദം.

പക്ഷി ശാസ്ത്രജ്ഞന്റെ ഉത്കണ്ഠ ദേശീയ പക്ഷിയുടെ കാര്യത്തിൽ മാത്രമാണ് എന്നതും വർത്തമാന കാലത്തെ  കറുത്ത ഫലിതമാണ്.  ദേശീയ പക്ഷിക്കു മുന്നിൽ  അതിജീവനത്തിന്‌ വേണ്ടി പെടാപ്പാടു പെടുന്ന  കാക്കയുടെ ജീവന്  എന്ത് വില!

'ഒന്നുമില്ലെങ്കിൽ സ്വന്തം നാട്ടുകാരല്ലേ? കാക്കയാണെങ്കിലും അതും ഒരു മനുശനല്ലേ?'
പൊയ്ത്തും കടവിന്റെ കഥകൾ പൊതുവെ നിസ്സഹായനായ മനുഷ്യനോടുള്ള അനുഭാവം  തുടിച്ചു നിൽക്കുന്നതാണ്. ലോകമെത്ര വളരുമ്പോഴും എവിടെയും രേഖപ്പെടുത്തപെടാതെ പോയ നിസ്സാരരായ സാധാരണ മനുഷ്യരെ കുറിച്ചുള്ള ഉത്ക്കണ്ഠയാണ്  അദ്ദേഹത്തിന്റെ കഥകൾ ഏറെയും.  വലിയവരുടെ ലോകത്തു നിലവിളി പോലും കേൾപ്പിക്കാതെ ഒടുങ്ങിപ്പോകുന്നവരെ കുറിച്ചുള്ള വേവലാതിയാണ് ഈ എഴുത്തുകാരന്റെ കഥകളെ എപ്പോഴും പ്രിയങ്കരമാക്കുന്നത്.

ആയുധങ്ങളൊക്കെ നശിച്ച്‌ ഇല്ലാതായാലും ഈ ലോകത്തു ബാക്കിയാവുക അക്ഷരങ്ങൾ മാത്രമായിരിക്കും. അത് കൊണ്ട് തന്നെ നിസ്സാരനും നിസ്സഹായനുമായ മനുഷ്യരെ കുറിച്ച് വേവലാതിപ്പെടുന്ന അക്ഷരങ്ങളെ കുറിച്ച് എങ്ങനെയാണ് ഇത്രയെങ്കിലും പറയാതിരിക്കുക.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ