Thursday, August 21, 2014

കണാരേട്ടന്‍റെ നാട്ടിലെ ചിത്രങ്ങള്‍

കണാരേട്ടന്‍റെ ചിരിയാണ് ആ വൈകുന്നേരം അയാളെ ബസ്സില്‍ നിന്ന്  അവിടെ ഇറക്കിയത്. പഴയ പീടികമുറിക്ക് മുകളിലെ പുറം ചുവരില്‍ മാറാലയും പൊടിയും പിടിച്ച് മങ്ങിപ്പോയ ചിത്രത്തില്‍ കണാരേട്ടന്‍ ചിരിച്ചു. കാതിലെ കല്ല്‌ വെച്ച കടുക്കനും പൂവെണ്ണ തേച്ച് പിറകോട്ട് പറ്റനെ ചീകി വെച്ച മുടിയും ചിരിച്ചു. കരിക്കട്ടയും കളര്‍ ചോക്കും കൊണ്ട്  അയാള്‍ തന്നെയാണ് ആ ചിത്രം വരച്ചതും. 

അയാളും കൂട്ടരും ഈ നാട്ടില്‍  ദിവസങ്ങളോളം തമ്പടിച്ച് സൈക്കിള്‍ യജ്ഞവും റിക്കാര്‍ഡ് ഡാന്‍സും അഭ്യാസപ്രകടനങ്ങളും നടത്തി ആളുകളെ വിസ്മയിപ്പിച്ചിരുന്നു. അതിപ്പൊ ഒരു  മുപ്പത്തഞ്ച് കൊല്ലമെങ്കിലും കഴിഞ്ഞുകാണും. ചെറുപ്പക്കാരനായ അയാളായിരുന്നു കൂട്ടത്തിലെ സാഹസികനായ അഭ്യാസി. നിരത്തി വെച്ച ട്യൂബ് ലൈറ്റുകള്‍ക്ക് മേലെ മലര്‍ന്നു കിടന്ന് നെഞ്ചിലേക്ക് പാറക്കല്ല് ശക്തിയായി ഇടുന്നതും. തലയില്‍ വെച്ച പാത്രത്തില്‍ ചായ തിളപ്പിക്കുന്നതും, മണ്ണിട്ട്‌ മൂടിയ കുഴിയില്‍  മണിക്കൂറുകളോളം കിടക്കുന്നതും ...........

അയാളൊരു മികച്ച ചിത്രകാരനൊന്നും ആയിരുന്നില്ലെങ്കിലും ഇത്രയും ജീവസ്സുറ്റൊരു ചിത്രം തന്‍റെ ജീവിതത്തില്‍ വേറെ വരച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. സ്നേഹം കൊണ്ട് തോല്‍പ്പിച്ചു കളഞ്ഞ ആ മനുഷ്യനും നാട്ടുകാര്‍ക്കും പകരം കൊടുക്കാന്‍ അയാളുടെ കയ്യില്‍ വേറെയൊന്നും ഉണ്ടായിരുന്നില്ല. 


ഉള്ളില്‍ വല്ലാതെ ആഹ്ലാദം ഉണ്ടാക്കുന്ന അനുഭവങ്ങളെയാണ്‌ അപൂര്‍വ്വമാണെങ്കിലും അയാള്‍ വരച്ചിരുന്നത്. അതൊക്കെയും ഇതുപോലെ ഏറെ ആളുകള്‍ കാണുന്ന ഇടങ്ങളില്‍ ആയിരുന്നു.  ചിത്രം കാണുന്നവരൊക്കെ  അതിലൂടെ  ആ സന്തോഷം  അനുഭവിക്കണമെന്നും ചിത്രങ്ങളൊക്കെ മനുഷ്യനെ ആഹ്ലാദിപ്പിക്കണം  എന്നുമുള്ള  ചിന്തയാണ്  അയാളെക്കൊണ്ട് വരപ്പിച്ചത്. പുഴയും കുന്നും വയലും ചിത്രശലഭങ്ങളും പോലെ കണാരേട്ടനാണ് ഈ നാട്ടിന്‍പുറത്ത് അയാളുടെ മനസ്സിനെ കീഴടക്കിയത്. അല്ലെങ്കില്‍ ആ ദേശത്തിന്‍റെ പ്രതിരൂപമായിരുന്നു കണാരേട്ടന്‍.

മറ്റിടങ്ങളില്‍ നിന്ന് കിട്ടുന്നതിലും കൂടുതല്‍ പണം അവര്‍ക്ക് ഈ നാട്ടില്‍  നിന്ന് കിട്ടിയിരുന്നെങ്കിലും,  അയാളിലെ സാഹസികനായ അഭ്യാസിയെ ഇവിടം ഒരിക്കലും സന്തോഷിപ്പിച്ചിരുന്നില്ല. ആളുകളെ വിഹ്വലരാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സാഹസികാഭ്യാസങ്ങള്‍ ആണ് അയാളെ എവിടെയും ശ്രദ്ധേയനാക്കിയത്. പുറത്ത് തറച്ച കുപ്പിച്ചീളുകളുമായി  പുഞ്ചിരിയോടെ കൈ വീശുമ്പോഴും മണിക്കൂറുകള്‍ക്ക് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്ത ശേഷം കണ്ണുകള്‍ മെല്ലെ മെല്ലെ തുറന്ന് എഴുന്നേറ്റ് വരുമ്പോഴും ആളുകള്‍ ഉയര്‍ത്തുന്ന കൈയ്യടിയില്‍ അയാള്‍ സ്വയം മറന്നുപോയിരുന്നു.

പക്ഷെ ഇവിടെ മാത്രം ഒരിക്കലും അയാള്‍ക്ക് അങ്ങനെ ഒരു കയ്യടി കിട്ടിയില്ല. “നിരത്തിവെച്ച കുപ്പിച്ചില്ലുകള്‍ക്കുമേല്‍ നെഞ്ചില്‍ പാറക്കല്ലുമായി.....” എന്ന അനൌണ്‍സ് തുടങ്ങുമ്പോഴേ അതുവരേക്കും കുട്ടികളെ അടക്കി ഇരുത്താനും പെണ്ണുങ്ങള്‍ക്ക് കളി കാണാന്‍ പീടിക ഇറയത്ത്‌ സൗകര്യം ഒരുക്കാനും ഒക്കെ മുന്നിലുണ്ടായിരുന്ന കണാരേട്ടന്‍ ചാടി വീഴും.

“കുഞ്ഞിമ്മക്കളെ അത് മാത്രം ഇവ്ട  മാണ്ട........ഇങ്ങള് വേറെ എന്ത് കളി മാണെങ്കിലും കളിച്ചോ... മേത്ത് ചോര പൊടിയുന്ന കളി മാത്രം മാണ്ട....ഇതൊക്കെ ഇങ്ങക്ക് കുടുംബം പോറ്റാന്‍  വേണ്ടി  അല്ലെ....ഞാന്‍ പിരിപ്പിച്ചു തരാം പൈശ...”
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ ഗംഭീരമാക്കാന്‍ ഒരു സാഹസിക അഭ്യാസത്തിനും സമ്മതിക്കാതെ  കണാരേട്ടന്‍ നിത്യവും ആള്‍ക്കൂട്ടത്തിനു മുന്നില്‍ തോളിലെ തോര്‍ത്ത്‌ നീട്ടി പിരിവെടുത്തു. മനസ്സ് കിടുങ്ങിപ്പോകുന്ന കാഴ്ചകള്‍ കാണാന്‍ താല്‍പര്യം ഇല്ലാതിരുന്ന നാട്ടുകാര്‍ സന്തോഷത്തോടെ നോട്ടും ചില്ലറയും കൂമ്പാരമായി നല്‍കി.

സൈക്കിള്‍യജ്ഞവും ചെറിയ അഭ്യാസങ്ങളും റിക്കാര്‍ഡ് ഡാന്‍സും അവര്‍ ആസ്വദിച്ചു. ‘ഒരുകാശൊരുകാശൊരു കാശ് തരണേ ഒരുപിടി ചോറിനുള്ള കാശു തരണേ...’ എന്ന അന്ധയായ കുട്ടിയുടെ  പാട്ട് വെച്ച് പിച്ചക്കാരെപ്പോലെ കൈനീട്ടിയപ്പോള്‍ കുഞ്ഞിന്‍റെ വിധിയോര്‍ത്ത്  അവര്‍ കരഞ്ഞു.  ‘കൊളമ്പിലേക്ക് ആണി കയറ്റുന്ന’ കല്യാണ ചെറുക്കന്‍റെ നാടകം കണ്ട് തലമറന്ന് ചിരിച്ചു. ‘ആരാന്റമ്മ പെറ്റ മക്കളേ എന്ന് മൈക്കിലൂടെ നീട്ടി വിളിച്ചപ്പോള്‍ ‘ഓഓഓഓഓ.....’ എന്ന് നീട്ടി വിളികേട്ടു.....

എന്നാലും കണാരേട്ടന്‍ തരം കിട്ടുമ്പോഴൊക്കെ ഉപദേശിച്ചു.
“ഇങ്ങള് വേറെ എന്തെങ്കിലും പണി എടുത്ത് ജീവിക്കാന്‍ നോക്ക് മക്കളേ....ഈ അപകടം പിടിച്ച കളീം കൊണ്ട് നടക്കാതെ....”
എങ്കിലും ആള്‍ക്കൂട്ടം കാണുമ്പോള്‍ അഭ്യാസങ്ങള്‍ കൊണ്ട് അവരെ അത്ഭുതപ്പെടുത്താന്‍ ശരീരം കൊതിക്കും. സാഹസികതയുടെ യുക്തിയൊന്നും കണാരേട്ടന് കേള്‍ക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.
“ഇങ്ങക്കെന്താ ഇക്കിട്ടുന്ന പൈശോന്നും മതിയാകായിറ്റാ................പറ ഇതിലും കൂടുതല്‍ ഞാന്‍ പിരിച്ചു തരാ........ പെണ്ണും കുട്ട്യേളും ഇല്ലാത്ത നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ലാ...  എന്തായാലും  ഇക്കളി ഞാന്‍ സമ്മയിക്കൂലാ... ..”
ക്ഷോഭിക്കുമ്പോള്‍ കണാരേട്ടന്‍റെ കാതുകളിലെ ചുവന്ന കല്ലുവെച്ച കടുക്കന്‍ വിറച്ചു. മുടിയിഴകള്‍ നെറ്റിയിലേക്ക് തെറിച്ചു  കിടന്നു.

പീടികമുറിക്ക് മുകളില്‍ ശുദ്ധനായ കണാരേട്ടന്‍റെ ചിത്രം അതിലേറെ ശുദ്ധരായ നാട്ടുകാരുടെ മുന്നില്‍വെച്ച് വരച്ചത് കളിയുടെ അവസാന ദിവസമാണ്. ചിത്രം കണ്ട് അതിശയപ്പെട്ട് നിന്ന കണാരേട്ടനോടും നാട്ടുകാരോടുമായി അയാള്‍ പറഞ്ഞു.
“കണാരേട്ടാ എന്നെങ്കിലും ഈ നാട്ടില്‍ വന്ന് അഭ്യാസങ്ങള്‍ കൊണ്ട് നിങ്ങളെ ഞാന്‍ അതിശയപ്പെടുത്തും................അതെന്‍റെ ആഗ്രഹാ”
“അതിന് ഞാളെയൊക്കെ കാലം കഴിയട്ടെ മോനെ...................ഒരാക്ക് അപകടം പറ്റ്ന്ന കളി കണ്ട് നോക്കി നിക്കാനും ചോര കണ്ട് സന്തോശിക്കാനും ഞാക്ക് പറ്റൂലാ...”
“നിങ്ങളെയൊക്കെ പ്രാര്‍ത്ഥന ഉള്ളപ്പോ എങ്ങനെയാ കണാരേട്ടാ അപകടം പറ്റ്വാ........ആ കരുതല് പോരേ ഞങ്ങക്ക്”

കൂട്ടത്തിലെ പെണ്ണായി നടിക്കുന്ന  ഉത്തമനെയും കൊണ്ട്  മെഡിക്കല്‍കോളേജിലായ സമയത്താണ് കണാരേട്ടന്‍ മരിച്ച വാര്‍ത്ത അറിഞ്ഞത്. വരാന്തയില്‍ ഉറങ്ങാന്‍ വിരിച്ച പത്രക്കടലാസിന്‍റെ ചരമകോളത്തില്‍ കണാരേട്ടന്‍ ചിരിച്ചു.

കാലം ഈ നാട്ടിനും  ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചെറിയൊരു ടൌണ്‍ തന്നെ.  കണാരേട്ടന്‍റെ  ചിത്രമുള്ള എടുപ്പിന് താഴെ ഉണ്ടായിരുന്ന നിരപ്പലകയിട്ട പീടികകള്‍ ഒക്കെ മാറി ഷട്ടറിട്ട പുതിയ ഷോപ്പുകള്‍. തൊട്ടു പിറകിലെ മുമ്പ് സൈക്കിള്‍യജ്ഞം നടത്തിയ പറമ്പില്‍ വലിയൊരു ഷോപ്പിംഗ്‌ കോംപ്ലക്സ്‌. അപ്പുറത്തെ കാട് മൂടിയ കണ്ടത്തില്‍  വലിയൊരു വീട്...... മുപ്പത്തഞ്ചു കൊല്ലം. ഇതിനിടയില്‍ മരിച്ചും പിരിഞ്ഞും തങ്ങളുടെ കൂട്ടം ചിതറിയതും ശരീരം തളരാന്‍ തുടങ്ങിയ മധ്യവയസ്സില്‍ താങ്ങായി വന്നവളെ കൂടെ കൂട്ടിയതും, കണാരേട്ടന്‍ പറഞ്ഞപോലെ കുടുംബം പോറ്റാനായി ഇന്നും ഈ വേഷം  കെട്ടുന്നതും.....

ഈ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍  അയാളുടെ ഞരമ്പുകള്‍ തുടിച്ചു. വാര്‍ദ്ധക്യം മറന്ന പേശികള്‍ മുറുകി.  ഉള്ളില്‍ ആ ആരവം മുഴങ്ങുന്നു.
“മക്കളേ...............”
“ഓഓ....”
“ആരാന്റമ്മ പെറ്റ മക്കളേ”
“ഓഓഓഓഓഓഓഓ.....”
കണാരേട്ടാ ഇന്നാണ് ആ ദിവസം. അഭ്യാസങ്ങള്‍ കൊണ്ട് നിങ്ങളുടെ നാട്ടുകാരെ ഞാന്‍ അതിശയപ്പെടുത്തുന്നദിവസം. അത് കഴിഞ്ഞ്  ഞാന്‍ വിളിച്ചുപറയും ആ ചിത്രത്തെ പറ്റി. നന്മ നിറഞ്ഞ ഈ നാടിന്‍റെ കണാരേട്ടനെ പറ്റി.  

ഷോപ്പിംഗ്‌ കോംപ്ലക്സിനു പിറകില്‍ കൂടിയിട്ട  ഉടഞ്ഞ മദ്യക്കുപ്പികള്‍  പെറുക്കിക്കൊണ്ടുവരുമ്പോള്‍ അയാള്‍ ഓര്‍ത്തു സൈക്കിള്‍ അഭ്യാസി കുഞ്ചുവിന് കുടിക്കാന്‍ വേണ്ടി അന്നൊക്കെ റാക്ക് സംഘടിപ്പിക്കാന്‍ പെട്ട പാട്. ബസ്സ്റ്റോപ്പിന് അരികിലെ ഒഴിഞ്ഞയിടത്ത് തോര്‍ത്തു വിരിച്ച് അതില്‍  കുപ്പിക്കഷണങ്ങള്‍ നിരത്തി. വലിയൊരു കരിങ്കല്ല് താങ്ങിയെടുത്ത്  കൊണ്ടുവന്നുവെച്ചു.  

തിരക്കിട്ട് പോവുന്ന ആളുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ അയാള്‍ കൈകൊട്ടി ഉറക്കെ വിളിച്ചു.

ആരും അടുത്തേക്ക് വന്നില്ലെങ്കിലും ചിലരൊക്കെ ദൂരെ നിന്ന് കൌതുകത്തോടെ നോക്കി. ഏറെ നേരം വിളിച്ചു പറഞ്ഞപ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടം അവിടിവിടെയായി ചിതറി നിന്നു.

അയാള്‍ കുപ്പിച്ചില്ലുകള്‍ക്ക് മേല്‍ മലര്‍ന്നു കിടന്നു. നേരെ കണാരേട്ടന്‍ ചിരിക്കുന്നു. ചാഞ്ഞു പോകുന്ന വെയിലിന്‍റെ മഞ്ഞനിറം വീണ മുഖം. “കണാരേട്ടാ പൊറുക്കുക ഈ വയസ്സ് കാലത്തും കുടുംബം പോറ്റാന്‍ എനിക്കിതേ വഴിയുള്ളൂ. ദിവസങ്ങളായി എന്നെ കാത്തിരിക്കുന്ന അവള്‍ക്കും മക്കള്‍ക്കും  ഇന്നെങ്കിലും...... കൈ നീട്ടാന്‍  ഈ നാടല്ലാതെ മറ്റെവിടെയാണ് ഞാന്‍ ... .....എന്നോട് പൊറുക്കുക”

രണ്ടുപേര്‍ ആ കരിങ്കല്ല് നെഞ്ചിനു നേരെ ഉയര്‍ത്തിപ്പിടിച്ച അയാളുടെ കൈകളിലേക്ക് വെച്ചു കൊടുത്തു.  താഴെ കുപ്പിച്ചില്ലുകള്‍ ഞെരിഞ്ഞു. ചുറ്റുമുള്ള കണ്ണുകളൊക്കെയും അയാളിലേക്ക്.

ശ്വാസം ശരീരത്തിലേക്കാവാഹിക്കുന്ന മാത്രകളില്‍ എപ്പോഴോ കൈ ദുര്‍ബലമായതും കല്ല്‌ നെഞ്ചിലേക്ക്.!!!!!......
നിലവിളിയോടൊപ്പം വായില്‍ നിന്നൊഴുകിയത് കൊഴുത്ത ചോര.... ഈ കല്ല്‌ മാറ്റി ആരെങ്കിലും എഴുന്നേല്‍പ്പിക്കൂ എന്ന് വിളിച്ചു കൂവണമെന്നുണ്ട്.....അവസാനമായൊരു തുള്ളി വെള്ളം....
ആരൊക്കെയോ ചുറ്റും ഓടിക്കൂടുന്നു. ആള്‍ക്കൂട്ടം എന്തിനാണ് തിക്കിതിരക്കുന്നത്.... ഈ കല്ല്‌ നെഞ്ചില്‍ നിന്ന് മാറ്റൂ.... ഇത്തിരി വെള്ളം വായിലൊഴിച്ച് തരൂ..... ഉള്ളില്‍ അയാള്‍ അലറിക്കരഞ്ഞു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന രണ്ടു കുഞ്ഞുമുഖങ്ങളും അവളും....

ചുറ്റും കൂടിയ കണാരേട്ടന്‍റെ നാട്ടുകാര്‍ മൊബൈലില്‍ അയാളുടെ അവസാന പിടച്ചിലുകള്‍  ചിത്രീകരിക്കാന്‍  തിരക്ക് കൂടിക്കൊണ്ടിരുന്നു. ഒലിച്ചിറങ്ങിയ ചോരയില്‍ ചവിട്ടി നിന്ന് കൊണ്ട് ചിത്രമെടുക്കുന്ന അവര്‍ക്ക് മുകളിലായി കണാരേട്ടന്‍റെ മുഖം ഇരുട്ടില്‍ മങ്ങിമങ്ങി ഇല്ലാതായി. 

Tuesday, August 12, 2014

ആ വികൃതികളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍



‘മുഖം കഴുകി അമ്മയെ വന്ദിച്ച ശേഷം അവന്‍ ജനലിന്‍റെ തണുത്ത ചില്ലില്‍ മുഖമമര്‍ത്തി അവര്‍ കടന്നുപോകുന്ന സ്ഥലങ്ങളേതാണെന്നും അന്നാട്ടുകാര്‍ എന്ത് ചെയ്യുന്നുവെന്നും നോക്കി. ..............
........... ആ കാട്ടിനടിയില്‍ ഒരു കുടിലുണ്ടായിരുന്നു. ഷര്‍ട്ടും വലിയ രണ്ടു കമ്പിളിച്ചെരിപ്പുകളുമിട്ട ഒരു കൊച്ചുപയ്യന്‍ ഒരു പൂച്ചയെയും കൊണ്ട് തിണ്ണയിലേക്ക് ചാടി. അവന്‍ അതിനെ ഒരൊറ്റ ഏറ്. പൂച്ച കറങ്ങിവീണ് പൊടിമഞ്ഞില്‍ ആണ്ടുപോയി. അത് വിഷമിച്ചു വന്ന്‍ പുറത്തേക്ക് ഓടിപ്പോയി. .....
.....അതാ ഒരു കാവല്‍പ്പുര അതിനടുത്ത് ആട്ടിന്‍തോല്‍ക്കോട്ടിട്ട ഒരു കാവല്‍ക്കാരന്‍ നില്‍ക്കുന്നുണ്ട്........’

ഗെക്ക് തീവണ്ടിജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ നാമും കാണുന്നുണ്ട്. മഞ്ഞുവീണു മൂടിയ നിരത്തുകളും തെരുവുകളും ഫിര്‍ മരങ്ങളും രോമക്കുപ്പായം ധരിച്ച മനുഷ്യന്മാരും.....

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളില്‍ പലരെയും പോലെ ഞാനും  കാത്തിരുന്നിരുന്നു. ഗെക്കിന്‍റെയും ചുക്കിന്‍റെയും വികൃതികള്‍ വായിക്കാന്‍. അമ്മയോടൊപ്പം അച്ഛനെ തേടിയുള്ള അവരുടെ യാത്രയില്‍ ഒപ്പം കൂടാന്‍. അപരിചിതമായ ഒരു നാട്ടിലെ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും ഒപ്പം അമ്മയെന്ന സ്നേഹഭാവവും അച്ഛന്‍ എന്ന കരുതലും ലോകത്തെങ്ങും ഒരുപോലെയാണല്ലോ എന്ന് ആഹ്ലാദിക്കാന്‍.

റഷ്യയില്‍ നിന്ന് വരുന്ന, മലയാളത്തില്‍ അച്ചടിച്ച ‘സോവിയറ്റ് യൂണിയന്‍’ എന്ന മിനുസമുള്ള കടലാസും വര്‍ണ്ണചിത്രങ്ങളും ഉള്ള മാസികയുടെ അവസാന പുറങ്ങളില്‍ തുടര്‍ക്കഥയായി ‘ചുക്കും ഗെക്കും’ രസിപ്പിച്ച കാലം. പുതിയൊരു ലോകം തുറന്നു തന്ന വായന. 
സ്വപ്നജീവിയായ ഗെക്കും കാണുന്നതൊക്കെ എടുത്ത് തന്‍റെ തകരപ്പെട്ടിയില്‍ സൂക്ഷിക്കുന്ന ചുക്കും. അവര്‍ ശണ്‍ഠ കൂടുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയ അച്ഛന്‍റെ കമ്പിയും, അത് കിട്ടാതെ പോയത് മൂലമുണ്ടായ പൊല്ലാപ്പും. തീവണ്ടിയാത്രയും അതുകഴിഞ്ഞ് പകലും രാവും നീണ്ട കുതിരവണ്ടി യാത്രയുടെ ഹരവും, രാത്രിയിലെ സത്രവും അച്ഛന്‍റെ താമസസ്ഥലവും കുട്ടികളുടെ വികൃതിയും ഒക്കെ എത്ര മനോഹരമായാണ് വരച്ചു വെച്ചത്. 

മിനിഞ്ഞാന്ന് കോഴിക്കോട്ടെ മാതൃഭൂമി ബുക്ക്സ്റ്റാളില്‍  മോന് വേണ്ടി പുസ്തകം തിരഞ്ഞെപ്പോള്‍ ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി ആ വികൃതികളെ. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കുമ്പോള്‍ പഴയ അതേ കൌതുകവും ആകാംക്ഷയും അനുഭവിക്കാന്‍ കഴിയുന്നു ഓരോ വരികളിലും. അന്ന് മനസ്സില്‍ കണ്ട തെരുവും അടുപ്പും മഞ്ഞു വീണുറച്ച കാട്ടിലേക്കുള്ള വഴിയും...... 

വായന മാന്ത്രികമായൊരു ലോകത്തിലേക്കുള്ള വാതിലാണ്. കാലങ്ങള്‍ക്ക് പിറകോട്ടുള്ള തിരിച്ചുപോക്കും. കാലമെത്ര കഴിഞ്ഞാലും ബാല്യം മാറാത്ത കുസൃതികളായ  ‘ചുക്കും ഗെക്കും’ അത് വിളിച്ചുപറയുന്നു. മുടിയിഴകളില്‍ വീണ മഞ്ഞുരുകുന്നത് അറിയാതെ അവരുടെ അമ്മ അപ്പുറത്തിരുന്നു മന്ദഹസിക്കുന്നുണ്ടാവും. ഭൂഗര്‍ഭഗവേഷണസംഘത്തിന്‍റെ തലവനായ അവരുടെ അച്ഛന്‍ സെരോഗിനെ ഓര്‍ത്തുകൊണ്ട്‌. സംഭവബഹുലമായ ആ യാത്രയും.
---------------------------------
ചുക്കും ഗെക്കും –അര്‍ക്കാദി ഗൈദാര്‍ (വിവര്‍ത്തനം കെ ഗോപാലകൃഷ്ണന്‍) മാതൃഭൂമി ബുക്സ്

Monday, August 4, 2014

കാരുണ്യത്തിന്‍റെ തണല്‍ചിറകുകള്‍ തേടുന്നവര്‍

“ആരെയും ബുദ്ധിമുട്ടിക്കാതെയും, ആര്‍ക്കും ഭാരമാകാതെയും അങ്ങു പോകണം”
ഇതൊരു പ്രാര്‍ഥനയാണ്. രോഗങ്ങള്‍ തളര്‍ത്തുന്ന മനസ്സും ശരീരവുമായി വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായതയിലേക്ക്  വേച്ചുവേച്ച്‌ നടന്നുപോകുന്ന, പരിചരിക്കാനോ ശുശ്രൂഷിക്കാനോ തിരിഞ്ഞു നോക്കാനോ സ്വന്തം മക്കള്‍ അടുത്തില്ലാത്ത ഗതികെട്ട കുറേ മാതാപിതാക്കളുടെ പ്രാര്‍ത്ഥന. മക്കളുടെ പ്രവാസം കൊണ്ട് അനാഥമായിപ്പോയ വാര്‍ദ്ധക്യത്തിന്‍റെ വേവലാതി നിറഞ്ഞ  നിലവിളി.

പോറ്റാന്‍ ഗതിയില്ലാത്തതിനാല്‍ മാതാപിതാക്കളെ തെരുവില്‍ തള്ളുന്ന മക്കളെ ആക്ഷേപിക്കാനും ശപിക്കാനും നമുക്ക് ഉത്സാഹമാണ്. വൃദ്ധസദനങ്ങളില്‍ ഒടുങ്ങേണ്ടി വരുന്ന ജന്മങ്ങളെ കുറിച്ച് വേദനിക്കാനും അതിന് കാരണക്കാരായ മക്കളുടെ കണ്ണില്‍ ചോരയില്ലായ്മയെ കുറിച്ച് രോഷം കൊള്ളാനും നാം മുന്നിലുണ്ട്. ഫേസ്ബുക്കില്‍ മാതൃമാഹാത്മ്യം എത്ര പാടിയാലും മതിവരാത്തവര്‍ ആണ് നാം. എന്നിട്ടും പ്രവാസികളായ നമ്മുടെ വീടകങ്ങളില്‍ രോഗശയ്യയില്‍ ഒറ്റപ്പെട്ടുപോയവരും ദുരിതം അനുഭവിക്കുന്നവരുമായ നമ്മുടെ മാതാപിതാക്കളെ കുറിച്ച് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

ഇതുവായിക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും  തോന്നും താന്‍ അങ്ങനെയല്ല എന്ന്. മാതാപിതാക്കള്‍ എന്‍റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് എന്നും, അവര്‍ക്ക് വേണ്ടി എല്ലാ സൌകര്യവും ഉള്ള പ്രത്യേകം മുറി തന്നെയാണെന്നും. ഏറ്റവും മികച്ച ആശുപത്രിയില്‍ ആണ് ചികിത്സയെന്നും, അതിനായി എത്ര പണം വേണമെങ്കിലും അയച്ചു കൊടുക്കാറുണ്ടെന്നും നിത്യവും അവരെ ഫോണില്‍ വിളിച്ചു വിശേഷം ചോദിക്കാറുണ്ട് എന്നുമൊക്കെ മാതാപിതാക്കളോടുള്ള സ്നേഹത്തെ കുറിച്ച് ന്യായീകരിക്കാനും സ്ഥാപിക്കാനും നമ്മുടെ മുന്നില്‍ എമ്പാടും കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ഒന്ന് നാം സൌകര്യപൂര്‍വ്വം മറന്നു കളയുന്നു. വാര്‍ദ്ധക്യത്തിലും രോഗത്തിന്‍റെ അവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ് എന്നത്.

ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തതിന്‍റെ ഖേദം നിറഞ്ഞ ന്യായീകരണങ്ങള്‍ ആത്മാര്‍ഥമായി തന്നെ നമുക്ക് പറയാനുണ്ട്. ഒരു പ്രവാസിയുടെ പരിമിതികള്‍. ജോലിയുടെ സ്വഭാവം, ലീവ് കിട്ടാത്ത ബുദ്ധിമുട്ട്, കച്ചവടത്തില്‍ നിന്ന് ദീര്‍ഘനാള്‍ മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, സര്‍വ്വോപരി സാമ്പത്തികപ്രയാസം.

ശരിയാണ് പ്രവാസി എന്ന പേരും വലിയൊരു വീടും ഉണ്ടെങ്കിലും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നവരാണ് അന്യനാട്ടില്‍ കഴിയുന്ന നമ്മില്‍ ഭൂരിപക്ഷവും. സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ എന്നതാണ് നമ്മുടെ ആഹ്ലാദം. ഇതൊക്കെ സത്യമാണെങ്കിലും നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ നാം നിറവേറ്റണ്ടതില്ലേ. നാം പണം അയച്ചു കൊടുക്കുന്നതോടെ നമ്മുടെ ബാധ്യത തീര്‍ന്നുവോ.

അങ്ങനെ സമാധാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ശുദ്ധമനസ്കര്‍ അറിയുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

ജീവിത ശൈലീ രോഗങ്ങള്‍ എന്ന്‍ ഓമനപ്പേരിട്ട് വിളിക്കുന്ന പ്രഷറിനും, ഷുഗറിനും, കൊളസ്ട്രോളിനും ഒക്കെ പുറമേ ഇന്ന് കുഗ്രാമങ്ങളില്‍ പോലും വ്യാപകമായ ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, അല്‍ഷിമേഴ്സ് തുടങ്ങി പലവിധ മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം നരകമായിപ്പോയവരാണ് നമ്മുടെ വൃദ്ധജനതയില്‍ ഭൂരിപക്ഷവും.

ഉത്സാഹത്തോടെ ഓടി നടന്ന നമ്മുടെ മാതാപിതാക്കള്‍  ചെറിയൊരു അസുഖമോ തളര്‍ച്ചയോ വീഴ്ചയോ ഒക്കെയായി ആശുപത്രിയില്‍ എത്തുമ്പോഴാണ് ഉള്ളില്‍ ഒളിച്ചിരിക്കുന്ന വന്‍രോഗങ്ങളെ കുറിച്ച് അറിയുന്നത്. കഴിവിനനുസരിച്ച് ചികിത്സയും കാര്യങ്ങളുമായി മൂന്നൊട്ടു പോവുമെങ്കിലും അപ്പോഴേക്കും രോഗി തികച്ചും ശയ്യാവലംബി ആയിരിക്കും.

ലീവ് കിട്ടാത്ത, പെട്ടന്ന്‍ നാട്ടിലേക്ക് വരാനാവാത്ത നാം കടം വാങ്ങിയെങ്കിലും കിട്ടുന്ന പണം നാട്ടിലേക്കയച്ച് വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നു.

യാതൊരു മന:സാക്ഷിയും ഇല്ലാതെ കൊഴുത്തുവളരുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. തോന്നിയ ടെസ്റ്റുകളും പലവിധ ‘വിദഗ്ദ’ ഡോക്ടര്‍മാരുടെ ചികിത്സയും പിന്നെ നീണ്ട നാള്‍ ആശുപത്രി വാസവും വിധിച്ചു കൊണ്ട് അവര്‍ പിടിച്ചുപറി തുടങ്ങുന്നു. ഇത് മനസ്സിലായാലും നിസ്സഹായതയോടെ നിന്ന് കൊടുക്കേണ്ടി വരുന്നു. കാരണം രോഗിയെ മെഡിക്കല്‍ കോളേജിലോ മറ്റ് അത്തരം  ആശുപത്രികളിലോ കൊണ്ടുപോവാനും കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്യാനും ഉറ്റവരായ ആണുങ്ങള്‍ ഇല്ല എന്നതാണ്.

പഴയ കാലം പോലെയല്ല ഇപ്പോള്‍ ഒരുവിധം നിവൃത്തിയുള്ള  പ്രവാസികളൊക്കെ കുടുംബത്തെയും ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ മാതാപിതാക്കളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും പെണ്മക്കളും അടുത്തില്ലാത്ത അവസ്ഥയാണ്. മുതിര്‍ന്ന പേരക്കുട്ടികളാണെങ്കില്‍ പഠനത്തിനായി പല നാടുകളിലാണ് ഉണ്ടാവുക.

ഹോം നഴ്സിന്‍റെ പരിചരണത്തിലും വേലക്കാരുടെ മേല്‍നോട്ടത്തിലും ജീവിക്കുന്ന, പ്രായം ചെന്ന മാതാപിതാക്കള്‍  ഒറ്റക്കായ  പഞ്ചനക്ഷത്ര വൃദ്ധസദനങ്ങളാണ് നമ്മുടെ നാട്ടിലെ പല വീടുകളും. പണം കൊണ്ട് നേടിക്കൊടുക്കാന്‍ കഴിയുന്ന എല്ലാ സൌകര്യങ്ങളും മാതാപിതാക്കള്‍ക്ക് എത്തിച്ചു കൊടുത്ത് സമാധാനിക്കുന്നവരാണ് വിദേശത്ത് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഇവരുടെ ‘സ്നേഹനിധികളായ’ മക്കള്‍.

പറഞ്ഞു വന്നത് അവരെ കുറിച്ചല്ല. ഇടത്തരക്കാരായ ഗള്‍ഫ് പ്രവാസികളുടെ വീട്ടിലെ അവസ്ഥയെ കുറിച്ചാണ്. മിക്കവാറും ആണ്‍മക്കളുടെ വീട്ടിലാണ്  പ്രായമായ മാതാപിതാക്കള്‍ താമസിക്കുക. ഗൃഹനാഥന്‍റെ അഭാവത്തില്‍ വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും എല്ലാം നോക്കി നടത്തുന്ന, നാട്ടില്‍ കഴിയുന്ന പ്രവാസിഭാര്യയുടെ ചുമലില്‍ തന്നെയാണ്  വൃദ്ധരായ മാതാപിതാക്കളുടെ ഉത്തരവാദിത്തവും. ഇതേ മാതാപിതാക്കളുടെ സ്വന്തം പെണ്മക്കള്‍ നാട്ടില്‍ തന്നെയുണ്ടെങ്കിലും സ്വന്തം  വീട്ടില്‍/ഭര്‍ത്താവിന്‍റെ വീട്ടില്‍  ഇതേ റോളില്‍ ആയിരിക്കും അവരുടെയും ജീവിതം. അതുകൊണ്ട് തന്നെ മാതാപിതാക്കളെ ശുശ്രൂഷിക്കാനായി കൂടെ നില്‍ക്കുക എന്നത് ഇവര്‍ക്കും പ്രായോഗികമല്ല. എന്നാലും തങ്ങളുടെ കടമ ചെയ്യുന്നു എന്ന്‍ സ്വയം ആശ്വസിക്കാന്‍ ഈ പാവങ്ങള്‍ ഇടക്കെങ്കിലും ഓടിവന്ന് മാതാപിതാക്കളെ  കുളിപ്പിച്ച് കൊടുക്കാനും  വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കാനും ഒക്കെ  കൂടെ നില്‍ക്കാറുണ്ട്.

നമ്മുടെ മാതാവിനെ/പിതാവിനെ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയ ദിവസം വൈകുന്നേരം വിളിച്ച് വിശേഷങ്ങള്‍ ചോദിക്കുന്ന നാം അറിയാറുണ്ടോ അന്നത്തെ ഒരു ദിവസം നിങ്ങളുടെ ഭാര്യ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച്.

ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പ് മക്കളെ സ്കൂളില്‍ പറഞ്ഞയക്കുന്നതടക്കം വീട്ടുജോലികള്‍ എല്ലാം ഒതുക്കണം. ആണ്‍കുട്ടികള്‍ ആരും കൂടെയില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ച ടാക്സി ഡ്രൈവറുടെ സഹായത്തോടെ രോഗിയെ വണ്ടിയില്‍ കയറ്റി ഇരുത്തണം. വെള്ളവും, ഭക്ഷണവും, മരുന്നും ചിലപ്പോള്‍ മൂത്രം ഒഴിക്കാനുള്ള പാത്രവും....

ആശുപത്രിയില്‍ എത്തിയാലും മണിക്കൂറുകളോളം രോഗിയെയും കൊണ്ടുള്ള കാത്തിരിപ്പ്, പരിശോധനാ സമയത്ത് രോഗിയുടെ അവസ്ഥ വിവരിക്കാനും ഡോക്ടര്‍ പറയുന്നത് സശ്രദ്ധം കേട്ട് മനസ്സിലാക്കാനും.....

പലതരം ടെസ്റ്റുകള്‍. ഇതിനിടെ രോഗിക്ക് നേരത്തിന് ഭക്ഷണവും മരുന്നും നല്‍കല്‍... നമ്മുടെ ആശുപത്രികളിലൂടെ ഒന്ന് നടന്നു നോക്കൂ ഈ കാഴ്ചകള്‍ കാണാം. ഏതൊക്കെയോ പ്രവാസികളുടെ ഭാര്യമാര്‍ ആണത്. നമ്മുടെ അഭാവത്തില്‍ നാം ചെയ്യേണ്ട ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യുന്നവര്‍. ഒരു ദിവസം അവര്‍ അനുഭവിക്കുന്ന ഈ പ്രയാസങ്ങള്‍ ഒന്നും നാം വിളിക്കുമ്പോള്‍ അറിയാറില്ല. അഥവാ വല്ല സങ്കടവും  പറഞ്ഞുപോയാല്‍ തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹക്കുറവായി വ്യാഖ്യാനിക്കാന്‍ മിടുക്കുള്ളവര്‍ ആണ് നമ്മില്‍ പലരും.

കിടപ്പിലായ വൃദ്ധരെ പരിചരിക്കാനുള്ള പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ചാരിയിരുത്തി ഭക്ഷണവും മരുന്നും നല്‍കാനും വിസര്‍ജ്ജ്യങ്ങള്‍ നീക്കാനും, ശരീരം വൃത്തിയാക്കാനുമൊന്നും  അത്ര എളുപ്പമല്ല. വീട്ടിലെ മറ്റു ജോലികള്‍ക്ക് പുറമേ നിത്യവും ഇതിനായും സമയം കണ്ടെത്തണം. ഒരു പുരുഷന്‍റെ സഹായം ഇവിടെയൊക്കെ ആവശ്യമുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ മക്കള്‍ തന്നെ ചെയ്യുന്നതാവും ഉത്തമം.

മറ്റു രോഗങ്ങള്‍ക്കൊപ്പം അല്‍ഷിമേഴ്സ് ബാധിച്ചവരും ഇപ്പോള്‍ പ്രായമായവരില്‍ ധാരാളം ഉണ്ട്. ഇവരുടെ  പെരുമാറ്റവും രീതികളും പലപ്പോഴും വീട്ടുകാര്‍ക്ക് വളരെ അസഹ്യമായിരിക്കും. പലപ്പോഴും ഈ രോഗം തിരിച്ചരിയപ്പെടാറില്ല. അതുകൊണ്ട് തന്നെ അവരുടെ വാക്കുകളും പ്രവര്‍ത്തികളും രോഗിയോട് വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാറുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് പരിസരം വൃത്തികേടാക്കുകയും സന്ദര്‍ശകരോട് വീട്ടുകാരുടെ അവഗണനയെ കുറിച്ച് പരാതി പറയുകയുമൊക്കെ ചെയ്യുക ഇത്തരം രോഗികളില്‍ പതിവാണ്. (പല സന്ദര്‍ശകര്‍ക്കും ഇത് കേള്‍ക്കാനും നാലാളോട് പറഞ്ഞു നടക്കാനും വളരെ താല്‍പര്യമാണ്. ഉറ്റബന്ധു ആണെങ്കില്‍ പോലും പരിചരിക്കാന്‍ ചെറിയൊരു സഹായം പോലും ഉണ്ടാകില്ലെങ്കിലും വീട്ടുകാരുടെ പരിചരണത്തില്‍ ഉള്ള പോരായ്മകള്‍ കണ്ടെത്താനും രോഗിയോടുള്ള സഹതാപം എന്ന പേരില്‍ ‘ദുഷിപ്പടിച്ചു’ നടക്കാനും ഇക്കൂട്ടര്‍ നന്നായി ഉത്സാഹിക്കും).

സ്വന്തം മക്കള്‍ അടുത്തുണ്ടാകുകയും സ്നേഹപൂര്‍വ്വം പരിചരിക്കുകയും ചെയ്യുന്നത് ഈ രോഗികള്‍ക്ക് വളരെ ആശ്വാസമാണ്.

മാതാപിതാക്കള്‍ക്ക് രോഗം ഗുരുതരമായ  അവസ്ഥയില്‍ പോലും  പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് പല മക്കള്‍ക്കും എത്തിച്ചേരാന്‍ കഴിയാറില്ല.  എല്ലാ ചുമതലകളും ഭാര്യയെ ഏല്‍പ്പിച്ച് സഹായത്തിന് നാട്ടിലുള്ള ഏതെങ്കിലും ബന്ധുക്കളെയും വിളിച്ചു പറഞ്ഞ് കുറേ പണവും അയച്ചു കൊടുത്ത് അസ്വസ്ഥമായ മനസ്സുമായി അന്യനാട്ടില്‍ കഴിയുന്ന സുഹൃത്തേ. അറിയുമോ താങ്കളുടെ മാതാപിതാക്കളുടെ ഗതികേടിനെ കുറിച്ച്, നിങ്ങളുടെ പ്രിയതമ പെടുന്ന പെടാപ്പാടുകളെ കുറിച്ച്.

രോഗി ആശുപത്രിയില്‍ ആവുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഉറ്റവരായ പുരുഷന്മാര്‍ ഇല്ലെങ്കില്‍ ഇത് സ്ത്രീകളുടെ മാത്രം ചുമതലയാവുന്നു. രോഗിയുടെ ബന്ധുബലവും ധനസ്ഥിതിയും ഒക്കെ അനുസരിച്ച് കൂട്ട്നില്‍ക്കാനും കാര്യങ്ങള്‍ക്ക് ഓടി നടക്കാനും കുറേദിവസമൊക്കെ അടുത്ത ബന്ധുക്കളും അയല്‍വാസികളുമൊക്കെ ഉണ്ടാവുമെങ്കിലും ആശുപത്രി വാസം നീണ്ടു പോകുന്തോറും സന്ദര്‍ശകരുടെ എണ്ണം പോലും കുറഞ്ഞുവരും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോരുത്തരും തങ്ങളുടെ തിരക്കുകളുമായി നെട്ടോട്ടമോടുന്ന കാലമാണ്.

ഒടുവില്‍ രോഗിയുടെ പെണ്‍മക്കളോ ആണ്‍കുട്ടികളുടെ ഭാര്യമാരോ മാത്രമാകും ആശുപത്രിയില്‍ കൂട്ടിന്. പലപ്പോഴും വീട് പൂട്ടിയിട്ടും സ്കൂളില്‍ പോകുന്ന മക്കളെ ബന്ധുവീടുകളില്‍ ആക്കിയുമൊക്കെ അവര്‍ നിര്‍ബന്ധിതരായി ഈ ദൌത്യം ഏറ്റെടുക്കുന്നു.

സ്വകാര്യ ആശുപത്രികളിലും ചെന്നയുടനെ മുറി കിട്ടുക ഇപ്പോള്‍ അപൂര്‍വ്വം. അന്യായ ചാര്‍ജുള്ള എ സി മുറി മാത്രമേ ‘ഒഴിവുണ്ടാകൂ’. പലപ്പോഴും ICU വിനു മുന്നില്‍ ഉറക്കമൊഴിച്ച് ഇരിക്കേണ്ടി വരും. വിളിക്കുമ്പോള്‍ ഏതു പാതിരാക്കും ഫാര്‍മസിയിലേക്ക് ഓടേണ്ടി വരും. ലാബിലും കാന്റീനിലും ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലും  ഡോക്ടറുടെ ക്യാബിനിലും ഒക്കെയായി നെട്ടോട്ടമോടുന്നത് നിങ്ങളുടെ ഭാര്യയാണ്. ഇതൊക്കെയും ചെയ്യേണ്ട താങ്കള്‍  വിദേശത്തായതിനാല്‍ ഒരു പരിചയവുമില്ലാത്ത ഇടങ്ങളില്‍ അവര്‍ ഇതൊക്കെ ഏറ്റെടുക്കേണ്ടി വരുന്നു. ആശുപത്രിയില്‍ ആണെങ്കിലും ആണുങ്ങള്‍ കൂട്ടിനില്ലാത്ത സ്ത്രീകള്‍ക്ക് പിറകെ ‘സഹായ’മനസ്സുമായി വരുന്ന ഞരമ്പുരോഗികള്‍ക്ക് യാതൊരു കുറവുമില്ല എന്ന് കൂടി അറിയുക.

ഇതിനു പുറമേ രോഗിക്ക് രക്തം ആവശ്യമായി വന്നാല്‍ പലരെയും വിളിച്ച് സംഘടിപ്പിക്കുന്നതും  കയ്യിലുള്ള പണം തികയാതെ വന്നാല്‍ പണ്ടം പണയം വെച്ചെങ്കിലും എത്തിക്കുന്നതും ഈ സ്ത്രീകള്‍ തന്നെയാണ്.

രോഗി ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പുണ്ടെങ്കിലും സ്വകാര്യ ആശുപത്രിക്കാര്‍ പലരും അനാവശ്യമായി ICU വിന്‍റെ ഏകാന്ത തടവിലേക്ക് രോഗിയെ മാറ്റും. അവസാന സമയത്ത് ഉറ്റവരെയൊക്കെ ഒന്ന് കാണാന്‍ രോഗിക്കോ. മരണനേരത്ത് ഇത്തിരി വെള്ളം ചുണ്ടില്‍ ഉറ്റിച്ചു കൊടുക്കാനോ അന്ത്യവേളയില്‍ മതപരമായ വല്ലതും ചെയ്തു കൊടുക്കാനോ കൂടെയുള്ളവര്‍ക്കോ ഇത് കൊണ്ട് സാധിക്കുകയുമില്ല.  ഉചിതമായ ഒരു തീരുമാനം എടുക്കാന്‍ ആണ്‍കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല എന്നതാണ് സത്യം.

ഇതൊക്കെ വായിക്കുമ്പോള്‍ അതിശയോക്തിപരം എന്ന് തോന്നുന്നവര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ നിങ്ങളുടെ ബന്ധുക്കളോ പരിചയക്കാരോ ആയ സ്ത്രീകളോട് ചോദിച്ചു നോക്കിയാല്‍ അറിയാന്‍ കഴിയും ഈ എഴുതിയതൊന്നും ഒന്നുമല്ല എന്ന്.

വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായാവസ്ഥയിലും രോഗാവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ്. കൂടെ നില്‍ക്കാനും പരിചരിക്കാനും ശുശ്രൂഷിക്കാനും മക്കള്‍ കൂടെയുണ്ടാകുക എന്നതാണ് അവരുടെ തൃപ്തി. പക്ഷെ ‘പണമില്ലാത്തവന്‍ പിണം’ എന്ന ലോകത്ത് അവര്‍ നിശബ്ദരാകുകയാണ്. അവശതകള്‍ മക്കളെ അറിയിക്കാതെ മൂടി വെക്കുകയാണ്. തങ്ങള്‍ കാരണം മക്കളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാകാതിരിക്കാന്‍, മക്കളുടെ ഭാവിക്ക് കോട്ടം വരാതിരിക്കാന്‍.

പ്രായമായ പലരും രോഗത്തിലേക്ക്  പെട്ടെന്ന്‍ വഴുതുന്നത് ഉറ്റവരുടെ സാമീപ്യവും സ്നേഹപരിചരണങ്ങളും ഇല്ലാതാവുമ്പോഴാണ്. ജീവിത പങ്കാളി ആദ്യമേ കടന്നുപോയവരില്‍ ഈ ഒറ്റപ്പെടല്‍ ഏറെ വേദനാ ജനകമാണ്. മറ്റുള്ളവര്‍ക്ക് ഭാരമാവുന്നു എന്ന തോന്നല്‍ അവരെ മൌനത്തിലെക്കും മരണത്തെ കാത്തിരിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

എല്ലാ സൌകര്യങ്ങളും ഉള്ള ഈ കാലത്തും മക്കളെ വളര്‍ത്തി വലുതാക്കാനുള്ള പാടും പ്രയാസവും നമുക്കറിയാം. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ കഴിഞ്ഞ തലമുറയില്‍ പെട്ട നമ്മുടെ മാതാപിതാക്കള്‍ക്ക് ഇന്ന് എല്ലാമുണ്ടായിട്ടും കൂട്ടായി നില്‍ക്കാന്‍ നമുക്ക് കഴിയുന്നില്ല.

മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്‍റെ ചിറകുകള്‍ താഴ്ത്തി കൊടുക്കാന്‍ കല്‍പ്പിച്ച  ശേഷമാണ് അവര്‍ക്കായുള്ള പ്രാര്‍ത്ഥന പോലും പഠിപ്പിച്ചത് എന്ന് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

മാതാപിതാക്കളുടെ മരണവിവരമറിഞ്ഞാല്‍ എല്ലാ തിരക്കും മാറ്റിവെച്ച് വിമാനം കയറുകയും. കുറെ ദിവസം നാട്ടില്‍ നില്‍ക്കുകയും മരണാനന്തര ചടങ്ങുകള്‍ ഗംഭീരമായി നടത്തുകയും ചെയ്തു കൊണ്ട് നാം മാതാപിതാക്കളോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചാല്‍ മതിയോ.

ആണ്‍മക്കളും മക്കളുടെ മക്കളും പ്രവാസികള്‍ ആണെങ്കില്‍ ഒരാളെങ്കിലും സ്ഥിരമായി നാട്ടില്‍ ഉണ്ടാവുകന്ന രീതിയില്‍ ലീവ് ക്രമീകരിക്കാന്‍ സാധിച്ചാല്‍ പോലും വലിയ നേട്ടമാണ് എന്ന് മനസ്സിലാക്കുക.


ഈ തിരക്കുകള്‍ എല്ലാം കഴിഞ്ഞ് നാം എത്തിച്ചേരുന്നതും ഇതേ അവസ്ഥയിലേക്കാണ്. പുതിയ കാലത്തിന്‍റെ സമ്മാനമായ എല്ലാ രോഗങ്ങളും പേറുന്ന ശരീരങ്ങളുമായി. ഇതിലും തിരക്കേറിയവര്‍ ആയിരിക്കും നമ്മുടെ മക്കള്‍. ഒരു തിരിച്ചറിവിന് അത്രയും കാലം കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ല. നാം തന്നെയാണ്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും ഗതികെട്ടതും ദുരിതപൂര്‍ണ്ണവും ആയ ഒരു ജീവിതസായന്തനം ആവാതിരിക്കട്ടെ നമുക്കെങ്കിലും. അതിനായി നമ്മുടെ മക്കള്‍ക്ക് നാം മാതൃകയാവുക.