Monday, April 28, 2014

ദേശ ചരിത്രത്തിന്‍റെ, അടഞ്ഞുപോകുന്ന വാതിലുകള്‍

((2.05.2014) 4PM NEWS 'സസ്നേഹം' പ്രസിദ്ധീകരിച്ചപ്പോള്‍.)
നാട്ടിന്‍പുറത്തുകൂടെ മഞ്ഞ നിറമുള്ള സ്കൂള്‍ ബസ്സുകള്‍  ഓടുന്നതിനും മുമ്പ്, സ്കൂള്‍കുട്ടികള്‍ യൂണിഫോം ധരിക്കുന്നതിനും  മുമ്പ്, സ്കൂളുകള്‍ തന്നെ ഉണ്ടാകുന്നതിനും മുമ്പ്, ഞങ്ങളുടെ നാട്ടിലൊരു എഴുത്തുപള്ളിയുണ്ടായിരുന്നു. ചെറുപ്പക്കാരൊക്കെ ജിമ്മിലും, ചെറുപ്പം പിന്നിട്ടവര്‍ പ്രഭാത നടത്തത്തിനും പോകുന്ന കാലത്തിനും മുമ്പ് ഞങ്ങളുടെ നാട്ടില്‍ കളരികളുണ്ടായിരുന്നു. ജ്വല്ലറികളില്‍ മാവേലി സ്റ്റോറിലെന്നപോലെ തിരക്കാവുന്നതിനും മുമ്പ് ഞങ്ങളുടെ നാട്ടിലൊരു തട്ടാനുണ്ടായിരുന്നു. സൂപ്പര്‍ മാര്‍കറ്റില്‍ നിന്നും അരിച്ചാക്ക് ‘ഡോര്‍ ഡെലിവറി’ ചെയ്തു തുടങ്ങുന്നതിനും എത്രയോ കാലം മുമ്പ്  നെല്ല് കൊയ്തു കൂട്ടിയ വലിയ കളപ്പുരകളുള്ള നാടായിരുന്നു ഞങ്ങളുടേത്.....

ഈ ചരിത്രമൊക്കെ  ആരെങ്കിലും  എഴുതി വെച്ചിട്ടുണ്ടോ?........... ഉണ്ട് പൊടിഞ്ഞു തുടങ്ങിയ പഴയ അടിയാധാരങ്ങളിലും, പണം പയറ്റിന്‍റെ കണക്കെഴുതിയ പുസ്തകങ്ങളിലുമൊക്കെയായി പേരിനൊപ്പം ചേര്‍ത്ത വീട്ടുപേരുകള്‍ വിളിച്ചു പറയുന്നുണ്ട് ദേശത്തിന്‍റെ ഇന്നലെകളുടെ ചരിത്രം.

അന്നത്തെ  ഭൂപ്രകൃതിയുംകൃഷിയുംകച്ചവടവുംസ്ഥാപനങ്ങളും, വ്യക്തികളും തൊഴിലുമൊക്കെ ചേര്‍ന്ന പഴയ വീട്ടുപേരുകള്‍. കൌതുകപൂര്‍വ്വം എല്ലാമൊന്നു  ചേര്‍ത്തുവെച്ചാല്‍ കിട്ടും നിങ്ങളുടെ നാടിന്‍റെയും  ഇന്നലെകളുടെ  അതിശയിപ്പിക്കുന്നൊരു ചിത്രം.


നിരത്തും, റെയിലും, കോണ്‍ക്രീറ്റ് വീടുകളുമെല്ലാം മനസ്സില്‍ നിന്ന് മായ്ച്ചുകളയുക. കയ്യില്‍ പലകയും മണലുമായി തെങ്ങിന്‍ പാലം കടന്ന് നാട്ടിടവഴിയിലൂടെ  എഴുത്തുപള്ളിയിലേക്ക് പോകുന്ന ഉടുപ്പിടാത്ത, തോര്‍ത്തും കോണകവുമുടുത്ത  ബാലികാബാലന്മാര്‍. കളരിയില്‍ കച്ചകെട്ടി ഓതിരവും കടകവും മറിയുന്ന ചെറുപ്പക്കാരുടെ എണ്ണയും വിയര്‍പ്പും തിളങ്ങുന്ന ശരീരങ്ങള്‍. ഉമിത്തീയില്‍ ഊതുന്ന  തട്ടാന്‍റെ മുന്നില്‍ അലിക്കത്തും ചിറ്റും മാട്ടിയും ഉണ്ടാക്കാനിരിക്കുന്ന ഉമ്മച്ചിപ്പെണ്ണുങ്ങള്‍. കറ്റ മെതിച്ചും പൊലി അളന്നും ആളും ബഹളവും നിറഞ്ഞ കളപ്പുര........

‘എഴുതുപള്ളിപ്പറമ്പും’ ‘കളരിവളപ്പിലും’ ‘തട്ടാന്റവിടെ’യും ‘കളത്തിലും’.... ആ പഴയ വീട്ടുപേരുകള്‍. ഏതോ കാലത്തെ എന്‍റെ നാടിനെ ബ്ലാക്ക്&വൈറ്റ് സിനിമയിലെന്ന പോലെ കാട്ടിത്തരുന്നു, 

‘പീടികയിലും’ ‘പീടിക വളപ്പിലും’ ഞങ്ങളുടെ നാട്ടിലെ വീട്ടു പേരുകളാണ്. അവിടെയൊക്കെ ഉണ്ടായിരുന്ന കടകളെ കുറിച്ച് കഴിഞ്ഞ തലമുറക്ക് പോലും ഓര്‍മ്മയില്ല. ‘കുന്നത്ത്’ കുന്നിന്‍റെ മുകളിലായിട്ട് വരുമെങ്കിലും ‘കുന്നോത്ത്’ കുറച്ചു ദൂരെയാണ്. തൊട്ടടുത്തുള്ള  ദൈവമുള്ള കുന്നോത്തി’ന്‍റെ പിറകിലെ ചരിത്രം എന്താവാം. മൂടാടി എന്ന് ഇന്നറിയപ്പെടുന്ന ഇടത്തുനിന്നും കുറച്ചു ദൂരെയാണ്  ‘മൂടാടികണ്ടി’യുള്ളത്.

വയല്‍ മണ്ണിട്ടുയര്‍ത്തി വീട് വെച്ചപ്പോഴും വീട്ടുപേര് പൊയിലില്‍ എന്ന് തന്നെ. തൊട്ടടുത്ത് വയല്‍ നികത്തിയെടുത്ത കുനിയിലും’ ‘പറമ്പിലും’.  ‘കളമുള്ളതില്‍ എന്ന് ആധാരത്തില്‍ കാണുന്നത് ലോപിച്ചാണ് കളത്തില്‍ ആയത്. തൊട്ടടുത്ത് കളത്തില്‍കണ്ടിയും, ‘പൊന്നാട്ടിലും’ ‘പൊന്നാട്ടുംകണ്ടിയുമുണ്ട്. ചാത്തമോത്താണോ ചാത്തോത്ത്ആയി മാറിയത്

ഉമ്മയുടെ തറവാടിന്‍റെ പേര് മടത്തുവീട്ടില്‍ എന്നായിരുന്നു. മഠത്തുവീട്ടില്‍ എന്നത് പറഞ്ഞു പറഞ്ഞ് തേഞ്ഞ് ഇങ്ങനെ ആയിത്തീര്‍ന്നതാണ്. പണ്ട് പണ്ട് ഏതോ കാലത്ത് പട്ടന്മാര്‍ താമസിച്ചിരുന്ന മഠമായിരുന്നുവത്രെ ഇവിടം.. തലമുറകള്‍ കൈമാറി വന്ന ഈ ചരിത്രം വല്യുപ്പ പറഞ്ഞു കേട്ടതാണ്. ഞങ്ങളുടെ നാട്ടില്‍ പട്ടന്മാര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഈ തലമുറ മാത്രമല്ല കഴിഞ്ഞ തലമുറയും അതിശയിക്കും. 

കൃഷിയും കൃഷിക്കാരും  ഏറെയുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ വീട്ടുപേരുകള്‍ അധികവും  കുനിയും, കണ്ടിയും, പറമ്പും, പൊയിലുമൊക്കെയായത് സ്വാഭാവികം. ഞങ്ങളുടെ അടുത്ത പ്രദേശമായ ചരിത്ര പ്രസിദ്ധമായ പന്തലായനി കൊല്ലവും  കൊയിലാണ്ടിയിലുമുള്ള അധിക വീട്ടുപേരുകളും  ആ പ്രദേശത്തിന്‍റെ ചരിത്ര വസ്തുതകളിലേക്കും മുമ്പ് ജീവിച്ച പ്രധാന വ്യക്തികളിലേക്കും വെളിച്ചം വീശുന്നതാണ്. 

ചൈനക്കാരുമായി വ്യാപാര ബന്ധം ഉണ്ടായിരുന്ന പന്തലായനി കൊല്ലത്തെ വീട്ടു പേരുകളാണ് ‘ചീനന്മാരക’വും, ‘ചീനവളപ്പു’മെല്ലാം. ‘എറമാക്കാന്റക’വും, ‘അവറാങ്കത്തും’, ‘ഉസ്സാങ്കത്തും’ ‘മുസാദാക്കാന്റാട’യും  ‘അറക്കലും’ ‘ഈസലകത്തും’ ‘ബാസൽമിന്റാടയും’ ‘തോപ്പിലും’ ‘പിയാളക്കലും (പുതിയ മാളിയക്കൽ) ‘മാളിയേക്കലും’ ‘വലിയ പുരയിലും’  മെല്ലാം കൊയിലാണ്ടിയിലെ പഴയ മുസ്ലിം തറവാടുകളുടെ പേരാണ്. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി  പ്രതാപികളായ അന്നത്തെ തറവാട്ടുകാരണവന്മാരുടെ പേര് ചേര്‍ത്തും. വീടിന്‍റെ പകിട്ട്( മാളിക, വലിയ വീട്) ചേര്‍ത്തും വീട്ടു പേരായി തീരുകയാണിവിടെ. കോഴിക്കോട് കുറ്റിച്ചിറ ഭാഗത്തെ മുസ്ലിം വീട്ടുപേരുകളും ഏകദേശം ഇതേപോലെ.

മലപ്പുറത്തെ വീട്ടുപേരുകളില്‍ മൂച്ചിയും(മാവ്) തൊടിയുമൊക്കെ എമ്പാടും  .തിരുവനന്തപുരത്തെത്തുമ്പോള്‍  ‘വിളാകം’ എന്ന് ഏറെ കാണാം. ശബ്ദതാരാവലിയില്‍ ‘വിള’ എന്നാല്‍ പുരയിടം എന്നൊരു അര്‍ത്ഥവും ഉണ്ട്.

കാലം മാറിയപ്പോള്‍ കൂട്ടുകുടുംബമെന്നത് മാറി ഭാഗം വെച്ചു കിട്ടിയതും വിലക്ക് വാങ്ങിയതുമായ പറമ്പുകളില്‍ ഓടിട്ട വീടുകളും കോണ്‍ക്രീറ്റ് വീടുകളും ഉയരാന്‍ തുടങ്ങിയപ്പോള്‍ ‘മന്‍സിലുകളും’  ‘ഭവനുകളും’ ‘ഹൌസുകളു’മായി വീട്ടുകാരന്‍റെയോ/കാരിയുടെയോ മക്കളുടെയോ പേര് ചേര്‍ത്തുള്ള വീട്ടുപേരുകള്‍   ഗേറ്റിനു മുകളില്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ സ്ഥാനം പിടിച്ചു.


ഇടവഴികളൊക്കെ ടാറിട്ട റോഡുകളായി മാറുകയും, മലയാളിയുടെ ഗൃഹ സങ്കല്‍പ്പം തന്നെ മാറിമറിയുകയും ചെയ്തപ്പോള്‍ വീട്ടുപേരുകളിലും ഉണ്ടായി മാറ്റം. മക്കള്‍ക്ക്‌ പേരിടുന്നപോലെ പറയാനും കേള്‍ക്കാനും ഇമ്പമുള്ള അര്‍ത്ഥമുള്ള വീട്ടുപേരുകള്‍  പിച്ചളയിലും, സ്റ്റീലിലും, ഗ്രാനൈറ്റിലുമൊക്കെ വീട്ടുമതിലില്‍ വിലാസമായി പ്രൌഡിയോടെ നില്‍ക്കുന്നു. ‘കൌസ്തുഭം’ ‘ആയിഷാസ്’’പൂങ്കാവനം’ ‘പാരഡൈസ്’......

പക്ഷെ അറിയാതെ നാം അടച്ചുകളഞ്ഞത്  ഓരോ പ്രദേശത്തിന്‍റെയും ഇന്നലെകളുടെ,  നമ്മുടെ പൂര്‍വ്വീകരുടെ  ചരിത്രത്തിലേക്ക് തുറന്നുവെച്ച  വാതിലുകളാണ്. എങ്ങും രേഖപ്പെടുത്താതെ ഇനിയൊരു തലമുറ കഴിയുമ്പോള്‍ നമുക്കത് എന്നെന്നേക്കുമായി നഷ്ടപ്പെടും. നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ നഷ്ടം കനത്തതാണ്.

വരാനുള്ള തലമുറയില്‍ ഏതെങ്കിലുമൊരു കുട്ടി താന്‍ ജനിച്ചു വീണ മണ്ണിന്‍റെയും പൂര്‍വ്വീകരുടെയും ചരിത്രമറിയാന്‍ ഇറങ്ങിയാല്‍, യാത്ര കഴിഞ്ഞു തിരിച്ചു പോകുന്നൊരു യാത്രികന്‍ താന്‍ പുറപ്പെട്ടു പോന്നയിടവും വഴിയും  ആള്‍ താമസമില്ലാത്ത ശൂന്യമായ മരുഭൂമിയായി മാറിയത് കണ്ടു പകച്ചു നില്‍കുന്ന പോലെ നില്‍ക്കേണ്ടി വരും.


അതില്ലാതിരിക്കാന്‍ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി നമുക്ക് കുറിച്ച് വെക്കാം, ഇന്നലെകളിലെ വീട്ടുപേരുകളെങ്കിലും. നാം കെട്ടിപ്പൊക്കിയതൊക്കെ ഒരുകാലത്ത് തകര്‍ന്നടിഞ്ഞ് ഇല്ലാതായാലും  വരും തലമുറക്കായി  ബാക്കി വെക്കാന്‍......

Monday, April 21, 2014

‘പേര്‍ഷ്യക്കാരന്‍റെ വരവ്’

ഒരു മുപ്പത്തിയഞ്ചു കൊല്ലം മുമ്പുള്ള കാര്യമാണ്. നാട്ടിന്‍ പുറത്ത് നിന്ന് ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തുടങ്ങിയ കാലം. ചെറ്റപ്പുരകളും കട്ടപ്പുരകളും ഓടിട്ടതും വാര്‍പ്പിട്ടതുമായ വീടുകള്‍ ആയി മെല്ലെ മെല്ലെ അതിശയിപ്പിച്ച കാലം.  പിന്നെ   ഇടവഴികളിലെ കാറ്റില്‍   അത്തറിന്‍റെ മണവും മാപ്പിളപ്പാട്ടിന്‍റെ ഈരടിയും ഒന്നിച്ചൊഴുകിയ കാലം. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കവും.....

 മനസ്സിലേക്ക്  ഒരു ബസ്സ്‌ ഹോണടിച്ചെത്തുന്നു. മണ്ണിലും പൊടിയിലും  മൂടിയ ഒരു ബസ്സ്‌ . 
 ‘ബോംബെബസ്’ എന്ന് പൊതുവെ വിളിക്കപ്പെടുന്ന  ‘മദീനാ ട്രാവല്‍സും’ ‘ശര്‍മ്മ ട്രാന്‍സ്പോര്‍ട്ടും’ ആണ് അന്ന് ബോംബെയില്‍ നിന്ന് നാട്ടിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍. ഹൈവേയിലൂടെ  എടുപ്പും ഗൌരവവും ഉള്ള ബോംബെബസ്സുകള്‍ കടന്നുപോകുമ്പോള്‍  കൌതുകത്തോടെയും ആദരവോടെയും ഞങ്ങള്‍ നോക്കി നിന്നു.

ആ ബസ്സുകളിലെ  യാത്രികള്‍  ‘പേര്‍ഷ്യക്കാരാ’ണ്. അറബിക്കടലിനക്കരെ മരുഭൂമിയില്‍  നിന്ന് അലാവുദ്ധീന്‍റെ അത്ഭുതവിളക്ക് കിട്ടിയവര്‍. ധാരാളം പൊന്നും പണവുമായി അവര്‍ നാട്ടിലേക്ക് തിരിച്ചു വരികയാണ് ഉറ്റവരെ കാണാന്‍, അത്ഭുത വിളക്ക് തന്ന സൌഭാഗ്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ നിരത്താന്‍.

ഇടക്കൊക്കെ ഞങ്ങളുടെ അങ്ങാടിയിലും ‘ബോംബെബസ്സുകള്‍’ നിര്‍ത്താറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കടല്‍ കടന്നുപോയ നാട്ടുകാരനായ ഏതോ ചെറുപ്പക്കാരന്‍ ഒരു സുല്‍ത്താനെപ്പോലെ ‘സുജായി’യായി ഞങ്ങളുടെ മുന്നില്‍ ഇറങ്ങും. അതൊരു കാഴ്ച തന്നെയാണ്. ഒരു നാട് മുഴുവനും നോക്കി നില്‍ക്കുന്ന ‘അതൃപ്പ’ക്കാഴ്ച.

എത്ര അകലെ നിന്നും ബോംബെ ബസ്സിന്‍റെ ശബ്ദം ഞങ്ങള്‍ കുട്ടികള്‍ പോലും തിരിച്ചറിയുമായിരുന്നു. അത് കൊണ്ട് തന്നെ നന്തി ഗെയ്റ്റ് കഴിഞ്ഞ് ഗിയര്‍ മാറ്റിയത് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ക്കറിയാം ബസ്സ്‌ ഞങ്ങളുടെ അങ്ങാടിയില്‍ നിര്‍ത്താന്‍ പോകുന്നെന്ന്. അങ്ങാടിയിലെ തിരക്കേറിയ വൈകുന്നേരത്തിന്‍റെ ‘ഒച്ചയും വിളിയും’ അന്നേരമൊന്നടങ്ങും.

അസര്‍ നമസ്കാരം കഴിഞ്ഞ് പള്ളിപ്പടിയിലിരുന്ന്‍ വര്‍ത്തമാനം പറയുന്ന നാട്ടുകാരണവന്മാരുടെയും, പീടികമുറിയില്‍ കേരം ബോര്‍ഡ് കളിക്കുന്ന പണിയില്ലാത്ത ചെറുപ്പക്കാരുടെയും, മീഞ്ചാപ്പയില്‍ മീന്‍ വാങ്ങിക്കാന്‍ വന്നവരുടെയുംമാര്‍ക്കറ്റിനു  പിറകില്‍ പുല്ലു വില്‍ക്കാന്‍ വന്ന ചെറുമികളുടെയും, അപ്പ്വായരുടെ റേഷന്‍ ഷാപ്പില്‍  വരി നില്‍ക്കുന്നവരുടെയും, ശങ്കരേട്ടന്‍റെ ഹോട്ടലില്‍  ‘സുഗീനും’ ചായയും കുടിക്കുന്നവരുടെയും, അവുള്ളക്കുട്ടിക്കാന്‍റെ  പീടികച്ചെയ്തിയില്‍ ഇരുന്ന്‍ സൊറ പറയുന്നവരുടെയുമൊക്കെ  ശ്രദ്ധ അങ്ങോട്ടു തിരിയും. ‘പേര്‍ഷ്യക്കാര’നെ വരവേല്‍ക്കാന്‍ അങ്ങാടി ഒരുങ്ങും.

അങ്ങാടിയിലെ ചുമട്ടുകാരായ കൊന്നക്കല്‍ മമ്മദ്ക്കയും, കുഞ്ഞിരാമേട്ടനുമൊക്കെ ജാഗരൂകരാവും. തലയില്‍ അരിച്ചാക്കോ, ‘മാലില്‍’ നിറച്ച തേങ്ങയോ ഉണ്ടെങ്കില്‍  തന്നെ ബോംബെ ബസ്സിന്‍റെ ശബ്ദം കേട്ടാല്‍ തലയിലുള്ളത് അവിടെയിട്ട് അവര്‍ അങ്ങാടിയിലേക്ക് ഓടും.

അറബിയുടെ ചിത്രവും ഇളംനീല നിറവുമുള്ള ഫോറിന്‍ കത്തുകള്‍ കുപ്പായക്കീശയില്‍ കുത്തി നിറച്ച, ആ സമയത്ത് അങ്ങാടിയിലുള്ള ചില ബാപ്പമാരുടെ ഉള്ളില്‍ നിന്നൊരു ആവി മേലോട്ടുയരും.

‘ഓനായിരിക്ക്യോ റബ്ബേ .........പെരുന്നാളിന് മുമ്പ് വരുംന്ന് കത്തിലുണ്ടായ്നല്ലോ...’

ഞങ്ങളുടെ ആകാക്ഷയെ അവസാനിപ്പിച്ചുകൊണ്ട് ഗംഭീര ഭാവത്തോടെ, മണ്ണിലും പൊടിയിലും മുങ്ങിയ ബോംബെ ബസ്സ്‌ ‘സുഹറാ സൌണ്ട്സിനു’ മുന്നില്‍ കിതപ്പടക്കി നില്‍ക്കും. അപ്പോഴേക്കും അങ്ങാടിയിലെ പുരുഷാരം ബസ്സിനെ വലയം ചെയ്തിട്ടുണ്ടാകും.

ബസ്സ്‌ നിര്‍ത്തി  പുറത്തേക്ക് ചാടിയിറങ്ങുന്ന ഡ്രൈവര്‍ ഒരു രാജാവിനെപ്പോലെ അക്ഷോഭ്യനായി ബസ്സ്‌ ചാരി നിന്നൊരു സിഗരറ്റിനു തീക്കൊളുത്തും. കിളി പറന്നു ബസ്സിനു മുകളില്‍ എത്തി ലഗ്ഗേജ് കെട്ടിപ്പൊതിഞ്ഞ താര്‍പ്പായ അഴിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.

കഴുത്തിലൊരു  തോര്‍ത്ത്‌ ചുറ്റിയ സഹയാത്രികരില്‍ ചിലര്‍ അവിടെ ഇറങ്ങി  ചുറ്റും കൂടിയ പുരുഷാരത്തെ ഒട്ടും ഗൌനിക്കാതെ അങ്ങാടിയിലെ കടകളില്‍ നിന്ന് ചായയും സര്‍ബത്തും കുടിക്കുകയും സിഗരറ്റ് വലിച്ചൂതുകയും ചെയ്യും. സൂപ്പര്‍ താരങ്ങളെ കണ്ടപോലെ ആദരവോടെ ഞങ്ങള്‍ അവരെ നോക്കിനില്‍ക്കും  ഓരോ ചലനങ്ങളും കൌതുകത്തോടെ നിരീക്ഷിക്കും.

ഞങ്ങള്‍ കുട്ടികള്‍ ഇനിയും കടന്നുപോകാനുള്ള നാടുകളില്‍ ആരൊക്കെയോ വായിക്കുവാന്‍  ബസ്സിന്‍റെ പൊടി മൂടിയ ചില്ലുകളില്‍ വിരലുകൊണ്ട് ഞങ്ങളുടെ പേരെഴുതിവെക്കും. ദേശത്തിന്‍റെ അടയാളം രേഖപ്പെടുത്തുന്നപോലെ.

ഏറെ സമയമായിട്ടും  പേര്‍ഷ്യക്കാരന്‍ ഇറങ്ങുന്നില്ലല്ലോ! ആളെ അറിയാന്‍   അത്രയേറെ അക്ഷമരും ആകാംക്ഷാഭരിതരുമാണ് ഞങ്ങള്‍.  കറുത്ത ചില്ലും, ഉള്ളിലെ ഇരുട്ടും  ബസ്സിന്റെ ഉള്ളിലെ കാഴ്ചകള്‍ ശരിക്ക് വ്യക്തമല്ല.
‘സാധനങ്ങള്‍ എടുക്ക്വായിരിക്കും  അതാ  വൈകുന്നത്’
‘മൊകം കാണ്ന്നില്ല ........’
‘അതാ.........അതാ  എറങ്ങ്ന്നുണ്ട്’

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞങ്ങളുടെ മുന്നിലേക്ക് ബെല്‍ബോട്ടം പാന്റിട്ട കാലുകള്‍ ദൃശ്യമാവുന്നു. ഇറുകിയ കുപ്പായത്തിനെ  പിടിച്ചു നിര്‍ത്തുന്ന പ്രസ്ബട്ടനുകള്‍. വീതിയുള്ള കോളറിന് മുകളിലോട്ട് ചെവി മൂടിയ ഹിപ്പി മുടിയും, കൃതാവും, വരമീശയും. കൂളിംഗ് ഗ്ലാസ് കണ്ണട........വലം കൈയിലൊരു ‘543 സെറ്റും’ ഇടതു കൈയില്‍ സൂട്ട്കെയ്സും...........  .ആരാണീ അപരിചിതന്‍!!!

ഞങ്ങളുടെ മുന്നില്‍ അവതരിച്ച  വെളുത്തു തുടുത്ത സുമുഖനെ ‘ഡീകോഡ്’ ചെയ്തെടുക്കാന്‍ ഞങ്ങള്‍ പാടുപെടുന്നു.  ഒടുവില്‍  തിരിച്ചറിഞ്ഞ് ഞങ്ങള്‍ അമ്പരക്കുന്നു.
‘അള്ളാ........ഇത് ഞമ്മളെ.............’

അങ്ങാടിയിലെ ചായപ്പീടികയുടെ അടുക്കളയിലോ, മീഞ്ചാപ്പയിലോ, റമളാനില്‍ സക്കാത്ത് വാങ്ങാന്‍ വരി നില്‍ക്കുന്നിടത്തോ,  മൌലീദിന്‍റെ അരി കൊടുക്കുമ്പോഴോ കണ്ട മെലിഞ്ഞൊട്ടിയ രൂപത്തിനുണ്ടായ മാറ്റം കണ്ട് ഞങ്ങളുടെ കണ്ണുകള്‍  ആശ്ചര്യം കൊണ്ട് വിടരുന്നു. 
  
എല്ലാവര്‍ക്കും ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് വന്നയാള്‍ ബസ്സിനു മുകളിലുള്ള ‘കിളി’ക്ക് നിര്‍ദേശം കൊടുക്കുന്നു.

‘വോ ഉത്താരോ .....നഹീ വോ ലാല്‍വാലാ ബഡാ പേട്ടി...’
 ആവുന്നത്ര മെനക്കെട്ടിട്ടും ഹിന്ദിയില്‍ ഒരു വാക്കുപോലും പഠിക്കാതെ സ്ഥിരമായി വട്ടപ്പൂജ്യം വാങ്ങിയവന്‍  മണിമണി പോലെ  ഹിന്ദി പറയുന്നത് കേട്ട് വീമംഗലം സ്കൂള്‍ വിട്ട് ബസ്സ്‌ കാത്തു  നില്‍ക്കുന്ന രമണി ടീച്ചര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു.

വലിയ പെട്ടി തലയിലാക്കാന്‍ ചുമട്ടുകാര്‍ തമ്മില്‍ തിരക്ക് കൂട്ടും. കറുപ്പും ചുവപ്പും കള്ളിയുള്ള പെട്ടി നിലത്തെത്തും മുമ്പ് കൂട്ടത്തിലെ തടിമിടുക്കുള്ള ആള്‍ തലയിലേറ്റി ഓടും. പിന്നാലെ ‘ഫോറിന്‍പുല്ലുപായ’യില്‍ പൊതിഞ്ഞ ബെഡ്, മറ്റൊരു പെട്ടി, സൂട്ട്കെയ്സ് ഇതൊക്കെ നിലം തൊടാതെ പറക്കും. ടേപ്പ്റിക്കാര്‍ഡര്‍ മാത്രം ആര്‍ക്കും വിട്ടു കൊടുക്കാതെ വന്നയാള്‍ കൈയില്‍ മുറുകെ പിടിച്ചിട്ടുണ്ടാകും.

ആളിറങ്ങിക്കഴിഞ്ഞ്  ബസ്സ്‌ പുറപ്പെടുന്നു. പരിചയക്കാര്‍ക്കൊക്കെ കൈ കൊടുത്തും ലോഗ്യം പറഞ്ഞും പേര്‍ഷ്യക്കാരന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായ ചെറിയൊരു ആള്‍ക്കൂട്ടത്തിന്‍റെ അകമ്പടിയോടെ വീട്ടിലേക്ക്. കാരം ബോര്‍ഡില്‍ സ്ട്രൈക്കര്‍ തുരുതുരെ ഊക്കോടെ അടിക്കുന്ന ശബ്ദം പിരിഞ്ഞു പോകുന്ന ആള്‍ക്കൂട്ടത്തിന്‍റെ പിറുപിറുക്കലില്‍ അലിഞ്ഞു പോകുന്നു.  

വീട്ടിലേക്ക് പോകുന്ന വഴിയില്‍, വേലിക്കരികിലും തിണ്ടിനു മുകളിലും അടുക്കള ജാലകത്തിന് പിറകിലുമായി  നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ പേര്‍ഷ്യക്കാരന്‍റെ വരവ് സാകൂതം നോക്കി നില്‍ക്കുന്നുണ്ടാവും.  
അകന്ന ബന്ധുവായ സ്ത്രീയോട്  ‘എന്തൊക്കാ കദീശച്ചാ സുഖം തന്നല്ലേ...’ എന്ന് ‘പേര്‍ഷ്യക്കാരന്‍’ ചോദിക്കുമ്പോള്‍ അഭിമാനം കൊണ്ട് കദീശച്ചകണ്ടോടീ’ എന്ന മട്ടില്‍  മരുമോളെ ഒളികണ്ണിട്ട് നോക്കുന്നു.

പണ്ട് ഇറങ്ങിപ്പോയ  ചെറ്റപ്പുരക്ക് പകരം ഉയര്‍ന്നു നില്‍ക്കുന്ന വാര്‍പ്പിട്ടതോ ഓടിട്ടതോ ആയ വീട്ടിലേക്ക് അയാള്‍ കയറിച്ചെല്ലുന്നു. അന്തംവിട്ടു നില്‍ക്കുന്ന ബാപ്പയും, സന്തോഷക്കണ്ണീരോടെ സ്വീകരിക്കുന്ന ഉമ്മയും, കൂടെപ്പിറപ്പുകളും. ഒരുപാട് വട്ടം മനസ്സില്‍ വരച്ചിട്ട സമാഗമം. ഈ ഒരു വേളയെ കുറിച്ചുള്ള സങ്കല്‍പവും സ്വപ്നവുമാണല്ലോ കത്തുന്ന മരുഭൂമിയില്‍ ആ ചെറുപ്പക്കാരനെ വാടാതെ പിടിച്ചു നിര്‍ത്തിയത്. 

വീട്ടു മുറ്റത്ത് കാത്തു നില്‍ക്കുന്നചുമട്ടുകാരുടെ കൈകളിലേക്ക്  വെച്ച് കൊടുക്കുന്ന നൂറിന്‍റെയും അമ്പതിന്‍റെയും നോട്ടുകള്‍ . അത്തറിന്‍റെ മണമുള്ള പിടക്കുന്ന പച്ചനോട്ടുകള്‍. സന്തോഷത്തോടെ അവര്‍ പടിയിറങ്ങിപ്പോകുന്നു.

ഇനി ഒരുപാടുപേര്‍ ഈ പടി കയറി വരും. പണ്ട് തിരിഞ്ഞു നോക്കാഞ്ഞ ബന്ധുക്കള്‍, പള്ളിക്കമ്മിറ്റിക്കാര്‍, നാട്ടുകാര്‍, അക്കരക്ക്‌ ഒരു ‘എന്നോസി’ ചോദിച്ചു വരുന്നവര്‍,  വിവാഹാലോചനക്കാര്‍.........

അതൊരു  കാലമായിരുന്നു. അതിശയം  പോലെ ഓര്‍ക്കാന്‍ ഒരു കാലം.  പഴയ പേര്‍ഷ്യക്കാരന്‍റെ പകിട്ടിന്‍റെയും പത്രാസിന്‍റെയും പിന്നിലെ കണ്ണീര്‍ കഥകളും ഗള്‍ഫ്  എന്ന സ്വര്‍ഗ്ഗലോകത്തിലെ കത്തുന്ന  വെയിലും നട്ടെല്ല് വിറക്കുന്ന തണുപ്പും വേര്  പറിഞ്ഞു ജീവിക്കുന്നവന്‍റെ വേദനകളും  ഇന്ന് എല്ലാര്‍ക്കും  അറിയാം.


അങ്ങാടിയിലൂടെ ഇപ്പോഴും ബോംബെ ബസ്സുകള്‍ കടന്നുപോകാറുണ്ട്. ചിലപ്പോഴൊക്കെ അവിടെ  ഇറങ്ങാന്‍ നാട്ടുകാര്‍  ആരെങ്കിലുമൊക്കെ ഉണ്ടാകാറുമുണ്ട്. ഗള്‍ഫില്‍ ഏറെനാള്‍ ജയിലില്‍ കിടന്നോ രോഗം വന്നോ ആരോ ഔദാര്യമായി എടുത്തു കൊടുത്ത ടിക്കറ്റില്‍ ബോംബെയില്‍ വിമാനമിറങ്ങിയവന്‍.



കഴിയുന്നതും രാത്രിയില്‍ നാട്ടിലെത്തുന്ന ബസ്സിലാണ് അയാള്‍  വരിക. അങ്ങാടിയില്‍ എത്തുന്നതിനു മുമ്പോ, അങ്ങാടി കടന്ന ശേഷമോ  ബസ്സ്‌ നിര്‍ത്തിച്ച് അയാളിറങ്ങും. കൈയില്‍ പെട്ടിയുടെ ഭാരമില്ലാതെ, കാത്തു നില്‍ക്കാന്‍ ആളില്ലാതെ തന്‍റെ  ഭാവി പോലെ കട്ട പിടിച്ച ഇരുട്ടിലേക്ക് ഏകനായി അയാള്‍  നടന്നുപോകും..............ഒരു പേര്‍ഷ്യക്കാരന്‍. അല്ല എക്സ് ഗള്‍ഫുകാരന്‍.

ഗള്‍ഫ് മാധ്യമം  ചെപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ (20.3.2015)