Thursday, July 31, 2014

പാട്ടുവഴികളിലെ പണംപയറ്റുപീടിക

ഇത് പാട്ടിന്‍റെ കാലമാണ്. ഇന്ന് ലോകത്തിന്‍റെ ഏതു കോണില്‍ ഇറങ്ങുന്നൊരു പാട്ടും സംഗീതവും നിമിഷങ്ങള്‍ കൊണ്ട് എങ്ങുമെത്തുന്നു. ആയിരക്കണക്കിന് പാട്ടുകള്‍ ചെറിയൊരു മെമ്മറികാര്‍ഡില്‍ ഒതുക്കി സൂക്ഷിക്കാന്‍ കഴിയുന്നു. ഇഷ്ടപ്പെട്ട ഗാനം ഇന്റര്‍നെറ്റിലൂടെ തെരഞ്ഞ് കേള്‍ക്കാന്‍ കഴിയുന്നു. ഇരിപ്പിലും നടപ്പിലും കിടപ്പിലും ആര്‍ക്കും അലോസരമില്ലാതെ പാട്ട് കേള്‍ക്കാനും ലയിക്കാനും ഭാഗ്യമുള്ള തലമുറ. ഏതു ദരിദ്രനും ഇഷ്ടഗാനം  പ്രാപ്യമായ കാലം.

 സീഡിയുടെ കാലവും കഴിയുന്നുവെന്ന്‍ ഇന്നലെ പത്രവാര്‍ത്ത. സീഡിക്ക് മുമ്പ്, കാസറ്റ് കാലത്തിനും മുമ്പ് 'വിവിധഭാരതി'യും 'ഇഷ്ടഗാനങ്ങളും' 'ബിനാക്കാ ഗീത് മാല'യും ഒക്കെയായി റേഡിയോ എല്ലാ വീടുകളിലും എത്തുന്നതിനും  മുമ്പ്. നാട്ടിന്‍ പുറങ്ങളില്‍ പാട്ട് കേള്‍ക്കാനും പാടാനും പൂതി വെച്ചു നടന്ന ചെറുപ്പക്കാരുടെ സംഗീത മോഹങ്ങളേ തൃപ്തിപ്പെടുത്തിയത് എന്തൊക്കെ ആയിരുന്നു.

‘ഞാട്ടിപ്പാട്ടിലും*’ കോല്‍ക്കളിയിലുമൊക്കെ ഉള്ളു തുറന്നു പാടി ആഹ്ലാദിച്ച നാട്ടുംപുറത്തെ ‘സംഗതി’ അറിയാത്ത പാട്ടുകാര്‍. നാടന്‍ ക്ലബ്ബുകളിലെ വാര്‍ഷികങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ഗാനമേളകളിലാണ് തബലയും ഗിറ്റാറും ട്രിപ്പിള്‍ ഡ്രമ്മുമൊക്കെ അവര്‍ നേരില്‍ കണ്ടത്.

പാട്ടുപെട്ടി എന്ന അത്ഭുതം അതിശയപ്പെടുത്തിയ ഒരു തലമുറയായിരുന്നു അതിനു മുമ്പ്. കൈ കൊണ്ട് വൈന്‍ഡ് ചെയ്ത് തിരിയുന്ന  കറുത്ത ‘റിക്കാര്‍ഡില്‍ ഉരയുന്ന സൂചിയും  കോളാമ്പിയിലെ പാട്ടും.............

എന്നാല്‍ ഇതിനെക്കാളൊക്കെ നാട്ടിന്‍ പുറങ്ങളില്‍ പാട്ടിനെ ജനകീയമാക്കിയത്‌ പണംപയറ്റുകള്‍ ആണ്. റേഡിയോയും ടേപ്പ്റിക്കാര്‍ഡറും ഇല്ലാത്ത  ഭൂരിപക്ഷത്തിന് പാട്ടിന്‍റെ പാലാഴി തീര്‍ത്ത പണംപയറ്റുകള്‍.

നാട്ടിന്‍ പുറത്തെ കുരുത്തോല കൊണ്ട് ചമയിച്ച ചായപ്പീടികകളില്‍ നിന്ന് ഉച്ചതിരിഞ്ഞ് ഒഴുകുന്ന പാട്ടുകള്‍ പണംപയറ്റ് എല്ലാവരെയും ഓര്‍മ്മിപ്പിക്കാനാണ്‌. അതാത് കാലത്തെ ഹിറ്റ്‌ ഗാനങ്ങളുമായി കമുകറയും യേശുദാസും, ജയചന്ദ്രനും, പി സുശീലയും....... തേഞ്ഞു പഴകിയ റിക്കാര്‍ഡില്‍ തെന്നിപ്പോകുന്ന സൂചി ഒരേ വരി തന്നെ പലവട്ടം പാടിപ്പാടി....

ഉച്ചമുതല്‍ രാത്രി വൈകുവോളം നീളുന്ന  പാട്ടുകള്‍ അന്ന്‍ ആര്‍ക്കും അലോസരമായിരുന്നില്ല. പ്രണയവും വിഷാദവും വിരഹവും തുടിച്ചു നിന്ന ഇഷ്ടഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍പ്പിക്കാന്‍ യുവാക്കള്‍ പാട്ടു വെക്കുന്നയാളെ ശട്ടം കെട്ടി. കുട്ടികള്‍ അയാളെ ആദരവോടെ നോക്കി. വീട്ടമ്മമാര്‍ പലവട്ടം കേട്ട് കാണാപാഠമായ ഈ പാട്ടുകള്‍ അടുക്കളകളില്‍ നിന്ന് മൂളി. പാട്ടിലെ വര്‍ണ്ണനകള്‍ കേട്ട യുവതികള്‍ ‘ലജ്ജയില്‍ മുങ്ങിയ ചിരി’ ഉള്ളില്‍ ഒളിപ്പിച്ചു.

 ഉദ്ദേശിച്ച പണം ഒത്തുകിട്ടാത്ത പയറ്റുകാരന്‍റെ ഉള്ളറിഞ്ഞ് ‘താമസമെന്തേ വരൂവാന്‍.....’ എന്ന പാട്ട് രാത്രി വൈകിയും പയറ്റുപീടികയില്‍ നിന്ന് പാടിക്കൊണ്ടിരുന്നു. പണം പയറ്റിന്‍റെ തിരക്ക് കുറഞ്ഞ അവസാന മണിക്കൂറുകളില്‍ കെ പി എ സി യുടെ നാടക ഗാനങ്ങള്‍ ഇരുട്ടിനെ തഴുകിയെത്തി.

 ഒരു തലമുറയെ പാട്ടിലേക്ക് അടുപ്പിച്ച ആ കാലം കഴിഞ്ഞുപോയി. ഇന്ന് പണംപയറ്റു തന്നെ അപൂര്‍വ്വം. അവിടെ നിന്ന് നാടുമുഴുവന്‍ പാട്ട് കേള്‍ക്കുന്നില്ല. കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യവും ഇല്ല.

 പക്ഷെ ‘ആത്മവിദ്യാലയ’മേ കേട്ട് മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ച് ഓര്‍ത്ത വൃദ്ധനും  ‘അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്ന...’ തില്‍ ആഹ്ലാദിച്ച ചെറുപ്പക്കാരനും   ‘പ്രിയസഖീ പോയ്‌ വരൂ’ എന്ന് ഉള്ളു നൊന്തു കരഞ്ഞ വിഷാദ കാമുകനും ‘അല്ലാഹുവിന്‍റെ പോരിശ പ്രകാശ ഗേഹമേ....’ കേട്ട് മനസ്സുകൊണ്ട് മക്കത്ത് പോയവരും ഇവിടെയൊക്കെ ഉണ്ടായിരുന്നു. അവരെ പാട്ടിന്‍റെ ഇഷ്ടക്കാരാക്കിയത് പണം പയറ്റുകള്‍ ആണ്.

മലയാളിയുടെ പാട്ടുവഴികള്‍ തേടുന്നവര്‍ ഇത് കാണാതെ പോകരുത്. ഒരു കാലഘട്ടത്തിന്‍റെ സംഗീത ഓര്‍മ്മകളില്‍ ഈ പണം പയറ്റുകള്‍ക്കും സ്ഥാനമുണ്ട്. സഹവര്‍ത്തിത്വത്തിന്‍റെ കൈത്താങ്ങായ പണം പയറ്റ് നാട് നീങ്ങുമ്പോഴും സംഗീതം വളരുകയാണ്. നമ്മുടെ ജീനുകളില്‍ എവിടെയോ പാട്ടിനോടുള്ള ഇഷ്ടം കൂടുകൂട്ടിയതില്‍ കുരുത്തോല കൊണ്ട് ചമയിച്ച ആ പഴയ പയറ്റുപീടികകളെ മറക്കാതിരിക്കുക.
--------------
ഞാട്ടിപ്പാട്ട് = സ്ത്രീകള്‍ ഞാറു നടുമ്പോള്‍ പാടുന്ന പാട്ട്


   

Sunday, July 27, 2014

മിട്ടായിത്തെരുവിലെ പെരുന്നാള്‍ കാഴ്ചകള്‍.


മിട്ടായിത്തെരുവില്‍ പെരുന്നാള്‍ തിരക്കാണ്. പെരുമഴയും നോമ്പിന്‍റെ ക്ഷീണവും വകവെക്കാതെ പെരുന്നാള്‍കോടി എടുക്കാന്‍ വന്നവരുടെ തിരക്ക്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും...

തുണിക്കടകളിലും, ചെരിപ്പ്പീടികകളിലും, ഫാന്‍സി ഷോപ്പുകളിലും ഒരു നിമിഷം വെറുതെ നില്‍ക്കാനാവാതെ ജോലിക്കാര്‍ക്കും  തിരക്കോട് തിരക്കാണ്. പെരുന്നാള്‍ കച്ചവടം  കണക്കിലെടുത്ത് താല്‍ക്കാലികമായി പണിക്ക് നിര്‍ത്തിയ ‘യോ യോ’ ബാല്യക്കാരും വളരെ ഉത്സാഹത്തിലാണ്.  “ഇദാണ്പ്പൊ ബ്ടെ ടൌണില് കളിക്ക്ന്നെത്എന്ന സെയില്‍സ്മാന്‍റെ വാക്ചാതുരിയിലാണ്  പുതിയ ട്രെന്‍ഡുകളും ഫാഷനും  പിറക്കുന്നത്.

ബ്രാന്‍ഡഡ് കമ്പനി ഷോറൂമുകളിലെയും, എമ്പാടും നിലകളുള്ള പുതിയ തുണിക്കടകളിലെയും  അന്യായ വില താങ്ങാനാവാത്തവരും  എത്തുക മിട്ടായിത്തെരുവിലാണ്. ഇവിടെ ഏതു നിലവാരത്തില്‍ ഉള്ളവര്‍ക്കും പറ്റിയ തുണിത്തരങ്ങളുണ്ട്.  കടകളിലേതു പോലെ നിരത്തരികിലും വില്‍പന പൊടിപൊടിക്കുന്നു. വെറും തയ്യല്‍ക്കൂലിക്ക് പാന്‍റും ഷര്‍ട്ടും വില്‍ക്കുന്നവരും നൂറ്റമ്പത് രൂപയുടെ ചെരിപ്പ് നൂറു രൂപക്ക് കൊടുക്കുന്നവരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് ആളെക്കൂട്ടുന്നു.  


ഡ്രസ്സിനു പുറമെ  ഷൂവും ബെല്‍റ്റുമൊക്കെ വാങ്ങാന്‍ കൂട്ടത്തോടെ കടകള്‍ കയറി ഇറങ്ങുന്ന കൌമാരക്കാരുടെ കലപില. എത്ര തെരഞ്ഞിട്ടും ഉദ്ദേശിച്ചത് കിട്ടാത്ത നിരാശ. പെരുന്നാള്‍ ആഘോഷത്തിന്‍റെ തിമര്‍പ്പും ഉത്സാഹവും അവരുടെ ചര്‍ച്ചകളില്‍ പൂത്തിരിപോലെ കത്തുന്നു.

ചുരിദാറും, സാരിയും, പര്‍ദ്ദയും, കുട്ടിയുടുപ്പുകളും, തേടി സ്ത്രീകളും കുട്ടികളും കടകള്‍ കയറിയിറങ്ങുന്നു. നാട്ടില്‍ പെരുന്നാള്‍കൂടാന്‍ ഭാഗ്യമില്ലാത്ത ഇവരുടെ പ്രിയപ്പെട്ടവര്‍ പ്രവാസത്തിന്‍റെ മരുഭൂമിയില്‍ നിന്ന് പെരുന്നാളിന് വിളിക്കും, പെരുന്നാള്‍കോടിയണിഞ്ഞ ചിത്രങ്ങള്‍ വാട്സ്അപ്പിലൂടെ കാണും അല്ലാത്തവര്‍ മനസ്സില്‍ വരച്ചുണ്ടാക്കും, പെരുന്നാള്‍വസ്ത്രമണിഞ്ഞ്‌  മൈലാഞ്ചിയിട്ട  തന്‍റെ മൊഞ്ചത്തിയെ..... പുത്തനുടുപ്പിന്‍റെ പത്രാസില്‍ നടക്കുന്ന മക്കളെ……

മുഖം നിറയെ ഗൌരവമുള്ള  പിതാവിനോടൊപ്പം വന്ന പെണ്‍കുട്ടി ഒരുപാട് തെരഞ്ഞാണ് തനിക്കിഷ്ടപ്പെട്ട ചുരിദാര്‍ കണ്ടെത്തിയത്. അത് ദേഹത്ത് വെച്ച് ഭംഗി നോക്കുമ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ പെരുന്നാള്‍ നിലാവ് ചുരിദാറിന്‍റെ വില കേട്ടതോടെ ഇല്ലാതായി. ഉപ്പയുടെ കീശയുടെ കനം അവള്‍ക്ക് അറിയുന്നതാണല്ലോ. പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ അവളെ അതിശയിപ്പിച്ചു കൊണ്ട്  ആ ചുരിദാര്‍ എടുക്കാന്‍  വില്‍പനക്കാരനോട് പറയുമ്പോള്‍ അയാളുടെ മുഖത്ത് പിതൃവാത്സല്യത്തിന്‍റെ പെരുന്നാളമ്പിളി ഉദിച്ചിരുന്നു. മനസ്സിലെ ലിസ്റ്റില്‍ തനിക്കായി വാങ്ങാന്‍ കരുതിയ  പെരുന്നാള്‍ കോടിയില്‍ എന്തായിരിക്കും മകളുടെ സന്തോഷത്തിനായി ആ ഉപ്പ വെട്ടി മാറ്റിയിട്ടുണ്ടാവുക..... 

മിട്ടായിത്തെരുവിലെ തിരക്കിലൂടെ ആ ദമ്പതികള്‍. കറുത്ത്മെലിഞ്ഞ്  ഉയരമുള്ള സ്ത്രീ ഭര്‍ത്താവിന്‍റെ കൈ പിടിച്ചിരുന്നു. അയാള്‍ ഉയരം കുറഞ്ഞ് കൈകാലുകള്‍ വളഞ്ഞ്, ഏന്തിയേന്തിയാണ്  നടന്നിരുന്നത്. തിരക്ക് അസഹ്യമായതിനാലാവാം അയാള്‍ കടുത്ത മുഖത്തോടെ അവ്യക്തമായ ശബ്ദത്തില്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ആ സ്ത്രീ  ഒരു മടിയനായ  കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഉമ്മയെപ്പോലെ അയാളെ അനുനയിപ്പിച്ച്............

നിരത്തരികില്‍ “മുന്നൂറു രൂപ മാത്രം” എന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരന് മുന്നില്‍ അവര്‍ നിന്നു. അവിടെ കൂട്ടിയിട്ട ഷര്‍ട്ടുകളില്‍ നിന്ന് നിറവും അളവും നോക്കി ഏറെ സമയം  തെരഞ്ഞു. മഴ പൊടിയുന്നുണ്ടായിരുന്നു. അയാള്‍ അസഹ്യതയോടെ ആ സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ടിരുന്നു. കുറേ നേരത്തെ തെരച്ചിലിന് ശേഷം ഒരു ഇളം നിറമുള്ള ചെക്ക് ഷര്‍ട്ട് അയാള്‍ക്ക് ചേരുന്നോ എന്ന് അളവ് നോക്കി.

നല്ല ഭംഗിയുണ്ടെന്ന അവരുടെ മുഖഭാവം വായിച്ചാവണം അയാളുടെ മുഖത്തൊരു നേരിയ ചിരി വിരിഞ്ഞു. പേഴ്സില്‍ നിന്നും രണ്ട് നൂറു രൂപ നോട്ടുകളും ബാക്കി ചില്ലറയുമായി ആ സ്ത്രീ മുന്നൂറു രൂപ ഒപ്പിച്ചു കൊടുത്തു. ഷര്‍ട്ട്  പൊതിഞ്ഞു വാങ്ങി അയാളുടെ കൈയും പിടിച്ച് തിരക്കിലൂടെ പുറത്തേക്ക് നടന്നു.

കുറച്ചപ്പുറത്ത്‌ എത്തിയപ്പോള്‍ അയാള്‍ മുന്നോട്ട് നീങ്ങാതെ ഒരിടത്ത് തറഞ്ഞു നിന്നു. അവര്‍ അയാളെ നടത്തിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അയാള്‍ വഴങ്ങിയില്ല. പറയുന്നതൊന്നും  ചെവിക്കൊള്ളാതെ അവ്യക്തമായ ശബ്ദത്തില്‍ അവരോടു ക്ഷോഭിച്ചുകൊണ്ടിരുന്നു. ആ തിരക്കിലും പലര്‍ക്കും  അതൊരു കൌതുക്കാഴ്ചയായി.

ഒരു പെരുമഴക്കായി ആകാശം ഇരുണ്ടുനിന്നു. വിലക്കുറവിന്‍റെ നോട്ടീസുമായി ആളെ വിളിക്കുന്ന പയ്യന്‍ വഴികാട്ടിയ ഗല്ലിയിലേക്ക് ആ ദമ്പതികള്‍  കയറി. അവിടെ  വിവിധ വര്‍ണ്ണങ്ങളിലുള്ള ‘മാക്സി’കള്‍   പുറത്തു തൂക്കിയിട്ട് വില്‍ക്കുന്ന കടകളായിരുന്നു നീളെ. ഓരോ കടകള്‍ക്ക് മുന്നിലും നിന്ന് ഏറെപരതി  നീല നിറത്തില്‍ ധാരാളം പൂക്കളുള്ള  ഉള്ള ഒരു മാക്സി അയാള്‍ ചെറിയൊരു വിലപേശല്‍ നടത്തി തെരഞ്ഞെടുത്തു.

തെറുത്തു വെച്ചിരുന്ന കുപ്പായക്കൈയില്‍ നിന്നും  പണമെടുത്തു കൊടുക്കുമ്പോള്‍ അയാളുടെ മുഖം പോലെ കാറ്  നീങ്ങിപ്പോയ മേഘങ്ങള്‍ക്ക് മുകളില്‍ സൂര്യന്‍ ചിരിച്ചു.  തിളങ്ങി നിന്ന പൊന്‍വെളിച്ചത്തില്‍  ഒട്ടും ധൃതിയില്ലാതെ പരസ്പരം സമ്മാനിച്ച പെരുന്നാള്‍കോടികളുമായി അവര്‍ നടന്നു. ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യരായി.....

വിശ്വാസികള്‍ക്ക് പടച്ചവന്‍റെ  സമ്മാനമാണല്ലോ പെരുന്നാള്‍. വ്രതം കൊണ്ട് വിശപ്പിന്‍റെ വിലയറിഞ്ഞവര്‍ക്കും, ദരിദ്രനെ ദാനം കൊണ്ട് ചേര്‍ത്തുപിടിച്ചവര്‍ക്കുമുള്ള സമ്മാനം

 ഓരോ പെരുന്നാളുകളും ആഹ്ലാദിപ്പിക്കുന്നത് പ്രിയപ്പെട്ടവര്‍ നല്‍കുന്ന സ്നേഹസമ്മാനങ്ങളില്‍ കൂടിയുമാണല്ലോ. ഇഷ്ടമുള്ളൊരു ഉടുപ്പായോ, പുരട്ടിത്തന്ന സുഗന്ധമായോ, പ്രിയപ്പെട്ടൊരു രുചിയായോ, അകലെ നിന്നൊരു വിളിയായോ നമ്മെ ചേര്‍ത്തുപിടിക്കുന്ന സ്നേഹസമ്മാനങ്ങള്‍...... 


 മിട്ടായിത്തെരുവില്‍ ഇപ്പോഴും  തിരക്കാണ്. പെരുന്നാള്‍ സമ്മാനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്ക്. അവരുടെ മനസ്സിന്‍റെ  മധുരം കൊണ്ടായിരിക്കുമോ ഈ തെരുവിന് മിട്ടായിത്തെരുവ് എന്ന പേര് വന്നത്.