Monday, November 20, 2017

മികച്ച കഥകളുടെ മഴ നനയുമ്പോൾ


"മേത്തച്ചീ നീ എത്തിയോടീ"
        ആബിദ, റോബർട്ട് ചേട്ടാ, അകത്തുകേറ്, ദാ മഴ എന്ന് പറഞ്ഞതും മഴ ആർത്തലച്ചു വന്നു. ചാണ്ടിസാറും ചെന്നിത്തലയും സഖാക്കളും നനഞ്ഞു. വേണുഗോപാലൻ കുളിർന്നു. ആബിദ ഇരുന്നതിനാൽ ചെഗുവേരക്ക് തണുത്തില്ല. അവൾ സഞ്ചിയിലെ പൊതിയഴിച്ച് കുറച്ചു പറോട്ടയും ഇറച്ചിച്ചാറും തുറന്നുവച്ച്  ഒരു കഷണം മെഴുകുതിരി കത്തിച്ചു കല്ലിനുമുകളിൽ ഉരുക്കിയുറപ്പിച്ചു. തിരിയുടെ വിളറിയ നാളം രണ്ടുപേരുടെയും മുഖത്തുപടർന്നു.
        അയാൾ അവളുടെ എതിരെ ചമ്രം പടിഞ്ഞിരുന്ന്, വാസു വച്ചിട്ടുപോയ കുപ്പി കൃത്യമായി കൈ നീട്ടി എടുത്തു.
        അതൊരു കാന്റീൻ ലൈറ്റ് ഡിന്നർ ആയിരുന്നു.'
                      ( കാന്റീൻ ലൈറ്റ് ഡിന്നർ)

ഷാജി ബെർലി എന്ന കഥാകൃത്തിനെ ആദ്യമായി  വായിക്കുന്നതും അറിയുന്നതും 'കുത്തബ്മിനാർ' എന്ന കഥയിലൂടെയാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാസമാഹാരം 'നാഗർകോവിലിലെ മഴ' യെ കുറിച്ച് Sukumaran Aicker Krishnan  സാർ  എഴുതിയപ്പോൾ വായിക്കാൻ തിടുക്കമായി.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ  അച്ചടിച്ച് വരുന്നവ മാത്രം മുന്തിയ കഥകൾ ആയും എഴുത്തുകാരായും  കൊണ്ടാടപ്പെടുമ്പോൾ ഇങ്ങനെ ചില മികച്ച എഴുത്തുകാരെ ഏറെപ്പേരും അറിയാതെ പോകുന്നല്ലോ എന്ന് 'നാഗർകോവിലിലെ മഴ' യും അടിവരയിടുന്നു.

പതിനാല് കഥകൾ ആണ് 80 പേജുകൾ ഉള്ള ഈ കഥാസമാഹാരത്തിൽ. ആദ്യ കഥയായ  'നടന്നു തീരാത്ത ദൂരങ്ങളി'ലെ രാമകൃഷ്ണനും അച്യുതൻ നായരും നമ്മെ ഒരുപോലെ സങ്കടപ്പെടുത്തുന്നു. സന്ധ്യാ നേരത്ത് അച്യുതൻ നായരോടൊപ്പം ആ ഇടുങ്ങിയ, ബഹളം നിറഞ്ഞ വഴിയിലൂടെ നാമും നടക്കുന്നു. കടം വാങ്ങിയ പണം തിരികെ കൊടുക്കാത്ത രാമകൃഷ്ണനോടുള്ള നമ്മുടെ എല്ലാ ഈർഷ്യയും അസ്തമിച്ചു പോകുന്നു ആ മനുഷ്യനെ കണ്ടുമുട്ടുമ്പോൾ. അവരോടൊപ്പം നിശബ്ദമായി നടന്നും സങ്കടങ്ങൾ കേട്ടും ആ ഇരുട്ടുവീണ പട്ടണ പ്രാന്തത്തിലെ നിരത്തിൽ നാം നിസ്സഹായരായ കാഴ്ചക്കാരായി നിന്നു പോകുന്നു.

പതിനാലു വർഷം ഒരേ കിടപ്പിലായിപ്പോയ ഭർത്താവിനെ ശുശ്രൂഷിച്ചു കഴിഞ്ഞ അസുമാ ബീവി യോട് മരിച്ചു കിടക്കുന്ന ഭർത്താവിന്റെ ആത്മാവിന്റെ സംഭാഷണം ആണ് 'അസുമാ ബീവി 36 വയസ്സ്'. എത്ര ദുർബലനും പാവവും ആണ് മനുഷ്യൻ എന്ന് അടിവരയിടുന്നു ഈ കഥ. ദുരിതങ്ങളിൽ നിന്ന് മോചനം നേടി സുഖമായി ജീവിക്കാൻ ഭർത്താവിന് ഉറക്കഗുളിക നൽകി കൊന്ന അസുമാ ബീവിയെ കൊണ്ടുപോവാൻ മുറ്റത്തു കാത്തു നിൽക്കുന്ന മരണമാലാഖ നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നുണ്ട്.

'കൃഷ്ണലീല' യിൽ  പ്രണയം കൊണ്ടൊരു പെണ്ണിനെ ചതിച്ചതിനെ കാലങ്ങൾക്ക് ശേഷവും മനസ്സ് കൊണ്ട് ന്യായീകരിക്കുന്ന ആ ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ഒറ്റി കൊടുക്കാത്ത നിഷ്കളങ്കയായ ആ ഗ്രാമീണ യുവതി നിൽക്കുന്നു. സമർഥമായി അവളെ വിട്ടു പോകുമ്പോൾ താൻ ഗർഭിണിയാണ് എന്നവൾ പറഞ്ഞത് വെറും വാക്കായിരുന്നു എന്ന് സ്വയം വിശ്വസിപ്പിച്ച അയാളുടെ മുന്നിലേക്ക്   ഓടിയെത്തിയ പെൺകുട്ടിയുടെ പേര് വിഷു എന്നായിരുന്നു. പ്രണയകാലത്ത് ആണായാലും പെണ്ണായാലും അവർ കുഞ്ഞിന്  വിളിക്കാൻ കരുതി വെച്ച  പേരുകാരി.  അയാളപ്പോൾ നാട്ടിലെ തന്റെ മകളെ ഓർത്തു. എത്ര തീവ്രമായാണ് ഈ കഥ നമ്മെ മഥിച്ചു കളയുന്നത്.

'നാഗർകോവിലിലെ മഴ'യിലെ കള്ളനോടൊപ്പം നാം സ്നേഹത്തിന്റെ പെരുമഴ നനയുന്നുണ്ട്.

'ഒരു വൻമരം കടപുഴകിയ കാലം' ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ കലാപസമയത്ത് നഗരത്തിലെ വാടക മുറിയിൽ കുടുങ്ങിപ്പോയ നാലുപേരിലൂടെയാണ്  വിടരുന്നത്. ഭക്ഷണം പോലും കിട്ടാനില്ലാത്ത,   ആഘോഷത്തിൽ എന്ന പോലെ മനുഷ്യരെ കൊല്ലാനും തീവെക്കാനും നടക്കുന്ന ആൾക്കൂട്ടങ്ങളുടെ നാൾ.  ഒറ്റമുറി വീട്ടിൽ ശരീരം വിൽക്കുന്ന പെൺകുട്ടി വൈകീട്ട് അവളെ തേടിയെത്തിയ നാലുപേരോടും വിലപേശി പത്തു രൂപയ്ക്ക് ഇടപാട് ഉറപ്പിക്കുമ്പോൾ ഇത്രയും പേരുള്ള മുറിയിൽ എങ്ങനെ എന്നതിന്   ഉത്തരം ഇടപാടുകാർക്ക് വേണ്ടി പുറത്തിറങ്ങി നിൽക്കുന്ന അച്ഛനും അമ്മയും ചേച്ചിയും ജീജയും ആണ്. അപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിലാപയാത്ര അവർ ടി വി യി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യ ഭാരതത്തിന്റെ പച്ചയായ ചിത്രം നമുക്ക് മുന്നിൽ തുറന്നു വെച്ച് കഥാകാരൻ നിസ്സംഗനായി മാറി നിൽക്കുന്നു.

ശരിതെറ്റുകളുടെ വലിയ വർത്തമാനങ്ങൾക്ക് സ്ഥാനമില്ലാത്ത കുറെ ചെറിയ ജീവിതങ്ങളുടെ ഇടമാണ് 'പുലയൻവഴി'. സ്നേഹവും പകയും തന്റേടവും കരുതലും ഉള്ള മനുഷ്യരുടെ ഒരു കമ്മട്ടിപ്പാടം.

അപമാനിക്കപ്പെട്ട പെങ്ങളോടുള്ള സ്നേഹം പകയായി മാറിയപ്പോൾ സീതാദേവി യെ കടത്തിക്കൊണ്ടു വന്ന ദശാനനന്റെ ആത്മസംഘർഷങ്ങളാണ് 'മഹാനായ പൗലസ്ത്യൻ'. യുദ്ധത്തിന്റെ നേരും നെറിയും ഇല്ലാത്ത ചതിയന്മാരായ ശത്രുക്കൾക്കെതിരെ യുദ്ധത്തിനൊരുങ്ങുന്ന ദശാനനൻ പുരാണകഥകളിലെ വില്ലൻ രൂപത്തിന്റെ മറ്റൊരു വായനയാണ്.

അനാഥാലയത്തിലെ ദുരിതങ്ങളിൽ നിന്നും ഒടുങ്ങാത്ത വിശപ്പിൽ നിന്നും ഒരു അമ്മയുടെ സ്നേഹ വത്സല്യങ്ങളിലേക്ക് പറിച്ചു നടപ്പെട്ട കണ്ണനെ സ്വന്തം കുഞ്ഞു പിറന്നപ്പോൾ വീണ്ടും അനാഥാലയത്തിലേക്ക് അയക്കേണ്ടി വരുന്ന രുക്മിണി യുടെ മനസ്സിന്റെ നോവും പിടച്ചിലും ആണ് 'രുക്മിണി'. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നിറച്ച ബാഗുമായി തിരിച്ചു പോവാൻ ഉമ്മറത്ത് കാത്തിരിക്കുന്ന കണ്ണന്റെ നോട്ടം നേരിടാൻ ധൈര്യമില്ലാതെ നിസ്സഹായയായ രുക്മിണി ഒരു ഭീരുവിനെ പോലെ അടുക്കളയിൽ ഒളിച്ചിരിക്കുന്നു.

പഴയ കാമുകനെ തേടിയെത്തുന്ന സുപ്രിയ അയാളിൽ നിന്നും പുടവ സ്വീകരിച്ച് അൽപനേരം ഒന്നിച്ചിരുന്നു  പിരിയുമ്പോൾ ഇനി ഒരിക്കലും കണ്ടുമുട്ടില്ലെങ്കിലും സഫലമായ പ്രണയത്തിലൂടെ തന്നെ തന്നെ തിരിച്ചു പിടിക്കുന്നത് 'സുപ്രിയാകല്യാണ'ത്തിൽ നമുക്ക് അനുഭവിക്കാനാവും.

'വീട് വിട്ടു പോകുന്നവർ' തകർന്നു പോകുന്ന  ദാമ്പത്യത്തിനിടയിൽ  ഉഴറിപ്പോകുന്ന കുഞ്ഞു മനസ്സുകളുടെ നോവും വിതുമ്പലും ഒപ്പിയെടുത്ത രചനയാണ്. ആരെയും കുറ്റപ്പെടുത്താൻ ആവാതെ വിഹ്വലമായ മനസ്സോടെ കഴിയുന്ന  നിഷ്കളങ്കരായ  കുഞ്ഞുങ്ങളുടെ മനസ്സാണ് ഈ കഥ.

'തോട്ടിയുടെ മകനി'ൽ  അല്ലാതെ മലയാള സാഹിത്യത്തിൽ ഏറെയൊന്നും കണ്ടിട്ടില്ല ശുചീകരണ തൊഴിലാളികളുടെ ജീവിതം. വൃത്തിയും വെടിപ്പുമുള്ള നമ്മുടെ ജീവിതത്തിനു പിറകിലെ 'ചവറ് ജീവിതങ്ങൾ' നമ്മുടെ കണ്ണിൽ പെടാറുമില്ല.  'കാന്റീൻ ലൈറ്റ് ഡിന്നർ' പറയുന്നത് അങ്ങനെ ചില ജീവിതങ്ങളെ കുറിച്ചാണ്. പൊള്ളിക്കുന്ന ആക്ഷേപഹാസ്യത്തിന്റെ ശൈലി കൂടിയുണ്ട് ഈ കഥക്ക്.

'താജ്മഹൽ' രഹനയുടെ  കഥയാണ്. ആരൊക്കെയോ തിരുത്തി എഴുതിയ വിധികളിൽ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ പെണ്ണിന്റെ കഥ. ആദ്യഭർത്താവ് അവളെ ഉപേക്ഷിച്ചു കുഞ്ഞുമായി പോയപ്പോൾ മുതൽ ഒറ്റക്കായ അവളുടെ ജീവിതത്തിലേക്ക് വൃദ്ധനായ നിസ്സാർക്കയെ അടിച്ചേല്പിക്കപ്പെട്ടപ്പോഴും ഒരു തണലോ കൂട്ടോ ആവാൻ അയാൾക്കും കഴിഞ്ഞില്ല.  ഒറ്റപ്പെട്ട പാഴ്മരമായിപ്പോയ അവളെ തേടി മകന്റെ ഫോൺ വരുമ്പോൾ തളർന്നു പോകുന്ന ആ ഉമ്മ മനസ്സിന്റെ വേവലാതിയിൽ കഥ അവസാനിപ്പിക്കുന്നത് വായനക്കാരന്റെ മനസ്സിനെ മെതിച്ചു കൊണ്ടാണ്. അത്രമേൽ ശുഭപര്യവസായി അല്ലല്ലോ ദുരിതജീവിതങ്ങളൊന്നും.

നീട്ടിപ്പരത്തി പറയാതെ ആറ്റിക്കുറുക്കി എഴുതിയ ഈ ഓരോ കഥകളും  വായിക്കുകയല്ല നാം അനുഭവിക്കുകയാണ്. കുഴലൂത്തുകാരന്റെ പിറകെ നടന്ന കുട്ടികളെ പോലെ നമ്മെ തന്നെ മറന്നു കൊണ്ട് നാം കഥാകൃത്തിനോടൊപ്പം സഞ്ചരിക്കുന്നു. നാം കാണാത്ത അനുഭവിക്കാത്ത ഇടങ്ങളെ മനുഷ്യരെ തൊട്ടറിയുന്നു. പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോൾ അസ്വസ്ഥമായ മനസ്സോടെ നാം പുകഞ്ഞു കൊണ്ടിരിക്കുന്നു. നിസ്സഹായരും നിസ്സാരരും ആയ മനുഷ്യ ജന്മങ്ങളെ ഓർത്ത്. ഒരുവേള അത് നാം തന്നെയാണല്ലോ എന്ന് ഉള്ളിൽ കരഞ്ഞ്....

അനുഭവങ്ങളും ദേശങ്ങൾ താണ്ടിയുള്ള സഞ്ചാരവും മനുഷ്യരെ സൂക്ഷ്മമായി പഠിക്കാനുള്ള കഴിവുമാണ് ഈ എഴുത്തുകാരന്റെ മൂലധനം. ഒട്ടും തുളുമ്പാതെ ചിന്തേരിട്ട വരികളിൽ വിടരുന്ന   ഓരോ കഥകളും  അതുകൊണ്ടു തന്നെ മനോഹരമാണ്. എൺപതുകളിലെ ഓണപ്പതിപ്പുകൾ മികച്ച കഥകളിലൂടെ നൽകിയ ആഹ്ലാദം വീണ്ടും അനുഭവിപ്പിച്ചു  'നാഗർകോവിലിലെ മഴ'യിലെ ഓരോ കഥകളും.  നല്ല കഥകളുടെ വായനക്കാർക്ക് മാത്രമല്ല, കഥകൾ എഴുതാൻ ആഗ്രഹിക്കുന്നവർക്കുള്ള പാഠപുസ്തകം കൂടിയാണ് ഷാജിയുടെ കഥകൾ.

ചുറ്റുപാടുമുള്ള മനുഷ്യരുടെ വ്യഥകളും വേദനകളും ഉള്ളിൽ പേറി ആ സങ്കടങ്ങളെ അക്ഷരങ്ങളിലേക്ക് പകർത്തി അനുവചകനെ അസ്വസ്ഥനാക്കാൻ കഴിയുക എന്നതാണല്ലോ ഒരു എഴുത്തുകാരന്റെ ദൗത്യവും വിജയവും.  മലയാള ചെറുകഥ യിൽ ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരൻ തന്നെയാണ് ഷാജി ബെർലി എന്ന് 'നാഗർകോവിലിലെ മഴ' ബോധ്യപ്പെടുത്തുന്നു.
___________________
നാഗർകോവിലിലെ മഴ
ഷാജി ബെർലി
പ്രസാധകർ: സകേതം പബ്ലിക്കേഷൻസ് തിരുവനന്തപുരം
₹ 75


No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ