Saturday, April 21, 2012

നര്‍മ്മ കഥകള്‍

എന്റെ പ്രിയ കൂട്ടുകാര്‍ക്കായി ........


ഫേസ്‌ ബുക്ക്‌ ലോകം എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്പാദ്യമാണ് മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന കൂടപ്പിറപ്പുകളെ പോലുള്ള   കുറച്ചു നല്ല സുഹൃത്തുക്കള്‍ .ഇന്ന് വരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും എത്രയോ കാലമായി പരസ്പ്പരം അറിയുന്നവരെ പോലെ .......
ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചും തമാശ പറഞ്ഞും ഈ ഒരു അടുപ്പം.ആ ഒരു അടുപ്പവും സ്വാതന്ത്യവുമാണ് അനുവാദം പോലും ചോദിക്കാതെ അവരെ കഥാപാത്രങ്ങള്‍ ആക്കി ഈ തമാശക്കഥകള്‍ ഉണ്ടാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്...ഞങ്ങള്‍ അഡ്മിനുകള്‍ ആയ  ഗ്രൂപ്പില്‍ ഈ കഥകള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ ഏറ്റവുമധികം ആസ്വദിച്ചതും അഭിനന്ദിച്ചതും ഇവര്‍ തന്നെ .ഫേസ്‌ ബുക്ക്‌ താളില്‍ പോസ്റ്റുകള്‍ക്ക്‌ ആയുസ്സ്‌ കുറവായതിനാല്‍ ഇവിടെ ഒന്നിച്ച് ചേര്‍ത്ത് വെക്കുന്നു.  എന്റെ പ്രിയപ്പെട്ട സുഹുവിനും മാവൂര്‍ക്കാക്കും മോയ്ദീനിക്കാക്കും മാഷിനും മറ്റ് കൂട്ടുകാര്‍ക്കും വേണ്ടി .............

സുഹാസിന്റെ അമേരിക്കന്‍ യാത്ര പാറയുടെയും

നമ്മുടെ സുഹാസും മൊയ്ദീനിക്കയും കുറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒന്ന് അമേരിക്ക കാണാന്‍ പോകണം എന്നത്.എന്തായാലും രണ്ടു പേര്‍ക്കും കഴിഞ്ഞ DSF ല്‍ ഒരു നറുക്കെടുപ്പിലൂടെ ഒന്നിച്ചു അമേരിക്ക സന്ദര്‍ശിക്കാന്‍ ഒരു അവസരം കിട്ടി
പോകുന്നതിനു മുമ്പ് സുഹു പാറയിലിനോട് പറഞ്ഞു
എടോ പാറേ അമേരിക്കയില്‍ ആണ് പോകുന്നത് എന്നത് ശരി തന്നെ എന്ന് വെച്ച് നാം നമ്മുടെ നാടിന്റെ സംസ്കാരം മറക്കാന്‍ പാടില്ല.
മൊയ്ദീനിക്ക സുഹുവിനെ നോക്കി ഇവന്‍ എന്ത് ആനക്കാര്യമാണ് പറയാന്‍ പോകുന്നത്.
സുഹു നാടകീയ ശൈലിയില്‍ ഒരു ഡയലോഗ്
നാം അമേരിക്കന്‍ യാത്രയില്‍ ഉടനീളം നമ്മുടെ കേരളീയ വേഷത്തില്‍.എന്ന് വെച്ചാല്‍ മുണ്ടും ഷര്‍ട്ടും മാത്രമേ ധരിക്കുന്നുള്ളൂ.
മൊയ്ദീനിക്കാക്ക് എവിടുന്നൊക്കെയോ ചൊറിഞ്ഞു കേറി വന്നു.പക്ഷെ സുഹാസിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അടക്കി.ഇനി തുണി ഉടുക്കാത്ത വകയില്‍ ആറ്റുനോറ്റ് കിട്ടിയ അമേരിക്കന്‍ യാത്ര മുടങ്ങിപ്പോകണ്ട
താന്‍ വിഷമിക്കണ്ടടോ അവിടെ തുണിയില്ലാത്തവരാ കൂടുതല്‍
സുഹു മൊഴിഞ്ഞു
ചുരുക്കിപ്പറഞ്ഞാല്‍ രണ്ടാളും അമേരിക്കയില്‍ എത്തി ഒരു ഹോട്ടലില്‍ മുറിയെടുത്തു.കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കാഴ്ച കാണാനിറങ്ങി.വെള്ള ഷര്‍ട്ടും മുണ്ടും കറുത്ത കണ്ണടയുമായി സുഹുവും കണ്ണടയില്ലാത്ത മൊയ്ദീനിക്കയും നിരത്തരികിലൂടെ അമേരിക്കന്‍ കാഴ്ചകളും കണ്ടു നടക്കുകയാണ്.ഈ വിചിത്ര വേഷ ധാരികളെ കണ്ടു ചില സായിപ്പന്മാര്‍ തിരിഞ്ഞു നോക്കുകയും മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അപാര തൊലിക്കട്ടിയുള്ള സുഹു ഇതൊന്നും മൈന്‍ഡ്‌ ചെയ്യാതെ നടക്കുന്നത് കണ്ട മൊയദീനിക്കയും അതെ പോലെ നടന്നു.
കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ കഷ്ടകാലം മൊയ്ദീനിക്കയുടെ ചെരുപ്പ് പൊട്ടി.നാട്ടിലാണെങ്കില്‍ നിരത്തരികില്‍ എവിടെയെങ്കിലും ഒരു ചെരുപ്പ് കുത്തിയെ പ്രതീക്ഷിക്കാമായിരുന്നു.ഇവിടെ അമേരിക്കയില്‍ ..............മോയ്ദീനിക്ക ആകെ വിഷണ്ണനായി.ഈ ദുഷ്ടന്റെ ഒരു മുണ്ട് പ്രേമം അല്ലെങ്കില്‍ പാന്റും ഷൂവും ഇട്ടു നടന്നാല്‍ ഈ ചെരിപ്പുപൊട്ടല്‍ ഒഴിവായിക്കിട്ടുമായിരുന്നല്ലോ.
എന്താടോ പാറേ താന്‍ കാഴ്ച കണ്ടു നില്‍ക്കുകയാണോ.
തിരിഞ്ഞു നിന്ന് സുഹുവിന്റെ ചോദ്യം.കേട്ടാല്‍ തോന്നും ഇവന്‍ ആരോ വിരുന്നിനു ക്ഷണിച്ചിട്ടു പോകുകയാണെന്ന്.കാഴ്ച നിന്ന് കണ്ടാലും കുഴപ്പമൊന്നും ഇല്ലല്ലോ.ഇങ്ങനെ ഒക്കെ മനസ്സില്‍ പറഞ്ഞെങ്കിലും
സുഹൂ എന്റെ ചെരുപ്പ് പൊട്ടിഎന്നേ പുറത്തേക്കു വന്നുള്ളൂ.......
നോക്കി നടക്കണ്ടേ ചങ്ങായീ ..............വാ ഇവിടെ വല്ല ചെരുപ്പ് കുത്തികളും കാണുമോ എന്ന് നോക്കാം
രണ്ടു പേരും മുന്നോട്ടു നടന്നു.
എന്തൊരത്ഭുതം നടപ്പാതയില്‍ ഒരു മരച്ചുവട്ടില്‍ ഒരാള്‍ ഇരിക്കുന്നു.സംഗതി അമേരിക്കന്‍ നിലവാരത്തില്‍ ആണെങ്കിലും ആള് ചെരുപ്പ് കുത്തി തന്നെ എന്ന് ഉറപ്പ്‌.
രണ്ടു പേരും അയാളുടെ മുന്നില്‍ എത്തി.അപ്പോഴാണ്‌ എന്ത് ഭാഷയില്‍ ഇയാളോട് സംസാരിക്കും എന്ന ചിന്ത രണ്ടാള്‍ക്കും ഉണ്ടായത്.ഇവരെങ്ങാന്‍ ഇംഗ്ലീഷ്‌ പറഞ്ഞാല്‍ ഇംഗ്ലീഷുകാരുമായി ഇനിയും ഒരു യുദ്ധത്തിനു വേറെ കാരണം വേണ്ട എന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു.മോയ്ദീനിക്ക അയാളുടെ മുന്നില്‍ ചെന്ന് നിന്ന് ചെരുപ്പ് അഴിച്ചു മുന്നോട്ടു വെച്ച് കൊടുത്തു.ഉള്ളില്‍ നിന്ന് പൊന്തിവന്ന ഇംഗ്ലീഷ്‌ ഗ്യാസ്‌ കുടുങ്ങിയ പോലെ തൊണ്ടയില്‍ കെട്ടി നിന്നു.ദയനീയമായി സുഹുവിനെ നോക്കി .
സുഹു മുന്നോട്ടു വന്നു .ദിസ് ചപ്പല്‍.......ദാറ്റ് പൊട്ടി ........
സ്റ്റോക്ക് തീര്‍ന്നു രണ്ടാളുടെയും മുഖത്തേക്ക് തറപ്പിച്ചു നോക്കിയ ചെരുപ്പ് കുത്തി ശുദ്ധ മലയാളത്തില്‍ ഇങ്ങനെ മൊഴിഞ്ഞു..
ബുദ്ധിമുട്ടണ്ട മാഷേ ഞാനും മലയാളിയാ
രണ്ടാള്‍ക്കും നിധി കിട്ടിയ സന്തോഷം പാറ ഉടനെ ചെരിപ്പ്‌ അയാളുടെ മുന്നിലേക്ക്‌ നീക്കി വെച്ച് കൊടുത്തു.സുഹാസ്‌ കണ്ണട ഒന്ന് കൂടി ഉറപ്പിച്ച് ഞാന്‍ മുണ്ടുടുക്കാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയോ എന്ന ഭാവത്തില്‍ പാറയിലിനെ നോക്കി.

അപ്പോഴാണ്‌ സുഹാസിനു ഒരു കാര്യം ഓര്‍മ്മവന്നത്.ഇവിടെ ഇപ്പോള്‍ സമയം എത്രയായി എന്ന് ഒരു പിടുത്തവും കിട്ടിയിട്ടില്ല.കയ്യിലെ വാച്ചില്‍ ഇപ്പോഴും നാട്ടില്‍ നിന്നും പോരുമ്പോഴുള്ള സമയമാണ്.എന്തായാലും ഒരു മലയാളിയെ കിട്ടിയത് നന്നായി.സമയം ചോദിച്ചു വാച്ച് ശരിയാക്കാമല്ലോ.
ഇതിനിടെ അയാള്‍ ചെരുപ്പ് നന്നാക്കി പാറയുടെ മുന്നിലേക്ക്‌ വെച്ച് കൊടുത്തു പാറ പേഴ്സില്‍ നിന്നും കാശെടുത്തു കൊടുത്ത ശേഷം ചെരിപ്പിട്ടു ഒന്ന് ആസ്വദിച്ചു.
അല്ല മാഷേ ഇവിടെ ഇപ്പൊ സമയം എത്രയായി
സുഹാസ്‌ ചെരുപ്പുകുത്തിയോട് ചോദിച്ചു
അയാള്‍ സുഹാസിനെ ഒന്ന് നോക്കി. പിന്നെ നേരെ മുന്നില്‍ നില്‍ക്കുന്ന മോയ്ദീനിക്കയുടെ മുഖത്തേക്ക് നോക്കി.ശേഷം മോയ്ദീനിക്കാക്ക് എന്തെങ്കിലും ചെയ്യാന്‍ നേരം കിട്ടും മുമ്പ് അയാള്‍ പാറയുടെ മുണ്ട് നേരയങ്ങു പൊക്കി !!!!!!!!
എന്നിട്ട് താഴെ നിന്ന് മുകളിലോട്ടു നോക്കിയിട്ട് പറഞ്ഞു
മൂന്നേ ഇരുപത്
മുണ്ട് താഴോട്ടിട്ട് അയാള്‍ തന്റെ പണി തുടര്‍ന്ന് കൊണ്ടിരുന്നു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ രണ്ടാളും അമ്പരന്നു പോയി.ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് തോന്നിയതിനാല്‍ പെട്ടെന്ന് അവിടെ നിന്നും തടിയെടുത്തു.പോകുന്നതിനിടയില്‍ സുഹാസ്‌ വാച്ചില്‍ അയാള്‍ പറഞ്ഞ സമയം ആക്കിവെച്ചു.
കുറച്ചു കഴിഞ്ഞു രണ്ടുപേരും ഹോട്ടലില്‍ തിരിച്ചെത്തി.കൌണ്ടറിലെ ക്ലോക്കില്‍ സമയം നോക്കിയ സുഹു അതെ സമയം തന്നെ തന്റെ വാച്ചിലും കണ്ടപ്പോള്‍ അതിശയിച്ചു പോയി.
എടോ പാറേ അയാള്‍ പറഞ്ഞ സമയം കറക്ടാണല്ലോടോ
പാറയും ഞെട്ടി .അങ്ങനെ സംഭവിക്കുമോ !!!!!!!!
ഉടുമുണ്ട് പൊക്കി സമയം പറയുന്ന വിദ്യ ......ഹേയ്....അയാള്‍ പറഞ്ഞത് അങ്ങ് കറക്ടായിപ്പോയതാവും
““എടോ പാറേ നമ്മള്‍ ഒന്നൂടെ പരീക്ഷിച്ചാലോ
ഹെന്ത്.....നീ വേണേ പോയി പരീക്ഷിക്ക്
വാടോ”..... സുഹു റൂമിന്റെ താക്കോല്‍ കുലുക്കികാണിച്ചു കൊണ്ട് വാച്ച് അഴിച്ചു പോക്കറ്റില്‍ ഇട്ട് പിന്നെയും പുറത്തേക്കു നടന്നു. നിവൃത്തി ഇല്ലാതെ മോയ്ദീനിക്ക പിറകേയും
രണ്ടു പേരും വീണ്ടും പഴയ ചെരുപ്പ് കുത്തിയുടെ അടുത്തെത്തി.അയാള്‍ എന്തോ പണിത്തിരക്കിലാണ്.അല്‍പ സമയം അവിടെ ചുറ്റിപ്പറ്റി നിന്നശേഷം സുഹു അയാളുടെ മുന്നില്‍ പോയി നിന്ന് ഒന്ന് ചിരിച്ചു.
അല്ലാ ഇപ്പൊ സമയം എത്ര ആയി
സുഹു നിഷ്കളങ്കനെ പോലെ ചോദിച്ചു.
അയാള്‍ സുഹുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി .പണിയായുധങ്ങള്‍ താഴെ ഇട്ടു.ഒരു നിമിഷം പഴയ പോലെ സുഹുവിന്റെ മുണ്ട് പൊക്കി മുകളിലോട്ടു നോക്കി വിളിച്ചു പറഞ്ഞു .
നാലേ മുപ്പത്തഞ്ച്
മുണ്ട് താഴോട്ടിട്ട് തന്റെ പണി തുടര്‍ന്നു.അല്പം ദൂരെ പോയി വാച്ചെടുത്തു നോക്കിയ സുഹുവും പാറയും വീണ്ടും ഞെട്ടി.സമയം കിറുകൃത്യം
എന്റെ ചങ്ങായീ വെറുതെ അല്ല അമേരിക്കക്കാര്‍ കണ്ടു പിടിത്തത്തിന്റെ ആശാന്മാര്‍ ആണെന്ന് പറയുന്നത്.മുണ്ട് പൊക്കി നോക്കി സമയം പറയുകാന്നൊക്കെ പറഞ്ഞാല്‍ എന്താ ഇവരുടെ ഒരു തല.....
പാറ ആശ്ചര്യം കൊണ്ട് പരവശനായി.
സുഹൂ അയാളോട് ചോദിച്ചു ഈ വിദ്യ ഒന്ന് പഠിച്ചാലോ....നാട്ടില്‍ പോയാല്‍ എല്ലാരെയും ഒന്ന് അത്ഭുതപ്പെടുത്താലോ
പാറയുടെ ചോദ്യം കേട്ടപ്പോള്‍ സുഹുവിന്റെ ഉള്ളില്‍ ഒരു ലഡ്ഡു പൊട്ടി.പാവാടയും ,സാരിയും,മിഡിയുമൊക്കെ ഇട്ട ഒരു പാട് ലലനാമണികള്‍ മുന്നില്‍ നിരന്നു നിന്ന് ഈ അത്ഭുത വിദ്യ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നതായി ഒരു സീന്‍ സുഹുവിന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.
വാടോ ഇത് പഠിച്ചിട്ട് തന്നെ കാര്യം ...
ഇത് പറഞ്ഞു കൊണ്ട് മോയ്ദീനിക്കയുടെ കയ്യും പിടിച്ചു സുഹു വീണ്ടും ചെരിപ്പുകുത്തിയുടെ അടുത്തേക്ക് ഓടി.
ഓടിയെത്തിയ കിതപ്പോടെ സുഹു അയാളെ വിളിച്ചു
സാര്‍
അയാള്‍ ഞെട്ടി ഇവരുടെ മുഖത്തേക്ക് നോക്കി
ദയവു ചെയ്തു ആ വിദ്യ ഞങ്ങളെ കൂടി ഒന്ന് പഠിപ്പിച്ചു തരണം.
ഏതു വിദ്യ
കൊച്ചു ഗള്ളന്‍ ഒന്നും അറിയാത്ത പോലെ.......നിങ്ങള്‍ക്കിവിടെ ഇതൊരു അതിശയം ഒന്നുമായിരിക്കില്ല.പക്ഷെ നമ്മുടെ നാട്ടില്‍ ഇത് വരെ ഈ സംഗതി എത്തിയിട്ടില്ല
സുഹു കള്ളച്ചിരിയോടെ പറഞ്ഞു
എന്ത് വിദ്യയുടെ കാര്യമാ ഹേ നിങ്ങള്‍ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല.
അയാളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ സുഹു അയാളുടെ അടുത്ത് ചെന്നിരുന്നു ചെവിയില്‍ സ്വകാര്യമായി പറഞ്ഞു.
ചേട്ടാ നിങ്ങള്‍ ഞങ്ങളുടെ മുണ്ട് പൊക്കി നോക്കി സമയം പറഞ്ഞു തന്നില്ലേ.ആ വിദ്യ ഒന്ന് പഠിപ്പിച്ചു താഒന്നൂടെ സ്വരം താഴ്ത്തി സുഹു പറഞ്ഞു രണ്ടു പേരെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എന്നെ മാത്രം പഠിപ്പിച്ചു തന്നാല്‍ മതി മറ്റേയാള്‍ക്ക് എന്റെ അത്ര ബുദ്ധിയും ഇല്ല ”.
ഹഹഹ.....
അയാള്‍ കുറച്ചു നേരം ചിരിച്ച ശേഷം ചോദിച്ചു
ഇതാണോ കാര്യം ........തന്നെ കണ്ടപ്പോഴേ എനിക്ക് തോന്നി നല്ല വിവരം ഉള്ള കൂട്ടത്തില്‍ ആണെന്ന് ഞാന്‍ പഠിപ്പിച്ചു തരാം.
സുഹു ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്കി കണ്ണട ഒന്നൂടെ ശരിക്ക് വെച്ച് പാറയെ നോക്കി. കണ്ടോടോ എന്ന മട്ടില്‍
താന്‍ ഇവിടെ ഇരുന്നേ
സുഹുവിനെ അയാളുടെ തൊട്ടടുത്ത് ഇരുത്തി.
ചേട്ടന്‍ എന്റെ മുന്നില്‍ നിന്നേ
മോയ്ദീനിക്കയോടായി പറഞ്ഞു
പാറ അറ്റന്‍ഷനായി അയാളുടെ മുന്നില്‍ നിന്നു
അയാള്‍ സാവകാശം മോയ്ദീനിക്കയുടെ മുണ്ട് മുട്ട് വരെ ഉയര്‍ത്തി.
താന്‍ ഇതിലൂടെ നേരെ നോക്കിയേ ..അപ്പുറത്ത് എന്താ കാണുന്നത്.
അത്...............അത് ..ക്ലോക്ക് ടവര്‍
സുഹു വിക്കി
അതില്‍ നോക്കിയടോ മണ്ടാ ഞാനും സമയം പറഞ്ഞത്.മുണ്ടും ഉടുത്തു നേരെ മുന്നില്‍വന്നു നിന്നാല്‍ എനിക്ക് അത് കാണാന്‍ പറ്റില്ല .അത് കൊണ്ടാ മുണ്ട് പൊക്കി നോക്കിയത്.മനസ്സിലായോ
വളിച്ച ചിരിയോടെ സുഹു എണീറ്റ്‌ പാറയെയും കൂട്ടി എണീറ്റു
ഓരോരുത്തന്‍ വന്നോളും നാട് പറയിപ്പിക്കാന്‍ കറുത്ത കണ്ണടയും ഇട്ട്. മുണ്ട് പൊക്കി നോക്കി സമയം പറയാനുള്ള വിദ്യ........................
രണ്ടാളും അത് കേട്ടതായി ഭാവിക്കാതെ വലിഞ്ഞു നടന്നു.
===============================================================സുഹാസിന്റെ ലൈസന്‍സ്‌ പാര്‍ട്ടിയും ഫ്രീയും


ഇന്നലെ രാത്രി സുഹാസിനു ലൈസന്‍സ്‌ കിട്ടിയ വകയിലുള്ള പാര്‍ട്ടി ആയിരുന്നു റൂമില്‍.കുക്ക് മാവൂര്‍ക്ക കോഴി പൊരിക്കാന്‍ വേണ്ടി കോഴി കഷണങ്ങള്‍ മസാലയില്‍ കുളിപ്പിച്ച് ഓമനിക്കുകയാണ്.റൂമില്‍ കട്ടിലില്‍ കിടന്നു തന്റെ ലൈസന്‍സ്‌ കിട്ടിയ സാഹസിക ചരിത്രം വിളമ്പുകയാണ് സുഹാസന്‍.കട്ടിലിനു ചുവട്ടില്‍ ഈ കഥകള്‍ വായും പിളര്‍ന്നു കേട്ടിരിക്കുകയാണ് നമ്മുടെ പാറയില്‍.രാവിലെ മുതല്‍ ഇത് സഹിക്കാന്‍ തുടങ്ങിയതിനാല്‍ ചെവിയില്‍ ഹെഡ്‌സെറ്റ്‌  ഉറപ്പിച്ച് ലാപ്പില്‍ ഒരു കവിതയും  കേട്ട് കിടക്കുകയാണ് സുരേഷ് മാഷ്‌.അപ്പോഴാണ്‌ കിച്ചനില്‍ നിന്നും മാവൂര്‍ക്കയുടെ വിളി
“പാറേ.....എണ്ണ തീര്‍ന്നു.കടയില്‍ പോയി ഒരു കുപ്പി  എണ്ണ വാങ്ങിച്ചോണ്ട് വാ”
പാറ തട്ടിപ്പിടഞ്ഞു എഴുനേറ്റു ഒരു ഇര നഷ്ടപ്പെട്ടതിന്റെ നിരാശ സുഹാസിന് കഥ അങ്ങനെ മുറുകി വരികയായിരുന്നു.
“ആ നജീബിന്റെ കടയില്‍ നിന്നും വാങ്ങണ്ട കേട്ടോ അവന്‍ ശരിയില്ല”
സുഹാസ്‌ മോയ്ദീനിക്കാനോട് അടക്കം പറഞ്ഞു
“അതെന്താ” മാഷ്‌ കവിതയില്‍ നിന്നും തല പൊക്കി നോക്കി
“ഇന്നലെ സുഹൂനു സിഗരറ്റ് കടം ചോദിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു മാസത്തെ പറ്റു തീര്‍ത്തിട്ട് വാങ്ങിയാ മതീന്ന് പറഞ്ഞു” പോകുന്ന പോക്കിനിടയില്‍ ഇതും പറഞ്ഞു പാറയില്‍ എണ്ണ വാങ്ങാന്‍ ഓടി.
സുഹാസിന്റെ മുഖത്ത് നോക്കി ഒന്ന് അമര്‍ത്തി മൂളി മാഷ്‌ പിന്നെയും കവിതയിലേക്ക് കേറി.
ഇതിനിടെ റൂമിലേക്ക്‌ വന്ന മാവൂര്‍ക്കയോട് ലൈസന്‍സ്‌ എന്ന് പറയാന്‍ വേണ്ടി സുഹാസ്‌ ആഞ്ഞതും.മാവൂര്‍ക്ക ജീവനും കൊണ്ട് കിച്ചനിലേക്ക് പറന്നു.
മോയ്ദീനിക്ക എണ്ണ വാങ്ങി തിരിച്ചെത്തി
“എവിടുന്നാടോ വാങ്ങിയത്”
സുഹാസ്‌ ശ്രീനിവാസന്‍ ശൈലിയില്‍ ഗൌരവത്തോടെ ചോദിച്ചു.
“നജീബിന്റെ കടേന്ന്” പാറ നിഷ്കളങ്കനായി
എണ്ണക്കുപ്പി വാങ്ങി തിരിച്ചും മറിച്ചും നോക്കി സുഹാസ്‌ ഒരു ഞെട്ടിക്കുന്ന ചോദ്യം
“എടൊ ഇതിന്റെ കൂടെ ഫ്രീ കിട്ടിയ സാധനം എവിടെ”
മോയ്ദീനിക്ക അന്തം വിട്ടുകളഞ്ഞു
“എന്ത് സാധനം”
ബഹളം കേട്ട് കയ്യില്‍ ചട്ടുകവുമായി മാവൂര്‍ക്ക ഏന്തി നോക്കി
“ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ അവന്‍ ശരിയല്ലെന്ന്.വിവരമുള്ളവര്‍ പറഞ്ഞാല്‍ കേള്‍ക്കരുത്”
“എന്തായാലും അവനോടു രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം”
സുഹാസ്‌ കണ്ണട എടുത്തണിഞ്ഞു
“വാടോ”
ഒരു കുറ്റവാളിയെ പോലെ പിന്നാലെ പാറയിലും,കയ്യില്‍ ചട്ടുകവുമായി മാവൂര്‍ക്കയും ഇതെന്തതിശയം എന്ന മട്ടില്‍ ഫിറ്റ് ചെയ്ത ഹെഡ്‌ സെറ്റോടെ  മാഷും വരിവരിയായി സുഹാസിന്റെ പിറകെ നീങ്ങി.
കടയില്‍ എത്തിയ സുഹാസ്‌ കണ്ണട ഒന്ന് കൂടി ഉറപ്പിച്ച് എന്നോട് ഒരു ചോദ്യം.
“എന്താടോ എഴുത്തും വായനയും അറിഞ്ഞൂടാന്നു വെച്ച് ആളെ പറ്റിക്കുന്നതാണോ തന്റെ കച്ചവടം”
“എന്താ സുഹൂ എന്താ പ്രശ്നം.എന്ത് പറ്റിച്ചൂന്നാ”
ഞാന്‍ ഉത്കന്ട കൊണ്ട് ഭരിതനായി
എണ്ണക്കുപ്പി ഉയര്‍ത്തിക്കാട്ടി സുഹാസ്‌ എന്നോട് അലറും പോലെ ചോദിച്ചു.
“ഇതിന്റെ കൂടെ ഫ്രീ ഉള്ള സാധനം എവിടെ”
“ഇതിന്റെ കൂടെ ഒന്നും ഫ്രീ ഇല്ലല്ലോ”
കുപ്പിയുടെ ലേബലില്‍ വിരല്‍ ചൂണ്ടി സുഹാസ്‌ മുരണ്ടു
“ഉരുണ്ടു കളിക്കാതെ ഇതൊന്നു വായിക്കെടോ.എന്നിട്ട് ആ ഫ്രീ ഉള്ള സാധനം ഇങ്ങു താ മതി ആളെ പറ്റിച്ചത്”
സുഹാസ്‌ ചൂണ്ടിയ സ്ഥലത്ത് എഴുതിയത് കണ്ടു ഞാന്‍ ഞെട്ടി

   ((((((((((((((((((((                             FREE-CHOLESTEROL                                           )))))))))))))

=====================================================================

നേരെ വാ നേരെ പോ... അഥവാ മാവൂര്‍ക്കയും ,ഹസ്സനിക്കയും പിന്നെ ഒരു പശുവും...നമ്മുടെ മാവൂര്‍ക്ക വളരെ സീധാ സീധാ മനുഷ്യനാണ് എന്ന് എല്ലാവര്‍ക്കും അറിയാം.നേരെ വാ നേരെ പോ അതാണ്‌ മൂപ്പരുടെ രീതി വളച്ചു കെട്ടുള്ള ഒരു കാര്യവും മൂപ്പര്‍ക്ക് ഇഷ്ടമല്ല.
എന്നാല്‍ പലപ്പോഴും പലരും അത് തിരിച്ചറിയുന്നില്ല എന്ന് മാത്രമല്ല മൂപ്പരെ തെറ്റിദ്ധരിക്കുകയും ചെയ്യും.കഴിഞ്ഞ പ്രാവശ്യം മൂപ്പര്‍ നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഈ സംഭവം തന്നെ ഒന്ന് വായിച്ചു നോക്ക്.നിങ്ങള്‍ പറയൂ ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യന്‍ വേറെ ഉണ്ടോ....
മാവൂര്‍ക്കയുടെ അയല്‍വാസി ഹസ്സനിക്ക ഒരു പശുവിനെയും വാങ്ങി അതിനെയും കൊണ്ട് വീട്ടിലേക്കു വരികയാണ്.അപ്പോഴാണ്‌ മാവൂര്‍ക്ക വെള്ളയും വെള്ളയും ഇട്ടു അങ്ങാടിയിലേക്ക് ഇറങ്ങിയത് കണ്ടത്.ഹസ്സനിക്ക ആണെങ്കില്‍ പശുവിന് വില കൂടുതലായിപ്പോയോ എന്ന ഒരു സംശയത്തിലും ആണ്.ഏതായാലും മാവൂര്‍ക്കയോട് ഒരു അഭിപ്രായം ചോദിച്ചു കളയാം വിലയെ പറ്റി എന്ന് മൂപ്പര്‍ ഉറപ്പിച്ചു.മാവൂര്‍ക്ക ഇപ്പോള്‍ എന്തൊക്കെയോ കമ്പ്യൂട്ടറിലോ ഒക്കെ ലോകം മുഴുവന്‍ അറിയുന്ന വലിയ ആളായി എന്ന് മൂപ്പരും കേട്ടിട്ടുണ്ട്.അപ്പൊ പിന്നെ ഈ നിസ്സാര കാര്യവും ചോദിക്കാന്‍ പറ്റിയ ആള്‍ ഇയാള് തന്നെ..
മാവൂര്‍ക്ക അടുത്തെത്തിയപ്പോള്‍ ഹസ്സനിക്ക ഒന്ന് ചിരിച്ചു ലോഗ്യം പറഞ്ഞു. ശേഷം ചോദിച്ചു മമ്മദൂട്ടീ ഞാന്‍ പശുവിനെയും വാങ്ങി വരുന്ന വഴിയാ.നിന്നെ കണ്ടത് നന്നായി .നീ ഒരു അഭിപ്രായം പറ................ ഈ പശുവിന് എന്ത് കൊടുക്കണം
മാവൂര്‍ക്ക പശുവിനെ ഒന്ന് അടിമുടി നോക്കി ഇത്തിരി ആലോചിച്ചു വളരെ ഗൌരവ ഭാവത്തില്‍ പറഞ്ഞു....അതിപ്പോ ഹസ്സനിക്കാ എന്റെ ഒരു അഭിപ്രായത്തില്‍.......
ഇഞ്ഞ് പറഞ്ഞോ മമ്മദൂട്ട്യെഹസ്സനിക്ക കേള്‍ക്കാനുള്ള താല്പര്യത്തോടെ പ്രോത്സാഹിപ്പിച്ചു.
ഹസ്സനിക്കാ ഇതിനു എന്ത് കൊടുക്കാന്നു ചോദിച്ചാല്‍ ..........................പുല്ലു കൊടുക്കാം,പിണ്ണാക്ക് കൊടുക്കാം,കാടി വെള്ളം.....
ഛെ ....എന്താ മമ്മദൂട്ട്യെ ഇഞ്ഞ് ഇപ്പറയുന്നത് .അത് എനിക്ക് അറിഞ്ഞൂടെ ഞാന്‍ അതല്ല ചോദിച്ചത്.....
പിന്നെ എന്താ ഹസ്സനിക്കാമാവൂര്‍ക്ക നിഷ്കളങ്കമായി ചോദിച്ചു
എന്റെ മമ്മദൂട്ട്യെ ....... ഇതിനെന്തു കിട്ടും..... ഇഞ്ഞത് പറ.....ഇതിനെന്തു കിട്ടും
അത് ശരി എന്നാ നിങ്ങള്‍ അങ്ങനെ പറയണ്ടേ ഹസ്സനിക്കാ ...നിങ്ങളെ ഒരു കാര്യംമാവൂര്‍ക്ക പിന്നെയും പശുവിനെ വളരെ ഗഹനമായി നോക്കി .
ഹസ്സനിക്കാ
പറ മോനെ
ഹസ്സനിക്കാ ഇതിന്........പാല് കിട്ടും,ചാണകം കിട്ടും ....പിന്നെ ...
ഹൌ ...മമ്മദൂട്ട്യെ ” .....ഹസ്സനിക്കാന്റെ ഒച്ച പൊന്തി.. ...എടോ ഇതിനെന്തു വരും ഇഞ്ഞത് പറ
അത് ശരി ..ഇതിനെന്തു വരും,..അതിനാ കാക്കാ ഇങ്ങള് ഇങ്ങനെ ഒക്കെ ചോദിക്കുന്നത്.മാവൂര്‍ക്കാക്കും ഇത്തിരി ചൂടായി.
എന്നാലും ഒന്ന് കൂടി പശുവിനെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാവൂര്‍ക്ക സാവധാനത്തില്‍ പറഞ്ഞു.
പശുവല്ലേ ഇതിന് ......കുളമ്പ് ദീനം വരും,അകിട് വീക്കം വരും .........
ഹസ്സനിക്കാന്റെ നിയന്ത്രണം മുഴുവനും പോയി അയാള്‍ അലറി
എടാ പൊട്ടാ................ഇതിനെന്താകും..... നിനക്കതു പറയാന്‍ പറ്റ്വോ
മാവൂര്‍ക്ക അതിലും ഉച്ചത്തില്‍ അലറി ........കാക്കാ ആളെ സുയിപ്പാക്കുന്നതിനു ഒരു അതിരുണ്ട്. ഇങ്ങളെന്താ മന്ശനെ കളിയാക്ക്വാ..ആദ്യം തന്നെ ഇതങ്ങു ചോദിച്ചാ പോരായിരുന്നോ..... സൂകേട്‌ വന്നാ സാധാരണ എന്താകാനാ ചത്ത്‌ പോകും അത്ര തന്നെ
പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല .ഏതായാലും ആറുമാസത്തേക്ക് നാട്ടില്‍ ലീവിന് പോയ മാവൂര്‍ക്ക രണ്ടു മാസം കൊണ്ട് തന്നെ സൌദിയില്‍ തിരിച്ചെത്തിയപ്പോള്‍ കൈക്കും,കാലിനും,തലയിലും ഒക്കെ കെട്ടുണ്ടായിരുന്നു എന്ന് ശത്രുക്കള്‍ വെറുതെ പറഞ്ഞു പരത്തുന്നതാവും അല്ലെ . എന്ത് ചെയ്യാം ഈ കാലത്ത് നേരെ ചൊവ്വേ ജീവിക്കുന്നത് ആളുകള്‍ക്ക് കണ്ടു കൂടാ എന്ന് പറയുന്നത് വെറുതെയാണോ ...നേരെ വാ നേരെ പോ എന്നുള്ള ആളുകള്‍ക്ക് ഇനിയുള്ള കാലം ജീവിക്കാന്‍ വലിയ പാട് തന്നെ... ഇത് പറയുമ്പോള്‍ മാവൂര്‍ക്ക ദുഖത്തോടെ തല തടവിക്കൊണ്ടിരുന്നത് എന്തിനാണാവോ....
===============================================================

  മഴക്കാറ്
ഇന്നലെ നട്ടുച്ചക്ക് സുഹുവിനെയും കൂട്ടി ഒരു അത്യാവശ്യ കാര്യത്തിനു പോകാന്‍ വേണ്ടി നമ്മുടെ പാറയില്‍ സുഹുവിന്റെ റൂമിലെത്തി.പെട്ടെന്ന് പുറപ്പെടാന്‍ പറഞ്ഞു പാറ അക്ഷമയോടെ പുറത്തു കാത്തു നിന്നു.സുഹാസ്‌ ആണെങ്കില്‍ കുളിച്ചൊരുങ്ങി കുട്ടപ്പനായി പുറത്തിറങ്ങാന്‍ ഒരു പാട് സമയം എടുത്തു...പാറ ആണെങ്കില്‍ അക്ഷമേട്ടന്‍ ആയി തുടങ്ങിയപ്പോഴാണ് സുന്ദര കുട്ടപ്പന്‍ ഈ കാണുന്ന കറുത്ത കണ്ണടയും വെച്ച് ഇതേ പോലെ മുകളിലോട്ടു നോക്കി പുറത്തേക്കു ഇറങ്ങിയത്.
എന്ത് താമസാ ചങ്ങായീ വേഗം പുരപ്പെടാംപാറ തിരക്ക് കൂട്ടി.
പുറത്തിറങ്ങിയതും സുഹാസ്‌ അതെ വേഗതയില്‍ തിരിച്ചു റൂമിലേക്ക്‌ കയറുന്നത് കണ്ട മോയ്ദീനിക്ക അന്തം വിട്ടു.
എന്ത് പറ്റിയെടോപാറ
ഹും കണ്ടില്ലേ നല്ല മഴക്കാറ് ഞാന്‍ കുട എടുക്കട്ടെ
കണ്ട്രോള് പോയ പാറ അലറി
നേരല്ല്യാത്ത നേരത്താ ഓന്റെ ഒരു കൊട.....നിന്റെ ആ അവലക്ഷണം കെട്ട കണ്ണട എടുത്തു മാറ്റെടാ

========================================================================

വിലക്കുറവ്

പോസ്ടോഫീസില്‍ നിന്നും ഒരു കെട്ടു ഇന്‍ലന്‍ഡ്‌ വാങ്ങി കക്ഷത്തില്‍ വെച്ച് കറുത്ത കണ്ണടയിട്ട് ആകാശത്തേക്ക് നോക്കി ഗൌരവത്തോടെ നടന്നു വരികയാണ് സുഹാസ്‌.എതിരെ വന്ന മാവൂര്‍ക്ക ഇത് കണ്ടു അതിശയത്തോടെ ചോദിച്ചു
ഇതെന്തിനാ സുഹൂ ഇത്രേം ഇന്‍ലന്‍ഡ്‌....നീ എന്താ കത്തെഴുത്ത് മത്സരത്തിന് പോകുന്നോ
സുഹാസ്‌ മാവൂര്‍ക്കയെ പുച്ഛത്തോടെ ഒന്ന് നോക്കി
എടൊ മനുഷ്യാ വിവരം വേണം,..............അതിനു ഇടയ്ക്കു പത്രമൊക്കെ ഒന്ന് വായിക്കണം
ഇഞ്ഞ് സംഗതി പറ മോനെ
മാവൂര്‍ക്ക ആകാംക്ഷ കൊണ്ട് ഭരിതനായി
സുഹാസ്‌ മാവൂര്‍ക്കയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞു
ഇന്‍ലന്‍ഡിനു അടുത്ത മാസം മുതല്‍ വില കൂടാന്‍ പോകുന്നു എന്ന് ഇന്നത്തെ പത്രത്തില്‍ ഉണ്ട്...അത് കൊണ്ട് ഞാന്‍ ഒരു നൂറെണ്ണം ഒന്നിച്ചങ്ങു വാങ്ങി...മണ്ടന്മാര്‍ അവര്‍ ഈ വിവരം അറിഞ്ഞിട്ടില്ലാ എന്ന് തോന്നുന്നു.....ഹഹഹ.....ഞാനാരാ മോന്‍


11 comments:

 1. എത്രമനോഹരമായും,ഹാസ്സ്യാത്മകവുമയിട്ടും ആണു കൂടെയുള്ള
  അടുത്തസുഹൃത്തുക്കളെ കഥാപാത്രമാക്കി കഥമെനഞ്ഞിരിക്കുന്നത്
  ഓരോ ചെറുചലനം പോലും സൂഷ്മമായി ശ്രദ്ധിച്ചാണവതിരിപ്പിച്ചിരിക്കുന്നത്
  ഭാവത്തിലും,കഥാപാത്രരൂപീകരണത്തിലും അതീവ ശ്രദ്ധപുലർത്തിയിട്ടുണ്ട്
  വായനക്കുശേഷവും പലരംഗങ്ങളും മനസ്സിന്റെ ഫ്രെയിമിനകത്ത് മായാതെ
  നിൽക്കുന്നതും അതുകൊണ്ടുതന്നെയാണു...അഭിനന്ദനം....SURESHKUMAR PUTHANPURAYIL

  ReplyDelete
 2. മുഹമ്മദു കുട്ടി മാവൂര്‍ .......Saturday, April 21, 2012 1:42:00 PM

  കൊമഡി എഴുതിയിട്ട് അത് വേണ്ട രീതിയില്‍ എശിയില്ലെങ്കില്‍ അതിനേക്കാള്‍ വലിയ ട്രാജഡി വേറെ ഇല്ല ....അത് കൊണ്ട് തന്നെ ഏതൊരു എഴുത്തുകാരനെ സംബധിചിടത്തോളവും ഏറ്റവും വലിയ വെല്ലുവിളിയാണ് നര്‍മ്മം എഴുതുകയെന്നത്...അതോടൊപ്പം കഥാപാത്രങ്ങള്‍ നാം നിത്യേന ഇടപെടുന്നവരും ചിര പരിചിതരും ആവുമ്പോള്‍ വെല്ലുവിളി ഒന്നു കൂടി കടുത്തതാവുന്നു.കാരണം നര്‍മ്മരസം ഒട്ടും ഊര്‍ന്നു പോവാതെ എന്നാല്‍ ഒരിക്കല്‍ പോലും ഒരു തരത്തിലുള്ള മനസ്താപത്തിനും അവസരം കൊടുക്കാതെ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കണം ...നജീബ് മൂടാടി എന്ന എഴുത്തുകാരന്റെ സവിശേഷ സിദ്ധി പ്രകടമാകുന്നത് ഇവിടെയാണ്‌ ...നര്‍മ്മം അതിന്റെ മര്‍മ്മം നോക്കി പ്രയോഗിച്ചിരിക്കുന്നു ....ഏറെ ആസ്വാദകരമായി എന്നാല്‍ ഒരിക്കല്‍ പോലും അതി ഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ അസാമാന്യമായ കയ്യടക്കത്തോടെ ഓരോ കഥകളും മെനെഞ്ഞെടുത്തിരിക്കുന്നു.....താങ്കളെപ്പോലുള്ള ഒരു അതുല്യ പ്രതിഭയുടെ സുഹൃദ്‌വലയത്തില്‍ ഉള്പെടാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു ....അഭിനന്ദനം സഖേ ..എല്ലാ ഭാവുകങ്ങളും ......

  ReplyDelete
 3. ഈശ്വരാ ആ ഫ്രീ കിട്ടിയ സാധനം അങ്ങട് കൊടുത്തൂടായിരുന്നോ.....ചിരിച്ചു ഒരു പരുവായി ഇക്കാ.....

  ReplyDelete
 4. നജൂക്കയുടെ ഹാസ്യ കഥകളൊക്കെയും ആവേശ പൂര്‍വ്വം വായിക്കാറുണ്ട്
  ഒരാളെ കരയിപ്പിക്കാന്‍ നമുക്ക് പെട്ടെന്ന് കഴിയും പക്ഷെ മനസ് തുറന്നൊന്നു ചിരിപ്പിക്കാന്‍ നല്ല കഴിവ് തന്നെ വേണം
  നജൂക്കയുടെ ഓരോ കഥകളും ഒന്നിനൊന്നു മെച്ചം തന്നെ
  അങ്ങയുടെ എഴുത്തുകളിലെ കഥാ പാത്രമാവാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും തോന്നുന്നു
  ഇനിയും എഴുതണം ഹാസ്യാവതരണം ഒത്തിരി ഇഷ്ട്ടമായ്‌ .....

  ReplyDelete
 5. മജീദ്‌ അഹമദ് കല്ലിങ്ങല്‍...Saturday, April 21, 2012 4:17:00 PM

  നെജു ബായിടെ എഴുത്തുകള്‍ വളരെ ആവേശത്തോടുകൂടി വായിക്കുന്ന ഒരാളാണ് ഞാന്‍ ... വല്ലപ്പോഴും മാത്രമാണ് ഒരു തമാശ എഴുതാറു .. എന്നാല്‍ അതെല്ലാം വളരെ കുറിക്കു കൊള്ളുന്ന രീതിയിലുല്ലതാവും .. പ്രധാനമായും അവതരണ ഭംഗി ... എല്ലാ വിധ ആശംസകളും നേരുന്നു...
  മജീദ്‌ അഹമദ് കല്ലിങ്ങല്‍...

  ReplyDelete
 6. നര്‍മ്മം കൊള്ളാം...വ്യത്യസ്ഥമായിരിക്കുന്നു.

  ReplyDelete
 7. ചേട്ടാ,
  ഓരോ കഥയും ഓരോ പോസ്റ്റ്‌ ആക്കിയാല്‍ മതിയാരുന്നു.
  മുണ്ടുപോക്കി നോക്കി, കൊള്ളാം, അതിന്റെ താഴത്തെ പിന്നെ നോക്കിയാല്‍ പോരേ........:)

  ReplyDelete
 8. This comment has been removed by a blog administrator.

  ReplyDelete
 9. നര്‍മത്തിലൂടെ ചിന്തിപ്പിക്കുന്ന വിഷയം അവതരിപ്പിച്ചത് വളരെ നന്നായിരിക്കുന്നു. വളരെ രസകരമായി തന്നെ വായിച്ചു ,തിരിച്ചു അങ്ങോട്ട്‌ എഴുതുമ്പോള്‍ മുഖം വീര്‍പ്പിക്കരുത് കണ്ണുരുട്ടുകയും ചെയ്യരുത്..കുറെ ആളുകള്‍ ഇതില്‍ എന്റെ കുറവ് കണ്ടു സന്തോഷിച്ചുള്ള കമന്‍സ് വായിച്ചു അവര്‍ക്കും ഉടനെ മറു മരുന്ന് തരുന്നതാണ് ..ഒരേ കട്ടിലില്‍ കിടന്ന , പാറയില്‍ ഇക്കയെയും, മാഷെയും ഞാന്‍ നേരിട്ട് കണ്ട പ്രതീതിയായിരുന്നു വായിച്ചപ്പോള്‍ .മാവൂര്ജീ പിന്നെ കോഴിയായി ഇപ്പോഴും ഉണ്ട് മനസ്സില്‍ എന്തായാലും ഫ്രീ ഉള്ളത് തന്നെ പറ്റൂ........

  ReplyDelete
 10. well, visit www.prakashanone.blogspot.com

  ReplyDelete
 11. കലക്കി കളറടിച്ചു നജീബ് ഭായി......
  കഥാപാത്രങ്ങൾ വന്ന് കമന്‍റടിച്ചത് ഹൃദയത്തേ തൊടുന്ന രീതിയിൽ ആയിരുന്നു...... നന്മമനസ്സുകളുടെ സൗഹൃദകൂട്ടായ്മക്ക് ആശംസകൾ നേരുന്നതിനൊപ്പം....നല്ലെഴുത്തിനും ആശംസകൾ.....

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ