Monday, November 20, 2017

അമ്മയില്ലാക്കൂട്ടിലൊരു....


"ഓലൊന്നും പറേന്നത് ന്റെമോള് ചെവി കൊടുക്കണ്ട ട്ടോ... ന്റെ  റീനൂട്ടിനെ മാത്രം  മത്യല്ലോ അമ്മക്ക്......എനിക്ക് എന്നും  ങ്ങനെ പുന്നാരിച്ചോണ്ട് നടക്കാൻ ന്റെ മോളുണ്ടല്ലോ......മോളേക്കാളും വലുത് എന്താ അമ്മക്കീ ലോകത്ത്‌..."

ഇത് അമ്മ ന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതൊന്ന്വല്ല. ശരിക്കും ന്നോടുള്ള ഇഷ്ടം കൊണ്ട് പറയ്‌ന്നതാ. അമ്മക്ക് മാത്രേ ന്നോട് ഷ്ടള്ളൂ...... പത്ത്‌ വയസ്സ് കഴിഞ്ഞിട്ടും മിണ്ടാനും ശരിക്കും നടക്കാനും കൈ കൊണ്ട് എന്തേലും എടുക്കാനും  ഒന്നും കഴിയാത്ത നിക്ക് അമ്മേല്ലേ ഒക്കെ ചെയ്ത് തര്ന്നത്.... അമ്മമ്മയൊന്നും തിരിഞ്ഞു നോക്കേം കൂടീല്ല....

ന്നിട്ടും ഇന്ന്  റീനൂട്ടിനേം ഒറ്റക്കാക്കി അമ്മ   എങ്ങോട്ട് പോയി.  എത്ര നേരായി ഞാൻ അമ്മ വരുന്നുണ്ടോന്ന് ഈ ഇര്‌ട്ടത്തേക്ക് നോക്കി ഇരിക്ക്ന്ന്.......

ഇന്ന് രാവിലെ ന്നെ വിളിച്ചൊണർത്താൻ അമ്മ വന്ന്റ്റില്ല. സാധാരണ എല്ലാ ദെവസോം അമ്മയാണ് ന്നെ വിളിക്യാ.
"റീനൂട്ടീ വാ എണീക്ക്.. മ്മക്ക് പോണ്ടേ...ഇതെന്തൊറക്കാ"
അമ്മ വിളിക്ക്‌ന്നത്  കൊയിലാണ്ടീല്  പോകാനാ... നെസ്റ്റ്ല്. എന്നാലും ഞാൻ ഉണരാത്ത പോലെ കണ്ണും ചിമ്മി  കെടക്കും.  അന്നേരം ന്റമ്മ വന്ന് ന്നെ കെട്ടിപ്പിടിച്ച്‌ കൊറേ ഉമ്മതന്നിട്ട് പറയും.
"അമ്മേന്റെ പൊന്നല്ലേ.... ചക്കര റീനൂട്ടിയല്ലേ....മിടുക്കി മോളല്ലേ....അമ്മക്ക്  ഇനി എന്തൊക്കെ പണി തീർക്കാനുണ്ട്... വാ..  വേഗം ണീറ്റ് പല്ല് തേച്ച്‌ ചായ കുടിക്കാലോ"

അമ്മക്ക് ഒരു പാട് പണീണ്ട് രാവിലെ. പശൂനെ കറക്കണം. പാല് കൊണ്ടോയി കൊട്‌ക്കണം. ചായേം ചോറും ഉണ്ടാക്കണം. തിരുമ്പണം. അടിച്ച്‌ വാരണം.  വീട്ട്‌ലെ പണിയൊക്കെ ചെയ്യണം.  ഇതൊക്കെ കയിഞ്ഞിറ്റ് വേണം ന്നെ   നെസ്റ്റ്ല് കൊണ്ടോവാൻ.

അമ്മ ന്നെ  കെട്ടിപ്പിടിച്ചിങ്ങനെ കൊഞ്ചിക്ക്ന്നത് നിക്കിഷ്ടാ.  അതോണ്ട്  ഞാൻ ഒന്നൂടെ ചുരുണ്ട് കെടക്കും.  പക്ഷെ അധികം കിടന്നൂടാ. അമ്മമ്മ ചീത്ത പറയാൻ തൊടങ്ങും. അമ്മമ്മക്ക് ന്നെ കണ്ണെടുത്താ  കണ്ടൂട..

അച്ഛൻ ഞാളെ  ഇട്ടേച്ചു  പോയത് ഞാനിങ്ങനെ ആയിപ്പോയതോണ്ടാത്രെ. അതാണ് അമ്മമ്മക്ക് ന്നോട് ഇത്ര ദേഷ്യം. ഞാനിങ്ങനെ ആയത് ന്റെ കുറ്റാണോ. മറ്റ്‌ കുട്ട്യേളെ പോലെ കളിക്കാനും ചിരിക്കാനും കഴിയാത്ത കുട്ടിയാണ്ന്ന് മനസ്സിലായപ്പോ അച്ഛൻ പിന്നെ അമ്മേനെ കൂട്ടിക്കൊണ്ടു പോവാൻ വന്ന്ട്ടേയില്ല.

പാവം അമ്മ. കല്യാണ ഫോട്ടോലൊക്കെ അച്ഛന്റെ കൂടെ എന്ത് ചിരിയാണ് അമ്മക്ക്....... വെറ്‌തെയല്ല അമ്മമ്മക്ക് ഇത്ര ദേഷ്യം....ഞാൻ കാരണല്ലേ.... ശരിക്കും അമ്മ....

അമ്മ ന്നേം കൊണ്ട്  നെസ്റ്റ്ല് പോകാനിറങ്ങുമ്പൊ അമ്മമ്മ  തൊടങ്ങും.
"ഓ... തമ്പുരാട്ടിനെ കൊണ്ടോയി പഠിപ്പിച്ച്‌ കലട്ടറാക്കാനല്ലേ...ദെവസോം ഒരുങ്ങിക്കെട്ടി എഴ്ന്നള്ള്‌ന്ന്......നാട്ട്വാരെ കൊണ്ട് പറയ്പ്പിക്കാൻ....."
അത് കേട്ടാൽ ന്റമ്മക്ക് സങ്കടാ. ന്നാലും അമ്മമ്മേനോട് ഒന്നും പറയൂല.

നെസ്റ്റ് ന്നെപ്പോലുള്ള കുട്ട്യേൾക്കുള്ള സ്കൂളാ. അവ്ടെ നിക്ക് കൊറേ കൂട്ടുകാര്ണ്ട്. ഹുസ്നയും റിനീഷും ഫാരിസും ടോണിയും നീനയും......  എല്ലാ ദെവസോം രാവിലെ ഞാളെയും കൊണ്ട് അമ്മമാര് വരും. വൈന്നേരം വരെ എല്ലാരും ആട ഉണ്ടാകും. ഞാളെ  കൊണ്ട്  ഇങ്ങനെ ഓരോന്ന് ചെയ്യിച്ചും കത പറഞ്ഞ്‌  തന്നും പാട്ട് പാടി തന്നും..... ആട പോകാൻ തൊടങ്യെരെ ആണല്ലോ  ഞാൻ ഇത്തിരിയെങ്കിലും നടക്ക്ന്നതും കൈ  നീർത്തുന്നതും ഒക്കെ....പിന്നെ  'മ്മേ..' ന്ന് വിളിക്കുന്നതും..

കയ്ഞ്ഞ കൊല്ലാണ് ഞാൻ ആദ്യായിട്ട്‌ 'മ്മേ' ന്ന് വിളിക്ക്ന്നത്.... അന്ന് ന്റമ്മേന്റെ സന്തോഷം... എത്ര പ്രാവശ്യാ അങ്ങനെ വിളിപ്പിച്ചത്... കരഞ്ഞു കൊണ്ട് നിക്കെത്ര ഉമ്മയാ തന്നത്.. അന്ന് നെസ്റ്റില് പോയപ്പോ  എല്ലാരോടും അമ്മയ്ക്ക് ഇത് തന്നെയേ പറയാൻ ഉണ്ടായിരുന്ന്‌ള്ളൂ...."ന്റെ റീനൂട്ടി ന്നെ അമ്മേന്ന് വിളിച്ചു"ന്നും പറഞ്ഞ്‌ ന്തൊരു സന്തോഷായിനും അമ്മക്ക്.

എന്തൊരിഷ്‌ടാന്നോ എല്ലാ അമ്മമാര്ക്കും  തമ്മില് അവ്ടെ. നെസ്റ്റിലെത്തിയാല് ഞാള് എല്ലാര്ടേം മക്കളാ . വൈന്നേരം ആവല്ലേന്ന് വിചാരിക്കും. ന്റെ അമ്മേനെ സന്തോഷത്തോടെ കാണുന്നതും അവിടന്നാ. വീട്ടില് വന്നാ പിന്നെ അമ്മമ്മേന്റെ നൊടിച്ചില് കേക്കണം. ആരേലും കുടുംബക്കാരോ  എടവലക്കാരോ വന്നാൽ ന്നെ പറ്റി ഓരോ പായ്യാരം ചോയ്ക്ക്ന്നതിന്  ഉത്തരം പറേണം... എല്ലാർക്കും ന്നെ കാണുമ്പോ അമ്മേനെ വെഷ്‌മിപ്പിക്കുന്ന ഓരോന്ന് ചോയ്ക്കണം....

ആള്കള് ഇങ്ങനെ ഓരോന്ന് ചോയ്ക്കുന്നതോണ്ടാ ന്റമ്മ ന്നേം കൂട്ടി എവ്‌ടേം കല്യാണത്തിനും കൂടെ പോകാത്തെ. അമ്മേം പോകലില്ല.  ഒരീസം മൂത്തമ്മേന്റെ വീട്ടില് കല്യാണത്തിന് അമ്മ ന്നേം കൊണ്ട് പോയീനും. എന്ത് രസായിനൂന്നോ. ഞാൻ ആദ്യയിറ്റാ ഒര് കല്യാണത്തിന് പോവ്ന്നത്.  പക്ഷെ  അവ്ടെ വന്നോലൊക്കെ ഞാളെ നോക്കി നിക്കേം  ഓരോന്ന് ചോയ്ക്ക്യെം ഒക്കെ  ചെയ്തപ്പൊ  അമ്മക്ക് വെഷമായി. പിന്നെ അമ്മ എവ്‌ടേം കല്യാണത്തിന് പോകലില്ല. അല്ലെങ്കിലും ന്നെ കൂട്ടാണ്ട് അമ്മ ഏടേം പോകലില്ലാലോ. നിക്ക് ഇഷ്ടാ കല്യാണപ്പൊര. വീട് നെറച്ചും ആളുണ്ടാവാ ന്ത് രസാല്ലേ. ഇവ്ടെ ഞാനും അമ്മേം അമ്മമ്മേം മാത്രേ ഉള്ളൂ.

ഇന്ന് ഈ വീട്ടിലും നെറച്ചും ആളുണ്ടായിനും. ഞാൻ ഒണര്ന്നത് തന്നെ ആരൊക്ക്യോ  വർത്താനം പറയ്ന്നത്  കേട്ട്റ്റാ.
"ഓളില്ലാതെ ഇനി ഇത്‌ന്റെ കാര്യം എങ്ങനാ ഈശ്വരാ....."
"ആരാ ഈ കുട്ടിനെ ഇനി കൊണ്ട്നടക്കാൻ...ഓക്കല്ലാതെ ആര്ക്കാ ഈനൊക്കെ കയ്യാ"
"ഓനെ അറീച്ചിക്കില്ലേ"
"അപ്പൊ തന്നെ ആള് പോയതാ.... വര്ന്നില്ലാന്നു ചൊല്ലി അയച്ചു.....ദുഷ്ടൻ"

അന്നേരം ഹുസ്‌നാന്റെ ഉമ്മ വന്ന് ന്നെ എടുത്തോണ്ട് പൊറത്തേക്ക് പോയി.
എപ്പളും ചിരിക്ക്ന്ന  ഹുസ്നാന്റെ ഉമ്മാന്റെ മൊകം ആകെ വാടി കണ്ണൊക്കെ  നെറഞ്ഞിരുന്നു. അമ്മമ്മയും അകത്ത്‌ കെടന്ന് കരയ്ന്നുണ്ടായിനും. അമ്മമ്മ കരയ്ന്നത് ഞാൻ ആദ്യായിറ്റ് കാണാ. ന്റെ അമ്മേനെ മാത്രം ഏടേം കണ്ടില്ല!

ഹുസ്നാന്റെ ഉമ്മ ന്നെ കൊണ്ടോയി പല്ല്തേപ്പിച്ചു. പിന്നെ  കുളിപ്പിച്ച് ഉടുപ്പ് മാറ്റി അങ്ങ്ട്ടേൽ കൊണ്ടോയി ചായയൊക്കെ തന്നു.

ഞാള് തിരിച്ച്‌ വീട്ട്ലെത്തുമ്പൊ നെസ്റ്റ്‌ലെ ന്റെ കൂട്ടുകാരും അമ്മാരും ടീച്ചർമാരും ഒക്കെ ഉണ്ടായിനും മിറ്റത്ത്. പക്ഷെ ന്റെ അമ്മമാത്രം..... ഓലൊക്കെ ആദ്യായിറ്റ് ഞാളെ പൊരേല് വര്വല്ലേ.... ന്നിറ്റും ന്റമ്മ..... ഓലെയൊക്കെ കണ്ടേരം നിക്ക് നല്ല സന്തോഷായീനും,  അമ്മമാരൊക്കെ ന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞപ്പൊ നിക്കും വല്ലാത്ത സങ്കടം വന്നു.

കൊറച്ച്‌ കഴിഞ്ഞപ്പൊ ആരോ വന്ന് "മോൾക്ക് അമ്മേനെ കാണണോ"ന്ന് ചോയ്ച്ചു. ഞാൻ വിചാരിച്ച്‌ അമ്മ ഇപ്പം വരുംന്ന്. അന്നേരം നീനേന്റെ അമ്മ വന്ന് ന്നെ എടുത്തോണ്ട് പോയി.

വാത്ക്കലെ  അകത്ത്‌  ന്റമ്മ കണ്ണും ചിമ്മി ചെറിയൊരു ചിരിയോടെ കെടക്ക്ന്ന്‌ണ്ടായിനും.  അമ്മമ്മേം വേറെ ആരൊക്ക്യോ കരയ്ന്ന്.  ആരോ ന്നോട് അമ്മക്ക്  ഉമ്മ കൊടുക്കാൻ പറഞ്ഞ്‌. ദെവസോം രാവിലെ നിക്ക് അമ്മ ഉമ്മ തരുമ്പോ ഞാൻ  ചിരിച്ചോണ്ട് കണ്ണുന്നതുറക്കുന്ന പോലെ അമ്മ ഇപ്പം കണ്ണ് തൊറന്ന്‌ ന്നെ കെട്ടിപ്പിടിക്കുംന്ന് വിചാരിച്ച്‌ ഞാൻ ഒരുപാട് ഉമ്മ കൊടുത്ത്‌. അന്നേരം അമ്മേന്റെ മൊകത്തിന്‌ ഐസ്‌മുട്ടായിന്റെ തണ്പ്പായിനും.

ആരോ ന്നെ പിന്നേം അകത്ത്‌ കൊണ്ട്വന്ന് ഇരുത്തി. കൊറേ കഴിഞ്ഞപ്പോ  ആള്‌കളൊക്കെ കൊറഞ്ഞു. ഹുസ്നാന്റെ ഉമ്മ വൈന്നേരാണ്‌ പോയത്. പോകുന്നേന് മുമ്പ്  ന്നോട് കൊറേ നിർബന്ധിച്ചതാ ചായ കുടിക്കാനൊക്കെ.  നിക്ക് വെശപ്പില്ലായിര്ന്നു. ന്നെ കെട്ടിപ്പിടിച്ച്‌ ഒരുപാട് ഉമ്മ തന്ന്‌ പോകുമ്പൊ ഹുസ്നാന്റെ ഉമ്മ കരയ്ന്നുണ്ടായിനും.

അന്നേരം മുതല് ഞാൻ ഈ ജാലകത്തിന്റടുത്ത്‌ ഇരിക്ക്യാ. ഒറ്റക്ക്. ഇപ്പം നേരം എത്രായിറ്റ്ണ്ടാകും. രാത്രി ഒരുപാടായ്ണ്ടാവോ. ആലേന്ന് പയ്യ് മാത്രം നിർത്താണ്ട് ഇടക്കെടെ കരയ്ന്ന്ണ്ട്. അമ്മേനെ കാണായ്‌റ്റായിരിക്കും. പയ്യ് മിണ്ടാപ്രാണിയാന്നാ അമ്മ പറയ്യാ. ന്നാലും അമ്മേനെ കാണാത്ത സങ്കടം കൊണ്ട് പയ്ക്ക് കരയാനെങ്കിലും കയ്യ്ന്നല്ലോ.  നിക്കൊന്ന്‌  ഒറക്കെ നെലവിളിക്കാൻ പോലും ആവൂല.

ആരൊക്കെയോ അകത്തേക്ക് വന്നിറ്റ്ണ്ട്
"മോളേ..... മോക്ക് എന്തേലും തിന്നണ്ടേ.... ന്നിറ്റ്  ഒറങ്ങാലോ...."
അടുത്തേക്ക് വരാണ്ട് ആരോ ചോയ്ക്കുന്നു.  പേട്യാവ്ന്നുണ്ടാകും ഓല്ക്ക്ന്നെ.
"രാവിലെ മുതല് ഒന്ന് കരയേം കൂടി ചെയ്യാണ്ട് ഒറ്റ ഇരുത്താ"
"അയ്‌ന് ഇതൊക്കെ മനസ്സിലായിറ്റ്ണ്ടാവോ..."
"ഈനെന്തെങ്കിലും കുടിക്കാനെങ്കിലും  കൊടുക്കണ്ടേ.."
"എങ്ങനാ ചോയ്ക്ക്യാ.... ചെവി കേക്ക്വോ...ചോയ്ച്ചാൽ തിരിയോ"
"ഇതിനെന്തെങ്കിലും കൊടുക്കണങ്കിൽ തന്നെ.....മ്മളെ മക്കളെപ്പോലൊന്നും അല്ലാലോ...... ആര്ക്കാ  അറിയാ ......ഈനെ തിന്നിക്കാനും കുടിപ്പിക്കാനൊക്കെ"

വേണ്ട....നിക്കൊന്നും വേണ്ട. ന്റമ്മക്ക് മാത്രേ  നിക്ക് വേണ്ടതൊക്കെ അറിയാൻ കയ്യൂ. വേറെ ആര്ക്കും മനസ്സിലാവൂല. അതോണ്ടല്ലേ ന്റമ്മ ഇത്തിരി നേരം പോലും ന്നെ പിരിഞ്ഞ്‌ നിക്കാതെ നിക്ക് വേണ്ടി മാത്രം......

അമ്മേ....... അമ്മ വരൂലേമ്മേ...റീനൂട്ടി  ഒറ്റക്കായിപ്പോയമ്മേ......അമ്മ ഇല്ലാണ്ട് എങ്ങനാ റീനൂട്ടിക്ക്.......ആദ്യായിറ്റാമ്മേ ഇത്രേം നേരം അമ്മ ഇല്ലാണ്ട്........നിക്ക് കയ്യ്ന്നില്ലമ്മേ......അമ്മല്ലാണ്ട് റീനൂട്ടി ഒറ്റക്ക് എങ്ങനാ....

വൈന്നേരായാൽ ഈ ജാലകം അമ്മ എപ്പളും അടച്ചിട്ന്നതാ. നിക്ക് ഇര്ട്ടത്തേക്ക് നോക്കുമ്പൊ പേട്യാവും... കറ്‌കറ്‌ത്ത വല്യൊരു ആന ന്നെ കുത്താൻ വന്ന്‌ നിക്ക്ന്ന പോലെ തോന്നും.

ഇന്ന്നിക്ക് ഈ ഇര്ട്ടത്ത്‌ ജാലകത്തിലൂടെ നോക്കാൻ തീരെ പേടി തോന്ന്‌ന്നില്ല.
ജാലകത്തിലൂടെ വര്ന്ന കാറ്റില് ന്റെ അമ്മേന്റെ മണംണ്ട്.... പൊകപോലെ  ആ മണം വന്ന് ന്നെ കെട്ടിപ്പിടിക്ക്‌ന്ന്ണ്ട്. ന്നിറ്റ് ന്റെ ചെവീല് അമ്മ മെല്ലെ പറയ്ന്ന പോലെ.
"അമ്മേന്റെ പുന്നാര റീനൂട്ടി അല്ലേ.... ..... അമ്മ ഏടേം പോയിറ്റില്ലാലോ.....റീനൂട്ടിനെ വിട്ട് അമ്മക്ക് പോവാനാകോ.... ....അമ്മക്ക് മോളല്ലാണ്ട് ആരാ ഉള്ളത്.......അമ്മേന്റെ പൊന്നല്ലേ.... ചക്കര റീനൂട്ടിയല്ലേ....മിടുക്കി മോളല്ലേ...."
(നജീബ് മൂടാടി)
2017 jan 5 fb
________________
ഉള്ളറിഞ്ഞ വര: Jalal Abusamaa

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ