Friday, May 1, 2015

മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'


ഓരോ മെയ്ദിനവും ആവേശമുണര്‍ത്തുന്ന  ഓര്‍മ്മകളായി ലോകം നെഞ്ചേറ്റിയ പുസ്തകം 
‘അമ്മ’ വീണ്ടും വായിക്കുമ്പോള്‍

 1906 ല്‍ ആണ് മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന  നോവല്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യം ഇംഗ്ലീഷിലും പിന്നീട് റഷ്യന്‍ ഭാഷയിലുമായി പ്രസിദ്ധീകരിച്ച ഈ കൃതി കാലദേശഭാഷകള്‍ അതിവര്‍ത്തിച്ച് ഇന്നും ലോകമെങ്ങും ആസ്വദിക്കപ്പെടുന്നു. 

ജീവിക്കുന്നത് എന്തിന് എന്നുപോലും അറിയാത്ത, അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികളുടെ  ദുരിത ജീവിതവും, ഭരണകൂടത്തിന്‍റെയും മുതലാളിത്വത്തിന്‍റെയും ക്രൂരതയും,  ഇതിനെതിരെയുള്ള പ്രതിഷേധവും ചെറുത്തുനില്‍പ്പും ഒക്കെയാണ് ഈ നോവലിലെ പ്രമേയം. ഒരു കാലത്തെ റഷ്യയുടെ നേര്‍ചിത്രം.

എന്നാല്‍ ഇതിനും അപ്പുറം ഇതൊരു അമ്മയുടെ കഥ കൂടിയാണ്. മാതൃവാത്സല്യത്തിന്‍റെ കഥ. അതുകൊണ്ടാവണം ഒളിവുജീവിതവും വിപ്ലവവും പോരട്ടവും എല്ലാം അവസാനിച്ചിട്ടും അന്നത്തെ റഷ്യ ആകെ മാറി മറിഞ്ഞിട്ടും ‘അമ്മ’ ഒരിക്കലും വായിച്ചു മടുക്കാത്തത്.

ഭര്‍ത്താവിന്‍റെ അടിയും തൊഴിയും മാത്രം ശീലിച്ച, പുറം ലോകം കാണാത്ത ‘പിലഗേയ നീലൊവ്ന’ എന്ന പാവം സ്ത്രീ, പിന്നീട്  രഹസ്യമായി ഏറെ സാഹസികമായി  വിപ്ലവകാരികള്‍ക്കൊപ്പം വാര്‍ധക്യത്തിലും ഏറ്റവും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ആളായി മാറുന്നത് തൊഴിലാളികളുടെ ഗതികേടും ഭരണകൂടത്തിന്‍റെ അനീതിയും തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമല്ല. അതിനുമപ്പുറം തന്‍റെ മകനോടുള്ള (പാവെല്‍ വ്ലാസൊവ്) അടങ്ങാത്ത സ്നേഹവും വാത്സല്യവും മൂലമാണ്. 

മകന്‍റെ വഴി അപകടം പിടിച്ചതാണ് എന്നറിയാമായിരുന്നിട്ടും അവര്‍ മകന്‍റെയും കൂട്ടുകാരുടെയും ഒപ്പം നില്‍ക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മ തിരിച്ചറിഞ്ഞു കൊണ്ട്. മകന്‍ തടവറയില്‍ അടക്കപ്പെട്ടപ്പോള്‍ സാഹസികമായി അവര്‍ സംഘടനക്ക് വേണ്ടി ഏറ്റെടുക്കുന്ന ദൌത്യങ്ങള്‍. ജയിലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ അത് മകനെ അറിയുക്കുന്നതും,   മകന്‍ അമ്മയെ കുറിച്ച് അഭിമാനിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആഹ്ലാദവും......

ഏതു ദേശത്തായാലും മാതൃവാത്സല്യം എത്ര മനോഹരമാണ്  എന്നുകൂടി ഈ കൃതി കാട്ടിത്തരുന്നു. ഒപ്പം പെണ്‍മനസ്സിന്‍റെ നോവും സഹനവും ത്യാഗമാനോഭാവവും. തനിക്ക് എന്ത് സംഭവിക്കും എന്ന യാതൊരു ഉത്കണ്ഠയും ഇല്ലാതെ മകന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഈ അമ്മയുടെ ത്യാഗം മനസ്സില്‍ നിന്ന് മായില്ല. മകനെ ഇഷ്ടപെടുന്ന പെണ്‍കുട്ടിയോടുള്ള വാത്സല്യം, നിയമപാലകരുടെ കൊടും ക്രൂരതകളെ ഭയക്കാതെ സംഘടനക്ക് വേണ്ടി രഹസ്യമായി സാഹസികമായി ഓരോ കാര്യങ്ങളും ചെയ്യുന്ന അമ്മ തന്നെയാണ് മകനെ ഓര്‍ത്തു വല്ലാതെ തളര്‍ന്നും ഉരുകിയും...... പെണ്‍ മനസ്സിന്‍റെ ഈ ഭാവങ്ങള്‍ നമ്മെ ഏറെ ചിന്തിപ്പിക്കും.

ആദ്യം ഇംഗ്ലീഷിലും പിന്നീട് റഷ്യന്‍ ഭാഷയിലും പ്രസിദ്ധീകരിച്ച ഈ കൃതിയുടെ മലയാള പരിഭാഷ തയ്യാറാക്കിയത് റഷ്യന്‍ കൃതികളുടെ പരിഭാഷകളിലൂടെ മലയാളിക്ക് സുപരിചിതനായ ഗോപാലകൃഷ്ണന്‍ ആണ്.

 ഈ പരിഭാഷ വായിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി നാം ഓര്‍ക്കും. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച്. ഇന്റര്‍നെറ്റും ടീവിയും ഇല്ലാതിരുന്ന കാലത്ത് ഗ്രാമീണ വായനശാലകളില്‍ നിന്ന് ഇത്തരം പുസ്തകങ്ങള്‍ വായിച്ച് ആസ്വദിച്ച ഒരു തലമുറയെ കുറിച്ചും. അന്നത്തെ രാഷ്ട്രീയത്തിന് വായനയുടെ സംസ്കാരമുണ്ടായിരുന്നു. ലോകത്തെ കുറിച്ച് ആഴമുള്ള അറിവും. ‘അമ്മ’ വീണ്ടും വായിക്കുമ്പോള്‍ ആ സുവര്‍ണ്ണകാലവും ഓര്‍മ്മയിലേക്ക് എത്തുന്നു.