Monday, November 20, 2017

നൂറ്റൊന്നാവർത്തിച്ച സുവിശേഷം



'ജോമോന്റെ സുവിശേഷങ്ങൾ' ദുൽഖർ സൽമാൻ അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം എന്നതിനപ്പുറം എന്തെങ്കിലും പുതുമ നൽകുന്നുണ്ടോ?

എത്രയോ വട്ടം സത്യൻ ചിത്രങ്ങളിൽ ആവർത്തിച്ച പ്രമേയവും ട്രീറ്റ്മെന്റും തന്നെ പിന്നെയും പിന്നെയും. അച്ഛൻ മകൻ സ്നേഹത്തിന്റെ അടുപ്പവും മുറുക്കവും ബന്ധങ്ങളെക്കാളും പണവും സുഖവും  വലുതായി കാണുന്ന സ്വാർത്ഥതയും അതുമായി ബന്ധപ്പെട്ട  സെന്റി സീനുകളും  സത്യന്റെ തന്നെ 'കുടുംബപുരാണം' 'വീണ്ടും ചില വീട്ടു. വിശേഷങ്ങൾ' 'മനസ്സിനക്കരെ' 'രസതന്ത്രം' തുടങ്ങി ഒരുപാടു സിനിമകളിൽ നാം കണ്ടതാണ്. ബന്ധങ്ങളുടെ മുറുക്കവും അകൽച്ചയും പറഞ്ഞാൽ മടുക്കാത്ത വിഷയം ആണെങ്കിലും നടൻമാർ മാത്രം മാറുകയും പറച്ചിലിന്റെ രീതിക്ക് യാതൊരു പുതുമയും ഇല്ലാതാകുകയും ചെയ്യുമ്പോൾ പ്രേക്ഷകന് ബോറടിക്കും എന്നെങ്കിലും സംവിധായകൻ ഓർക്കണ്ടേ.

ഗ്രാമഫോൺ, ഫോർ ദി പീപ്പിൾ, അറബിക്കഥ, ഡയമണ്ട് നെക്ലേസ്, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ വ്യത്യസ്തവും മനോഹരവുമായ കഥകളും  തിരക്കഥകളും കൾ ഒരുക്കിയ ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ സിനിമാ ജീവിതത്തിൽ പൊൻതൂവൽ പോയിട്ട്  കാക്കത്തൂവൽ പോലും ആകുന്നില്ല ഈ ചിത്രത്തിന്റെ തിരക്കഥ.  കല്യാണവീട്ടിൽ വൈകി എത്തുന്ന ഉത്തരവാദിത്തബോധം ഇല്ലാത്ത നായകനെയും നായികയെയും ഒക്കെ  കാണിക്കാൻ 'ബാംഗ്ലൂർ ഡെയ്‌സ്' ലും 'ചാർലി' യിലും ഒക്കെ നാം കണ്ടതാണെങ്കിലും ദുൽഖർ സിനിമകൾ ഇങ്ങനെ തന്നെ തുടങ്ങണം എന്ന് വല്ല നിർബന്ധവും ഉണ്ടോ ആവോ.

555 സിഗരറ്റ് തന്നെ പേരെടുത്തു പറഞ്ഞു വലിക്കുമ്പോൾ പ്രേക്ഷകന് മനസ്സിലാവും ഈ സംഗതിക്ക് സിനിമയിൽ പിന്നീടെവിടെയോ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന്. ഊഹം തെറ്റുന്നില്ല.  അച്ഛനെ ഇത്രയേറെ സ്നേഹിക്കുന്ന മകൻ പുതിയൊരു ബിസിനസ് പരീക്ഷണത്തിന് ഇറങ്ങുമ്പോൾ ബിസിനസിൽ ഏറെ അനുഭവ പരിജ്ഞാനം ഉള്ള അച്ഛന്റെ ഉപദേശ നിർദേശങ്ങൾ തേടി കൂടെ നിർത്തുമോ അതല്ല പാക്ക് ചെയ്യാനും ചായ ഉണ്ടാക്കാനും മാത്രം അച്ഛൻ മതിയോ എന്നത് സാമാന്യ യുക്തിയുള്ള ആരും ചോദിച്ചു പോകുമെങ്കിലും നായകനെ നിറപ്പിച്ചു കാണിക്കാനുള്ള തിരക്കിൽ തിരക്കഥാകൃത്തും സംവിധായകനും അത് ചിന്തിക്കുന്നേ ഇല്ല.

തമിഴിനോടും തമിഴ് നാടിനോടും ഉള്ള സംവിധായകന്റെ പ്രിയം ഈ സിനിമയിലും തുടരുന്നുണ്ട്.

ദുൽഖർ ഫാൻസ് ആയ ചെറുപ്പക്കാരെ മുന്നിൽ കണ്ടാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയതെങ്കിൽ പുതിയ കാലത്തെ ലോക സിനിമയിലെ ഏറ്റവും മികച്ച സിനിമകൾ മൊബൈലിൽ കാണുന്ന, ക്യാമറ ആംഗിൾ മുതൽ സകല കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ന്യൂ ജൻ ന്റെ മുന്നിൽ ഇമ്മാതിരി സംഗതികൾ പഴയ മട്ടിൽ തന്നെ വിളമ്പുന്നത് പ്രേക്ഷകരെ കുറിച്ചുള്ള ധാരണയില്ലായ്മയാണ്.

പതിവ് പോലെ ശുഭപര്യവസായി ആയ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മലയാള സിനിമയിൽ നർമ്മത്തിനും വീടകങ്ങളിലെ ഹൃദയ ബന്ധങ്ങളുടെ ജീവസ്സുറ്റ ആഖ്യാനങ്ങൾക്കും പുതിയ രീതിയും മാനവും നൽകിയ പ്രിയ സംവിധായകന്റെ 'കുറുക്കന്റെ കല്യാണം' മുതലുള്ള കുറെ ഇഷ്ട ചിത്രങ്ങൾ ആണ് ഓർമ്മ വന്നത്. ടി പി ബാല ഗോപാലനും, ഗാന്ധിനഗറും, സന്മനസ്സുള്ളവർക്ക് സമാധാനവും, സന്ദേശവും, നാടോടിക്കറ്റും, കുടുംബ പുരാണവും പൊന്മുട്ടയിടുന്ന താറാവും... അങ്ങനെ അങ്ങനെ മനോഹരമായ എത്രയെത്ര സിനിമകൾ. എന്നും ഓർക്കുന്ന  എത്രയെത്ര സീനുകൾ. പ്രേക്ഷകൻ അങ്ങയിൽ നിന്ന് അതുമാത്രം ആണ് പ്രതീക്ഷിക്കുന്നത് എന്ന ധാരണയാണോ പുതുമകൾ ഒട്ടുമില്ലാതെ  പിന്നെയും പിന്നെയും സമാനമായ സിനിമകൾ തന്നെ പടച്ചു വിടുന്നത്.

ഇതൊരു നെഗേറ്റിവ് റിവ്യൂ ആയി വായിച്ചു ആരും 'ജോമോന്റെ സുവിശേഷങ്ങൾ' കാണാതിരിക്കണ്ട. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ഒരുക്കിയ ഈ സിനിമയിൽ ദുൽഖർന്റെ യും മുകേഷിന്റെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഏറെയുണ്ട് എന്നത് മാത്രമല്ല. നായികയും ഹൃദ്യമായ അഭിനയം കാഴ്ചവെക്കുന്നു.

സത്യൻ അന്തിക്കാട്- ഇഖ്ബാൽ കുറ്റിപ്പുറം- ദുൽഖർ സൽമാൻ സിനിമ എന്നത് എന്തൊക്കെയോ പ്രതീക്ഷ ഉണർത്തിയത് നിരാശപ്പെടുത്തിയത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ