Wednesday, September 30, 2015

‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍’



.....ഭൂമി പിളര്‍ന്ന് ഇല്ലാതാവാന്‍ ആശിച്ച സീതയെപ്പോലെ നിരാലംബയാണ് താന്‍ എന്ന്‍ അവള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ ഗതികെട്ട നടപ്പിനു പിന്നില്‍ യൂനിഫോമിന്‍റെ ഓഫ് വൈറ്റ് നിറത്തിലുള്ള ചുരീദാര്‍ ടോപ്പില്‍ പടര്‍ന്ന നിണചിത്രത്തിലേക്ക് അടക്കിപ്പിടിച്ച ചില ആണ്‍ചിരികള്‍ വീഴുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടികളെല്ലാം തലകുമ്പിട്ടിരിക്കുകയാണെന്ന് അവള്‍ അകമേ അറിഞ്ഞു....”
(ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍-ബീന)

ചന്ദ്രിക ഓണപ്പതിപ്പില്‍ ബീന എഴുതിയ ‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍’ എന്ന കഥ നമ്മുടെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നൂറു ലേഖനങ്ങളെക്കാളും ചര്‍ച്ചകളെക്കാളും നമ്മെ പിടിച്ചുകുലുക്കുന്നുണ്ട്. കലയും സാഹിത്യവും രസിപ്പിക്കുന്നതിന് അപ്പുറം നമ്മെ അസ്വസ്ഥമാക്കുക കൂടി ചെയ്യുമ്പോഴാണല്ലോ  അതിന്‍റെ ദൌത്യം പൂര്‍ത്തിയാക്കുന്നത്.

പതിമൂന്നുകാരിയായ അഥീന എന്ന എട്ടാംക്ലാസ്സുകാരി പെയ്യാനൊരുങ്ങി നില്‍ക്കുന്ന ഒരു തുലാമാസ വൈകുന്നേരം തന്‍റെ ക്ലാസ്മുറിയില്‍ വെച്ച് അനുഭവിക്കേണ്ടി വന്ന വേദനയുടെയും അപമാനത്തിന്റെയും   ആഖ്യാനമാണ് ഈ കഥ.

“.അവസാനത്തെ പിരീഡായിരുന്നു അത്. അകലെ നിന്ന് ഇടിമുഴക്കത്തിന്‍റെ പെരുമ്പറക്കും കാറ്റിന്‍റെ ശീല്‍ക്കാരത്തിനുമൊപ്പം തുലാമഴ പുറപ്പെടാനൊരുങ്ങി നിന്നു. 8 സി ക്ലാസ്സിലെ വലത്തേ നിരയില്‍, രണ്ടാമത്തെ വരിയില്‍, ഇടത്തേയറ്റത്ത് തുടകള്‍ ചേര്‍ത്ത് വെച്ച് അടിവയറ്റിലെ ചുവന്ന ചാലില്‍ നനഞ്ഞിരുന്ന്‍ അഥീന വിമ്മിട്ടപ്പെട്ടു...”
കഥയുടെ ഈ തുടക്കത്തില്‍ നിന്നു തന്നെ അഥീനയുടെ മനസ്സിന്‍റെ അസ്വസ്ഥത നമുക്ക് വായിച്ചെടുക്കാം.

നഗരത്തിലെ മുന്തിയ സ്കൂള്‍ ആണെങ്കിലും വൃത്തിഹീനമായ ടോയ്ലെറ്റുകള്‍ ആയതിനാല്‍ അഥീനയടക്കമുള്ള പെണ്‍കുട്ടികള്‍ മൂത്രശങ്ക  ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണെങ്കിലും (ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അവര്‍ക്ക് പരീക്ഷക്ക് മാര്‍ക്ക് കിട്ടാനുള്ള ഉത്തരം മാത്രമാകുന്നു) ആ മഴക്കാല വൈകുന്നേരം അപ്രതീക്ഷിതമായുണ്ടായ ആര്‍ത്തവത്തിന്‍റെ അസ്വസ്ഥതക്കൊപ്പം ബ്ലാഡറില്‍ യൂറിന്‍ നിറഞ്ഞുവിങ്ങുന്നതും അവള്‍ അറിഞ്ഞു.

ജില്ലാ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന അച്ഛനും അമ്മയും വീടിനടുത്ത് സര്‍ക്കാര്‍ സ്കൂള്‍ ഉണ്ടായിട്ടും നഗരത്തിലെ പ്രശസ്തമായ സ്കൂളില്‍ അവളെ ചേര്‍ത്തത് നടപ്പുശീലം അനുസരിച്ചാണ്. വീട്ടുജോലിയും ബാങ്ക് ജോലിയും കൊണ്ട് ഒന്നിനും നേരം തികയാത്ത അവളുടെ അമ്മ പൂര്‍ണ്ണിമക്ക് മകളുടെ കൌമാരകാലം ഓര്‍ക്കാനോ പുതിയ ശരീരമാറ്റങ്ങള്‍ മകളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അറിയാനോ സമയം ഉണ്ടായിരുന്നില്ല.

ഏഴാം ക്ലാസ്സില്‍ അഥീന ഋതുമതി ആയപ്പോള്‍  ‘പേടിക്കാനൊന്നുമില്ലാട്ടോ മോളേ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാ’  എന്ന് പറഞ്ഞ് പാഡ് ധരിക്കേണ്ട വിധം പറഞ്ഞുകൊടുത്ത് രണ്ടെണ്ണം അവളുടെ സ്കൂള്‍ ബാഗില്‍ പൊതിഞ്ഞുവെച്ചതല്ലാതെ എന്ത് പറയണമെന്ന് ആ അമ്മയ്ക്കും അറിവില്ലായിരുന്നു. വീട്ടുകാര്യങ്ങളൊന്നും തന്‍റെ ഉത്തരവാദിത്തം അല്ല എന്ന് ചിന്തിക്കുന്ന, ക്ലാസും ട്യൂഷനുമായി തിരക്കിട്ടോടുന്ന മകളോട് ‘ഇപ്പൊ കഷ്ടപ്പെട്ടാ മക്കള്‍ക്ക് അതിന്‍റെ ഗുണം വലുതാവ്മ്പൊ കിട്ടും’ എന്ന് സദുപദേശം ചൊരിയുന്ന അച്ഛന്‍ സദാശിവന് ഇതിലൊന്നും ഒരു റോളും ഇല്ലായിരുന്നു. പരീക്ഷകള്‍ക്ക് കുട്ടികളെ ഒരുക്കാനുള്ള തിരക്കില്‍ അധ്യാപകര്‍ക്കും മറ്റൊന്നിനും നേരമുണ്ടായിരുന്നില്ല.

ജസീന്ത ടീച്ചര്‍ ബയോളജി ക്ലാസ്സില്‍   ‘REACHING THE AGE OF ADOLESCENCE’ എന്ന പാഠം പഠിപ്പിച്ചു കൊണ്ടിരുന്ന ആ അവസാന പിരീയഡില്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാനാവാതെ, പതറിവിറക്കുന്ന മനസ്സോടെ ക്ലാസ് വിടാന്‍ കാത്ത് തുടകള്‍ ചേര്‍ത്തുപിടിച്ച് അഥീന ഇരുന്നു.

Reproductive phase of Life of Humans എന്ന പാഠഭാഗത്തിലൂടെ നീങ്ങുന്ന ടീച്ചറുടെ കണ്ണുകള്‍  ‘വേദനിക്കുന്ന അടിവയറ്റിലും പാഡിന്‍റെ പിഞ്ഞിക്കീറിയ പുറം കവചത്തിനകത്തെ രൂപപരിണാമം വന്നിരിക്കാവുന്ന പഞ്ഞിക്കെട്ടിലും മാത്രം മനസ്സ് നട്ടിരിക്കുന്ന’   അഥീനയില്‍ പതിഞ്ഞതും ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്ന അവളോട്‌ എഴുനേറ്റ് നില്‍ക്കാന്‍ ആജ്ഞാപിച്ചു.

കൂട്ടിപ്പിടിച്ച തുടകളോടെ വിറച്ചുകൊണ്ട് അവള്‍ എഴുനേറ്റു നിന്നു. ‘തന്‍റെ നില്പ് ആണ്‍നിരയിലെ നോട്ടങ്ങളിലെക്ക് വീഴുമെന്ന് അവള്‍ ഭയന്നു. അന്നേരം അടിവയറ്റിലെ രക്തനദിക്കൊപ്പം തെളിനീരൊഴുകുന്ന കൈവഴികളായി അവളുടെ ഇരുകവിളുകളും’

ക്ലാസ്സിലിരുന്നു സ്വപ്നം കാണുകയാണോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വിങ്ങിനിന്ന അഥീനയെ ‘കം ആന്‍ഡ് സ്റ്റാന്റ് ഹിയര്‍’ എന്ന് ക്ലാസ് മുറിയുടെ മുന്നിലേക്ക് അവളെ നിര്‍ബന്ധമായി നീക്കി നിര്‍ത്തുകയാണ് ടീച്ചര്‍.

“.....ഭൂമി പിളര്‍ന്ന് ഇല്ലാതാവാന്‍ ആശിച്ച സീതയെപ്പോലെ നിരാലംബയാണ് താന്‍ എന്ന്‍ അവള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ ഗതികെട്ട നടപ്പിനു പിന്നില്‍ യൂനിഫോമിന്‍റെ ഓഫ് വൈറ്റ് നിറത്തിലുള്ള ചുരീദാര്‍ ടോപ്പില്‍ പടര്‍ന്ന നിണചിത്രത്തിലേക്ക് അടക്കിപ്പിടിച്ച ചില ആണ്‍ചിരികള്‍ വീഴുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടികളെല്ലാം തലകുമ്പിട്ടിരിക്കുകയാണെന്ന് അവള്‍ അകമേ അറിഞ്ഞു. ക്ലാസിന് അഭിമുഖമായി നില്‍ക്കേണ്ടി വന്നപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ട് തലകുനിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അവളുടെ കടുംപച്ച പാന്റിനടിയിലൂടെ ആര്‍ത്തവരക്തം കലര്‍ന്ന മൂത്രം ഒഴുകിയിറങ്ങി പാദങ്ങള്‍ക്കിടയില്‍ തളം കെട്ടിനിന്നു. നിഷ്കളങ്കയായ ആ കൌമാരക്കുരുന്നിന്‍റെ രക്ഷക്കെന്നോണം അപ്പോള്‍ ലോങ്ങ്ബെല്‍ മുഴങ്ങുകയും കൂട്ടുകാരികള്‍ അവളെ പൊതിഞ്ഞ് രക്ഷാകവചം തീര്‍ത്ത് ബസ്സിലെത്തിക്കുകയും ചെയ്തു

കൂട്ടുകാര്‍ സാന്ത്വനിപ്പിച്ചുവെങ്കിലും ‘അപമാനം കൊണ്ട് വിങ്ങുന്ന ഹൃദയത്തോടെ നനഞ്ഞൊട്ടിയ പക്ഷിക്കുഞ്ഞിനെപ്പോലെ’  അവള്‍ .....

ഈ അപമാനത്തിന്‍റെ നീറ്റലില്‍ ആ രാത്രിയില്‍  അഥീനയെന്ന ആ പതിമൂന്നുകാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ്..

‘ഈ കടുംകൈക്ക് തന്‍റെ കൌമാരം എന്തെല്ലാം പഴി കേള്‍ക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെണ്‍കുട്ടി!’

കഥയിലെ ഈ അവസാനവരിയാണ് വല്ലാതെ നടുക്കമുണ്ടാക്കുന്നത്. ഒരു പതിമൂന്നു കാരിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന കഥകളും ഊഹങ്ങളും വാര്‍ത്തകളും നിഷ്ടൂരമായി അവളെ പിന്നെയും പിന്നെയും ലോകത്തിനു മുന്നിലേക്ക് വലിച്ചു നിര്‍ത്തി അപമാനിച്ചു കൊണ്ടെയിരിക്കുമല്ലോ എന്ന്,  പരിഹസിച്ചുകൊണ്ടേ ഇരിക്കുമെന്ന് വര്‍ത്തമാനലോകവും മാധ്യമങ്ങളും നിരന്തരമായി നമ്മെ ബോധ്യപ്പെടുത്തുന്നതാണല്ലോ.

ആര്‍ത്തവം എന്ന പദം നമുക്ക് മ്ലേച്ചവും ഗോപ്യവുമായ എന്തോ ഒന്നാണ്. അതുകൊണ്ടാണല്ലോ സാനിറ്ററി പാഡുകള്‍ ഷാമ്പൂവോ സോപ്പോ പോലെ കടകളില്‍ ചെന്ന്‍ പരസ്യമായി വാങ്ങാന്‍ മടിക്കുന്നത്. കടക്കാരന്‍ അപമാനകരവും അശ്ലീലവുമായ എന്തോ പോലെ പൊതിഞ്ഞു സ്വകാര്യമായി സഞ്ചിയില്‍ ഇട്ടു തരുന്നത്.

കാലം ഏറെ മുന്നോട്ടുപോയി എന്ന് നാം ആവേശപ്പെടുമ്പോഴും തുണിക്കടകളില്‍ ഇരിക്കാതെ ജോലിചെയ്യേണ്ടി വരുന്ന, മൂത്രപ്പുരകള്‍ ഇല്ലാത്ത പെണ്ണനുഭവങ്ങള്‍ നമുക്കിന്നും നാലുനാളത്തെ കൌതുകവാര്‍ത്ത മാത്രമാണ്. മക്കളുടെ വിദ്യാഭ്യാസത്തിനു  വേണ്ടി എന്തും ചെയ്യുന്ന രക്ഷിതാക്കള്‍ ഉള്ള ഈ കാലത്തും അവരുടെ കുഞ്ഞുകുഞ്ഞു വേദനകളും അസ്വസ്ഥതകളും നാം അറിയുന്നുണ്ടോ എന്ന് നമ്മോടു തന്നെ ചോദിക്കാന്‍ ഈ കഥ ഉപകരിക്കും.

അസ്വസ്ഥദാമ്പത്യവും അമിത ലൈംഗികതയും എഴുതി  മടുപ്പിച്ചു കളയുന്ന  പെണ്ണെഴുത്തുകാര്‍ ഏറെയുള്ള മലയാളത്തില്‍ ഇങ്ങനെ ചില കഥകള്‍ വായിക്കാന്‍ കഴിയുന്നത് ആശ്വാസമാണ്. എം മുകുന്ദന്‍ സൂചിപ്പിച്ച പോലെ ആയിരം ചര്‍ച്ചകളെക്കാള്‍ ഫലപ്രദമാണ് ഈ കഥ. ബീന എന്ന  എഴുത്തുകാരിയെ മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല  കഥാകാരിക്ക് ഭാവുകങ്ങള്‍.
---------------------------------------------------------------------

ചന്ദ്രിക ഓണപ്പതിപ്പില്‍ ഈ കഥയടക്കം എം മുകുന്ദന്‍ തെരഞ്ഞെടുത്ത ഏഴു  മികച്ച കഥകളുണ്ട്. ശിവദാസന്‍ എ കെ യുടെ ‘മൂങ്ങ’, അഷ്‌റഫ്‌ പേങ്ങാട്ടയില്‍ എഴുതിയ ‘ഓറഞ്ച്’ എന്നീ കഥകളും ശ്രദ്ധേയമാണ്. 

Tuesday, September 29, 2015

സിനിമയില്‍ കാണാതെ പോയ മൊയ്തീനും കാഞ്ചനമാലയും



‘എന്ന് നിന്‍റെ മൊയ്തീന്‍’…. ഒരു പുതുമുഖ സംവിധായകന്‍റെ കൈപ്പിഴകള്‍ ഇല്ലാതെ ഏറെ ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു R S വിമല്‍. തിരക്കഥയും സംഭാഷണവും അഭിനയവും സംഗീതവും പാട്ടും കലാ സംവിധാനവും ക്യാമറയും....പഴയ കാലം ഒരുക്കിയത്തിലെ സൂക്ഷ്മതയും...ദുരന്ത പര്യവസായിയായ ഒരു പ്രണയകഥ തീവ്രമായി മനസ്സില്‍ തറപ്പിച്ചു കൊണ്ട് ഈ ചെറുപ്പക്കാരന്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുന്നുവെന്നതിന്‍റെ തെളിവാണല്ലോ പാതിരാത്രിയിലും കുടുംബപ്രേക്ഷകര്‍ തിയേറ്ററിനു മുന്നില്‍ തിരക്ക് കൂട്ടുന്നത്. തീര്‍ച്ചയായും ഇത് സംവിധായകന്‍റെ അഞ്ചാറു വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ വിജയമാണ്.

പക്ഷെ സിനിമ കണ്ടിറങ്ങുമ്പോള്‍  ഉള്ളില്‍ ഒരു ദുരന്ത പ്രണയ സിനിമ നല്‍കിയ  എല്ലാ വിങ്ങലുകളും ഉണ്ടായിരുന്നുവെങ്കിലും,  പ്രണയത്തിനും ദുരന്തത്തിനുമപ്പുറം കാഞ്ചനേടത്തിയില്‍ നിന്നും ഞാന്‍ കേട്ട മൊയ്തീന്‍ എന്ന അസാധാരണ വ്യക്തിത്വവും ഞാനറിഞ്ഞ കാഞ്ചനമാലയും എങ്ങും അടയാളപ്പെടുത്തിയില്ലല്ലോ എന്ന  നിരാശ ബാക്കിയാവുന്നു.

ഇന്നും ആ പ്രണയത്തിന്‍റെ ഓര്‍മ്മയില്‍ ജീവിക്കുന്ന യഥാര്‍ത്ഥ കാഞ്ചനമാലയും ഇരുവഴിഞ്ഞിപ്പുഴ കൂട്ടിക്കൊണ്ടുപോയ മൊയ്തീനും വെറും രണ്ടു വ്യക്തികള്‍ മാത്രം ആയിരുന്നില്ലല്ലോ.


മൊയ്തീന്‍ എന്ന മനുഷ്യസ്നേഹിയെയാണ് നാട്ടുകാര്‍ മാനുക്ക എന്ന് വിളിച്ചു ആദരിച്ചത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം നില്‍ക്കുകയും അവരെ ചൂഷണം ചെയ്യുന്നവരെ തന്റേടത്തോടെ എതിര്‍ക്കുകയും ചെയ്ത വ്യക്തിത്വം.  വിപുലമായ സൌഹൃദങ്ങളും നേരിനോപ്പം നില്‍ക്കാനുള്ള ചങ്കൂറ്റവും അസാമാന്യ ധീരതയും ...ഇതൊക്കെ ആയിരുന്നു മൊയ്തീന്‍.

മൊയ്തീന്‍റെ രാഷ്ട്രീയവും കലാപ്രവര്‍ത്തനവും സ്പോര്‍ട്സും ഒക്കെ കാഞ്ചനയുടെ വീട്ടുകാരെ പ്രകൊപിപ്പിക്കാനുള്ള ഷോ മാത്രമായി സിനിമ കേവലപ്പെടുത്തുമ്പോള്‍ മൊയ്തീന്‍റെ വ്യക്തിത്വം തന്നെ കോമാളിത്തപ്പെട്ടുപോകുന്നു.

കാഞ്ചനമാലയുമായുള്ള പ്രണയം തന്‍റെ ചിന്തകള്‍ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മൊയ്തീന് കരുത്താവുകയായിരുന്നു. പുതിയ പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും  അവരുടെ ഉപദേശ നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. തങ്ങളുടേതായ ലിപി രൂപപ്പെടുത്തി എഴുതിയ കത്തുകളില്‍ പ്രണയം മാത്രമായിരുന്നില്ല. ആ കത്തുപുസ്തകങ്ങളില്‍ നാടിനും സമൂഹത്തിനും വേണ്ടിയുള്ള പദ്ധതികളും ചിന്തകളും ഉണ്ടായിരുന്നു.

മൊയ്തീന്‍റെയും കാഞ്ചനയുടെയും പേര് ചേര്‍ത്ത് സ്ഥാപിച്ച ‘മോചന’ വിമന്‍സ് ക്ലബ്ബിലൂടെ മൊയ്തീന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പിന്‍ ബലമായി കാഞ്ചനയുണ്ട്.

എന്തുകൊണ്ടോ സിനിമ പ്രണയത്തിനു മാത്രം ഊന്നല്‍ നല്‍കിയപ്പോള്‍ ഇവരുടെ ഈ ഉയര്‍ന്ന വ്യക്തിത്വം അടയാളപ്പെടുത്തിയതേയില്ല. പ്രണയവും വിരഹവും ദുരന്തവും അനുഭവിച്ച എത്രയോ മനുഷ്യര്‍ ഇവിടെ കടന്നു പോയിട്ടുണ്ട്. പക്ഷെ പ്രണയത്തിന്‍റെ തീവ്രമായ കരുത്തില്‍ തന്‍റെ പ്രിയതമന്‍ തുടങ്ങിവെച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോവുകയും ശിഷ്ടജീവിതം ദുരിത ജന്മങ്ങല്‍ക്കായി മാറ്റി വെക്കുകയും ചെയ്ത കാഞ്ചനമാലയും അവരുടെ പ്രിയപ്പെട്ടവനും വരാനുള്ള തലമുറ ഓര്‍ക്കേണ്ടത് വെറുമൊരു ദുരന്ത പ്രണയത്തിലെ നായികാനായകന്മാരായി മാത്രമല്ല.

പൊതു സമൂഹത്തെ ഏറെ സ്വാധീനിക്കുന്നതും   ഏറെപ്പെരില്‍ എത്തുന്നതുമാണ്  സിനിമ എന്ന കലാരൂപം. എന്‍ എന്‍ പിള്ള എന്ന നാടകപ്രതിഭയെ ഭൂരിപക്ഷ മലയാളികലും ഇന്നും ഓര്‍ക്കുന്നത് അഞ്ഞൂറാന്‍ എന്ന ഒറ്റ സിനിമാകഥാപാത്രത്തിലൂടെയാണ് എന്നത് ഉദാഹരണം.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘മൊയ്തീന്‍ കാഞ്ചനമാല’ ലേഖനവും പിന്നീട് അതിന്‍റെ പുസ്തകരൂപവും ഇറങ്ങിയിട്ടും വളരെ കുറഞ്ഞൊരു ശതമാനമേ ഇവരെ കുറിച്ച് അറിഞ്ഞിട്ടുള്ളൂ. ഈ സിനിമ ഇറങ്ങിയതോടെയാണ് പുസ്തകം പെട്ടെന്ന് വിറ്റഴിയുന്നതും പുതിയ പതിപ്പ് ഇറങ്ങുന്നതും എന്നത് കൌതുകകരമാണ്. അതാണ്‌ സിനിമയുടെ സ്വാധീനം.

അതുകൊണ്ട് തന്നെ ഈ സിനിമ അടയാളപ്പെടുത്തേണ്ടത് മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവമായ രണ്ടുപേരുടെ പ്രണയത്തിന്‍റെ സ്മാരകമായിട്ടായിരുന്നു. പ്രത്യേകിച്ചും കാഞ്ചനേടത്തി ഒരു മകനെ പോലെ സ്നേഹിച്ച(തിരിച്ചും) വിമല്‍ വര്‍ഷങ്ങളോളം അവരോടൊപ്പം നിന്ന് ചെയ്ത സിനിമയില്‍ കേവലപ്രണയികള്‍ക്ക് അപ്പുറമുള്ള അവരുടെ വ്യക്തിത്വം കൃത്യമായി കാട്ടേണ്ടതുണ്ടായിരുന്നു. ഇത്തരം അപ്പൂര്‍വ്വ ജന്മങ്ങള്‍ സാധാരണമല്ലാത്തത് കൊണ്ട് തന്നെ.  അവര്‍ മുക്കത്തിന്‍റെ മാത്രം ഓര്‍മ്മയില്‍ ഒതുങ്ങുകയും ഒടുങ്ങുകയും ചെയ്യേണ്ട വ്യക്തിത്വങ്ങള്‍ അല്ല.

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ തകര്‍ന്നു പോയ കാഞ്ചനേടത്തിയെയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അന്നവരെ അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ചെയ്ത രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയത് സിനിമക്ക് തിളക്കം കൂട്ടിയിട്ടേ ഉള്ളൂ. (അമ്മാവന്‍റെ മകന്‍റെ ഇല്ലാത്ത പ്രണയം പിന്നെയും ബാക്കി നില്‍ക്കുന്നുവെങ്കിലും)

സിനിമ കണ്ടശേഷം ഇന്നലെ കാഞ്ചനേടത്തിയെ വിളിച്ചിരുന്നു. സിനിമയെ കുറിച്ച് ഒന്നും ചോദിക്കരുത് എന്ന  നിബന്ധനയോടെ ഏറെ  നേരം സംസാരിച്ചു. ഒരു കാര്യത്തില്‍  അവര്‍ സന്തോഷവതിയാണ്  സിനിമ ഇറങ്ങിയ ശേഷം ഏറെപ്പേര്‍ അവരെ കാണാന്‍ മുക്കത്തെ ബി പി മൊയ്തീന്‍ സേവാമന്ദിര്‍ എന്ന ഇടുങ്ങിയ മുറിയിലേക്ക് എത്തുന്നു. പ്രത്യേകിച്ചും ബൈക്കിലോക്കെ ദൂരെ നിന്ന് ചെറുപ്പക്കാര്‍. ഇരുട്ട് കെട്ടി നില്‍ക്കുന്ന ലൈബ്രറിയിലുമൊക്കെ  അവര്‍ക്ക് സഹായമായി കൂടെ നിന്നും.....

അവരുടെ ഏറ്റവും വലിയ സ്വപ്നമായ ബി പി മൊയ്തീന്‍ സേവാമന്ദിറിന്‍റെ പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കാന്‍  ഈ ഒരു സിനിമാ തരംഗം കാരണമായാല്‍ അത് അവരോടും ആ അനശ്വരപ്രണയത്തോടും ചെയ്യുന്ന നീതിയായിരിക്കും.


തീവ്രവും നിഷ്കളങ്കവുമായ പ്രണയം കൊണ്ട് സ്ഫുടം ചെയ്ത് വിശുദ്ധമായ മനസ്സുമായി കാഞ്ചനേടത്തി ഇവിടെയുണ്ട്. പരിഭവങ്ങളും പരാതികളും ഇല്ലാതെ....സ്നേഹം ചൊരിയുന്ന വാക്കുകളും വിനീതമായ ഇടപെടലുകളുമായി…….  ദുരിതങ്ങളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി തന്‍റെ പ്രിയപ്പെട്ടവന്‍റെ  വഴിയില്‍ ..... ഓര്‍മ്മയില്‍.... ഇപ്പോഴും അനുഭവിക്കുന്ന സാമീപ്യത്തില്‍…………………മൊയ്തീന്‍റെ സ്വന്തം   കാഞ്ചന. 

Sunday, September 27, 2015

മാനം



അതൊരു ചെറിയ നാട്ടുമ്പുറമായിരുന്നു. അതുവഴി പട്ടണത്തിലേക്കുള്ള ഒരേയൊരു ബസ് സര്‍വ്വീസ് തുടങ്ങിയിട്ട് പോലും ഏറെക്കാലമായിട്ടില്ല.  കൃഷിക്കാരും ഗള്‍ഫുകാരും കൂലിപ്പണിക്കാരും അധ്യാപകരും  ഉദ്യോഗസ്ഥന്മാരും പണിയില്ലാത്തവരും ....മതവും ജാതിയും രാഷ്ട്രീയവും..... തര്‍ക്കങ്ങളും ഒക്കെയായി എല്ലായിടത്തെയും പോലെ ആ നാട്ടുകാരും......

അങ്ങനെയിരിക്കെ പെണ്ണുങ്ങളൊക്കെ സീരിയലിനു മുന്നില്‍ സ്വസ്ഥമാവാന്‍ തുടങ്ങുന്ന,. അങ്ങാടിയിലെ പള്ളിയില്‍ നിന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞിറങ്ങുന്ന,  അമ്പലപ്പറമ്പിലെ  കളി കഴിഞ്ഞ് ആളുകള്‍ പിരിയുന്ന ഒരു സന്ധ്യാനേരത്താണ് ഇരുട്ടിനൊപ്പം ഈ വാര്‍ത്തയും നാട്ടിന്‍പുറത്ത് മെല്ലെ മെല്ലെ പരന്നത്.

മ്മടെ മാഷെ മോള് ഇതുവരെ കോളേജ് വിട്ട് വീട്ട്ല് എത്തീട്ടില്ലത്രെ...
“മാഷെ മോളോ..... ആ പാവം കുട്ടി.........എന്തായിരിക്കും ആ കുട്ടിക്ക് പറ്റ്യേത്..”
വാര്‍ത്ത കേട്ട് എല്ലാരും അന്ധാളിച്ചു. എന്നും വൈകീട്ടത്തെ ബസ്സിന് കൂട്ടുകാരികളോടൊപ്പം വരുന്ന ഈ കുട്ടി എങ്ങോട്ട് പോയി.
നാട്ടുകാര്‍ അങ്ങാടിയിലും മാഷ്‌ടെ വീട്ടിലേക്കുള്ള ഇടവഴിയിലും  ചെറിയ കൂട്ടങ്ങളായി നിന്ന് കുശുകുശുത്തു.
 നാളെ അവളെ ആരോ പെണ്ണുകാണാന്‍ വരാനിരുന്നതാ ..
ആരോ പറഞ്ഞു.
ചില ബന്ധുക്കളും അയല്‍വീട്ടുകാരും വീട്ടിലേക്ക് കയറിച്ചെന്നു. മാഷ്‌ കോലായിലെ ചാരുകസേരയില്‍ തളര്‍ന്നു കിടക്കുന്നു...... മാഷ്‌ടെ ഭാര്യ അകത്ത് കട്ടിലില്‍ ബോധമില്ലാതെ. ഇളയ കുട്ടികള്‍ അമ്പരപ്പോടെ മുറിയുടെ മൂലയില്‍ പകച്ചു നിന്നു.
“ഓള്‍ടെ  കൂട്ടുകാരികളോട് അന്വേഷിച്ചോ”
”ക്ലാസ് വിട്ട ഉടനെ ഓള്  തിരക്കിട്ട് പോകുന്നത് കണ്ടത്രെ....  ആരോടും ഒന്നും പറഞ്ഞിട്ടുംല്ല .... ബസ്സ്‌ പുറപ്പെടുംവരെ അവള്‍ എത്തീട്ടുല്ല...”
‘ഇതല്ലാതെ വേറെ ബസ്സും ഇല്ലാലോ ഇങ്ങോട്ട്......ടൌണില്  എന്താവശ്യത്തിനു പോയാലും ബസ്സിന്‍റെ നേരം ആകുമ്പളെക്ക് എത്തൂലെ ...’
ചര്‍ച്ച മുറുകി
‘നാളെ പെണ്ണുകാണാന്‍ ആള് വരുന്ന കുട്ടിയെ ഇന്ന് കാണാണ്ടാവ്വാ..... ഇതില് എന്തോ ഇല്ലേ’
ആരോ സ്വകാര്യം പറഞ്ഞു
‘അയ്യെ ഓള് അങ്ങനത്തൊരു പെങ്കുട്ടി അല്ല......... നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാ.....ഒരു പച്ചപ്പാവം’
‘അതൊന്നും നോക്കണ്ട..............ഇപ്പളത്തെ പെങ്കുട്ട്യേളെ ഇങ്ങക്ക് അറിയായിട്ടാ..’
ആരുടെയോ  പരിഹാസച്ചിരി.
‘അല്ലാ ബസ്സിലെ ഡ്രൈവര്‍ ആരായിനും ഇന്ന്...... ആ പുത്യ ചെറുപ്പക്കാരനാണോ..........ഓന്‍ ആളത്ര ശരിയല്ല.... സകല പെങ്കുട്ട്യോളോടും കളിയും ചിരിയും പഞ്ചാരയും ...’
സംശയം ആ വഴിക്ക് പോയി
‘ഇന്ന് രാവിലത്തെ ട്രിപ്പില് ഓനായിനും..... വൈന്നേരം ഓനല്ലായിരുന്നുന്നാ തോന്ന്ന്നെ..’
അങ്ങാടിയിലെ പീടികക്കാരന്‍ പറഞ്ഞു.
‘നമ്മളെ പെങ്കുട്ട്യേളെ കാണുമ്പോ ഓനൊരു ഇളക്കം കൂടുതലാ...’
ആരുടെയോ ശബ്ദം കനത്തു. ഇരുട്ടില്‍ ആരും പരസ്പരം കാണുന്നുണ്ടായിരുന്നില്ല.
‘ഇപ്പൊ അതാണല്ലോ പുതിയ പരിപാടി പ്രേമിക്കലും മതംമാറ്റലും .........എന്തായാലും മ്മളെ നാട്ടിലെ ഒരു പെങ്കുട്ടിനെ വെച്ച് ആ കളി  കളിക്കാന്‍ ഞാള് സമ്മതിക്കൂലാ...’
ആരുടെയോ വാക്കുകളില്‍ രോഷം ചിതറി. അതിന്‍റെ  ചൂട് അവിടെങ്ങും പടര്‍ന്ന് വിങ്ങിപ്പുകഞ്ഞു  നിന്നു. ഇരുട്ടിലെ ആള്‍ക്കൂട്ടം സ്വയം വിഘടിച്ചും പുതിയ കൂട്ടമായും രൂപം മാറി.
‘ഓന്‍ ആങ്കുട്ട്യാ ....ഓനങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഓള്‍ക്കും ഓനും ഞാളിവിടെ സ്വീകരണം കൊടുക്കും....മ്മക്ക് കാണാലോ’
ഇപ്പുറത്ത് ഒരു വെല്ലുവിളിപോലെ ശബ്ദം പൊങ്ങി.
പുറത്തെ ചൂടുകാറ്റ് മാഷ്‌ടെ വീട്ടിലേക്ക് കയറിയപ്പോള്‍ അയല്‍വാസികള്‍ ആരൊക്കെയോ പേടിയോടെ ഇറങ്ങിപ്പോയി.
മാഷ്‌ടെ അളിയന്‍ മുറ്റത്ത് ക്ഷോഭത്തോടെ തലങ്ങും വിലങ്ങും നടന്നു.
‘ന്‍റെ വാക്കിന്‍റെ പുറത്താ ഓല് നാളെ പെണ്ണുകാണാന്‍ വരുന്നത്........ന്‍റെ മാനം കെടുത്ത്യാ   അളിയനാ പെങ്ങളാന്നൊന്നും ഞാന്‍ നോക്കൂലാ...’ അയാള്‍ കിതച്ചു.
‘പോലീസില്‍ അറിയിച്ചോ’
ആരോ ചോദിച്ചു..
‘ആയിട്ടില്ല............. ..വെറുതെ പിന്നെ പത്രക്കാരൊക്കെ അറിഞ്ഞ് മാനക്കേടാകും ’ അപ്പോള്‍ അങ്ങോട്ട്‌ കയറിവന്നയാളുടെ  വാക്കുകള്‍ക്കൊരു ആജ്ഞാശക്തി ഉണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു.
‘നമ്മടെ കുട്ടികള്‍ക്ക് വിവരം കൊടുത്തിട്ടുണ്ട്........... ടൌണില്‍ ലോഡ്ജും റെയില്‍വെ സ്റ്റേഷനും ബസ്സും തീവണ്ടിയും ഒക്കെ അവര്‍ അരിച്ചു പെറുക്കും...... പേടിക്കണ്ട ..എവിടെ ഉണ്ടെങ്കിലും കുട്ടിയെ ഇന്ന് രാത്രി ഇവിടെ എത്തിച്ചിരിക്കും’
ഒപ്പം വന്ന മൂന്നാലുപേര്‍ ശിങ്കിടികളെപ്പോലെ അയാള്‍ക്ക്‌ ചുറ്റും നിന്നു. മാഷും ഭാര്യയും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല....

ഒന്നിച്ചു വന്നവര്‍ പലരും ഒറ്റക്കൊറ്റക്ക് വീട്ടിലേക്ക് മടങ്ങി. ഇരുട്ടില്‍ ആള്‍ക്കൂട്ടം ശോഷിച്ചു.  അങ്ങാടിയിലെ പീടികകള്‍ പെട്ടെന്ന് അടഞ്ഞു. കറുത്ത ഇരുട്ടുപോലെ ഒരു ഭീതി ആ നാടിനുമേല്‍ കനത്തു നിന്നു. മാഷ്‌ടെ വീട്ടിലേക്കുള്ള ഇടവഴിക്ക് മുന്നില്‍ കുറച്ചുപേര്‍ രോഷത്തോടെ കൂട്ടം കൂടി നിന്നു.

ഇരുട്ടിനെ കീറി മുറിച്ച് ഒരു കാര്‍  അവര്‍ക്ക് മുന്നിലായി വന്നു നിര്‍ത്തി. ഉത്കണ്ഠയോടെ ചുറ്റും കൂടിയവരുടെ മുന്നിലേക്ക്  മാഷ്‌ടെ മോളുടെ കോളേജിലെ അധ്യാപകര്‍ ഇറങ്ങി. അവര്‍ പറഞ്ഞത് കേട്ട് ചുറ്റും കൂടിയവര്‍  തരിച്ചു നിന്നു.
‘ആ കുട്ടി  വൈകുന്നേരം ടൌണില്‍ ഒരു വാഹനമിടിച്ച്.............മെഡിക്കല്‍ കോളേജില്‍ ആയിരുന്നു....അല്‍പം മുമ്പ് അവള്‍   മരിച്ചു’
ബാഗിലെ പുസ്തകത്തില്‍ കോളേജിന്റെ പേര് കണ്ടാണ്‌ കോളേജില്‍ പഠിക്കുന്ന കുട്ടിയാണ് എന്നറിഞ്ഞതെന്നും . കുട്ടിയെ തിരിച്ചറിഞ്ഞ് വീട് അന്വേഷിച്ചു  പിടിക്കാന്‍ വൈകിയതും  അവര്‍ വിശദീകരിച്ചു.

അവള്‍ അപ്പോഴും ഇതൊന്നും അറിയാതെ മോര്‍ച്ചറിയുടെ തണുപ്പില്‍......അവളുടെ കോളേജ് ബാഗില്‍ ഒരു പൊതി നിറയെ ഉടഞ്ഞ കുപ്പിവളകള്‍ ഉണ്ടായിരുന്നു... നാളെ പെണ്ണുകാണാന്‍ വരുമ്പോള്‍ അണിയാന്‍  കോളേജ് വിട്ട ഉടനെ  തിരക്കിട്ട് പോയി വാങ്ങിയത്. തിരികെ നാട്ടിലേക്കുള്ള ബസ്സ്‌ പിടിക്കാന്‍ ധൃതിയില്‍  ഓടുമ്പോഴാണല്ലോ അവളുടെ സ്വപ്‌നങ്ങള്‍ തട്ടിത്തെറിപ്പിച്ച്..........

അധ്യാപകര്‍ മാഷ്‌ടെ വീട്ടിലേക്ക് നടന്നു. പിറകില്‍ ഇരുട്ടില്‍  ആരുടെയോ ആത്മഗതം  .
ഹാവൂ മാനം  കാത്തു




Saturday, September 26, 2015

ഇരുന്നൂറു രൂപയുടെ പെരുന്നാള്‍......



നാം അനുഭവിക്കാത്ത  ജീവിതങ്ങളൊക്കെയും നമുക്ക് വെറും കെട്ടുകഥകളാണ് എന്ന എഴുത്തുകാരന്‍റെ വാക്കുകള്‍ എത്രമേല്‍ സത്യമെന്ന് നമ്മെ അമ്പരപ്പിച്ചു കളയും ചില അനുഭവങ്ങള്‍.

ഓരോ ബലി പെരുന്നാളുകള്‍ കടന്നുപോകുമ്പോഴും സുഹൃത്ത് പറഞ്ഞ ഈ അനുഭവകഥ കാരുണ്യമെന്ന സുന്ദര പദത്തെ  അതിശയത്തോടെ ബോധ്യപ്പെടുത്തുന്നു.

ആറേഴു വര്‍ഷം മുമ്പാണ്. ഒരു  അറഫാ ദിനം. പിറ്റേന്ന് വലിയ പെരുന്നാളാണ്.  ഭാര്യയും മക്കളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ അയാളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഇരുനൂറു രൂപ മാത്രം!. മക്കള്‍ക്ക് പോലും പെരുന്നാള്‍ കോടി എടുത്തിട്ടില്ല.  ഉള്ഹിയത്തിന്‍റെ ഇറച്ചി കിട്ടുമെങ്കിലും പെരുന്നാള്‍ ദിനത്തില്‍ മക്കള്‍ക്കായി ഇത്തിരി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കാന്‍ പോലും കയ്യിലെ പണം തികയില്ല.

അയാള്‍ ആകെ വിഷണ്ണനായിരുന്നു. അറഫ നോമ്പിന്‍റെ ക്ഷീണത്തെക്കാളും അയാളെ തളര്‍ത്തിയത് മക്കളുടെ മുഖമാണ്. മറ്റു കുട്ടികള്‍ പെരുന്നാള്‍ കോടിധരിച്ച് പള്ളിയില്‍ പോകുമ്പോള്‍ തന്‍റെ മക്കള്‍ക്ക്  മാത്രം പുതിയ വസ്ത്രങ്ങളില്ല. ചെറിയ പെരുന്നാളിന്‍റെ ഉടുപ്പുകള്‍ തന്നെ മതി എന്ന് അവര്‍  സമ്മതിച്ചത് ഉപ്പാന്‍റെ അവസ്ഥ അറിയുന്നത് കൊണ്ടാവും.....അടുത്ത പരിചയക്കാരായ പലരോടും പണം കടം ചോദിച്ചുവെങ്കിലും  ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. പെരുന്നാള്‍ ആയിട്ട് മക്കള്‍ക്ക് വയറു നിറയെ രുചിയോടെ കഴിക്കാന്‍ ഭക്ഷണം ഒരുക്കാന്‍ പോലും......അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.


ജോലി ഇല്ലാത്ത ദിവസങ്ങളിലും അയാള്‍ വെറുതെ വീട്ടില്‍ ഇരിക്കാറുണ്ടായിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യവുമായി ആരുടെയെങ്കിലും കാര്യങ്ങള്‍ക്ക് ഓടി നടന്നും ഉത്സാഹിച്ചും.... ഒട്ടും ഒഴിവുണ്ടാകാറില്ല അയാള്‍ക്ക്.  പക്ഷെ ഇന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും അയാള്‍ക്ക് മടി തോന്നി. ഉള്ളിലാകെ സങ്കടം വന്നു പൊതിയുന്നതും വാല്ലാതെ നിസ്സാരനായിപ്പോകുന്നതും അയാളെ തളര്‍ത്തി. ഉള്ളിലെ വിങ്ങലുകള്‍ക്ക് കൂട്ടെന്ന പോലെ പ്രിയതമ അയാള്‍ക്കൊപ്പം ഒന്നും മിണ്ടാതെ... .

മക്കള്‍ക്ക് അന്ന് സ്കൂള്‍ അവധിയായിരുന്നു. നോമ്പെടുത്ത ക്ഷീണത്തിലും അവര്‍ കളിച്ചും ചിരിച്ചും ആഹ്ലാദിച്ചും..... ഒപ്പം മകന്‍റെ കൂട്ടുകാരനും ഉണ്ടായിരുന്നു. അയാളും ഭാര്യയും  കുട്ടികള്‍ കളിക്കുന്നത്  വെറുതെ നോക്കിക്കൊണ്ടിരുന്നു. എത്ര ചുരുക്കിയാലും ഇരുന്നൂറു രൂപ കൊണ്ട് എങ്ങനെ ഒരു പെരുന്നാള്‍ കഴിക്കുമെന്ന്.........ഉള്ളിലെ അലട്ടല്‍ പരസ്പരം അറിയിക്കാതെ രണ്ടുപേരും.....

ഉച്ച തിരിഞ്ഞ് കളി അവസാനിപ്പിച്ച് കുട്ടികള്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നു. നോമ്പ് നോറ്റ് അവര്‍ തളര്‍ന്നിരുന്നു. ഒന്നും ചെയ്യാനില്ലാതെ അയാള്‍ അവരുടെ കുഞ്ഞു വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്തു കിടന്നു.

‘ഇങ്ങക്ക് പെരുന്നാകോടീണ്ടോ...’
മകന്‍റെ കൂട്ടുകാരന്‍റെ ചോദ്യം.
‘ഇല്ലെടാ.... ഞാളെ ചെറിയ പെരുന്നാളിന്‍റെ കോടി തന്നാ.......’
മോന്‍റെ മറുപടി
‘അത് അധികം ഇട്ടിറ്റൊന്നും ല്ലാത്തത് കൊണ്ട് പുതിയ പൊലെണ്ട്....’
മോളുടെ ന്യായീകരണം.... അയാള്‍ വല്ലാതായി...
‘ങാ..... അതൊന്നും തീരെ ഈങ്ങീക്കില്ല’
മോനും ശരിവെക്കുന്നു.
‘നിക്ക് ഈ പെരുന്നാളിനും കൊടീല്ലടാ......ഉമ്മാന്‍റടുത്ത് പൈശല്ല.....’
മോന്‍റെ കൂട്ടുകാരന്‍റെ വാക്കുകളില്‍ നിരാശ. അവനു ബാപ്പയില്ല ഉമ്മ പണിക്ക് പോയാണ് വീട് കഴിയുന്നത്. തന്‍റെ മക്കളെക്കാള്‍ സങ്കടപ്പെട്ട ആ പെരുന്നാളുകാരന്‍റെ ദൈന്യ മുഖത്തേക്ക് അയാള്‍ നോക്കി.

‘ചെറിയ പെരുന്നാളിനും ഉമ്മാക്ക് കുപ്പായം വാങ്ങി തരാനായില്ല..... വല്യ പെരുന്നാളിന് എന്തായാലും വാങ്ങിത്തരാന്ന് പറഞ്ഞതാ......മൂന്നാലീസം ഉമ്മ സുഖല്ലാണ്ട് കിടന്നുപോയില്ലേ......പൈശൊന്നും ല്ല ഉമ്മാന്‍റടുത്ത്...’

അവന്‍ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.  അയാളുടെ ഉള്ളില്‍ കണ്ണീര്‍ പൊടിഞ്ഞു.. പഴകിയ ഉടുപ്പിട്ട് പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന ആ യത്തീംകുട്ടിയുടെ മുഖം .....

എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ വല്ലാതെ നിസ്സഹായനായി. കോടിയില്ലെങ്കിലും തന്‍റെ മക്കള്‍ക്ക് ഏറെ പഴകാത്ത ഉടുപ്പുകളുണ്ട്. ഉപ്പയില്ലാത്ത ഈ കുട്ടിക്ക്........ പെരുന്നാള്‍ ആയിട്ട്  മോനൊരു കുപ്പായം പോലും വാങ്ങിക്കൊടുക്കാന്‍ ആവാത്ത ആ ഉമ്മയുടെ സങ്കടം...

അയാള്‍ ഒന്നും ആലോചിച്ചില്ല. കീശയില്‍ ആകെ ഉണ്ടായിരുന്ന ഇരുന്നൂറു രൂപ മോന്‍റെ കൂട്ടുകാരന്‍റെ കയ്യില്‍ ഏല്‍പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
‘മോനീ പൈസ ഉമ്മാന്‍റെടുത്ത് കൊടുത്ത് ഒരു കുപ്പായം വാങ്ങിത്തരാന്‍ പറ......വൈകണ്ട’
കുട്ടി അമ്പരപ്പോടെ അയാളെ നോക്കി. അയാളുടെ ഭാര്യയും കൂടി നിര്‍ബന്ധിച്ചപ്പോള്‍ സന്തോഷത്തോടെ ആ പണം വാങ്ങി അവന്‍ ഓടിപ്പോയി.

അയാള്‍ക്ക് വാല്ലതെ ആശ്വാസം തോന്നി. ആകെയുള്ള പണമാണ് കൊടുത്തതെന്നോ നാളെ പെരുന്നാള്‍ ദിവസം പട്ടിണി ആകുമല്ലോ എന്നതൊന്നും അപ്പോള്‍ അയാളുടെ മനസ്സിനെ അലട്ടിയതേ ഇല്ല.

നോമ്പ് തുറക്കാന്‍ ഏറെ നേരമുണ്ടായിരുന്നില്ല. അയാളുടെ ഭാര്യ അടുക്കളയിലേക്ക് നീങ്ങി. ഉപ്പയെ  അടുത്തു കിട്ടുമ്പോള്‍ പതിവുപോലെ മക്കള്‍ അയാളോട് കഥ പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി...

അയാള്‍ മക്കളെ ചേര്‍ത്തു പിടിച്ച് കഥ പറഞ്ഞു. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ കഥ. ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടി ബലിയര്‍പ്പിച്ച ഇബ്രാഹിം നബിയുടെ മനസ്സ്........... കഴുത്തില്‍ കത്തി വെച്ചപ്പോഴും പതറാതിരിക്കാന്‍ ബാപ്പക്ക് കരുത്തു നല്‍കിയ ഇസ്മായീല്‍ എന്ന കുട്ടി ........... അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

വിശക്കുന്ന മക്കളെ ചേര്‍ത്ത് പിടിച്ച് കഥ പറഞ്ഞു കൊടുത്ത ആ ദിവസത്തെ  കുറിച്ച് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..... പക്ഷെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ലല്ലോ. പടച്ചവന്‍റെ കാരുണ്യം എങ്ങനെയൊക്കെയാണ് പ്രിയപ്പെട്ട അടിമകളിലേക്ക് എത്തുക എന്നത് നാം ഊഹിക്കുന്നതിനും അപ്പുറമാണല്ലോ.

അന്ന് നോമ്പ് തുറന്നു കഴിഞ്ഞ് ഇരിക്കുമ്പോഴാണ് അയാളുടെ പഴയൊരു കൂട്ടുകാരന്‍ വീട്ടിലേക്ക് കയറി വന്നത്. പെരുന്നാള്‍ കൂടാനായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നതാണ്. ഏറെക്കാലത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍. രണ്ടുപേരും അത്രയും പരസ്പരം അറിയുന്നവര്‍. വിദേശത്ത് പോകും മുമ്പുള്ള കൂട്ടുകാരന്‍റെ പ്രയാസ കാലങ്ങളില്‍ എത്രയോ താങ്ങായി നിന്നിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ബിസിനസ് കൊണ്ട് പച്ച പിടിച്ചുവെങ്കിലും ഇന്നലെകളെ മറക്കാത്തത് കൊണ്ടാണ് പെരുന്നാള്‍ രാവില്‍ കൂട്ടുകാരനെ തേടി വന്നത്.

വിശേഷങ്ങള്‍ പറഞ്ഞിരുന്ന് ഇശാ ബാങ്ക് കൊടുത്തു. കുട്ടികളെയും കൂട്ടി നമുക്ക് ടൌണില്‍ ഒക്കെ ഒന്ന് പോയി വരാം എന്ന് കൂട്ടുകാരന്‍റെ നിര്‍ബന്ധം.

അയാളെയും കുടുംബത്തെയും കൂട്ടി വണ്ടി പോയി നിന്നത് നഗരത്തില്‍ പുതുതായി തുറന്ന മാളിന്‍റെ പാര്‍ക്കിംഗിലാണ്.  അയാള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും ഉള്ള പെരുന്നാള്‍ വസ്ത്രങ്ങളും പിറ്റേ ദിവസത്തെ പെരുന്നാള്‍ സദ്യക്കുള്ള സാധനങ്ങളും നിര്‍ബന്ധിച്ചു വാങ്ങിപ്പിക്കുമ്പോള്‍ കൂട്ടുകാരന്‍  പറഞ്ഞു കൊണ്ടിരുന്നത് ഏറെ കാലമായുള്ള അയാളുടെ ഈ ആഗ്രഹത്തെ കുറിച്ചാണ്. ഉറ്റവര്‍ പോലും കൈ വിട്ട നാളുകളില്‍ പണമായും അല്ലാതെയും സഹായിച്ചതിന്‍റെയും കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചതിന്‍റെയും വീട്ടിതീര്‍ക്കാനാവാത്ത കടപ്പാട്.... നാട്ടില്‍ വരുന്നതിന് മുമ്പേ അയാള്‍ തീരുമാനിച്ചതാണ് കൂട്ടുകാരന്‍റെയും കുടുംബത്തിന്‍റെയും ഈ പെരുന്നാള്‍   തന്‍റെ ചെലവില്‍ ആകണം എന്നത്....

അവിശ്വസനീയമായ ഈ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

നിങ്ങള്‍ ഭൂമിയില്‍ ഉള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്ന ഖുര്‍ആന്‍ വാക്യം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു ......

പെരുന്നാള്‍ ഉടുപ്പിട്ട് സന്തോഷത്തോടെ ഓടി നടക്കുന്ന ഉപ്പയില്ലാത്ത ആ കുട്ടിയും അവന്‍റെ ഉമ്മയും.... പിന്നെ അയാളും ഭാര്യയും മക്കളും ആ കൂട്ടുകാരനും  അപ്പോള്‍ എന്‍റെ മനസ്സില്‍ ചിരിച്ചു കൊണ്ട് നിന്നു.
----------------
ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സിറ്റിമലയാളി മാഗസിന് വേണ്ടി എഴുതിയ പെരുന്നാള്‍ക്കുറിപ്പ്‌
2015 september 15 


Monday, September 21, 2015

അഹമദ് മുഹമ്മദിന്‍റെ കാലത്ത് ‘ആകാശപേടകം’ വായിക്കുമ്പോള്‍.



ആറേഴു വര്‍ഷം മുമ്പാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്‍റെ ‘ആകാശപേടകം’ എന്ന കഥ വായിക്കുന്നത്. ആഴ്ചപ്പതിപ്പ്  വാങ്ങി വരുന്ന വഴി ബസ്സില്‍ ഇരുന്നു തന്നെ വായിച്ചു തീര്‍ത്ത കഥ തന്ന ഷോക്ക്!!.....

അന്ന് ഇതൊന്നും പങ്ക് വെക്കാന്‍ എനിക്ക് ‘ഫേസ്ബുക്ക്’ ഇല്ല. കഥകളെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാനുള്ള കൂട്ടുകാരും അപൂര്‍വ്വം. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ആകെയുള്ള കൂട്ടുകാരനെ വിളിച്ച് വായനയുടെ ആഹ്ലാദം(ആഘാതം) പങ്കുവെച്ചു. പിറ്റേന്നു തന്നെ വായിക്കാനായി വീക്കിലി എത്തിച്ചു കൊടുക്കുകയും ചെയ്തു.

ദൌര്‍ഭാഗ്യവശാല്‍ ആ ആഴ്ചപ്പതിപ്പ് പിന്നെ തിരിച്ചു കിട്ടിയില്ല. ഒരിക്കല്‍ കൂടി ആ കഥ വായിക്കാന്‍ കോഴിക്കോട്ടെ പഴയ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന കടകളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ അട്ടികളില്‍ എത്രയോ തിരഞ്ഞു. ഓരോ പ്രാവശ്യവും നാട്ടില്‍ വരുമ്പോള്‍ പുസ്തകശാലകളില്‍ നിരത്തിവെച്ച  പൊയ്ത്തുംകടവിന്‍റെ  കതാസമാഹരങ്ങളിലൊക്കെ ‘ആകാശപേടകം’ പരതി. പിന്നീട് വന്ന പല കഥകളും ആ പുസ്തകങ്ങളില്‍ കണ്ടെങ്കിലും ആകാശപേടകം മാത്രം......

മിനിഞ്ഞാന്ന് ഫോക്കസ് മാളിലെ DC ബുക്സില്‍ പുസ്തകങ്ങളെ തൊട്ടും തലോടിയും സമയം പോക്കുമ്പോള്‍ പൊയ്ത്തുംകടവിന്‍റെ കഥാസമാഹാരം ‘മലബാര്‍ എക്സ്പ്രസ്സ്’ മറിച്ചു നോക്കിയപ്പോള്‍ ‘ആകാശപേടകം’ മുന്നില്‍. രണ്ടാമതൊന്ന് ആലോചിക്കാതെ വാങ്ങിപ്പോരുമ്പോള്‍ മനസ്സില്‍ ഓര്‍ത്തത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഹമദ് മുഹമ്മദിനെ കുറിച്ചായിരുന്നു.

പേര് കാരണം പൂച്ചെണ്ടിനു പകരം കൈയ്യാമം ഏല്‍ക്കേണ്ടി വന്ന ശാസ്ത്രപ്രതിഭയായ കുട്ടിയെ. ‘ആകാശപേടക’ത്തിലെ ബാഹിസിനെ പോലെ.

ഏറെക്കാലത്തിനു ശേഷം ‘ബാഹിസ്’ അന്ന് തന്നെ എന്‍റെ മുന്നില്‍ വന്നത് യാദൃശ്ചികമാവാം. അന്തര്‍മുഖനായ ബാഹിസിനെപ്പോലെ എവിടെയും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിപ്പോയ ഒരുപാട് മാനങ്ങളും പ്രവചനസ്വഭാവവും ഉള്ള ഈ അസാധാരണ കഥ  ചര്‍ച്ച ചെയ്യപ്പെടേണ്ട അവസരം ഇതുതന്നെയാണ് എന്ന് തോന്നുന്നു.

ബാഹിസിന്‍റെ  ഉറ്റ കൂട്ടുകാരന്‍ പ്രഭാകരനിലൂടെയാണ് കഥ വിരിയുന്നത്. പഠനത്തില്‍ മിടുക്കനെങ്കിലും അന്തര്‍മുഖനും ഒറ്റപ്പെട്ടവനുമായ ബാഹിസ് തന്‍റെ ഏറ്റവും വലിയ സ്വപ്നം കൂട്ടുകാരനോട് പങ്കുവെക്കുന്നു. പ്രകാശത്തെക്കാള്‍ വേഗതയുള്ള ഒരു ആകാശപേടകം കണ്ടു പിടിക്കുക. അതില്‍ കയറി ജീവിക്കാന്‍ കൊള്ളാത്ത ഈ ലോകത്തില്‍ നിന്നും തന്നെപ്പോലുള്ളവര്‍ കഴിയുന്ന ഗ്രഹത്തില്‍ എത്തുക.

പ്രഭാകരന്‍ ഇതിനെ ഭ്രാന്ത് എന്ന് പരിഹസിക്കുമ്പോള്‍ ബാഹിസ് അതിനായി താന്‍ വീട്ടിനു പിറകിലെ ഇടിഞ്ഞു പൊളിഞ്ഞ തറവാട്ടിലെ മുറിയില്‍ ഒരുക്കിയ പരീക്ഷണശാലയെ കുറിച്ചും അവിടെ ശേഖരിച്ച വസ്തുക്കളെ കുറിച്ചും ബോധ്യപ്പെടുത്തുന്നു. മാത്രമല്ല പ്രവചന സ്വഭാവമുള്ള തന്‍റെ മനസ്സ് ഉച്ചത്തില്‍  പറയുന്ന നേരുകള്‍ ആണ് ബാഹിസിന്‍റെ ശുഭാപ്തി വിശ്വാസത്തിനു കാരണം എന്നും വിശദീകരിക്കുന്നു.

ഉച്ചത്തില്‍ സംസാരിക്കുന്ന മനസ്സ് അവസാനമായി പറഞ്ഞ മരയട്ടികള്‍ക്കടിയിലെ മൂര്‍ഖന്‍റെ കാര്യം ബഡായി ആണെന്ന് തെളിയിക്കാനുള്ള പ്രഭാകരന്‍റെ ഉത്സാഹം ഇല്ലാതാക്കിയത് ബാഹിസിന്‍റെ പഠനമാണ്. പ്രഭാകരന്‍ വലിച്ചു മാറ്റിയ മരയട്ടിയിലെ അവസാന പലകക്കടിയില്‍ പെറ്റുകിടന്ന കരിമൂര്‍ഖന്‍ ആഞ്ഞു കൊത്തിയത് ബാഹിസിന്‍റെ കാലിലാണ്. വിഷം തീണ്ടിയ ബാഹിസ് SSLC പരീക്ഷാ സമയത്ത്  ആശുപത്രിയില്‍ ആയിരുന്നു. അതോടെ മിടുക്കനായ അവന്‍റെ പഠനം നിലച്ചു.

ഉമ്മയില്ലാത്ത, ചങ്ങലയില്‍ കഴിയുന്ന ഭ്രാന്തനായ ബാപ്പയുടെ മകന് വീണ്ടും പരീക്ഷ എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും “................മൂത്ത അമ്മാവന്‍ അതിന് ചെകിട്ടത്തടിച്ചു. മൂര്‍ഖന്‍ കടിച്ച വകയില്‍ അമ്മായിയുടെ പൊന്ന് ഇപ്പോഴും ബാങ്കിലാണ്” എന്ന വാചകത്തിലുണ്ട്  ഉത്തരം.
ബാഹിസിന്‍റെ ഉപ്പ വിദ്യാഭ്യാസം ഏറെയില്ലെങ്കിലും ഒരുപാട് സയന്‍സ് ഗ്രന്ഥങ്ങള്‍ വായിച്ചു ഭ്രാന്തായിപ്പോയ മനുഷ്യനാണ്. ഭ്രാന്തനെ ഇല്ലാതാക്കാന്‍ ബന്ധുക്കള്‍ രണ്ടുതവണ കീടനാശിനി കലക്കി കൊടുത്തിട്ടും മരിക്കാത്ത ആ മനുഷ്യന്‍ പ്രഭാകരനെ ചങ്ങലയില്‍ കിടന്നുകൊണ്ട് സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെ.

“ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീന്‍. എന്‍റെ കണ്ടുപിടിത്തങ്ങളാണ് മിസ്‌യൂസ് ചെയ്ത് അമേരിക്കയിലും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത്. ഒടുവില്‍ അതേ കുറ്റത്തിന് ഞാനിതാ ജയിലിലുമായി”

ബാഹിസിന്‍റെ പരീക്ഷണങ്ങള്‍ അവസാനിച്ചില്ല. പ്രഭാകരന്‍റെ കോളേജിലെ പ്രൊഫസര്‍ വില്യം സായിപ്പ് ബാഹിസിന്‍റെ കണ്ടെത്തലുകളെ അംഗീകരിക്കുകയും പരീക്ഷണങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്‍റെ ആകാശപേടകം യാഥാര്‍ത്ഥ്യമാകുമെന്ന് ബാഹിസിന് ഉറപ്പുണ്ടായിരുന്നു. അവന്‍റെ മനസ്സ് അത് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

പ്രഭാകരന്‍ പഠിച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ബാഹിസിന്‍റെ ആകാശസ്വപ്നം എവിടെയും എത്താതെ അവന്‍ സൈക്കിള്‍ മെക്കാനിക്കായി. എങ്കിലും അവന്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല.  മഴക്കാലത്ത് തകര്‍ന്നുപോയ പരീക്ഷണശാല അവന്‍റെ പരീക്ഷണങ്ങളെ തളര്‍ത്തിയെങ്കിലും മനസ്സ് ആകാശപേടകം ഉടന്‍ ശരിയാവുമെന്ന് അവനോടു ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.

അഞ്ചു വര്‍ഷത്തിനു ശേഷം കണ്ടുമുട്ടുമ്പോഴും പ്രഭാകരനെ കൃത്യമായി ഓര്‍ത്ത ബാപ്പ ഇപ്പോഴും അതെ  അവസ്ഥയില്‍ ....

“ഞാനൊരു ജൂതനായതിനാല്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലാണ്. ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ചതിന്‍റെ യാതൊരു പരിഗണനയും തന്നില്ല ആ നായ. ക്ലീന്‍ഷേവിനു മീതെ വെപ്പുമീശയും വെച്ച് ഹിറ്റ്‌ലറിപ്പം വരും. സ്വയം വെടിവെച്ചു മരിച്ച ശേഷം അവനിപ്പം ജോര്‍ജ്ബുഷാ. പൊയ്ക്കോ.”
അയാള്‍ ചങ്ങലയില്‍ കിടന്നു പറഞ്ഞു.

ബാഹിസിന്‍റെ വിവാഹം കഴിഞ്ഞു. വില്യം സായിപ്പിന്‍റെ ശിഷ്യ.  എല്ലാ ശാസ്ത്രവും ഖുര്‍ആനില്‍ ഉണ്ട് എന്ന് ശഠിക്കുന്ന അവള്‍ തന്‍റെ എക്സ്പെരിമെന്റ്സിനു പറ്റിയ കൂട്ടാകും എന്നത്  മാത്രമാണ് ബാഹിസിനെ പ്രചോദിപ്പിച്ചത്.  പക്ഷെ അവള്‍ ബാഹിസിന്‍റെ പരീക്ഷണങ്ങളെ  ഭ്രാന്തായി തള്ളി. ഞായറാഴ്ച പോലും  സൈക്കിള്‍ കട തുറന്നിരിക്കാന്‍ നിര്‍ബന്ധിച്ചു. അവനവനെത്തന്നെ കടിച്ചു കീറുന്ന ജീവപര്യന്തം തടവായ ദാമ്പത്യത്തെ കുറിച്ച് എന്തുകൊണ്ട് ബാഹിസിന്‍റെ മനസ്സ് ഉറക്കെ മുന്നറിയിപ്പ് തന്നില്ല എന്ന് പ്രഭാകരന്‍റെ ഉള്ളം ചോദിച്ചു.

ഏറെ നാളുകള്‍ക്ക് ശേഷം പ്രഭാകരന് ബാഹിസിന്‍റെ ഒരു പാഴ്സല്‍ വന്നു. പത്തിരുന്നൂറു പേജില്‍ ആസ്ട്രോഫിസിക്സുമായി ബന്ധപ്പെട്ട കുറിപ്പുകള്‍. ഇക്ക്വേഷനുകള്‍, മാപ്പുകള്‍, ആകാശ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍....ഒപ്പമുള്ള കുറിപ്പില്‍ ബാഹിസ് എഴുതി.

“പ്രഭാകരാ എല്ലാം അവള്‍ നശിപ്പിച്ചു. എന്‍റെ ആകാശ വാഹനങ്ങളുടെ മാതൃകകള്‍ വര്‍ഷങ്ങളായി ഞാന്‍ ഒരുക്കൂട്ടിയ യന്ത്രങ്ങള്‍. ഡമ്മി ഫോര്‍മാറ്റുകള്‍......... ഒന്നും ബാക്കി വെച്ചില്ല. എന്നെ അവള്‍ക്ക് സൈക്കിള്‍ റിപ്പയര്‍ കടയിലേക്ക് പറഞ്ഞയക്കണം. ഈ തിയറി നോട്ട് മാത്രമേ കിട്ടിയുള്ളൂ. ഉപ്പയും ഞാനും കൂടി എന്‍റെ യഥാര്‍ത്ഥ ജനതയുടെ അടുത്തേക്ക് പോകുന്നു.”

ബാഹിസും ബാപ്പയും വിഷബാധയേറ്റു മരിച്ചു!
ആ മരണത്തിന്‍റെ ദുരൂഹത തേടി പ്രഭാകരന്‍ വില്യം സായിപ്പിന്‍റെ അടുതെത്തി. അയാള്‍ അന്നു രാത്രി ന്യൂയോര്‍ക്കിലേക്ക് ഒരു പേപ്പര്‍ അവതരിപ്പിക്കുവാന്‍ പറക്കാന്‍  ഇരിക്കുകയായിരുന്നു. ബാഹിസിനെ പരിചയമില്ലെന്ന പ്രൊഫസറുടെ വാക്കുകളിലെ കളവ് പ്രഭാകരന്‍ തിരിച്ചറിഞ്ഞു. അയാളുടെ ആത്മഹത്യയെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രൊഫസര്‍ ക്ഷോഭിച്ചു.

ഒരു കരിമൂര്‍ഖനായി പത്തി വിടര്‍ത്തിയ പ്രൊഫസറെ അടുത്തുള്ള മരപ്പലക കൊണ്ട് തല്ലാന്‍ ഒരുങ്ങുമ്പോള്‍ പ്രൊഫസര്‍ വില്യം സായിപ്പ് ഒരു ചെറു ചിരിയോടെ പ്രഭാകരനോട് ചോദിക്കുന്നു.

“Why are you doing like this? Are you friend of a terrorist?”

കഥ ഇവിടെ അവസാനിക്കുമ്പോള്‍ ആ ചോദ്യം നമ്മുടെ ഉള്ളില്‍ നടുക്കവും പൊട്ടിത്തെറിയും ഉയര്‍ത്തുന്നു. ഇന്നും ലോകമെങ്ങും ഈ ചോദ്യം ഉയരുന്നതിന്‍റെ ഉള്ളുകള്ളികള്‍ ഓര്‍ത്ത്. അഹമദ് മുഹമ്മദ്‌മാര്‍ എന്നും സംശയത്തിന്‍റെ നിഴലില്‍ ഉള്ളില്‍ അടക്കപ്പെടുന്ന ലോകനീതിയോര്‍ത്ത്.

ഏറെ മാനങ്ങള്‍ ഉള്ള ഈ കഥ വലിയ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്നു. പഴയ കാല പ്രതാപത്തിന്‍റെ ദ്രവിക്കാത്ത അടയാളങ്ങള്‍ ബാക്കി വെച്ച് ജീര്‍ണ്ണിച്ചു പോയ തറവാടും ശാസ്ത്രം വായിച്ചു ഭ്രാന്തനായ ഉപ്പയും ചില പ്രതീകങ്ങളാണ്. പര്‍ദയും ഖുര്‍ആനും ബാഹ്യമായി വാദിക്കുന്ന  വില്യം സായിപ്പിന്‍റെ ഒറ്റുകാരിയായ ശിഷ്യ. ഏറെ അര്‍ത്ഥതലങ്ങള്‍ ഉണ്ട് ഈ കഥയ്ക്ക്.  ഓരോ വരികളും അതി സൂഷ്മമായി വിളക്കിച്ചേര്‍ത്ത കഥയുടെ മാന്ത്രിക ഭാവം.

കഥ വെറുതെ വായിച്ചു രസിക്കാന്‍ മാത്രമുള്ളതല്ല എന്നും ലോകത്തോട്‌ ചില നേരുകള്‍ വിളിച്ചു പറയാനുള്ള  കര്‍ത്തവ്യം കൂടി അവ നിര്‍വ്വഹിക്കുന്നുവെന്നും  ‘ആകാശപേടകം’ നമ്മെ ബോധ്യപ്പെടുത്തുന്നു.