Friday, June 15, 2012

നഗരത്തിരക്കിലെ വയല്‍വേനല്‍ കത്തി നിന്ന ഒരു മധ്യാഹ്നത്തില്‍ ആണ് നീ എന്റെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നത്.നഗരത്തിരക്കില്‍ നാം വിരലുകള്‍ കോര്‍ത്തു നടന്നപ്പോള്‍ ചുറ്റുമുള്ള ലോകത്തിന്റെ ബഹളം അറിയുന്നേ ഉണ്ടായിരുന്നില്ല.
നഗരവീഥി എപ്പോഴാണ് ഒരു നാട്ടുപാതയായി മാറിയത്.പേരറിയാപ്പഴങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന മരത്തണലിലൂടെ ചേര്‍ത്ത് പിടിച്ചു നടക്കുമ്പോഴും ഭംഗിയുള്ള കണ്ണുകള്‍ ഇടയ്ക്കിടെ എന്റെ മുഖത്ത് തറഞ്ഞു നില്‍ക്കുന്നത് അറിയുന്നുണ്ടായിരുന്നു.പൂക്കളുതിര്‍ന്നു വീണ വഴി എപ്പോഴാണ് നീണ്ടു കിടക്കുന്ന വിജനമായ വയലിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയായി മാറിയത്...കത്തുന്ന വെയിലിനു പകരം നിലാവിന്റെ തണുപ്പ് വീണത്‌.വയലിന് നടുവിലെ കൈതച്ചെടിക്കൂട്ടങ്ങള്‍ ഒരുക്കിയ മറയില്‍ ചൂടുള്ള പ്രണയ സമ്മാനത്തിന്റെ മധുരം നുണഞ്ഞത്......
പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന മഴമേഘങ്ങള്‍ക്ക് ചുവട്ടില്‍ ദാഹാര്‍ത്തയായി ഒഴുകുന്ന പുഴക്കരയില്‍ ഇരുളാവുവോളം നാം കണ്ണില്‍ കണ്ണില്‍ നോക്കി തനിച്ചിരുന്നത്.....കഥകള്‍ പറഞ്ഞത്........................

ഇല്ല ബഹളം നിറഞ്ഞ നഗരത്തിരക്കില്‍ കത്തിനില്‍ക്കുന്ന വേനല്‍ സൂര്യന് കീഴില്‍ ഞാന്‍ ഇപ്പോഴും തനിച്ചേ ഉള്ളൂ.ഈ നഗരത്തിനു നടുവില്‍ വയലും കൈതക്കൂട്ടവും പുഴയുമെല്ലാം എന്റെ ഭ്രമാത്മക ചിന്തകള്‍ മാത്രം .
പക്ഷെ എന്റെ കൈവിരലുകളില്‍ ഇപ്പോഴും നിന്റെ വിരലുകളുടെ തണുപ്പും സുഗന്ധവും ബാക്കി നില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് ഞാനെങ്ങനെ സമ്മതിക്കും .....എത്ര ശ്രമിച്ചിട്ടും മായ്ക്കാന്‍ കഴിയാത്ത നിന്റെ ഓര്‍മ്മകള്‍ പോലെ ...

Wednesday, June 13, 2012

‘നോട്ടിനിടക്ക് കുടുങ്ങിയ ചില്ലറപോലെ’............നമ്മുടെ മക്കള്‍
ഇത്ര രാവിലതന്നെ സ്കൂള്ളേക്കോ പത്ത് മണിക്കല്ലേ സ്ക്കൂള്  തൊടങ്ങ്വ ..”
“രാവിലെ ടൂഷന്‍ കഴിഞ്ഞിട്ടാ സ്ക്കൂള്...............”
“അയിനൊന്നും പാസ് നടക്കൂല ..........രാവിലെ തന്നെ മന്ശനെ എടങ്ങേറാക്കാന്‍.......”
..........................................................
“ലോക്കല് ബസ്സൊന്നും നിങ്ങക്ക് പറ്റൂല കണ്ണൂര് കോഴിക്കോട് ബസ്സ്‌ത്തന്നേ കേറിക്കൂടൂ അല്ലെ.....”
“ഏട്ടാ നേരം വൈകിപ്പോയി അതാ”
“അയിന് പഠിക്ക്യാന്‍ പോകുന്നോര് കൊറച്ച് നേരത്തെ എറങ്ങണ്ടേ.... നോട്ടിന്റെടക്ക് ചില്ലറ കുടുങ്ങിയ പൊലെ ഇനി ഇങ്ങളും....ഇങ്ങക്കൊക്കെ തോന്നുന്നേരം യാത്ര ചെയ്യാനുള്ളതല്ല പാസ് .....”
..........................................................
“ഒന്നങ്ങോട്ട് ഒതുങ്ങി നിക്കെടോ ഇങ്ങളെക്കാളും വല്യൊരു ബേഗും .......നാലാള് നിക്കുന്ന സ്ഥലം വേണം...ഒര് ചാക്ക് നെറച്ചും ബുക്കുമായി എറെങ്ങിക്കോളും.... ഇങ്ങള് കുട്ട്യേള് മാത്രം കേറ്യാപ്പോര .....”
............................................................
രാവിലെയും വൈകുന്നേരവും ഉള്ള ബസ്സ്‌ യാത്രകളില്‍ നിത്യവും കേള്‍ക്കേണ്ടി വരുന്ന ബസ്സ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള ഡയലോഗിന്റെ സാമ്പിള്‍ ആണ് മേലെ എഴുതിയത്.
നാട്ടിലെ സര്‍ക്കാര്‍ ആപ്പീസുകള്‍ മുതല്‍ പോലീസ്‌ സ്റ്റേഷനുകളില്‍ വരെ(കുറ്റവാളികളോട് ഒഴിച്ച്) ഇടപാടുകാരോട് മാന്യമായി പെരുമാറുക എന്ന ശൈലിയിലേക്ക് മാറിയിട്ട് കാലം കുറെ ആയി.എന്നാല്‍ ഇന്നും പ്രൈവറ്റ്‌ ബസ്സ്‌ ജീവനക്കാര്‍  ശത്രുവിനെപോലെ കാണുകയും പണ്ട് കാലത്തെ അധകൃതരെ പൊലെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു  വിഭാഗമാണ് വിദ്യാര്‍ഥികള്‍.
കോരിച്ചൊരിയുന്ന മഴയിലും സ്റ്റോപ്പില്‍ നിന്നും പരമാവധി ദൂരെ കൊണ്ടുപോയി നിര്‍ത്തുന്ന ബാസ്സുകളിലെക്ക് കൂട്ടത്തോടെ ഓടിയെത്തുന്ന വിദ്യാര്‍ഥികളെ കയറ്റാതെ ആട്ടിയകറ്റുന്നതില്‍ ‘കിളി’കള്‍ എന്തോ ആത്മ നിര്‍വൃതി അനുഭവിക്കുന്നത് പൊലെ തോന്നും.
അഥവാ കയറ്റിയാല്‍ ഏതോ കടുത്ത കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോടുള്ള പെരുമാറ്റം.’പാസ്’ ഉണ്ടെങ്കിലും എന്തെങ്കിലും പറഞ്ഞു കുട്ടികളോട് ഒന്ന് ‘ചൊറിഞ്ഞി’ട്ടില്ലെങ്കില്‍ കണ്ടക്ടര്‍ക്കു തൃപ്തിയാവില്ല. സീറ്റിലെങ്ങാനും അബദ്ധത്തില്‍ ഇരുന്നുപോയാല്‍ പിന്നെയുള്ള കുലുമാല് പറയണ്ട.
പഴയ പത്ത് പൈസയുടെ എസ് ടി കാലത്തില്‍ നിന്നും ടിക്കറ്റ് നിരക്കിന്റെ 25% ആയി വിദ്യാര്‍ഥികളുടെ ബസ്‌ ചാര്‍ജ്‌ ഉയര്‍ത്തിയിട്ടും ഇപ്പോഴും എന്ത് കൊണ്ടാണ് കുട്ടികളോട് ബസ്സ്‌ ജീവനക്കാര്‍ ശത്രുവിനെ പോലെ പെരുമാറുന്നത്.
എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാല്‍ പോലും വിദ്യാര്‍ഥി സംഘടനകള്‍ സ്വന്തം പേരിലോ അല്ലെങ്കില്‍ “വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്‌ ....തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല”എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് സംയുക്തമായോ ബസ്സിനു കല്ലെറിയല്‍ മുതല്‍ ബസ്സ്‌ കത്തിക്കുക വരെയുള്ള സമര കലാപരിപാടികളൊക്കെ കേരളത്തില്‍ അസ്തമിച്ചു കാലം കുറെ ആയിട്ടും എന്ത് കൊണ്ടാണ് ഇപ്പോഴും വിദ്യാര്‍ഥികളെ  എതിരാളികളെ പോലെ കാണുന്നത്.
പ്രിയപ്പെട്ട ബസ്സ്‌ ജീവനക്കാരെ പന്ത്രണ്ടും പതിനാലും വയസ്സുള്ള നിഷ്കളങ്കരായ ഈ കുട്ടികളുടെ നേരെ മെക്കിട്ടു കേറുന്നതില്‍ നിങ്ങള്‍ക്ക് എന്ത് സുഖമാണ് ലഭിക്കുന്നത്.നിങ്ങളുടെ മക്കളും ഇതേ പോലെ ആരുടെയൊക്കെയോ ആട്ടും തുപ്പും കേള്‍ക്കേണ്ടി വരുന്നുണ്ട് നിത്യവും എന്ന് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ.

വിദ്യാര്‍ഥികളുടെ യാതാ സൌജന്യത്തിന്റെ കാര്യത്തില്‍  ബാസ്സുടമകള്‍ക്ക് എതിര്‍പ്പും അതിനുള്ള ന്യായങ്ങളും ഉണ്ടാകും. അതിന്റെ പേരില്‍ നമ്മുടെ മക്കളുടെ  ആഹ്ലാദത്തോടെയുള്ള സ്കൂള്‍ യാത്രയുടെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കിക്കൊണ്ട് അപകര്‍ഷതയോടെ ആത്മ നിന്ദയോടെ ചുറ്റുമുള്ളവരുടെ കണ്ണില്‍ പരിഹാസപാത്രങ്ങള്‍ ആക്കി മാറ്റുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിച്ചേ മതിയാവൂ
നാളെ നമ്മുടെ നാട് ഭരിക്കാനുള്ളവര്‍.ജഡ്ജിയും,കളക്ടറും,ഡോക്ടറും,എന്‍ജിനീയറും,അധ്യാപകരും ..............അങ്ങനെയങ്ങനെ ..........ഈ മുകുളങ്ങളെയാണ് ബസ്‌ സ്റാണ്ടുകളില്‍ ഊഴം കാത്തു നിര്‍ത്തുന്നത്...മഴ കൊണ്ട് നിരത്തിലൂടെ ഓടിക്കുന്നത്,ബസ്സിനകത്ത്‌ പരിഹസിക്കുകയും അവമാനിക്കുകയും ചെയ്യുന്നത്...ഇത് ഒരു തരം മനോ വൈകൃതമാണ് ...സഹയാത്രികരുടെ മൌനമോ അനുഭാവച്ചിരിയോ പലപ്പോഴും ഈ തോന്ന്യാസങ്ങള്‍ക്ക് പ്രോത്സാഹനവും ആകുന്നുണ്ട്....

ഏതു കാലത്താണ് നമ്മുടെ മക്കള്‍ക്ക്‌ ഈ പീഡനങ്ങളില്‍ നിന്നും ഒരു മോചനം ലഭിക്കുക ..ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന യാത്രക്കാരാനുള്ള എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കും ഇല്ലേ...ഇതൊന്നും ആരുടേയും ഔദാര്യം അല്ലല്ലോ സാര്‍   

Sunday, June 3, 2012

അത്യാധുനിക 'കൂട്ടിക്കൊടുപ്പു' കമ്പനികള്‍പച്ചമലയാളത്തില്‍ കൂട്ടിക്കൊടുപ്പ്എന്നും മാമാപ്പണിഎന്നുമൊക്കെ വിളിക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ.നഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലുമൊക്കെ ശരീരം വിറ്റുജീവിക്കുന്ന സ്ത്രീകള്‍ക്ക് കസ്ടമറെ എത്തിച്ചു കൊടുത്തു കമ്മീഷന്‍ കൈപ്പറ്റി ജീവിക്കുന്ന ചില മനുഷ്യര്‍.ബസ്‌സ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും നഗരത്തിന്റെ ഇടവഴികളിലും അത്യാവശ്യം ‘വീക്ക്നെസ്സ്’ ഉള്ള അല്ലെങ്കില്‍ ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞപോലെ ‘പൂശാന്‍ മുട്ടി നടക്കുന്ന’ ഇരയെ കണ്ടെത്തി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്ന ബ്രോക്കര്‍മാര്‍ . സമൂഹം ഇവരെ എപ്പോഴും അകറ്റി നിര്‍ത്തുന്നത് അത്രയും നിന്ദ്യമായ തൊഴില്‍ ആണ് അവര്‍ ചെയ്യുന്നത് എന്നത് കൊണ്ടാണ്.മാന്യമായി ജീവിക്കുന്ന ആരും ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ജോലി.ഈ പണിയില്‍ ഏര്‍പ്പെട്ട ആളുകളും പ്രതീക്ഷിക്കുന്നില്ല സാമൂഹ്യമാന്യതയും സ്ടാറ്റസും.
വിദേശങ്ങളില്‍ ഒക്കെ പഠിച്ച് ബിസിനസ് മാനേജ്മെന്റും മറ്റ് അത്യാധുനിക കച്ചവട തന്ത്രങ്ങളും ഒക്കെ വശത്താക്കിയവരുടെ നേതൃത്വത്തില്‍ വലിയ മുതല്‍മുടക്കും,ഗംഭീര പരസ്യങ്ങളും ഗമണ്ടന്‍ ഓഫീസുകളും മറ്റ് സെറ്റപ്പുകളുമായി നേരത്തെ പറഞ്ഞ ഏര്‍പ്പാട്‌ നടത്തിയാല്‍ നാം എന്താണ് അതിനെ വിളിക്കുക..ശാരീരിക സുഖത്തിനായാലും മാനസിക ഉല്ലാസത്തിനായാലും ആണിനു പെണ്ണിനെയും തിരിച്ചും മുട്ടിച്ചു കൊടുക്കുന്ന ഏര്‍പ്പാട് .....വല്ലാതെ വളച്ചു കെട്ടാതെ അതിനു ഏറ്റവും ചേര്‍ന്ന വാക്ക് ‘കൂട്ടിക്കൊടുപ്പ്’ എന്ന് തന്നെ അല്ലെ സാര്‍.
ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം നാട്ടില്‍ വന്നപ്പോള്‍ കാണേണ്ടി വന്ന ചില പരസ്യങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴാണ്.
“നിങ്ങളുടെ ഗേള്‍ ഫ്രാണ്ടിനോടൊപ്പം അവളുടെ കൂട്ടുകാരികളെയും പരിചയപ്പെടൂ.പത്തു പൈസ നിരക്കില്‍ വിളിക്കൂ
ഇത് നാടായ നാടൊക്കെ പതിച്ചുവെച്ച,പത്രങ്ങളിലൂടെയും ടീവിയിലൂടെയും നിത്യം കണ്ടു കൊണ്ടിരിക്കുന്ന ഒരു മൊബൈല്‍ ടെലികോം കമ്പനിയുടെ പരസ്യം  
ഇന്നലെ എന്റെ മൊബൈലില്‍ എസ് എം എസ് ആയി വന്ന മറ്റൊരു പരസ്യം ശ്രദ്ധിക്കൂ
Why worry if you do not have friends.Dial 12630…. and enter ID Remya(123…..),Nandana(123…),Rani(404…),Rose(404….)subcharges Rs 10/week and Rs 2 /min.
ഇതൊക്കെ ടെലികോം കമ്പനികളുടെ കിടമത്സരം മൂലമുള്ള പുതിയ പുതിയ കച്ചവട തന്ത്രങ്ങള്‍ എന്നാണ് ന്യായമെന്കില്‍ നമ്മുടെ കുട്ടികള്‍ ഇനി ബിസിനസ് മേനെജ്മെന്റിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ കാമാട്ടിപുരയിലേക്ക് പോകുന്നതാവില്ലേ സാര്‍ നല്ലത്.പുരുഷനെ ആകര്‍ഷിക്കാനുള്ള സകല തന്ത്രങ്ങളിലും കാലങ്ങളായി എക്സ്പെര്‍ട്ടുകള്‍ ആയ ഒരു പാട് പേര്‍ ഉണ്ടല്ലോ അവിടെ.അവരുടെ അറിവിനെ അത്യാധുനിക ബിസിനസ് രീതികളുമായി കൂട്ടിയോജിപ്പിച്ചാല്‍ വിപണി കീഴടക്കാനും കച്ചവടം വന്‍ ലാഭത്തിലേക്ക് കുതിപ്പിക്കാനും എളുപ്പമാകുമല്ലോ.
പാതിരാത്രിയില്‍ മുല്ലപ്പൂവും  ചൂടി വിലകുറഞ്ഞ പൌഡറും ഇട്ട് ഇരുട്ടിന്റെ മറവില്‍  ആളെ ക്ഷണിക്കുന്ന തെരുവ് വേശ്യയും,നൂണ്‍ഷോവിനിടയില്‍ തുണ്ട് തിരുകുന്ന സീ ക്ലാസ്സ്‌ തിയേറ്റര്‍കാരനും,പെണ്ണുങ്ങളെ ചളിയില്‍ കുളിപ്പിക്കുന്ന വമ്പന്‍ ചാനലുകാരനും  എല്ലാം പുരുഷന്റെ ലൈംഗീക താല്പര്യങ്ങളെ തൃപ്തിപ്പെടുത്തി/പ്രലോഭിപ്പിച്ച് കാശുണ്ടാക്കുക എന്നതാണല്ലോ  ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതൊക്കെ തെറ്റാണ് എന്നുപോലും പറയാന്‍ ആവാത്ത രീതിയില്‍ ഈ മാലിന്യക്കൊഴുപ്പുകളില്‍ ലയിച്ചും രസിച്ചും കിടക്കുന്ന നമുക്ക്‌ എങ്ങനെയാണ് സാര്‍ പാശ്ചാത്യരുടെ ജീവിത രീതികളെ കുറ്റപ്പെടുത്താനുള്ള അവകാശം.
ധാര്‍മ്മികത,മൂല്യങ്ങള്‍,കുടുംബ ഭദ്രത തുടങ്ങിയ ചിലവാക്കുകള്‍ നമുക്ക്‌ പ്രസംഗത്തിലും എഴുത്തിലും ഒക്കെ വെറുതെ നിരത്താനുള്ള ഉഡായിപ്പ്  മാത്രമല്ലെ.
കൊട്ടും,ടൈയും കെട്ടി ലൈസന്‍സോടെ കൂട്ടിക്കൊടുപ്പിന്റെ പരസ്യങ്ങള്‍ കണ്ടിട്ടും പ്രതിഷേധിക്കുന്നത് പോയിട്ട് അമ്പരക്കാന്‍ പോലും കഴിയാത്ത അത്രയും ആരുടെയൊക്കെയോ വിധേയരോ അടിമകളോ ആയിപ്പോയല്ലോ നാം....മഹത്തായ പൈതൃകം ഉള്ള ഒരു നാടിന്റെ മക്കള്‍.