Monday, July 18, 2011

കല്യാണ ഭകഷ്യമേളയും കുറെ പൊംക്ലാസുകളും ....


വിവാഹം ഏതൊരു വ്യക്തിക്കും അയാളുടെ വേണ്ടപ്പെട്ടവര്‍ക്കും ഏറെ  ആഹ്ലാദകരമായ മുഹൂര്‍ത്തമാണ്.കാലങ്ങളായി ഈ ഒരു വേളയില്‍ നമ്മുടെ നാടിനെ സംബന്ധിച്ചെടുത്തോളം സന്തോഷത്തിനു ഇത്തിരി മങ്ങല്‍ ഉണ്ടാക്കിയിരുന്നത് സ്ത്രീധനം എന്ന വിപത്തായിരുന്നു. എത്രയൊക്കെ പുരോഗതി ഉണ്ടായിട്ടും ആ ഒരു കാര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല ഇതുവരെ. സ്വര്‍ണത്തിന് വില കൂടും തോറും കൂടുതല്‍ കൂടുതല്‍ പവനാണ്  കൊടുക്കുന്നത്.സ്വര്‍ണ്ണ കടകളുടെ പരസ്യങ്ങള്‍ കണ്ടു കണ്ട്ഇത്തിരി സ്വര്‍ണ്ണമൊന്നും കണ്ണില്‍ പിടിക്കാതായിരിക്കുന്നു.

എന്നാലും ഒരു സമാധാനമുണ്ട്.ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഇത്തിരി പൊന്നും പണവുമൊക്കെ ഏതൊരു സാധാരണക്കാരനും കരുതി വെക്കും.പിന്നെ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം സഹായിക്കുകയും ചെയ്യും.ഇനി പറ്റെ ദാരിദ്ര്യം ആണെങ്കില്‍ എല്ലാവരും കൂടെ ഒന്ന് ആഞ്ഞു പിടിച്ച് കാര്യങ്ങള്‍ നടത്തും.

ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌ സ്ത്രീധനത്തെ കുറിച്ചല്ല.അതല്ലാതെ തന്നെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ വിവാഹം കഴിഞ്ഞുള്ള പലവിധ സല്‍ക്കാരങ്ങള്‍ വരെ പണം പൊടിച്ചു തീര്‍ക്കുന്ന പുതിയ പുതിയ കുറെ ഏര്‍പ്പാടുകളെ കുറിച്ചാണ്.

ഈ കാര്യത്തില്‍ വധുവിന്റെ വീട്ടുകാരെന്നോ വരന്റെ വീട്ടുകാരെന്നോ വ്യത്യാസമില്ല.ഒരു സമ്പന്നനെ  സംബന്ധിച്ചെടുത്തോളം ചിലവാക്കാന്‍ സ്വന്തം കാശ് ഇഷ്ടം പോലെയുണ്ട്.നാട്ടിലെ അറിയപ്പെടുന്ന ദരിദ്രന്‍ ആണെങ്കില്‍ വിവാഹത്തിന് സഹായിക്കാന്‍ ഒരു പാട് ആളുകളുണ്ടാവും. പലപ്പോഴും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ പിരിവു കിട്ടിയ സംഖ്യ ബാക്കി വന്നത് അടുത്ത കുട്ടിക്കായി ബാങ്കില്‍ ഇട്ടിരിക്കുകയാണ് എന്ന് പോലും പറയുന്നത് കേള്‍ക്കാം.എന്നാല്‍ നാട്ടിലെ ഇടത്തരക്കാര്‍ പ്രത്യേകിച്ചും ഗള്‍ഫ് ചുറ്റുപാടുള്ളവര്‍ സമ്പന്നന്റെ ശൈലി അനുകരിക്കാന്‍ ശ്രമിക്കുകയും ദരിദ്രനെക്കാള്‍ കടക്കാരന്‍ ആയിത്തീരുകയും ചെയ്യുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ ഒരു സ്ഥിതി.
                                                                                                    രണ്ടു ഭാഗത്ത്‌ നിന്നും അന്വേഷണങ്ങള്‍ ഒക്കെ നടന്നുകഴിഞ്ഞാല്‍ അടുത്ത ചടങ്ങ് പെണ്ണ്കാണല്‍ ആണ്.ചെറുക്കനും കൂട്ടുകാരനുമാണ് മുമ്പൊക്കെ പെണ്ണ് കാണാന്‍ വന്നിരുന്നത്. ഇപ്പോള്‍ ഏകദേശം ഉറയ്ക്കും എന്ന് തോന്നുന്ന ബന്ധത്തിന് ചെറുക്കന്റെ മാതാപിതാക്കള്‍ തന്നെ കൂടെ വരുന്നതും കാണുന്നുണ്ട്.ഏതായാലും പെണ്ണ് കാണാന്‍ വരുമ്പോള്‍ പെണ്ണിന് ഒരു സമ്മാനം ഉറപ്പ്.സ്വര്‍ണാഭരണം,മൊബൈല്‍ ഫോണ്‍,അല്ലെങ്കില്‍ വിലപിടിച്ച ‍മിഠായികള്‍......... ....

അടുത്തത് ചെറുക്കന്റെ സഹോദരി, ജ്യേഷ്ടഭാര്യ തുടങ്ങിയവര്‍ അടക്കം  അടുത്ത ബന്ധുക്കളായ സ്ത്രീകള്‍  പെണ്‍കുട്ടിയെ കാണാന്‍ വരുന്ന ചടങ്ങാണ്.ഈ പരിപാടി കഴിയുന്നതും ഉച്ചയ്ക്ക് ശേഷമാണ് ഉണ്ടാവുക.ചായ റെഡി.പൊറോട്ട,നൈസ്പത്തിരി,ചപ്പാത്തി,ബ്രഡ്,കുബ്ബൂസ്  ഇതിനു കൂടെ കോഴി,ആട്,ബീഫ് തുടങ്ങിയവ കൊണ്ടുള്ള പലതരം കറികള്‍,അയക്കൂറ പൊരിച്ചത് പോരാത്തത് ഇതിനു പുറമേ കരിച്ചതും പൊരിച്ചതുമായ ഒരു പാട് പലഹാരങ്ങള്‍. ..........

വീട്ടുകാരുടെ അതിഭയങ്കരമായ നിര്‍ബന്ധം കൊണ്ട് എന്തെങ്കിലും  പേരിനൊന്ന് കഴിച്ചെന്നു വരുത്തി  എല്ലാവരും എഴുനേല്‍ക്കുന്നു.എല്ലാവര്‍ക്കും സന്തോഷം.ഒരുക്കിയ വിഭവങ്ങള്‍ മുക്കാലും വെയ്സ്റ്റ് ആയാലെന്ത്!!!!!
                                                                                                                       അടുത്തത് വരന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയമാണ്.വധുവിന്റെ ബന്ധുക്കളായ പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ്.വധുവിന്റെ വീട്ടിലെ പെണ്ണ് കാണല്‍ ചടങ്ങിലെ വിവിധ തരം വിഭവങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് വരന്റെ വീട്ടുകാരും ഒട്ടും മോശമാവരുതല്ലോ.അതും ഉച്ചയ്ക്ക്. ഗംഭീരമായ ഒരു ഭക്ഷ്യമേള  തന്നെ അവിടെ ഒരുക്കുന്നു.എന്നാലല്ലേ വരുന്നവര്‍ക്ക് ഒരു മതിപ്പ് തോന്നുകയുള്ളൂ!!!!

അതും കഴിഞ്ഞു കല്യാണ തിയ്യതി നിശ്ചയിച്ചു.ഇനി ക്ഷണക്കത്ത് അടിക്കണം.ക്ഷണക്കത്ത് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍  അറിയണം ആളുടെ പ്രൌഡിയും കല്യാണ ആഘോഷങ്ങളുടെ മതിപ്പും.അതുകൊണ്ട് തന്നെ ക്ഷണക്കത്ത് ഒട്ടും മോശമാവരുത്.ആറുരൂപമുതല്‍ മൂന്നക്കവും കടക്കുന്ന കത്തുകള്‍ വരെ ഉണ്ട്.വേണമെങ്കില്‍ നെറ്റിലൂടെ സെലക്റ്റ് ചെയ്യാം.അല്ലെങ്കില്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാം.വരന്‍ വിദേശത്ത് ആണെങ്കില്‍ അവിടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ വിതരണം ചെയ്യാന്‍ കുറച്ചു കത്തുകള്‍ കൂടിയ നിലവാരത്തില്‍ തന്നെ വേണം.അല്ലാതെ നാട്ടിലേക്ക് വേറെയും.ആയിരം ക്ഷണക്കത്ത് അടിക്കുമ്പോഴേക്കും ഒരു സംഖ്യ രണ്ടു കൂട്ടര്‍ക്കും തീരും.ഇത് കിട്ടുന്ന വീട്ടുകാര്‍ ഭൂരിപക്ഷവും വിവാഹതീയതി മാത്രമേ  നോക്കൂ.പലപ്പോഴും ക്ഷണക്കത്ത്‌  മുഴുവന്‍ ഇരുന്നു വായിക്കുന്നത് വീട്ടിലെ അക്ഷരം പഠിച്ചു വരുന്ന കുട്ടികളായിരിക്കും.

ഇതിനിടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ രണ്ടു വീട്ടുകാരും വീടെല്ലാം റിപ്പയര്‍ ചെയ്യുകയും പെയിന്റ് അടിക്കുകയും ചെയ്യുന്നു.പോരാ വധുവിന്റെ വീട്ടില്‍ അതി ഗംഭീരമായ മണിയറ ഒരുക്കണം.വിലയേറിയ ഫര്‍ണിച്ചറുകള്‍,അലങ്കാരങ്ങള്‍ A/C എല്ലാ സൌകര്യങ്ങളും.വരന്റെ വീട്ടിലും ബെഡ് റൂം തരക്കേടില്ലാത്ത രീതിയില്‍ ഒരുക്കുന്നു.
ഇനി വിവാഹ വസ്ത്രങ്ങള്‍ വാങ്ങുക എന്ന ചടങ്ങുണ്ട്.വധുവിന് വിവാഹ ദിവസവും തലേന്നും പിന്നീടും അണിയാനുള്ള വസ്ത്രങ്ങള്‍ മാത്രമല്ല വീട്ടുകാര്‍ക്കും വിവാഹ ദിവസത്തേക്കും അനുബന്ധ ചടങ്ങുകള്‍ക്കും അണിയാനുള്ള വസ്ത്രങ്ങള്‍.വന്‍കിട തുണിക്കടകള്‍ ഇപ്പോള്‍ കോഴിക്കോട് അടക്കം വന്നത് കൊണ്ട് കോയമ്പത്തൂര്‍ ഒന്നും പോകേണ്ടതില്ല എന്ന് ആശ്വസിക്കുന്നവരുണ്ട്  .വിവാഹ സാരി ആ ഒരു ദിവസം മാത്രം ഉടുക്കാന്‍ ഉള്ളതാണ് എങ്കിലും  അതിനു പതിനായിരങ്ങള്‍ ആണ് വില തലേദിവസം ഉടുക്കാനുള്ള സാരിയും ഏകദേശം അതിനടുത്തു വില വരും വീട്ടിലുള്ള മറ്റു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാം കൂടി ലക്ഷങ്ങള്‍ തുണിക്കടയില്‍ പൊടിക്കും.വരനും വിലയേറിയ വിവാഹ വസ്ത്രങ്ങള്‍ നിര്‍ബന്ധം കൊട്ടും സൂട്ടും അല്ലെങ്കില്‍ ശര്‍വാനിയും തലപ്പാവും ഒക്കെയായി കല്യാണ ചെറുക്കനും ചമയങ്ങള്‍ ഏറെ. ഒപ്പം വീട്ടുകാര്‍ക്കും ഏകദേശം വധുവിന്റെ വീട്ടുകാര്‍ക്ക് വരുന്ന ചെലവൊക്കെ വരന്റെ വീട്ടുകാര്‍ക്കും വരും. 
.
ഇനി വിവാഹത്തിന് വധുവിന്റെ വീട്ടില്‍ രണ്ടു ദിവസം മുമ്പ് മൈലാഞ്ചി കല്യാണം ഒപ്പനയും പാട്ടും ബിരിയാണിയും.കല്യാണ തലേന്ന് മുതല്‍ വധുവിനെ ഒരുക്കാന്‍ ഇപ്പോള്‍ ബ്യുട്ടിഷ്യന്‍ നിര്‍ബന്ധം സാരി ഉടുപ്പിക്കാനും മുഖം മിനുക്കാനും ചാര്‍ജ് ആയിരങ്ങള്‍.രണ്ടു വീടുകളിലും കല്യാണ തലേന്ന് എത്തുന്ന ഒരുപാട് അതിഥികള്‍ അവര്‍ക്കായി ഒരുക്കുന്ന ഭക്ഷണം.

കല്യാണ ദിവസം വരുന്ന അതിഥികള്‍ക്ക് വന്ന ഉടനെ  കുടിക്കാന്‍ ഒരു വെല്‍ക്കം ഡ്രിങ്ക്.പഴയ നാരങ്ങ വെള്ളത്തിന്റെ കാലം പോയി തണുപ്പിച്ച പാലില്‍ ഒരു പാട് കാര്യങ്ങള്‍ കലക്കി ഉണ്ടാക്കുന്ന സാധനമാണ് ഇപ്പോള്‍.വിവാഹ വിരുന്നിലെ വിഭവങ്ങളും ഒരു ഐറ്റത്തില്‍ അവസാനിക്കുന്നില്ല.കോഴിബിരിയാണി ആണെങ്കില്‍ കൂടെ ആടെങ്കിലും ഉണ്ടാവും.ഈയിടെ  ഒരു വിവാഹ വീഡിയോ കണ്ടപ്പോള്‍ അമ്പരന്നു പോയി .നാട്ടിന്‍ പുറത്ത് കാണുന്ന പോലെ ഓല മേഞ്ഞ ചെറിയ ഒരു പീടിക ഭരണികളില്‍ മിട്ടായികളും,ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ .ചെറിയൊരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചതിനു താഴെ സിഗരറ്റുകൂടുകള്‍ മുറിച്ച് ഇട്ടത്,മുകളില്‍ തൂങ്ങുന്ന വാരികകള്‍ പുറത്ത് ഒട്ടിച്ചു വെച്ച 'ചെമ്മീന്‍' സിനിമയുടെ പോസ്റ്റര്‍.ഒരു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതുപോലെ വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ആവശ്യമുള്ളത് ഇവിടെ നിന്നും വാങ്ങിക്കാം കാശ് കൊടുക്കാതെ.ബുഫെ ആണെങ്കില്‍ ദോശ,പത്തിരി,പൊറോട്ട,ബിരിയാണി,കപ്പ ......അങ്ങനെ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍.ഭക്ഷണത്തിലും അത് വിളമ്പുന്നതിലും  പിന്നെ പന്തല്‍ ഒരുക്കുന്നതിലും പുതിയ പുതിയ രീതികള്‍................
                                                           ഇനി വിവാഹ ശേഷം സല്ക്കാരങ്ങളുടെ ഘോഷയാത്രയാണ്.കല്യാണത്തിന്റെ അടുത്തദിവസം തന്നെ വരനെയും കൂട്ടുകാരെയും ബന്ധുക്കളെയും വിപുലമായ ഒരു സല്‍ക്കാരം വധുവിന്റെ വീട്ടില്‍ വെച്ച്.കൂട്ടത്തില്‍ വധുവിന്റെ അടുത്ത ബന്ധുക്കളും അയല്‍വാസികളും മറ്റു വേണ്ടപ്പെട്ടവരും.ഇത് ഒരു മിനി ഭകഷ്യമേള തന്നെയാണ്.കോഴി,ആട്,വലിയ മീന്‍,ചെമ്മീന്‍,ബീഫ്,കല്ലുമ്മക്കായ........ഇതെല്ലാം കൊണ്ടുള്ള വിഭവങ്ങള്‍.ബിരിയാണി ,ഫ്രൈഡ് റൈസ്,മജ്ബൂസ്,സാദാ ചോറ് ,മക്രോണി,നൂഡ്‌ല്സ്,പായസം.....ഈ വിഭവങ്ങളൊക്കെ കഴിച്ചു എഴുനേറ്റ ഉടനെ മുട്ടമാല,പുഡ്ഡിംഗ് ,ഐസ്ക്രീം ....പിന്നെ ഫ്രൂട്സ്,...ഗഹ് വ  .................
എല്ലാവരും ഭക്ഷണം കഴിച്ചോ എന്നതല്ല എത്രത്തോളം വിഭവങ്ങള്‍ ഒരുക്കി എന്നതിനാണ് പത്രാസ്.ഇനി ഈ സല്‍ക്കാരത്തില്‍ വരന്റെ മാതാപിതാക്കള്‍ പങ്കെടുത്തിട്ടില്ല എങ്കില്‍ അവര്‍ക്കായി വീണ്ടും ഒരു സല്‍ക്കാരം.ചെറുതെങ്കിലും ഇതിലും ഒട്ടും മോശമാവാതെ.തിരിച്ചു വധുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വരന്റെ വീട്ടില്‍ വിളിച്ച് ഇതിനോട് കിടപിടിക്കുന്ന ഒരു സല്‍ക്കാരം.വധുവിന്റെ മാതാവ് വരന്റെ വീട്ടിലേക്കു വിരുന്നു പോകുമ്പോള്‍ മുമ്പൊക്കെ അപ്പത്തരങ്ങള്‍ ആണ് കൊണ്ടുപോയിരുന്നത് എങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത് ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ആണ്.അല്ലെങ്കില്‍ വിലകൂടിയ ചോക്ലേറ്റുകള്‍ ഇത് വരന്‍ സല്ക്കാരത്തിനു വരുമ്പോള്‍ ഇങ്ങോട്ടും കൊണ്ടുവരും കൂടാതെ ഭാര്യയുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള വസ്ത്രങ്ങളും.

മുന്‍ കടന്നുപോയവര്‍ നല്ല ഉദ്ധേശത്തോടെ തുടങ്ങിവെച്ച ചില ആചാരങ്ങളും കീഴ്വഴക്കങ്ങളും പണക്കൊഴുപ്പിന്റെ മേളകളായി അധ:പ്പതിപ്പിച്ചത് ആരാണ്.ആരെയൊക്കെയോ ബോധിപ്പിക്കാന്‍......ആരെ, നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ അതിഥികളെയോ അതോ ഇനിയുള്ള കാലം നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം നില്‍ക്കേണ്ട പുതിയ ബന്ധുക്കളെയോ.

ആവശ്യമില്ലാതെ നാം വാരി വലിച്ചു കഴിക്കുന്നതും ബാക്കി വന്നു കുഴിച്ചു മൂടുന്നതുമായ ഭക്ഷണം ആരുടെ പണം ചെലവാക്കി വാങ്ങിയതാണ്  എങ്കിലും.ലോകത്തിലെവിടെയൊക്കെയോ ആര്‍ക്കൊക്കെയോ കിട്ടാതെ പോകുന്ന ഭക്ഷണമാണ്.ഭകഷ്യ ക്ഷാമം മൂലം മനുഷ്യന്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുന്നതിന്റെ വാര്‍ത്തകള്‍ നിത്യവും വായിക്കുന്ന നമുക്കെങ്ങനെയാണ് ഇങ്ങനെ ഭക്ഷണം ധൂര്‍ത്തടിക്കാന്‍ കഴിയുക.

ഈ പൊങ്ങച്ച പ്രദര്‍ശനങ്ങളിലൂടെ,ആഘോഷങ്ങളിലൂടെ നേട്ടം കൊയ്യുന്നത് ആരാണ്.വന്‍ നഗരങ്ങളിലെ കുത്തക തുണിക്കച്ചവടക്കാര്‍ അഞ്ചും  പത്തും നിലകളിലായി ചെറുകിട പട്ടണങ്ങളില്‍ പോലും തുണിക്കടകള്‍ തുറന്നു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടകള്‍ പുത്തന്‍ പരസ്യങ്ങളിലൂടെ നിങ്ങളെ മാടി വിളിക്കുന്നു.ബേക്കറികള്‍ കൊതിയൂറും വിഭവങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു.ക്ഷണക്കത്ത് കാരന്‍ മുതല്‍ കാറ്ററിംഗ് കമ്പനിക്കാര്‍ വരെ നിങ്ങളെ കൊണ്ട് ജീവിക്കുന്നു.നിങ്ങളോ തീക്കാറ്റടിക്കുന്ന മരുഭൂമിയില്‍ പൊറാട്ടക്കല്ലിനു മുന്നില്‍ ഉരുകി തീരുന്നു.പലിശക്ക് കടം വാങ്ങി മക്കളുടെ  വിവാഹം കെങ്കേമമാക്കുന്നു.

വയറുനിറയെ കഴിച്ച്ഏമ്പക്കവും വിട്ട് ഇറങ്ങിപ്പോവുന്നവന്‍ ഭക്ഷണത്തില്‍ ഉണ്ടായ പോരായ്മ മാത്രം ഓര്‍ക്കുന്നു അല്ലെങ്കില്‍ ഈ പണം പൊടിച്ചു നടത്തുന്ന ആറാട്ടിനെ വിമര്‍ശിക്കുന്നു...................
നാം മറ്റുള്ളവരുടെ മുന്നില്‍ മതിപ്പുണ്ടാക്കേണ്ടത് ധൂര്‍ത്തടിച്ചു കാണിച്ചല്ല.ഒരു പാട് ധനവും അധ്വാനവും ചെലവഴിച്ച് പിരിമുറുക്കത്തോടെ ഈ പാവനമായ വേദിയില്‍ നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേട്.

തിരുത്തേണ്ടിയിരിക്കുന്നു ഈ ധാരണകള്‍.ലളിതമായിരിക്കട്ടെ എല്ലാ ചടങ്ങുകളും.ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയാവരുത് നമ്മുടെ ജീവിതം.  
27.02.2014 4pm news സസ്നേഹം (ബഹറിന്‍) പ്രസിദ്ധീകരിച്ചത് 

16 comments:

 1. വായിച്ചു ഇഷ്ടപ്പെട്ടു

  ReplyDelete
 2. നമ്മുടെ ആഘോഷങ്ങളെല്ലാം അനാവശ്യ പ്രൌഡിയും ധൂര്‍ത്തും പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു . അവനവന്‍റെ നിലയെക്കാളുപരി മറ്റുള്ളവര്‍ കാണിക്കുന്നതിനെ അനുകരിക്കുന്നത് മൂലം ഇടത്തരക്കാര്‍ ബലിയാടാവുക യാണിവിടെ . ഇനിയെങ്കിലും , ഇതൊരു സാമൂഹിക വിപത്തായി നാം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു , എന്ന് നജീബിന്റെ ഈ പോസ്റ്റ്‌ അനുസ്മരിപ്പിക്കുന്നു .....

  ReplyDelete
 3. വളരെ പ്രസക്തമായവിഷയമാണിത് സത്യത്തിൽ
  ഇത്തരംകല്ല്യാണങ്ങൾ ഗംഭീരമായിനടത്തി അവസാനം
  വീടും സ്ഥലവും ബാങ്കിന്റെ ജപ്തിഭീഷണിയിലെത്തി
  അവസാനം ജീവിതം തന്നെ അവസാനിപ്പിക്കുന്ന
  ഗതികേടിലാവുന്നു.ശരിക്കും ചർച്ച ചെയ്യപ്പെടേണ്ട
  ...വിഷയം മാത്രമല്ല ജീവിതത്തിൽ പകർത്തി മറ്റു
  ള്ളവർക്ക് മാതൃകയാവുകയും ചെയ്യണം.മറ്റുള്ളവരുടെ
  മുന്നിൽ പ്രകടിപ്പിക്കാൻ ഒരുദിവസം തകർക്കുന്നത്
  ലക്ഷങ്ങളാ...അനാവശ്യമായ ധൂർത്ത്.സാമൂഹ്യകമാ
  യഒരുവിപത്തായി ഇത് ദിവസംപ്രതിവളരുന്നു....
  ഒരുമാറ്റം അത്യാവശ്യം...ഇത്തരം ഒരുവിഷയം
  അവതരിപ്പിക്കുകയും അത് മറ്റുള്ളവർക്ക് കൂടി
  ചിന്തിക്കാനുള്ള അവസരം ഉണ്ടാക്കുകയുംചെയ്തNajeeb Moodadi....
  അഭിനന്ദനങ്ങൾ ......

  ReplyDelete
 4. കോഴിക്കോട്ട് കാര്‍ക്ക് അല്ലേലും കുറച്ച ജാഡ കൂടുത്തലാ
  എന്നാലും ഞങ്ങള്‍ മലപ്പുറത്തുകാരും കുഴപ്പമില്ലാതെ കാണിക്കും
  പക്ഷെ നിങ്ങളെയും കണ്ണുര്‍കാരുടേയും അടുത്ത് എതുലാ
  ഞങ്ങള്‍ നിലമ്പൂരും അതിന്റെ ഭ്രാന്ത പ്രദേശങ്ങളിലും അധികം ജാഡ ഇല്ലാ കുറവാണ് എന്ന് തന്നെ പറയാം

  ReplyDelete
 5. ഇത് പറയാന്‍ തുടങ്ങിയിട്റ്റ്‌ കാലമേറെയായി. എന്ത് ചെയ്യും നജീബെ? ഇത് തന്നെ ശരണം. കാലം മാറുന്നു ഒപ്പം നടപ്പ് ശീലങ്ങളും. അതിനെതിരെ ഉപയോഗിക്കാന്‍ ഫലപ്രദമായ നിയമങ്ങള്‍ വേണ്ടി വരും. അല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഇല്ല. പ്രവാസികലായവര്‍ക്ക് ഒരുക്കുന്ന കുവൈത്ത്‌ കേരള മുസ്ലിം അസോസിയേഷന്‍റെ മാതൃക പ്രവാസ പദ്ധതി ഒരു പരിധി വരെ ഗുണം ചെയ്യുമെന്ന വിശ്വസിക്കാം.

  ReplyDelete
 6. ഒരു തരം പൊന്‍ക്ലാസ്സ്‌ മാത്രം , സ്വന്തം കഴിവോ സംബധ്യമോ അവസ്ഥയോ നോക്കാതെ മറ്റുള്ളവരുമായി താരതമ്യം ചെയുകയാണ് ഇവിടെ നടക്കുന്നത് .,ഈ ധൂര്‍ത്ത്‌ സത്യത്തില്‍ നമ്മുടെ കുടുംബങ്ങളില്‍ ഒരു ശാപമായി നിലനില്‍ക്കുകയാണ് . ആളുകള്‍ക്കിടയില്‍ വല്ലതയിപ്പോകും എന്ന ഒരു ചിന്താഗതി പ്രത്യേകിച്ച് സ്ത്രീകളില്‍ ഉള്ളത് കൊണ്ടാണ് ഇപ്പോഴും ഇത്തരം ധൂര്തുകള്‍ നിലനില്‍ക്കുനത് . എപ്പോഴെന്കിലും മാറും എന്ന് പ്രതീക്ഷിക്കാം അത്ര മാത്രം

  ReplyDelete
 7. ധൂര്‍ത്തും അഹന്തയും

  ReplyDelete
 8. മുഹമ്മദു കുട്ടി മാവൂര്‍ .......Wednesday, November 07, 2012 7:47:00 PM

  തിരുത്തേണ്ടിയിരിക്കുന്നു ഈ ധാരണകള്‍.ലളിതമായിരിക്കട്ടെ എല്ലാ ചടങ്ങുകളും.ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയാവരുത് നമ്മുടെ ജീവിതം......
  ആരോടാണ് പറയുന്നത് ..എന്താണ് പറയേണ്ടത് ...ധൂര്‍ത്തിന്റെ പര്യായമായ കല്യാണ മേളകള്‍ ആണെങ്ങും ..ധൂര്‍ത്താനെന്നരിഞ്ഞിട്ടും കടം വാങ്ങിയും കേമത്തം കാണിക്കാന്‍ മത്സരിക്കുകയാണ് ..വല്ലവരും നല്ല രീതിയില്‍ ഉപദേശിക്കാന്‍ നോക്കിയാല്‍ ഉടനെ വരും റെഡി മെയ്ഡ് മറുപടി ..നാടോടുമ്പോള്‍ നടുവേ ഓടേണ്ട ...പക്ഷെ ഓടിക്കിതച്ചു വീഴുമ്പോള്‍ ആരും ഉണ്ടാവുകയില്ല ..ഇതിനൊരരുതി വരുത്താന്‍ ചെറുപ്പക്കാര്‍ മുന്‍ കൈ എടുക്കുകയല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല ..ഒരു നാട്ടിലെ പത്തോളം ചെറുപ്പക്കാര്‍ ഒരു മാതൃക കാണിച്ചാല്‍ ആ നാട്ടില്‍ പിന്നെ ആ മാതിരി തോന്ന്യാസം കാണിക്കാന്‍ ആളുണ്ടാവില്ല ..അത് കൊണ്ട് തന്നെ യുവ തലമുറ തന്നെ ഈ കാര്യത്തിനു മുന്നോട്ടു വരേണ്ടിയിരിക്കുന്നു ...മറ്റൊന്ന് വിവാഹം നടത്തിക്കൊടുക്കുന്ന മഹല്ല് കമ്മറ്റിക്ക് വളരെ ശക്തമായി ഇതില്‍ ഇടപെടാന്‍ കഴിയും ..ധൂര്‍ത്തു കാണിക്കുന്ന വിവാഹം ഈ മഹല്ലില്‍ വെച്ച് നടത്തിക്കൊടുക്കുകയില്ല എന്ന് പറഞ്ഞാല്‍ ഏതു കൊമ്പനും താഴെ ഇറങ്ങും ..അതിനു ഇച്ചാ ശക്തിയുള്ള നേതൃത്വം വേണം ..അനുസരിക്കാന്‍ തയാറുള്ള അനുയായികളും..... നല്ലൊരു വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചതില്‍ നജീബ് അഭിനന്ദനം അര്‍ഹിക്കുന്നു ...

  ReplyDelete
 9. ബിരിയാണി ,ഫ്രൈഡ് റൈസ്,മജ്ബൂസ്,സാദാ ചോറ് ,മക്രോണി,നൂഡ്‌ല്സ്,പായസം.....ഈ വിഭവങ്ങളൊക്കെ കഴിച്ചു എഴുനേറ്റ ഉടനെ മുട്ടമാല,പുഡ്ഡിംഗ് ,ഐസ്ക്രീം ....പിന്നെ ഫ്രൂട്സ്,...ഗഹ് വ .................
  എല്ലാവരും ഭക്ഷണം കഴിച്ചോ എന്നതല്ല എത്രത്തോളം വിഭവങ്ങള്‍ ഒരുക്കി എന്നതിനാണ് പത്രാസ്////////////എല്ലാം ഒരുതരം "അര്‍ത്ഥരാത്രിയിലെ കുട "പിടിക്കലായി അധ:പ്പതിച്ചു എന്ന് വേണം കരുതാന്‍ .കല്യാണം എന്നത് പത്രാസ് കാണിക്കാനുള്ള അവസരമായി മാറി .കമ്പോളത്തിന്റെ തന്ത്രങ്ങള്‍ക്ക് പൂര്‍ണ്ണമായും അടിമപ്പെട്ട സമൂഹമായി നാം മാറി.ഒരു കല്യാണ വീട് എന്നത് സന്തോഷത്തിന്റെയും ,രണ്ടു ജീവിതങ്ങള്‍ക്ക്‌ പുതിയ അര്‍ത്ഥവും മാനവും നല്‍കുന്ന ,അതിന് രണ്ടു കുടുമ്പങ്ങള്‍ പരസ്പ്പരം ബന്ധുക്കളായി മാറുന്ന അസുലഭ മുഹൂര്‍ത്തം .അയല്‍ക്കാരും നാട്ടുകാരും ആ സുന്ദര നിമിഷത്തിനു സാക്ഷിയാകുമ്പോള്‍ അവിടെ സന്തോഷത്തിന്റെ വിഭവങ്ങള്‍ വിളംപപ്പെടുക..........അതില്‍ വിശക്കുന്നവന്റെ ആമാശയം സ്നേഹ സല്ക്കാരത്തിലൂടെ ഒരു നേരമെന്കിലും നിറക്കപ്പെടുക ..........അവന്റെ പ്രാര്‍ഥനയും ,അവന്റെ തൃപ്തിയും പ്രതീക്ഷിക്കുക ......നമ്മുടെ പൂര്‍വികര്‍ കാണിച്ചുതന്ന വഴികള്‍ ഇവിടെയും നാം മറന്നിരിക്കുന്നു .പലിശക്ക് വാങ്ങി കല്യാണത്തിന് വിളമ്പി ,ഒടുവില്‍ വീട്ടാത്ത ലോണിന്റെ പലിശ,,,, ജീവിതം കൊണ്ട് പോകുമ്പോള്‍ ...........????????കാലിക പ്രാധാന്യമുള്ള വിഷയം ............തുടരുക

  ReplyDelete
 10. ഈ പോസ്റ്റ്‌ വളരെ വൈകി വേളയിലാണ് ഞാന്‍ കാണുന്നത്.. അഭിനന്ദനങ്ങള്‍ ...ഇത്തരം ആര്‍ഭാട വിവാഹങ്ങള്‍ ഒഴിവാക്കി അതൊരു ലളിത ചടങ്ങാക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്....ആര്‍ഭാട രഹിത സ്ത്രീധന രഹിത വിവാഹം സ്വപ്നം കണ്ടു കൊണ്ട് സ്വയം അടയാളപ്പെടുത്തി ഞങ്ങള്‍ ഒരു movement തുടങ്ങുകയാണ്.....സമാന ചിന്താഗതിയുള്ള ആളുകളെ പരിചയപ്പെടാനും ആഗ്രഹിക്കുന്നു.....

  ReplyDelete
 11. ഈ പോസ്റ്റ്‌ വളരെ വൈകി വേളയിലാണ് ഞാന്‍ കാണുന്നത്.. അഭിനന്ദനങ്ങള്‍ ...ഇത്തരം ആര്‍ഭാട വിവാഹങ്ങള്‍ ഒഴിവാക്കി അതൊരു ലളിത ചടങ്ങാക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്....ആര്‍ഭാട രഹിത സ്ത്രീധന രഹിത വിവാഹം സ്വപ്നം കണ്ടു കൊണ്ട് സ്വയം അടയാളപ്പെടുത്തി ഞങ്ങള്‍ ഒരു movement തുടങ്ങുകയാണ്.....സമാന ചിന്താഗതിയുള്ള ആളുകളെ പരിചയപ്പെടാനും ആഗ്രഹിക്കുന്നു.....

  ReplyDelete
 12. ഈ ബ്ലോഗ്‌ ഇന്നാണ് കാണുന്നത്.
  പ്രസക്തമായ പോസ്റ്റ്‌.
  ഞങ്ങളുടെ നാട്ടില്‍ ഈ വക കാര്യങ്ങളൊക്കെ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്.ഇടത്തരക്കാര്‍ക്ക് പോലും ഇങ്ങിനെയൊന്നും കളിക്കാതെ കല്യാണമോ എന്ന നിലപാടാണ്.
  എന്ത് ചെയ്യും?ദൈവം കാക്കുമാറാകട്ടെ ..

  ReplyDelete
 13. valare nalla blog, sugarum pressurum ullavarkku inneram swaathanthrya dinam. panamullavar ittharam velakalil maathruka kaanikkanam, miccham vanna panam jeevakaarunyapravartthananngalkku viniyogikkanam, ath prasiddhappedutthukayum venam
  well, visit www.prakashanone.blogspot.com

  ReplyDelete
 14. ഒരു ശരാശരി മലബാര്‍ കല്യാണ വിശേഷങ്ങള്‍ ജലീല്‍ മൂടാടി പങ്കുവെ്ച്ചിരിക്കുന്നു. ഒരു ആണ്‍കുട്ടിയുടെ കല്യാണത്തിനു ഇപ്പോള്‍ പത്തു ലക്ഷത്തോടടുത്തു ചെലവ് വന്നു എന്ന് കേട്ടപ്പോള്‍ പ്രവാസിയായ എനിക്ക് അതിശയോക്തി തോന്നി. പിന്നീട് പലപ്പോഴായി ഇതില്‍ പറയുന്ന പല ചടങ്ങുകളിലും പങ്കെടുത്തപ്പോള്‍ മനസ്സിലായി ഇതില്‍ ഒട്ടും അതിശയോക്തിയില്ല എന്ന്. ഇത് കുറയ്ക്കണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. എവിടെയൊക്കെ കുറയ്ക്കാം എന്തൊക്കെ കുറയ്ക്കാം അന്ന് അവനവന്‍ തീരുമാനിക്കുക. മറ്റുള്ളവര്‍ക്കെന്തു തോന്നും എന്ന് തോന്നാതിരിക്കുക. പണക്കാരന്‍ ചെയ്യുന്ന ധൂര്‍ത്തിലും ധാരാളിത്തത്തിലും ഉള്ള അനുകരണം ആര്‍ക്കായാലും നന്നല്ല.

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ