Wednesday, June 22, 2016

ഉമ്മ"നിങ്ങക്കൊരു ഓട്ടോറിക്ഷ വിളിച്ചു പൊയ്ക്കൂടേ,....... എനിക്ക് നേരല്ല... ഒരുപാട് തിരക്കുണ്ട്..."

മുരണ്ട് മുക്രയിട്ട്, ഇരമ്പിപ്പാഞ്ഞുപോയ ബൈക്കിന്റെ പുകതട്ടിയാവും കണ്ണ് നിറഞ്ഞത്.

ഉടുപ്പിലെ പിടിവിടാതെ  വാലുപോലെ എപ്പോഴും പിറകെ നടന്ന ഉമ്മാന്റെ കുട്ടി. എങ്ങോട്ട് പോകാനിറങ്ങിയാലും കൂടെപ്പോരാൻ ബഹളം വെച്ച് കരഞ്ഞവൻ.....

"ഉമ്മാ....എവ്ടെ പോക്മ്പളും ന്നേം കൂട്ടണേ.."
ഉള്ളിലൊരു കുഞ്ഞുകൊഞ്ചലിന്റെ   ഓർമ്മ പിടഞ്ഞു.

ആദ്യമായി സ്‌കൂളിൽ  ചേർത്ത നാൾ
"ഉമ്മാനെ വിട്ട് ഞാൻ  പോണില്ലാ"ന്ന്  മുറുകെപ്പിടിച്ച് ഏങ്ങലടിച്ച കണ്ണീർമുഖം നെഞ്ചിലിപ്പോഴും....

പനിച്ചൂട് പൊള്ളിച്ചൊരു രാത്രിയിൽ പുലരും വരെ  ഉറങ്ങാതെ തോളിലിട്ട്  നടക്കുമ്പോൾ, പാതിമയക്കത്തിൽ വായുവിൽ വളയം തിരിച്ചു പറഞ്ഞുകൊണ്ടിരുന്നു....
"ഞാൻ വല്ദാവുമ്പൊ ഒരു കാറ്  വാങ്വല്ലോ....ന്നിട്ട് ഉമ്മാനെയും മുന്നിലിരുത്തി..."

 ഇനിയൊരു ഓട്ടോറിക്ഷ കിട്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും നേരം പിന്നെയും വൈകും. മെല്ലെ നടക്കാം. അല്ലെങ്കിൽ ഇന്നും ഡോക്ടറെ കാണലുണ്ടാവില്ല.

വീണ് നെറ്റിപൊട്ടി ചോര നിൽക്കാതെ നിലവിളിച്ച എട്ടുവയസ്സുകാരനെയും വാരിയെടുത്ത്  തോളിലിട്ട്  ഇതേ വഴിയിലൂടെ ആശുപത്രിയിലേക്ക്   ഓടുമ്പോൾ  ഭാരവും തളർച്ചയും അറിയാഞ്ഞ കാലുകൾ ഇന്ന് പത്തടി നടക്കുമ്പോഴേക്കും..... വിശ്രമമില്ലാത്ത യന്ത്രം പോലെ പണിയെടുത്താവണം  ഈ നാല്പത്തിരണ്ടാം വയസ്സിലിങ്ങനെ........

മോനും ബൈക്കും നിരത്തിനറ്റത്ത് കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്നു...  പാവാണ് ന്റെ കുട്ടി.... എന്തോ തിരക്കുണ്ടാകും അല്ലാതെ.... അടുക്കളക്കപ്പുറം ലോകം കാണാത്ത  ഈ ഉമ്മാക്ക് എന്തറിയാം...

കണ്ണ് നിറയുന്നത്..... ബൈക്കിന്റെ പുക തട്ടിയത് കൊണ്ട്  തന്നെയാണ്.

നോവമർത്തി  ഓരോ ചുവട് വെക്കുമ്പോഴും ഉമ്മാന്റെ  കാലടിച്ചോട്ടിലൊരു സ്വർഗ്ഗം കരഞ്ഞു.
___________________
വര: Shabna Sumayya

Thursday, May 5, 2016

STEPS

ആളുകൾ ധൃതിപ്പെട്ടു കയറുകയും ഇറങ്ങുകയും ചെയ്യുന്ന, വലിയ വെടിപ്പില്ലാത്ത സ്‌റ്റെപ്പുകളുടെ close up ഷോട്ടിൽ ടൈറ്റിലുകൾ തെളിയുന്നു. പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്ചിട്ടും മുകളിലോട്ടു കയാറാനാവാതെ... ഏതു നിമിഷവും ചവിട്ടിയരക്കപ്പെടാമെങ്കിലും മുകളിലേക്ക് കയറാൻ ഒരുങ്ങി, തിരക്കിട്ടു പോകുന്നവരുടെ കാൽച്ചോട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിസ്സഹായനായി ഒരു പുഴുജന്മം.

സീൻ-1
പ്രഭാതം
Exterior

വെളിച്ചം വീണു തുടങ്ങിയ നാട്ടിൻപുറത്തെ പ്രഭാതം. താറിട്ട നിരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു മുച്ചക്ര സൈക്കിളിന്റെ പിറകിൽ നിന്നുള്ള ദൃശ്യം. അന്തരീക്ഷത്തിൽ വളരെ നേർത്ത ശബ്ദത്തിൽ ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനം കേൾക്കാം. നിരത്തരികിലൂടെ ക്ഷേത്രദർശനം കഴിഞ്ഞു പോകുന്ന ചിലർ. പ്രതീക്ഷയുടെ പ്രകാശനം പോലെ ഉദയസൂര്യന്റെ തിളക്കം.

മുന്നിൽ നിന്നുള്ള ദൃശ്യം. മുച്ചക്ര സൈക്കിളിൽ മുന്നോട്ടു നീങ്ങുന്ന അരയ്ക്കു താഴെ തളർന്ന അയാൾ. ഉദയസൂര്യന്റെ തിളക്കവും പ്രകാശവും അയാളുടെ കണ്ണുകളിലുമുണ്ട്. ഉന്മേഷം ഉള്ള മുഖം. പഴയതെങ്കിലും വൃത്തിയുള്ള വേഷം. സീറ്റിന്റെ വശത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഫയല് പോലെ തോന്നിക്കുന്ന കടലാസുകൾ. നിറഞ്ഞ വെള്ളക്കുപ്പി.

വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ നിരത്തരികിലായി ക്ഷേത്രഭണ്ഡാരം. അയാൾ വേഗത കുറച്ചു ഭണ്ഡാരത്തിന് അടുത്തായി വണ്ടി നിർത്താൻ ഒരുങ്ങുന്നു.

മുച്ചക്ര സൈക്കിളിന്റെ മുൻചക്രത്തിലൂടെ കാണുന്ന ദൃശ്യം. ഉയരത്തിലുള്ള ക്ഷേത്രത്തിലേക്ക് കയറാനുള്ള പടവുകൾ. ദൂരെ ക്ഷേത്ര സന്നിധിയിൽ തൊഴുതു നിൽക്കുന്നവരും പ്രദക്ഷിണം വെയ്ക്കുന്നവരും. പടികൾ കയറിപ്പോകുന്നവരും ഇറങ്ങി വരുന്നവരും. ദൃശ്യം വികസിക്കുമ്പോൾ ഭണ്ഡാരത്തിലേക്ക് പണം ഇടുന്ന അയാൾ. വണ്ടി മുന്നോട്ടു നീങ്ങുന്നു.

സീൻ-2
പകൽ

ഒരു പ്രൈവറ്റ് ബസ്സിന്റെ സ്റ്റെപ്പുകളിൽ ധൃതിയിൽ കയറുന്ന കാലുകളുടെ ദൃശ്യം. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തൊഴിലാളികളും..... ബസ്സിന്റെ ബോഡിയിൽ അടിച്ചുകൊണ്ട് "വേം കേറ്..... വേം കേറ്" എന്ന് ധൃതി കൂട്ടുന്ന കിളിയുടെ ശബ്ദം. ദൃശ്യം വികസിക്കുമ്പോൾ ഒരു ജംഗ്ഷനിൽ നിർത്തിയ ബസ്സ്. ബസ്സ് പോയശേഷം പ്രധാന നിരത്തിലേക്ക് കയറാൻ വണ്ടി നിർത്തി കാത്തിരിക്കുന്ന അയാളുടെ പിൻഭാഗദൃശ്യം. നേരത്തെ കണ്ട ദൃശ്യത്തിൽ നിന്നും അല്പം കൂടി മൂത്ത വെയിലും വെളിച്ചവും. ബസ്സ് മുന്നോട്ടു നീങ്ങുമ്പോൾ അയാളും വണ്ടി മുന്നോട്ടെടുക്കുന്നു.

സീൻ-2A
വീതിയുള്ള ഇരട്ട നിരത്തിലൂടെ തിരക്കിട്ടോടുന്ന വാഹനങ്ങൾക്കിടയിൽ നിരത്തിന്റെ അരികുപറ്റി സാവധാനം നീങ്ങുന്ന അയാളുടെ വണ്ടി. അയാളെ കടന്നുപോകുന്ന വാഹനങ്ങൾ. അയാളുടെ നോട്ടത്തിൽ നിരത്തിന്റെ വശത്ത് വിദൂര ദൃശ്യമായി ഉയരത്തിൽ ഉള്ള ചർച്ചും അങ്ങോട്ടുള്ള പടികളും. കൈകൊണ്ടു മറച്ചു പിടിച്ചു നോക്കുമ്പോഴും ഉയരത്തിലെ സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയിൽ മങ്ങിപ്പോകുന്ന യേശുവിന്റെ രൂപവും കുരിശും.

സീൻ-3
പകൽ

ഉയർത്തിപിടിച്ച കുപ്പിയിൽ നിന്നും വെള്ളം വായയിലേക്ക് ഒഴിക്കുന്ന ദൃശ്യത്തിൽ ഈ സീൻ തുടങ്ങുന്നു. വെയിലിന്റെ കടുപ്പം. വിയർത്ത തൊണ്ട. ദൃശ്യം വികസിക്കുമ്പോൾ ഒരു ട്രാഫിക് കുരുക്കിൽ കുടുങ്ങി കാത്തു കിടക്കുന്ന അയാൾ. അക്ഷമാരായ വാഹനങ്ങളുടെ ബഹളം. വെയിൽ കത്തി തുടങ്ങിയിരിക്കുന്നു. വെള്ളം കുടിച്ച ശേഷം മുഖം തോർത്തു കൊണ്ട് അമർത്തി തുടച്ച അയാൾ ഒരു തണൽ തേടും പോലെ നിരത്തിന്റെ വശങ്ങളിലേക്ക് നോക്കുന്നു.

അയാളുടെ വാഹനം കയറ്റാൻ കഴിയാത്ത ഉയരത്തിൽ ഫുട്പാത്. കുറച്ചപ്പുറത്തു തണൽ പരത്തി നിൽക്കുന്ന മരം. ഒരു അങ്ങാടിപ്പശു നിരത്തിൽ നിന്ന് കയറി മരത്തണലിൽ നിൽക്കുന്നു.

ഒന്നും ചെയ്യാനില്ലാതെ വെറുതെ ചുറ്റും നോക്കുന്ന അയാളുടെ കണ്ണിൽ നിരത്തരികിലെ കെട്ടിടത്തിലെ ഹോട്ടലിൽ നിന്ന് പതിനെട്ടു പടികയറി അയ്യപ്പ സാന്നിധാനത്തിൽ എത്തി ഈശ്വരസാക്ഷാത്കാരം അനുഭവിക്കുന്ന ഭക്തനെ കുറിച്ചുള്ള ഗാനം റേഡിയോവിൽ. കെട്ടിടത്തിന്റെ മുകൾ നിലയിലായി കാണുന്ന വായനശാലയും പാർട്ടി ആപ്പീസും. അപ്പുറത്തായി ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഒരു പരസ്യബോർഡിലെ വാചകങ്ങൾ 'ആത്മവിശ്വാസത്തോടെ ചവിട്ടിക്കയറൂ ഓരോ പടികളും.... വിജയികൾക്കുള്ളതാണ് ലോകം'
അയാളുടെ നോട്ടം ആ കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടികളിലേക്ക് പാറി വീഴുമ്പോൾ മുഖത്തൊരു ചിരി തെളിയുന്നു. ബ്ലോക്ക് നീങ്ങി വാഹനങ്ങൾ നീങ്ങാൻ തുടങ്ങുന്നു.

സീൻ-4

നഗരത്തിരക്കിൽ നിന്നും പുറത്ത് വെയിൽ കത്തി നിൽക്കുന്ന, തിരക്കില്ലാത്ത നിരത്തിലൂടെ അയാൾ. കത്തുന്ന വെയിൽച്ചോട്ടിൽ ദുർബലനായി നീങ്ങുന്ന അയാൾ ഒരിടത്തു വണ്ടി നിർത്തി വെള്ളക്കുപ്പി എടുക്കുന്നു. കുടിക്കാൻ വേണ്ടി വായിലേക്ക് ഒഴിക്കുമ്പോൾ അതിൽ വെള്ളം ഇല്ലെന്നറിഞ്ഞു വെയിലിന്റെ ഉഗ്രതയിൽ എന്ത് ചെയ്യണം എന്നറിയാതെ...

അപ്പോൾ അന്തരീക്ഷത്തിൽ ബാങ്ക് വിളി ഉയരുന്നു. തളർച്ചയിൽ ഒരു ഉണർവ്വ് പോലെ അയാൾ ബാങ്ക് കേട്ട ഭാഗത്തേക്ക് ശ്രദ്ധിക്കുന്നു. ദൂരെയായി കാണുന്ന പള്ളിമിനാരം.

ഒരു പ്രതീക്ഷയോടെ അയാൾ മിനാരം കാണുന്ന ഇടത്തേക്ക് സൈക്കിൾ തിരിക്കുന്നു.

സീൻ-4A

ബാങ്കുവിളി ശബ്ദത്തോടൊപ്പം മിനാരത്തിൽ നിന്ന് താഴേക്ക് ദൃശ്യം വികസിക്കുമ്പോൾ മോടിയിൽ പണി കഴിപ്പിച്ച വലിയൊരു പള്ളിയുടെ പകിട്ടുള്ള കാഴ്ച. സൈക്കിളുമായി അയാൾ. ബാങ്ക് അവസാനിക്കുമ്പോൾ അയാൾ പള്ളിയുടെ മുന്നിൽ എത്തുന്നു. പള്ളിയിലേക്ക് കയറിച്ചെല്ലാനുള്ള പടികളിൽ തട്ടി നിൽക്കുന്ന സൈക്കിൾ ചക്രം. അയാൾ വിഷണ്ണനായി ഇരിക്കുന്നു.

പള്ളിയിലേക്ക് കയറിപ്പോകുന്ന ആളുകൾ. നിസ്സഹായന്റെ തളർച്ചയോടെ അയാൾ കണ്ണുകൾ മുറുകെ അടച്ചു കൈകൾ തലക്കു പിറകിലാക്കി ആകാശത്തേക്ക് മുഖമുയർത്തി വണ്ടിയിൽ ചാഞ്ഞു കിടക്കുന്നു. അയാളെ ശ്രദ്ധിച്ചു കൊണ്ട് പള്ളിയിലേക്ക് കയറിപ്പോയ ഒരു മധ്യവയസ്കൻ തിരികെ വന്ന് ഒരു പത്തു രൂപാ നോട്ട് അയാളുടെ മടിയിൽ ഇട്ട് തിരിച്ചു പോകുന്നു.

പെട്ടെന്ന് കണ്ണു തുറന്ന അയാൾ മടിയിലെ നോട്ട് കണ്ടു വല്ലാതാകുന്നു. അത് കയ്യിൽ എടുത്ത് പണം മടിയിൽ ഇട്ടയാളെ നോട്ടം കൊണ്ട് തിരയുന്നു. എന്ത് ചെയ്യണം എന്നറിയാതെ അറപ്പുള്ള വസ്തു പോലെ നോട്ട് കയ്യിൽ നിവർത്തിപ്പിടിച്ച്...

അയാളുടെ വശത്തായി കോണിച്ചുവരിൽ പള്ളി പരിപാലനത്തിന് ഉദാരമായി സംഭാവന ചെയ്യുക' എന്ന എഴുത്തിനു ചുവട്ടിലെ 'നേർച്ചപ്പെട്ടി'യിൽ അയാൾ ആ പത്തു രൂപ ഇടുന്നു.

പുറത്താക്കപ്പെട്ടവന്റെ, അപമാനിക്കപ്പെട്ടവന്റെ വേദനയിൽ നിറഞ്ഞു പോകുന്ന കണ്ണോടെ അയാൾ തിരിച്ചു പോരാൻ സൈക്കിൾ തിരിക്കുന്നു.

അയാൾക്ക് പിറകിൽ പള്ളിമതിലിൽ പൂപ്പൽ പിടിച്ചും നിറം മങ്ങിയും കാണുന്ന വാചകം ഇങ്ങനെ വായിക്കാം.
'നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുമ്പോൾ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും'

കുനിഞ്ഞ ശിരസ്സോടെ അയാൾ സാവധാനം സൈക്കിൾ മുന്നോട്ടു നീക്കുന്നു. തോറ്റവനും തിരസ്‌കൃതനും ആയ അയാളുടെ പിറകിൽ പള്ളിയും ചുവരിലെ അക്ഷരങ്ങളും അകന്നകന്നു പോവുന്നു.

കത്തുന്ന സൂര്യന് ചോട്ടിലെ തണലില്ലാ നിരത്തിലൂടെ അയാളും മുച്ചക്ര സൈക്കിളും മുന്നോട്ടു നീങ്ങുന്നു

സീൻ-5

നഗരത്തിലെ കൂറ്റൻ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് കടക്കുന്ന അയാളും വണ്ടിയും. പല നിലകളായുള്ള കെട്ടിടം. അങ്ങുമിങ്ങും ധൃതിയിൽ നടക്കുന്ന ആളുകൾ. അയാൾ മുഖം തുടച്ചു ചെറിയൊരു പരിഭ്രമത്തോടെ കെട്ടിടവും ചുറ്റുപാടും വീക്ഷിക്കുന്നു.
കയ്യിലുള്ള കവർ എടുത്തു കടലാസുകൾ ഒക്കെ എടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആരോടാണ് ചോദിക്കുക എന്ന് ശങ്കിച്ച്....

തിരക്കിട്ടു കടന്നുപോകുന്ന, പ്യൂണിനെ പ്പോലെ തോന്നിച്ച ഒരാളോട് കടലാസുകൾ കാണിച്ച് എന്തോ ചോദിക്കുന്നു. അയാൾ ദൂരെ കെട്ടിടത്തിന് മൂന്നാം നിലയിലെ ഒരു മഞ്ഞ ബോർഡിലേക്ക് വിരൽ ചൂണ്ടുന്നു.

ഇത്രനേരവും ഉത്സാഹം നിറഞ്ഞു നിന്ന അയാളുടെ മുഖം, മൂന്നാം നിലയിൽ ഓഫീസ് കാണുമ്പോൾ മങ്ങിപ്പോകുന്നു. മുകളിലേക്ക് പോകാനുള്ള കോണി ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ട് മറ്റേയാൾ ധൃതിപ്പെട്ട് പോകുന്നു.

സീൻ 5 A

ധൃതിപ്പെട്ടും അല്ലാതെയും ആളുകൾ കയറിയിറങ്ങുന്ന വീതികൂടിയ കോണിപ്പടിയുടെ ദൃശ്യം. ക്ഷീണിതനായ ഒരു വൃദ്ധൻ കൈയിൽ കടലാസുമായി കൈവരിയിൽ പിടിച്ചു ഓരോ പടികളായി മെല്ലെ കയറുന്നത് കാണാം.

ദൃശ്യം വികസിക്കുമ്പോൾ, ഓഫീസ് മുറ്റത്ത് മുച്ചക്ര സൈക്കിളിൽ കോണിപ്പടവുകളിലേക്ക് നോക്കിയിരിക്കുന്ന അയാൾ. കത്തുന്ന വെയിലിൽ അയാളും സൈക്കിളും.

അയാളുടെ കാഴ്ച്ചയിൽ അവസാനിക്കാത്ത കോണിപ്പടികളുടെ ഭ്രമാത്മക ദൃശ്യം. മുകളിലോട്ട് വേഗത കൂടിക്കൂടി...... ഒരിക്കലും അവസാനിക്കാത്ത കോണിപ്പടികൾ.

ഞെട്ടി ഉണരുമ്പോൾ പഴയപോലെ ആളുകൾ കയറുന്ന കോണിപ്പടി. നിരാശ കൊണ്ട് മരവിച്ച മനസ്സോടെ കോണിപ്പടിയിലേക്ക് തറച്ചു നോക്കിയിരിക്കുന്ന അയാളുടെ കാഴ്ചയിൽ ടൈറ്റിൽ സീനിൽ കണ്ട ദൃശ്യം.

പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്ചിട്ടും മുകളിലോട്ടു കയാറാനാവാതെ... ഏതു നിമിഷവും ചവിട്ടിയരക്കപ്പെടാമെങ്കിലും മുകളിലേക്ക് കയറാൻ ഒരുങ്ങി, തിരക്കിട്ടു പോകുന്നവരുടെ കാൽച്ചോട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിസ്സഹായനായി ഒരു പുഴുജന്മം.

The end
വീൽചെയറിൽ ഒതുങ്ങിപ്പോയതിനാൽ ആഹ്ളാദങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട സഹോദരങ്ങൾക്ക്.

Sunday, April 17, 2016

ഗള്‍ഫ് വരന്‍

 “...അബുദാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി ബരും
ഓന്‍ ബിളിക്കുമ്പ പറന്നു വരും..
എഴുപതുകളുടെ ഒടുവില്‍ ഇറങ്ങിയ അങ്ങാടിസിനിമയിലെ ഈ പാട്ടുവരികള്‍ പറയുന്നത് അന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ പുതിയാപ്പിളയെ കുറിച്ച് കൂടിയാണ്. പേര്‍ഷ്യക്കാരന്‍ എന്ന് ഏറെ പത്രാസോടെ വിളിക്കപ്പെട്ടിരുന്ന ഗള്‍ഫുകാരന്‍ ശുജായിയെ കുറിച്ച്. അവിവാഹിതനായ ഒരു ഗള്‍ഫുകാരന്‍ നാട്ടില്‍ എത്തിയാല്‍ അവനെ മകള്‍ക്ക് വരനായി ആയി കിട്ടാന്‍ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ബന്ധുക്കളും വീട്ടില്‍ കയറി ഇറങ്ങി കോണിക്കലെ മണ്ണ്തീരുന്ന കാലം. കുടുംബവും തറവാടും നോക്കാതെ, പഠിപ്പും പത്രാസും നോക്കാതെ അറബിനാട്ടില്‍ നിന്നും പൊന്നും പണവും വാരി വന്ന, അത്തറിന്‍റെ മണമുള്ള പുതിയാപ്പിളക്ക് വേണ്ടി ക്യൂ നിന്ന കാലം.

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നത് ഗള്‍ഫ് പ്രവാസികളിലെ  പുതിയ തലമുറക്ക് അതിശയമായിരിക്കും. കാരണം വിവാഹം കഴിക്കാന്‍ വേണ്ടി ആശിച്ചു മോഹിച്ചു നാട്ടിലെത്തി, ആറുമാസം നിന്ന്, ഒരുപാട് പെണ്ണ് കാണല്‍ നടത്തിയിട്ടും കല്യാണം ശരിയാകാതെ നിരാശരായി തിരിച്ചെത്തുന്ന ചെറുപ്പക്കാര്‍ ഗള്‍ഫില്‍ ഇന്ന് ഏറെയാണല്ലോ. പുറം ലോകം അറിയാത്ത കുറെ സങ്കടയൌവ്വനങ്ങള്‍.

പത്തേമാരി കാലത്തെ  പോലെ കുടുംബം എന്ന വലിയൊരു ഭാരം തലയിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കി ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നതില്‍ സംതൃപ്തി  കണ്ടെത്തിയ പഴയകാല പേര്‍ഷ്യക്കാരനില്‍   നിന്നും ഏറെ വ്യത്യസ്തനാണ് പുതിയ കാല ഗള്‍ഫ് പ്രവാസി.

അക്ഷരാഭ്യാസം പോലും ഇല്ലാതിരുന്ന പഴയ സഫറുകാരനില്‍ നിന്ന് മാറി, ആധുനിക വിദ്യാഭ്യാസം നേടി മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സൌകര്യവും ഉള്ള തൊഴിലുകളിലേക്കാണ് ന്യൂ ജനറേഷന്‍ ചെറുപ്പക്കാരില്‍ ഒരു വിഭാഗം എത്തിപ്പെടുന്നത്.

പഴയ അറബി വീടുകളിലെ, മുറികള്‍ പകുത്തും മേലെ തകര ഷെഡ്‌ കെട്ടിയും ഉണ്ടാക്കിയ ഇടുങ്ങിയ റൂമുകളില്‍ ഇരട്ട നില ഇരുമ്പു കട്ടിലുകളില്‍ ഉറങ്ങിയും,  ഊഴമിട്ട്‌ ഉണ്ടാക്കി, പഴയ പത്രക്കടലാസ് വിരിച്ച് ചെമ്പും പാത്രങ്ങളും നിരത്തി ഭക്ഷണം കഴിച്ചും ജീവിച്ച ഒരു തലമുറയില്‍ നിന്ന്,  കമ്പനി വക മുന്തിയ ഫ്ലാറ്റുകളിലും വില്ലകളിലും കഴിയുന്ന, നിലവാരമുള്ള ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന, സ്വന്തമായി വാഹനമുള്ള, ഗള്‍ഫിന്‍റെ അരക്ഷിതത്വം അനുഭവിക്കേണ്ടതില്ലാത്ത, പണി അന്വേഷിച്ചും ഇക്കാമയുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെട്ടും കഫീലിനെ തേടിയും  കാലം കഴിക്കേണ്ടതില്ലാത്ത ഭാഗ്യവാന്മാരുടെ തലമുറ. ഇങ്ങനെ ജീവിക്കുന്നചെറുപ്പക്കാരാണ് പുതുതലമുറ ഗള്‍ഫ് പ്രവാസി. യാത്രകളും പാര്‍ട്ടികളുമായി അവര്‍ ഗള്‍ഫിലും  ആഘോഷിച്ചു കഴിയുന്നു.

നാട്ടില്‍ മുസ്ലിംപെണ്‍കുട്ടികള്‍ പഴയകാലത്തെ അപേക്ഷിച്ച് ഭൌതിക വിദ്യാഭ്യാസരംഗത്ത്‌ വളരെ മുന്നിലാണ്. വിജയത്തിളക്കങ്ങളുടെ പട്ടികയില്‍ തട്ടമിട്ട പെണ്മുഖങ്ങള്‍ ഏറിയിരിക്കുന്നു. അവര്‍ക്ക് ലക്ഷ്യബോധമുണ്ട്. പുറത്തുപോയും  പഠിക്കാമെന്നുള്ള തന്റേടവും, പഠിച്ച്‌ ഉയരാമെന്നും ജോലി ചെയ്ത് ജീവിക്കാമെന്നും ഉള്ള  ആത്മവിശ്വാസവും. പഠനത്തോടൊപ്പം വായിച്ചും നിരീക്ഷിച്ചും അറിവുകള്‍ നേടിയും, സാഹിത്യവും സിനിമയും സാമൂഹ്യവും രാഷ്ട്രീയവുമായി സംവാദങ്ങളും  ചര്‍ച്ചകളും  നടത്തിയും,  സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വന/ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയും അവള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.

അവള്‍ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് ഇതേ കുറിച്ചൊക്കെ ധാരണയുള്ള ഒരു പുരുഷനെയാണ്. മാസാമാസം ചെലവിന് അയച്ചുകൊടുക്കുകയും ഒന്നോരണ്ടോ വര്‍ഷത്തില്‍ എണ്ണിച്ചുട്ട അവധിക്ക് നാട്ടില്‍ വരികയും ചെയ്യുന്ന ഒരാളെ അല്ല. തന്‍റെ വ്യക്തിത്വത്തെ അംഗീകരിക്കാനും മനസ്സിലാക്കാനും താങ്ങായി കൂടെ നില്‍ക്കാനും കഴിയുന്ന പ്രിയതമനെ.
മാന്യമായ ജോലിയും വിദ്യാഭ്യാസവും തരക്കേടില്ലാത്ത ശമ്പളവും സൌകര്യവും ഉള്ള ഗള്‍ഫുകാര്‍ക്ക് നാട്ടിലെ വിവാഹ കമ്പോളത്തില്‍ ഡിമാന്‍ഡ് ഉണ്ട്. ഫാമിലി സ്റ്റാറ്റസ് ഉള്ള ജോലി ആയതു കൊണ്ട്  വിവാഹം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വധുവിനെയും ഒപ്പം കൂട്ടാം എന്നതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. വിരഹത്തിന്‍റെ കത്തുപാട്ടും കേട്ട് കാലം കഴിച്ച ഒരു തലമുറക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന ഭാഗ്യം.

എന്നാല്‍ ഇപ്പറഞ്ഞ സൌഭാഗ്യങ്ങള്‍ ഒന്നും ഇല്ലാത്ത,  പഴയകാല ഗള്‍ഫ് പ്രവാസികള്‍ക്ക് സമാനമായി ജീവിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്. ഫേസ്ബുക്കിലെ ആഘോഷചിത്രങ്ങളില്‍ നാം കാണാത്തവര്‍. ഹോട്ടലുകളിലോ ഗ്രോസറികളിലോ നിര്‍മ്മാണ മേഖലകളിലോ ജോലി ചെയ്തു കഴിയുന്നവര്‍. ഏതെങ്കിലും കമ്പനികളിലോ അറബി വീടുകളിലോ ഡ്രൈവറായി അന്നം കണ്ടെത്തുന്നവര്‍.

അവിദഗ്ദ തൊഴിലാളികള്‍ എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഇവരിൽ ഭൂരിപക്ഷവും ജീവിത ചുറ്റുപാട് കാരണമോ ഉഴപ്പുകൊണ്ടോ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചവരാണ്. പത്താംതരം  കഴിയാത്തതിനാൽ ഇമിഗ്രേഷനിൽ 'ചവിട്ടിക്കയറ്റലി'ലൂടെ വന്നവർ പോലും ഇവരിൽ ധാരാളം. പിതാവ് പ്രവാസി ആയതിനാല്‍ ശ്രദ്ധിക്കാന്‍ ആളില്ല എന്ന ധൈര്യത്തില്‍ പഠനകാലം മൊബൈലും ബൈക്കും കൂട്ടുകാരും സിനിമയും ടൂറും ആയി ആഘോഷിച്ചവരും ഈ  കൂട്ടരില്‍ ഏറെയുണ്ട്. യോഗ്യത ആവശ്യമില്ലാത്തതിനാലും അവസരങ്ങൾ ഏറെ ഉള്ളതിനാലും മേല്‍പറഞ്ഞ തൊഴിൽ മേഖലകളിൽ ആണ് ഇവർ അധികവും എത്തിപ്പെടുക. തരക്കേടില്ലാത്ത ശമ്പളവും ചെലവും താമസവും ഒക്കെ ഒത്തു പോകുന്നതിനാൽ അവധി ദിനങ്ങൾ ഇല്ലായെങ്കിലും, ജോലി സമയം ഏറെയെങ്കിലും ഈ തൊഴിലുകളിൽ അവര്‍ തൃപ്തരാണ്. പുറം ചെലവുകൾ കുറവായതുകൊണ്ടു തന്നെ എന്തെങ്കിലും മിച്ചം പിടിക്കാൻ സാധിക്കും എന്ന ആശ്വാസവുമുണ്ട്.

വയസ്സ് ഇരുപത്തിയഞ്ചൊക്കെ കഴിയുമ്പോഴാണ് ഇവർ  ഗൾഫിൽ എത്തുന്നത്. പണിയൊക്കെ തേടിപ്പിടിച്ച് മൂന്നോ നാലോ കൊല്ലം ജോലി ചെയ്ത് കടങ്ങൾ വീട്ടുകയും ചെറിയൊരു സമ്പാദ്യമൊക്കെ ഉണ്ടാകുകയും ചെയ്‌താൽ(അല്ലെങ്കിൽ അത്യാവശ്യം തിരിമറിക്ക് പറ്റിയ കൂട്ടുകാർ എങ്കിലും ഉണ്ടായാൽ) ഏതൊരു പ്രവാസിയേയും പോലെ നാട്ടിലേക്കുള്ള ആദ്യയാത്ര അവനും സ്വപ്‌നം കാണാൻ തുടങ്ങുന്നു.

ഒരു സ്ഥിരം  ജോലിയും വരുമാനവും നൽകുന്ന സ്വാസ്ഥ്യത്തില്‍,   ഏറെക്കാലമായി ഒറ്റക്ക് തുഴയുന്ന ജീവിതത്തോണിയിലേക്ക് ഒരു കൂട്ട് കൊതിക്കും. ഉള്ളിലൊരു ഇണക്കിളിയുടെ ചിറകടിയൊച്ച മെല്ലെ മെല്ലെ ഉണരും...തനിക്കായി കാത്തിരിക്കാൻ സ്നേഹിക്കാൻ സന്തോഷവും സങ്കടവും പങ്കുവെക്കാൻ ഒരു ജീവിതപങ്കാളി......ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ വിരിയുന്ന കണ്ണുകളുമായി ഒരു പെണ്‍കുട്ടി.

പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ നിറച്ച പെട്ടിയിൽ ഭാവിവധുവിനായി  പെണ്ണുകാണാൻ പോകുമ്പോൾ കൊടുക്കാനുള്ള മിട്ടായിയും മൊബൈലും മുതൽ മുടിപ്പിന്നും അടിയുടുപ്പും വരെയുള്ള കുഞ്ഞു കുഞ്ഞു  സന്തോഷങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ടാകും.

നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ വെണ്മേഘങ്ങൾ പഞ്ഞിക്കെട്ടുപോലെ ഓഴുകുന്ന  ആകാശനിശബ്ദതയിൽ, സുഖനിദ്രയിലാണ്ട  അനേകം യാത്രക്കാർക്കിടയിൽ  ഉറക്കം വരാതെ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ അവൻ സ്വപ്നം നെയ്യാൻ തുടങ്ങും.

പെണ്ണുകാണലിന്‍റെ  പരിഭ്രമവും നാണം പുരണ്ട നോട്ടവും ചിരിയുമായി ഒരുവൾ..... ഇഷ്ടമറിയിക്കുമ്പോൾ വിടരുന്ന മുഖം. പിന്നെ വിവാഹം വരെ കാത്തിരിപ്പിന്‍റെ നാളുകൾ. മൊബൈലിൽ നീളുന്ന സല്ലാപങ്ങൾ. പ്രിയപ്പെട്ടവൾ തന്‍റെതായി തീരുന്ന ദിവസമെണ്ണിയുള്ള കാത്തിരിപ്പ്. വീട്ടുകാരോടൊപ്പം  വിവാഹത്തിനായുള്ള ഒരുക്കങ്ങൾ. ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും ഒക്കെ ചേർന്ന് ആഹ്ലാദം നിറഞ്ഞ വിവാഹാഘോഷം..... വധുവിന്‍റെ വീട്ടിലേക്ക് പുതിയാപ്പിള പകിട്ടോടെ കയറിചെല്ലുന്നത്. പന്തലിൽ പുതുമണവാളനെ കാണാന്‍ ആളുകള്‍തിക്കിത്തിരക്കുന്നത്.

സിനിമകളിലൂടെ പാട്ടുകളിലൂടെ കൂട്ടുകാരുടെ വർത്തമാനങ്ങളിലൂടെ മാത്രം അറിഞ്ഞ ആദ്യരാത്രിയെ കുറിച്ചുള്ള ചിത്രം. മരുഭൂമിയില്‍ തൊഴില്‍ചെയ്തു തഴമ്പിച്ച കൈയിലേക്ക് ചേര്‍ത്തു പിടിക്കുന്ന മൃദുലമായ കൈ. നിനക്ക് ഞാനും എനിക്ക് നീയുമെന്ന ആശ്ലേഷണത്തിലലിഞ്ഞ്...

രാജകുമാരിയെയും കൊണ്ട് കുതിരപ്പുറത്ത്‌ കുതിക്കുന്ന രാജകുമാരനെപ്പോലെ ബൈക്കിനു പിറകില്‍ അവളുമൊത്തുള്ള യാത്രകള്‍. വിസ്മയവും ആദരവും കുസൃതിയും നിറയുന്ന അവളുടെ കണ്ണുകള്‍. നോക്കൂ ഇതാണ് എന്‍റെ പുരുഷന്‍ എന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന അവളുടെ മുഖം. ബന്ധുവീടുകളിലെ വിരുന്നുകള്‍ക്കും  സന്ദര്‍ശനങ്ങള്‍ക്കുമിടയില്‍ അടുത്ത് കിട്ടാത്തതിന്‍റെ പരിഭവം. തങ്ങള്‍ മാത്രമുള്ള ലോകം തീര്‍ക്കാനുള്ള ഹണിമൂണ്‍ ട്രിപ്പ്....പറന്നു പോകുന്ന ദിവസങ്ങള്‍ക്കൊടുവില്‍ വിരഹവേദനയുടെ കരള്‍ മുറിക്കുന്ന നോവോടെയുള്ള യാത്രപറച്ചില്‍...

മരുക്കാഴ്ചകള്‍ കണ്ടുമടുത്ത കണ്ണിനു കുളിര്‍മ്മയായി നാടിന്‍റെ പച്ചപ്പിലേക്ക് വിമാനം ഇറങ്ങുമ്പോള്‍ മുതല്‍ കണ്ട കിനാവുകള്‍ നേരാകാന്‍ പോവുന്നതിന്‍റെ  ആഹ്ലാദം കൂടിയാണ് ഉള്ളില്‍. പ്രിയപ്പെട്ടവരുടെ സ്നേഹ സാമീപ്യത്തിലും വാത്സല്യത്തിലും ഉള്ള് നിറയുമ്പോഴും കൊതിക്കുന്നുണ്ട് തനിക്കായി കണ്ടുവെച്ച പെണ്ണിനെ കുറിച്ചുള്ള വര്‍ത്തമാനം കേള്‍ക്കാന്‍.

ഇനീപ്പം ഒരു പെണ്ണ് നോക്കണല്ലോ........ പഴേ പോലെ ഒന്നുമല്ല .....പെങ്കുട്ട്യേക്ക് അത്രേം ഡിമാന്റാ........മുമ്പത്തെപ്പോലെ സാദാ ഗള്‍ഫുകാരെയൊന്നും ആര്‍ക്കും വല്യ താല്‍പര്യല്ല..
ഉപ്പയോ അമ്മാവന്മാരോ ഉമ്മറത്തിരുന്ന് പറയുന്നത് നാട്ടിലെ ഇന്നത്തെ  അവസ്ഥയാണ് എന്ന് ഏറെ വൈകാതെ മനസ്സിലായി തുടങ്ങുന്നു. അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയൊക്കെ സ്ത്രീധനം പോലും ചോദിക്കാതെ കെട്ടിക്കൊണ്ടു പോകാന്‍ ആളുകളുണ്ട് നാട്ടില്‍. ഗള്‍ഫില്‍ നിന്ന് വന്നവന്‍റെ പഠിപ്പും ജോലിയും പിന്നെ  ഫാമിലി സ്റ്റാറ്റസുമൊക്കെയാണ് ആദ്യം അന്വേഷിക്കുന്നത്.

എത്ര ഗതിയില്ലെങ്കിലും മക്കളെ പൊന്നുപോലെ നോക്കുന്ന, അവർക്കായി ജീവിക്കുന്ന മാതാപിതാക്കളാണ് ഇന്നേറെയും. പഠിപ്പും പണവും ഇല്ലെങ്കിലും മകൾ ഭർത്താവിനോടൊപ്പം  ജീവിക്കുന്നതാണ് അവർക്ക് താല്‍പര്യം.

നാട് മാറിപ്പോയിരിക്കുന്നു. ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന പെൺകുട്ടികൾ. അക്ഷരങ്ങളുടെയും അറിവിന്റെയും ബലമില്ലാത്തവന്ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും കാലത്തിന് അനുസരിച്ച മാറ്റവും ഇല്ലാത്തവന് വിവാഹം പോലും എളുപ്പമല്ല. ഒറ്റക്കാള വലിക്കുന്ന വണ്ടിയുടെ പിറകിൽ വെറുതെ തൂക്കിയിട്ടൊരു ചമയക്കാഴ്ച്ചയല്ല പെണ്ണ്.

ദാമ്പത്യത്തിലും കുടുംബജീവിതത്തിലും മക്കളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളിലും അവൾക്കും തുല്യ പങ്കുണ്ട്. മെഴുകുതിരിജീവിതത്തിലെ നിശബ്ദനായിക ആയിരിക്കാനും, വിരഹവേദനയും ശരീര കാമനകളും അടക്കിവെച്ച് രണ്ടോ മൂന്നോ വർഷത്തിലെ കുറഞ്ഞ നാളുകൾക്കായി എണ്ണിയെണ്ണി കാത്തിരിക്കാനും, ചുറ്റും ക്യാമറക്കണ്ണുമായി നടക്കുന്ന സദാചാര സംരക്ഷകരുടെ അമർത്തിമൂളൽ സഹിച്ചു ജീവിക്കാനും അവൾക്ക് മനസ്സില്ല.

അതുകൊണ്ട് തന്നെ പഠിപ്പും ഫാമിലി സ്റ്റാറ്റസും ഇല്ലാത്ത ഒരു ഗള്‍ഫുകാരന്‍റെ ഭാര്യയാകാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളും  രക്ഷിതാക്കാളും വല്ലാതെ താല്‍പര്യപ്പെടുന്നില്ല.

ഇതൊന്നും ഇല്ലാത്തവന്‍ നാട്ടിലെത്തി ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറുമ്പോള്‍  ബ്രോക്കര്‍മാരും ചില വേണ്ടപ്പെട്ടവരും ചെറുക്കന്‍റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി നന്നായി മുതലെടുക്കുന്നു. അയല്‍ നാട്ടിലേക്കും അയല്‍ജില്ലകളിലേക്കും നീളുന്ന അന്വേഷണത്തിനിടെ എവിടെയെങ്കിലും ഒരു പെണ്ണ് കാണല്‍ ഒത്തുവന്നേക്കാം.

പെണ്ണ് കാണാന്‍ വേണ്ടി ചെല്ലുമ്പോള്‍ രക്ഷിതാക്കളോ ചിലപ്പോള്‍ കുട്ടി തന്നെയോ വിദ്യാഭ്യാസയോഗ്യതയും ജോലിയും ഫാമിലി സ്റ്റാറ്റസും ഒക്കെ  അന്വേഷിക്കുമ്പോള്‍  നാവ് വരണ്ടുപോകുന്നു. പുതിയ കാലത്തെ പഠിപ്പുകളെ കുറിച്ചും കോഴ്സുകളെ കുറിച്ചും ഒരു ധാരണയും ഇല്ലാത്തത് കൊണ്ട് പഠനത്തെ കുറിച്ച് പെണ്‍കുട്ടിയോട് അങ്ങോട്ട്‌ ചോദിക്കാന്‍ തന്നെ പേടിയാണ്. പത്താം ക്ലാസ്സോ പ്ലസ് ടു വോ എങ്ങനെയോ തട്ടിമുട്ടി കടന്നവന് എന്തറിയാം പുതിയകാലത്തെ വിദ്യാഭ്യാസത്തെ  കുറിച്ച്. കരിയറിനെ കുറിച്ച്. കാശ് കൊടുത്തു വാങ്ങിയ വീട്ടുവിസയില്‍ പുറത്തു പോയി പണിയെടുത്തു ജീവിക്കുന്നവന് എവിടെയാണ്  ഫാമിലി സ്റ്റാറ്റസ്. പുലരുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ബാത്ത്റൂമിന് മുന്നില്‍ വരി നില്‍ക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിആണല്ലോ അവനും.

പെണ്ണുകാണല്‍ ചടങ്ങില്‍ ചായയും പലഹാരവും കഴിക്കുമ്പോള്‍ മോന്‍റെ ജോലിക്ക്  കുടുംബത്തെ കൂടെ കൂട്ടാന്‍ കഴിയുമോഎന്ന് ചോദിച്ച ആ പിതാവിനെ അറിയുമോ? പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ വിരഹ വേദന സഹിച്ചു കഴിഞ്ഞവനാണ് അയാളും. പേര്‍ഷ്യക്കാരന്‍റെ പത്രാസില്‍, ആഘോഷമായി വന്ന ആദ്യ വരവില്‍ തന്നെ കല്യാണം കഴിഞ്ഞു മരുഭൂമിയിലേക്ക് പറന്നവന്‍. പത്താം ക്ലാസ്സില്‍  പഠിപ്പ് നിര്‍ത്തി കല്യാണപ്പെണ്ണായവളെ ഒന്ന് അടുത്ത് കിട്ടിയത് അപൂര്‍വ്വം. കൂട്ടുകുടുംബത്തിലെ ആള്‍ തിരക്കില്‍ ഒന്ന് ഓമനിക്കാനോ ചേര്‍ത്തു പിടിക്കാനോ കൊതിച്ചാലും കഴിയാതെ നോട്ടം കൊണ്ടും ചിരികൊണ്ടും ഒളിച്ചുകളിക്കേണ്ടി വന്നവന്‍. കൈക്കുടന്നയിലെ ജലം പോലെ ചോര്‍ന്നുപോകുന്ന ദിവസങ്ങളെ ചൊല്ലി രാത്രികളില്‍  കണ്ണീരുകൊണ്ട് നെഞ്ചു നനച്ചവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങിയവന്‍.

അക്ഷരമറിയാത്തതിന്‍റെ വേദന ശരിക്കും മനസ്സിലാക്കുന്നത്  തിരിച്ചു മരുഭൂമിയില്‍ എത്തിയപ്പോഴാണ്. പ്രിയപ്പെട്ടവളെ പിരിഞ്ഞ നോവും ഉള്ളിലെ തിളയ്ക്കുന്ന പ്രണയവും കത്തിലൂടെയെങ്കിലും പകര്‍ന്നു നല്‍കാനാവാത്തവന്‍റെ നിസ്സഹായത. ആരെ കൊണ്ടെങ്കിലും എഴുതിക്കുന്ന കത്തുകളില്‍ വീട്ടുവിശേഷങ്ങളും സുഖവിവരങ്ങളും മാത്രം ചോദിച്ച് അവസാനിപ്പിക്കേണ്ടി വന്ന ഗതികേട്.........പഠിപ്പില്ലാത്തവന് കിട്ടാവുന്ന തൊഴിലിന്‍റെ അവസ്ഥ അയാള്‍ക്കറിയാം. കുടുംബഭാരം തീര്‍ത്ത് സ്വന്തമായി ജീവിച്ചു തുടങ്ങുമ്പോഴേക്കും ഒരിക്കലും തിരിച്ചെടുക്കാനാവാതെ നഷ്ടപ്പെട്ടുപോയ ജീവിതാഹ്ലാദങ്ങളെ കുറിച്ചും.

മകളെ പെണ്ണ്കാണലിന് ഒരുക്കി ഉമ്മറത്തേക്ക് ചെവി കൊടുത്ത്, അടുക്കളയില്‍ നെഞ്ചിടിപ്പോടെ നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്. കുട്ടിയുടെ ഉമ്മ. പത്താം ക്ലാസ്സില്‍ ഏറ്റവും മിടുക്കിയായി പഠിച്ചു കൊണ്ടിരിക്കേ ഗള്‍ഫുകാരന്‍ പുതിയാപ്പിള എന്ന മഹാഭാഗ്യത്തിലേക്ക് എന്നെന്നേക്കുമായി പഠനം അവസാനിപ്പിച്ചു മണവാട്ടിയാകേണ്ടി വന്നവള്‍.

എമ്പാടും അംഗങ്ങളുള്ള ഒരു വീട്ടിന്‍റെ അടുക്കളയില്‍, തങ്ങളുടെ സൌഭാഗ്യങ്ങളെ തട്ടിപ്പറിക്കാന്‍ വന്നവള്‍ എന്ന മുറുമുറുപ്പുകളില്‍ ഒറ്റപെട്ടു നില്‍ക്കേണ്ടി വന്നവള്‍. പ്രിയതമനെ കാണാന്‍ പോലും ഒളിച്ചും പാത്തും നേരം നോക്കേണ്ടി വന്നവള്‍. ജീവനായി ഉള്ളില്‍ അലിഞ്ഞുപോയവനെ കരളു പൊട്ടുന്ന വേദനയോടെ ഓരോവട്ടവും മരുഭൂമിയിലേക്ക്  യാത്രയയച്ചവള്‍.

അടുക്കളയിലെ കരിയും പുകയും കണ്ണീരും നിറഞ്ഞ ജീവിതത്തില്‍ വല്ലപ്പോഴും പാറിയെത്തുന്ന ഇളം നീല കത്തുകടലാസുകളില്‍ ആരോ കോറിയിട്ട നിര്‍ജ്ജീവാക്ഷരങ്ങളില്‍ വെറുതെ പ്രണയം തിരഞ്ഞവള്‍. ആണ്‍തുണയില്ലാതെ ബാങ്കുകളിലും സ്കൂളുകളിലും ഓഫീസുകളിലും ആശുപത്രികളിലും ഒറ്റക്ക് കയറി ഇറങ്ങേണ്ടി വന്നവള്‍. കൂടെ പഠിച്ചവര്‍ അവിടെ മേശക്കപ്പുറത്തെ കസേരകളില്‍ ഇരുന്ന് ലോഗ്യം പുതുക്കി ചിരിച്ചപ്പോള്‍ ഏറ്റവും മിടുക്കിയായി പഠിച്ചിട്ടും എവിടെയും എത്താതെ പോയ തന്‍റെ ജീവിതം ഓര്‍ത്ത് തല കുനിഞ്ഞു പോയവള്‍. അവള്‍ക്കറിയാം വിരഹത്തിന്‍റെ കടുത്ത വേദനയും ഒറ്റപ്പെടലും പഠിപ്പില്ലാതെ പോയതിന്‍റെ ഗതികേടും. ആ ഒരു അനുഭവങ്ങളിലേക്ക് മകളെ  വലിച്ചെറിയരുത് എന്ന അവളുടെ ദൃഡനിശ്ചയമാണ് മകളെ നന്നായി പഠിപ്പിച്ചത്. ഉറക്കമൊഴിഞ്ഞും അവളുടെ പഠനത്തിനു കൂട്ടിരുന്നത്.

പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരനോട്‌ വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയെ കുറിച്ചും ചോദിച്ച ആ പെണ്‍കുട്ടിക്കറിയാം  ഒരു സാദാ ഗള്‍ഫുകാരന്‍റെ എല്ലാ പ്രയാസങ്ങളും അരക്ഷിതമായ ജീവിതവും, വിവാഹം കഴിഞ്ഞും രണ്ടു നാടുകളിലായി വര്‍ഷങ്ങളോളം പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പെണ്ണിന്‍റെ വിരഹവും ദുരിതവും നിസ്സഹായതയും. കുഞ്ഞുനാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്നവള്‍ക്ക് സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ നിശബ്ദയായി ഇരിക്കാന്‍ കഴിയില്ലല്ലോ.

അപൂര്‍വ്വമായി നടക്കുന്ന പെണ്ണുകാണലുകളും ഇങ്ങനെ അവസാനിച്ചു നിരാശരായി മടങ്ങേണ്ടി വരുമ്പോള്‍ കണ്ട സ്വപ്നങ്ങളും സങ്കല്‍പങ്ങളുമൊക്കെ കരിഞ്ഞു തുടങ്ങുന്നു. അന്വേഷണങ്ങളും പെണ്ണുകാണലുകളും ഏറെ നടന്നിട്ടും സംബന്ധം ഒന്നും ശരിയായില്ല എന്നത് എന്തോ പോരായ്മയായി കുശുകുശുക്കപ്പെടുന്നു.

മൂന്നാലുകൊല്ലത്തെ മരുഭൂ ജീവിതത്തിൽ നിന്ന് നാടിൻറെ പച്ചപ്പിലേക്ക് തിരിച്ചു പോന്നവന്റെ ആഹ്ലാദം നിലച്ചുപോയിരിക്കുന്നു. വീട്ടുകാരുടെ വേവലാതിക്കും കൂട്ടുകാരുടെ പരിഹാസത്തിനും നാട്ടുകാരുടെ ചോദ്യങ്ങൾക്കും മുന്നിൽ നിശബ്ദനായി ഉള്ളിലേക്ക് വലിഞ്ഞ്.... അർഹതയില്ലാത്ത ഒരിടത്തു വന്നുപെട്ട പോലെ എത്രയും പെട്ടെന്ന് തിരിച്ചുപോകാന്‍ തിടുക്കപെടുന്നു.

കണ്ട സ്വപ്നങ്ങളൊക്കെ വെറും പകല്‍ക്കിനാവുകള്‍ ആയിരുന്നു എന്ന തിരിച്ചറിവില്‍ തിരിച്ചു പോകാന്‍ വീണ്ടും പെട്ടിയൊരുക്കുമ്പോള്‍,  ജീവിതസഖിക്കായി വാങ്ങി കരുതിവെച്ച സമ്മാനങ്ങൾ പെട്ടിയില്‍ നിന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ.....

ചേര്‍ത്ത് പുണരാന്‍, കണ്ണീരോടെ യാത്രയാക്കാന്‍, വര്‍ഷങ്ങളോളം തന്‍റെ ആരുമല്ലാതെ കുറഞ്ഞ നാള് കൊണ്ട് തന്‍റെ എല്ലമെല്ലാമായി മാറുന്ന ഒരു പെണ്ണില്ലാതെ തിരിച്ചുപോക്ക്.

തിരികെ എയർപോർട്ടിലേക്കുള്ള യാത്രയിൽ നിരത്തിനെ കളിക്കളമാക്കി, മൂന്നുപേർ കയറിയ ബൈക്കിൽ ഇരമ്പിപ്പായുന്ന യൗവ്വനം. ക്‌ളാസ് കട്ട് ചെയ്തു മാളിൽ  സിനിമ കാണാനുള്ള കുതിപ്പ്. പാകമെത്തും മുമ്പ് വസന്തം എത്തിപ്പിടിക്കുന്നവരുടെ ആഘോഷം. വഴിയോരക്കാഴ്ചകളിൽ മയങ്ങി ലക്‌ഷ്യം മറന്നുപോയവരിൽ തെളിയുന്ന സെൽഫി തന്റേതു  തന്നെയാണല്ലോ എന്ന് അയാള്‍ നെടുവീര്‍പ്പിടും..

വിമാനം ഉയരുമ്പോൾ  ജാലകക്കാഴ്ചയിൽമാസങ്ങൾക്ക് മുമ്പേ തന്നെ  ആഹ്ലാദിപ്പിച്ച പച്ചപ്പ് അകന്നകന്നു പോകുന്നത് നിസ്സംഗനായി നോക്കിയിരിക്കും.
.......................................
         
ആദ്യ വിമാനയാത്രയുടെ അമ്പരപ്പും കൌതുകവും നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന നവവധുവിനെ  ചേര്‍ത്തു പിടിച്ച്  ആഹ്ലാദവനായ മറ്റൊരു ചെറുപ്പക്കാരന്‍ അപ്പുറത്തെ സീറ്റില്‍ എവിടെയോ ഉണ്ടാകും.

സ്വപ്നങ്ങളും പ്രതീക്ഷകളും വിരഹവും കണ്ണീരുമായി പച്ചപ്പില്‍ നിന്നും മരുഭൂമിയിലേക്കുള്ള വിമാനം പറന്നുയരും.
---------------
( 16.04.2016 ഗള്‍ഫ് മാധ്യമം ‘ചെപ്പി’ല്‍ പ്രസിദ്ധീകരിച്ചത്)Tuesday, March 22, 2016

മാപ്പിളചരിത്രത്തിന്റെ വിസ്മയ വാതിലുകൾ തുറക്കുമ്പോൾ
ആഴക്ക് വെള്ളത്തിനടിയിലെ നാലുമണി വറ്റുപോലെയാണ് പലപ്പോഴും കേരളമുസ്ലിംകളുടെ(മാപ്പിളമാരുടെ) ചരിത്രവുമായി ബന്ധപ്പെട്ട മലയാള പുസ്തകങ്ങളുടെ വായനാനുഭവം. പലേടത്തും വായിച്ചറിഞ്ഞത് തന്നെ ആവർത്തിച്ചും, പുതിയ നിരീക്ഷണങ്ങളോ വീക്ഷണമോ പങ്കുവെക്കാതെയും ഉള്ള പകർത്തിയെഴുത്തുകൾ ആണ് ഏറെയും.
എങ്കിലും ഈ വിഷയത്തിലുള്ള താൽപര്യം മൂലം നാട്ടിൽ പോകുമ്പോഴൊക്കെ കേരളമുസ്ലിംകളുടെ ചരിത്രവുമായി ബന്ധപ്പെട്ടപുസ്തകങ്ങൾ തേടി അലയാറുണ്ട്. പേജുകളുടെ എണ്ണത്തിന് അനുസരിച്ച് വലിയ വില ഇട്ട പുസ്തകങ്ങള്‍ പലപ്പോഴും നിരാശപ്പെടുത്തുകയാണ് പതിവ്.

അതുകൊണ്ട് തന്നെയാണ് വചനം ബുക്‌സിന്റെ 'മാപ്പിള കീഴാള പഠനങ്ങളും' വാങ്ങി വെച്ചിട്ടും വായിക്കാൻ ഏറെ വൈകിയത്. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ ധാരണ തിരുത്തേണ്ടി വന്നു എന്ന് മാത്രമല്ല കഥകളോ നോവലോ വായിക്കുന്ന ഉത്സാഹത്തോടെ 'നിലത്തുവെക്കാതെ' വായിച്ചു തീർക്കുകയും ചെയ്തു.

കേരള മുസ്ലിംകളുടെ ഇന്നലകളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച മുഹമ്മദ്‌ അബ്ദുല്‍ കരീം മാസ്റ്റരുടെ പേരിലുള്ള ‘കെ കെ മുഹമ്മദ് അബ്ദുല്‍കരീം സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍സ്റ്റഡീസും വചനം ബുക്സും ചേര്‍ന്ന് ഇറക്കിയ ഈ കൃതി അദ്ദേഹത്തിനുള്ള അര്‍ഹിക്കുന്ന ആദരവായി എന്ന് നിസ്സംശയം പറയാം. അദ്ധേഹത്തിന്‍റെ മകന്‍ ഡോ:കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍ ആണ് ഈ പുസ്തകം എഡിറ്റ്‌ ചെയ്തിരിക്കുന്നതും.

രണ്ട് അഭിമുഖങ്ങളും അന്‍പത്തിനാല് പഠനലേഖനങ്ങളും(ഇതില്‍ ആറെണ്ണം ഇംഗ്ലീഷില്‍ ആണ്) ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ചരിത്രം, കലയും സാഹിത്യവും, സമൂഹം/സംസ്കാരം സംഭാഷണം എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് ഉള്ളത്.

ചരിത്രം എന്ന ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയ 19 ലേഖനങ്ങള്‍ വളരെ ഗഹനമായാണ് വിഷയത്തെ വിലയിരുത്തുന്നത്. ഡോ. കെ.എന്‍. ഗണേശിന്റെ ‘പ്രാദേശിക ചരിത്രത്തിന്‍റെ സാധ്യതകള്‍’, കെ എസ് മാധവന്‍റെ ‘കേരളത്തിലെ ജാതിരൂപീകരണ പ്രക്രിയ’ ഡോ.ശ്രീവിദ്യ വട്ടാറമ്പത്ത് എഴുതിയ ‘കലാപാനന്തര മലബാര്‍’ അനീസുദ്ധീന്‍ അഹമദിന്‍റെ ‘അന്തമാന്‍ നാടുകടത്തലും കൊളോണിയല്‍ സാക്ഷ്യങ്ങളും’ ഗഫൂര്‍ എടത്തോളയുടെ ‘പൈതൃക പഠനത്തിലെ എടത്തോളമുദ്രകള്‍’ തുടങ്ങിയ ലേഖനങ്ങളൊക്കെ ഏറെ പഠനാര്‍ഹമാണ്.

കലയും സാഹിത്യവും എന്ന ഭാഗം മാപ്പിളമാരുടെ കലാ സാഹിത്യ പാരമ്പര്യത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ തന്നെയാണ്. ബൈതുകള്‍ മുതല്‍ മാപ്പിളപ്പാട്ടുകളും സിനിമകളും കഥാ-നോവല്‍ സാഹിത്യങ്ങളും വരെ ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഇന്നലെകളിലെ ഏറെ അറിയപ്പെടാത്ത സാഹിത്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും ഭാഷയെ കുറിച്ചുള്ള വിശദമായ പഠനവും കോൽക്കളി അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങളെ കുറിച്ചുമൊക്കെ പ്രൗഢമായ ലേഖനങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ഭാഗം. ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന 16 ലേഖനങ്ങൾ മാപ്പിള സാക്ഷരത മുതൽ പുതിയ കാല എഴുത്തുകാരെ കുറിച്ച് വരെ പറഞ്ഞു വെക്കുന്നു.

മൂഹിയുദ്ധീൻമാലയും മോയിൻകുട്ടി വൈദ്യരും പല ലേഖനങ്ങളിലും കടന്നുവരുന്നുവെങ്കിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുതിയ ചിന്തകൾക്ക് വഴിവെക്കുന്നുണ്ട്.

ഇംഗ്ലീഷിലുള്ള നാലു ലേഖനങ്ങൾ അടക്കം പത്തൊമ്പത് ലേഖനങ്ങൾ ഉൾക്കൊള്ളുന്ന സമൂഹം/സംസ്കാരം എന്ന ഭാഗത്തിൽ മാപ്പിള സമൂഹവുമായി ബന്ധപ്പെട്ട ഗഹനമായ പഠനങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നു. കൂടുതലായി എവിടെയും ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളെ കുറിച്ച് വിശദമായി തന്നെ ഉള്ള പഠനങ്ങൾ പകർന്നു തരുന്നത് വലിയ അറിവുകളാണ്. മുസ്ലിംകൾക്കിടയിലെ 'രാശിയും കണക്കുനോട്ടവും' അടക്കം കടൽക്കോടതിയും പയ്യന്നൂർപാട്ടും ഒക്കെ തുറന്നുതരുന്ന ലോകം മാപ്പിള കീഴാളപഠനങ്ങൾക്ക് പുതിയ തുറവുകൾ നൽകുന്നവയാണ്.

ചരിത്രകാരനായ കെ എൻ പണിക്കരും, കെ ഇ എൻ കുഞ്ഞഹമ്മദുമായി പി പി ഷാനവാസ് നടത്തിയ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്തെ കെ ഇ എന്റെ അഭിമുഖം വേറിട്ട് നിൽക്കുന്നു.

638 പേജുകൾ ഉള്ള ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ലഭിക്കുന്ന ചില പുതുതെളിച്ചങ്ങൾ ചരിത്രതല്പരരേയും ഗവേഷണ വിദ്യാർത്ഥികളേയും ഏറെ ആഹ്ലാദിപ്പിക്കും. പക്ഷെ പേര് സൂചിപ്പിക്കുംപോലെ കീഴാള പഠനങ്ങൾ ഈ പുസ്തകത്തിൽ ഏറെയൊന്നും ഇല്ല എന്നത് ഒരു പോരായ്മയാണ്.

ഒരുകണക്കിന് കീഴാള പഠനങ്ങൾ കൂടി ഇതിൽ ഒതുക്കാഞ്ഞത് നന്നായി. മാപ്പിള പഠനങ്ങൾ പോലെ കേരളത്തിലെ കീഴാള പഠനങ്ങളും പലയിടങ്ങളിലായി ചിതറി കിടക്കുന്നതാണ്. ഈ പുസ്തകം പോലെ ബൃഹത്തും സമാനവുമായ ഒരു ഗ്രൻഥം കീഴാളരെ കുറിച്ചുള്ള പഠനസമാഹാരമായും പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ചരിത്രവും കലയും സാഹിത്യവും സംസ്കാരവും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ലേഖനങ്ങൾ.

മറ്റൊരു പോരായ്മയായി തോന്നിയത്, ലേഖനങ്ങളും അഭിമുഖങ്ങളും ആയി 56 പേരാണ് ഈ പുസ്തകത്തിൽ മാപ്പിള കീഴാള ചരിത്രത്തെ കുറിച്ച് നമ്മോട് പറയുന്നത്. സ്വാഭാവികമായും ഇവരെ കുറിച്ച് കൂടുതൽ അറിയാൻ ഏതൊരു വായനക്കാരനും താല്പര്യം ഉണ്ടാകും. മാത്രമല്ല ഓരോ ലേഖനങ്ങളും വായിച്ചു കഴിയുമ്പോൾ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ കണ്ടേക്കാം. ഇതേ കുറിച്ച് വിശദീകരിക്കാൻ കഴിയുക അതാത് ലേഖകന്മാർക്കാണ്. അതുകൊണ്ടു തന്നെ ഓരോ ലേഖനങ്ങളുടെയും ഒടുവിൽ ലേഖകരെ പരിചയപ്പെടുത്തുന്ന ചെറിയ ഒരു കുറിപ്പും, അവരെ ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി യും കൊടുക്കേണ്ടതായിരുന്നു. കഥാകൃത്തുക്കളെപ്പോലെയോ കവികളെപ്പോലെയോ വായനക്കാർക്ക് ഏറെ പരിചിതരല്ലല്ലോ ചരിത്രകാരന്മാരും ഗവേഷകരും.

എന്തുതന്നെ ആയാലും കേരളമുസ്ലിംകളുടെ ഇന്നലകളെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക് ഗൗരവപൂർവ്വം സമീപിക്കാവുന്ന ഒരു പഠനസമാഹാരം തന്നെയാണ് 'മാപ്പിള കീഴാളപഠനങ്ങൾ' എന്നതിൽ സംശയമില്ല. പ്രൗഢഗംഭീരമായി ഇങ്ങനെ ഒരു പുസ്തകം ഒരുക്കിയതിന് പിന്നിലുള്ള ശ്രമങ്ങൾ ഏറെ ആദരവ് അർഹിക്കുന്നു.

'മാപ്പിള കീഴാളപഠനങ്ങൾ'
വചനം ബുക്സ് - കോഴിക്കോട്
ഫോൺ-0495-2722424, 3042704

വില-₹ 580