Tuesday, March 27, 2012

വഴക്ക്

“എനിക്ക് വയ്യ നമ്മുടെ മക്കളെ കൊണ്ട് ഞാന്‍ തോറ്റു.ആകെ രണ്ടെണ്ണമേ ഉള്ളൂന്ന് പറഞ്ഞിട്ടെന്താ എന്നും തമ്മിലടിയാ.മോനാ എല്ലാറ്റിനും തുടക്കമിടുക.പത്താം ക്ലാസ്സില്‍ പഠിക്കുന്ന അവള്‍ക്കു വാങ്ങിക്കുന്നതെല്ലാം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അവനും വേണംന്ന് പറഞ്ഞാല്‍ ..........ഓരോ കാരണങ്ങള്‍ ഉണ്ടാക്കി അവളുമായി വഴക്കുണ്ടാക്കും അവളും വിട്ടു കൊടുക്കില്ല.വാശിയും കരച്ചിലും തല്ലും എനിക്ക് മടുത്തു”
സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവള്‍ കിതച്ചു
“കുട്ടികളല്ലേ സാരമില്ല”
“ഹോ നിങ്ങള്‍ക്ക്‌ അവിടെ ഇരുന്ന്‍ അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.നിങ്ങള്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍ പൂച്ചയെ പോലെ ...നൂറു പെണ്‍കുട്ടികളെ വളര്‍ത്താം ഒരു ആണ്‍ കുട്ടിയെ വളര്‍ത്താനുള്ള പാട്......ആവുന്നില്ല എനിക്ക് ഒറ്റയ്ക്ക് ഈ വീട്ടിലെ മുഴുവന്‍ പണിയും അതിന്റെ കൂടെ ഇവരുടെ തമ്മിലടിയും..... ”
അവള്‍ പിന്നെയും പെയ്യുകയാണ്  
“ഇന്നെന്തിനായിരുന്നു വഴക്ക്”
“ഇപ്പൊ അവള്‍ക്കു SSLC  പരീക്ഷ ആയതോണ്ട് കുറച്ചു ദിവസമായി തല്ലു കൂടാറില്ല.....അപ്പൊ അവനു പുതിയൊരു വാശി അവള്‍ക്ക് പരീക്ഷക്ക്‌ പോകുമ്പോള്‍ ദിവസവും ഞാന്‍ പത്തു രൂപ കൊടുക്കും വിശന്നാല്‍ എന്തെങ്കിലും വാങ്ങിച്ചു കഴിച്ചോട്ടെ എന്ന് കരുതി.അപ്പൊ അവനും കിട്ടണം ദിവസം അഞ്ചു രൂപ”
“അതെന്തിനാ”
“മിട്ടായി വാങ്ങാന്‍ അല്ലാതെന്തിനാ അവള്‍ പരീക്ഷക്ക്‌ പോകാനിറങ്ങുമ്പോള്‍ അതിനു മുന്നില്‍ ഇവന്‍ ഓടും എന്നാലല്ലേ വഴിയില്‍ നിന്ന് മുട്ടായി തിന്ന്‍ അവളെ കൊതിപ്പിക്കാനാവൂ..........ഇന്ന് അവള്‍ പരീക്ഷക്ക്‌ പോകുമ്പോള്‍ അവള്‍ക്ക് പൈസ കൊടുത്ത ശേഷം അവനു കൊടുക്കാന്‍ എന്റെ കയ്യില്‍ ചില്ലറ ഇല്ലായിരുന്നു.എത്ര പറഞ്ഞിട്ടും അവന്‍ കേള്‍ക്കണ്ടേ അവനു അഞ്ചു രൂപ  കിട്ടിയേ പറ്റൂ.അവള്‍ക്കാണെങ്കില്‍ ഇന്ന് അവസാനത്തെ പരീക്ഷയാ പഠിച്ചതൊക്കെ മറന്നു പോകുന്നൂന്നും പറഞ്ഞു ഇന്നലെ രാത്രിയൊക്കെ കരച്ചിലായിരുന്നു.പോകാനിറങ്ങുമ്പോഴും അവള്‍ക്ക് ഒരു അധി  പോലെ ..അതിനിടയിലാ ഇവന്റെ ഈ വാശി.ഞാന്‍ നന്നായി രണ്ടു കൊടുത്തു...അല്ല സഹിക്കുന്നതിനും ഒരു അതിരില്ലേ എത്ര പറഞ്ഞാലും കേള്‍ക്കൂലാന്നു വെച്ചാല്‍ .. ............”
“എന്നിട്ട് അവന്‍ എവിടെ”
“അപ്പുറത്ത് കിടന്നു കരയുകയാ ...കുറച്ചു കരയട്ടെ...രാത്രി വിളിച്ച് ഒന്ന് ഉപദേശിച്ച് കൊടുക്ക്‌.ഞാന്‍ വെക്കട്ടെ നേരമില്ല...ഇവിടെ പണി ഒന്നും തീര്‍ന്നിട്ടില്ല.......ഉച്ചയാവാറായി”
അവള്‍ ഫോണ്‍ വെച്ചു.അരിശവും സങ്കടവും പിന്നെയും പുകയുന്നുണ്ടായിരുന്നു.
അവന്റെ ഏങ്ങലടി കേട്ടപ്പോള്‍ ഒന്ന് കൂടി ദേഷ്യം കൂടി ഇതും ഈയിടെയായി ഉള്ള പുതിയ അടവാണ്.നിര്‍ത്താതെ കരഞ്ഞു കാര്യം സാധിപ്പിക്കുക.
“ഞാന്‍ ഉപ്പാനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്‌.വേണമെങ്കില്‍ വന്നു അടിച്ചു പഠിപ്പിച്ചോട്ടെ എത്രയാന്നു വെച്ചാ ഞാന്‍ .....”
അവള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.
“ഉമ്മാ .....”
പിന്നില്‍ അവന്റെ കരഞ്ഞു ചിലമ്പിച്ച ശബ്ദം.അവളുടെ ഉള്ളില്‍ എന്തോ ഒന്ന് പിടഞ്ഞ പോലെ.എന്നാലും ഗൌരവം വിട്ടില്ല.
“ഊം ...ഇനീം വേണോ ”
അവന്‍ അത് ശ്രദ്ധിക്കാതെ കരഞ്ഞു കൊണ്ട് പറഞ്ഞു .
“ഉമ്മാ ...എനിക്ക് ഇന്നും കൂടി മാത്രം ഉമ്മ അഞ്ചുറുപ്യ തന്നാ മതി.നാളെ മുതല് വേണ്ട...”
അവള്‍ തണുത്തു
“എന്തിനാ മോന്‍ വാശി പിടിക്കുന്നത്‌.  ഉമ്മ മോന് നാളെ   നല്ല മുട്ടായി വാങ്ങി തരാം പോരെ”
“ഉമ്മാ ഇനിക്ക് മുട്ടായി വാങ്ങാനല്ല പൈശ”
അവന്‍  ഏങ്ങലടിച്ചു
“പിന്നെ”
അവള്‍ക്ക് പിന്നെയും ശുണ്‍ഠി വന്നു
“ഉമ്മാ അഞ്ചുറുപ്യ എനിക്ക് വല്യ പള്ളിക്കലെ നേര്‍ച്ചപ്പെട്ടീല്‍ ഇടാനാ..... ഇത്താത്ത എല്ലാ പരീക്ഷേലും നല്ല മാര്‍ക്ക് വാങ്ങി ജയിക്കാന്‍ ഞാന്‍ പരീക്ഷ തുടങ്ങിയത് മുതല്‍ എല്ലാ ദെവസവും ഇത്താത്ത പരീക്ഷക്ക്‌ പോകാന്‍ ഇറങ്ങിയാല്‍ ഉടനെ ഇടലുണ്ട്................ഇന്ന് ഇത്താത്താന്‍റെ ലാസ്റ്റ്‌പരീക്ഷല്ലേ ...........ഇന്നും കൂടി തന്നാ മതി ഉമ്മാ ...അഞ്ചുര്‍പ്യ....”
അവന്‍ അവളെ കെട്ടിപ്പിടിച്ചു തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു
തളര്‍ന്നു പോയ അവളുടെ ഉള്ളില്‍ ഒരു കണ്ണീര്‍ മഴ ഉരുള്‍പൊട്ടാന്‍  തുടങ്ങി

അവളുടെ ചിതറിവീണ കണ്ണീര്‍ തുള്ളികള്‍ അവന്റെ ശിരസ്സിനെ  നനക്കുമ്പോഴും അവന്‍ ഏങ്ങലടിച്ചു കൊണ്ടിരുന്നു.

Wednesday, March 14, 2012

പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ നിങ്ങള്‍ വലിച്ചെറിഞ്ഞ തീപ്പന്തം ഞങ്ങളുടെ ഉള്ളിലാണ് കത്തുന്നത്
ഉറ്റവരെ ജീവിപ്പിക്കാന്‍ പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടവന്,പിറന്ന നാട്ടില്‍ നിന്നുള്ള ഓരോ വാര്‍ത്തകളും വിലപ്പെട്ടതാണ്.പത്രങ്ങളിലോ ടീവിയിലോ നമ്മുടെ നാട്ടിന്റെ ഒരു ദൃശ്യം കാണുമ്പോള്‍ തുടിച്ചു പോവുന്ന,നാടിനോട് ചേര്‍ത്ത് വെച്ച മനസ്സ്.നാട്ടുകാര്‍ പോലും അറിയാത്ത;ശ്രദ്ധിക്കാത്ത ചെറിയ നാട്ടു വാര്‍ത്തകളും വര്‍ത്തമാനങ്ങളും പ്രച രിക്കപ്പെടുന്നത് ഗള്‍ഫിലുള്ള നാട്ടുകാര്‍ക്കിടയില്‍ ആണ്.കല്യാണമായാലും,ഉത്സവമായാലും ,മരണമായാലും ഫോണിലൂടെയും നേരിട്ടും പങ്കുവെക്കുന്ന പുണ്യം
.
അത് കൊണ്ട് തന്നെ നാട്ടില്‍ നിന്ന് വരുന്ന അസ്വസ്ഥജനകമായ വാര്‍ത്തകള്‍ വല്ലാതെ വേവലാതിപ്പെടുത്തുന്നതും,പിറന്നനാടിനെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന ഗള്‍ഫു പ്രവാസികളെയാണ്‌.രാഷ്ട്രീയത്തിന്റെ പേരിലായാലും മതത്തിന്റെ പേരില്‍ ആയാലും നാട്ടില്‍ എന്തെങ്കിലും പുകയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഉരുകാന്‍ തുടങ്ങുന്നത്,നെഞ്ചിടിപ്പ് കൂടുന്നത് ഗള്‍ഫു മലയാളിക്കാണ്.

ഒരു പാട് കാലത്തെ മുറവിളികള്‍ക്ക് ശേഷം പേരിനു ഒരു വോട്ടവകാശമേ ഉള്ളൂ എങ്കിലും ബഹുഭൂരിപക്ഷം ഗള്‍ഫുകാരനും വ്യക്തമായ രാഷ്ട്രീയ ചിന്ത ഉണ്ട്.താന്‍ ഇഷ്ടപ്പെടുന്ന-പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ നെഞ്ചേറ്റി നടക്കുന്നവരാണ്  .ആ രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളുടെ സജീവ പ്രവര്‍ത്തകരോ അംഗങ്ങളോ ആണ്.തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും ചൂടേറിയ വാഗ്വാദങ്ങളും,തര്‍ക്കങ്ങളും,പന്തയങ്ങളും,ആഹ്ലാദപ്രകടനങ്ങളും നടത്തുന്നവരാണ്.മേലെയും കീഴെയും ഉള്ള കട്ടിലുകളില്‍ കിടന്നു വ്യത്യസ്ത പ്രത്യശാസ്ത്രങ്ങളുടെ പത്രങ്ങളും,പ്രസിദ്ധീകരണങ്ങളും വായിച്ചു തര്‍ക്കിക്കുന്നവരാണ് അവര്‍.....

എന്നാല്‍ ഇതിനും അപ്പുറത്തേക്ക് രാഷ്ട്രീയം അവരെ പരസ്പ്പരം ശത്രുക്കള്‍ ആക്കിയിട്ടില്ല.കാരണം ഒരേ പാത്രത്തില്‍ ഉണ്ണുന്നവരും സങ്കടവും സന്തോഷവും പങ്കിട്ട്‌ ഒരേ മുറിയില്‍ കഴിയുന്നവരുമാണ് അവര്‍.കൂട്ടുകാരന് പണി ഇല്ലാതാവുമ്പോള്‍ പണി തേടി കൊടുക്കുമ്പോഴും,പണമില്ലാതപ്പോള്‍ കടം കൊടുത്തു സഹായിക്കുന്നതും,അസുഖം വന്നാല്‍ പരിചരിക്കുന്നതും അവര്‍ കൊടിയുടെ നിറം നോക്കിയല്ല.

നാട്ടിലേക്ക് പോകാനുള്ള പെട്ടി കെട്ടുമ്പോള്‍ അതില്‍ ആദ്യം എടുത്തു വെക്കുന്നത് റൂമിലുള്ള തന്റെ രാഷ്ട്രീയത്തിലെ ‘കൊടിയ ശത്രു’വിന്റെ ഭാര്യക്കും മക്കള്‍ക്കും കൊടുക്കാന്‍ വാങ്ങിത്തന്ന സാധനങ്ങള്‍ ആണ് ഇതൊന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ ക്യാമറക്ക്‌ മുന്നില്‍ കാണിക്കുന്ന നാടകം പോലെയുള്ള കാട്ടിക്കൂട്ടലുകള്‍ അല്ല.മറിച്ച് എല്ലാ പ്രത്യയ  ശാസ്ത്രങ്ങളും മനുഷ്യര്‍ക്ക്‌ വേണ്ടി ആണ് എന്ന തിരിച്ചറിവില്‍ നിന്നാണ്.രക്ത ബന്ധതെക്കാളും ഊറ്റത്തോടെ ഈ മണല്‍ക്കാട്ടില്‍ ചേര്‍ത്ത് പിടിച്ച മനുഷ്യത്വം,സ്നേഹം ,സാഹോദര്യം .ഇവിടെയൊന്നും കൊടിയുടെ നിറം തടസ്സമായിരുന്നില്ല എന്ന.അനുഭവങ്ങളില്‍ നിന്നാണ് ഓര്‍മ്മകളില്‍ നിന്നാണ്.

നാം വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരുന്ന ഓവു പാലത്തിനടിയില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ ,നാം പഠിച്ച സ്കൂള്‍ വളപ്പില്‍ നിന്നും ബോംബു കണ്ടുകിട്ടുമ്പോള്‍  നമ്മുടെ അങ്ങാടിയിലെ ചായപ്പീടിക രാത്രിയുടെ മറവില്‍ ആരൊക്കെയോ കത്തിച്ചു കളഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ വിറച്ചു പോകുന്നുണ്ട് ഞങ്ങള്‍ പ്രവാസികളുടെ  മനസ്സ്.

ഈ മരുഭൂമിയിലേക്ക് പുറപ്പെടും മുമ്പ് ഞങ്ങള്‍ കണ്ട രാഷ്ട്രീയ നേതാക്കള്‍  ഏതെന്കിലും വീടിനു തീപ്പിടിച്ചാല്‍ ആരുടെ വീട് എന്ന് നോക്കാതെ തീ കെടുത്താന്‍ ഓടിയെത്തുന്ന,സ്വന്തം ജീവന്‍ പോലും വില വെക്കാതെ അകത്തു കടന്നു നിലവിളിക്കുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്നവരായിരുന്നു.

പാതിരാത്രിയില്‍ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിനു നേരെ കല്ലെറിയുന്ന,കിണറ്റില്‍ മണ്ണെണ്ണ ഒഴിക്കുന്ന,വീട്ടു മുറ്റത്ത്‌ നിര്‍ത്തിയിട്ട വാഹനം കത്തിക്കുന്ന ഇന്നത്തെ രാഷ്ട്രീയം ഞങ്ങളെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.

നമ്മുടെ അങ്ങാടിയിലൂടെ പോകുന്ന പ്രതിഷേധ ജാഥയുടെ ദൃശ്യം ടീവിയില്‍ കാണുമ്പോള്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നമ്മുടെ  ചെറുപ്പക്കാരുടെ മുഖത്ത്  ഇരയുടെ ചോരക്കു ദാഹിക്കുന്ന വേട്ട മൃഗത്തിന്റെ ക്രൌര്യഭാവം കാണുമ്പോള്‍ നടുങ്ങിപ്പോകുന്നു.
ക്ഷമിക്കണം സാര്‍ ഇതൊന്നുമല്ല രാഷ്ട്രീയം എന്ന് വിളിച്ചു പറയാനുള്ള അവകാശം പോലും ഇല്ലാത്തവരാണ് ഞങ്ങള്‍ പ്രവാസികള്‍.... . ...........നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറഞ്ഞു സുഖിപ്പിച്ചു മാറ്റി നിര്‍ത്തുന്നതിന് അപ്പുറം ഇതിലൊന്നും ഇടപെടാന്‍ ഞങ്ങളെ ആരും ക്ഷണിച്ചിട്ടില്ലെന്നും അറിയാം.

ഇങ്ങനെ വെട്ടിയും കുത്തിയും തീ കൊടുത്തും കക്ഷി രാഷ്ട്രീയം തഴച്ചു വളരുമ്പോള്‍ അകന്നു പോകുന്ന നുരുങ്ങിപ്പോകുന്ന കുറെ മനസ്സുകള്‍ ഉണ്ട്.നിശബ്ദമായിപ്പോവുന്ന കുറെ നിലവിളികള്‍ ഉണ്ട് നാട്ടിന് തീക്കൊടുത്തു കൊണ്ട് .യുവാക്കളുടെ ചോരയിലും,വിധവകളുടെയും,അനാഥക്കുഞ്ഞുങ്ങളുടെയും കണ്ണീരിലും അധികാര കസേര ഉറപ്പിക്കാനുള്ള ഈ വെപ്രാളപ്പാച്ചിലില്‍ എന്റെ  . പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ നിങ്ങള്‍ വലിച്ചെറിഞ്ഞ തീപ്പന്തം ഞങ്ങളുടെ ഉള്ളിലാണ് കത്തുന്നത്.