Monday, November 20, 2017

സ്രാവ് പോയിട്ട് നത്തോലിയെ പോലും കണ്ടില്ല!


ആദ്യമേ പറയാം മീഡിയ പ്രചരിപ്പിച്ച പോലെ ഏതെങ്കിലും സ്രാവുകൾക്കെതിരെ കാര്യമായി ഒന്നും തന്നെ ഈ പുസ്തകത്തിൽ ഇല്ല. ആത്മകഥ എന്ന് വിളിക്കാൻ മാത്രമുള്ള ആഴവും ഇല്ല. സർവ്വീസ് സ്റ്റോറി എന്ന് വേണമെങ്കിൽ കഷ്ടിച്ചു പറയാം. ചുരുക്കിപ്പറഞ്ഞാൽ ഉഗ്രസ്ഫോടന ശേഷിയുള്ള എന്തൊക്കെയോ ഉണ്ട് എന്ന് തോന്നിപ്പിക്കുകയും മുഖ്യമന്ത്രി പ്രകാശനത്തിൽ നിന്ന് പിന്മാറിയതോടെ ഒന്നാം പേജ് വാർത്തയായി മാറുകയും ചെയ്തത് പുസ്തകം ചെലവാക്കാനുള്ള  ഉഡായിപ്പ് എന്നതിലുപരി, യാതൊരു വിവാദ വിഷയങ്ങളും മുൻ വിജിലൻസ് ഡയറക്ടർ  ജേക്കബ് തോമസിന്റെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ ഇല്ല.

240 പേജിൽ 50 പേജോളം ചിത്രങ്ങളും മറ്റുമായി പോയത് കഴിച്ചുള്ള ഈ പുസ്തകം    യാതൊരു ക്ലിഷ്ടതകളും മടുപ്പും തോന്നാതെ ഒറ്റയടിക്ക് വായിച്ചു തീർക്കാം എന്നൊരു സൗകര്യമുണ്ട്. ആദ്യത്തെ എഴുപതോളം പേജുകൾ 'തീക്കോയി' എന്ന ഗ്രാമവും ബാല്യവും തന്റെ പഠനകാലവും IPS ലേക്കുള്ള യാത്രയുമൊക്കെ രസകരമായി എഴുതിയിരിക്കുന്നു.

തുടർന്നാണ് ഔദ്യോഗിക ജീവിതവും വഹിച്ച ചുമതലകളും നടപ്പിലാക്കിയ കാര്യങ്ങളും, രാഷ്ട്രീയക്കാരിൽ നിന്ന് എന്നതിലേറെ സ്വാർത്ഥ താല്പര്യമുള്ള പ്രമാണിമാരിൽ നിന്നുണ്ടായ എതിർപ്പുകളും ഉപദ്രവങ്ങളും ഒക്കെ വരുന്നത്. വില്ലന്മാരുടെ പേരെടുത്തു പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന് പുറമെ പ്രവർത്തനങ്ങളിൽ പിന്തുണയും സഹകരണവും നൽകിയ രാഷ്ട്രീയ നേതാക്കളെ പേരെടുത്തു പറയുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു പരത്തിയ കോലാഹലങ്ങൾ ഒന്നും മഷിയിട്ടു നോക്കിയാലും ഈ പുസ്തകത്തിൽ ഇല്ല എന്ന് ചുരുക്കം.

ആ ഒരു പ്രചാരണം മാറ്റി നിർത്തിയാൽ കേരളത്തിന്റെ വികസന കാര്യങ്ങളെ കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, പ്രത്യേകിച്ചും സർക്കാർ ജോലിയോ  ഐ എ എസോ ഐ പി എസോ നേടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് കൊതിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനും ഉൾക്കൊള്ളാനുമുള്ള ഒട്ടേറെ അനുഭവപാഠങ്ങൾ ജേക്കബ് തോമസ് ഇതിൽ പങ്കുവെക്കുന്നുണ്ട്. ഇരുപത്തിയൊന്നാമത്തെ അധ്യായമായ 'മനസ്സ് നിറയാത്തതിനു ചില കാരണങ്ങൾ' മുതൽ അദ്ദേഹമെഴുതിയ ചില നിരീക്ഷണങ്ങളും സ്വപ്നങ്ങളും ശ്രദ്ധേയമാണ്.

കെട്ടിടനിർമാണ രംഗത്തു സുരക്ഷാ പരിശോധന നിർബന്ധമാക്കിയതും, 'ദർശൻ' പ്രോഗ്രാമും,  'വിജിലന്റ് കേരള'യും, തൊഴിലിടങ്ങളിൽ അടക്കം സ്ത്രീ സുരക്ഷക്ക് വേണ്ടി ചെയ്ത നടപടികളും, സപ്ലൈകോയെ മികവുറ്റതാക്കിയതും, ചിത്രാഞ്ജലി ഫിലിംസിറ്റി സ്വപ്നവും അടക്കം അദ്ദേഹം മുൻകൈയെടുത്തു നടത്തിയ ഒട്ടേറെ പ്രവർത്തനങ്ങൾ ആവേശം ഉണർത്തുന്നുവെങ്കിലും,  ഇസ്രായേൽ കമ്പനിക്ക് വേണ്ടി നടത്തിയ  ഭൂമിയിടപാടിനെ കുറിച്ച്  എഴുതിയതൊക്കെ  ഒറ്റയടിക്ക് ദഹിക്കാൻ വായനക്കാർക്ക്  ഇച്ചിരി പ്രയാസമുണ്ടാകും.

ഏതായാലും മുഖ്യമന്ത്രിക്ക് പ്രകാശനം ചെയ്യാൻ ബുദ്ധിമുട്ടുള്ള എന്തെങ്കിലും കാര്യങ്ങളോ നിരോധിക്കാനോ പിൻവലിക്കാനോ സാധ്യതയുള്ള എന്തെങ്കിലും വിഷയങ്ങളോ വിവാദസംഗതികളോ ഒന്നും തന്നെ ഇല്ലാത്ത, ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് മാത്രമാണ്  'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'. വായിക്കാൻ ഇത്തിരി വൈകിയാലും ഖേദിക്കാൻ മാത്രമില്ലെന്നു ചുരുക്കം.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ