Tuesday, March 27, 2012

വഴക്ക്

“എനിക്ക് വയ്യ നമ്മുടെ മക്കളെ കൊണ്ട് ഞാന്‍ തോറ്റു.ആകെ രണ്ടെണ്ണമേ ഉള്ളൂന്ന് പറഞ്ഞിട്ടെന്താ എന്നും തമ്മിലടിയാ.മോനാ എല്ലാറ്റിനും തുടക്കമിടുക.പത്താം ക്ലാസ്സില്‍ പഠിക്കുന്ന അവള്‍ക്കു വാങ്ങിക്കുന്നതെല്ലാം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അവനും വേണംന്ന് പറഞ്ഞാല്‍ ..........ഓരോ കാരണങ്ങള്‍ ഉണ്ടാക്കി അവളുമായി വഴക്കുണ്ടാക്കും അവളും വിട്ടു കൊടുക്കില്ല.വാശിയും കരച്ചിലും തല്ലും എനിക്ക് മടുത്തു”
സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവള്‍ കിതച്ചു
“കുട്ടികളല്ലേ സാരമില്ല”
“ഹോ നിങ്ങള്‍ക്ക്‌ അവിടെ ഇരുന്ന്‍ അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.നിങ്ങള്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍ പൂച്ചയെ പോലെ ...നൂറു പെണ്‍കുട്ടികളെ വളര്‍ത്താം ഒരു ആണ്‍ കുട്ടിയെ വളര്‍ത്താനുള്ള പാട്......ആവുന്നില്ല എനിക്ക് ഒറ്റയ്ക്ക് ഈ വീട്ടിലെ മുഴുവന്‍ പണിയും അതിന്റെ കൂടെ ഇവരുടെ തമ്മിലടിയും..... ”
അവള്‍ പിന്നെയും പെയ്യുകയാണ്  
“ഇന്നെന്തിനായിരുന്നു വഴക്ക്”
“ഇപ്പൊ അവള്‍ക്കു SSLC  പരീക്ഷ ആയതോണ്ട് കുറച്ചു ദിവസമായി തല്ലു കൂടാറില്ല.....അപ്പൊ അവനു പുതിയൊരു വാശി അവള്‍ക്ക് പരീക്ഷക്ക്‌ പോകുമ്പോള്‍ ദിവസവും ഞാന്‍ പത്തു രൂപ കൊടുക്കും വിശന്നാല്‍ എന്തെങ്കിലും വാങ്ങിച്ചു കഴിച്ചോട്ടെ എന്ന് കരുതി.അപ്പൊ അവനും കിട്ടണം ദിവസം അഞ്ചു രൂപ”
“അതെന്തിനാ”
“മിട്ടായി വാങ്ങാന്‍ അല്ലാതെന്തിനാ അവള്‍ പരീക്ഷക്ക്‌ പോകാനിറങ്ങുമ്പോള്‍ അതിനു മുന്നില്‍ ഇവന്‍ ഓടും എന്നാലല്ലേ വഴിയില്‍ നിന്ന് മുട്ടായി തിന്ന്‍ അവളെ കൊതിപ്പിക്കാനാവൂ..........ഇന്ന് അവള്‍ പരീക്ഷക്ക്‌ പോകുമ്പോള്‍ അവള്‍ക്ക് പൈസ കൊടുത്ത ശേഷം അവനു കൊടുക്കാന്‍ എന്റെ കയ്യില്‍ ചില്ലറ ഇല്ലായിരുന്നു.എത്ര പറഞ്ഞിട്ടും അവന്‍ കേള്‍ക്കണ്ടേ അവനു അഞ്ചു രൂപ  കിട്ടിയേ പറ്റൂ.അവള്‍ക്കാണെങ്കില്‍ ഇന്ന് അവസാനത്തെ പരീക്ഷയാ പഠിച്ചതൊക്കെ മറന്നു പോകുന്നൂന്നും പറഞ്ഞു ഇന്നലെ രാത്രിയൊക്കെ കരച്ചിലായിരുന്നു.പോകാനിറങ്ങുമ്പോഴും അവള്‍ക്ക് ഒരു അധി  പോലെ ..അതിനിടയിലാ ഇവന്റെ ഈ വാശി.ഞാന്‍ നന്നായി രണ്ടു കൊടുത്തു...അല്ല സഹിക്കുന്നതിനും ഒരു അതിരില്ലേ എത്ര പറഞ്ഞാലും കേള്‍ക്കൂലാന്നു വെച്ചാല്‍ .. ............”
“എന്നിട്ട് അവന്‍ എവിടെ”
“അപ്പുറത്ത് കിടന്നു കരയുകയാ ...കുറച്ചു കരയട്ടെ...രാത്രി വിളിച്ച് ഒന്ന് ഉപദേശിച്ച് കൊടുക്ക്‌.ഞാന്‍ വെക്കട്ടെ നേരമില്ല...ഇവിടെ പണി ഒന്നും തീര്‍ന്നിട്ടില്ല.......ഉച്ചയാവാറായി”
അവള്‍ ഫോണ്‍ വെച്ചു.അരിശവും സങ്കടവും പിന്നെയും പുകയുന്നുണ്ടായിരുന്നു.
അവന്റെ ഏങ്ങലടി കേട്ടപ്പോള്‍ ഒന്ന് കൂടി ദേഷ്യം കൂടി ഇതും ഈയിടെയായി ഉള്ള പുതിയ അടവാണ്.നിര്‍ത്താതെ കരഞ്ഞു കാര്യം സാധിപ്പിക്കുക.
“ഞാന്‍ ഉപ്പാനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്‌.വേണമെങ്കില്‍ വന്നു അടിച്ചു പഠിപ്പിച്ചോട്ടെ എത്രയാന്നു വെച്ചാ ഞാന്‍ .....”
അവള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.
“ഉമ്മാ .....”
പിന്നില്‍ അവന്റെ കരഞ്ഞു ചിലമ്പിച്ച ശബ്ദം.അവളുടെ ഉള്ളില്‍ എന്തോ ഒന്ന് പിടഞ്ഞ പോലെ.എന്നാലും ഗൌരവം വിട്ടില്ല.
“ഊം ...ഇനീം വേണോ ”
അവന്‍ അത് ശ്രദ്ധിക്കാതെ കരഞ്ഞു കൊണ്ട് പറഞ്ഞു .
“ഉമ്മാ ...എനിക്ക് ഇന്നും കൂടി മാത്രം ഉമ്മ അഞ്ചുറുപ്യ തന്നാ മതി.നാളെ മുതല് വേണ്ട...”
അവള്‍ തണുത്തു
“എന്തിനാ മോന്‍ വാശി പിടിക്കുന്നത്‌.  ഉമ്മ മോന് നാളെ   നല്ല മുട്ടായി വാങ്ങി തരാം പോരെ”
“ഉമ്മാ ഇനിക്ക് മുട്ടായി വാങ്ങാനല്ല പൈശ”
അവന്‍  ഏങ്ങലടിച്ചു
“പിന്നെ”
അവള്‍ക്ക് പിന്നെയും ശുണ്‍ഠി വന്നു
“ഉമ്മാ അഞ്ചുറുപ്യ എനിക്ക് വല്യ പള്ളിക്കലെ നേര്‍ച്ചപ്പെട്ടീല്‍ ഇടാനാ..... ഇത്താത്ത എല്ലാ പരീക്ഷേലും നല്ല മാര്‍ക്ക് വാങ്ങി ജയിക്കാന്‍ ഞാന്‍ പരീക്ഷ തുടങ്ങിയത് മുതല്‍ എല്ലാ ദെവസവും ഇത്താത്ത പരീക്ഷക്ക്‌ പോകാന്‍ ഇറങ്ങിയാല്‍ ഉടനെ ഇടലുണ്ട്................ഇന്ന് ഇത്താത്താന്‍റെ ലാസ്റ്റ്‌പരീക്ഷല്ലേ ...........ഇന്നും കൂടി തന്നാ മതി ഉമ്മാ ...അഞ്ചുര്‍പ്യ....”
അവന്‍ അവളെ കെട്ടിപ്പിടിച്ചു തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു
തളര്‍ന്നു പോയ അവളുടെ ഉള്ളില്‍ ഒരു കണ്ണീര്‍ മഴ ഉരുള്‍പൊട്ടാന്‍  തുടങ്ങി

അവളുടെ ചിതറിവീണ കണ്ണീര്‍ തുള്ളികള്‍ അവന്റെ ശിരസ്സിനെ  നനക്കുമ്പോഴും അവന്‍ ഏങ്ങലടിച്ചു കൊണ്ടിരുന്നു.

24 comments:

 1. നല്ല പ്രമേയം... ഒഴുക്കാര്‍ന്ന അവതരണം... കുസൃതികളും മുന്‍കോപവും ആവേശവും അലതല്ലലും പെയ്തുതീരലും പശ്ചാത്താപവും എല്ലാം അവസാനിച്ചിട്ടും മുഴങ്ങുന്ന ഗുണപാഠവും വായനയെ പരിപൂര്‍ണ്ണം ആക്കി... ആര്‍ത്തലച്ചു വരുന്ന മലവെള്ളപ്പാച്ചില്‍ അണകെട്ടി നിറുത്തിയത് പോലെ പ്രകൃതി ശാന്തം... പക്ഷെ... അപ്പോഴും ബാക്കി നിന്ന അന്തരാത്മാവിലെ വേദന... കഥ അവസാനിക്കുമ്പോഴും അവസാനിക്കാത്ത നോവായി അമ്മയുടെ മനസ്സ് എഴുതാത്ത കഥയിലെ പിറക്കാത്ത കഥാപാത്രമായി അവശേഷിക്കുന്നു..നജീബിക്കാ.. ഇഷ്ടായി... വളരെയധികം...

  ReplyDelete
 2. touching story !!!

  നന്നായിട്ടുണ്ട്...

  ReplyDelete
 3. അമ്മയുടെ ദേഷ്യവും.. മകന്റെ വാശിയും ...സഹോദര സ്നേഹവും.. എല്ലാം ഓരോവരികളിലും ജീവിതഗന്തിയായ അനുഭവങ്ങള്‍ കണ്മുന്നില്‍ കാണിച്ചു തരാന്‍ അങ്ങേക്ക് സാധിച്ചു...കഥാവസാനം ഒരു വിങ്ങലോടെയല്ലാതെ ആരും ഇത് വായിച്ചു തീര്‍ക്കില്ല..വളരെ നന്നായി
  ...........സൈനു കരിപ്പൂര്‍ ........

  ReplyDelete
 4. അതികമോന്നും പറയുന്നില്ല എന്റെ കണ്ണുകള്‍ നിറഞ്ഞു ....

  ReplyDelete
 5. മുഹമ്മദു കുട്ടി മാവൂര്‍Tuesday, March 27, 2012 10:27:00 PM

  മനസ്സിനെ ഒരു വല്ലാത്ത തലത്തിലേക്ക് കൂട്ടി ക്കൊണ്ട് പോയ ഒരു കൊച്ചു കഥ ....വിരഹത്തിന്റെ വേദനയും ജീവിതത്തിന്റെ പച്ചപ്പും നഷ്ടപ്പെടലിന്റെ വേദനയും ബാല്യത്തിന്റെ കുസുര്തികളും എല്ലാമോ കൂടി ചാലിച്ചെഴുതിയ ഈ കൊച്ചു വരികള്‍ നമ്മോട് സംവദിക്കുന്നത് ഒരു പ്രത്യേക തലത്തില്‍ നിന്നാണ് ...എന്താണ് പ്രവാസികള്‍ നഷ്ടപ്പെടുത്തുന്നത് എന്ന് ഈ കൊച്ചു വരികളില്‍ കൂടി കഥാകാരന്‍ നന്നായി കോറിയിട്ടിരിക്കുന്നു ...സന്കല്പ ലോകത്തെ മാസ്മരികതയില്‍ നിന്നും യാതാര്ത്യമായ ജീവിത വീക്ഷണത്തിലേക്ക് ഒരു എത്തി നോട്ടം കൂടിയാണ് ഈ കൊച്ചു കഥ ...ജീവിത ഗന്ധിയായ ഈ കഥയിലൂടെ പ്രവാസിയുടെ ഹൃദയ വിചാരങ്ങള്‍ തെങ്ങലായും ഉല്‍ഘന്ടയായും നഷ്ടത്തിന്റെ പിന്നിലെ നന്മയുടെ മനസ്സായും വായനക്കാരനെ അനുഭവിപ്പിക്കുന്നതില്‍ ഈ കഥാകൃത്തിനു വിജയിക്കനായിരിക്കുന്നു ..അഭിനന്ദനങ്ങള്‍ നജു ....ഉള്ളം കലങ്ങിയ മനസ്സില്‍ തട്ടിയ ഒരു വായന സമ്മാനിച്ചതിനു ....

  ReplyDelete
 6. നമ്മുടെയൊക്കെ വീട്ടില്‍ നടക്കുന്ന ഒരു കാര്യം ഇത്ര തന്മയത്തോടെ അവതരിപ്പിച്ചതിന് നന്ദി നജുക്ക, മക്കളുടെ കുസൃതികളും വാശികളും ഒക്കെ കാണുമ്പോ പലരും മറ്റൊന്നും ചിന്തിക്കാതെ വഴക്ക് പറയ്വേം അടിക്ക്വേം ഒക്കെ ചെയ്യാറുണ്ട്, ഒന്നും വേണ്ടാ മക്കള്‍ കളിയ്ക്കാന്‍ പോയി ഒന്ന് വീണാല്‍ തന്നെ ആദ്യം ഒരടി കൊടുക്കുന്ന അമ്മമാര്‍ ഉണ്ട്, എങ്ങനെ വീണു,ആരേലും തള്ളിയിട്ടതാണോ എന്നൊക്കെ പിന്നീടെ ചിന്തിക്കൂ. പാവം മോന്‍റെ പ്രാര്‍ത്ഥന ഞങ്ങളുടെ കണ്ണ് നിറച്ചു...

  ReplyDelete
 7. അവതരണം ഇഷ്ടപ്പെട്ടു. കണ്ണ് നിറഞ്ഞു അവസാനമെത്തിയപ്പോഴേക്കും.

  ReplyDelete
 8. കുഞ്ഞുങ്ങൾക്ക് നന്മയ്യേ മനസ്സിലാവൂ​‍ൂ..നമ്മൾ വലിയവർക്കാണു...ഈ കള്ളവും..ചതിയും ഒക്കെ...എപ്പൊഴും ഒരു കുഞ്ഞായി ജനിച്ച് കുഞ്ഞായി മരിച്ചാൽ എന്തു രസമായിരിക്കും എന്നോ.....നല്ല പൊസ്റ്റ്...

  യുവയിൽ ഉള്ള എല്ലാവരും ഇവിടെ കൂടിയിരിക്കുന്നൊ.... ഉം... എന്നെ അറിയിക്കാണ്ട്...ക്ഷമിക്കില്ലാ..ഞാൻ ...അങ്ങോട്ടും വന്നേക്കണം കേട്ടോ...

  എന്നോരു പൈമ.....

  ReplyDelete
 9. അങ്ങനെ പള്ളി പെട്ടി അവനെ കാത്തു....

  ReplyDelete
 10. നന്മ നിറഞ്ഞ ഒരു കഥ..കുട്ടികളുടെ ആ നല്ല മനസ്സിനെ തൊട്ടുണര്‍ത്തിയ കഥ

  ReplyDelete
 11. ബന്ധങ്ങളുടെ ഇഴ ചെരലുകള്‍ ഹൃദയസ്പര്‍ശിയായി കുറിച്ചിട്ട ഈ കഥ ഏറെ ഇഷ്ട്ടപെട്ടു. മക്കളുടെ കാര്യങ്ങളില്‍ ആകുലതയോടെയുള്ള ആ മാതാവിന്റെ ഇടപെടല്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 12. ഇഷ്ടമായി.
  ചെറിയ കാര്യങ്ങളില്‍ പോലും കുഞ്ഞുങ്ങള്‍ നമ്മെ തോല്പ്പിച്ചുളകയും അല്ലേ! നല്ല വയനാ സുഖം നല്‍കി. മനസിലും തങ്ങി നില്‍ക്കുന്നു.

  ReplyDelete
 13. ഉചിതമായ സമയത്ത് തന്നെ ആണ് നജീബിക്ക്ക ഈ കഥ പോസ്റ്റ്‌ ചെയ്തത്,
  അത് കൊണ്ട് തന്നെ കഥ മനോഹരമായി ,
  കണ്ണിനെക്കാളുപരി മനസ്സിനെ ഈറനണിയിക്കുന്ന കഥാന്ത്യം .....
  നന്നായിട്ടുണ്ട്,

  ReplyDelete
 14. മനോഹരമായ അവതരണം. ഭാഷ നന്നായിട്ടുണ്ട്. ഒടുവില്‍ നന്മയില്‍ അവസാനിപ്പിച്ചത് വളരെ നന്നായി.

  ReplyDelete
 15. കുഞ്ഞു മനസ്സിന്‍റെ നന്മ ..നന്നായി ..

  ReplyDelete
 16. ഉമ്മാ ...എനിക്ക് ഇന്നും കൂടി മാത്രം ഉമ്മ അഞ്ചുറുപ്യ തന്നാ മതി.നാളെ മുതല് വേണ്ട...”
  വളരെ വ്യത്യസ്തമായ ഒരു പ്രമേയം സാധാരണക്കാരന്‌ മനസ്സിലാകുന്ന രീതിയില്‍ തന്നെ അവതരിപ്പിചിരിക്കുന്നു.
  അഭിനന്ദനങ്ങള്‍ ........
  എല്ലാ വീടുകളിലും മക്കള്‍ വഴക്ക് കൂടാറുണ്ട്, അവരെ അമ്മമാര്‍ അവരെ ശാസിക്കാരുമുണ്ട്.
  എങ്കിലും മക്കള്‍ എന്തിനാണ് വാശി പിടിച്ചു കരയുന്നതെന്നുള്ള കാരണം നമ്മില്‍ എത്ര പേര്‍ അന്വേഷിക്കാറുണ്ട്.........

  ReplyDelete
 17. നജീബ്ക്ക ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പര്യവസാനം . വല്ലാതെ ഫീല്‍ ചെയ്തു . സാദാരണ വീടുകളില്‍ കാണുന്ന സ്ഥിര സംഭവം . പറഞ്ഞ രീതി തീര്‍ത്തും നാടന്‍ ശൈലി . ഫോണ്‍ വരുമ്പോള്‍ വീടുകളില്‍ ഉമ്മംമാരുടെ സ്ഥിരം കാഴ്ചകള്‍ .....ഒരിക്കല്‍ക്കൂടി നജീബ്ക്ക അതി ഗംഭീരം . ആ കുഞ്ഞുമോനെ വര്‍ത്താനം മനസ്സില്‍ ഒരു പിടച്ചില്‍

  ReplyDelete
 18. നജീബ്ക അനിര്‍വചനീയമായ വായനനുഭാവും എന്നും നിങ്ങളുടെ വരികളില്‍ ഉണ്ടാവാറുണ്ട്.ആകാംക്ഷയോടെ ജിജ്ഞാസയോടെ എളുപ്പം വായിച്ചു തീര്കുമ്പോള്‍ കണ്ണുകള്‍ ഈറന്‍ അണിയുന്നു.കഥാ പത്രങ്ങളില്‍ ഒരാളായി നാം ഓരോരുത്തരും മാറുന്നു.കുട്ടിത്തത്തിന്റെ വികൃതിയും ആര്‍കും അളക്കാനാവാത്ത സാഹോദര്യവും കലര്പില്ലാത്ത സ്നേഹവും നന്നായി വരച്ചു കാട്ടിയിരിക്കുന്നു.ഇനിയും എഴുത്ത് അനുസ്യുതം തുടരുക.ദൈവാനുഗ്രഹം ഉണ്ടാവട്ടെ.അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍.

  ReplyDelete
 19. ശരിക്കും ഈ കഥ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചുകളഞ്ഞു
  മനസ്സിലേക്ക് ആഞ്ഞുതറക്കുന്ന രിതിയിലുള്ള വളരെ നല്ല എഴുത്ത്
  ജീവിതത്തിൽ കാണുന്ന നിത്യസത്യങ്ങളെ വളരെ മനോഹരമായി
  അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനം......

  ReplyDelete
 20. എന്നും ലളിതമായ ശൈലിയിലൂടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കഥയുടെ ആശയങ്ങളെ കൊണ്ടെത്തിക്കുന്ന നജീബ്ക്കാ ഈ കഥയും വളരെ മനോഹരമായി അവതരിപ്പിച്ചു.ഞാന്‍ പലവട്ടം വായിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.എന്റെ മോന്‍ ചെയ്തത് പോലെയാണ് എനിക്ക് അനുഭവപെട്ടത്‌.എന്റെ മോളുടെ പരീക്ഷക്കും എന്റെ മോന്‍ ഇങ്ങനെ ചെയ്തിരുന്നു.എന്നും രണ്ടു രൂപ അവന്‍ അവള്‍ക്കു വേണ്ടി പള്ളിയിലെ നേര്ച്ചപെട്ടിയില്‍ ഇടാറുണ്ടായിരുന്നു.ഇപ്പോള്‍ അവന്‍ ചെയ്യുന്നത്.നല്ല മാര്‍ക്ക് കിട്ടാന്‍ വേണ്ടി എല്ലാ നമസ്കാര സമയത്തും പള്ളിയില്‍ പോകാന്‍ തീരുമാനിച്ചു.അവര്‍ തമ്മിലുള്ള അടികൂടല് കാണുമ്പോള്‍ ഞാന്‍ കരുതും അവനു അവളോട്‌ ഒട്ടും സ്നേഹം ഇല്ല എന്നാണ്.എന്നാല്‍ ഞാന്‍ ഇപ്പോള്‍ മനസിലാക്കി..............

  ReplyDelete
 21. nalla avtaranam entha randuperum vazhakku kudan karanamnokkierikkayarikkum

  ReplyDelete
 22. കണ്ണുകൾ നനഞ്ഞു, ഹൃദ്യമായ അവതരണം ...

  ReplyDelete
  Replies
  1. നന്ദി അബ്ദുല്‍ ജലീല്‍ സാബ്

   Delete
 23. കഥയുടെ അവസാനം ..എന്റെ തൊണ്ട വേദനിക്കുന്നു. കണ്ണ് പുകയുന്നു..
  കുഞ്ഞുങ്ങള്‍ വാശി പിടിക്കുമ്പോള്‍ കാരണം ഊഹിച്ചു നമുക്ക് അരിശം വരുന്നു. എന്തിനാണ് അവര്‍ വാശി പിടിക്കുന്നതെന്ന് ഞാനും ഇതേ വരെ അന്വേഷിചിട്ടില്ലല്ലോ.അതിനും മുന്‍പേ ഓരോ തീരുമാനങ്ങളില്‍ എത്തിചെരുകയല്ലേ..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ