Monday, December 24, 2012

വികസനത്തിന്റെ ക്യൂ



ഒന്നിച്ചു പഠിച്ച സുഹൃത്തിനോടൊപ്പം അവന്റെ പുതിയ വീടിന്റെ പണി നടക്കുന്നത്  കാണാന്‍  പോയതായിരുന്നു. ഗള്‍ഫിലും നാട്ടിലുമായി കുറെ ബിസിനസ്സുകളും തിരക്കുകളുമുള്ള അവന്‍ മൂന്നാല് ദിവസത്തേക്ക്  എന്തോ ബിസിനസ് ആവശ്യത്തിനു നാട്ടില്‍ വന്നതാണ്.
ഭാര്യയും,മക്കളും,ബാപ്പയും,ഉമ്മയുമൊക്കെ ദുബായിലാണുള്ളത്. തറവാടും ബന്ധുക്കളും എല്ലാം നാട്ടിന്‍പുറത്താണെങ്കിലും അവിടെ വീടുണ്ടാക്കാന്‍  അവന്  താല്പര്യമില്ല.ടൌണിനടുത്താവുമ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം എളുപ്പമുണ്ട്.വീടുപണി തുടങ്ങിയിട്ട് അഞ്ചാറ്  മാസമായി.

കോഴിക്കോട്ടെ നഗരത്തിരക്കില്‍ നിന്ന് മാറി ഹൈവേയ്ക്കടുത്ത്. വീടെന്ന് പറഞ്ഞാല്‍ പോര മിനി കൊട്ടാരം തന്നെ.സ്വിമ്മിംഗ്പൂള്‍ അടക്കം  എല്ലാ സൌകര്യങ്ങളുമുണ്ട്.ഇതിനോട് കട്ടക്ക് നില്‍ക്കുന്ന വീടുകളാണ്  തൊട്ടടുത്തുള്ളതൊക്കയും.അതൊന്നും ഗള്‍ഫുകാരുടെതല്ല.ടൌണിലെ ബിസിനസ്സുകാര്‍,വലിയ ഉദ്യോഗസ്ഥര്‍,സിനിമാക്കാര്‍....

കൊല്ലത്തില്‍ ഒരു മാസമെങ്കിലും നിനക്കും കുടുംബത്തിനും ഇവിടെ വന്നു നില്‍ക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് അവന്‍ ചിരിച്ചു.എന്നായാലും നാട്ടില്‍ ഒരു വീട് വേണ്ടേ എന്ന ന്യായം പറഞ്ഞു.
ഉച്ചവരെ വീടുമുഴുവന്‍ ചുറ്റിക്കണ്ടു.വീടിന്റെ എന്‍ജിനീയറും കോണ്‍ട്രാക്ടറും ഉണ്ടായിരുന്നു കൂടെ.അവരൊന്നിച്ച്  വയനാട്ടില്‍ ചെയ്യാന്‍ പോകുന്ന വില്ലാ പ്രൊജക്ടിനെ  കുറിച്ചൊക്കെ സംസാരിച്ചു കഴിയുമ്പോഴേക്കും ഉച്ചയായിരുന്നു.ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ടൌണിലേക്ക് നീങ്ങി.

സുഹൃത്ത് ചോദിച്ചു.
“നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ പഠിക്കുന്ന കാലത്ത് ഇവിടെ ഒരു ടാക്കീസ് മാത്രമേ ഉണ്ടായിരുന്നു.ചുറ്റും നീണ്ടു കിടക്കുന്ന വയലുകള്‍ മാത്രം ഉള്ള സ്ഥലം”
എങ്ങനെ മറക്കാനാണ്.അന്നൊക്കെ ടൌണില്‍ നിന്ന് റിലീസ് സമയത്ത് തന്നെ ഏതെങ്കിലും സിനിമകള്‍ കാണാന്‍ വിട്ടുപോയാല്‍ ഞങ്ങള്‍ ഒന്നിച്ച്  ഈ ടാക്കീസില്‍ വന്നാണ് പൂരിപ്പിച്ചിരുന്നത്.
ഇപ്പോള്‍ ആ ടാക്കീസില്ല.പരന്നു കിടന്ന  വയലുകളുടെ സ്ഥാനത്ത് പുതിയ കാര്‍ ഷോറൂമുകള്‍.ഹോണ്ട,ഹ്യൂണ്ടായ്,വോക്സ് വാഗണ്‍......... 

വണ്ടി നിരത്തിലേക്കിറങ്ങിയപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര.എന്തോ ബ്ലോക്കാണ്.
“ഉള്ള റോഡിനു വീതി കൂട്ടില്ല.....പുതിയ റോഡുണ്ടാക്കാന്‍ സമ്മതിക്കുകയുമില്ല”
ന്യൂ ജനറേഷന്‍ എന്‍ജിനീയര്‍ ക്ഷോഭം കൊണ്ടു
“ഈ രാഷ്ട്രീയക്കാരെയൊക്കെ  ആദ്യം വെടിവെച്ചു കൊല്ലണം ....എന്നാലേ ഈ നാട് നന്നാവൂ ... ഒരു വികസനവും വരാന്‍ സമ്മതിക്കില്ല ....എല്ലാറ്റിനും സമരം”
 
ബ്ലോക്ക് ഒഴിവായി.വാഹനങ്ങള്‍ നീങ്ങാന്‍ തുടങ്ങി.കാര്‍ കോഴിക്കോട് നഗരത്തിലെ പേരുകേട്ട ഹോട്ടലിനു മുന്നില്‍ ചെന്ന് നിന്നു. പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തി ഹോട്ടലിലേക്ക് ചെന്നപ്പോള്‍ ഉള്ളില്‍ ഇടമില്ലാഞ്ഞിട്ടു  പുറത്തു സോഫയില്‍ കാത്തിരിക്കുന്നവരുടെ തിരക്ക്.ഇതിവിടെ നിത്യക്കാഴ്ച ആയതു കൊണ്ട് നല്ല  വിശപ്പുണ്ടായിരുന്നെങ്കിലും വയറിനോട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിശന്നോളാന്‍ പറഞ്ഞു.
ഒരാള്‍  വന്നു ഭവ്യമായി സ്വീകരിച്ചു...
“ഇരിക്കൂ സാര്‍ ..ഇപ്പോള്‍ ഒഴിയും..... നാലുപേരല്ലേ.....വിളിക്കാം”

ഒഴിവുള്ള ഇടങ്ങളിലായി ഞങ്ങള്‍ ഇരുന്നു.ടെലിവിഷനില്‍ കേരളത്തില്‍ വളര്‍ന്നു വരുന്ന പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി ചിത്രീകരിച്ചത്.വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഈ വലയില്‍ വീഴുന്നതിന്റെ ഉത്കണ്ഠ റിപ്പോര്‍ട്ടറുടെ  മുഖത്ത്.ശേഷം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അവതാരക  ഈ  തകര്‍ച്ചക്ക് കാരണം സ്ത്രീകളുടെ വസ്ത്രങ്ങളോടും,ആഭരണങ്ങളോടുമെല്ലാമുള്ള ഭ്രമം കൊണ്ട് കൂടിയാണ് എന്ന് ശക്തമായി വാദിക്കുന്നു.
ഉടനെ പരസ്യങ്ങളായി. കൊച്ചിയിലുള്ള  ഏഷ്യയിലെ ഏറ്റവും വലിയ ജൌളിക്കടയുടെയും,വെളുക്കാനുള്ള ക്രീമിന്റെയും,സ്വര്‍ണ്ണക്കടയുടെയുമൊക്കെ പരസ്യങ്ങള്‍......

ഹോട്ടലിനു മുമ്പിലെ ബില്‍ഡിംഗ് നോക്കി സുഹൃത്ത് ചോദിച്ചു.
“നമ്മുടെ പഴയ മ്യൂസിക്&സ്പോര്‍ട്സ് കട ഒക്കെ പോയി അല്ലെ ..”
ഞങ്ങള്‍ പഠിക്കുന്ന സമയത്ത് ബാറ്റും ബോളുമൊക്കെ വാങ്ങിയിരുന്നത് ആ കടയില്‍ നിന്നായിരുന്നു..ഇപ്പോള്‍ അതെല്ലാം ഒഴിവാക്കി അവരുടെ തന്നെ ട്രെഡ്മില്‍ ഷോറൂമാണ്.അടുത്തുള്ള പുതിയ ബില്‍ഡിംഗില്‍ അമിതവണ്ണം കുറയ്ക്കാനുള്ള ക്ലിനിക് ...തടിയന്മാരുടെയും മെലിഞ്ഞവരുടെയും ചിത്രങ്ങള്‍.....

ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ അകത്തേക്ക് ക്ഷണിച്ചു. അന്നത്തെ സ്പെഷല്‍ വിഭവം അടക്കം ഓര്‍ഡര്‍ കൊടുത്ത് വിശപ്പിനോട് അരമണിക്കൂര്‍ കൂടി ക്ഷമിക്കാന്‍ പറഞ്ഞ് ഏസിയുടെ തണുപ്പില്‍ അരണ്ട വെളിച്ചത്തില്‍ നേരിയ സംഗീതം ആസ്വദിച്ച് ഞങ്ങളിരുന്നു.അപ്പുറത്തെ ടേബിളുകളില്‍ കാത്തിരുന്ന്‍ അക്ഷമരായ ചെറിയ കുട്ടികള്‍ ഓടിക്കളിക്കുന്നു.

സിനിമാതാരങ്ങളും,രാഷ്ട്രീയ നേതാക്കളുമടക്കം വലിയ വീ ഐ പി കള്‍ ഈ ഹോട്ടലില്‍ വരാറുണ്ട്.അത്രയ്ക്ക് രുചിയാണ് ഇവിടെ ഭക്ഷണത്തിന്.തിരക്കൊഴിഞ്ഞ നേരമില്ല.കോഴിക്കോട് തന്നെ മൂന്നു ബ്രാഞ്ചുകള്‍,പിന്നെ ഒന്ന് ദുബായില്‍.....രുചിയുടെ കാര്യത്തില്‍ ടൌണില്‍  ഇങ്ങനെ മൂന്നാല് ഹോട്ടലുകള്‍ ഉണ്ട്..വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കുടുംബ സമേതം സ്വസ്ഥമായി ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം അത് കൊണ്ട് തന്നെ പകലും രാത്രിയുമൊക്കെ ഇവിടെ തിരക്കോട് തിരക്ക് തന്നെ.....

അര മണിക്കൂറോളം കാത്തിരുന്നപ്പോള്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ എത്തി.പുതിയ രുചിക്കൂട്ടുകള്‍.......

നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് വെയ്റ്റര്‍ കൊണ്ടുവെച്ച മടക്കിയ ‘കിത്താബി’ലേക്ക് തിരുകിയ  വലിയ രണ്ട് ‘ഗാന്ധിത്തല’കളി ല്‍ ‘ടിപ്പും’ കഴിച്ച് ബാക്കിയൊന്നും ഉണ്ടായിരുന്നില്ല.

പുറത്തേക്കിറങ്ങിയപ്പോള്‍ ഉള്ളില്‍ കയറാന്‍ കാത്തിരിക്കുന്നവരുടെ തിരക്ക് പിന്നെയും കൂടിയിരിക്കുന്നു.സോഫകള്‍ നിറഞ്ഞ് മേദസ്സ് നിറഞ്ഞ പുരുഷന്മാര്‍ ,തിളങ്ങുന്ന വസ്ത്രങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഇറങ്ങിയ പോലെ സ്ത്രീകള്‍...,

നഗരത്തിനു നല്ല ചൂടായിരുന്നു.ഹൈവേയിലേക്ക് കയറാനുള്ള പോക്കറ്റ് റോഡിലൂടെ വണ്ടിയെടുത്തു.ചെറിയൊരു ആള്‍ക്കൂട്ടവും ബഹളവും.വാഹനങ്ങള്‍ നിന്നു.ഗവണ്മെന്‍റ് വക ക്രിസ്തുമസ് ചന്തയുടെ മുന്നിലെ നീണ്ട ക്യൂവിനും തിരക്കിനും ഇടയില്‍ നിന്നാണ്. ആരൊക്കെയോ ഒരു വൃദ്ധയെ  കൈകളില്‍ താങ്ങിയെടുത്ത് കൊണ്ടുവന്ന് അടുത്തുള്ള ഓട്ടോയില്‍ കയറ്റാന്‍ നോക്കുന്നു.

“ക്യൂ നില്‍ക്കുമ്പോള്‍ തലചുറ്റി വീണതാ.....ആശുപത്രിയിലേക്ക് കൊണ്ടുപോകാം ”
ആരോ പറഞ്ഞു.
ഓട്ടോയില്‍ കയറ്റാന്‍ നോക്കിയപ്പോള്‍ ആ സ്ത്രീ വേവലാതിയോടെ പറഞ്ഞു
“വേണ്ട ..മക്കളെ ..വേണ്ട ..എനിക്കൊന്നൂല്യ ... രാവിലെ ചായ കുടിച്ചിട്ടില്ല...അതോണ്ട് തല ചുറ്റ്യേതാ.......എത്ര മണിക്കൂറായി നിക്കുന്നതാ  ”
“ഒന്ന് ആസ്പത്രീല്‍ കാണിച്ചൂടയ്നോ ....ഇങ്ങള് തല അടിച്ചാ വീണത്‌.”
“അത് സാരല്യ മോനെ.......”
അവര്‍  പിന്നെയും ധൃതിപ്പെട്ട് ക്യൂവിലേക്ക് പോകാന്‍ തുടങ്ങി
“ആസ്പത്രി ഇവ്ടെ അടുത്ത് തന്നല്ലേ....ഒന്ന് വേഗം കാണിച്ചിട്ട്...... ”
അവരെ  താങ്ങിയെടുത്ത് കൊണ്ടുവന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍  കൂടി ചോദിച്ചു.
“വേണ്ട മോനെ....” ആ സ്ത്രീ   കരഞ്ഞുകൊണ്ട്‌ പറഞ്ഞു
“...പകുതി വിലക്ക് അരി കിട്ടും എന്നറിഞ്ഞിട്ട് കടം വാങ്ങിച്ച പൈസയും കൊണ്ട് രാവിലെ മുതല് വന്നു നിക്കുന്നതാ.... ഈ അരി കിട്ടീട്ടില്ലേല്‍ ഇന്നും വീട്ടില്‍ പട്ടിണിയാ മോനെ....അതോണ്ടാ ......മോനോന്നും തോന്നണ്ട”
അവര്‍ വീണ്ടും നീണ്ട വരിയിലേക്ക് കയറി നിന്നു.

ഞങ്ങളുടെ കാറ് നീങ്ങി.ഞാന്‍ പുറകിലേക്ക് നോക്കി.ഹോട്ടലിന്റെ പാര്‍കിംഗ് സ്ഥലവും കഴിഞ്ഞ് വാഹനങ്ങള്‍ പുറത്തു ക്യൂ നില്‍ക്കുന്നു.ക്ഷമയോടെ

സുഹൃത്ത് റേഡിയോ ഓണ്‍ ചെയ്തു.
“സംസ്ഥാനത്തെ ഒരന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഉപഭോക്താക്കള്‍ക്ക് നൂറ്റിയൊന്ന് കിലോ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കുന്നു........”

ഞങ്ങള്‍ കാറിന്റെ ചില്ലുയര്‍ത്തി ഏ സി ഓണാക്കി.ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സാധ്യതകളെ കുറിച്ചും കേരളത്തിന്റെ വികസനത്തെ കുറിച്ചും  ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

Sunday, December 16, 2012

കോട്ടിയുടെ വലിപ്പമുള്ള സൂര്യന്‍


ചായകുടി ഒക്കെ കഴിഞ്ഞ് പത്രം അരിച്ചു പെറുക്കുമ്പോഴാണ്‌ മുറ്റത്ത് ബൈക്കിന്റെ ശബ്ദം.കൂട്ടുകാരനാണ്.
“എപ്പഴാ വന്നത്”
“മൂന്നാഴ്ച ആയി”

ഒന്നിച്ചു പഠിച്ചവരാണ് ഞങ്ങള്‍.അവന്‍ നാട്ടില്‍ തന്നെ അല്ലറ ചില്ലറ പണിയുമായി കൂടി.പിന്നെ കുറേക്കാലം ഒരു ട്രക്കര്‍ സര്‍വ്വീസ് നടത്തി.ഇപ്പോള്‍ റിയല്‍എസ്റ്റേറ്റ് ആണ് ഏര്‍പ്പാട്.

“എന്നിട്ട് പൊരേല്‍ തന്നെ കുത്തിരിക്ക്യാ............പുറത്തേക്കൊന്നും കാണലില്ലാലോ”
“കുറഞ്ഞ ദിവസത്തെ ലീവേ ഉള്ളൂ....അതോണ്ട് കഴിയുന്നതും.............”
“എന്നാപ്പിന്നെ നെനക്ക് ഒരു കാറെടുത്ത് പെണ്ണുങ്ങളേം കുട്ട്യേളേം കൂട്ടി ഒരു ടൂറൊക്കെ പോയ്ക്കൂടെ .....അങ്ങനൊക്കല്ലേ എല്ലാരും ..”
“മ്മളെ നാട് തന്നെ കണ്ട് തീര്‍ന്നിട്ടില്ല............പിന്നല്ലേ ടൂറ്...”
“ഹും....ആയിക്കോട്ടെ ....പൈസ ചെലവായിപ്പോകണ്ട ....നിന്റെ കഞ്ഞിത്തരം..... അത് വിട് ...പൈസ ഉണ്ടാകുന്ന ഒരു കാര്യം പറയട്ടെ”
“പറ”
“ചെറിയൊരു സ്ഥലണ്ട്....നോക്കുന്നോ .......മുപ്പത് സെന്റ്‌....ഒരുറുപ്പ്യ ആകും ..”
“ഒരുറുപ്പ്യ ന്ന് വെച്ചാ....”
“ഒരു കോടി”
 നിസ്സാരമായി അവന്‍ വിശദീകരിച്ചു.പോരാതെ അടുത്ത് വന്ന് സ്വകാര്യം പോലെ ഇത് കൂടി പറഞ്ഞു.
“രജിസ്ട്രേഷന്‍ കഴിഞ്ഞ് ഉടനെ മറിച്ചു കൊടുത്താ ഒന്നേ പത്തിന് എടുക്കാന്‍ ഇപ്പൊ തന്നെ ആള് റെഡീണ്ട്”
എന്നാല്‍പിന്നെ അയാള്‍ക്ക്‌ തന്നെ വാങ്ങി കൊടുത്തൂടെ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ഒരു കോടി എന്ന് കേട്ട അമ്പരപ്പില്‍ ചോദ്യം പുറത്തേക്ക് വന്നില്ല.
“കുഞ്ഞിമ്മോനെ ......ജീവിതകാലം മുഴുവന്‍ ഞാന്‍ കുവൈത്തില്‍ നിന്നാലും നീ പറഞ്ഞ ഒരു കോടീല് ഞാന്‍ എത്തുന്നു തോന്നുന്നില്ല  ......... വേറെ എന്തെങ്കിലും നാട്ടുവിശേഷം പറ”
അതിനിടെ അവന്റെ മൊബൈല്‍ നിലവിളിച്ചു
“ഹലോ....ഹലോ.....ങാ ഇപ്പൊ എത്താം...പുറപ്പെടാം..ഞാന്‍ റെഡി ..പറ്റിയാ ഇന്ന് തന്നെ ഖബൂലാക്കാ ...”
“പയ്യോളി ഉള്ള ഒരു പാര്‍ട്ടിയാ ....ഖത്തറില്‍ മൂന്നാല് ഹോട്ടലൊക്കെ ഉള്ള ടീമാ ....കോഴിക്കോട് ഒരു പ്ലോട്ട് ...മൂന്നുറുപ്പ്യ ആകും ...ചെലപ്പോ ഇന്ന് തന്നെ കച്ചോടം ഉറപ്പിക്കും .... ...ഞാന്‍ പോട്ടെ..ഓല് വണ്ടീം കൊണ്ട് ഇപ്പൊ എത്തും.”
“ഇരിക്ക്........ വെള്ളം എടുക്കുന്നുണ്ട് ..കുടിച്ചിട്ട് പോകാം”
“നേരല്ല മോനെ.... നെന്നോട് കഥ പറഞ്ഞു കുത്തിരിഞ്ഞിറ്റ് ഒരു കാര്യോല്ല ..........ഇഞ്ഞൊക്കെ എന്ത് ഗള്‍ഫുകാരനാടോ വെറുതെ ഗള്‍ഫിനെ പറയിപ്പിക്കാന്‍”
അവന്‍ തിരക്കിട്ട് പോയി.ഭാര്യ കൊണ്ട് വന്ന നാരങ്ങവെള്ളം രണ്ടു ഗ്ലാസ്സും ഒറ്റവലിക്ക് കുടിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് എനിക്ക് സൂര്യനേക്കാളും വലിപ്പം തോന്നിച്ച ‘കോടി’ എന്നുമുതലാ പടച്ചോനെ അവനിങ്ങനെ ഒരു കോട്ടി*യെക്കാളും നിസ്സാരമായിപ്പോയത് എന്നായിരുന്നു.
കോട്ടി=ഗോലി

Wednesday, November 28, 2012

മനുഷ്യന്മാരുടെ ഒരു കാര്യം



ഇന്നലെ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ബസ്‌സ്റ്റോപ്പിലും ബസ്സിലുമായി രണ്ടുപേരുടെ ഡയലോഗ്... 

“അരമണിക്കൂറായി ബസ്സ്‌ കാത്തു നില്‍ക്കാന്‍ തുടങ്ങീട്ട് ...ലിമിടഡ് സ്റ്റോപ്പ്‌ ആണെന്ന് പറഞ്ഞിട്ടെന്താ ഒറ്റയെണ്ണം നിര്‍ത്തണ്ടേ ?....”
“ഇവന്റെയൊക്കെ ഈ മരണപ്പാച്ചില്‍ .....ആളുകളുടെ ജീവന്‍ കൊണ്ടാ കളി എന്ന് ഓര്‍മ്മയില്ല....ദിവസവും എത്രയെത്ര അപകടങ്ങളാ ...”
“അന്യായ ചാര്‍ജ് ....നമ്മുടെയൊക്കെ നികുതി കൊണ്ടുണ്ടാക്കിയ റോഡ്‌ ഇവന്മാരുടെ പറപ്പിക്കല്‍ കണ്ടാല്‍ തോന്നും നിരത്ത് ഇവരുടെ തറവാട്ടു സ്വത്താന്ന് .....ജനങ്ങള്‍ക്ക്‌ ഉപകാരമില്ലെങ്കില്‍ പിന്നെ എന്തിനാ ..”
“ചോദിക്കാനും പറയാനും ആളില്ല......എങ്ങനെ ആളെ കയറ്റാതെ പോകാം എന്നാണു ചിന്ത.ആള് ഇറങ്ങാനുണ്ടെങ്കില്‍ സ്റ്റോപ്പില്‍ നിന്ന് പരമാവധി ദൂരെ നിര്‍ത്തി ..നിര്‍ത്തിയില്ല എന്നമട്ടില്‍ ആളെ ഇറക്കി ഒരു പാച്ചില്‍. ബസ് സ്റ്റോപ്പില്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നത് മനുഷ്യന്മാര്‍ ആണെന്ന ചിന്തപോലും ഇല്ല... .”
“ഒരു ബസ്സ്‌ വരുന്നുണ്ട് ...കൈ കാണിക്കുന്നില്ല എന്തിനാ വെറുതെ സൗകര്യം ഉണ്ടെങ്കില്‍ നിര്‍ത്തട്ടെ...”
“ഹാവൂ ...ഇതെന്തതിശയം സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്ന ബസ്സോ ....വേഗം കേറ്..ഇത്ര നല്ല ബസ്സുകാരും ഉണ്ടല്ലോ...”

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞ ശേഷം ഇവരുടെ സംഭാഷണം

“അല്ലാ ഇത് ഇന്ന് തന്നെ കോഴിക്കോട്ട് എത്ത്വോ?”
“സകല സ്റ്റോപ്പിലും നിര്‍ത്തി ആളെ പെറുക്കി ഇങ്ങനെ പോയാ ...”
“ഇതിന്റെ ഡ്രൈവര്‍ പണ്ട് കാളവണ്ടി ഓടിക്കുന്ന ആളായിനോ ....ഇങ്ങനെ ഇഴഞ്ഞിഴഞ്ഞ് ....”
“കേറി കെണിഞ്ഞല്ലോ പടച്ചോനെ ...ഇതറിഞ്ഞിരുന്നെങ്കില്‍ കൊന്നാ കേറൂലായിനും ....പെട്ടുപോയീന്ന് പറഞ്ഞാ മതിയല്ലോ”
“ഓന്റെ ഓലക്കമ്മലെ ഒരു ബസ്സ്‌ ...അന്യായ പൈസയും കൊടുത്ത് ഈ പാട്ടയില്‍ കേറി കുടുങ്ങ്യല്ലോ ...ഈ കാലത്തും ഈ ബസ്സിലൊക്കെ കേറുന്ന മനുഷന്മാരെ സമ്മയിക്കണം .....”
“ഹും സഹിക്കന്നെ ......... എന്തായാലും കേറി ടിക്കറ്റ് എടുത്തുപോയില്ലേ”

Thursday, November 22, 2012

സുബ്ബയ്യ



സുബ്ബയ്യ ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുണ്ടാവുമോ?..... ‘ബദ് വേലി’ലെ മുളകുപാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍  ഇരുന്ന് അയാള്‍ ഇപ്പോഴെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.

സുബ്ബയ്യ എന്റെ കടയിലെ കസ്റ്റമര്‍ ആണ്.ആന്ധ്രപ്രദേശിലെ കടപ്പ ജില്ലക്കാരായ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍.കത്തുന്ന വേനലിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും പുലര്‍ച്ചെ നാലുമണിക്ക് ജോലിക്ക് പോയി സന്ധ്യകഴിഞ്ഞ്  തിരിച്ചെത്തുന്ന,മൊസൈക്ക്പണിയും കോണ്‍ക്രീറ്റിനു കമ്പി കെട്ടുന്ന പണിയുമൊക്കെയായി കഴിയുന്ന ‘കടപ്പക’ളില്‍ ഒരാള്‍.

കുറെയായി അറിയാമെങ്കിലും മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ സുബ്ബയ്യയെ അടുത്ത് പരിചയപ്പെടുന്നത്.നിത്യവും രാവിലെ ജോലിക്ക് പോയി വൈകീട്ട് വന്നു കൊണ്ടിരുന്ന സുബ്ബയ്യ ഒരു ദിവസം  പകല്‍ സമയത്ത് കടയില്‍ സിഗരറ്റിനു വന്നപ്പോള്‍ അന്വേഷിച്ചതിനു അയാള്‍ മറുപടി പറഞ്ഞു.

“ഇക്കാമ ആയിപ്പോയുന്തി ഇങ്ക കൊട്ടലേതു.ഡബ്ബിലു ഇച്ചി സാല റോസായുന്തി....ബൈട്ടു ചെക്കിംഗ് എക്ക്വ കാതാ ....പണിക്ക് പോലേതു..”

ഇക്കാമ തീര്‍ന്നിട്ട് ദിവസങ്ങളായി.ഏജന്റ് പണവും വാങ്ങിപ്പോയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ അടിച്ചിട്ടില്ല.വിളിക്കുമ്പോഴൊക്കെ ഇന്ന് നാളെ എന്ന് പറഞ്ഞു കളിക്കുകയാണ്.പുറത്തു ചെക്കിംഗ് അധികമായത് കൊണ്ട് പണിക്ക് പോവാറില്ല.

രണ്ടുമാസം സുബ്ബയ്യ റൂമില്‍ അതേ ഇരിപ്പ് ഇരിക്കേണ്ടി വന്നു.ധാരാളം സിഗരറ്റ് വലിച്ചു തള്ളി.തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത സുബ്ബയ്യയെ ഞാന്‍ അടുത്തറിയുന്നത് ആ കാലത്താണ്.റൂമില്‍ ഒറ്റയ്ക്കിരിക്കുന്ന മടുപ്പ്‌ ഒഴിവാക്കാന്‍ സുബ്ബയ്യ കടയില്‍ വന്നു എന്നോട് വര്‍ത്തമാനം പറഞ്ഞു.

നാട്ടില്‍ വ്യവസായ(കൃഷി)മായിരുന്നു സുബ്ബയ്യയുടെ ജോലി.ഏക്കറുകളോളമുള്ള സ്വന്തം ഭൂമിയില്‍ സുബ്ബയ്യ പലതരം കൃഷികള്‍ ചെയ്തു.മുളക്,നിലക്കടല,റാഗി....ഏറണാകുളത്ത് ചെറുനാരങ്ങ വില്‍ക്കാന്‍ കൊണ്ട് വന്ന കഥ എന്നോട് പലവട്ടം പറഞ്ഞു......ഒരുപാട് ജോലിക്കാരുമായി നേരം പുലരും മുമ്പ് കൃഷിയിടത്തില്‍ എത്തും.വീട്ടു ജോലികള്‍ ഒതുക്കി കഴിഞ്ഞാല്‍ കൂട്ടിനു ഭാര്യ സുബ്ബമ്മയും ഉണ്ടാകും.ജോലിയുടെ ഇടവേളകളില്‍ മരത്തണലില്‍ ഇരുന്ന് സുബ്ബമ്മ ഉണ്ടാക്കി കൊണ്ടുവന്ന ‘സങ്കട്ട്’* കഴിക്കും.

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായല്ല സുബ്ബയ്യ ആ കഥകളൊക്കെ പറഞ്ഞത്.ഓര്‍മ്മകളില്‍ ലയിച്ച് അയാളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.ആ ജീവിതത്തില്‍ അനുഭവിച്ച സന്തോഷങ്ങളൊക്കെ അയാളുടെ മുഖത്ത് കണ്ടു.....അപ്പോള്‍ അയാള്‍ നിലക്കടല പാടങ്ങളില്‍ നിന്നു വീശുന്ന കാറ്റേറ്റ്‌ സുബ്ബമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുകയാണെന്ന് തോന്നി.അയാളുടെ കണ്ണില്‍ സുബ്ബമ്മയുടെ ചുവന്ന മൂക്കുത്തി തിളങ്ങി......

എല്ലാ സന്തോഷങ്ങളും പെട്ടെന്നാണ് ഒടുങ്ങിയത്.മഴ ചതിച്ചതുകൊണ്ടും കനാലില്‍ ശരിക്കും വെള്ളം എത്താത്തത് കൊണ്ടും കൃഷി നശിക്കാന്‍ തുടങ്ങി.പണിക്കാരെ ചൊവ്വിനു കിട്ടാതായി.സുബ്ബയ്യയുടെ ഏക ആണ്‍തരി പത്തുവയസ്സുകാരന്‍ കാലു രണ്ടും നെഞ്ചോട്‌ ചേര്‍ന്ന്  നടക്കാനാവാതെ ഇഴഞ്ഞാണ് സഞ്ചരിച്ചിരുന്നത്.പിന്നെയുള്ളത് മൂത്ത രണ്ടു പെണ്‍കുട്ടികള്‍.മകന്റെ ചികിത്സക്കായി പലപ്പോഴും മദ്രാസ്സില്‍ പോകേണ്ടിവന്നത് കൊണ്ട് സുബ്ബയ്യക്കും ഭാര്യക്കും കൃഷിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി.ചികിത്സാ ചെലവുകളും,ഉത്പന്നങ്ങളുടെ വിലയിടിവും എല്ലാം കൂടി അയാളെ ഞെരുക്കാന്‍ തുടങ്ങി.ഭൂമി പണയം വെച്ച് പണം പലിശയ്ക്ക് വാങ്ങി.കുറെ സ്ഥലങ്ങള്‍ വില്‍ക്കേണ്ടി വന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ കുവൈത്തില്‍ എത്തി.നിര്‍മ്മാണ ജോലിക്കാരില്‍ ഒരാളായി.

കുവൈത്ത് ജീവിതം ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ സുബ്ബയ്യ നിരാശയോടെ പറഞ്ഞു.
“മാ ഇണ്ട്ക്കാടനെ മഞ്ചതു സാര്‍..........ഇക്കട ഏമുന്തി .....അക്കട മാ വ്യവസായം ഭാര്യ പുള്ളവാളു...മാ ടൈം ശരി ലേതു”
നാട് തന്നെ നല്ലത് ..ഇവിടെ എന്തുണ്ട് ..അവിടെ എന്റെ കൃഷി ..ഭാര്യ കുട്ടികള്‍ എന്റെ സമയം ശരിയല്ല ............അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ നിന്നും മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത,പ്രിയപ്പെട്ടവളും മക്കളും ചേര്‍ന്നുള്ള ആ നല്ല നാളുകളുടെ ഓര്‍മ്മ.ഇതൊക്കെ സുബ്ബയ്യയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

“മാ സുബ്ബമ്മക്കു ഇപ്പുടു കഷ്ടം എക്ക്വ ........”
അതാണ്‌ അയാളെ വല്ലാതെ വിഷമിപ്പിച്ചിരുന്നത്.സുബ്ബമ്മ വല്ലാതെ പ്രയാസപ്പെടുന്നു.അയാള്‍ നാട്ടില്‍ ഉള്ളപ്പോള്‍ രോഗിയായ മകന്റെ  കാര്യങ്ങളില്‍ കുറെയൊക്കെ സുബ്ബയ്യ സഹായിക്കുമായിരുന്നു.അച്ഛന്‍ അടുത്തില്ലാത്തത് അവനു വല്ലാത്ത വാശിയും....പിന്നെ വീട്ടുകാര്യങ്ങളും ഒപ്പം കടക്കാരുടെ ശല്യവും.

ബാക്കിയുള്ള സ്ഥലത്ത് കൃഷിയൊക്കെ അവള്‍ തന്നെയാണ് നോക്കുന്നത്.വീട്ടിലെ പ്രയാസങ്ങളൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ക്കറിയാം.ഇവിടുത്തെ ഇഖാമയും പ്രശ്നങ്ങളും ഒന്നും അവളോട്‌ പറയാറില്ല.എപ്പോഴാണ് നാട്ടില്‍ വരുന്നത് എന്ന ചോദ്യത്തിന് അടുത്ത ‘യുഗാദി’ക്ക് വരും എന്ന് സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.
“വിഷമങ്ങളൊക്കെ അവള്‍ നന്നായി പുകയില കൂട്ടി മുറുക്കിത്തുപ്പി തീര്‍ക്കും” അയാള്‍ ചിരിച്ചു “ഒന്നും പുറത്തറിയിക്കില്ല...പാവം”

രണ്ടു മാസം കഴിഞ്ഞിട്ടും ഇഖാമ അടിച്ചില്ല.കൊടുത്ത അഞ്ഞൂറ് ദിനാര്‍(ഒരു ലക്ഷം ഇന്ത്യന്‍ രൂപ)അറബിയോ ഏജന്റോ മുക്കി.പിന്നെ എങ്ങനെയൊക്കെയോ തനാസില്‍(release) വാങ്ങി മറ്റൊരു അറബിയെ കൊണ്ട് ഇഖാമ അടിപ്പിച്ചു.അതിനും അഞ്ഞൂറ് ദിനാര്‍  ചെലവായി.അതുവരെ ഉള്ള ഫൈനും എല്ലാം കൂടി മൂന്നു ലക്ഷത്തോളം രൂപയായി  ഇഖാമ അടിച്ചു കഴിയുമ്പോള്‍.

ഇഖാമ അടിച്ചു പണിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സുബ്ബയ്യയെ അപൂര്‍വ്വമായെ പകല്‍ സമയത്ത് കാണാറുള്ളൂ.ഇന്നലെ ഉച്ചക്ക് സുബ്ബയ്യ കടയില്‍ വന്നു നൈലോണ്‍ കയറും പേപ്പര്‍ ടേപ്പും വാങ്ങാന്‍.
“ഏം സുബ്ബയ്യ യെവരുനാ സാഫര്‍ പോത്താവാ”
ആരാ നാട്ടില്‍ പോകുന്നത് ഞാന്‍ ചോദിച്ചു
“മേം പോത്താ സാര്‍...”
സുബ്ബയ്യ നാട്ടില്‍ പോകുന്നു എന്ത് പറ്റി പെട്ടെന്ന്!!!
അയാളുടെ  കണ്ണുകള്‍  നിറഞ്ഞിട്ടുണ്ട്‌ പിറുപിറുക്കുംപോലെ സുബ്ബയ്യ പറഞ്ഞു
“മാ സുബ്ബമ്മ .....”
സുബ്ബമ്മ!!!
സുബ്ബമ്മ മരിച്ചു!!!!
കുറെയായി വയറു വേദന ആരെയും അറിയിച്ചില്ല.എന്തെങ്കിലും മരുന്ന് കഴിച്ചു തല്‍ക്കാലം നിര്‍ത്തും.ഒടുവില്‍ വല്ലാതെ കൂടിയപ്പോഴാണ് ഒരാഴ്ചമുമ്പ്  കടപ്പയിലെ ആശുപത്രിയില്‍ കാണിച്ചത്.മദ്രാസ്സിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.അവിടെ നിന്ന് സ്ഥിരീകരിച്ചു ക്യാന്‍സര്‍!!! അവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞെങ്കിലും സുബ്ബമ്മ സമ്മതിച്ചില്ല.തിരിച്ചു പോന്നു....ഇന്നലെ പെട്ടെന്ന് ബോധം കെട്ടുവീണു.അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.പിന്നെ മദ്രാസ്സിലേക്ക് കൊണ്ട് പോയി.ഇപ്പോള്‍ സുബ്ബയ്യ പണിസ്ഥലത്തു ഉള്ളപ്പോഴാണ് കൂട്ടുകാരന്റെ ഫോണിലേക്ക് നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞത് സുബ്ബമ്മയുടെ മരണ വിവരം.

“പോത്താവു സാര്‍ ..”
സുബ്ബയ്യ യാത്ര പറയുകയാണ്‌.ആ കറുത്ത മുഖത്ത് ഒരു മരവിപ്പ് മാത്രം.സുബ്ബമ്മയെ പറ്റി പറയുമ്പോള്‍ അയാളുടെ മുഖത്ത് വിടരുമായിരുന്ന  സന്തോഷം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു.

മദ്രാസിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സുബ്ബയ്യയെ കാത്ത് കിടക്കുന്ന  പ്രിയപ്പെട്ടവളുടെ അടുത്ത് അവന്‍ എത്തിയിട്ടുണ്ടാകും.എല്ലാ സങ്കടങ്ങളും അവനു ബാക്കി വെച്ചുകൊണ്ട് തിളങ്ങുന്ന മുക്കുത്തിയും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അവന്റെ സുബ്ബമ്മ ....... അവളുടെ മുഖത്ത് നോക്കി അവന്‍ നിശബ്ദനായി നിന്നിട്ടുണ്ടാകും.പിന്നെ അവനും ബന്ധുക്കളും ആംബുലന്‍സില്‍ സുബ്ബമ്മയുടെ മൃതദേഹവുമായി നാട്ടിലേക്ക്.

 ‘ബദ് വേലിലെ മുളകുപാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് സുബ്ബയ്യ എന്തായിരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക.
--------------------------------------------- 
സങ്കട്ട് =അരിയും,മുത്താറിയും ചേര്‍ത്ത് ഉണ്ടാക്കുന്ന ആന്ധ്രക്കാരുടെ ഇഷ്ടവിഭവം.

Tuesday, October 30, 2012

ഉറക്കമില്ലാത്ത വീട്



ഇനി ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ എയര്‍ പോര്‍ട്ടിലേക്ക് പോകാന്‍ കാറെത്തും. ഇന്ന് തിരിച്ചു പോകുകയാണ്. പുലരാന്‍ ഇനിയും ഒരുപാട് നേരമുണ്ട്. ദിവസങ്ങളായി  പെയ്തൊഴിയാതെ ആകാശം  മൂടിക്കെട്ടിനില്‍ക്കുന്നത് കൊണ്ട്  ഒന്നുകൂടി കനത്ത പുറത്തെ ഇരുട്ടിലേക്ക് നോക്കി കിടന്നു........

'എന്നിട്ട് വേണം സ്വസ്ഥമായിട്ട് ഒന്നുറങ്ങാന്‍'
സ്വന്തം വീട് എന്ന സ്വപ്നം മനസ്സില്‍ നിറം വെക്കാന്‍ തുടങ്ങിയത് മുതല്‍ ഒപ്പം ആഹ്ലാദത്തിന്റെ കുമിളപോലെ മേലോട്ട് വന്നു ചിതറുന്ന വാക്കുകള്‍.

തൊട്ടില് കെട്ടിയ തുണിക്ക് വേണ്ടി വഴക്കിട്ട അമ്മാവനെ പറ്റി ഇത്താത്ത പിന്നീട്  പറഞ്ഞ അറിവാണെങ്കിലും പാതിരാത്രിയില്‍.തറവാട്ടില്‍ നിന്ന് പലപ്പോഴും ഞെട്ടി ഉണര്‍ന്നു കരഞ്ഞ ഓര്‍മ്മ കണ്ണീരു പോലെ ഉണങ്ങി പിടിച്ചു നില്‍ക്കുന്നുണ്ട്.ആ നാളുകളിലെന്നോ ആയിരിക്കും ഇങ്ങനെയൊരു മോഹവിത്ത് മനസ്സില്‍ കുഴിച്ചു വെച്ചത്.

ഉമ്മയുടെ കണ്ണുകള്‍ പോലെ കര്‍ക്കടകം പെയ്ത രാത്രികളില്‍ പലയിടങ്ങളിലായി നിരത്തിവെച്ച കരി പിടിച്ച പാത്രങ്ങളില്‍ മേല്‍പ്പുര ചോര്‍ന്നു വീഴുന്ന മഴവെള്ളം നോക്കി ഉറക്കമില്ലാതെ, മരുന്നിന്റെ മണമുള്ള ഉപ്പയുടെ കട്ടിലില്‍ കൂനിപ്പിടിച്ച് ഇരിക്കുമ്പോഴും ഇക്കാക്കയോട് സ്വകാര്യം പറഞ്ഞത് അത് തന്നെ.

പന്ത്രണ്ടാം വയസ്സില്‍ ഹോട്ടലില്‍ മേശ തുടച്ചും പാത്രം കഴുകിയും  കഴിഞ്ഞ നാളുകളില്‍   അടുക്കളയില്‍ തളര്‍ന്നുറങ്ങുമ്പോള്‍ പാതിരാത്രിയില്‍ കരിപിടിച്ച ശരീരത്തില്‍ ഇഴഞ്ഞു നടന്നു  ഉറക്കം കെടുത്തിയത് പെരുച്ചാഴി മാത്രമായിരുന്നില്ല.

മീശ കറുപ്പിച്ച് പാസ്പോര്‍ട്ടെടുത്ത് മരുഭൂമിയില്‍ എത്തിയപ്പോഴും കാത്തിരുന്നത് ഉറക്കമില്ലാത്ത രാത്രികള്‍.

വിയര്‍ത്തും വിറച്ചും കൂട്ടിവെച്ചതൊക്കെ പ്രിയപ്പെട്ടവര്‍ക്ക് വീതം വെച്ച് കൊടുത്തപ്പോഴും ഉറക്കമില്ലാത്ത രാത്രികളില്‍ നെഞ്ചില്‍ പറ്റിക്കിടന്നവളുടെ ചെവിയില്‍ സമാധാനിപ്പിച്ചു.

“അടുത്ത വരവിന് എന്തായാലും നമ്മുടെ വീടിന് കുറ്റിയടിക്കും ...ഒരു കൊല്ലം കൊണ്ട് നമ്മുടെ വീട്..... എന്റെ രാജകുമാരിക്കുള്ള കൊട്ടാരം .....എന്നിട്ട് വേണം സ്വസ്ഥമായി...................... ..”

മൂന്നുകൊല്ലം ഉറങ്ങാതെ അധ്വാനിച്ചും ഉണ്ണാതെ മുറുക്കെ പിടിച്ചും സ്വരുക്കൂട്ടിയത് കൊണ്ട് നാട്ടിലേക്ക് പറന്നപ്പോള്‍ സ്വപ്നം നേരാവാന്‍ പോകുന്നതിന്റെ ആഹ്ലാദമായിരുന്നു ഉള്ളില്‍.

ഉള്ളിലെ ചെറിയ വീട് അവളുടെ മനസ്സിലേക്ക് വരച്ചു വെച്ചപ്പോള്‍ അവള്‍ പറഞ്ഞു.

“നമുക്ക്‌ ഇത് മതിയാവും പക്ഷെ കുട്ടികള്‍ വലുതാകുകയല്ലേ..............പഴയ കാലമല്ല ഇപ്പോഴത്തെ വീടൊന്നും....”

ഒരു കട്ടിലും അതിന്റെ ചുവട്ടിലെ ഇടവും മാത്രം സാമ്രാജ്യമായ മരുഭൂമിയിലെ ഇടുങ്ങിയ മുറിയെ കുറിച്ച് പറഞ്ഞത് കൊണ്ടാവും അവള്‍ നിശബ്ദയായി.

മൂന്നു ദിവസം കാത്തു നിന്നാണ് സ്നേഹിതന്‍ പറഞ്ഞു തന്ന  എഞ്ചിനീയറെ നേരില്‍ കാണാന്‍ കഴിഞ്ഞത്. ആദ്യ ഇരിപ്പില്‍ തന്നെ മനസ്സില്‍ വരഞ്ഞു വെച്ച ചെറിയ വീട് അയാള്‍ പുഞ്ചിരിയോടെ ചുരുട്ടി ചവറ്റുകൊട്ടയിലിട്ടു.
മുന്നിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞു വന്ന വീടുകള്‍ ഞങ്ങളുടെ  കണ്ണില്‍ തിളങ്ങി നിന്നു. ബസ്സിറങ്ങി നടന്നു പോകുമ്പോഴാണ് കണ്ടത് കമ്പ്യൂട്ടറില്‍ നിന്ന് ഇറങ്ങി വന്ന വീടുകളാണ് ഓരോ പറമ്പുകളിലും വയലുകളിലും ......

മക്കളുടെ കൂട്ടുകാരുടെ വീടുകളിലെ സൌകര്യങ്ങളെ കുറിച്ച് അവര്‍ പറഞ്ഞു കൊണ്ടിരുന്നു. പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും അടുത്ത് ഗൃഹ പ്രവേശം കഴിഞ്ഞതുമായ പല വീടുകളും ചെന്ന് കണ്ടു. തന്നെപ്പോലെ ഗള്‍ഫില്‍ കൂലിവേല ചെയ്യുന്ന സാധാരണക്കാരുടെ കൊട്ടാരങ്ങള്‍........

എല്ലാരും ഇങ്ങനൊക്കെ തന്നെ....... കയ്യില്‍ മുഴുവന്‍ പൈസേം വെച്ചിട്ടാ പുരപ്പണി തോടങ്ങ്വ ..അതങ്ങ് നടക്കും....അതൊക്കെ ഒരു യോഗാ... .”

പ്ലാന്‍ വരപ്പിച്ചു വാങ്ങിയപ്പോള്‍ തന്നെ പുതിയ വീട്ടില്‍ പാര്‍പ്പു തുടങ്ങിയ സന്തോഷമായിരുന്നു.അവളും മക്കളും ഓരോ മുറികളിലും കയറിയിറങ്ങി..... ചിരിച്ചും ആഹ്ലാദിച്ചും...........

കുറ്റിയടിച്ചു. തറക്കല്ലിടലിന്റെ ദിവസം നെയ്യപ്പവും ചായയും വിളമ്പുന്ന  തിരക്കിനിടയില്‍ എളാപ്പയെ വിളിക്കാന്‍ വിട്ടുപോയത്‌ സൂചിപ്പിച്ച അവളെ സമാധാനിപ്പിച്ചു. 

“പുരയില്‍കൂടല്‍ നമ്മക്ക് ആഘോഷമായി നടത്താം.... കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ വിളിച്ച്....”  

ചേര്‍ത്ത് വെച്ചതൊക്കെ കൈക്കുടന്നയിലെ വെള്ളം പോലെ ചോര്‍ന്നു തീര്‍ന്നപ്പോഴും പണി പാതിയായിട്ടുണ്ടായിരുന്നില്ല. മൂന്നു  ദിവസം ആറാതെ നനച്ച ആദ്യത്തെ നിലയുടെ കോണ്‍ക്രീറ്റിന് അവളുടെ കഴുത്തിലെയും കൈയ്യിലെയും സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ടായിരുന്നു.

ആ പ്രാവശ്യം തിരിച്ചു പോകുമ്പോള്‍ കാറിലിരുന്ന്‍ കണ്ണില്‍ നിന്ന് മറയുവോളം അത്ഭുതത്തോടെ നോക്കി.ഭൂമിയില്‍ നിന്ന് എത്ര പെട്ടന്നാണ് ഒരു വീട് മുളച്ചു പൊന്തുന്നത്!!!

ഓരോ ദിവസവും നാട്ടിലേക്ക്‌ വിളിച്ചു കഴിഞ്ഞാല്‍ മണല്‍ പാസും, കമ്പിയുടെയും സിമന്റിന്റെന്റെയും കല്ലിന്റെയും  വിലയും, പണിക്കാരുടെ പിറകെയുള്ള നടത്തവും മാത്രമായി റൂമിലെ കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്യാനുള്ള വിഷയം.

നാട്ടില്‍ പോയി വന്നവര്‍ നാട്ടിലെ പുതിയ വീടുകളെകുറിച്ചും പുതിയ പുതിയ സൌകര്യങ്ങളെ കുറിച്ചും വര്‍ണ്ണിച്ചു. ടെലിവിഷനും,വാരികകളും അതൊക്കെ വിശദീകരിച്ചു തന്നു. രാജസ്ഥാനിലും ബാംഗ്ലൂരിലും പോയി ഗ്രാനൈറ്റും മാര്‍ബിളും എടുത്താല്‍ ഉള്ള ലാഭം  പരിചയക്കാരോട് ചോദിച്ചു വെച്ചു.

പ്ലാനിനോടൊപ്പം തന്ന വീടിന്റെ സുന്ദരമായ ചിത്രം നോക്കി ഇരിക്കുമ്പോള്‍   എസ്റ്റിമേറ്റ്‌ തുകയൊക്കെ എപ്പോഴോ കഴിഞ്ഞത് മറന്നു പോയിരുന്നു. നയിച്ച്‌ കിട്ടിയതൊക്കെ അയച്ചു കൊടുത്തിട്ടും എങ്ങുമെത്താതെ നിരാശനായപ്പോള്‍ വീടുപണി നടക്കുന്നവന്റെ പ്രാരാബ്ധം അറിയുന്ന കൂട്ടുകാര്‍ കഴിയുന്നത്ര കടം തന്നു സഹായിച്ചു. എന്നിട്ടും കണക്ക് കൂട്ടലുകളൊക്കെ തെറ്റിച്ച് സാധനങ്ങളുടെ വിലയും കൂലിയും .....

എവിടെയും എത്താതെയായപ്പോളാണ് ബാങ്ക് ലോണിനെ പറ്റി ചിന്തിച്ചത്. അപ്പോഴേക്ക് വീട്പണി തുടങ്ങി കൊല്ലം നാലായിരുന്നു. ആധാരം പണയം വെച്ച് വാങ്ങിയ പണവുമായി ബാങ്കില്‍ നിന്ന് ഇറങ്ങുമ്പോള്‍  സഞ്ചിയിലെ പണം തീക്കട്ട പോലെ കയ്യും മനസ്സും പൊള്ളിച്ചു.....  ....കൊടുക്കലും വാങ്ങലും കണക്ക്‌ എഴുതുന്നത്‌ പോലും ഹറാമായ പലിശയിടപാട്  ....

വിണ്ടു പൊട്ടിയ മനസ്സിന്റെ ചുവരുകളിലേക്ക് സങ്കടം കിനിഞ്ഞിറങ്ങി. എഞ്ചിനീയര്‍ വരച്ചു  തന്ന വീടിന്റെ മനോഹരമായ ചിത്രം എപ്പോഴോ  നഷ്ടപ്പെട്ടിരുന്നു. അതിലുണ്ടായിരുന്ന  വര്‍ണ്ണങ്ങള്‍ക്ക് പകരം നീട്ടിയടിച്ച വെള്ള നിറമുള്ള ചുവരുകളും പരുക്കന്‍ തേച്ച നിലവുമുള്ള ഈ  വീട്ടിലേക്ക് ഒരാഴ്ച മുമ്പാണ്  സുബഹി നിസ്കരിച്ചു കൊണ്ട് താമസം തുടങ്ങിയത്. സാക്ഷികളായി  വീട്ടുകാരും വിരലില്‍ എണ്ണാവുന്നബന്ധുക്കളും അയല്‍വാസികളും മാത്രം.

ഉള്ളും പുറവും വേവുന്ന രാത്രികളിലാണ് തിരിച്ചറിഞ്ഞത്. ഉറക്കം പോയിട്ട് ഒരു പോള കണ്ണടക്കാന്‍ പോലുമാവുന്നില്ല. മനസ്സ് നിറയെ വീട്ടി തിര്‍ക്കാനുള്ള കടങ്ങളാണ്. കണ്ണടയ്ക്കുമ്പോള്‍ ആരൊക്കെയോ വന്നു വാതിലില്‍ ശക്തിയായി മുട്ടുന്ന പോലെ. പലിശക്കെടുത്ത   പണം കൂടി ഉള്ളത് കൊണ്ടാവും  പ്രാര്‍ഥിക്കാന്‍  വിരിച്ച നിസ്കാരപ്പായ പോലും പൊള്ളുന്നു......

പുറത്തു കാറിന്റെ ഹോണടി. ..പുറപ്പെടാറായി എഴുന്നേല്‍ക്കട്ടെ ......ഒരു പാട് മോഹങ്ങളും നിറയെ കണ്ണീരും മാത്രം കൊടുത്ത ഒരു പാവം തൊട്ടടുത്ത്‌ നിശബ്ദയായി കിടക്കുന്നുണ്ട്.... കൊട്ടാരത്തിലെ രാജകുമാരി......
ഒരു തേങ്ങലോടെ ചുറ്റിപ്പിടിച്ചവളെ മുറുകെ പുണരുമ്പോള്‍ ഇടനെഞ്ച് പൊട്ടിയ ഒരു പ്രാര്‍ത്ഥന നിലവിളിപോലെ നെഞ്ചില്‍ തടഞ്ഞു.

“റബ്ബേ ഖബറിലെങ്കിലും കിട്ടുമോ ........സ്വസ്ഥമായ ഒരു ഉറക്കം ....”

4pm news 
പയ്യോളി അങ്ങാടി ഫേസ്ബുക്ക് മാഗസിന്‍

Tuesday, October 9, 2012

ബഹുമാനപ്പെട്ട ഭരണകര്‍ത്താക്കളെ



കുറെ കാലമായി വികസനത്തിന്റെ അഞ്ചു കളിയാണ് നമ്മുടെ നാട്ടില്‍. .പതിനാറ് ആനകള്‍ക്ക് നിരന്നു നടക്കാന്‍ പറ്റിയ റോഡുകള്‍,ആകാശം മുട്ടുന്ന ബില്‍ഡിംഗുകള്‍,കൊട്ടാരം പോലുള്ള കാറുകള്‍,മിന്നല്‍ പോലെ സഞ്ചരിക്കാന്‍ ബുള്ളറ്റ്‌ ട്രെയിനുകള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പോലും ടാബ്ലെറ്റ്‌ പീസി.പിച്ചക്കാരന്റെ കയ്യിലും മൊബൈല്‍ ഫോണ്‍...... .

ഇങ്ങനെയൊക്കെ വികസിക്കാന്‍ വേണ്ടി ഒരുപാട് കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടുണ്ട്...ഞങ്ങളുടെ പെണ്ണുങ്ങള്‍ നെഞ്ഞത്തടിച്ചു കരയുന്നത് കണ്ടിട്ടും .കണ്ണില്‍ ചോരയില്ലാതെ കൂടും കുടുക്കയും പുറത്തേക്കു വലിച്ചെറിഞ്ഞു കിടപ്പാടം തച്ചുപൊളിച്ചുണ്ടാക്കിയ വികസനം..
നാട്ടിലെ സകലമാന മാലിന്യവും ലോറിയില്‍ കേറ്റി കുറെ പാവങ്ങളുടെ മുറ്റത്ത്‌ തള്ളി നിത്യരോഗികളാക്കിയ വികസനം..
കടലില്‍ പോയി ജീവിക്കുന്ന കുറെ സാധുക്കളുടെ നെഞ്ചത്ത്‌ അണുനിലയം സ്ഥാപിച്ചുണ്ടാക്കുന്ന വികസനം.....
ഈ വികസനം ഇങ്ങനെ പൊടിപാറ്റി നടക്കുമ്പോള്‍ ഇപ്പോള്‍ പറയുന്നു.ഉള്ളത് വെച്ചുണ്ടാക്കി കഴിക്കാന്‍ ഗ്യാസില്ല...ഇരുട്ടായാല്‍ വിളക്ക് കത്തിക്കാന്‍ കറന്റില്ല...വണ്ടിയില്‍ ഒഴിക്കാന്‍ എണ്ണയില്ല....സാധനങ്ങള്‍ക്ക് വില കൂടുകയല്ലാതെ കുറയില്ല.

അടങ്ങി ഒതുങ്ങി മര്യാദക്ക് ജീവിച്ച ഞങ്ങളെ പുതിയ പുതിയ സൌകര്യങ്ങള്‍ ഉണ്ടാക്കി തന്നും കാണിച്ചു തന്നും...ഈ ഗതികേടിലേക്കാണോ സാറന്മാരെ എത്തിച്ചത്.
ഇപ്പോള്‍ ഞങ്ങള്‍ക്ക് കത്തിക്കാന്‍ വിറകില്ല ...കറന്റില്ലാതെ ജീവിക്കാന്‍ പറ്റില്ല.....നടന്നു പോകാന്‍ ആരോഗ്യമില്ല.....ഈ പൊള്ളുന്ന വിലക്ക് സാധനം വാങ്ങാന്‍ കാശുമില്ല.

ഉള്ളതും തിന്ന് ഉടുത്തതും പുതച്ചു സ്വസ്ഥമായി ജീവിച്ച ഞങ്ങളോട് എന്തിനായിരുന്നു സാറന്മാരെ ഈ  കൊലച്ചതി ചെയ്തത്..
ഏതായാലും നമ്മുടെ രാജ്യത്തെ വെള്ളവും മണ്ണും ഒക്കെ വില്‍ക്കുകയല്ലേ...വിറ്റുകള ഞങ്ങളെ കൂടി...പോറ്റാന്‍ ഗതിയുള്ള ഏതെങ്കിലും രാഷ്ട്രത്തിന്...അടിമകളായി ജീവിച്ചോളാം ഞങ്ങള്‍....
പട്ടിണി കിടന്നു മരിക്കാന്‍ വയ്യാഞ്ഞിട്ടാണ്...

നിങ്ങളുടെയൊക്കെ  വാക്കുകള്‍ വിശ്വസിച്ചു നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്ത ഒരു പാവം പൌരന്റെ അപേക്ഷ...