Sunday, January 31, 2016

കാലം ആവശ്യപ്പെടുന്ന പുസ്തകംഭാവനാസമ്പന്നനായ ഒരു എഴുത്തുകാരന്‍റെ അതിമോഹമെന്നോ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍’ എന്നോ ഒരു ചിറികോട്ടലായി നമുക്ക് വേണമെങ്കില്‍ ഈ  പുസ്തകം മാറ്റിവെക്കാം. എന്നാല്‍ ഇരുട്ടിലേക്ക് ആണ്ടുപോകുന്ന ഈ ലോകത്തിനും കാലത്തിനും ഒരു തിരിവെട്ടമെങ്കിലും ആവാന്‍ കഴിയുന്ന ചിന്തകളുടെ തീപ്പൊരികള്‍ ഉയര്‍ത്തുന്ന കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്‍റെ പുസ്തകം’ എന്ന  നോവല്‍ നമ്മുടെ ചിന്തകളിലേക്ക് ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുക തന്നെ ചെയ്യും.

എഴുത്തുകാരന്‍റെ പ്രിയപ്പെട്ട തട്ടകമായ പൊന്നാനിയില്‍ നിന്നുള്ള ISRO എന്‍ജിനീയര്‍മാരായ  ഡോ:ഹസ്സന്‍കുട്ടിയും ഡോ:ശങ്കരന്‍ കുട്ടിയും. അവരുടെ പേടിപ്പെടുത്തുന്ന കണ്ടെത്തലിലൂടെ നോവല്‍ എത്തിച്ചേരുന്നത് ശ്രീകൃഷ്ണന്‍റെ ദ്വാരകയിലും ഹസ്തിനപുരിയിലും മഹാഭാരത യുദ്ധഭൂമിയും കടന്ന്  ആറാം നൂറ്റാണ്ടിലെ അറേബ്യയിലുമാണ്.  ഇരുണ്ടകാലഘട്ടത്തില്‍ മക്കയില്‍ ഉദിച്ച മുഹമ്മദ്‌ നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിലൂടെ..... ഒടുവില്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശ്രീകൃഷ്ണനും മുഹമ്മദ്‌ നബിയും വര്‍ത്തമാന ലോകത്തെ കെടുതികള്‍ നേരില്‍ കാണാനെത്തുകയും  ഉത്തരം തേടുകയും ചെയ്യുന്ന പുതുമയുള്ള ഇതിവൃത്തം.

ആര്‍ത്തിയും ദുരയും മൂത്ത, പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ട, മണ്ണും വെള്ളവും വിഷമയമായ, അത്യാര്‍ത്തിയുടെയും ആഡംബരത്തിന്‍റെ യും ലോകത്തെ നടുക്കുന്ന കാഴ്ചകള്‍. ഇരുവരുടെയും സാന്നിധ്യത്തിലൂടെ തിരിച്ചറിവ് ലഭിക്കുന്ന ചിലരിലൂടെ ഭൂമിയെ,  തിരിച്ചു പിടിക്കാനുള്ള ശ്രമം. നന്മയുടെ ചെറു മിടിപ്പുകള്‍ ഒന്നിച്ചു ചേര്‍ന്ന് മാറ്റത്തിന്‍റെ പെരുമ്പറ ശബ്ദമാവുന്ന വിസ്മയം..

ഹിറ്റ്ലറിലൂടെ കാറല്‍ മാര്‍ക്സിലൂടെ ഗാന്ധിജിയിലൂടെ വെട്ടിത്തിരുത്തി പുതിയൊരു ലോകം ....

ഷിയാ സുന്നി സംഘട്ടനവും RSS ന്‍റെ മുസ്ലിം വിരോധവും അമേരിക്കയുടെ ആയുധക്കച്ചവടങ്ങളും.......

686 പുറങ്ങളില്‍ ബൄഹത്തായ ഈ നോവല്‍ ഭാവനക്കപ്പുറം നിശിതമായ ചരിത്ര വായന കൂടിയാണ്. മുഹമ്മദ്‌ നബിയുടെ ജീവിതം ഒരു നോവലിലൂടെ ആഖ്യാനം ചെയ്യപ്പെടുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മഹാഭാരത യുദ്ധവും അറേബ്യയിലെ മനുഷ്യരുടെ ജീവിതവും ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ അതി സൂക്ഷ്മമായി വരച്ചു വെക്കുകയും വലിയ ആശയങ്ങളെ ചില ചെറിയ വാക്കുകള്‍ കൊണ്ട് മായാജാലക്കാരനെപ്പോലെ വിടര്‍ത്തി പിടിക്കുകയും ചെയ്യുന്ന  എഴുത്തുകാരന്‍റെ വൈദഗ്ദ്യം വല്ലാതെ അതിശയിപ്പിക്കും.

ഏറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തി എഴുതിയ ഈ നോവല്‍ കെട്ടുപോകുന്ന ഇക്കാലത്ത് ഒരുപാട് സമസ്യകള്‍ക്കുള്ള ഉത്തരമാണ്. വ്യക്തി ആയാലും സംഘടന ആയാലും രാഷ്ട്രമായാലും സ്വാര്‍ഥതകളിലേക്കും പരസ്പര ശത്രുതയിലേക്കും നീങ്ങുന്ന അസ്വസ്ഥമായ ഈ കാലത്ത് വായനകളിലൂടെയെങ്കിലും ചെറിയൊരു സ്വാസ്ഥ്യം ലഭിക്കുമെങ്കില്‍ അതൊരു ചെറിയ കാര്യമല്ല.


മലയാള നോവലിന്‍റെ വസന്തകാലമാണ്‌ ഇപ്പോള്‍ . അക്കൂട്ടത്തില്‍ എന്തുകൊണ്ടും വ്യത്യസ്തവും ശക്തവുമാണ് ഈ ‘ദൈവത്തിന്‍റെ പുസ്തകം’

Monday, January 11, 2016

ഉപ്പ
ഉപ്പാന്‍റെ മുഖത്തിന്‌ പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. കല്യാണത്തലേരാത്രിയാണെങ്കിലും ഒരുപാടാളുകള്‍ വന്നിരുന്നു. പന്തലില്‍ ഇപ്പോഴാണ്  തിരക്ക് കുറഞ്ഞത്. നെയ്ച്ചോറിന്‍റെ മണമുള്ള കാറ്റില്‍   ജനറേറ്ററിന്‍റെ ശബ്ദവും, കുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളവും കലര്‍ന്നു.

വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ എണ്ണിയെണ്ണി കഴിഞ്ഞ ഓരോ നാളുകളും സ്വപ്നലോകത്തിലൂടെയുള്ള അനുഭൂതി നിറഞ്ഞ ഒരു യാത്രപോലെ.....  ഈ ഒരു രാത്രി കൂടി പിന്നിടുമ്പോള്‍....

ഇത്ര നേരവും പാട്ടും ചിരിയും കളിയാക്കലുമായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. എല്ലാവരും പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ പോലെ. നല്ല ക്ഷീണം തോന്നുന്നു. ഇന്നലെ മൈലാഞ്ചിരാവിലും ശരിക്ക് ഉറങ്ങിയിട്ടില്ല. ഉച്ചമുതല്‍ അണിഞ്ഞ  കല്യാണപെണ്ണിന്‍റെ  വേഷവും  തലയില്‍ ചൂടിയ മുല്ലപ്പൂക്കളും മുഖത്തെ മെയ്ക്കപ്പും ഏറെ നേരമായുള്ള നില്‍പ്പും എല്ലാം കൂടി വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

നാളെ മുതല്‍ മറ്റൊരു വീട്ടിലേക്ക്.. പുതിയൊരു ജീവിതത്തിലേക്ക്. അവളോര്‍ത്തു. .... ജനിച്ചു വളര്‍ന്ന വീട്ടില്‍  ഇനി ഒരു വിരുന്നുകാരിയെപ്പോലെ കയറി വരുന്നത് ...... 

ആഹ്ലാദങ്ങള്‍ക്കിടയില്‍  എന്തിനെന്നറിയാതെ ഉള്ളിലൊരു  സങ്കടം കനക്കുന്നതറിഞ്ഞു. ഇത്രനാളും ഉപയോഗിച്ച കിടപ്പുമുറിയില്‍ വെറുതെ നിന്നു. അടുക്കി വെച്ച പാഠപുസ്തകങ്ങള്‍ തലോടി...മേശയില്‍ പലപ്പോഴായി ശേഖരിച്ച കുഞ്ഞുകുഞ്ഞു കൌതുകങ്ങളില്‍ നിന്ന് ശൈശവവും ബാല്യവും നോക്കി ചിരിച്ചു.

ഉമ്മ പിന്നാമ്പുറത്ത് തിരക്കിലാണ്.  വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു വന്ന് അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറയാനും സഹായിക്കാനും ഇനി താന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു കരച്ചില്‍ വന്നു മുട്ടി.

നടുവകത്തെ ചുവരോട് ചേര്‍ത്തിട്ട, സ്ഥിരമായി   പഠിക്കാനിരിക്കുന്ന കസേരയുടെ പിറകില്‍ . വര്‍ഷങ്ങളായി തന്‍റെ തല ചാരി ഇരുണ്ടുപോയ അടയാളം ചുവരില്‍ എത്ര മായ്ച്ചിട്ടും മായാതെ....

ജാലകത്തിലൂടെ മുറ്റത്തെ പന്തലിലേക്ക് വെറുതെ നോക്കിയിരുന്നു. ഉപ്പയോട് കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞു പിരിയുന്നവര്‍. നാളെ നേരത്തെ വരണേ എന്ന് ഓര്‍മ്മിപ്പിച്ച് അവരെ സന്തോഷത്തോടെ യാത്രയാക്കുന്ന ഉപ്പയുടെ ചിരി...

ഏറെ കാലത്തിനു ശേഷം കാണുന്നത് പോലെ  ഉപ്പയെ തന്നെ നോക്കിനിന്നു. ഉപ്പ എപ്പോഴാണ് ഇത്രയും വയസ്സനായത്. അവള്‍ അതിശയത്തോടെ ചിന്തിച്ചു. മുടി വല്ലാതെ നരച്ചിരിക്കുന്നു. മുഖം ക്ഷീണിച്ച്....ചുമലുകള്‍ വല്ലാതെ തൂങ്ങിയപോലെ. പഴയ കുപ്പായം ഒട്ടും പാകമല്ലാതെ അയഞ്ഞു കിടന്നു........

കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉപ്പയെ ഇങ്ങനെ അടുത്ത് കാണാറില്ലല്ലോ. അവള്‍ ഓര്‍ത്തു. താന്‍ ഉണര്‍ന്നു വരുമ്പോള്‍ സുബ്ഹി നിസ്കരിച്ചു വന്ന് ഉപ്പ നടുവകത്തിരുന്ന് ഖുര്‍ആന്‍ ഓതുന്നുണ്ടാകും. ഈണത്തോടെ തലയാട്ടി ലയിച്ചുള്ള പാരായണം. ഉറക്കച്ചടവോടെ അടുക്കളയിലേക്ക് പോകുമ്പോള്‍ ഓതുന്നതിനിടയിലും ഉപ്പ ഒരു ചിരി സമ്മാനിക്കും. പണിയൊക്കെ തീര്‍ത്ത് ധൃതിപ്പെട്ട് കോളേജിലേക്ക്  ഓടുമ്പോള്‍ ഉപ്പ പറമ്പില്‍ എന്തെങ്കിലും ജോലിയിലായിരിക്കും. രാത്രി പീടികപൂട്ടി വരുമ്പോഴേക്ക് താന്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

കുഞ്ഞുന്നാളില്‍ ഉപ്പ പീടിക പൂട്ടിവരുന്നത് വരെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയെ  ഓര്‍ത്തു. കടലാസു പൊതിയിലെ മിട്ടായി  കയ്യില്‍ മറച്ചു പിടിച്ച്, ..പരിഭവപ്പെടുമ്പോള്‍ കയ്യിലേക്ക് പൊതി വെച്ച് തന്ന് എടുത്തുയര്‍ത്തുന്ന ഉപ്പയുടെ കണ്ണുകളിലെ ചിരിത്തിളക്കം.... ഉരുട്ടിത്തന്ന ചോറുരുളകളുടെ രുചി.... ഉപ്പാന്‍റെ നെഞ്ചില്‍ കിടന്നുള്ള  ഉറക്കം....

ഉപ്പ നന്നായി പഠിക്കുമായിരുന്നു എന്ന് ഉമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല ഓട്ടത്തിനും ചാട്ടത്തിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ മുന്നില്‍...എന്നിട്ടും...

എട്ടാം  ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉപ്പാപ്പ  കിടപ്പിലായതും, ഉപ്പ പഠിത്തം നിര്‍ത്തി ഉപ്പാപ്പാന്‍റെ  പീടികയില്‍ കയറി നിന്നതും. അന്നു മുതല്‍ പീടികയും വീടും ചരക്കെടുക്കാന്‍ പോകുന്ന വലിയങ്ങാടിയും മാത്രമാണ് ഉപ്പാന്‍റെ ലോകം. അനുജന്മാരൊക്കെ ഗള്‍ഫിലേക്ക് പോയപ്പോഴും വീട് നോക്കാനും കുടുംബം നോക്കാനും ഉപ്പ നാട്ടില്‍ തന്നെ...

നീ ഒന്നും കഴിച്ചിട്ടില്ലാലോ...വാ ഇതൊക്കെ മാറ്റി എന്തെങ്കിലും  തിന്നാം
ഉമ്മയാണ്. പുറത്തെ തിരക്ക്  കുറഞ്ഞിരിക്കുന്നു. 
ഉമ്മാ ഉപ്പ ഇന്നേക്ക് ഇടാന്‍ പുതിയ ഷര്‍ട്ടൊന്നും എടുത്തിട്ടില്ലേ
ഞാന്‍ കുറേ പറഞ്ഞതാ.... നിന്‍റെ ഉപ്പാന്‍റെ സ്വഭാവം നിനക്കറിയാലോ...
ഉമ്മ ചിരിച്ചു.

കല്യാണത്തിന് എല്ലാര്‍ക്കും ഡ്രസ്സ്‌ എടുക്കാന്‍ പോയപ്പോള്‍ ഇഷ്ടപ്പെട്ടൊരു സാരിയുടെ വിലകേട്ടു തഞ്ചി നിന്ന തന്നോട്  ഉപ്പ സ്വകാര്യം പറഞ്ഞതോര്‍ത്തു.
മോള്‍ക്ക് ഇഷ്ടമുള്ളത് എടുത്തോ....വെല നോക്കണ്ട

തൊണ്ടയില്‍ ഒരു കരച്ചില്‍ വന്നു കനക്കുന്നതെന്തിനാണ്‌....നാളെ എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ദിവസമല്ലേ... ആ സന്തോഷം പങ്കിടാനല്ലേ ഈ ആളുകള്‍ ഒക്കെ വന്നത്... അതിനല്ലേ ഈ ആഘോഷങ്ങളൊക്കെ ഒരുക്കിയത്......ഉപ്പയല്ലേ ഇതിനായി ഇത്രനാളും ഓടി നടന്നത്  ആ ചിരിയല്ലേ ഉപ്പാന്‍റെ മുഖത്ത് തിളങ്ങി നില്‍ക്കുന്നത്...

ചെറുക്കനെ പറ്റിയും വീട്ടുകാരെ പറ്റിയും ഒരുപാട് ചുഴിഞ്ഞും ചുറഞ്ഞും  അന്വേഷിച്ചിട്ടാണ് ഉപ്പ ഈ ബന്ധത്തിന് നിന്നതെന്ന് ഉമ്മ ചിരിക്കും
നിന്റുപ്പാക്ക് എന്നാലും സമാധാനാകൂലാ”.

പീടിക ഒഴിവുള്ള ദിവസങ്ങളില്‍ ഉപ്പ വീട് മുഴുവന്‍ തൂത്ത് വൃത്തിയാക്കുമ്പോള്‍ ഷോ കെയ്സില്‍ വെച്ച, തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ പൊടിതുടച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ടാകും. എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മിടുക്കനായൊരു വിദ്യാര്‍ഥി  അപ്പോഴൊക്കെ ഉപ്പാന്‍റെ ഉള്ളില്‍.....

ഈ വീടും പറമ്പും ഞങ്ങളുടെ ജീവിതവും ഉപ്പാന്‍റെ വിയര്‍പ്പാണ് എന്ന് ഉമ്മ ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഓരോ അവധിക്കാലം കഴിയുമ്പോഴും കുട്ടികള്‍ കുടുംബസമേതം ടൂറു പോയ കഥകള്‍ പറയാന്‍ മത്സരിക്കുമ്പോള്‍ ഉപ്പാനോട് ഈര്‍ഷ്യ തോന്നി, ഒരിക്കലും വിട്ടു നില്‍ക്കാന്‍ കഴിയാത്തൊരു പീടികയും ഉപ്പയും എന്ന് ഉമ്മയോട് പരിഭവപ്പെടുമ്പോള്‍ ഉമ്മ പറയും.
നിന്‍റെ കല്യാണം കഴിഞ്ഞ് പുയ്യാപ്ലന്‍റെ കൂടെ പൊയ്ക്കോ....അതിനല്ലേ വല്യ ശുജായിനെ തന്നെ ഉപ്പ നോക്കുന്നത്

ഉപ്പാ....... പറക്കാന്‍ കൊതിച്ച എന്‍റെ ചിറകുകള്‍ ഇപ്പോള്‍ കുഴയുന്നതെന്താണ്.
 
മോളേ നീ വന്ന് ചോറ് തിന്ന്
ഉമ്മയാണ് വീണ്ടും.
ഉപ്പ കഴിച്ചോ
ഉണ്ടാവില്ല....ഉപ്പ കഴിച്ചോളും നീ ഇതൊക്കെ മാറ്റി എന്തേലും തിന്നാന്‍  നോക്ക്.. ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്...
ഉമ്മാമെല്ലെ പറഞ്ഞു 
ഉപ്പയും വരട്ടെ നമ്മക്ക് ഒന്നിച്ചു കഴിക്കാം...
ഈ പെണ്ണിന്റൊരു കിന്നാരം.....
ഉമ്മ പിറുപിറുത്തുകൊണ്ട് പോയി

വസ്ത്രം  മാറി വന്നപ്പോള്‍ ഉപ്പയും ഉമ്മയും  ചോറിനു മുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു.
മോള്‍ക്ക് കഴിച്ചൂടായിരുന്നോ
ഉപ്പയുടെ ചിരിപുരണ്ട ചോദ്യം.
ഇനി എനിക്ക് ഉപ്പാേന്‍റം  ഉമ്മാേന്‍റം മാത്രം മോളായി ഈ വീട്ടില്‍ ഇരുന്നിങ്ങനെ കഴിക്കാന്‍ പറ്റൂലാലോ
ചിരിച്ചു കൊണ്ട് മൂന്നാള്‍ക്കും ചോറ് വിളമ്പി.
കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഉരുള ചോറുമായി നീണ്ടു വന്ന  ഉപ്പയുടെ കൈ! കണ്ണ് നിറഞ്ഞു. സ്നേഹവും വാത്സല്യവും കൂട്ടിക്കുഴച്ച ആ രുചിയില്‍ താനൊരു കുഞ്ഞായി മാറി.  ഉപ്പാന്‍റെ ചിരിക്കുന്ന മുഖത്ത് കണ്ണീര്‍തിളക്കം. വിശപ്പുകെടാത്ത കുട്ടിയെ പോലെ പിന്നെയും പിന്നെയും കഴിച്ചു കൊണ്ടിരുന്നു. ചിരിയോടെ നോക്കിയിരുന്ന ഉമ്മയുടെ കണ്ണിലും പെരുമഴ കൂടുകെട്ടിയോ.

ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഒരു തൂവല്‍ പോലെ കനം കുറഞ്ഞ്......ഒരായിരം കുഞ്ഞുതുമ്പികള്‍ ഉള്ളില്‍ പറന്നുയരുന്ന പോലെ.
പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്ന ഉപ്പയോട്‌  ശങ്കിച്ചു കൊണ്ട് മെല്ലെ ചോദിച്ചു.
ഉപ്പാ... ഞാനിന്ന്  ഉപ്പാേന്‍റം  ഉമ്മാേന്‍റം അടുത്ത് കിടന്നോട്ടെ
പണ്ട് പീടിക പൂട്ടി വരുന്ന ഉപ്പയെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട  പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഉപ്പാന്‍റെ മുഖത്തൊരു വാത്സല്യച്ചിരി വിരിഞ്ഞു.

ആ ചിരിക്ക് പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടായിരുന്നു.
------------
കഥയുടെ മനസ്സറിഞ്ഞ വര:ഷബ്ന സുമയ്യ