Thursday, March 27, 2014

മുസ്ലിം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നടക്കുന്ന ‘ഫോടോഷോപ്പ് ദീനികളോട്’


കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സ്അപ്പിലുമൊക്കെ മുസ്ലിം പെണ്‍കുട്ടികളെയും കുടുംബിനികളെയും പ്രണയം നടിച്ചു വശീകരിച്ചു വഴിയാധാരമാക്കുന്ന അന്യമതക്കാരെ കുറിച്ചുള്ള ചില പോസ്റ്റുകള്‍ കാണുന്നു. പോസ്റ്റുകള്‍ മാത്രമല്ല അതിനു ചേര്‍ന്ന ചില ചിത്രങ്ങളമുണ്ട്. ഇങ്ങനെ ഒളിച്ചോടിയ  പെണ്‍കുട്ടിയുടെ ഫോട്ടോ  മുതല്‍, ഇത് കാരണം കിണറ്റില്‍ ചാടി മരിച്ചവളുടെ ജഡം പുറത്തെടുക്കുന്ന ചിത്രം വരെ. എല്ലാ പോസ്റ്റുകളിലും മുസ്ലിം പെണ്‍കുട്ടികളെ വഴി തെറ്റിച്ചു കളയുന്നവരെ കുറിച്ചുള്ള ജാഗ്രതയും ഉത്കണ്ഠയും ഭീതിയും തന്നെ.

ഓര്‍ക്കുന്നുവോ കുറഞ്ഞ കാലം മുമ്പ് ‘ലൌജിഹാദ്’ എന്ന പേരില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ  ചില വര്‍ഗ്ഗീയ വാദികള്‍ ഇതേപോലെ പ്രചാരണം നടത്തിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇത്ര പ്രചാരമില്ലാതിരുന്ന ആ കാലത്ത് ചില മുന്‍നിര പത്രങ്ങളാണ് പൊടിപ്പും തൊങ്ങലും വെച്ച് ആധികാരികമായി ഇത്തരം വാര്‍ത്തകള്‍ വിളമ്പിയത്. വിവേകം നഷ്ടപ്പെട്ടിട്ടിലാത്ത കേരള സമൂഹവും ഭരണകൂടവും, നിയമപാലകരും ആ പ്രചാരണത്തിന് പിറകിലെ നിജസ്ഥിതി തിരിച്ചറിയുകയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.

അക്ഷരാഭ്യാസം ഇല്ലാത്തവന്‍ പോലും കയ്യില്‍ സ്മാര്‍ട്ട്ഫോണുമായി നടക്കുകയും, ഇന്റര്‍നെറ്റിലൂടെ കയ്യില്‍ കിട്ടിയതൊക്കെ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ചും ഗള്‍ഫ് മലയാളികളില്‍ ഈ പുതിയ മതംമാറ്റ വാര്‍ത്ത നന്നായി പ്രചരിക്കുന്നുണ്ട്. ആണുങ്ങള്‍ ഭൂരിപക്ഷം പ്രവാസഭൂമിയില്‍ ആയ സമുദായത്തില്‍ കുറച്ചു പേരിലെങ്കിലും ഭീതിയുണ്ടാക്കാന്‍ ഈ ഫോട്ടോഷോപ്പ് കലാകാരന്മാര്‍ക്ക് സാധിച്ചിട്ടുമുണ്ട്. പോരെ ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. 

ഇതിനു പിന്നില്‍ ആരാണെന്നും എന്താണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്നും മനസ്സിലാവുന്നില്ല. ചിലപ്പോള്‍ ഏതെങ്കിലും വര്‍ഗ്ഗീയ സംഘടനയാവാം അതല്ലെങ്കില്‍ മനോവൈകൃതമുള്ള ഏതെങ്കിലും വ്യക്തിയാവാം. ആരായാലും തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഈ സമുദായ സ്നേഹത്തിന്‍റെ ഭവിഷ്യത്ത് എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

മതജാതി വ്യത്യാസമില്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ഇടകലര്‍ന്നു ജീവിക്കുന്നവരാണ് കേരളീയര്‍. അവര്‍ക്കിടയിലേക്കാണ് സ്വന്തം അയല്‍ക്കാരനെ കുറിച്ച്, ജോലിക്കാരനെ കുറിച്ച്, സഹപാഠിയെക്കുറിച്ചൊക്കെ ഭീതിയുടെ ഇത്തരം വിഷവിത്തുകള്‍ വലിച്ചെറിയുന്നത്. പരസ്പരം സംശയിക്കുന്ന, അവിശ്വസിക്കുന്ന ഒരു തലത്തിലേക്ക് മനുഷ്യരെ മാറ്റിയെടുക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക? 

ആസൂത്രിതമായോ അല്ലാതെയോ ഇത്തരം പ്രണയങ്ങളും വിവാഹങ്ങളും തട്ടിക്കൊണ്ടുപോവലും നടക്കുന്നുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ  അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ത്ത് പര്‍വ്വതീകരിച്ച്  വാര്‍ത്തകള്‍ പടച്ചു പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം സമുദായ സ്നേഹമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുക മാത്രമാണ് എന്നും തിരിച്ചറിയനാവണം. ‘ലൌജിഹാദ്’ പ്രചാരണത്തിലൂടെ ഇതിനായി ശ്രമിച്ചവര്‍ക്ക് സാധിക്കാഞ്ഞത് മുസ്ലിം സമുദായത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ ഈ നാടിന്‍റെ സന്തോഷം ഇല്ലാതാക്കാന്‍ നടക്കുന്ന ക്രിമിനലുകളാണ് എന്ന് മനസ്സിലാക്കുക.  

ഇത്തരം വിഷ മനസ്സുകള്‍ക്കറിയാം തമ്മിലടിപ്പിക്കാന്‍ ഏറ്റവും നല്ല ആയുധമാണ് മതമെന്ന്. അതോടൊപ്പം വീട്ടിലിരിക്കുന്ന സ്ത്രീകളെയും, പെണ്‍കുട്ടികളെയും കുറിച്ചുകൂടി ഇത്തരം ഭീതി പരത്തിയാല്‍ പെട്ടെന്ന് കത്തിപ്പടരുമെന്നും. ഇത്തരം വാര്‍ത്തകള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ ആരും മടിക്കുമെന്നും. വീട്ടിലെ സ്ത്രീകള്‍ വഴിതെറ്റിപ്പോകുന്നതില്‍ ആധിയില്ലാത്തവര്‍ ആരാണ്?

വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന കുടുംബിനികളും, കലാലയത്തില്‍ പഠിക്കുന്ന നമ്മുടെ പെങ്ങന്മാരും ഇത്തരം ചതിക്കുഴികളില്‍ വീണ് മതപര്യക്തരും നരകാവകാശികളുമായിത്തീരുന്നതില്‍  ഉത്കണ്ഠപ്പെടുകയും, ഇത്തരം പ്രചാരണങ്ങളിലൂടെ സമുദായത്തെ ബോധവത്കരിച്ചു സമാധാനമടയുകയും ചെയ്യുന്ന ‘ദീനീസ്നേഹി’കളോട് ചില കാര്യങ്ങള്‍ ചോദിച്ചോട്ടെ.

കലാലയങ്ങളിലോ പുറത്തോ ഉള്ള പ്രണയമായാലും, വീട്ടമ്മമാരുടെ, മിസ്കോള്‍ പ്രണയവും ഒളിച്ചോട്ടവുമായാലും, ‘ഒളിസേവ’യായാലും അന്യമതത്തില്‍ പെട്ടവരോട് മാത്രമാണോ ഇതെല്ലാം? സ്വന്തം മതത്തില്‍ പെട്ടവര്‍ തമ്മില്‍ ഇങ്ങനെയൊന്നും  നടക്കുന്നില്ല  എന്ന് നിങ്ങള്‍ക്ക് പറയാനാവുമോ? ചിലപ്പോള്‍ അതല്ലേ ഏതു സമുദായത്തിലായാലും കൂടുതല്‍ നടക്കുന്നത്. ഇതിനെതിരെയും ഇത്തരം ജാഗ്രതയും കരുതലും ഒന്നും ആവശ്യമില്ലേ? അതല്ല അതൊക്കെ ‘ഹലാലാ’ണ് എന്നാണോ? 

നിത്യവും പത്രവാര്‍ത്തകളില്‍ നിങ്ങള്‍ കാണാറുണ്ടോ പെണ്‍വാണിഭം നടത്തിയും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടും പിടിക്കപ്പെടുന്ന ഒരുപാട് സ്ത്രീകളെ കുറിച്ച്. അതിലൊക്കെ ഒരുപാട് മുസ്ലിം പേരുകള്‍ കാണാം. നടത്തിപ്പുകാരിയായ ‘താത്ത’ മുതല്‍ ജമീലയും, സുബൈദയും ഒക്കെയായി ഒരു പാട് മുസ്ലിം പെണ്‍കുട്ടികള്‍. അവരൊക്കെ ഇടപാടുകാരുടെ മതം നോക്കിയാണോ ‘കച്ചവടം’ നടത്തുന്നത്? എന്തേ അവരൊക്കെ ഈ സമുദായത്തിന്‍റെ മക്കളല്ലേ? അവരും അവരില്‍ വ്യഭിചാരത്തില്‍ പിറക്കുന്ന മക്കളുമൊക്കെ നരകാവകാശികള്‍ ആയിത്തീരുന്നതില്‍ ആര്‍ക്കും ഒരു ഉത്കണ്ഠയും ഇല്ലേ?

വേണ്ട നാലാം വയസ്സുമുതല്‍ മദ്രസയില്‍ മതപഠനവും, എമ്പാടും മതപഠനകോളേജുകളും, കോടികളുടെ പള്ളികളും, ദീനീ സ്ഥാപനങ്ങളും, ഒറ്റരാത്രിക്ക് പതിനായിരങ്ങള്‍ വിലയുള്ള മതപ്രസംഗകരും, കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങളും, സീഡികളും, പുസ്തകങ്ങളും പുറമേ ഇന്റര്‍നെറ്റിലൂടെയും ചാനലുകളിലൂടെയും മതപ്രബോധനവും ഉണ്ടായിട്ടും നാട്ടില്‍ നടക്കുന്ന കൊലപാതകം, കളവ്, തട്ടിപ്പ്, വെട്ടിപ്പ്, പെണ്‍വാണിഭം, കള്ളക്കടത്ത്....തുടങ്ങിയ സകലമാന ക്രിമിനല്‍ കേസുകളിലും സംവരണം ആവശ്യമില്ലാത്തവിധം ഈ സമുദായത്തിന്‍റെ മക്കളുടെ പേരുകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിഞ്ഞു പോകാറില്ലേ. എന്തേ ഇവരുടെ കാര്യത്തിലൊന്നും ആര്‍ക്കും ഒരു ബേജാറും തോന്നാത്തത്. തോന്നില്ലല്ലോ അല്ലേ ഇവര്‍ക്ക് വേണ്ടിയൊക്കെ മെനക്കെട്ടാല്‍ നാട്ടില്‍ ഒന്നിച്ചു കഴിയുന്ന സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സമൂഹത്തില്‍ ഭിന്നിപ്പും സ്വൈര്യക്കേടും ഉണ്ടാക്കാനും കഴിയില്ലല്ലോ.

നിങ്ങള്‍ ഈ പ്രചാരണത്തിലൂടെ ആരെയാണ് അപമാനിക്കുന്നത് എന്നറിയുമോ. സ്വന്തം സമുദായത്തിലെ സ്ത്രീകളെയാണ് നിങ്ങള്‍ പരിഹസിക്കുകയും വിലകുറച്ച് കാണുകയും ചെയ്യുന്നത്.

തട്ടിക്കൊണ്ടുപോകപ്പെടുന്ന കുടുംബിനികള്‍ എന്ന് നിങ്ങള്‍ വ്യംഗ്യമായി പറയുന്നത് ഗള്‍ഫ് പ്രവാസികളുടെ ഭാര്യമാരെ കുറിച്ചല്ലേ. നിങ്ങളെന്താ മനസ്സിലാക്കിയത്. ആരെങ്കിലും കയ്യും കണ്ണും കാണിച്ചാല്‍ ഇറങ്ങിപ്പോരാന്‍ കാത്തുനില്‍ക്കുന്നവരാണ് പ്രവാസിഭാര്യമാരെന്നോ? 

സുഹൃത്തേ താങ്കള്‍ക്കറിയുമോ മനക്കരുത്തിലും കാര്യശേഷിയിലും സ്ത്രീ സമൂഹത്തില്‍ ആരോടും കിടപിടിക്കാവുന്നവരാന് കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഗള്‍ഫ് പ്രവാസികളുടെ ഭാര്യമാര്‍. ഭര്‍ത്താവിന്‍റെ അഭാവത്തില്‍ വീടും കുടുംബവും കുട്ടികളെയും കൊണ്ട് നടക്കാനും, ആശുപത്രിയിലായാലും ബാങ്കിലായാലും, സര്‍ക്കാര്‍ ഓഫീസില്‍ ആണെങ്കിലും  പരിമിതമായ വിദ്യാഭ്യാസയോഗ്യത വെച്ച് കാര്യങ്ങള്‍ ചെയ്യാനും അവരെ പ്രാപ്തരാക്കുന്നത്‌ മാനസികമായ കരുത്തും കാര്യശേഷിയും കൊണ്ടാണ്. പരാശ്രയമില്ലാതെ ഇതൊക്കെ ചെയ്യാന്‍ ജീവിതാനുഭവങ്ങളിലൂടെ കരുത്തു നേടിയ അവരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക.

വീടുണ്ടാക്കാനും, കൃഷി നോക്കി നടത്താനും മക്കളെ നല്ല വിദ്യാഭ്യാസം ചെയ്ത് വളര്‍ത്തിക്കൊണ്ടുവരാനും പാടുപെടുന്ന അവരെ പൈങ്കിളി സീരിയലിലെ നായികമാരുടെ നിലവാരത്തില്‍ കാണുന്നത് നിങ്ങളുടെ മനോ വൈകൃതം മാത്രമാണ്. സ്വന്തം ശരീരവും മനസ്സും കാത്തു സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഒന്നിനും കൊള്ളാത്ത മന്ദബുദ്ധികളല്ല പ്രവാസി ഭാര്യമാര്‍.

എത്രയോ കാലം ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ പിറകിലായിരുന്ന കേരളത്തിലെ മുസ്ലിം സമുദായം പഠനരംഗത്ത്‌ മുന്നേറാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതില്‍ തന്നെ പെണ്‍കുട്ടികള്‍ അസൂയാര്‍ഹമായ രീതിയില്‍ വിദ്യാഭ്യാസ രംഗത്ത്‌ എല്ലാ മേഖലയിലും കുതിച്ചുയരുന്നത് അഭിമാനത്തോടെ നോക്കിക്കാണുകയാണ് സമുദായവും സമൂഹവും. ആ കുട്ടികളെ കുറിച്ച് ഇത്തരം  അപഖ്യാതി പറഞ്ഞു പരത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്‌? 

പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്നതിന്‍റെ കുഴപ്പമാണിത്. പെണ്ണിന്‍റെ നോട്ടത്തിലും ചലനത്തിലും സംസാരത്തിലും ചിരിയിലുമെല്ലാം കാമം മാത്രം കാണുന്നതിന്‍റെ കുഴപ്പം. അവള്‍ക്ക് മനസ്സും ചിന്തയും ഉണ്ടെന്നും. കാര്യങ്ങള്‍ വിവേകപൂര്‍വ്വം മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും അംഗീകരിക്കാനുള്ള മടി.  അവള്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് അംഗീകരിക്കാനുള്ള മടി. കരുതലെന്നും സ്നേഹമെന്നും പേരിട്ട് അവളെയെന്നും അടിമയായി നിര്‍ത്താന്‍ കൊതിക്കുന്ന ആണും പെണ്ണും കെട്ടവന്‍റെ പൌരുഷപ്രകടനം. 

വീട്ടിലെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുന്നേ എന്ന ഭീതി വളര്‍ത്തി ഇവര്‍ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കാലങ്ങള്‍കൊണ്ട് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹവും സൌഹാര്‍ദവും ആണ്. അതീ നാടിന്‍റെ മഹാഭാഗ്യമാണ് എന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്തവരോട് ഒന്ന് ചോദിച്ചോട്ടെ. 

വീട്ടിലാരെങ്കിലും  തലചുറ്റി വീണാല്‍ ഓടിയെത്തി തെങ്ങില്‍ കയറി ഇളനീര്‍ ഇട്ടു തരുന്നവന്‍റെ മതം നോക്കിയാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോക്കാരന്‍റെ മതവും ജാതിയും തിരഞ്ഞാല്‍, അന്യ മതക്കാരനാണെങ്കില്‍  ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ ചികിത്സയിലും  ശുശ്രൂഷയിലുമൊക്കെ മന:പ്പൂര്‍വ്വം  അമാന്തം കാണിച്ചാല്‍, അധ്യാപകര്‍ വിദ്യാര്‍ഥികളുടെ മതം നോക്കി വിദ്യ പറഞ്ഞു കൊടുത്താല്‍, കൃഷിപ്പണിയിലും  നിര്‍മ്മാണജോലിയിലുമൊക്കെ അന്യമതക്കാരനോട് വിദ്വേഷത്തോടെ പ്രവര്‍ത്തിച്ചാല്‍ എന്തായിരിക്കും സുഹൃത്തുക്കളെ നമ്മുടെ നാടിന്‍റെ അവസ്ഥ?

എവിടെയെങ്കിലും വൈകൃതം നിറഞ്ഞ മനസ്സുള്ള ഒരു മനോരോഗി പടച്ചുവിടുന്ന ഇത്തരം പോസ്റ്റുകളും ചിത്രങ്ങളും കണ്ണുംപൂട്ടി ഷെയര്‍ ചെയ്യുമ്പോള്‍ നാം ചിന്തിക്കാറുണ്ടോ ഇതൊക്കെ.

മനുഷ്യനെ മതത്തിന്‍റെ പേരില്‍ വിദ്വേഷകണ്ണോടെ മാത്രം കാണുന്നവര്‍ ഒഴിവുള്ളപ്പോള്‍ ഒന്ന് മെഡിക്കല്‍ കോളേജ് വരെ പോകണം. അവിടെ കാണാം ഒരേപാത്രത്തില്‍ നിന്ന് ജാതിയും മതവും നോക്കാതെ പങ്കുവെച്ചു കഴിക്കുന്ന മനുഷ്യരെ, വരാന്തയില്‍ വിരിച്ച പത്രക്കടലാസില്‍ ഒന്നിച്ചു ഉറക്കം വരാതെ കിടക്കുന്ന ഹിന്ദുവും മുസ്ലിമും ആലോചിക്കുന്നത്  മതത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലാനുള്ള വഴികള്‍ ആയിരിക്കില്ല. ഒരു രോഗിക്ക് അടിയന്തരമായി രക്തം ആവശ്യമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്നവരൊന്നും രോഗിയുടെ മതവും ജാതിയും ചികയാറില്ല.  ചിന്തിച്ചു നോക്കൂ ആരൊക്കെയോ ദാനം ചെയ്ത രക്തമാണ് നമ്മുടെയോ നമ്മുടെ ഉറ്റവരുടെയൊക്കെയോ  സിരകളിലൂടെ  ഓടുന്നത്. 

അന്യമത വിദ്വേഷത്തിന് സൈബര്‍ വഴികള്‍ തേടുന്ന ചെറുപ്പക്കാരാ വീട്ടിലെ പഴയ തലമുറയോട് ഒന്നന്വേഷിച്ചു നോക്കൂ.  അവരൊക്കെ  പിറന്നു വീണത്‌ ആരുടെ കൈകളിലേക്കായിരുന്നെന്ന്. ഉമ്മച്ചിപ്പെണ്ണിന്‍റെ ‘പേറെടുക്കാന്‍’ വന്ന കല്യാണിയെ കുറിച്ചും ചിരുതയെ കുറിച്ചുമൊക്കെ അവര്‍ പറഞ്ഞു തരും. പെരുമഴ പെയ്യുന്ന കര്‍ക്കിടകത്തിലെ നട്ടപ്പാതിരക്ക് പ്രസവവേദന കിട്ടിയപ്പോള്‍   മഴ മുഴുവന്‍ കൊണ്ടും  വെള്ളം നീന്തിയും  ചൂട്ടുകറ്റയുടെ വെളിച്ചം പോലുമില്ലാതെ അവര്‍ ഓടി വന്നത്. എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിന്ന വീട്ടിലെ പെണ്ണുങ്ങളെയും പേറ്റുനോവ് എടുത്ത് നിലവിളിക്കുന്ന പെണ്ണിനേയും സമാധാനിപ്പിച്ചത്. നേരം പുലരും മുമ്പ് ‘രണ്ടും രണ്ടു വഴിക്ക്’ ആക്കി തന്നപ്പോള്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ട കഥ അവര്‍ പറഞ്ഞുതരും.

പോരാ നിങ്ങളൊക്കെ പിറന്നുവീണ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ആദ്യമായി നിങ്ങളെ കോരിയെടുത്തതും വൃത്തിയാക്കി ഉമ്മവെച്ചതും, സ്വന്തം ഉമ്മയെ കാണും മുമ്പ് ഭൂമിയില്‍ നിങ്ങള്‍ ആദ്യം കണ്ട മുഖവും  ഏതു മതത്തില്‍ പെട്ടവളുടെതായിരുന്നുവെന്ന്  നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ. 

ബാങ്കുവിളിയും ശംഖുനാദവും കേട്ടുണര്‍ന്ന, അത്തറിന്‍റെയും ചന്ദനത്തിന്‍റെയും ഗന്ധം കലര്‍ന്ന വായു ശ്വസിച്ചു വളര്‍ന്ന കേരളത്തിന്‍റെ മക്കളെയാണ്  വിദ്വേഷത്തിന്‍റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കാട്ടി മതത്തിന്‍റെ പേര് പറഞ്ഞു മനുഷ്യരെ തമ്മിലകറ്റാന്‍ വിധ്വംസക ശക്തികള്‍ ശ്രമിക്കുന്നത് എന്നത് എത്ര ഖേദകരം.

കാമ്പസ്സുകളില്‍ ഈ പറയുംപോലുള്ള ആസൂത്രിത പ്രണയവും തട്ടിക്കൊണ്ടുപോകലും  ഒക്കെ നടക്കുന്നുണ്ടെങ്കില്‍ ഈ സമുദായത്തിലെ വിദ്യാര്‍ഥി സമൂഹം ഇതൊന്നും അറിയുന്നില്ലേ. അതല്ല ചന്തിക്ക് താഴെ ജീന്‍സും ഇട്ട് മൊബൈലും ഞെക്കി നടക്കുന്ന ആണ്‍കുട്ടികള്‍ക്കും, ‘കണ്ട്ക്കാ ...കണ്ട്ക്കാ’ പാട്ടിന് പല വേര്‍ഷനുകള്‍ ഉണ്ടാക്കി ഷെയര്‍ ചെയ്തു നടക്കുന്ന പെണ്‍കുട്ടികള്‍ക്കും ഇപ്പറയുന്നതൊന്നും ബാധകമല്ലേ. പ്രതികരിക്കേണ്ടത് നിങ്ങളാണ് ചെറുപ്പക്കാരെ.
  
എത്ര വലിയ കെട്ടുറപ്പുള്ള തറവാടും കത്തിച്ചാമ്പലാവാന്‍ ചെറിയൊരു തീക്കൊള്ളി മതി. ഏതു ബോധമില്ലാത്ത കുട്ടി വലിച്ചെറിഞ്ഞാലും ആളിപ്പിടിക്കാന്‍ കുറഞ്ഞ നേരം മതി. തീപ്പിടിച്ച ശേഷം കെടുത്താന്‍ മിനക്കെടുന്നതിനു പകരം തീക്കൊള്ളികൊണ്ട് കളിക്കുന്നവനോട് അത് വാങ്ങി ദൂരെ എറിയുകയാവും വിവേകം. ഇലക്ഷന്‍റെ വേനല്‍ കത്തിനില്‍ക്കുന്ന ഈ വേളയില്‍ പ്രത്യേകിച്ചും. എന്ത് കൊണ്ടോ ഈ സമയത്ത് തന്നെ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ആരുടെയൊക്കെയോ താല്‍പര്യങ്ങളുണ്ടോ എന്ന് ചിന്തിക്കുക സ്വാഭാവികം. 

അല്ലാഹുവിന്‍റെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍ എന്ന് വിശ്വസിക്കുന്ന മതത്തിന്‍റെ അനുയായികള്‍ ഈ ഖുര്‍ആന്‍ വാക്യം എപ്പോഴെങ്കിലും ഒന്ന് മനസ്സിരുത്തി വായിക്കാനെങ്കിലും ശ്രമിക്കുക.

''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ് നാം നിങ്ങളെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത്. നിങ്ങളില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമന്‍.''(49: 13)

പിന്‍കുറി:- ഇന്നലെ കാലത്ത് ആരോ വാട്സ്അപ്പില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോ. ഏതാനും തട്ടമിട്ട പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചു നില്‍ക്കുന്നത്. സഹപാഠികളോ ബന്ധുക്കളോ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. കൂടെ ഏറെ അക്ഷരത്തെറ്റൊടെ ഒരു വാചകവും. ‘നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലും ഇതില്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളെ അറിയിക്കുക. പിന്നീട് ഖേദിക്കാതിരിക്കാന്‍’. 

ഇതുണ്ടാക്കിയവരും ഷെയര്‍ ചെയ്തവരുമായ  ‘അന്തംകമ്മി’കള്‍ക്ക് അന്യപെണ്‍കുട്ടികളുടെ ചിത്രം ഇങ്ങനെ മോശമായി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നതിന് പടച്ചോന്‍റെ പക്കലുള്ള നിയമം എന്തെന്നുള്ള ബോധമില്ലെങ്കിലും.  ഇവിടത്തെ സൈബര്‍ നിയമങ്ങളെ കുറിച്ച് വിവരം പോലുമില്ലല്ലോ എന്നായിരുന്നു എന്‍റെ സങ്കടം.