Monday, July 18, 2011

കല്യാണ ഭകഷ്യമേളയും കുറെ പൊംക്ലാസുകളും ....


വിവാഹം ഏതൊരു വ്യക്തിക്കും അയാളുടെ വേണ്ടപ്പെട്ടവര്‍ക്കും ഏറെ  ആഹ്ലാദകരമായ മുഹൂര്‍ത്തമാണ്.കാലങ്ങളായി ഈ ഒരു വേളയില്‍ നമ്മുടെ നാടിനെ സംബന്ധിച്ചെടുത്തോളം സന്തോഷത്തിനു ഇത്തിരി മങ്ങല്‍ ഉണ്ടാക്കിയിരുന്നത് സ്ത്രീധനം എന്ന വിപത്തായിരുന്നു. എത്രയൊക്കെ പുരോഗതി ഉണ്ടായിട്ടും ആ ഒരു കാര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല ഇതുവരെ. സ്വര്‍ണത്തിന് വില കൂടും തോറും കൂടുതല്‍ കൂടുതല്‍ പവനാണ്  കൊടുക്കുന്നത്.സ്വര്‍ണ്ണ കടകളുടെ പരസ്യങ്ങള്‍ കണ്ടു കണ്ട്ഇത്തിരി സ്വര്‍ണ്ണമൊന്നും കണ്ണില്‍ പിടിക്കാതായിരിക്കുന്നു.

എന്നാലും ഒരു സമാധാനമുണ്ട്.ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഇത്തിരി പൊന്നും പണവുമൊക്കെ ഏതൊരു സാധാരണക്കാരനും കരുതി വെക്കും.പിന്നെ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം സഹായിക്കുകയും ചെയ്യും.ഇനി പറ്റെ ദാരിദ്ര്യം ആണെങ്കില്‍ എല്ലാവരും കൂടെ ഒന്ന് ആഞ്ഞു പിടിച്ച് കാര്യങ്ങള്‍ നടത്തും.

ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌ സ്ത്രീധനത്തെ കുറിച്ചല്ല.അതല്ലാതെ തന്നെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ വിവാഹം കഴിഞ്ഞുള്ള പലവിധ സല്‍ക്കാരങ്ങള്‍ വരെ പണം പൊടിച്ചു തീര്‍ക്കുന്ന പുതിയ പുതിയ കുറെ ഏര്‍പ്പാടുകളെ കുറിച്ചാണ്.

ഈ കാര്യത്തില്‍ വധുവിന്റെ വീട്ടുകാരെന്നോ വരന്റെ വീട്ടുകാരെന്നോ വ്യത്യാസമില്ല.ഒരു സമ്പന്നനെ  സംബന്ധിച്ചെടുത്തോളം ചിലവാക്കാന്‍ സ്വന്തം കാശ് ഇഷ്ടം പോലെയുണ്ട്.നാട്ടിലെ അറിയപ്പെടുന്ന ദരിദ്രന്‍ ആണെങ്കില്‍ വിവാഹത്തിന് സഹായിക്കാന്‍ ഒരു പാട് ആളുകളുണ്ടാവും. പലപ്പോഴും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ പിരിവു കിട്ടിയ സംഖ്യ ബാക്കി വന്നത് അടുത്ത കുട്ടിക്കായി ബാങ്കില്‍ ഇട്ടിരിക്കുകയാണ് എന്ന് പോലും പറയുന്നത് കേള്‍ക്കാം.എന്നാല്‍ നാട്ടിലെ ഇടത്തരക്കാര്‍ പ്രത്യേകിച്ചും ഗള്‍ഫ് ചുറ്റുപാടുള്ളവര്‍ സമ്പന്നന്റെ ശൈലി അനുകരിക്കാന്‍ ശ്രമിക്കുകയും ദരിദ്രനെക്കാള്‍ കടക്കാരന്‍ ആയിത്തീരുകയും ചെയ്യുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ ഒരു സ്ഥിതി.
                                                                                                    രണ്ടു ഭാഗത്ത്‌ നിന്നും അന്വേഷണങ്ങള്‍ ഒക്കെ നടന്നുകഴിഞ്ഞാല്‍ അടുത്ത ചടങ്ങ് പെണ്ണ്കാണല്‍ ആണ്.ചെറുക്കനും കൂട്ടുകാരനുമാണ് മുമ്പൊക്കെ പെണ്ണ് കാണാന്‍ വന്നിരുന്നത്. ഇപ്പോള്‍ ഏകദേശം ഉറയ്ക്കും എന്ന് തോന്നുന്ന ബന്ധത്തിന് ചെറുക്കന്റെ മാതാപിതാക്കള്‍ തന്നെ കൂടെ വരുന്നതും കാണുന്നുണ്ട്.ഏതായാലും പെണ്ണ് കാണാന്‍ വരുമ്പോള്‍ പെണ്ണിന് ഒരു സമ്മാനം ഉറപ്പ്.സ്വര്‍ണാഭരണം,മൊബൈല്‍ ഫോണ്‍,അല്ലെങ്കില്‍ വിലപിടിച്ച ‍മിഠായികള്‍......... ....

അടുത്തത് ചെറുക്കന്റെ സഹോദരി, ജ്യേഷ്ടഭാര്യ തുടങ്ങിയവര്‍ അടക്കം  അടുത്ത ബന്ധുക്കളായ സ്ത്രീകള്‍  പെണ്‍കുട്ടിയെ കാണാന്‍ വരുന്ന ചടങ്ങാണ്.ഈ പരിപാടി കഴിയുന്നതും ഉച്ചയ്ക്ക് ശേഷമാണ് ഉണ്ടാവുക.ചായ റെഡി.പൊറോട്ട,നൈസ്പത്തിരി,ചപ്പാത്തി,ബ്രഡ്,കുബ്ബൂസ്  ഇതിനു കൂടെ കോഴി,ആട്,ബീഫ് തുടങ്ങിയവ കൊണ്ടുള്ള പലതരം കറികള്‍,അയക്കൂറ പൊരിച്ചത് പോരാത്തത് ഇതിനു പുറമേ കരിച്ചതും പൊരിച്ചതുമായ ഒരു പാട് പലഹാരങ്ങള്‍. ..........

വീട്ടുകാരുടെ അതിഭയങ്കരമായ നിര്‍ബന്ധം കൊണ്ട് എന്തെങ്കിലും  പേരിനൊന്ന് കഴിച്ചെന്നു വരുത്തി  എല്ലാവരും എഴുനേല്‍ക്കുന്നു.എല്ലാവര്‍ക്കും സന്തോഷം.ഒരുക്കിയ വിഭവങ്ങള്‍ മുക്കാലും വെയ്സ്റ്റ് ആയാലെന്ത്!!!!!
                                                                                                                       അടുത്തത് വരന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയമാണ്.വധുവിന്റെ ബന്ധുക്കളായ പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ്.വധുവിന്റെ വീട്ടിലെ പെണ്ണ് കാണല്‍ ചടങ്ങിലെ വിവിധ തരം വിഭവങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് വരന്റെ വീട്ടുകാരും ഒട്ടും മോശമാവരുതല്ലോ.അതും ഉച്ചയ്ക്ക്. ഗംഭീരമായ ഒരു ഭക്ഷ്യമേള  തന്നെ അവിടെ ഒരുക്കുന്നു.എന്നാലല്ലേ വരുന്നവര്‍ക്ക് ഒരു മതിപ്പ് തോന്നുകയുള്ളൂ!!!!

അതും കഴിഞ്ഞു കല്യാണ തിയ്യതി നിശ്ചയിച്ചു.ഇനി ക്ഷണക്കത്ത് അടിക്കണം.ക്ഷണക്കത്ത് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍  അറിയണം ആളുടെ പ്രൌഡിയും കല്യാണ ആഘോഷങ്ങളുടെ മതിപ്പും.അതുകൊണ്ട് തന്നെ ക്ഷണക്കത്ത് ഒട്ടും മോശമാവരുത്.ആറുരൂപമുതല്‍ മൂന്നക്കവും കടക്കുന്ന കത്തുകള്‍ വരെ ഉണ്ട്.വേണമെങ്കില്‍ നെറ്റിലൂടെ സെലക്റ്റ് ചെയ്യാം.അല്ലെങ്കില്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാം.വരന്‍ വിദേശത്ത് ആണെങ്കില്‍ അവിടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ വിതരണം ചെയ്യാന്‍ കുറച്ചു കത്തുകള്‍ കൂടിയ നിലവാരത്തില്‍ തന്നെ വേണം.അല്ലാതെ നാട്ടിലേക്ക് വേറെയും.ആയിരം ക്ഷണക്കത്ത് അടിക്കുമ്പോഴേക്കും ഒരു സംഖ്യ രണ്ടു കൂട്ടര്‍ക്കും തീരും.ഇത് കിട്ടുന്ന വീട്ടുകാര്‍ ഭൂരിപക്ഷവും വിവാഹതീയതി മാത്രമേ  നോക്കൂ.പലപ്പോഴും ക്ഷണക്കത്ത്‌  മുഴുവന്‍ ഇരുന്നു വായിക്കുന്നത് വീട്ടിലെ അക്ഷരം പഠിച്ചു വരുന്ന കുട്ടികളായിരിക്കും.

ഇതിനിടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ രണ്ടു വീട്ടുകാരും വീടെല്ലാം റിപ്പയര്‍ ചെയ്യുകയും പെയിന്റ് അടിക്കുകയും ചെയ്യുന്നു.പോരാ വധുവിന്റെ വീട്ടില്‍ അതി ഗംഭീരമായ മണിയറ ഒരുക്കണം.വിലയേറിയ ഫര്‍ണിച്ചറുകള്‍,അലങ്കാരങ്ങള്‍ A/C എല്ലാ സൌകര്യങ്ങളും.വരന്റെ വീട്ടിലും ബെഡ് റൂം തരക്കേടില്ലാത്ത രീതിയില്‍ ഒരുക്കുന്നു.
ഇനി വിവാഹ വസ്ത്രങ്ങള്‍ വാങ്ങുക എന്ന ചടങ്ങുണ്ട്.വധുവിന് വിവാഹ ദിവസവും തലേന്നും പിന്നീടും അണിയാനുള്ള വസ്ത്രങ്ങള്‍ മാത്രമല്ല വീട്ടുകാര്‍ക്കും വിവാഹ ദിവസത്തേക്കും അനുബന്ധ ചടങ്ങുകള്‍ക്കും അണിയാനുള്ള വസ്ത്രങ്ങള്‍.വന്‍കിട തുണിക്കടകള്‍ ഇപ്പോള്‍ കോഴിക്കോട് അടക്കം വന്നത് കൊണ്ട് കോയമ്പത്തൂര്‍ ഒന്നും പോകേണ്ടതില്ല എന്ന് ആശ്വസിക്കുന്നവരുണ്ട്  .വിവാഹ സാരി ആ ഒരു ദിവസം മാത്രം ഉടുക്കാന്‍ ഉള്ളതാണ് എങ്കിലും  അതിനു പതിനായിരങ്ങള്‍ ആണ് വില തലേദിവസം ഉടുക്കാനുള്ള സാരിയും ഏകദേശം അതിനടുത്തു വില വരും വീട്ടിലുള്ള മറ്റു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാം കൂടി ലക്ഷങ്ങള്‍ തുണിക്കടയില്‍ പൊടിക്കും.വരനും വിലയേറിയ വിവാഹ വസ്ത്രങ്ങള്‍ നിര്‍ബന്ധം കൊട്ടും സൂട്ടും അല്ലെങ്കില്‍ ശര്‍വാനിയും തലപ്പാവും ഒക്കെയായി കല്യാണ ചെറുക്കനും ചമയങ്ങള്‍ ഏറെ. ഒപ്പം വീട്ടുകാര്‍ക്കും ഏകദേശം വധുവിന്റെ വീട്ടുകാര്‍ക്ക് വരുന്ന ചെലവൊക്കെ വരന്റെ വീട്ടുകാര്‍ക്കും വരും. 
.
ഇനി വിവാഹത്തിന് വധുവിന്റെ വീട്ടില്‍ രണ്ടു ദിവസം മുമ്പ് മൈലാഞ്ചി കല്യാണം ഒപ്പനയും പാട്ടും ബിരിയാണിയും.കല്യാണ തലേന്ന് മുതല്‍ വധുവിനെ ഒരുക്കാന്‍ ഇപ്പോള്‍ ബ്യുട്ടിഷ്യന്‍ നിര്‍ബന്ധം സാരി ഉടുപ്പിക്കാനും മുഖം മിനുക്കാനും ചാര്‍ജ് ആയിരങ്ങള്‍.രണ്ടു വീടുകളിലും കല്യാണ തലേന്ന് എത്തുന്ന ഒരുപാട് അതിഥികള്‍ അവര്‍ക്കായി ഒരുക്കുന്ന ഭക്ഷണം.

കല്യാണ ദിവസം വരുന്ന അതിഥികള്‍ക്ക് വന്ന ഉടനെ  കുടിക്കാന്‍ ഒരു വെല്‍ക്കം ഡ്രിങ്ക്.പഴയ നാരങ്ങ വെള്ളത്തിന്റെ കാലം പോയി തണുപ്പിച്ച പാലില്‍ ഒരു പാട് കാര്യങ്ങള്‍ കലക്കി ഉണ്ടാക്കുന്ന സാധനമാണ് ഇപ്പോള്‍.വിവാഹ വിരുന്നിലെ വിഭവങ്ങളും ഒരു ഐറ്റത്തില്‍ അവസാനിക്കുന്നില്ല.കോഴിബിരിയാണി ആണെങ്കില്‍ കൂടെ ആടെങ്കിലും ഉണ്ടാവും.ഈയിടെ  ഒരു വിവാഹ വീഡിയോ കണ്ടപ്പോള്‍ അമ്പരന്നു പോയി .നാട്ടിന്‍ പുറത്ത് കാണുന്ന പോലെ ഓല മേഞ്ഞ ചെറിയ ഒരു പീടിക ഭരണികളില്‍ മിട്ടായികളും,ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ .ചെറിയൊരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചതിനു താഴെ സിഗരറ്റുകൂടുകള്‍ മുറിച്ച് ഇട്ടത്,മുകളില്‍ തൂങ്ങുന്ന വാരികകള്‍ പുറത്ത് ഒട്ടിച്ചു വെച്ച 'ചെമ്മീന്‍' സിനിമയുടെ പോസ്റ്റര്‍.ഒരു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതുപോലെ വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ആവശ്യമുള്ളത് ഇവിടെ നിന്നും വാങ്ങിക്കാം കാശ് കൊടുക്കാതെ.ബുഫെ ആണെങ്കില്‍ ദോശ,പത്തിരി,പൊറോട്ട,ബിരിയാണി,കപ്പ ......അങ്ങനെ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍.ഭക്ഷണത്തിലും അത് വിളമ്പുന്നതിലും  പിന്നെ പന്തല്‍ ഒരുക്കുന്നതിലും പുതിയ പുതിയ രീതികള്‍................
                                                           ഇനി വിവാഹ ശേഷം സല്ക്കാരങ്ങളുടെ ഘോഷയാത്രയാണ്.കല്യാണത്തിന്റെ അടുത്തദിവസം തന്നെ വരനെയും കൂട്ടുകാരെയും ബന്ധുക്കളെയും വിപുലമായ ഒരു സല്‍ക്കാരം വധുവിന്റെ വീട്ടില്‍ വെച്ച്.കൂട്ടത്തില്‍ വധുവിന്റെ അടുത്ത ബന്ധുക്കളും അയല്‍വാസികളും മറ്റു വേണ്ടപ്പെട്ടവരും.ഇത് ഒരു മിനി ഭകഷ്യമേള തന്നെയാണ്.കോഴി,ആട്,വലിയ മീന്‍,ചെമ്മീന്‍,ബീഫ്,കല്ലുമ്മക്കായ........ഇതെല്ലാം കൊണ്ടുള്ള വിഭവങ്ങള്‍.ബിരിയാണി ,ഫ്രൈഡ് റൈസ്,മജ്ബൂസ്,സാദാ ചോറ് ,മക്രോണി,നൂഡ്‌ല്സ്,പായസം.....ഈ വിഭവങ്ങളൊക്കെ കഴിച്ചു എഴുനേറ്റ ഉടനെ മുട്ടമാല,പുഡ്ഡിംഗ് ,ഐസ്ക്രീം ....പിന്നെ ഫ്രൂട്സ്,...ഗഹ് വ  .................
എല്ലാവരും ഭക്ഷണം കഴിച്ചോ എന്നതല്ല എത്രത്തോളം വിഭവങ്ങള്‍ ഒരുക്കി എന്നതിനാണ് പത്രാസ്.ഇനി ഈ സല്‍ക്കാരത്തില്‍ വരന്റെ മാതാപിതാക്കള്‍ പങ്കെടുത്തിട്ടില്ല എങ്കില്‍ അവര്‍ക്കായി വീണ്ടും ഒരു സല്‍ക്കാരം.ചെറുതെങ്കിലും ഇതിലും ഒട്ടും മോശമാവാതെ.തിരിച്ചു വധുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വരന്റെ വീട്ടില്‍ വിളിച്ച് ഇതിനോട് കിടപിടിക്കുന്ന ഒരു സല്‍ക്കാരം.വധുവിന്റെ മാതാവ് വരന്റെ വീട്ടിലേക്കു വിരുന്നു പോകുമ്പോള്‍ മുമ്പൊക്കെ അപ്പത്തരങ്ങള്‍ ആണ് കൊണ്ടുപോയിരുന്നത് എങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത് ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ആണ്.അല്ലെങ്കില്‍ വിലകൂടിയ ചോക്ലേറ്റുകള്‍ ഇത് വരന്‍ സല്ക്കാരത്തിനു വരുമ്പോള്‍ ഇങ്ങോട്ടും കൊണ്ടുവരും കൂടാതെ ഭാര്യയുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള വസ്ത്രങ്ങളും.

മുന്‍ കടന്നുപോയവര്‍ നല്ല ഉദ്ധേശത്തോടെ തുടങ്ങിവെച്ച ചില ആചാരങ്ങളും കീഴ്വഴക്കങ്ങളും പണക്കൊഴുപ്പിന്റെ മേളകളായി അധ:പ്പതിപ്പിച്ചത് ആരാണ്.ആരെയൊക്കെയോ ബോധിപ്പിക്കാന്‍......ആരെ, നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ അതിഥികളെയോ അതോ ഇനിയുള്ള കാലം നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം നില്‍ക്കേണ്ട പുതിയ ബന്ധുക്കളെയോ.

ആവശ്യമില്ലാതെ നാം വാരി വലിച്ചു കഴിക്കുന്നതും ബാക്കി വന്നു കുഴിച്ചു മൂടുന്നതുമായ ഭക്ഷണം ആരുടെ പണം ചെലവാക്കി വാങ്ങിയതാണ്  എങ്കിലും.ലോകത്തിലെവിടെയൊക്കെയോ ആര്‍ക്കൊക്കെയോ കിട്ടാതെ പോകുന്ന ഭക്ഷണമാണ്.ഭകഷ്യ ക്ഷാമം മൂലം മനുഷ്യന്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുന്നതിന്റെ വാര്‍ത്തകള്‍ നിത്യവും വായിക്കുന്ന നമുക്കെങ്ങനെയാണ് ഇങ്ങനെ ഭക്ഷണം ധൂര്‍ത്തടിക്കാന്‍ കഴിയുക.

ഈ പൊങ്ങച്ച പ്രദര്‍ശനങ്ങളിലൂടെ,ആഘോഷങ്ങളിലൂടെ നേട്ടം കൊയ്യുന്നത് ആരാണ്.വന്‍ നഗരങ്ങളിലെ കുത്തക തുണിക്കച്ചവടക്കാര്‍ അഞ്ചും  പത്തും നിലകളിലായി ചെറുകിട പട്ടണങ്ങളില്‍ പോലും തുണിക്കടകള്‍ തുറന്നു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടകള്‍ പുത്തന്‍ പരസ്യങ്ങളിലൂടെ നിങ്ങളെ മാടി വിളിക്കുന്നു.ബേക്കറികള്‍ കൊതിയൂറും വിഭവങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു.ക്ഷണക്കത്ത് കാരന്‍ മുതല്‍ കാറ്ററിംഗ് കമ്പനിക്കാര്‍ വരെ നിങ്ങളെ കൊണ്ട് ജീവിക്കുന്നു.നിങ്ങളോ തീക്കാറ്റടിക്കുന്ന മരുഭൂമിയില്‍ പൊറാട്ടക്കല്ലിനു മുന്നില്‍ ഉരുകി തീരുന്നു.പലിശക്ക് കടം വാങ്ങി മക്കളുടെ  വിവാഹം കെങ്കേമമാക്കുന്നു.

വയറുനിറയെ കഴിച്ച്ഏമ്പക്കവും വിട്ട് ഇറങ്ങിപ്പോവുന്നവന്‍ ഭക്ഷണത്തില്‍ ഉണ്ടായ പോരായ്മ മാത്രം ഓര്‍ക്കുന്നു അല്ലെങ്കില്‍ ഈ പണം പൊടിച്ചു നടത്തുന്ന ആറാട്ടിനെ വിമര്‍ശിക്കുന്നു...................
നാം മറ്റുള്ളവരുടെ മുന്നില്‍ മതിപ്പുണ്ടാക്കേണ്ടത് ധൂര്‍ത്തടിച്ചു കാണിച്ചല്ല.ഒരു പാട് ധനവും അധ്വാനവും ചെലവഴിച്ച് പിരിമുറുക്കത്തോടെ ഈ പാവനമായ വേദിയില്‍ നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേട്.

തിരുത്തേണ്ടിയിരിക്കുന്നു ഈ ധാരണകള്‍.ലളിതമായിരിക്കട്ടെ എല്ലാ ചടങ്ങുകളും.ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയാവരുത് നമ്മുടെ ജീവിതം.  
27.02.2014 4pm news സസ്നേഹം (ബഹറിന്‍) പ്രസിദ്ധീകരിച്ചത് 

Saturday, July 16, 2011

കലാപം


കലാപമൊടുങ്ങിയ തെരുവില്‍ പട്ടാള ബൂട്ടുകളുടെ കിരുകിരിപ്പ്‌ മാത്രം അവശേഷിച്ചു. അന്തരീക്ഷത്തില്‍ അപ്പോഴും  കത്തിയമര്‍ന്ന കടകളില്‍ നിന്നുയരുന്ന   പുകയോടൊപ്പം കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധവും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.തെരുവിലെ ഓടയില്‍ അഴുകി തീരാറായ ആ മനുഷ്യ ശരീരത്തിന്റെ ശിരസ്സില്‍ വന്നിരുന്ന ഈച്ചകളില്‍ ഒന്ന് അപരനോട് ചോദിച്ചു.
"ഇയാള്‍ ഏതു മതക്കാരനാണ് ..."
.ഭക്ഷണത്തില്‍ നിന്നും തല ഉയര്‍ത്താതെ മറ്റേ ഈച്ച പറഞ്ഞു.
"അറിഞ്ഞുകൂടാ...... തെരുവിലെ ആരാധനാലയങ്ങളുടെ മുന്നില്‍ എല്ലാ വിശേഷ ദിവസങ്ങളിലും പിച്ചക്കാരുടെ വരിയില്‍ ഇയാളെയും  കാണാറുണ്ടായിരുന്നു." 

Monday, July 11, 2011

വോട്ടുകളുടെ എണ്ണവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വീരവാദവും

തെരഞ്ഞെടുപ്പു കഴിഞ്ഞു 75% പോളിംഗ് നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒരു മാസം കഴിഞ്ഞു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അധികാരത്തില്‍ ഏറുന്ന മുന്നണി വീരവാദം പറയാന്‍ തുടങ്ങും.എന്തുകൊണ്ട് തങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച്.തങ്ങളുടെ മികവ്, തങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം അങ്ങനെ നൂറായിരം കാരണങ്ങള്‍.എത്രത്തോളം സീറ്റുകള്‍ കൂടുതല്‍ കിട്ടിയോ അതൊക്കെ തങ്ങളുടെ മുന്നണിയോടുള്ള വോട്ടര്‍മാരുടെ വിശ്വാസമായി മുന്നണികള്‍ വീരവാദം പറയുകയും  പൊതുജനങ്ങള്‍  അത് വിശ്വസിക്കുകയും ചെയ്യുന്നു. .എന്നാല്‍ ഈ വാദം സത്യത്തില്‍ ശുദ്ധ  തട്ടിപ്പല്ലേ.ആകെ വോട്ടര്‍മാരില്‍ 25% വോട്ടു ചെയ്തിട്ടേയില്ല.ഇതില്‍ സ്ഥലത്തില്ലതവരും പറ്റെ അവശന്മാരുമായ ചെറിയൊരു ശതമാനതിനെ മാറ്റി നിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ഒന്നുകില്‍ ജനാധിപത്യത്തിലോ അല്ലെങ്കില്‍ ഈ മുന്നണികളിലോ  സ്ഥാനാര്‍ഥികളിലോ  വിശ്വാസം ഇല്ലാത്തവരായിരിക്കും.എന്ന് വെച്ചാല്‍ ജയിച്ച സ്ഥാനാര്‍ഥിക്കോ   മുന്നണിക്കോ അവരുടെ പിന്തുണ ഇല്ല എന്നര്‍ത്ഥം.അതിരിക്കട്ടെ പോള്‍ചെയ്ത 75% വോട്ടില്‍ പകുതിയെങ്കിലും കിട്ടിയ സ്ഥാനാര്‍ഥിയാണോ  വിജയിക്കുന്നത്.ആകെ കിട്ടിയ വോട്ടില്‍ ഉള്ള സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വോട്ടു ലഭിച്ച ആള്‍ക്ക് എന്നുവെച്ചാല്‍ പകുതി പോയിട്ട് മുപ്പതു ശതമാനം വോട്ടു പോലും ലഭിക്കാത്ത സ്ഥാനാര്‍ഥിയും  മുന്നണിയുമാണ്‌ നാട് ഭരിക്കാന്‍ പോകുന്നത്.ഇതെങ്ങിനെയാണ്‌ ഭൂരിപക്ഷത്തിന്റെ പിന്തുണയാവുക.സ്ഥാനാര്‍ഥികളുടെ  എണ്ണം കൂടുന്തോറും ജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ജനപിന്തുണ കുറയുകയല്ലേ ചെയ്യുന്നത്.സത്യത്തില്‍ ഇവിടെ ജനാധിപത്യത്തിന്റെ ലക്‌ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ.                                                                                            പിന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം എതെങ്കിലും പാര്‍ട്ടി മറ്റേ മുന്നണിക്ക്‌ വോട്ടു മറിച്ചത്‌ കൊണ്ടാണ് ഞങ്ങള്‍ തോറ്റു പോയത് എന്ന് ആരോപിക്കുന്നതിലും പരാതി പറയുന്നതിലും എന്ത് അര്‍ത്ഥമാണ് ഉള്ളത് .മറ്റാര്‍ക്ക് കിട്ടിയാലും അത് തങ്ങള്‍ക്കു കിട്ടുന്ന വോട്ടല്ലല്ലോ .ജനാധിപത്യം എന്നാ മഹത്തായ സങ്കല്പം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അനുഭവിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യാ രാജ്യത്തിന് എന്നാണു സാധിക്കുക....         

മലയാളി

കേരളത്തില്‍ ഇന്ന് പൊതുവേ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാലും ഹോട്ടെല്‍ ജോലിക്കാണെങ്കിലും ജോലി ചെയ്യാന്‍ ആളെ കിട്ടാനില്ല എന്നതാണ് വാസ്തവം   . അത് കൊണ്ടു തന്നെ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍നിന്നുമൊക്കെ തൊഴിലാളികളെ ഇറക്കുമതി  ചെയ്യുകയാണ്. നാട്ടിന്‍റെ നാനാഭാഗത്തും ഇപ്പോള്‍ മറുനാട്ടുകാരായ തൊഴിലാളികളെ കാണാം. സത്യത്തില്‍ മറുനാട്ടില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു പോയേനെ. എന്നാല്‍ രസകരമായ മറ്റൊരു വശമുണ്ട്  .ഇന്ത്യാ രാജ്യത്തുനിന്ന് ഗള്‍ഫ്‌ രാജ്യങ്ങളിലേക് തൊഴില്‍ തേടി പോയവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്നും ഗള്‍ഫിലേക്കുള്ള മലയാളികളുടെ ഒഴുക്ക്  കുറഞ്ഞിട്ടില്ല. കേരളത്തിലുള്ളതില്‍ നിന്നും നേരെ വിപരീതമായ കാലാവസ്ഥയാണ് ഗള്‍ഫിലെത്. നാട്ടില്‍ കര്‍ക്കടകത്തില്‍   പെരുമഴ പെയ്യുമ്പോള്‍ അതെ സമയം ഗള്‍ഫില്‍ ചുട്ടു പഴുത്ത ചൂടാണ്. ഈ കൊടും ചൂടിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും മരുഭൂമിയില്‍ കടി നാധ്വനം  ചെയ്യുന്നവരാണ് മലയാളികളില്‍ വലിയൊരു ശതമാനവും. കുറെ ആളുകള്‍ കടകളിലും ഹൊട്ടലുകളിലുമൊക്കെയായി ജോലിചെയ്യുന്നു. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ ജോലിചെയ്താലും അധിക പേര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതിരിക്കുന്നതും  അപൂര്‍വ്വമല്ല . പിന്നെ റൂം വാടക ഭക്ഷണ ചെലവ് ഇതിനു പുറമേ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ ഇക്കാമ  അടിക്കാന്‍ വരുന്ന ഭീമമായ ചെലവ്, നാട്ടില്‍ പോയി തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ  പണം അങ്ങിനെ ഒരുപാടു ചെലവുകള്‍. പിന്നെ നിയമത്തിന്റെ നൂലാമാലകള്‍ ,അരക്ഷിതബോധം  എല്ലാറ്റിനുമുപരി വര്‍ഷങ്ങളോളം ഉറ്റവരെ പിരിഞ്ഞിരിക്കെണ്ടി വരുന്നതിന്‍റെ വേദന .എന്നിട്ടും മലയാളികള്‍ വീണ്ടും വീണ്ടും ഗള്‍ഫിലേക് ചേക്കേറികൊണ്ടിരിക്കുകയും  കേരളത്തില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരികയും ചെയ്യുന്നു. എന്താണ് ഈ വിരോധാഭാസത്തിനു കാരണം.

Friday, July 8, 2011

മോഹിക്കാനില്ലാത്തവര്‍

പരീക്ഷാ ഫലങ്ങള്‍ പലതും വന്നു.ഓരോ രക്ഷിതാക്കളും മക്കളുടെ തുടര്‍ പഠനത്തിനായുള്ള നെട്ടോട്ടത്തിലാണ്.മക്കള്‍ പഠിച്ചു നല്ല ഒരു നിലയിലെത്തിയാല്‍ നാളെ തങ്ങള്‍ക്കു ഒരു തണലായി തീരുമെന്നുള്ള പ്രതീക്ഷ.ചുരുങ്ങിയത് മക്കള്‍ നാളെ തങ്ങള്‍ക്കു ഭാരമെങ്കിലും ആവില്ല എന്ന ആശ്വാസം. എത്ര കഷ്ടപ്പെട്ടും മക്കളുടെ പഠനത്തിനായി പ്രയത്നിക്കുന്ന രക്ഷിതാക്കളുടെ ഈ കണക്കു കൂട്ടലുകള്‍ സ്വാഭാവികം........................ എന്നാല്‍ നാം നിത്യ ജീവിതത്തില്‍ കണ്ടുമുട്ടുന്ന മറ്റൊരു കൂട്ടം രക്ഷിതാക്കളുണ്ട് .മക്കളില്‍ നിന്ന് തിരിച്ചു ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാനില്ലാത്തവര്‍...... ബുദ്ധി വളര്‍ച്ച ഇല്ലാത്ത  കുട്ടികളുടെ അച്ഛനും അമ്മയും.ആ കുട്ടികള്‍ വളര്‍ന്നു വലുതായാല്‍  നാളെ അവരിലൂടെ എന്ത് നേട്ടമാണ് ഈ മാതാ പിതാക്കള്‍ക്ക് പ്രതീക്ഷിക്കാനുള്ളത്‌.എന്നാലും ആ മാതാപിതാക്കള്‍ ഏറെ ക്ഷമയോടെയും സ്നേഹത്തോടെയും ആ മക്കളെ  പരിപാലിക്കുന്നു,സുശ്രൂഷിക്കുന്നു.മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും ആരക്ഷിതാക്കളെ പലപ്പോഴും അസ്വസ്ഥരാക്കുന്നു.......ബന്ധുക്കളുടെ വിവാഹ വീട്ടില്‍ ,മറ്റെന്തെങ്കിലും ആഘോഷം നടക്കുമ്പോള്‍ ഈ കുട്ടികള്‍ കാഴ്ച വസ്തുക്കള്‍ ആവുന്നു.ഒപ്പം രക്ഷിതാക്കളും.പെണ്‍കുട്ടികളാണെങ്കില്‍  വളര്‍ന്നു വരും തോറും രക്ഷിതാക്കള്‍ക്ക് ഭീതിയാണ്.അതാണ്‌ കാലം.....ആണ്‍ കുട്ടികള്‍ ആണെങ്കിലും   ഒരു പ്രായം കഴിഞ്ഞാല്‍ വീട്ടില്‍ അടങ്ങിയിരിക്കില്ല.അങ്ങാടിയില്‍ മറ്റുള്ളവര്‍ക്ക് കോമാളി വേഷം കെട്ടിക്കാന്‍ ഒരു ഇര...........ജീവിതത്തിലെ എല്ലാ ആഹ്ലാദങ്ങളും മാറ്റിവെച്ചു മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച ഈ മാതാ പിതാക്കള്‍.....എല്ലാം കച്ചവടമായി മാറിയ തിരക്ക് പിടിച്ച ഈ കാലത്ത് ഈ രക്ഷിതാക്കളെ എങ്ങിനെയാണ് നമുക്ക് ആദരിക്കാതിരിക്കാന്‍ കഴിയു

Tuesday, July 5, 2011

കഥയുടെ സുല്‍ത്താന്റെ ഓര്‍മ്മയില്‍       വായനക്ക് അതിരുകളും വരമ്പുകളും ഇല്ലാത്ത ചെറുപ്പകാലത്ത് എപ്പോള്‍ മുതലാണ്‌ ബഷീറിനെ വായിച്ചു  തുടങ്ങിയത്.നീര്‍ക്കോലിയെ കുരുക്കിട്ടു പിടിച്ചു കൊണ്ട് വന്നു നീര്‍നാഗം എന്ന് ബാപ്പയോട് പറഞ്ഞ, അനുജന്റെ കൂടെ ഇറച്ചി പൊരിച്ചതും നെയ്യും പഞ്ചസാരയും കട്ടുതിന്ന  കുട്ടിക്കാലത്തിന്റെ കഥകള്‍  പൂമ്പാറ്റയില്‍ വായിച്ചത് മുതലോ.ജ്യേഷ്ടന്റെ പത്താം തരത്തിലെ മലയാളം പുസ്തകത്തില്‍ 'വിശ്വവിഖ്യാതമായ മൂക്ക്'എന്ന കഥ വായിച്ചപ്പോഴോ......ആനവാരി രാമന്‍ നായരും പോന്കുരിശു തോമയും ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപയും എട്ടുകാലി മമ്മൂഞ്ഞും അങ്ങനെ രസകരമായ ഒരു ലോകവും കുറെ ആളുകളും ഇവരിലൂടെയാണ് ഈ എഴുത്തുകാരനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
.പാത്തുമ്മയുടെ ആടിലെ ബഹളം നിറഞ്ഞ വീടും ആള്‍ക്കാരും  .പിന്നെ നിഷ്കളങ്കയായ കുഞ്ഞുപാത്തുമ്മ, രാജകുമാരിയെ പോലെ ജീവിച്ചു ഒടുവില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഉപ്പിട്ട ചായക്ക്‌ രുചി കണ്ടെത്തിയ കുഞ്ഞുപാത്തുമ്മ.പഴമയില്‍ നിന്നും മാറാന്‍ മടിച്ച കുഞ്ഞുതാച്ചുമ്മ.പ്രതാപം നശിച്ചു മീന്‍ കച്ചവടത്തിനിറങ്ങിയ ബാപ്പ.പുരോഗമന ചിന്താഗതിക്കാരനായ നിസ്സാര്‍ അഹമ്മദും ലുട്ടാപ്പിയും .............സുഹറയുടെയും മജീദിന്റെയും കുഞ്ഞുകാല കുസൃതികളും പിന്നെ പ്രണയവും ശേഷമുണ്ടായ ദുരന്തങ്ങളും മനസ്സില്‍ ആഴത്തിലുള്ള മുറിവായി എന്നും വേദനിച്ചു കൊണ്ടിരുന്നത്.

ബഷീര്‍ എന്ന എഴുത്തുകാരന്‍ മനസ്സില്‍ ഒരുപാട് വളരുകയായിരുന്നു. അദ്ദേഹം എഴുതിയതും അദ്ധേഹത്തെ കുറിച്ച് എഴുതിയതും എല്ലാം വായിച്ചപ്പോള്‍ നേരിട്ട് പോയി കാണണമെന്ന് തോന്നി കോഴിക്കോട്ടു നിന്നും അധികം ദൂരെയൊന്നും അല്ലല്ലോ  ബേപ്പൂര്‍ എന്നാലും ധൈര്യം  വന്നില്ല.ഒരു നാട്ടുമ്പുറക്കാരനായ പതിനേഴുകാരന്റെ അപകര്‍ഷത.
ഒടുവില്‍ ഒരു കത്തെഴുതി, വായിച്ച കൃതികളെക്കാളും വീടിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒക്കെയാണ് എഴുതി ചോദിച്ചതെന്ന് തോന്നുന്നു.കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പോസ്റ്റ് കാര്‍ഡില്‍ മറുപടി വന്നുജീവിതത്തില്‍ ആദ്യമായി പ്രശസ്തനായ ഒരു വ്യക്തിയുടെ ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ സ്വന്തം കൈപ്പടയില്‍ എനിക്കയച്ച കത്ത്....മനസ്സ് നിറഞ്ഞ ആഹ്ലാദം പങ്കുവെക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ആരെയെങ്കിലും കാണിച്ചാല്‍ കളിയാക്കപ്പെടും എന്ന് തോന്നിയതിനാല്‍ ആരെയും കാണിച്ചതുമില്ല.
പിന്നെയും രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി എഴുതി അപ്പോഴേക്കും  ഒരു മാതിരി പുസ്തകങ്ങളൊക്കെ വായിച്ചു കഴിഞ്ഞിരുന്നു.ശബ്ദങ്ങളും,വിശപ്പും,ജന്മദിനവും ................അങ്ങനെ പച്ചയായ ജീവിതത്തിന്റെ കത്തുന്ന കഥകള്‍ സഞ്ചാരിയുടെ കാഴ്ചകള്‍......................മനസ്സിലാവാഞ്ഞത് സൂഫികളെ കുറിച്ചാണ് അങ്ങനെ എഴുതി ചോദിച്ചു.അങ്ങോട്ട്‌ എഴുതിയ  കടലാസ്സിന്റെ  ‍മാര്‍ജിനില്‍ ഒരല്പം കീറിയെടുത്ത്‌ അതില്‍ എഴുതിയ മറുപടി പെട്ടെന്ന് വന്നു..അമൂല്യമായ രണ്ടാമത്തെ എഴുത്ത്.

വായനെയെക്കാളും വലുതായി ജീവിതം മുന്നില്‍ വന്നപ്പോള്‍ പിന്നീട് കത്തെഴുത്ത് നിന്നു.ഒരിക്കല്‍ കോഴിക്കോട്ടു വെച്ച് നടന്ന പ്രേംനസീര്‍ അവാര്‍ഡു ദാന ചടങ്ങില്‍ വെച്ച്  കണ്ടു പൊട്ടിച്ചിരിപ്പിക്കുന്ന പ്രസംഗം കേട്ടു.

ഇതുപോലെ ഒരു ജൂലായ്‌ 5 നിര്‍ത്താതെ വിതുമ്പി കരഞ്ഞു കൊണ്ട് മഴ പെയ്തു കൊണ്ടിരുന്ന  ദിവസം രാവിലെ റേഡിയോയില്‍   പ്രാദേശിക വാര്‍ത്തകളില്‍ കേട്ടു......ആ മരണം..........മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ബേപ്പൂരില്‍ വൈലാലില്‍ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ആളുകള്‍ ഒഴുകി ക്കൊണ്ടിരുന്നു.എഴുത്തുകാര്‍,സിനിമാക്കാര്‍,രാഷ്ട്രീയനേതാക്കള്‍,പിന്നെ സാധാരണക്കാരായ ഒരു പാട് ആണും പെണ്ണും. നിറഞ്ഞ കണ്ണുകളോടെ പെരും മഴയത്തും അവര്‍ നിശബ്ദരായി ആ വീട്ടുമുറ്റത്ത്‌  വരി നിന്നു പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍.

 വെള്ള പുതച്ച് താടികൂട്ടിക്കെട്ടി ഓഫീസ് മുറിയില്‍ കട്ടിലില്‍ കിടക്കുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍.വെപ്പ് പല്ല് എടുത്തുകളഞ്ഞത് കൊണ്ട് മുഖം ഒന്ന് ചുരുങ്ങിയിട്ടുണ്ട് ഒരു പാട് പുരസ്കാരങ്ങള്‍ ചുവരില്‍ ഒരുപാട് അനുഭവങ്ങളുള്ള  സഞ്ചാരി വീണ്ടുമൊരു യാത്ര പോകുകയാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന സൃഷ്ടാവിന്റെ അടുത്തേക്ക് .നീയും ഞാനും എന്ന സത്യത്തില്‍ നീ മാത്രം ബാക്കിയാവുന്നു.
മാങ്കോസ്റ്റിന്‍ മരത്തിനു ചുവട്ടിലും വരാന്തയിലും മുറ്റത്തുമായി കരയുന്ന മനസ്സുമായി അദ്ധേഹത്തെ സ്നേഹിച്ച ഒരുപാട് മനുഷ്യര്‍ ....വലിപ്പച്ചെറുപ്പമില്ലാതെ യാത്രയാക്കാന്‍ വന്നവര്‍.

.ഞാന്‍ ഓര്‍ക്കുന്നു എന്താണ് ഈ മനുഷ്യനില്‍ നിന്നു എനിക്ക് ലഭിച്ചത്. മനുഷ്യനടക്കമുള്ള എല്ലാ ജീവികളോടും ഉള്ള  അളവറ്റ കാരുണ്യം.പുഴുവിനോടും,മരത്തിനോടും,കള്ളനോടും,വേശ്യയോടും.ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണെന്ന സ്നേഹം.,ശുചിത്വംശരീരം പോലെ വീടും പരിസരവും വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കണമെന്ന ചിന്ത.,മത ജാതി ഭേദമില്ലാതെ പണ്ഡിതനോ പാമരനോ എന്ന് ചിന്തിക്കാതെ ഒരു പോലെ ഇടപെടുന്ന സമഭാവന..

ഇന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സ് കഴുകി വെടിപ്പാക്കുന്ന പോലെ ശുദ്ധമാകുന്നു. എന്റെ ജീവിതത്തിലെ ഒരു പാട് നന്മകള്‍ക്ക് പ്രിയപ്പെട്ട  എഴുത്തുകാരനോട്‌ ഞാന്‍  കടപ്പെട്ടിരിക്കുന്നു.