Monday, November 20, 2017

നോവുകൾക്ക് മേൽ നന്മയായി പെയ്യുന്ന കുറെ മനുഷ്യർ


കോടാച്ചിരം മഴയത്ത് മുട്ടോളം വെള്ളമുള്ള  ചെമ്മൺ നിരത്തിലൂടെ നീന്തി വരുന്നൊരു  വെളുത്ത ഒംനി വാൻ.  അതിൽ നിന്നിറങ്ങിയ പെൺകുട്ടികൾ കുടച്ചോട്ടിൽ ചേർത്ത് പിടിച്ചിട്ടും മഴ നനഞ്ഞ് ഇടവഴിയിലൂടെ നടന്ന് വഴുക്കുന്ന കുന്നിന് മേലുള്ള കുടിലിലേക്ക്  പ്രയാസപ്പെട്ടു കേറിപ്പോകുന്നത് അടുക്കള ജാലകത്തിലൂടെ  കണ്ട പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
"പാല്യേറ്റിവ്കാരാ... കുന്നുമ്മലെ ഓറ്‌ ഇന്നോ നാളേന്നുള്ള നെലക്ക് കെടക്ക്വല്ലേ"

ഏതൊരു നാട്ടുമ്പുറത്തിനും സുപരിചിതമാണ് ഇന്ന് ഈ പേരും ഇങ്ങനെ കുറെ മനുഷ്യരും. വേദന തിന്നു കഴിയുന്ന മാറാരോഗികൾക്കും ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടപ്പിലായിപ്പോയവർക്കും ആശ്വാസമായെത്തുന്ന ഒരു കൂട്ടം ആൾക്കാർ. മരുന്നു കൊടുത്തും ഭക്ഷണം കൊടുത്തും വീട് വൃത്തിയാക്കിയും സ്നേഹം കൊണ്ട് ചേർത്തുപിടിക്കുന്ന സ്നേഹത്തിന്റെ ആൾരൂപങ്ങൾ. ഓണവും വിഷുവും പെരുന്നാളും   കൃസ്തുമസ്സും വിവാഹവും മഴയും വെയിലുമൊന്നും ഇവരെ തടയുന്നില്ല.

കൊല്ലുന്നവൻ തനെന്തിനാണ് കൊല്ലുന്നതെന്നും കൊല്ലപ്പെട്ടവൻ എന്ത് കാരണത്താലാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിയാത്ത ഒരു കാലത്തെ കുറിച്ചൊരു പ്രവാചക വചനമുണ്ട്. സമാനമായൊരു കാലമാണോ എന്ന് തോന്നിപ്പിക്കും വിധമാണല്ലോ കേൾക്കുന്ന വാർത്തകൾ. മതത്തിന്റെ ജാതിയുടെ ദേശത്തിന്റെ ഭാഷയുടെ വർണ്ണത്തിന്റെ ഒക്കെ പേരിൽ കൊന്നും മരിച്ചും...

ജോലിക്ക്  പോകാനിറങ്ങുമ്പോൾ തീവണ്ടിയിൽ, അങ്ങാടിയിൽ, ഹോട്ടലിൽ ഏതു നിമിഷവും ആരോ വെച്ച ബോംബിനോ ഭ്രാന്ത് പിടിച്ചൊരു കൊലയാളിയുടെ തോക്കിനോ ഇരയായി മരിച്ചു വീഴുന്നവർ. കൊന്നവർക്കും മരിച്ചവർക്കും വേണ്ടിയുള്ള ന്യായവാദങ്ങൾ. വെല്ലുവിളികൾ... പിന്നെയും പിന്നെയും മനുഷ്യൻ മനുഷ്യന്റെ ശത്രുവായി ഹിംസ്രജന്തുക്കളെ പോലെ മുരണ്ടും മുക്രയിട്ടും ലോകത്തിന്റെ തന്നെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ നിശബ്ദമായി മനുഷ്യരെ സേവിക്കുന്ന കുറെ മനുഷ്യർ.

ജാതിയോ മതമോ ഭാഷയോ ഒന്നും നോക്കാതെ വേദനിക്കുന്നവനിൽ ആശ്വാസമായി പെയ്തിറങ്ങുന്ന നന്മമഴകൾ. സങ്കടങ്ങളെയൊക്കെ മായ് ച്ചുകളയുന്ന ചിരിയോടെ ആശ്വാസവാക്കുകളോടെ ചേർത്തു പിടിച്ചും ശുശ്രൂഷിച്ചും...

എനിക്ക് നേരിൽ അറിയുന്ന ഒരുപാട് പാലിയേറ്റിവ് വളണ്ടിയർമാരുണ്ട്.  കച്ചവടക്കാർ, ഉദ്യോഗസ്ഥന്മാർ, റിട്ടയേഡ് ജീവിതം നയിക്കുന്നവർ, ഓട്ടോ ഓടിക്കുന്നവർ, കൂലിപ്പണിക്കാർ, കോളേജ് വിദ്യാർഥികൾ, പ്രവാസികൾ, വീട്ടമ്മമാർ.....
തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ ഒരു കടമയെന്ന പോലെ അവശരും നിസ്സഹായരുമായ മനുഷ്യരിലേക്ക് ഇറങ്ങുവാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ത് എന്ന് അത്ഭുതപ്പെടാറുണ്ട്.

നന്മകൾക്കൊക്കെ പരലോകത്തു പ്രതിഫലം ലഭിക്കും എന്ന് കരുതുന്ന ദൈവ വിശ്വാസികൾ മാത്രമല്ല യാതൊരു ഈശ്വര വിശ്വാസവും ഇല്ലാത്തവർ പോലും ഏറെയുണ്ട് ഈ മേഖലയിൽ ജീവിതം തന്നെ സമർപ്പിച്ചവർ. ഇവരൊക്കെയും അനുഭവിക്കുന്നൊരു ആത്മസംതൃപ്തിയുണ്ട്. തങ്ങളുടെ ജീവിതം സാർത്ഥകമാവുന്നു എന്നൊരു സന്തോഷം. ഒരു വാക്ക് കൊണ്ട് സ്പർശം കൊണ്ട് സാമീപ്യം കൊണ്ട് അന്യനായൊരു മനുഷ്യന് ആശ്വാസമാവാൻ കഴിയുന്നല്ലോ എന്നൊരു ചാരിതാർഥ്യം.

അത്രമേൽ ഒറ്റപ്പെട്ട് വരണ്ടുപോയ ജീവിതങ്ങൾക്ക് മേലെയാണ് ഇവർ ചാറ്റൽ മഴയായി പെയ്യുന്നത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുവരിച്ചും പട്ടിണിയായും ദുരിതക്കിടപ്പിൽ മരണം കൊതിച്ചു കഴിഞ്ഞവർ. ആരോ പറഞ്ഞറിഞ്ഞ് തേടിയെത്തുമ്പോൾ മുതൽ പാലിയേറ്റിവ് പ്രവർത്തകർ അയാളുടെ ഉറ്റബന്ധു ആകുന്നു. കുളിപ്പിച്ചും വൃണങ്ങൾ വൃത്തിയാക്കി മരുന്ന് വെച്ചും. ഭക്ഷണം നൽകിയും ജീവിതത്തിലേക്ക് ആ മനുഷ്യനെ മെല്ലെ മെല്ലെ കൈ പിടിച്ചു നടത്തിക്കുന്നു.

ആശുപത്രികളെല്ലാം മടക്കിയ, വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുന്ന പ്രിയപ്പെട്ടൊരാൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ബന്ധുക്കളാരോ അടുത്തുള്ള പാലിയേറ്റിവ് കാരെ വിളിക്കുന്നു.
"കണ്ടു നിക്കാൻ വയ്യ നിങ്ങളെന്തെങ്കിലും ചെയ്തു തരണം"

വേദനാ സംഹാരികൾ മാത്രമല്ല. കിടപ്പിലായിപ്പോയ അയാൾക്ക്  മലമൂത്ര വിസർജ്ജനത്തിന്‌ വേണ്ടത് ചെയ്തും, ആവശ്യമായ നിർദേശങ്ങൾ വീട്ടുകാർക്ക് കൊടുത്തും പലപ്പോഴും അവസാന നേരത്ത്   ആശ്വാസത്തിന്റെ പുതപ്പായി മാറാൻ പാലിയേറ്റിവ് പ്രവർത്തകർ തന്നെയാണ് ഇന്ന് നാട്ടിൽ. മാരകമായ രോഗങ്ങൾ പെരുകി വരുന്ന കാലത്ത്  സ്വസ്ഥമായ മരണം പോലും കിട്ടാൻ ഭാഗ്യമില്ലാതെ പോകുന്നവർക്ക്  പാലിയേറ്റിവ് പ്രവർത്തനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല.

അഗാധമായ മനുഷ്യസ്നേഹമാണ് ഇവരുടെ ഊർജ്ജം. ദുരിതങ്ങളും വേദനകളും അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ്  ആ പേരിന് അർഹനാകുക എന്ന ബോധം. വില കൊടുത്തു വാങ്ങുന്ന സന്തോഷങ്ങളൊക്കെയും അല്പായുസ്സുകൾ ആണെന്ന തിരിച്ചറിവും പകർന്നു നൽകും തോറും ഏറുന്ന സ്നേഹം എന്ന വികാരം മനുഷ്യനെ എത്രത്തോളം നിർമ്മലനാക്കും എന്നറിയുന്ന അനുഭൂതിയുമാണ് ഓരോ പാലിയേറ്റിവ് പ്രവർത്തകനെയും ഈ ഒരു മേഖലയിൽ മടുപ്പില്ലാതെ നിൽക്കാൻ  പ്രേരിപ്പിക്കുന്നത്.

ഗ്രന്ഥങ്ങളിലൂടെ മാത്രം ഈശ്വരനെ തേടുന്നതിന്റെ ദുരന്തമാണ് മതത്തിന്റെ പേരിൽ മനുഷ്യരെ വെറുത്തും അകറ്റിയും നിർത്തണം എന്ന രീതിയിലുള്ള പുതിയകാല വ്യാഖ്യാനങ്ങൾ.  മനുഷ്യൻ മനുഷ്യനെ തൊട്ടറിയുമ്പോഴും ചേർത്തു പിടിക്കുമ്പോഴും പരസ്പരം പകരുന്നൊരു നന്മയുടെ വെളിച്ചം ഹൃദയങ്ങളിൽ നിന്നും ഹൃദങ്ങളിലേക്ക് പകരാൻ കഴിയുമ്പോഴാണ് ലോകം മനോഹരമാവുന്നത്.
തൊട്ടാവാടിപ്പൂവിന്റെ ചിരിയും നക്ഷത്രക്കുഞ്ഞിന്റെ സഞ്ചാരവും കണ്ട കാലം മറന്ന് എന്തിനോ വേണ്ടി പിരിമുറുക്കത്തോടെ തിരക്കിട്ടോടുന്ന നമ്മുടെ മുന്നിൽ ഇങ്ങനെ കുറേ മനുഷ്യരുണ്ട്. ഉറ്റവരല്ലാത്ത ആർക്കൊക്കെയോ ഉറ്റവരായി മാറിയവർ, ജീവിതത്തിലേക്കായാലും മരണത്തിലേക്കായാലും ഏറ്റവും ദയയോടെയും സ്നേഹത്തോടെയും മനുഷ്യരെ ചേർത്തുപിടിച്ചു  നടത്തുന്നവർ....
നാമിവരെ പാലിയേറ്റിവ്കാർ എന്ന് വിളിക്കും.
----------------
'നിലാവ്' കുവൈത്ത് ന്റെ സുവനീറിന് വേണ്ടി എഴുതിയത്

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ