Sunday, August 9, 2015

മനുഷ്യരെ കുറിച്ചൊരു മാരിവില്‍ പുസ്തകം

......സാര്‍ എന്നോട് ഒരു മെഴുകുതിരി കത്തി നില്‍ക്കുന്നത് വരക്കാന്‍ ആവശ്യപ്പെട്ടു. എന്തിനായിരിക്കുമെന്ന സംശയത്തോടെ വിറക്കുന്ന കൈകള്‍കൊണ്ട് കത്തി നില്‍ക്കുന്ന മെഴുകുതിരി വരച്ചു. ഞാന്‍ വരച്ച ചിത്രത്തിന്‍റെ അടിയിലായി നല്ല വലിപ്പത്തില്‍ സാര്‍ എഴുതി...
“LIGHTEN TO LIGHTEN’ എഴുതിയതിന് ശേഷം സാര്‍ എന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു. സ്വയം പ്രകാശിക്കുക, മറ്റുള്ളവരിലേക്കും പ്രകാശം പരത്തുക......
(കാലം മായ്ച്ച കാല്‍പ്പാടുകള്‍)

പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ഇന്ന് ഏറെ സുപരിചിതയാണ് മാരിയത്ത്. സി എച്ച്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പനി വന്ന് നെഞ്ചിനു കീഴെ തളര്‍ന്നുപോയ ഒരു  നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി  ഇച്ചാശക്തി കൊണ്ടും സര്‍ഗ്ഗശേഷി കൊണ്ടും തന്‍റെ പരിമിതികളെ മറികടന്നു ഉയര്‍ന്നുവന്നതിന്റെ അനുഭവക്കുറിപ്പുകള്‍ ആണ് മാരിയത്ത് എഴുതിയ, നാലാം പതിപ്പില്‍ എത്തി നില്‍ക്കുന്ന  കാലം മായ്ച്ച കാല്‍പ്പാടുകള്‍എന്ന പുസ്തകം.

എന്നാല്‍ ഈ പുസ്തകം അങ്ങനെയൊന്നായി മാത്രം  ഒതുക്കി കളയേണ്ടതല്ല എന്ന് വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും. കാരണം ഇത് അതിലുപരിയായി മനുഷ്യരെ കുറിച്ചും മനുഷ്യബന്ധങ്ങളെ കുറിച്ചുമുള്ള പുസ്തകം കൂടിയാണ്. അതുകൊണ്ട് തന്നെ വിവിധ തലത്തിലും ആഴത്തിലുമുള്ള വായന ആവശ്യപ്പെടുന്നു.

അമാനുഷികമായതും അസാധ്യവുമായ അതിജീവനത്തിന്‍റെ സാഹസിക കഥകളൊന്നും ഇതില്‍ പറയുന്നില്ല. തന്‍റെ ഉയര്‍ച്ച താന്‍ സ്വയം നേടി എന്ന് മാരിയത്ത് അവകാശപ്പെടുന്നുമില്ല. ചുറ്റും സ്നേഹമുള്ള ഒരുപാട് കൈകള്‍ താങ്ങായി നിന്നപ്പോള്‍ അത് തന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് മാരിയത്ത് എഴുതുന്നത്.

പതിനാറ് അധ്യായങ്ങളുള്ള ഈ പുസ്തകത്തിന്‍റെ ഭാഷ ഏറെ ലളിതവും സുന്ദരവുമാണ്. ചിലപ്പോഴൊക്കെ കവിതയിലേക്ക് വഴിമാറിയും കഥ പറയുമ്പോലെ ജീവിതം പറഞ്ഞും ഒറ്റയിരിപ്പിനു വായിക്കാന്‍ തോന്നുന്ന പുസ്തകം. കുട്ടിക്കാലവും പ്രകൃതിവര്‍ണ്ണനകളും എഴുതുമ്പോള്‍ മരിയത്തിലെ ചിത്രകാരി ഏറെ സൂക്ഷ്മതയോടെ അതൊക്കെ നമ്മുടെ മനസ്സില്‍ വരച്ചുവെക്കുന്നു.

എപ്പോഴും ചെരിപ്പിടാന്‍ മറന്നുപോകുന്ന, പൊള്ളുന്ന നിരത്തിലൂടെ സ്കൂളിലേക്ക് കുഞ്ഞുപാദങ്ങള്‍ വലിച്ചോടുന്ന കുട്ടി ഓര്‍ത്തിരുന്നില്ല ഈ മണ്ണിലിങ്ങനെ കുറഞ്ഞ കാലമേ തന്‍റെ പാദം പതിയൂ എന്നത്...... ഇലപ്പച്ചകള്‍ക്കിടയിലെ പൊന്നീച്ചയെയും  പാടത്തെ കുഞ്ഞുമീനിനെയും കൂട്ടിലെ കിളിക്കുഞ്ഞിനെയും പിടിക്കാന്‍,  ഉത്സാഹത്തോടെ ഓടിനടക്കാന്‍ ഇനിയും ഏറെ നാള്‍ ആവില്ലെന്ന്.....

പൂമ്പാറ്റയെ പോലെ പാറി നടന്ന പ്രായത്തില്‍ അപ്രതീക്ഷിതമായി ഒരു പനിയെ തുടര്‍ന്നാണ്‌ മാരിയത്ത് എന്ന എട്ടു വയസ്സുകാരി  നെഞ്ചിന് കീഴെ തളര്‍ന്ന് കിടപ്പിലാവുന്നത്. സുഖപ്പെടും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഏറെ ചികിത്സകള്‍ ചെയ്തുവെങ്കിലും ഇനിയൊരിക്കലും നടക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം മെല്ലെ മെല്ലെ മാരിയത്തും കുടുംബവും തിരിച്ചറിയുകയാണ്. ഉച്ചസ്ഥായിയില്‍ ഒഴുകിക്കൊണ്ടിരുന്ന ഒരു മനോഹര സംഗീതം പെട്ടെന്ന് നിലച്ചപോലെ ആ നിശബ്ദതയുടെ തേങ്ങല്‍  വായനക്കാരായ നമുക്കും അനുഭവിക്കാനാവുന്നു മാരിയത്തിന്‍റെ വരികളില്‍.
“വീട്ടിത്തീര്‍ക്കാനാവാത്ത
തീരാകടമായി-ഞാന്‍
അവശേഷിച്ചിരിക്കെ
ജീവിതം
ഇനിയും
ഒരുപാട് ബാക്കിയാണ്.....”

ഇനിയൊരിക്കലും നടക്കാനാവില്ല എന്ന തിരിച്ചറിവും മറ്റുള്ളവര്‍ക്ക് എടുത്തു നടക്കാനുള്ള പ്രയാസവും മാരിയത്തിന്‍റെ ജീവിതം വീടകത്ത് ഒതുക്കി. ഏറെ നാളത്തെ ചികിത്സയുടെ ഫലമായി ഒറ്റക്ക് ഇരിക്കാം എന്നായപ്പോള്‍ നിലത്തു കൂടെ കമിഴ്ന്നു വലിഞ്ഞു നീന്തി പുറത്തെ വാതില്‍പടിയില്‍ പകല്‍ മുഴുവനും വന്നിരുന്നു.... “അവിടെ ഇരുന്നാല്‍ പുറത്തെ വെളിച്ചം കാണാം..കാഴ്ചകള്‍ കാണാം...”

രണ്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്ന മാരിയത്ത് പിന്നീട് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്നത് വീട്ടില്‍ സഹോദരങ്ങള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ വരുന്ന സുകുസാറില്‍ നിന്നാണ്. പിന്നീടുള്ള സമയം കയ്യില്‍ കിട്ടുന്നതെല്ലാം വായിക്കാനായി വിനിയോഗിച്ചു.

സഹോദരി റെജിയുടെ സ്കൂളിലെ കൂട്ടുകാരികള്‍ വെള്ളിയാഴ്ചകള്‍ തോറും റെജിയെ കാണാന്‍ വരുമ്പോള്‍ ആദ്യം സഹതാപത്തോടെയും പിന്നീട് തങ്ങളില്‍ ഒരാളായും മാരിയത്തിനെ കൂടെ കൂട്ടി. അവര്‍ക്കായി അവള്‍ ചിത്രങ്ങള്‍ വരച്ചും കഥകള്‍ എഴുതിയും വെള്ളിയാഴ്ചകള്‍ക്കായി കാത്തിരുന്നു. അതൊക്കെ വായിച്ചും രസിച്ചും പ്രോത്സാഹിപ്പിച്ചും വീണ്ടും വരക്കാനും എഴുതാനും പുസ്തകങ്ങള്‍ അവളെ ഏല്‍പ്പിച്ചു പോയി..

ആ പുസ്തകങ്ങളിലൂടെ റെജിയുടെ സ്കൂളില്‍ മാരിയത്ത് അറിയപ്പെട്ടു അവളെ കാണാന്‍ പുതിയ പുതിയ കൂട്ടുകാര്‍ വന്നു. ചിലപ്പോള്‍ അധ്യാപികമാരും. “...നടക്കാന്‍ വയ്യാത്ത കുട്ടിയുടെ അടുത്തേക്കല്ല ..സൌഹൃദത്തില്‍ സ്നേഹത്തിന്‍റെ വല തീര്‍ത്ത് മാരിയുടെ അടുത്തേക്ക് അവര്‍ വന്നപ്പോള്‍ ഞാനും അവരില്‍ ഒരാളാകുകയായിരുന്നു”
“....എകാന്തതകളിലെ നൊമ്പരങ്ങള്‍ക്കിടയില്‍
സന്തോഷത്തിന്‍റെ പൂത്തിരി കത്തിച്ച
വസന്തങ്ങളാണ് എന്‍റെ കൂട്ടുകാര്‍...”
വീട്ടിനു മുന്നിലെ ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നത് കാണാന്‍ ഉമ്മ മാരിയത്തിനെ മുറ്റത്ത് കസേരയിട്ട് ഇരുത്തും. ചിലപ്പോള്‍ നേരം ഇരുട്ടിയാലും പുറത്തെ കാഴ്ചകള്‍ കണ്ട് ആ ഇരിപ്പ് തുടരും. “..ദൈവത്തിന്‍റെ മഹത്വങ്ങളില്‍ ഞാനുമൊരാളായി എത്ര നേരമിരുന്നാലും എനിക്ക് മതിയാവില്ല....”
ഒരുനാള്‍ ഗ്രൌണ്ടില്‍ ചുങ്കത്തറ ജി എല്‍ പി സ്കൂളിലെ കുട്ടികളെ സ്പോര്‍ട്സ് പരിശീലിപ്പിക്കുന്നത് കണ്ടുകൊണ്ട്‌ മുറ്റത്ത് ഇരിക്കെ രണ്ടു ടീച്ചര്‍മാര്‍ അവളുടെ അടുത്തേക്ക് വന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അവരില്‍ ഒരാള്‍ പോകാന്‍ നേരം കുട്ടിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
“മോളെ കാണാന്‍ ഞാന്‍ ഇനിയും വരും”
അതൊരു ബന്ധത്തിന്‍റെ തുടക്കമായിരുന്നു. നിര്‍മ്മലമായ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ തുടക്കം ... പ്രിയപ്പെട്ട കുഞ്ഞമ്മ ടീച്ചര്‍. കുഞ്ഞമ്മ ടീച്ചറിലൂടെ മിനി ടീച്ചറിലേക്ക്. ആ ബന്ധമാണ് മാരിയത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്.

തുടര്‍ന്ന് പഠിക്കണം എന്ന മോഹത്തിന് പ്രോത്സാഹനമായി കൂടെ നിന്നത് കുഞ്ഞമ്മ ടീച്ചറാണ്. ചുങ്കത്തറയിലെ നവോദയാ ട്യൂഷന്‍ സെന്‍ററിലെ ബഷീര്‍ സാര്‍ പഠിപ്പിച്ചു തരാം എന്നേറ്റ ധൈര്യത്തില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ ഉറച്ചു.

മൂന്നാല് മാസം കൊണ്ട് നല്ലവരായ ചില അധ്യാപകരുടെ ശ്രമം മൂലം നന്നായി പഠിച്ചു പരീക്ഷയെഴുതി എസ് എസ് എല്‍ സി വിജയിച്ചു. വിജയമറിഞ്ഞ് ഓടിയെത്തിയ കുഞ്ഞമ്മ ടീച്ചര്‍ മാരിയത്തിനോട് പറഞ്ഞു.
“എന്‍റെ മോള് ഇനിയും പഠിക്കണം..ഇതുവരെ പഠിച്ചത് പോലെയല്ല...കോളേജില്‍ പോയി പഠിക്കണം..”
കുഞ്ഞമ്മ ടീച്ചറുടെ സ്നേഹനിര്‍ബന്ധം മാരിയത്തിനെ കോളേജ് എന്ന പുതിയ ലോകത്ത് എത്തിച്ചു. സ്നേഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും ലോകം...

ചുങ്കത്തറ മാര്‍ത്തോമാ കോളേജിലെ രണ്ടു വര്‍ഷത്തെ പഠനകാലം. മാരിയത്തിന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഈ കാലഘട്ടം മൂന്ന്  അധ്യായങ്ങളിലായി വിശദമായി തന്നെ എഴുതിയിരിക്കുന്നു. കൂട്ടുകാരും അധ്യാപകരും തീര്‍ത്ത സ്നേഹവലയത്തില്‍ തന്‍റെ ശാരീരികമായ അവശതകളെ മറന്നു കൊണ്ടുള്ള ആഹ്ലാദ കാലം വായിക്കുമ്പോള്‍ നമുക്കും അത് അനുഭവിക്കാനാവുന്നു.

പതിമൂന്നാം അധ്യായത്തില്‍ ഗുരു നിത്യചൈതന്യ യതിയുമായുള്ള കത്തിടപാടുകളുടെ ഓര്‍മ്മകള്‍ ആണ്. ആത്മീയതക്ക് തെളിച്ചമേകുന്ന ഗുരുവിന്‍റെ ഉപദേശങ്ങള്‍ക്ക് മുന്നില്‍ വിനയത്തോടെ നില്‍ക്കുന്ന ശിഷ്യയെ ഇവിടെ കാണാം.

തൊട്ടടുത്ത അദ്ധ്യായം ജീവിതത്തിലെ ആഹ്ലാദകരമായ ഒരു വിനോദയാത്രയെ കുറിച്ചാണ്. മൈസൂരിലേക്ക് കുടുംബത്തോടൊപ്പം നടത്തിയ ആ യാത്രയുടെ വിവരണം നമുക്ക് ചിലപ്പോള്‍ നിസ്സാരം എന്ന് തോന്നാമെങ്കിലും വര്‍ഷങ്ങളായി പുറം ലോകത്തിന്‍റെ ഭംഗിയും സൌന്ദര്യവും കാണാന്‍ സാധിക്കാഞ്ഞ ഒരു കലാകാരിയുടെ സന്തോഷവും ആഹ്ലാദവുമാണ് ആ വരികളില്‍ തുടിച്ചു നില്‍ക്കുന്നത്. ഈ ആഹ്ലാദം നിഷേധിക്കപ്പെട്ട എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ടല്ലോ എന്ന സത്യം കുറ്റബോധത്തോടെ നമ്മെ ഈ വരികള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

പതിനഞ്ചാമത്തെ അദ്ധ്യായമായ ‘പ്രണയം/വിവാഹം....യാഥാര്‍ത്ഥ്യം...’ തന്നെ കുറിച്ചല്ല മാരിയത്ത് എഴുതുന്നത്. സമാനാവസ്ഥയില്‍ ഉള്ള ‘പ്രണയത്തെയോ, വിവാഹജീവിതത്തെയോ ആശിക്കാനോ സ്വപ്നം കാണാനോ യോഗ്യതയില്ലാത്തവരായി വിധി തള്ളിക്കളഞ്ഞ വിഭാഗത്തെ’ കുറിച്ചാണ്. വളരെ ഗൌരപൂര്‍വ്വം സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ഈ അധ്യായത്തില്‍.

വീല്‍ ചെയറില്‍ ഒതുങ്ങിപ്പോയ, സാധാരണ മനുഷ്യരെപ്പോലെ സ്വപ്നങ്ങളും മോഹങ്ങളുമുള്ള നമ്മുടെ സഹജീവികളെ കുറിച്ച്. പലപ്പോഴും ഉറ്റവര്‍ പോലും അവരെ കുറിച്ച് ചിന്തിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഭാരം എന്ന ആത്മനിന്ദയോടെ ജീവിക്കുന്ന ഇവരില്‍ പലരും ആരോടും പറയാതെ ഉള്ളിലൊതുക്കിയ സ്വപ്‌നങ്ങള്‍. സമൂഹത്തിന്  ഇവരോടുള്ള സമീപനം. ആറ്റിക്കുറുക്കി എഴുതിയ ഈ അദ്ധ്യായത്തിലെ വരികള്‍ വല്ലാതെ പൊള്ളിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യും. സമൂഹത്തിനു മുന്നിലേക്ക് ചാട്ടുളി പോലെയുള്ള ചോദ്യങ്ങളാണ് ഈ അദ്ധ്യായം.

‘ഋതുഭേദങ്ങളില്ലാതെ സ്വപ്‌നങ്ങള്‍ പൂക്കുന്നു...’ എന്ന അവസാന അദ്ധ്യായം മുരടിച്ച് ഒതുങ്ങിപ്പോകുമായിരുന്ന തന്‍റെ ജീവിതം താനെങ്ങനെ തിരിച്ചു പിടിച്ചു എന്ന മാരിയത്തിന്‍റെ അനുഭവങ്ങളാണ്. ഒപ്പം തന്നെപ്പോലെ ജീവിതം തിരിച്ചു പിടിച്ച കൂട്ടുകാരെ കുറിച്ചും. തനിക്ക് താങ്ങായി നിന്ന പ്രിയപ്പെട്ടവരെ കുറിച്ചും.
  ചിത്രകലയില്‍ യാതൊരു പരിശീലനവും കിട്ടാത്ത പെണ്‍കുട്ടി തന്‍റെ ഏകാന്തതയെ സര്‍ഗ്ഗശേഷിയിലേക്ക് വഴി മാറ്റിയതിന്‍റെ ചരിത്രം. വരകള്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ സാരി ഡിസൈന്‍ ചെയ്തു വരുമാനം ഉണ്ടാക്കിയതും. തയ്യല്‍ പഠിച്ചു സ്വന്തം വസ്ത്രങ്ങള്‍ തയ്ക്കാന്‍ തുടങ്ങിയതും. വീട്ടു പണികളില്‍ ഉമ്മയെ സഹായിച്ചതും. തളരാത്ത മനസ്സിന്‍റെ ഉണര്‍വ്വുകള്‍ ആണ് കാണിക്കുന്നത്. ഇത് ആരിലും പ്രചോദനം ഉണ്ടാക്കും.
“....അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസത്തിന്‍റെ വെളിച്ചം മനസ്സില്‍ തെളിയുമ്പോള്‍ ജീവിതത്തിന്‍റെ പുതിയൊരു വഴിത്തിരിവ് തിരിച്ചറിയുന്നു ...”

ഒറ്റപ്പെടലിന്‍റെ വേദനയില്‍ ഒതുങ്ങിപ്പോയ സഹജീവികളുടെ നാവു കൂടിയാണ് ഈ അദ്ധ്യായം. സമൂഹം എങ്ങനെ ഇവരോട് പെരുമാറണം എന്ന് നമുക്കിവിടെ വായിച്ചു പഠിക്കാനാവുന്നു. അതേ പോലെ തളര്‍ന്നു നിരാശപ്പെട്ട് പോയവര്‍ക്കുള്ള പ്രചോദനം കൂടിയാണ് ഈ അദ്ധ്യായത്തിലെ വരികള്‍. 

സെൽഫ് ഹെൽപ്/സെൽഫ് മാനേജ്‌മെന്‍റ്/വ്യക്തിത്വ വികസനം/മോട്ടിവേഷന്‍ തുടങ്ങിയ, ഒറ്റയടിക്ക് മനുഷ്യരെ ഉന്നതങ്ങളില്‍ എത്തിച്ചു കളയാനുള്ള പുസ്തകങ്ങള്‍ പോലെ അനുഭവങ്ങള്‍ ഇല്ലാത്തവരുടെ പൊള്ളയെഴുത്തല്ല. താന്‍ അനുഭവിച്ചതും കണ്ടതുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള സത്യസന്ധമായ എഴുത്ത്. അതാണ്‌ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

ഒറ്റവായനയില്‍ ഈ പുസ്തകത്തെ ഇങ്ങനെ വിലയിരുത്താമെങ്കിലും ഇവിടെ വരികള്‍ക്കിടയില്‍ തുടിച്ചു നില്‍ക്കുന്ന ചില സന്ദേശങ്ങളുണ്ട്‌. തന്നെക്കൊള്ളെ മാത്രം ചിന്തുന്ന പുതിയ കാലത്ത് മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട ചില പാഠങ്ങള്‍.... നേരുകള്‍.

എട്ടാം വയസ്സില്‍ തളര്‍ന്നു കിടപ്പിലായതിനാല്‍ പ്രൈമറി വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന “ഒരിക്കല്‍ ഒരുപാട് നടന്നും ഓടിയും എന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഇടവഴിയിലെ ഓരോ കല്ലും മറ്റൊരുപാട് പാദസ്പര്‍ശത്താല്‍ എന്നെ ഇപ്പോള്‍ മറന്നിട്ടുണ്ടാകും .....” എന്ന് ഖേദിച്ച പെണ്‍കുട്ടി ഇന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ലൈബ്രറി അസിസ്റ്റന്‍റ് മാത്രമല്ല ചിത്രകാരി എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും സമൂഹത്തില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ്.

ഈ വളര്‍ച്ചക്ക് മാരിയത്തിന്   താങ്ങും തണലുമായി നിന്ന മാതാപിതാക്കളും സഹോദരങ്ങളും രക്തബന്ധത്തിന്‍റെ നിര്‍മ്മലതയെ ഉയര്‍ത്തിപ്പിടിക്കുന്ന അവരെക്കുറിച്ച്  നമുക്കിതില്‍ വായിക്കാം.

ഒരു പ്രഭാതത്തില്‍ മദ്രസയില്‍ പോകാനായി ഉണര്‍ന്ന മകള്‍ നേരെ നില്‍ക്കാനാവാതെ കാലുകള്‍ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിവന്ന ബാപ്പ, തണുപ്പുകൊണ്ടായിരിക്കും എന്ന് കരുതി കാലുകള്‍ ഉഴിഞ്ഞു ചൂടാക്കാന്‍ ശ്രമിച്ചതും ഡോക്ടറുടെ അടുത്തേക്ക് കുഞ്ഞിനേയും എടുത്ത് ഓടിയതും.... “ചിരിക്കാനോ കരയാനോ കഴിയാതെ ഉപ്പാന്‍റെ തോളില്‍ മുഖം ചേര്‍ത്ത് ഞാന്‍ തളര്‍ന്നു കിടന്നു....അപ്പോള്‍ ഉപ്പാന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.....”

ഇതേ ഹൃദയമിടിപ്പോടെ മകളുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് പ്രതീക്ഷ കൈവിടാതെ വര്‍ഷങ്ങളോളം  ഈ ഉപ്പയും ഉമ്മയും. അവരാണ് മോളെ ഒറ്റപ്പെട്ടു പോകാതെ ജീവിതത്തിന്‍റെ മുന്നിലേക്ക് നിര്‍ത്തിയത്.   

“ഏകദേശം എന്നെക്കാള്‍ മൂന്നു വയസ്സിനു മൂത്തവളായ റെജി, അവളെക്കാള്‍ വലിയ വലിപ്പവ്യത്യാസമില്ലാത്ത എന്നെയും എടുത്ത് നടക്കുമ്പോള്‍ എന്‍റെ കാലുകള്‍ നിലത്തിഴയുന്നുണ്ടാവും.... അവള്‍ തളരുന്നത് വരെ എന്നെ എടുത്തു നടക്കും....”
ഈ സഹോദരിയുടെ സ്നേഹം പതിനാറുകാരനായ മകന്‍ റസീലിലൂടെ തുടരുന്നു. ഇന്നും മാരിയത്തിനോടൊപ്പം ഒരു മകനെപ്പോലെ താങ്ങായി റസീല്‍ കൂടെയുണ്ട്.  

കോളേജില്‍ പഠിച്ച രണ്ടു വര്‍ഷവും ക്ലാസ്സിലേക്ക് എടുത്തു കൊണ്ടുപോവുകയും തിരികെ കൊണ്ട് വരുകയും ചെയ്ത സഹോദരന്‍ ഫിറോസ്‌. സ്നേഹനിധിയായ ഈ സഹോദരന്‍റെ ജീവിതം തനിക്ക് വേണ്ടി നഷ്ടമാകരുത് എന്ന ചിന്തയാലാണ് മാരിയത്ത് കോളേജില്‍ പോയുള്ള ഡിഗ്രി പഠനം വേണ്ടെന്നു വെക്കുന്നത്.. തനിക്കെന്തു നേട്ടം എന്ന്‍ കണക്ക് നോക്കി മാത്രം സ്നേഹിക്കുന്ന രക്തബന്ധങ്ങള്‍ ഒട്ടും പുതുമയല്ലാത്ത ഈ കാലത്ത് ഇവരൊക്കെ നിറഞ്ഞു കത്തുന്ന സ്നേഹവിളക്കുകളാണ്. തളര്‍ന്നു പോയെങ്കിലും നിനക്ക് ഞങ്ങള്‍ കൂട്ടായുണ്ട് എന്ന്‍ അവര്‍ നല്‍കിയ ആത്മവിശ്വാസമാണ് മാരിയത്തിന് ജീവിതത്തില്‍ മുന്നോട്ടു നീങ്ങാനുള്ള ആത്മവിശ്വാസവും ധൈര്യവും നല്‍കിയത്.

മനുഷ്യസ്നേഹത്തിന്‍റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ ഇതില്‍ ഒതുങ്ങുന്നില്ല. തന്‍റെ ഉയര്‍ച്ചക്ക് കൂട്ടായി നിന്ന ഉറ്റവരോ ഉടയവരോ അല്ലാത്ത ഒരുപാട് നന്മ നിറഞ്ഞ സ്വാര്‍ഥതയില്ലാത്ത  മനുഷ്യരെ ഈ പുസ്തകത്തില്‍ വായിക്കാം. ശരിക്കും നമ്മുടെ കണ്ണ് നിറയിച്ചു കളയുന്ന നന്മ.

നാം കടന്നുപോകുന്ന വല്ലാതെ കെട്ട കാലത്ത് ഈ അക്ഷരങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഒട്ടും ശുഭകരവും സുഖകരവുമല്ല നമുക്ക് ചുറ്റുമുള്ള കാഴ്ചകളും കേള്‍വികളും. മതവും ജാതിയുമായി മനുഷ്യന്‍ കള്ളി തിരിച്ചു മാറ്റി നിര്‍ത്തപ്പെടുന്ന കാലം. ആത്മീയത ഉപദേശിക്കേണ്ട നാവുകള്‍ വിളിച്ചു പറയുന്നത് അസഹിഷ്ണുത നിറഞ്ഞ മതദ്വേഷത്തിന്‍റെ വിഷവാക്കുകള്‍. വര്‍ഗ്ഗീയതക്ക്‌  മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന കലാകാരന്മാരും ശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും. മാധ്യമങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും ഒളിച്ചു കടത്തുന്ന വര്‍ഗ്ഗീയത. സോഷ്യല്‍ മീഡിയയില്‍ അഭ്യസ്തവിദ്യരായ പുതു തലമുറയില്‍ നിന്നുപോലും ഉയരുന്ന ഫാഷിസ്റ്റ്‌  ചിന്തകള്‍. അക്ഷരങ്ങളില്‍ പോലും വര്‍ഗ്ഗീയതയുടെ വിഷം പുരളുന്ന ഈ കാലത്ത് മനുഷ്യനെ മനുഷ്യനായി കാണിച്ചു തരുന്ന വായനക്ക് ഏറെ പ്രസക്തിയുണ്ട്. അങ്ങനെയൊരു കടമ കൂടി നിര്‍വ്വഹിക്കുന്നു മാരിയത്തിന്‍റെ ഇപ്പുസ്തകം.  


ആശുപത്രിക്കിടക്കയില്‍ നിന്ന് പരിചയപ്പെട്ട, വായിക്കാനും വരക്കാനും പ്രോത്സാഹിപ്പിച്ച ഫ്രാന്‍സിസേട്ടന്‍, വെള്ളിയാഴ്ചകളില്‍ കഥ കേള്‍ക്കാനെത്തി ഇന്നും കൂട്ട് തുടരുന്ന രാധിക, പ്രിയപ്പെട്ട കുഞ്ഞമ്മ ടീച്ചറും മിനി ടീച്ചറും.

എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ അന്നുതന്നെ ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോള്‍ കെട്ടിടത്തിന്‍റെ മുകള്‍നിലയിലെ സ്റ്റുഡിയോവിലേക്ക് കയറിച്ചെല്ലാന്‍ കഴിയാതെ വിഷമിച്ചു നിന്നസമയത്ത് അവിചാരിതമായി അവിടെ എത്തിപ്പെട്ട്, ഒരു മോളെപ്പോലെ  കോരിയെടുത്ത് പടികള്‍ കയറിയ ഉപ്പയുടെ പ്രായമുള്ള അയല്‍ക്കാരനായ ചെറിയാന്‍ ചേട്ടന്‍......
കുറഞ്ഞ നാളുകൊണ്ട് പരീക്ഷക്കായി ഒരുക്കിയ ബഷീര്‍ സാറും  സുരേന്ദ്രന്‍ സാറും  ജഗദ്‌സാറും അബ്ദുറഹിമാന്‍ മാഷും റംല ടീച്ചറും....   
കോളേജില്‍ ഇരിപ്പിടത്തില്‍ അറിയാതെ മൂത്രം പോയപ്പോള്‍ ഭൂമിയിലേക്ക് താഴാന്‍ കൊതിച്ച് ഉള്ളം വെന്ത് നിന്ന നേരത്ത്  ഒരു മാലാഖയെപ്പോലെ ആശ്വാസമായി വന്ന് മടിയില്ലാതെ മൂത്രം വൃത്തിയാക്കുകയും കോളേജ് കാലം മുഴുവന്‍ കൂട്ടായി നില്‍ക്കുകയും ചെയ്ത ധന്യ സിസ്റ്റര്‍.....കോളേജിലെ മറ്റു സഹപാഠികള്‍..

കന്മഷമില്ലാത്ത സ്നേഹവുമായി സാധാരണക്കാരായ കുറെ മനുഷ്യര്‍ ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവര്‍ക്കൊക്കെയും മാരിയത്ത് മകളും അനുജത്തിയും കൂട്ടുകാരിയുമാണ്. അവള്‍ക്ക് വേണ്ടി അവര്‍ ചെയ്യുന്നതൊന്നും ഒരു ത്യാഗം എന്ന രീതിയിലല്ല. ഏറെ ഇഷ്ടത്തോടെ സ്നേഹത്തോടെ തങ്ങളിലൊരുവളായി  ചേര്‍ത്ത് പിടിക്കുന്ന സ്നേഹിക്കാന്‍ മാത്രം അറിയുന്ന മനുഷ്യര്‍. ഈ പുസ്തകം വായിക്കുമ്പോള്‍ നിര്‍മ്മലമായ ആ സ്നേഹത്തിന്‍റെ ഹൃദ്യത നമുക്ക് അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഇത് മനുഷ്യരെ കുറിച്ചുള്ള പുസ്തകം കൂടിയാകുന്നു.

‘കാലം മായ്ച്ച കാല്‍പ്പാടുകള്‍’ ആത്മകഥയോ ഓര്‍മ്മക്കുറിപ്പകളോ അല്ല ജീവിതം എന്നാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. അതാണ്‌ ഈ പുസ്തകത്തോട്  ഏറെ ചേര്‍ന്നു നില്‍ക്കുന്നതും.

തളരാത്ത മനസ്സിന്‍റെ കുതിപ്പും മനുഷ്യ ബന്ധങ്ങളുടെ കണ്ണിയടുപ്പവും  അടയാളപ്പെടുത്തുന്ന ഈ പുസ്തകം സഖറിയ സാര്‍ പറഞ്ഞത് പോലെ “ആര്‍ക്കും ആരെയും ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കാതെയും ജീവിക്കാന്‍ കഴിയില്ല..... എല്ലാവരുടെയും സഹകരണത്തോടെയും എല്ലാവര്‍ക്കും വേണ്ടി ജീവിക്കണം” എന്ന മഹത്തായൊരു സന്ദേശം കൂടിയാണ് നല്‍കുന്നത്.
കാലം മായ്ച്ച കാൽപ്പാടുകൾ
പ്രസാധകര്‍
Book Ramp
Calicut
Phone: 7025708809

വില ₹ 100