Sunday, September 22, 2013

ജീവിതത്തില്‍ നിന്ന് തന്നെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ കുറിച്ച്


ഇന്നലെ ഞങ്ങടുപ്പാനെ പോലീസ് പിടിച്ചുകൊണ്ടുപോയി.വീടിന്‍റെ മുമ്പ്ന്ന് തന്നെ.റോട്ടിലോക്കെ വലിയ ലഹള നടക്കായിരുന്നു.ഉമ്മ ഞങ്ങളെ പിടിച്ച് വലിച്ച് മുറിക്കകത്തിട്ട് പൂട്ടി.ഉപ്പാനെ കൊണ്ടോകല്ലേന്ന് അലറി ഉമ്മ പിന്നാലെ ഓടണത് ഞങ്ങള് ജനാലേക്കൂടെ കാണുന്നുണ്ടായിരുന്നു....

ഫാത്തിമ സന എന്ന ഒമ്പതാം ക്ലാസ്സുകാരി നിഷ്കളങ്കമായ ഭാഷയില്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും അറിയാതെ കണ്ണ്‍ നിറഞ്ഞ് അക്ഷരങ്ങള്‍ മങ്ങിപ്പോവുന്നുണ്ടായിരുന്നു.ഒടുവില്‍ അവള്‍ പറഞ്ഞവസാനിപ്പിച്ച വാചകം ......അതിപ്പോഴും ഉള്ളില്‍ ഒരു തീക്കട്ടയായി പൊള്ളിച്ചു കൊണ്ടിരിക്കുന്നു.

സാറാ ജോസഫിന്‍റെ  അത്താഴത്തിനു മുമ്പ്...എന്ന കഥ (മാധ്യമം വാര്‍ഷികപ്പതിപ്പ്‌ 2013) വായിച്ചു കഴിയുമ്പോള്‍ നമ്മുടെ ഉള്ളിലുണ്ടാകുന്ന  ആഘാതവും നടുക്കവും അത്രയെളുപ്പമൊന്നും മറികടക്കാന്‍ സാധിക്കുകയില്ല.ലളിതമായ വാമൊഴിയിലൂടെ കുറഞ്ഞ വാചകങ്ങള്‍ കൊണ്ട് തീര്‍ത്ത ഈ കഥ,വികസനം എന്ന പേരില്‍ ഭരണകൂടം നടത്തുന്ന അധിനിവേശത്തിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്ന  നിസ്സാരരും നിസ്സഹായരുമായ മനുഷ്യരെ കുറിച്ചാണ്.അതോടൊപ്പം തന്നെ നമ്മുടെ മുഖ്യധാരാ എഴുത്തുകാര്‍ ശ്രദ്ധിക്കാതെ പോയ ഗള്‍ഫ് മലയാളിയുടെ/അവന്‍റെ ഉറ്റവരുടെ ജീവിതത്തെ കുറിച്ച് കൂടിയാണ്.

എന്റുപ്പ വിമാനത്തിലേക്ക് നടന്നുപോണത് കണ്ടപ്പോഴും ഞാന്‍ കരഞ്ഞു.എല്ലാ മനുഷ്യര്‍ക്കും കഷ്ടപ്പാടുകളുണ്ടാവും.പക്ഷെ എന്റുപ്പാ ചപ്പും ചവറും വാരണ കഷ്ടപ്പാടോര്‍ത്ത് എന്‍റെ ചങ്ക് തകര്‍ന്നു.എന്റുപ്പാ കൂട്ടത്തിലൊന്നും ചേരാതെ ഒറ്റക്ക് നടന്നുപോണത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി

ഈ വരികളില്‍  കുടുംബത്തെ പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന ഒരു പ്രവാസിയുടെയും അയാളുടെ ഉറ്റവരുടെയും തീവ്രമായ വേദന വിങ്ങി നില്‍ക്കുന്നു.

എഴാം ക്ലാസുവരെ മാത്രം പഠിച്ച റസ്സാക്ക് കടല്‍ കടന്നു പോയി ഒരു എണ്ണക്കമ്പനിയിലെ ജോലി കൊണ്ടാണ് കുടുംബത്തെ കര കയറ്റിയതും  അനുജന്മാരെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചതുമെല്ലാം.

സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ വേണ്ടി പത്തു കൊല്ലം അയാള്‍ അയച്ചു കൊടുത്ത പണമെല്ലാം പിതാവ് ‘ഉല്ലസിച്ചു’ തീര്‍ക്കുകയും അനുജന്മാര്‍ കൂടി ദുബായിക്ക് കടന്നതോടെ അയാള്‍ കറിവേപ്പില ആകുകയും ചെയ്തു.

ഒടുവില്‍ വീട് പണിയാന്‍ ലക്ഷങ്ങള്‍ അയച്ചു കൊടുത്തതില്‍ ബാക്കിയായ പുരത്തറയില്‍ പനമ്പും പ്ലാസ്റ്റിക് കടലാസും കൊണ്ട് കുത്തിമറച്ച്  അയാള്‍ ഭാര്യയും ഊമയും ബധിരയുമായ മൂത്തമകളടക്കം നാല് പെണ്‍കുട്ടികളുമായി  താമസം മാറി.

“അയിന്‍റെടക്കാണ് എന്റുമ്മാക്ക് കൂടിയ ഒരു ദെണ്ണം വന്നത്.ഉമ്മ കെടപ്പിലായിപ്പോയി.നസിയാനെ പെറ്റതിന്‍റെ പിന്നാലെയാണത്.തറവാട്ട്കാരാരും തിരിഞ്ഞുനോക്കീല്യ.ഞങ്ങള് കുഞ്ഞുകുട്ടികള്.എന്‍റെ മിണ്ടാത്ത ഇത്താത്തയാണ് ചോറും കൂട്ടാനും വെച്ച് ഉമ്മാക്ക് കൊടുത്തത്.ഒടുക്കം എന്റുപ്പാ ഗള്‍ഫിലെ പണി കളഞ്ഞു.......”

പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും നാളുകള്‍ക്കു ശേഷം രണ്ടു ലക്ഷം രൂപ കൊടുത്തു വേറൊരു വിസ സംഘടിപ്പിച്ചു ദുബായിലേക്ക് പോയ അയാള്‍ക്ക്‌ പിന്നീട്  കിട്ടിയത് ചവറു വാരുന്ന പണിയായിരുന്നു.

“...........അഞ്ചു മാസം മുമ്പ് ഉപ്പ നാട്ടില്‍ വന്നപ്പോള്‍ നിലം പണിയായിരുന്നു.ഇനി രണ്ടു കൊല്ലം കൂടിയെടുക്കും വീടുപണി പൂര്‍ത്തിയാവാനെന്ന് ഉപ്പ അന്ന് പറഞ്ഞിരുന്നു.എന്നാലും അടച്ചൊറപ്പുള്ള വീട്ടില്‍ ഉമ്മാനേം പെണ്‍മക്കളേം ആക്കീട്ട് പോവാലോ എന്ന ആശ്വാസം ഉപ്പാക്കുണ്ടെന്ന് ഉപ്പ പറഞ്ഞു...................................................................................ഞങ്ങള് പെണ്‍കുട്ടികളുടെ കാര്യം വരുമ്പോ ഈ വീടും പറമ്പും നല്ല വിലയ്ക്ക് വിറ്റ്‌ കാര്യം നടത്താമെന്നാണ് ഉപ്പയുടെ ആശ്വാസം.ഉമ്മാ ഒരു നേരം വെറുതെ ഇരിയ്ക്കൂല കൊത്തീം കെളച്ചും ഉമ്മ ഓരോന്നൊക്കെ നട്ടുണ്ടാക്കീട്ടുണ്ട്........”

ഫാത്തിമ സനയുടെ വീട് അത്ര വലിയ വീടൊന്നുമല്ല.സൌദിയില്‍ ഫാമിലിയോടെ കഴിയുന്ന എളാപ്പയുടെ പൂട്ടിയിട്ട വീടിനെ വെച്ച് നോക്കുമ്പോള്‍ ‘കുടിലും കൊട്ടാരോംപോലെള്ള വിത്യാസം ഉണ്ട്’.പക്ഷെ വറ്റാത്ത കിണറുള്ള ആ മുപ്പത് സെന്റ്‌ സ്ഥലവും വീടും അവരുടെ കുഞ്ഞു സ്വര്‍ഗ്ഗമായിരുന്നു പക്ഷെ ....

“കഴിഞ്ഞ ഒരു മാസമായിട്ട് ഞങ്ങള്‍ തീ തിന്നുകയാണ്.ആളുകളുടെ വീടും പറമ്പുമൊക്കെ സര്‍ക്കാര്, റോഡുണ്ടാക്കാന്‍ പിടിച്ചെടുക്കുകയാണെന്ന് കേട്ട് എന്റുമ്മാ നെഞ്ചത്തടിച്ച് നിലവിളിച്ചു.സര്‍ക്കാര് പോവാന്‍ പറഞ്ഞാ നമ്മള് എറങ്ങിപ്പോകണം.....................................................പത്തഞ്ഞൂറു പോലീസിനെ കണ്ടപ്പോള്‍ പേടിച്ചുവിറച്ച് എന്റുമ്മ ജനലും വാതിലും കൊട്ടിയടച്ച് അകത്തിരുന്നു.ഞങ്ങളെ അപ്പോള്‍ത്തന്നെ ഇറക്കി വിടാനാണ് പോലീസുകാര് വന്നിട്ടുള്ളതെന്ന് ഉമ്മ വിചാരിച്ചു.... .”

അങ്ങനെയാണ് ഗള്‍ഫിലുള്ള ഉപ്പയെ ഉമ്മയും മക്കളും വേവലാതിയോടെ വിളിച്ചു വരുത്തിയത്.

“.............എന്റുപ്പാ ഗള്‍ഫീന്ന് വരുന്നതിന്‍റെ തലേദിവസമാണ് ഞങ്ങടെ ഭൂമി അളന്നത്.ഞങ്ങള്‍ സ്കൂളിലായിരുന്നു.ഉമ്മയും സൈറാത്തയും പേടിച്ചിട്ട് പുറത്തേക്ക് വന്നില്ല.ഞങ്ങടെ വീടും മുപ്പതു സെന്റ്‌ ഭൂമിയും അങ്ങനെതന്നെ അളന്നുപോയി.വിവരം കേട്ട് എന്റുപ്പാ തലയില്‍ കൈവെച്ച് നിലത്തേക്കിരുന്നു.”

“പിറ്റേന്ന് നിസ്കാരപ്പള്ളിയുടെ മുന്നില്‍ വെച്ച് പോലീസുകാരുടെയും സര്‍ക്കാറുദ്യോഗസ്ഥന്മാരുടെയും ഇടയിലേക്ക് ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞു ചെന്ന് തടസ്സമുണ്ടാക്കിയതിനാണ് എന്റുപ്പയെ പോലീസ് പിടിച്ചു കൊണ്ടുപോയത്.എന്റുപ്പക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല”

നിസ്കാരപ്പള്ളിയുടെ ഉള്ളിലിരുന്ന് തീവ്രവാദം ഉണ്ടാക്കി എന്ന് പറഞ്ഞാണ് റസ്സാക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഉറുമ്പ്‌ കൂട്ടിവെക്കും പോലെ ജീവിതം ചേര്‍ത്ത് വെച്ച  ഒരു പാവം മനുഷ്യനെയും കുടുംബത്തെയും എത്ര പെട്ടെന്നാണ് ഭരണകൂടം തകര്‍ത്തു കളഞ്ഞത്. ഉമ്മയും നാല് പെണ്‍കുട്ടികളും അനാഥരായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ അവരുടെ മുന്നില്‍ ഇനിയെന്താണ് വഴി.

ഫാത്തിമ സനയെന്ന ഒമ്പതാം ക്ലാസ്സുകാരി പറഞ്ഞവസാനിപ്പിക്കുകയാണ്. “കുറച്ചുനേരം കൂടി കഴിഞ്ഞാല്‍ എന്റുമ്മാ ഞങ്ങളെ വിളിക്കും.ഞങ്ങള് നാല് പെണ്‍കുട്ടികളും ഉമ്മയും കൂടി ഈ ലോകത്തിലെ ഞങ്ങളുടെ ഒടുക്കത്തെ അത്താഴം കഴിക്കും.എന്റുപ്പാ ഇനി എത്ര കൊല്ലം കഷ്ടപ്പെട്ടാലും സര്‍ക്കാര് പിടിച്ചെടുത്തതൊന്നും ഉണ്ടാക്കാന്‍ ഉപ്പയെക്കൊണ്ടാവൂല.പാവം ഞങ്ങടെ ഉപ്പ!ഉപ്പാനെ ഇനി കഷ്ടപ്പെടുത്തിക്കൂടാ.”

അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ നമ്മുടെ ഉള്ളു പൊള്ളിച്ചു കൊണ്ട് ഒരു നിലവിളി ഉയരുന്നു.

റോഡായും വിമാനത്താവളമായും വ്യവസായശാലയായും.പുതിയ പുതിയ വികസനങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ എവിടെയും എഴുതപ്പെടാതെ ഇങ്ങനെ കുറെ ജീവിതങ്ങള്‍ ഭൂമിയില്‍ നിന്ന് തന്നെ കുടിയൊഴിപ്പിക്കപ്പെടുന്നുണ്ട്.

എത്ര ചെറുതും ദുര്‍ബലവുമെങ്കിലും വീട് ഒരു ആശ്വാസവും സുരക്ഷയും അഭയവുമാണ്.ജീവിതത്തിന്‍റെ കൊടും വേനലും പേമാരിയും തളര്‍ത്തിക്കളയുമ്പോഴും ചുരുണ്ടുകൂടാനുള്ള ഇടം.അത് പെട്ടെന്ന് ഇല്ലാതായിപ്പോകുന്ന അവസ്ഥ എത്ര ഭീകരമാണ്.


എന്നും വേദനിക്കുന്നവരുടെ പക്ഷത്തു നിന്ന് പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തുറന്നെഴുതുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി സാറ ടീച്ചറുടെ ഈ രചനയും പ്രമേയത്തിന്‍റെ ശക്തി കൊണ്ടും എഴുത്തിന്‍റെ ശൈലി കൊണ്ടും വ്യത്യസ്തവും തീക്ഷ്ണവും ആയ ഒരു അനുഭവമായി മാറുന്നു.

Wednesday, September 18, 2013

ഞാറ്റുവേലച്ചനും തെങ്ങൂരാനും രണ്ടു മലയാളീസിന്‍റെ കഥ


ഞാറ്റുവേലച്ചന്‍  പശുവിനെയും കൊണ്ട് വാണിയംകുളം ചന്തയില്‍ എത്തുമ്പോള്‍ നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ. കറവ വറ്റി വയസ്സായ പശുവിനെ എങ്ങനെയെങ്കിലും  വിറ്റൊഴിവാക്കി നല്ലൊരു പശുവിനെ വാങ്ങിക്കണം.


മകരത്തിലെ തണുപ്പ് കൊണ്ട് വിറച്ച് പല്ല് കൂട്ടിയിടിച്ച് നടക്കുമ്പോഴാണ് നിരത്തരികില്‍ ഒരിടത്തിരുന്ന് തീ കായുന്ന നെടുതായ ഒരു മനുഷ്യന്‍റെ വിളി.

വരീന്‍  വരീന്‍ ....കുറച്ചിരുന്നു കുളിര്  മാറ്റി പൊയ്ക്കോ”
കേള്‍ക്കേണ്ട താമസം ഞാറ്റുവേലച്ചനും  ചെന്നിരുന്ന് തീകായാന്‍ തുടങ്ങി.
“എവിടുന്നാ”
“വണ്ടുംതറ”
“പേരെന്താ”
ഞാറ്റുവേലന്‍.... നാട്ടുകാര് ഞാറ്റുവേലച്ചാന്ന് വിളിക്കും”
“ഞാന്‍ തെങ്ങൂരാന്‍  ..നാട്ടുകാര് തെങ്ങൂരാനേന്ന് വിളിക്കും”

രണ്ടാളും പരിചയപ്പെട്ടു.തെങ്ങൂരാന്‍ കൊടുത്ത കത്തിരി മാര്‍ക്ക് സിഗര്‍ട്ട് ഞാറ്റുവേലച്ചന്‍ ആസ്വദിച്ചു വലിച്ച് മൂക്കിലൂടെ പുക വിട്ടു.ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
തെങ്ങൂരാന്‍ ചോദിച്ചു.

“അല്ല വേലച്ചാ ഈ പശൂനെ കണ്ടിട്ട് ചന്തയിലെ വെയില് താങ്ങാനുള്ള ശേഷി തന്നെ ഉണ്ടെന്ന് തോന്നുന്നില്ലാലോ”
“കിട്ടുന്ന വെലക്ക് കൊടുത്ത് ഒഴിവാക്കണം...അതാ നേരത്തെ വന്നേ” വേലച്ചന്‍ ഉള്ള സത്യം പറഞ്ഞു.
“ഇതിന്‍റെ കോലം കണ്ടിട്ട് വെറുതെ കൊടുത്താല്‍ പോലും ആരും വാങ്ങുന്ന കോളില്ലാലോ വേലച്ചോ......”
ഞാറ്റുവേലച്ചന്‍ വിഷണ്ണനായി.നല്ല ആരോഗ്യമുള്ള ഉരുക്കളുമായി ആളുകള്‍ ചന്തയിലേക്ക് വന്നു കൊണ്ടിരിക്കുന്നത് പുലര്‍വെട്ടത്തില്‍ വേലച്ചന്‍ കാണുന്നുണ്ടായിരുന്നു.ഇതിനിടയില്‍ തന്‍റെ ചാവാലിപ്പശുവിനെ ആര് തിരിഞ്ഞു നോക്കാനാണ് എന്ന് അയാള്‍ക്കും  തൊന്നീ.
വേലച്ചന്‍  തെങ്ങൂരാനെ ദയനീയമായി നോക്കി.
തെങ്ങൂരാന്‍ എണീറ്റ് പശുവിനെ ഒന്ന് തൊട്ടും തലോടിയും പരിശോധിച്ചു.

“വേലച്ചോ ഞാനൊരു വെല പറയട്ടെ....”
നിങ്ങള് പറ തെങ്ങൂരാനേ
ഒരു ഇരുനൂറ്റയ്മ്പത് ഉറുപ്പ്യ തരാ..........അതുതന്നെ എനിക്ക് ആവശ്യോണ്ടായിട്ടല്ല.പിന്നെ ഞാനീ ചന്തയില്‍ തന്നെ ആയതോണ്ട് എങ്ങനെങ്കിലും മറിച്ചു വിറ്റോളാം.നമ്മള് തമ്മില്‍ പരിചയപ്പെട്ട സ്ഥിതിക്ക് ഒരു ഉപകാരം ചെയ്യ്വാന്ന് കൂട്ട്യാ മതി”
ഇരുനൂറ്റയ്മ്പത് ഉറുപ്പ്യക്ക് ഒരു പശുവിനെ വില്‍ക്കുക. ഞാറ്റുവേലച്ചന്‍ വല്ലാതെ വിഷമിച്ചു പോയി.
തെങ്ങൂരാന്‍ പിന്നെയും ഇരുന്നു തീകായാന്‍ തുടങ്ങി.

“തെങ്ങൂരാനെ അത് വല്ലാതെ കൊറഞ്ഞു പോയില്ലേ ....ഒന്നൂല്ലേലും ഇതൊരു പശുവല്ലേ”
“എന്നാ വിട് വേലച്ചോ എനിക്കും നേരല്ല....ചന്തേല്‍ക്ക് നടക്കട്ടെ”
തെങ്ങൂരാന്‍ എണീറ്റ് നടന്നു.

ഒരു നിമിഷം ആലോചിച്ചു നിന്ന ഞാറ്റുവേലച്ചന്‍ തെങ്ങൂരാന്‍റെ പിറകെ ചെന്നു.
“നിക്ക് നിക്ക് ഇരുനൂറ്റയ്മ്പതെങ്കില്‍ ഇരുനൂറ്റയ്മ്പത് ...നിങ്ങളെടുത്തോ...കാശ് താ”
“കാശ് ഇപ്പൊ എന്‍റെ കയ്യില്‍ ഇല്ല വേലച്ചാ.നിങ്ങള് പശൂനെ വാങ്ങിക്കുമ്പോഴേക്കും ഞാന്‍ തരാം എന്താ വിശ്വാസാണോ”
ഞാറ്റുവേലച്ചന്‍ സമ്മതിച്ചു.പശുവിനെ തെങ്ങൂരാന് കൈമാറി.രണ്ടാളും ചന്തയില്‍ രണ്ടു വഴിക്കായി പിരിഞ്ഞു.

സൂര്യന്‍ നന്നായി ഉദിച്ച് ചന്തയിലെ തിരക്ക് കൂടിയപ്പോ ചായകുടിയൊക്കെ കഴിഞ്ഞ് വേലച്ചന്‍ ചന്തയിലേക്കിറങ്ങി.ഇത്തിരി നടന്നപ്പോള്‍ ചന്തയുടെ വടക്കുവശത്തെ പുളിമരത്തിനു ചുവട്ടില്‍ ഒരാള്‍ക്കൂട്ടം.നടുവില്‍ നില്‍ക്കുന്ന ഉയരമുള്ള ഒരാള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് തെങ്ങൂരാനാണല്ലോ എന്ന് വേലച്ചന്‍  അതിശയപ്പെട്ടു.കൌതുകത്തോടെ അങ്ങോട്ട്‌ ചെന്നു.അപ്പോള്‍ തെങ്ങൂരാന്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയാണ്‌.

“പ്രിയപ്പെട്ടവരേ ഇത് വെറും ഒരു പശുവല്ല.ഈ പശുവിനെ വളര്‍ത്തുന്ന വീട്ടില്‍ ഐശ്വര്യവും സമ്പത്തും ദിനംപ്രദി വര്‍ദ്ധിക്കും. ഈ പശു വീട്ടിലേക്കു നോക്കി അയവിറക്കി കിടക്കുമ്പോള്‍ ഐശ്വര്യം ആ വീട്ടില്‍ നിറയും എന്നാണ്.....”
ആള്‍തിരക്കിലൂടെ വേലച്ചന്‍  ഞെങ്ങി ഞെരുങ്ങി പശുവിനെ കാണാനായി മുന്നിലെത്തി.തെങ്ങൂരാന്‍റെ മുന്നില്‍ നില്‍ക്കുന്ന പശുവിനെ കണ്ട് ഞാറ്റുവേലച്ചന്‍ ഞെട്ടിപ്പോയി.തന്‍റെ പശു.ഒന്ന് കുളിപ്പിച്ച് വൃത്തിയാക്കി കൊമ്പുകളില്‍ ചായം തേച്ചിട്ടുണ്ട്.പുറത്ത് വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഒരു തുണിയും.വേലച്ചന്  തമാശ തോന്നി.തെങ്ങൂരാന്‍ പിന്നെയും തുടരുകയാണ്.

“നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ ഈ പശുവിന്‍റെ കണ്ണിലെ ഇളം നീല വര്‍ണ്ണം,കുളമ്പിലെ രേഖകള്‍,കഴുത്തിലെ പുള്ളി.ഇതൊക്കെ അപൂര്‍വ്വമായി മാത്രം ചേര്‍ന്നുവരുന്നതാണ്........”
ചിലരൊക്കെ ഇത് സൂക്ഷ്മം പരിശോധിക്കുകയും ശരിയെന്നു തലയാട്ടുകയും ചെയ്തപ്പോള്‍ വേലച്ചന്‍റെ  ഉള്ളിലൊരു ആന്തലുണ്ടായി. ഇയാള് പറയുന്നത് ഉള്ളതായിരിക്യോ.

പശുവിനെ കുറിച്ച് പിന്നെയും കുറെ വര്‍ണ്ണിച്ച ശേഷം തെങ്ങൂരാന്‍ ലേലം വിളിക്കാന്‍ തുടങ്ങി.ആയിരത്തിലാണ് തുടങ്ങിയതെങ്കിലും അഞ്ചു മിനിറ്റ് കഴിയുന്നതിനു മുമ്പ് തന്നെ വിളി അയ്യായിരവും കടന്നു പതിനായിരത്തില്‍ എത്തി.കേട്ടറിഞ്ഞ് പിന്നെയും ആളുകള്‍ കൂടി.
പശുവിനെ തൊട്ടും പിടിച്ചും പരിശോധിച്ചവര്‍ പരസ്പരം ഗൌരവപൂര്‍വ്വം പിറുപിറുക്കാനും ലേലത്തുക കൂട്ടി ഉത്സാഹത്തില്‍ വിളിക്കാനും തുടങ്ങിയപ്പോള്‍ വേലച്ചന്‍ ധര്‍മ്മസങ്കടത്തിലായി.

എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല.ഈ പശുവിനെ വാങ്ങിയ ശേഷം ഉണ്ടായ കുറെ ഐശ്വര്യങ്ങളൊക്കെ  അപ്പോള്‍ ഞാറ്റുവേലച്ചന്‍ ഓര്‍ത്തെടുത്തു.താനിതുവരെ ഇതൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന് ഖേദിച്ചു.പശുവിനെ വില്‍ക്കാന്‍ തോന്നിയ ദുര്‍ബുദ്ധിയെ ശപിച്ചു.എങ്ങനെ ആയാലും പശുവിനെ വാങ്ങുക തന്നെയെന്ന് ഉറപ്പിച്ചു.

“പന്ത്രണ്ടായിരം ഒരുവട്ടം..............”
“പന്ത്രണ്ടായിരത്തി അഞ്ഞൂറ്..............”വേലച്ചന്‍ കൂട്ടി വിളിച്ചു.
“പതിമൂവായിരം....”
ലേലം മുറുകുകയാണ്. ഞാറ്റുവേലച്ചന്‍ പശുവിനെ വാങ്ങാന്‍ കൊണ്ട് വന്ന പതിനയ്യായിരം രൂപ കീശയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.
“പതിനാലായിരം............” വേലച്ചന്‍
“പതിനാലായിരത്തി അഞ്ഞൂറ്.........”
വേലച്ചന്‍ ഞെട്ടി.ഇത് തന്‍റെ കയ്യില്‍ നിന്നും പോയത് തന്നെ. ഞാറ്റുവേലച്ചന് കരച്ചില്‍ വന്നു.തെങ്ങൂരാനാണെങ്കില്‍ തന്നെ ശ്രദ്ധിക്കുന്നുപോലും ഇല്ല.

വേലച്ചന്‍ തെങ്ങൂരാന്‍റെ അടുത്ത് ചെന്ന് കൈ പിടിച്ചു വലിച്ചു.ദയനീയമായി ആംഗ്യം കാണിച്ചു.എനിക്ക് തന്നെ തരണം.

“പതിനയ്യായിരം....”
വേലച്ചന്‍  വിളിച്ചു.അല്‍പ നേരത്തെ നിശബ്ദത.
“പതിനയ്യായിരം ............പതിനയ്യായിരം ഒരുവട്ടം..... പതിനയ്യായിരം ഒരുവട്ടം....പതിനയ്യായിരം രണ്ടു വട്ടം... പതിനയ്യായിരം രണ്ടു വട്ടം.....................................പതിനയ്യായിരം മൂന്നു വട്ടം”

ഒടുവില്‍ ലേലം ഉറപ്പിച്ചു. ഞാറ്റുവേലച്ചന് സന്തോഷമായി കീശയില്‍ നിന്ന് രൂപ  പതിനയ്യായിരം എടുത്ത് തെങ്ങൂരാന് കൊടുത്തു പശുവിനെ ഏറ്റുവാങ്ങി.അതില്‍ നിന്ന് ഇരുനൂറ്റമ്പത് തിരിച്ചു കൊടുത്ത് തെങ്ങൂരാന്‍ കടം വീട്ടി.പശുവിനെയും കൊണ്ട് അഭിമാനപൂര്‍വ്വം തലയുയര്‍ത്തി പിടിച്ച് വേലച്ചന്‍ ചന്തയില്‍ നിന്നും വീട്ടിലേക്കു തിരിച്ചു.ഭാഗ്യം നല്‍കുന്ന പശുവിനെയും കൊണ്ട് പോകുന്ന ഞാറ്റുവേലച്ചനെ ആളുകള്‍ അസൂയയോടെ നോക്കി.

പക്ഷെ ഞാറ്റുവേലച്ചന്‍റെ സമയദോഷം എന്നല്ലാതെ എന്ത് പറയാന്‍ വഴിയില്‍ വെച്ച് പശു ചത്തു.
---------------------------------------------
പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തെങ്ങൂരാന്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ എം ഡി യാണ്.ലോകത്തെങ്ങും ജനങ്ങളുടെ ദുഖങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാനും സൌഭാഗ്യം കൊണ്ടുവരാനും ആവശ്യമായ ഒരുപാട് സംഗതികള്‍ ഈ കമ്പനി വിതരണം ചെയ്യുന്നു.ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌താല്‍ ദിവസങ്ങള്‍ക്കകം സാധനം വീട്ടിലെത്തും.

വര്‍ഷങ്ങളായി ഞാറ്റുവേലച്ചന്‍ ഈ കമ്പനിയില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നു.പലയിനം ഭാഗ്യക്കല്ലുകള്‍ മോതിരങ്ങള്‍ കൂടാതെ സര്‍വ്വരോഗങ്ങളും മാറ്റാനുള്ള മാന്ത്രികക്കിടക്ക.ബോഡി ഫിറ്റാവാനുള്ള അടിവസ്ത്രങ്ങള്‍,മുടി വളരാനുള്ള മന്ത്രികചീപ്പ്....അങ്ങനെയങ്ങനെ എന്തെല്ലാം. ഞാറ്റുവേലച്ചന്‍ ഒരു സ്ഥിരം കസ്റ്റമര്‍ ആയതുകൊണ്ട് എല്ലാ വര്‍ഷവും ഈ കമ്പനിയുടെ വകയായി നടത്തുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള സമൂഹവിവാഹം.അനാഥാലയങ്ങളില്‍ നടത്തുന്ന അന്നദാനം എന്നീ പരിപാടികള്‍ക്ക് പ്രത്യേകം ക്ഷണിക്കാറുണ്ട്‌.


ഇപ്പോള്‍ പുറത്തിറക്കിയ ചെറുപ്പം നില നിര്‍ത്താനുള്ള പുതിയ മരുന്ന് പഴവര്‍ഗ്ഗങ്ങളുടെ ഒരു പ്രത്യേകതരം ജ്യൂസാണ്.ഒരു ബോട്ടിലിന് അന്‍പതിനായിരം രൂപയാണ് വിലയെങ്കിലും ഞാറ്റുവേലച്ചന് മുപ്പതു ശതമാനം ഇളവുണ്ട്. അതിനായി പെട്ടെന്ന് പണം കയ്യിലില്ലാത്തത് കൊണ്ട് വീട്ടു വളപ്പിലെ വേരിലും ചക്കയുണ്ടാകുന്ന രണ്ടു പ്ലാവും രുചികരമായ മാങ്ങ ഇഷ്ടംപോലെ കിട്ടുന്നൊരു മാവും വില്‍ക്കേണ്ടി വന്നുവെങ്കിലും നഷ്ടമില്ല.

ഓണം പ്രമാണിച്ച് ഇതിനോടൊപ്പം കണ്ണില്‍ തേച്ചാല്‍ ഏത് പെണ്ണിനെയും വശീകരിക്കാന്‍ കഴിയുന്ന വശീകരണ മരുന്ന്‍ ഇരുപതിനായിരം രൂപ വിലയുള്ളത്  പകുതി വിലക്ക് കിട്ടും എന്ന കിടിലന്‍ ഓഫര്‍ കൂടി ഉള്ളത് കൊണ്ടാണല്ലോ ഞാറ്റുവേലച്ചനൊപ്പം നമ്മളും   കടം വാങ്ങിയിട്ടാണെങ്കിലും ഈ മരുന്നിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
നമ്മള്‍ മലയാളീസിനെ സമ്മതിക്കണം അല്ലെ.
--------------------------------
ആശയത്തിന് മുല്ലാ  നസിറുദ്ധീന്‍ കഥയോട് കടപ്പാട്.   


Saturday, September 7, 2013

പൊള്ളിക്കുന്ന ചില നിരീക്ഷണങ്ങള്‍


“.........മലയാളിയുടെ വലിയ പ്രതിസന്ധി ഇന്ന് വിശപ്പല്ല.ലൈംഗീകതയാണ്.ഈ നിരീക്ഷണങ്ങളില്‍ അക്കാര്യത്തിന് പ്രത്യേകം ഊന്നല്‍ കൊടുത്തിട്ടുണ്ട്‌.അങ്ങനെ നോക്കുമ്പോള്‍ ഊഷ്മളമായ രതി കേരളത്തില്‍ വിവാഹേതര ബന്ധങ്ങളില്‍ മാത്രം.ഭാര്യ/ഭര്‍ത്താവ് എന്നത് അന്യരുടെയും ഉപദേഷ്ടാക്കളുടെയും തൃപ്തികള്‍ക്കായി വീട്ടിലോ നാട്ടിലോ അനുവദിച്ചു നിര്‍ത്തിയിരിക്കുന്നതോ വളര്‍ത്തിയെടുക്കുന്നതോ ആയിട്ടുള്ള ഉടമ്പടിബന്ധം മാത്രമാണ്.വിവാഹേതര ബന്ധങ്ങളെ പരസ്യമായി എതിര്‍ക്കുകയും നിഷേധിക്കുകയും രഹസ്യമായി പിന്തുണക്കുകയും പിന്തുടരുകയും ചെയ്യുന്നതാണ് കാലങ്ങളായി പൊതുവെ മലയാളികളായ മനുഷ്യരുടെ ലക്ഷണം.........
സുസ്മേഷ് ചന്ത്രോത്ത് എഴുതിയ അപസര്‍പക സാമൂഹിക നിരീക്ഷകന്‍ എന്ന കഥയില്‍ നിന്ന് (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

പേര് സൂചിപ്പിക്കുന്ന പോലെ ചില നിരീക്ഷണങ്ങളാണ് ഈ കഥ എന്ന് വേണമെങ്കില്‍ പറയാം.വായനക്ക് ശേഷവും നമ്മെ അസ്വസ്ഥമാക്കുന്ന പൊള്ളിക്കുന്ന ചില നിരീക്ഷണങ്ങള്‍.നാം സൌകര്യപൂര്‍വ്വം കാണാതെ പോയ്ക്കളയുന്ന ചില വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ നമ്മുടെ മുന്നിലേക്ക് പിടിച്ചു നിര്‍ത്തി ഊറിച്ചിരിക്കുകയാണ് ഈ കഥാകാരന്‍.

ഒരു കഥയുടെ ചിട്ടവട്ടങ്ങളില്‍ ഈ കഥ ഒതുങ്ങുന്നുണ്ടോ എന്ന് ശങ്കിക്കുമ്പോഴും ഇങ്ങനെ ചില ചിട്ടവട്ടങ്ങളുടെ സുഖാലസ്യത്തില്‍ വായിച്ചു രസിക്കുക മാത്രമല്ലല്ലോ കഥയുടെ/കലയുടെ ലക്‌ഷ്യം എന്നൊരു ചോദ്യം ഉള്ളില്‍ ഉയരുന്നുണ്ട്.ഒന്നോ രണ്ടോ പതിറ്റാണ്ടിനു ശേഷം ഇക്കഥ വായിക്കുന്ന തലമുറയുടെ കണ്ണുകളില്‍ വിടരുന്ന അത്ഭുതവും അമ്പരപ്പും കാണാനാവുന്നുമുണ്ട്. 
.
രഘുവും,വാസന്തിയും,അമിതും,ഭാമയും ചിരുതയും ഒക്കെ നാം തന്നെയാണല്ലോ എന്നൊരു വിചാരം പിന്നെയും പിന്നെയും ഉള്ളില്‍ നിന്ന് തികട്ടിവന്ന് അലോസരപ്പെടുത്തുന്നത് കഥാകാരന്റെ മിടുക്ക് തന്നെയാണല്ലോ.

ഈ കഥയിലൂടെ നടത്തുന്ന നിരീക്ഷണങ്ങള്‍ ഒട്ടും അതിശയോക്തിപരമല്ലെന്ന് ഏതൊരു  മലയാളിയും തലകുലുക്കി സമ്മതിക്കും.

"...പൂച്ച പാലുകുടിക്കുന്നതുപോലെ,മിണ്ടാപ്പൂച്ച കലമുടയ്ക്കും ഇതൊക്കെ കഴിഞ്ഞ ദശാബ്ദത്തിനു മുമ്പ് വരെ കേരളത്തില്‍ സ്ത്രീ പുരുഷ സംസര്‍ഗത്തെ സൂചിപ്പിക്കാന്‍ വ്യംഗ്യമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകളാണ്.ഇപ്പോള്‍ സംസാരത്തില്‍ ചെറുപ്പക്കാരാരും പഴഞ്ചൊല്ലുകള്‍ കൂട്ടിക്കെട്ടാറില്ല..."

"....തുണി,സ്വര്‍ണ്ണം,പുറത്തെ ഭക്ഷണം എന്നിവകളോടുള്ള രോഗാതുരമായ താല്‍പര്യത്തെ പൊതുവികാരമാക്കി വളര്‍ത്തുന്നതില്‍ ജാതിമതഭേദമന്യേ സ്ത്രീകളാണ് ഉത്സാഹം പ്രകടിപ്പിച്ചു വരുന്നത്...." 

"....ഏറ്റവും നിഷ്കളങ്കത അഭിനയിക്കാന്‍ നിത്യവും ആള്‍ക്കണ്ണാടിക്ക് മുന്നിലുള്ള ഏകാംഗ പരിശീലനം.സെല്‍ഫോണിനെ ലൈംഗീകോപകരണമാക്കിയിട്ടുള്ള ഏകാന്ത രതിവിനോദസഞ്ചാരങ്ങള്‍........." 
ഇങ്ങനെ മൂര്‍ച്ചയുള്ള ചില നിരീക്ഷണങ്ങള്‍ കൊണ്ട് മലയാളിയുടെ പൊള്ളയായ ചില കെട്ടുകാഴ്ച്ചകളെ കുത്തി നോവിക്കുന്നുണ്ട് ഈ കഥാകാരന്‍.   

സ്ത്രീ പീഡനങ്ങള്‍ക്കും ലൈംഗീക ആരാജകത്വങ്ങള്‍ക്കും എതിരെ ഏറ്റവുമധികം ഒച്ചവെക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് ഓണ്‍ ലൈന്‍ സൌഹൃദങ്ങള്‍ എന്ന ഭംഗിയുള്ള പെരിട്ടുകൊണ്ട് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ രാവും പകലും സൈബര്‍ ഒളിസേവനടത്തിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നിത്യക്കാഴ്ചയാണല്ലോ.പ്രണയം എന്ന വാക്കുപോലും അശ്ലീലമായി തോന്നിപ്പോകുന്നൊരു അധ:പതനം.

ഇങ്ങനെയൊരു കാലത്ത്  അപസര്‍പക സാമൂഹിക നിരീക്ഷകന്‍ മലയാളിയുടെ ഉള്ളിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാവുന്നു.

“............വിവാഹമോചിതരായ ശേഷവും ഇരുവരും കണ്ടുമുട്ടുകയും അശ്ലീലമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മര്യാദവചനങ്ങള്‍ ഉരുവിടുകയും പരസ്പരം ചേര്‍ക്കാതെ ആശ്ലേഷിക്കുകയും ചെയ്യുന്നു.......
രഞ്ജിത്തിന്‍റെ സ്പിരിറ്റ്‌സിനിമയില്‍ കണ്ട ഇത്തരം ചെടിപ്പിക്കുന്ന രംഗങ്ങള്‍ ഓര്‍ത്തുപോകുന്നു ഇത് വായിക്കുമ്പോള്‍.ദാമ്പത്യജീവിതം ഭംഗിയായി അഭിനയിച്ചു തീര്‍ക്കുന്ന മലയാളിയുടെ പൊള്ളത്തരങ്ങളും ഗതികേടുകളും എത്ര സത്യസന്ധമായാണ് സുസ്മേഷ് തുറന്നു കാണിക്കുന്നത്.

 “..........ഇപ്പോള്‍ രഘുവിനും വാസന്തിക്കും ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുന്നത് യന്ത്രങ്ങളാണ്.ശരിക്കും പറഞ്ഞാല്‍ മടിത്തടക്കൂട്ടങ്ങളായ കമ്പ്യൂട്ടറും ചലന ചിത്രങ്ങള്‍ കാണാന്‍ കഴിയുന്ന കൈഫോണുകളും ...........”.ഈ വരികള്‍ ശരിക്കും ഉള്‍ക്കിടിലമുണ്ടാക്കുന്നു.. ഇതൊരു വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണല്ലോ എന്ന തിരിച്ചറിവില്‍.




നിത്യവും വശീകരണ യന്ത്രത്തിന്റെയും,ലൈംഗീക ഉത്തേജക മരുന്നുകളുടെയും പരസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ പത്രങ്ങളും, റിയാലിറ്റി ഷോകളുടെയും  സീരിയലുകളിലൂടെയും മറവില്‍  എല്ലാ വൃത്തികേടുകള്‍ക്കും കളമൊരുക്കുന്ന ചാനലുകളും സ്ത്രീപീഡനങ്ങള്‍ക്കും മലയാളിയുടെ ലൈംഗീക അപചയങ്ങള്‍ക്കും എതിരെ രോഷം കൊള്ളുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് ഇങ്ങനെ ചില പൊള്ളുന്ന സത്യങ്ങള്‍ വിളിച്ചു പറയുവാന്‍ മുന്നോട്ടു വരേണ്ടത് കഥാകാരന്‍റെ ധര്‍മ്മമാണല്ലോ.അങ്ങനെയുള്ള എഴുത്തുകാരായത് കൊണ്ടല്ലേ പൊന്‍കുന്നം വര്‍ക്കിയും ബഷീറും ഒക്കെ ഇന്നും നമ്മുടെ മനസ്സില്‍ ആദരവോടെ നില്‍ക്കുന്നതും.എഴുത്ത് ഒരു ആയുധമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ട്.

 ഈ അടുത്തകാലത്ത് വായിച്ച കഥകളില്‍ പ്രമേയത്തിന്റെ ശക്തികൊണ്ടും ശൈലിയുടെ വ്യത്യസ്തത കൊണ്ടും വേറിട്ട്‌ നില്‍ക്കുന്നു സുസ്മേഷ് ചന്ത്രോത്ത് എഴുതിയ  അപസര്‍പക സാമൂഹിക നിരീക്ഷകന്‍’.
ചിലപ്പോള്‍ ഈ കഥ കൂടുതല്‍ ആഴത്തില്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് വരും കാലങ്ങളില്‍ ആവും.അത്രമേല്‍ ശക്തമാണ് ഈ നിരീക്ഷണങ്ങള്‍.