Tuesday, November 21, 2017

ഗുൽമോഹർ ചോട്ടിലെ ഓണപ്പൂക്കൾ

കഴിഞ്ഞ ഇരുപത്തിരണ്ടു വർഷം പ്രവാസിയായി കുവൈത്തിലും, അതിനും മുമ്പ് അഞ്ചാറ് കൊല്ലം ബെങ്കളൂരുവിലുമായി  നേരിൽ  കണ്ടറിഞ്ഞതാണ് ദേശം വിട്ട് കഴിയുന്നവന്റെ ഓണാഘോഷപ്പൊലിമകൾ.

കുവൈത്തിലെ അബ്ബാസിയ പോലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ജാതി-മത ഭേദമന്യേ ഗൃഹാതുരതയുണർത്തുന്ന ആഘോഷമായി ഓണം കൊണ്ടാടുന്നുവെങ്കിലും,  മലയാളികളെ മരുന്നിനു പോലും കാണാൻ കിട്ടാത്ത, മസരികളും ആന്ധ്രക്കാരും മാത്രമുള്ള  ഞങ്ങളുടെ പഴയ ഖൈത്താൻ  'ഓണംകേറാമൂല'  ആയതു കൊണ്ട് ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഓണക്കാലങ്ങൾ  ഇപ്പോഴും എൺപതുകളുടെ ഒടുവിൽ തുടങ്ങി  അഞ്ചാറ് വർഷം ജീവിച്ച ബെങ്കളൂരുവിലെ 'മുരുഗേശ് പാളയ'ത്തേത്  തന്നെയാണ്.

മലയാളി, ചാനലുകൾക്ക് മുന്നിലേക്ക് ഇരിപ്പുറപ്പിക്കാനും മൊബൈലിൽ തല താഴ്ത്താനും തുടങ്ങുന്നതിനു തൊട്ടു മുമ്പുള്ള കാലമാണ്. ബെങ്കളൂരുവിൽ ഇന്നത്തെപ്പോലെ IT കമ്പനികളൊക്കെ  ഉണ്ടാവുന്നതിനു മുമ്പ്, HAL ലും NAL ലും ISRO വിലും എയർ ഫോഴ്സിലും ഒക്കെയായി ജോലി ചെയ്യുന്ന  മലയാളികൾ കുടുംബസമേതവും, അതല്ലാതെ കടകളിലും ഹോട്ടലുകളിലും മറ്റ് പലവിധ ചില്ലറപ്പണികളിലും ആയി  കഴിയുന്നവർ 'ബാച്ചി'കളായും
മുരുഗേശ്  പാളയത്ത് അന്ന്  ധാരാളമുണ്ടായിരുന്നു. പോരാത്തതിന് പലചരക്കുകടകളും പച്ചക്കറിക്കടകളും മീൻ കടയും പത്രക്കടയും ബേക്കറിയും ഹോട്ടലും  ഒക്കെയായുള്ള  കച്ചവടസ്ഥാപനങ്ങളും മലയാളികളുടേത്‌ തന്നെയായിരുന്നു ഏറെയും. 

ഞങ്ങളുടെ  കടയുടെ അടുത്തുതന്നെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന അപ്പക്കൂട്ടിലെ പണിക്കാരനായ കണ്ണേട്ടനും ഞാനും ലോഗ്യക്കാരാകുന്നത്  വായനയോടും സിനിമയോടും ഉള്ള കമ്പം കൊണ്ടു കൂടിയാണ്.

സിറ്റൗട്ടും ലിവിങ് റൂമും ഡൈനിങ് ഹാളും ബെഡ്റൂമുമെല്ലാം ഒന്നുതന്നെ ആയ കഷ്ടി പത്തടി നീളവും വീതിയും മാത്രമുള്ള   ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ, ചെറിയ വരുമാനത്തിന്റെ  പ്രാരാബ്ധങ്ങളൊന്നും കാണിക്കാതെ ഭാര്യയും കുഞ്ഞുങ്ങളുമൊത്ത്
ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുമ്പോഴും ഒരുപാട് സൗഹൃദങ്ങൾ കൊണ്ട് സമ്പന്നനായിരുന്നു, ഭാരതപ്പുഴയുടെ തീരത്തെ കാരക്കാടിനടുത്ത് 'ഞെരളത്തി'ന്റെ നാട്ടുകാരനായിരുന്ന കണ്ണേട്ടൻ. എന്തിനോടും ചേർന്നു പോകുന്ന നല്ലപാതി കൂടി ആയത് കൊണ്ടാവാം അല്ലലും അലട്ടുമറിയിക്കാതെ തന്റെ ചെറിയ ജീവിതം സൗഹൃദങ്ങൾ കൊണ്ട് മൂപ്പർ  മനോഹരമാക്കി.

ബേക്കറിയിലെ തന്നെ പണിക്കാരായ തങ്കച്ചനും വിജയനും ISRO ജോലിക്കാരായ സുരേഷ് സാറും ശങ്കരൻകുട്ടി സാറും, KELTRON ലെ സുശീലനും ദൂരദർശനിലെ കെ ടി ശിവാനന്ദനും പിന്നെ പലചരക്കുകടക്കാരൻ ആയ ഞാനും  വേറെയും ചില കൂട്ടുകാരും. ഒഴിവു നേരങ്ങളിൽ   സാഹിത്യവും സിനിമയും രാഷ്ട്രീയവും  ചർച്ച ചെയ്യുന്ന ഞങ്ങളുടെ 
സൗഹൃദക്കൂട്ടം  കണ്ണേട്ടന്റെ അപ്പക്കൂടിനോട് ചേർന്ന ഹാളിലും അല്ലെങ്കിൽ  ബസ് സ്റ്റോപ്പിനടുത്ത  ഗുൽമോഹർ ചോട്ടിലെ കരിങ്കൽ ബെഞ്ചിലും ഒക്കെയായി നിത്യവും  കൂടി.

വിമാനപുര കൈരളി വായനശാലയുടെ    ലൈബ്രേറിയൻ മാധവൻ നായരുടെ  സൈക്കിളിനു മുന്നിൽ തൂക്കിയിട്ട സഞ്ചിയിൽ ഞങ്ങൾക്കായി  പുതിയ പുതിയ പുസ്തകങ്ങൾ....  'മുൻപേ പറക്കുന്ന പക്ഷികൾ', 'ഒരു സങ്കീർത്തനം പോലെ', 'ദൈവത്തിന്റെ വികൃതികൾ'..... അങ്ങനെ വായനയുടെ നീർമാതളം പൂത്ത കാലം.

കാശ് കൊടുത്തു വാങ്ങുന്ന 'മാതൃഭൂമി ആഴ്ചപ്പതിപ്പി'നും 'കലാകൗമുദി'ക്കും പുറമേ 'പേപ്പറമ്മ' യുടെ കടയിൽ നിന്ന് ഓസിന് വായിക്കുന്ന 
നാനയും ചിത്രഭൂമിയും വെള്ളി നക്ഷത്രവും മംഗളവും മനോരമയും കേരളശബ്ദവും ഇന്ത്യാടുഡേയും,   ഞങ്ങളുടെ ചർച്ചകളെ  സജീവമാക്കി.

മമ്മൂട്ടിയും മോഹൻലാലും ജയറാമും ഐ വി ശശിയും  അടൂരും അരവിന്ദനും പദ്മരാജനും ഭരതനും സിബി മലയിലും പ്രിയദർശനും ഹരിഹരനും  കെ എസ് ഗോപാലകൃഷ്ണനും ശങ്കരൻ നായരും ഒക്കെ ഞങ്ങളുടെ സിനിമാ ചർച്ചകളിൽ നിറഞ്ഞു നിന്നു. ഇന്ത്യൻ രാഷ്ട്രീയം ഗതി മാറി ഒഴുകിയ എൺപതുകളുടെ ഒടുവിൽ,  രാജീവ്ഗാന്ധിയും വി പി സിംഗും ചന്ദ്രശേഖറും അദ്വാനിയും അർജ്‌ജുൻസിംഗുമൊക്കെ ഞങ്ങൾക്ക് നിത്യ പരിചിതരെ പോലെ ആയി.

ഓണക്കാലങ്ങളിലായിരുന്നു ഏറ്റവും വലിയ ഹരം. ഓണപ്പതിപ്പുകളിൽ വരുന്ന മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരുടെ മികച്ച കഥകളുടെ  വായനയും ചർച്ചയും.  ഓ വി വിജയനും എംടിയും മുകുന്ദനും പദ്മനാഭനും  മാധവിക്കുട്ടിയും കാക്കനാടനും പുനത്തിലും സേതുവും സക്കറിയയും....
ബഷീറിന്റെ 'പൂവമ്പഴ'വും  കാരൂരിന്റെ ' മരപ്പാവകളും' അടക്കമുള്ള പഴയ കാല കഥകൾ ഉൾപ്പെടുത്തി ഒരിക്കൽ   മനോരമ  ഇറക്കിയ വർഷികപ്പതിപ്പ് അടക്കം മികച്ച  കഥകൾ കൊണ്ട് വിഭവ സമൃദ്ധമായ ഓണക്കാലങ്ങൾ.

ഓരോ വർഷത്തെയും ഓണപ്പതിപ്പുകളിലെ കഥകൾ മൊത്തം ബൈൻഡ് ചെയ്തു സൂക്ഷിക്കുന്ന ISRO വിലെ നാരായണൻ കുട്ടി സാറിനെ പോലൊരു കഥാ പ്രാന്തനെ കണ്ടിട്ടില്ല. എം സുകുമാരൻ ഏറെക്കാലത്തെ മൗനത്തിനു ശേഷം 'പിതൃതർപ്പണം' എഴുതിയ കലാകൗമുദിയും പൊക്കിപ്പിടിച്ചു "മാഷേ.... വായിച്ചോ... പിതൃതർപ്പണം" എന്ന് ഉറക്കെ സന്തോഷത്തോടെ   വിളിച്ചു പറഞ്ഞു കൊണ്ട് കടയിലേക്ക് ഓടിവന്ന നിഷ്കളങ്കനായ ആ മനുഷ്യനെപ്പോലെ പ്രവാസത്തിന്റെ മണ്ണിൽ നിന്നു കൊണ്ട് മലയാള   കഥകളെയും കഥാകൃത്തുക്കളെയും ഹൃദയത്തോട് ചേർത്തു വെച്ച  സൗഹൃദക്കൂട്ടം ആ  ഓണക്കാലങ്ങളെ ഒരിക്കലും മറക്കാനാവാത്തത്ര മനോഹരമാക്കി.

ബുദ്ധിജീവി ജാഡകളും വേദിയും മൈക്കും പത്രവാർത്തയും ഇല്ലാതെ, വായനയെ  അത്രയേറെ പ്രിയമായി കൊണ്ടു നടക്കുന്ന  ഏറ്റവും സാധാരണക്കാരായ കുറെ മനുഷ്യരുടെ കൂടിച്ചേരലിന്റെ സുന്ദരമായ ഓർമ്മക്കാലം.

ജോലിയുടെയോ പഠിപ്പിന്റെയോ അറിവിന്റെയോ വലിപ്പച്ചെറുപ്പം ഇല്ലാതെ, കോഴിക്കോടും തൃശൂരും പാലക്കാടും കണ്ണൂരും പത്തനംതിട്ടയും എറണാകുളവും തിരുവനന്തപുരവും വ്യത്യാസമില്ലാതെ മനസ്സടുപ്പമുള്ള ആ കൂട്ടത്തിന്റെ അച്ചുതണ്ട് കണ്ണേട്ടനായിരുന്നു. പുതിയ കൂട്ടുകാരിലേക്കുള്ള പാലമായും നിശ്ശബ്ദനായ കേൾവിക്കാരനായും  കൂട്ടത്തിൽ ഏറ്റവും ചെറിയവനായി ഒതുങ്ങിയും....

MG റോഡിലെയോ അൾസൂരിലെയോ തിയേറ്ററുകളിൽ അപൂർവ്വമായി
വരുന്ന മലയാളം സിനിമകൾ കാണാൻ  ഒമ്പതരക്കുള്ള സെക്കന്റ് ഷോവിന് വേണ്ടി പീടിക നേരത്തെ പൂട്ടി ഓടുന്ന ബാച്ചികളായ ഞങ്ങളോടൊപ്പം  കണ്ണേട്ടനും  ഉണ്ടായിരുന്നു. പാതിരാത്രികളിൽ സിനിമ കഴിഞ്ഞ് നിയോൺ വിളക്കിന്റെ വെളിച്ചത്തിൽ നിരത്തിലൂടെ പാട്ടുപാടിയും കഥകൾ പറഞ്ഞും മുരുഗേശ് പാളയം വരെ നടക്കുമ്പോൾ, പാലക്കാടൻ ഗ്രാമങ്ങളും ഭാരതപ്പുഴയും ഒടിയനും ഒറ്റമുലച്ചിയും പ്രേതങ്ങളും ഉത്സവങ്ങളും വാണിയംകുളം ചന്തയുമൊക്കെ
കഥകളെക്കാളും ചന്തത്തോടെ കണ്ണേട്ടന്റെ വിവരണത്തിൽ  നിറഞ്ഞു നിന്നു.

ആഴ്ചയിൽ രണ്ടു ദിവസം മാത്രം വരുന്ന 'ബോർവെൽ' വെള്ളത്തിന് ക്യൂ നിന്നും, പാചകത്തിന്റെ പാതി വഴിയിൽ മണ്ണെണ്ണ തീർന്ന് രാധാമണി ചേച്ചി വിഷണ്ണയായി നിൽക്കുമ്പോൾ, 'സീമെണ്ണ'ക്കാരൻ
നാരായണപ്പയുടെ ഒറ്റക്കാള വണ്ടി തേടി
കന്നാസുമായി ഓടിയും കണ്ണേട്ടൻ ഉത്തരവാദിത്തമുള്ള ഗൃഹനാഥനായി.

ചെറുപ്പത്തിൽ  നാട്ടിലെ  ഓണപ്പകിട്ടുകളിൽ
കൈതോല കൊണ്ട് മെടഞ്ഞ പൂക്കൊട്ടകൾ കഴുത്തിൽ തൂക്കിയിട്ട് പൂ പറിക്കാൻ നടക്കുന്ന കുട്ടികളും, ബ്ലീച്ചിംഗ് പൗഡറിന്റെ മണവും ഓടം പായുന്നതിന്റെ താളവും ഉള്ള നെയ്ത്തുകാരുടെ തെരുവിലെ നിരനിരയായുള്ള വീടുകൾക്ക് മുന്നിലെ പൂക്കളങ്ങളും, ഓണ നാളിൽ നട്ടുച്ചയ്ക്ക്  ആരോടും ഒന്നും മിണ്ടാതെ മണിയും  കിലുക്കി ധൃതിപ്പെട്ട് വീട് വീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടനുമൊക്കെ  ഉണ്ടെങ്കിലും ചിട്ടവട്ടങ്ങളോട് കൂടിയ തനി കേരളീയ സദ്യ ഒരുക്കുന്ന വീടുകൾ അന്ന് എന്റെ   നാട്ടിൽ  ഏറെയില്ല എന്ന് തന്നെ പറയാം. മീനോ ഇറച്ചിയോ ഇല്ലാതെ ചോറ് ഇറങ്ങാത്ത,
നല്ല മീൻകൂട്ടി ഊണ് കഴിച്ചതിന്റെ സന്തോഷത്തിൽ പാട്ടു പാടുന്ന 'ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണി'ലെ   കണാരനെ വർണ്ണിച്ച 'തൃക്കോട്ടൂർ പെരുമ'യുടെ പരിസരദേശക്കാരനായ   ഞാൻ, ഓലനും അവിയലും എരിശ്ശേരിയും പുളിശ്ശേരിയും കാളനും ഒക്കെ കൂട്ടി ആദ്യമായി സദ്യയുണ്ണുന്നത്   ബെങ്കളൂരുവിലെ ഓണക്കാലത്താണ്.

കണ്ണേട്ടന്റെ ഒറ്റമുറി വീടിന്റെ  നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിച്ച   ഓണസദ്യയുടെ  രുചിയോർമ്മ   രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും  നാവിൽ  മായാതെ നിൽക്കുന്നുണ്ട്. ഓണത്തിനായാലും, മക്കളായ ദീപുവിന്റെയോ ഷിബുവിന്റെയോ പിറന്നാളിനായാലും ആ വീട്ടിലെ അംഗങ്ങൾക്ക് പുറമെ സദ്യക്ക്  ഒരു ഇലയുടെ അവകാശി ഞാൻ മാത്രമായിരുന്നല്ലോ. ബെങ്കളൂരു വിടുന്നത് വരെയും. 

93 ൽ ഞാൻ ബെങ്കളൂരു വിട്ടുപോരുന്നതിന് തൊട്ടുമുമ്പാണ്  ഞങ്ങളുടെ കടയുടെ  അടുത്ത മുറിയിൽ കണ്ണേട്ടൻ ചെറിയ തോതിൽ സ്വന്തമായി
ഒരു പച്ചക്കറിക്കട തുടങ്ങുന്നത്. 

നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം
വീണ്ടും  ബെങ്കളൂരുവിൽ  ചെല്ലുമ്പോൾ   മുരുഗേശ് പാളയം അറബിക്കഥകളിൽ എന്നപോലെ അടിമുടി മാറിപ്പോയിരുന്നു. വമ്പൻ ഫ്ലാറ്റുകളും മാളുകളും വാഹനങ്ങളും ആളും ബഹളവും.....
കടയിലെ തിരക്കിൽ നിന്ന്  ഇറങ്ങി വന്ന
കണ്ണേട്ടന് മാത്രം മാറ്റമൊന്നും ഉണ്ടായിരുന്നില്ല. താടി നരച്ചു എന്നല്ലാതെ.

ഉച്ചക്ക് മാർത്തഹള്ളിയിൽ  കണ്ണേട്ടന്റെ  വീട്ടിൽ നിന്ന്  ഊണു കഴിക്കുമ്പോൾ ഞാൻ മുരുഗേശ് പാളയത്തെ മുന്നൂറു രൂപ വാടകയുള്ള  ഒറ്റമുറി വീട്ടിലെ ഓണസദ്യ ഓർത്തു. പച്ചക്കറി കച്ചവടം കൊണ്ട് കണ്ണേട്ടൻ വീട് വെച്ചു, അത്യാവശ്യം സ്ഥലങ്ങൾ വാങ്ങി
കുട്ടികൾ രണ്ടാളും പഠിച്ചൊരു നല്ല നിലയിലായി. അപ്പോഴും  രാധചേച്ചിയുടെ കൈപ്പുണ്യം പോലെ മാറ്റമില്ലാതെ  പഴയ അതേ സ്നേഹരുചിയുള്ള മനസ്സുമായി രണ്ടുപേരും.

അന്ന് വൈകുന്നേരം  മുരുഗേശ് പാളയത്ത് ഞങ്ങളുടെ താവളമായിരുന്ന  ഗുൽമോഹർ ചോട്ടിലെ
കരിങ്കൽ ബെഞ്ചിൽ ഇരുന്ന് പഴയകാലം ഓർത്തെടുക്കുമ്പോൾ കണ്ണേട്ടൻ പറഞ്ഞു.
"സത്യം പറഞ്ഞാൽ കുറെക്കാലായി ഞാനൊന്നും വായിക്കാറു പോലും ഇല്ലെടോ......അന്നൊക്കെ പൈസ ഇല്ലെങ്കിലും ഇഷ്ടം പോലെ സമയവും ഇതിനൊക്കെ ഉള്ള മനസ്സും ഉണ്ടായിരുന്നു....പഴയ കൂട്ടുകാരൊക്കെ പല വഴിക്ക് പോയി. എനിക്കും തിരക്കായി... പിന്നെ പ്രഷറും ഷുഗറും...."
ഒന്നും മിണ്ടാതെ ഞങ്ങൾ ഏറെനേരം അവിടെ ഇരുന്നു.

അപ്പോൾ, 'മാഷേ  മാതൃഭൂമി ഓണപ്പതിപ്പിൽ കൊച്ചുബാവയുടെ പുതിയകഥ വായിച്ചോ...ഗംഭീരം' എന്ന് സന്തോഷത്തോടെ ഉറക്കെ പറഞ്ഞു  കൊണ്ട് നിരത്തു മുറിച്ചു കടന്ന് നാരായണൻ കുട്ടി സാറ് തിരക്കിട്ട് വരുന്ന പോലെ തോന്നി. കൂട്ടുകാർ ഓരോരുത്തരായി അന്നേരം മരച്ചുവട്ടിലേക്ക്  എത്തി.  തലയ്ക്ക് മേലെ ഗുൽമോഹർ
മരത്തിൽ നിന്നുതിരുന്ന ചുവന്ന  പൂക്കൾ ഞങ്ങൾക്ക് ചുറ്റുമൊരു  ഓണപ്പൂക്കളം തീർക്കാൻ തുടങ്ങി.
_______________
ഗൾഫ് മാധ്യമം 'ഓണം സ്പെഷ്യലി'ൽ 

1 comment:

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ