Thursday, November 28, 2013

കാലം മറന്ന ശുദ്ധഹാസ്യത്തിന്‍റെ ഉറവകള്‍




“അച്ചന്‍ കൂടുതലൊന്നും പറഞ്ഞില്ല.
‘...പേര് കൊടുത്തവര്‍ അവരുടെ രക്ഷകര്‍ത്താക്കളെ  വിളിച്ചുകൊണ്ടുവന്നിട്ട്, ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി....’
ഇത്രയും പറഞ്ഞു തീര്‍ന്ന നിമിഷം ഒരു ശബ്ദം മറ്റുള്ളവര്‍ കേട്ടു. ഞാന്‍ കേട്ടില്ല. ശബ്ദം കേട്ട് അവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ധര്‍മ്മഭടന്‍ ബോധമില്ലാതെ സിമന്റുതറയില്‍ നീളപ്പാടുകിടക്കുന്ന മര്‍മ്മഭേദകമായ കാഴ്ചയാണ് കണ്ടത്. ആ വീരഭടന്‍ ഈയുള്ളവനായിരുന്നു. ഞാന്‍ ബോധം കെട്ടു നിലത്തുവീണപ്പോള്‍ എന്‍റെ മണ്ടന്‍ തല നിലത്തടിച്ചതിന്‍റെ ശബ്ദമാണ് മറ്റുള്ളവര്‍ കേട്ടത്.”.....

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍റെ പതിനാലാം വയസ്സില്‍ വായനശാലയില്‍ ഇരുന്ന് ഈ വരികള്‍ വായിച്ച് ചിരി അടക്കാനാവാതെ ഞാന്‍ പാട്പെട്ടുപോയിട്ടുണ്ട്. അത്രയേറെ ചിരി സമ്മാനിച്ചത്‌  കൊണ്ടാണ് ആ  പുസ്തകം പിന്നീട് ഞാന്‍ കാശ് കൊടുത്തു വാങ്ങിയത്.

തോമസ്‌ പാലായുടെ ‘പള്ളിക്കൂടം കഥകള്‍’.ഞാന്‍ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ സാഹിത്യ കൃതി! പച്ച പുറം ചട്ടയും നിലവാരം കുറഞ്ഞ പേപ്പറില്‍ ഉള്ള അച്ചടിയും. അത്ര അറിയപ്പെടാത്ത ഏതോ പ്രസിദ്ധീകരണശാലയാണ് പുസ്തകം ഇറക്കിയത്.

വര്‍ഷങ്ങളോളം ഈ പുസ്തകം എന്‍റെ കൈവശമുണ്ടായിരുന്നു. നര്‍മ്മത്തിന്‍റെ പൂത്തിരി കത്തിച്ചു കൊണ്ട്. എത്ര വട്ടം വായിച്ചു എന്നറിയില്ല. ഒരിക്കലും മടുപ്പുതോന്നാതെ.....അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ലോകത്തെ രസകരമായ കഥകള്‍. പൊട്ടിച്ചിരിപ്പിക്കുന്ന ശൈലി.

പത്രത്തില്‍ തോമസ്‌ പാലായുടെ ചരമ വാര്‍ത്ത വായിക്കുമ്പോള്‍ ഞാന്‍ ഗള്‍ഫ് പ്രവാസിയാണ്. അപ്പോഴേക്കും എന്‍റെ കൈയില്‍ നിന്ന് ആ പുസ്തകം നഷ്ടപ്പെട്ടിരുന്നു.

പിന്നീട് നാട്ടില്‍ വന്നപ്പോഴൊക്കെ അന്വേഷിച്ചെങ്കിലും പുസ്തക ശാലകളിലൊന്നും ‘പള്ളിക്കൂടം കഥകള്‍’ കണ്ടില്ല. തോമസ്‌ പാലാ എന്ന എഴുത്തുകാരനെ കുറിച്ച് എവിടെയും വായിച്ചതുമില്ല. ഒരു കാലത്ത് മലയാളി വായനക്കാരെ കുടുകുടെ ചിരിപ്പിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയെ പോലും മറന്നു പോയ നാം  തോമസ്‌ പാലാ എന്ന ഹാസ സാഹിത്യകാരനെ ഓര്‍ക്കാത്തതില്‍  അതിശയമില്ലല്ലോ. അതും പ്രധാനമായും ‘മംഗളം’ വാരികയില്‍ എഴുതിയ ഒരു എഴുത്തുകാരനെ.

രണ്ടു ദിവസം മുമ്പ് ‘മനോരമ’യുടെ ‘വീട്’ എക്സ്പോ കാണാന്‍ പോയതായിരുന്നു കോഴിക്കോട്. വീടുകള്‍ക്ക് വേണ്ട ആധുനിക സൌകര്യങ്ങള്‍ നിരത്തിവെച്ച എക്സിബിഷന്‍ സ്റ്റാളുകളില്‍ പുത്തന്‍ സൌകര്യങ്ങള്‍ കണ്ട് അതിശയപ്പെട്ടും, വിലകേട്ട് അമ്പരന്നും  കയറിയിറങ്ങിക്കൊണ്ടിരിക്കെ മനോരമ ബുക്സിന്‍റെ സ്റ്റാളില്‍ നിരത്തിവെച്ച പുസ്തകങ്ങളില്‍ അതാ ഞാന്‍ ഏറെ കാലമായി തേടുന്ന ‘പള്ളിക്കൂടം കഥകള്‍’!

രണ്ടാമതൊരു വട്ടം ആലോചിക്കാതെ വാങ്ങി. വീട്ടിലെത്തി വായിക്കാനെടുക്കും മുമ്പ് ആശങ്കയുണ്ടായിരുന്നു. പതിനാലാം വയസ്സില്‍ വായിച്ചപ്പോള്‍ തോന്നിയ ചിരി ഇപ്പോള്‍ വായിക്കുമ്പോള്‍ ഉണ്ടാകുമോ?അന്നൊക്കെ ഒരുപാട് ചിരിപ്പിച്ച സിനിമകളും കോമഡി സീനുകളും ഇപ്പോള്‍ ടീവിയില്‍ കാണുമ്പോള്‍ ഒട്ടും ചിരി വരാറില്ല.അതേപോലെ ആവുമോ.

ഇല്ല വായിക്കും തോറും പഴയ അതേ ചിരി. ഓരോ വരികളിലും ഒളിപ്പിച്ചു വെച്ച നര്‍മ്മം  അന്നത്തെ പോലെ  തന്നെ ആസ്വദിക്കാന്‍ കഴിയുന്നു.മോട്ടെച്ചി സാറും,നാരായണപിള്ള സാറും ,നാണപ്പന്‍ സാറും ആഗസ്തിയും ഒക്കെ പഴയ പോലെ പൊട്ടിച്ചിരിപ്പിക്കുന്നു.

ഈ പുസ്തകം ചിരി മാത്രമല്ല. കുട്ടികളെ സ്നേഹിച്ച ഒരുപാട് അധ്യാപകരുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളും ഇതിലുണ്ട്. ആന്റണി സാറിനെ പോലെ.

വിദ്യാര്‍ഥികള്‍ക്ക് പുസ്തകം പൊതിയാല്‍ ടൌണില്‍ പോയി പേപ്പര്‍ വാങ്ങിക്കൊണ്ടു വന്നു സൌജന്യമായി കൊടുക്കുന്ന ആന്റണി സാര്‍. എല്ലാ കുട്ടികളുടെയും കയ്യക്ഷരം കൊല്ലാവസാനം ആകുമ്പോഴേക്കും ഒരേപോലെ മനോഹരമാക്കുന്ന സാറിന്‍റെ രചനാ പുസ്തകങ്ങള്‍. ഭാര്യയെ കൊന്നവന്റെ ശിക്ഷ ഇളവു ചെയ്തതില്‍ പ്രതിഷേധിച്ചു പത്രം വലിച്ചു കീറി പ്രതിഷേധിച്ച ശുദ്ധ മനസ്കന്‍. കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത് ഒടുവില്‍ സ്വന്തം ഉള്ളില്‍ നിന്ന് അക്ഷരങ്ങള്‍ പോലും മാഞ്ഞു പോയ മറവി രോഗം പിടിപെട്ട അദ്ധ്യാപകന്‍.

മറക്കാനാഗ്രഹിക്കാത്ത ആ കുട്ടിക്കാലത്തിലേക്ക്, സ്കൂള്‍ ജീവിതം എന്ന ആ ആഹ്ലാദത്തിമര്‍പ്പിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌ കൊണ്ട് കൂടിയാവാം ‘പള്ളിക്കൂടം കഥകള്‍’ ഒരിക്കലും മടുക്കാത്തത്. ഈ പുസ്തകത്തിലെ ഓരോ കുട്ടികളെയും അധ്യാപകരെയും നമുക്ക് അറിയാം. കാരണം അത് നാം തന്നെയോ അല്ലെങ്കില്‍ നമ്മുടെ സ്കൂള്‍ കാലത്ത് നമുക്ക് നന്നായി അറിയുന്നവരോ ആണ്. അത് കൊണ്ട് തന്നെ ഏറെ കാലമായി കളഞ്ഞു പോയ ഒരു പ്രിയപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടെ സന്തോഷം വീണ്ടും ഈ പുസ്തകം കണ്ടപ്പോള്‍ ഞാന്‍ അനുഭവിക്കുന്നു. പള്ളിക്കൂടം കഥകള്‍ പുന:പ്രസിദ്ധീകരിച്ച മനോരമ ബുക്സിന് നന്ദി.

മലയാള പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഏറെ കാലമായി നര്‍മ്മം പടിയിറങ്ങിപ്പോയിട്ട്. ചാനലുകളിലെ കോമഡി എന്ന പേരില്‍ വരുന്ന വളിപ്പുകള്‍ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ അന്തം വിടേണ്ടി വരുന്നു മലയാളി.

ഏതു സാധാരണക്കാരനും വായിച്ച് ഉള്ളു തുറന്ന്,ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഇങ്ങനെ ചില എഴുത്തുകാരിലൂടെ നമുക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ നല്ല നര്‍മ്മകഥകള്‍ ഫേസ്ബുക്കിലും ബ്ലോഗുകളിലും ഒതുങ്ങിപ്പോയിരിക്കുന്നു.


ഒരു പാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന മലയാളിയെ സംബന്ധിച്ചെടുത്തോളം കാലം മറന്ന ശുദ്ധ ഹാസ്യത്തിന്‍റെ ഇത്തരം ഉറവകള്‍ തേടിപ്പിടിക്കുന്നത് ഔഷധ ഗുണം ചെയ്യും മനസ്സിനും ശരീരത്തിനും. 

Monday, November 18, 2013

കീരിജീവിതം


നാട്ടിലെത്തിയതിന്‍റെ  മൂന്നാമത്തെ, ദിവസം വീടിനു പുറത്ത് അയല്‍പക്കത്തുള്ള സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഇറങ്ങി ചെന്ന് നോക്കിയത്.അടുത്ത വീട്ടിലെ അയിശൂച്ചയും,സുമതിയും,മറിയവും,കല്യാണിയമ്മയുമൊക്കെ ഉണ്ട്.കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടല്ലോ...

കുഞ്ഞിമ്മോനെ ഇഞ്ഞറിയ്വോ....പെരാന്തന്‍ കീരി ഉണ്ടോലെ...

അയിശൂച്ച എന്നെ കണ്ടതും സംഗതി വിവരിച്ചു. ഭ്രാന്തന്‍ നായ,ഭ്രാന്തന്‍ കുറുക്കന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്.ഇതിപ്പോ ആദ്യമായാണ്‌ ഭ്രാന്തന്‍ കീരി എന്ന് കേള്‍ക്കുന്നത്.

ഇമ്മളെ അങ്ങ്ട്ടേലെ അയിശേച്ചാന്‍റെ പയ്യിന്‍റെ മൊകത്ത് മാന്തീക്ക് പൊലെ..മൂത്താപ്പാന്‍റെ ആടിനെ കടിച്ച്....കുഞ്ഞവുള്ളന്‍റെ മില്ലിലേക്ക് പാഞ്ഞ് കേറി മേത്തേക്ക് ചാടാന്‍ നോക്ക്യപ്പോ ഓന്‍ കയ്യിലുള്ള ഗോതമ്പിന്‍റെ സഞ്ച്യോണ്ട് അടിച്ച്   പായിച്ചോലെ  ........

വീട്ടില്‍ പാല് തരുന്ന ആയിശച്ച അന്ന് വൈകുന്നേരം സങ്കടത്തോടെ വീട്ടുകാരിയോട് വന്നു പറഞ്ഞു.

മോളെ....ഇനി കുറച്ചു ദിവസത്തേക്ക് പാലുണ്ടാവൂല....പയ്ക്ക് മൃഗാസ്പത്രീലെ ഡോക്ടറ് വന്ന് സൂചി വെക്കുന്നുണ്ട്....പാല് കുടിക്കുന്നെയില് കൊയപ്പം ഒന്നൂല്ലാന്ന് അയാള് പറഞ്ഞ്.എന്നാലും എങ്ങനാ.......അതോണ്ട് നാപ്പത് ദെവസം കയ്യണം......

ടിന്ന്പാലും,പാല്‍പ്പൊടിയും ഇഷ്ടമില്ലാത്തത് കൊണ്ട് കട്ടന്‍ ചായ ശീലമാക്കിയവന്‍റെ ,നാട്ടില്‍ വന്നാല്‍ മാത്രമുള്ള  പാല്‍ച്ചായ എന്ന അഹങ്കാരംഅതോടെ നിന്ന് കിട്ടി.

അടുത്ത ദിവസങ്ങളിലായി കൂടുതല്‍ വാര്‍ത്തകള്‍. സംഗതി ഗൌരവമുള്ളത് തന്നെ പല വീടുകളിലും കീരി പശുവിനെയും ആടുകളെയും കടിക്കുകയും മാന്തുകയും ചെയ്തിട്ടുണ്ട്.അതും മുഖത്ത് തന്നെ.ആളുകളുടെ നേരെ ചാടി കടിക്കാന്‍ നോക്കി,വീട്ടു കോലായിലേക്ക് ശരം വിട്ട പോലെ പാഞ്ഞുകയറി അവിടെ ഇരുന്ന ആളെ കടിച്ചു, .....ഇങ്ങനെ കീരിവിശേഷങ്ങള്‍ പേടിപ്പെടുത്തുന്ന രീതിയില്‍ പെരുകുകയാണ്.....

ഞങ്ങളുടെ ചുറ്റുവട്ടത്ത് പശുവോ,ആടോ ഇല്ലാത്ത വീടുകള്‍ അപൂര്‍വ്വം. പല വീട്ടുകാരുടെയും പ്രധാന വരുമാനമാര്‍ഗ്ഗവും അതാണ്‌. കീരിയെ പേടിച്ച് പശുവിനെയും ആടിനെയും വീട്ടിനകത്താക്കി പോറ്റാനാവുമോ?  ഭ്രാന്തന്‍ നായ ആയിരുന്നെങ്കില്‍ നിറവും അടയാളങ്ങളും കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു..ഇതിപ്പോള്‍ കീരികളെ എങ്ങനെ തിരിച്ചറിയാനാണ് എല്ലാം ഒരുപോലെയല്ലേ.

ആളുകള്‍ക്കൊക്കെ പേടിയായി തുടങ്ങി.പുലര്‍ച്ചെ സുബ്ഹി നിസ്കരിക്കാന്‍ പള്ളിയില്‍ പോകുന്നവരും.സൊസൈറ്റിയില്‍ പാലളക്കാന്‍ പോകുന്ന പെണ്ണുങ്ങളും,സ്കൂള്‍ കുട്ടികളും ഒക്കെ വെവലാതിയിലാണ്.പലരും മരക്കമ്പ് കയ്യില്‍ കരുതിയാണ് നടപ്പ്.എവിടെ വെച്ചാണ് ഭ്രാന്തന്‍ കീരി ചാടി വീഴുക എന്നറിയില്ലല്ലോ. കീരിയുടെ നിഴല്‍ കണ്ടാല്‍ പോലും കല്ലെറിഞ്ഞ് ഓടിച്ചു. മാളങ്ങള്‍ മണ്ണിട്ട്‌ തൂര്‍ത്തു.

ഒരു കീരിക്ക് മാത്രമാണോ ഭ്രാന്ത് അതല്ല ഒരുപാട് കീരികള്‍ ഭ്രാന്തിളകി നടപ്പുണ്ടോ എന്നൊന്നും ഒരു പിടിയും ഇല്ല.ഞങ്ങളുടെ പ്രദേശത്ത്  മാത്രമല്ല  പല ഇടങ്ങളിലും ഇങ്ങനെ ഭ്രാന്തന്‍ കീരി ഉണ്ടത്രേ.

കീരികള്‍ ഈ ഭാഗത്ത്  ഇഷ്ടം പോലെയുണ്ട്.എന്‍റെ വീട്ടുവളപ്പില്‍ തന്നെ മതിലിനരികില്‍ കീരിയുടെ ധാരാളം മാളങ്ങളുണ്ട്. രാവിലെ ഒരു എട്ടുമണി കഴിഞ്ഞാല്‍ തള്ളക്കീരിയും കുട്ടികളും വാലേ വാലേയായി ഗെയ്റ്റ് കടന്നു പോകുന്നതും വൈകീട്ട് അതേ പോലെ തിരിച്ചു വരുന്നതും നാട്ടിലുള്ളപ്പോഴൊക്കെ ഞാന്‍ സ്ഥിരമായി കാണുന്നതാണ്.വീടിനു മുന്നിലെ റോഡിനു നടുവില്‍ ചെന്ന് നിന്ന് ഒന്ന് തലപൊക്കി ചുറ്റും  നോക്കി പിന്നെയും ധൃതിയില്‍ തലതാഴ്ത്തി തിരക്കിട്ട് പോകുന്നത് കാണാം.പോക്കും വരവും എപ്പോഴും ഗെയ്റ്റിലൂടെ മാത്രം. മുറ്റത്തിന്‍റെ അരികുപറ്റി ആരോ വിളിച്ചിട്ട് വളരെ അത്യാവശ്യമായി പോകുന്നപോലെയാണ് മൂപ്പരുടെ നടപ്പ്.

പക്ഷെ ഈ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ ഒറ്റ കീരിയെയും കണ്ടില്ലല്ലോ എന്ന് അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌.അടുത്ത ദിവസങ്ങളിലൊക്കെയും കീരിക്കഥകള്‍ പുതിയത് പുതിയത് കേള്‍ക്കുമ്പോഴും കീരികളെ  പരിസരത്തൊന്നും  കാണാനുണ്ടായിരുന്നില്ല.ഇത്രയും കാലം  യഥേഷ്ടം സഞ്ചരിച്ചിരുന്ന കീരികളെ ഞങ്ങള്‍ക്ക്  പാമ്പിനെക്കാളും പേടിയായി തുടങ്ങി.

എന്നാലും കീരിക്ക് എങ്ങനെ ഭ്രാന്തായി. നാട്ടിലെ സകലമാന കീരികള്‍ക്കും ഭ്രാന്തിളകിയാല്‍ എന്താവും സ്ഥിതി. പട്ടാളത്തെ ഇറക്കേണ്ടി വരില്ലേ?  ഞങ്ങള്‍ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഇന്നലെ ഞായറാഴ്ച. മക്കള്‍ സ്കൂള്‍ ഇല്ലാത്തത് കൊണ്ട് വീട്ടിലുണ്ട്.കുറേ നേരമായി വീട്ടിനകത്ത് അവരുടെ ഒച്ചയും അനക്കവും ഒന്നും കേള്‍ക്കാഞ്ഞപ്പോള്‍ വിളിച്ചു നോക്കി.അവര്‍ വീട്ടിനകത്തില്ല .കീരിപ്പേടി തുടങ്ങിയത് മുതല്‍ അവരെ പറമ്പില്‍ കളിക്കുന്നത് വിലക്കിയതാണ്.എന്നാലും തഞ്ചം കിട്ടിയാല്‍ അങ്ങോട്ട്‌ ഓടും എന്ന് അറിയുന്നത് കൊണ്ട്.ചെന്ന് നോക്കി.പറമ്പിലെ മാവിന്‍ ചുവട്ടില്‍ അവര്‍ സ്ഥിരമായി കളിക്കുന്നിടത്ത് നിന്ന് ചെറിയ ചിരിയും വര്‍ത്തമാനവും കേള്‍ക്കുന്നുണ്ട്.അങ്ങോട്ട്‌ ചെന്നതും ഞാന്‍ ഞെട്ടിപ്പോയി.ഈ ചിരിയും വര്‍ത്തമാനവും ഒക്കെ ഒരു കീരിയോടാണ്!

എന്നെ കണ്ടതും അവര്‍ ഒരു കള്ളം കണ്ടു പിടിച്ചപോലെ പരിഭ്രമിച്ചു.മോള് പറഞ്ഞു

ഉപ്പാ...ഈ കീരി ഒരു പാവാ...ഇത് പെരാന്തന്‍ കീരി  അല്ല”.

കീരിയെ ഓടിക്കാന്‍ ഞാന്‍ ഒരു കല്ല്‌ തിരയവെ....

ഡോ..........എനിക്ക് ഭ്രാന്തില്ലെടോ താന്‍ വെറുതെ ബേജാറാവണ്ട

.അമ്പരന്നു പോയ എന്നെ നോക്കി കീരി ചിരിച്ചു.

 “പേടിക്കണ്ട ....ഈ കുട്ടികളെ എനിക്കിഷ്ടാ ....ഞങ്ങള് കുറെ ആയി നല്ല കൂട്ടാ

കീരി സംസാരിക്കുകയോ! കേട്ടുകേള്‍വി ഇല്ലാത്ത ഈ അതിശയത്തിനു മുന്നില്‍ ഞാന്‍ അന്തം വിട്ടു.

ങാ ഉപ്പാ.... ഈ കീരി ഞാളെ ഫ്രണ്ടാ

മോന്‍ ശരിവെച്ചു.വെറുതെയല്ല സാധാരണ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിക്കുന്ന മക്കള്‍ ഈ പ്രാവശ്യം ഞാന്‍ ഇതുവരെ കേള്‍ക്കാത്ത പുതുമയുള്ള കഥകള്‍ പലതും ഇങ്ങോട്ട് പറഞ്ഞു തന്നത്.

മക്കളുടെ കൂട്ടുകാരന്‍ എന്ന നിലയില്‍ ഞാന്‍ കീരിയോട്  കുശലപ്രശ്നം നടത്തി. ഒരു അവസരം കിട്ടിയസ്ഥിതിക്ക് ഞാന്‍  ഒറ്റ ശ്വാസത്തില്‍ ഇങ്ങനെ ചോദിച്ചു.

  “ശരിക്കും എന്താണ് നിങ്ങള്‍ക്ക് പറ്റിയത്.ഈ കാലം വരെ  ഇല്ലാത്ത കാര്യമാണല്ലോ ഇതൊക്കെ.എന്താണിതിന്റെ സത്യം.?”

ഭ്രാന്തിന്‍റെ കാര്യാണോ കീരി  വല്ലാത്ത ഒരു ചിരി ചിരിച്ചു.

 “എടോ ചങ്ങാതീ സകലമാന കുന്നും പറമ്പും കിളച്ച് നിങ്ങള്‍ വീടുണ്ടാക്കുന്നു.മണ്ണെടുക്കുന്നു,കല്ല്‌ വെട്ടുന്നു.നാല് സെന്റ്‌ സ്ഥലത്ത് വീട് വെച്ചവനും മുറ്റം നിറയെ സിമന്‍റ്കട്ട പതിക്കുന്നു.....പറ ഞങ്ങള്‍ എങ്ങോട്ട് പോകും

എനിക്ക് ഉത്തരമില്ലായിരുന്നു.

മരുന്നിനു പോലും ഒരു കോഴിയെ കിട്ടാനില്ല.....ചേരയും പാമ്പുമൊക്കെ ഞങ്ങളെക്കാളും മുമ്പേ കുടിയിറങ്ങി.....ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണവും കിടപ്പാടവും ഇല്ലാണ്ടായാല്‍ ആര്‍ക്കാടോ സമനില തെറ്റാത്തത്.

കീരിയാണെങ്കിലും പറയുന്നത് കാര്യമാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു.

അങ്ങനെ സമനില തെറ്റിപ്പോയ ഏതോ ഒരു കീരി.കാട്ടിക്കൂട്ടിയ പരാക്രമം... അതിനാണ്  ജന്മ ശത്രുക്കളെ പോലെ കല്ലും വടിയുമായി നിങ്ങള്‍ ......... ഉള്ള മാളങ്ങള്‍ കൂടി നിങ്ങള്‍ മണ്ണിട്ട്‌ തൂര്‍ത്തു”

അതും പറഞ്ഞു നിര്‍ത്തി  കീരി ഒരു പാട്ട് പാടാന്‍ തുടങ്ങി

കീരീ കീരീ കിണ്ണം താ
കിണ്ണത്തിലിട്ടു കുലുക്കിത്താ
കല്ലും മണ്ണും പോക്കിത്താ ...

ഇത്രയും പാടി നിര്‍ത്തിയ ശേഷം ചോദിച്ചു.

ചെറുപ്പത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടല്ലായിരുന്നോ ഇത്.ഇപ്പോഴും നിങ്ങള്‍ മറക്കാത്ത പാട്ട്

ശരിയാണ് ഉമ്മ എനിക്ക് പാടിത്തന്ന പാട്ട്. എന്‍റെ മക്കള്‍ക്ക്‌ ഞാന്‍ പാടിക്കൊടുക്കുന്ന പാട്ട്.

ഓരോ പല്ല് കൊഴിയുമ്പോഴും എന്‍റെ പല്ല് കീരിക്കും കീരിന്‍റെ പല്ല് എനിക്കുംഎന്ന് പറഞ്ഞ് പുരപ്പുറത്തേക്ക് പല്ല് വലിച്ചെറിഞ്ഞ് നിങ്ങള്‍ കീരിയുടെ പല്ല് വരാന്‍ കാത്തിരുന്നത് മറന്നുപോയോ

എങ്ങനെ മറക്കും കീരി പല്ലുമായി വരുന്നതിന്‍റെ കഥകള്‍ ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എത്ര പറഞ്ഞതാണ് ഞങ്ങളുടെ ഭാവനപോലെ.

കര്‍ഷകന്‍റെ കുഞ്ഞിനെ പാമ്പില്‍ നിന്ന് രക്ഷിച്ച് ആഹ്ലാദത്തോടെ  കാത്ത് പടിക്കല്‍ നിന്ന കീരിയെ തെറ്റിദ്ധരിച്ച്‌ തല്ലിക്കൊന്ന കര്‍ഷകന്‍റെയും കീരിയുടെയും കഥ കേട്ട് കരച്ചില്‍ വരാത്ത ആരെങ്കിലും ഉണ്ടായിരുന്നോ..

കീരിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ മിണ്ടാനാവാതെ ഇരുന്നു.

“ഒക്കെ നിങ്ങള്‍ മനുഷ്യര്‍ മറന്നു..”

കീരി അതും പറഞ്ഞ് എഴുന്നേറ്റു.മക്കളോട് യാത്ര പറഞ്ഞു പുറത്തേക്കു നടന്നു.ഒരു നിമിഷം തിരിഞ്ഞു നിന്ന് എന്നെ നോക്കി പറഞ്ഞു.

 “വാ ...പറയാനുണ്ട്”

ഞാന്‍ കീരിയോടൊപ്പം ചെന്നു. കീരി എന്‍റെ നേരെ തിരിഞ്ഞു.
“ഒരു കാര്യം ചോദിക്കട്ടെ. മൃഗീയം എന്ന വാക്കുകൊണ്ട് നിങ്ങള്‍ മനുഷ്യര്‍ ഉദേശിക്കുന്നത് എന്താ?”

“ഒട്ടും ബുദ്ധിയും വിവേചനവും ഇല്ലാതെ കരുത്തുകൊണ്ട് എന്ത് ക്രൂരതയും ചെയ്യുന്നതിനെ...”

ഞാന്‍ അല്പം പരുങ്ങലോടെ പറഞ്ഞു.
“മനുഷ്യത്വം എന്ന് പറഞ്ഞാലോ?” കീരിയുടെ അടുത്ത ചോദ്യം.
“സ്നേഹം,ദയ,സഹാനുഭൂതി,മറ്റുള്ളവരോട് ചെയ്യുന്ന നന്മ...ഇതൊക്കെ ....”
പറഞ്ഞത് പൂര്‍ണ്ണമായോ എന്ന ശങ്കയോടെ ഞാന്‍ നിര്‍ത്തി.

“സമ്മതിച്ചു....മനുഷ്യത്വത്തിന്‍റെ വിപരീതമാണ് ചുരുക്കത്തില്‍ മൃഗീയം.... പിന്നെന്തിനാടോ  ഞങ്ങടെ കൂട്ടത്തില്‍ ഒരുത്തന്‍ ആരെയെങ്കിലും പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോഴേക്കും നിങ്ങള്‍ മനുഷ്യന്മാര്‍ ഞങ്ങടെ സകലരുടെയും പിന്നാലെ കല്ലും വടിയുമായി ഇറങ്ങുന്നത്...ശരിക്കും അത് ഞങ്ങളുടെ സ്വഭാവത്തിന്‍റെ ഭാഗമല്ലേ?”
എനിക്ക് ഉത്തരമില്ലായിരുന്നു.കീരി തുടര്‍ന്നു.

എല്ലാ നല്ലകാര്യങ്ങളും നിങ്ങള്‍  മനുഷ്യത്വം എന്ന വിശേഷണം ചേര്‍ത്ത് മഹത്തരമാക്കി.എന്നിട്ടും നിങ്ങളില്‍  തന്നെ  സ്വന്തം മക്കളെ മാനഭംഗം ചെയ്യുന്നവന്‍.വില്‍ക്കുന്നവന്‍,കുഞ്ഞു പൈതങ്ങളെ പോലും പീഡിപ്പിക്കുന്നവന്‍, കോടികള്‍ തട്ടിപ്പ് നടത്തുന്നവന്‍, അധികാരക്കസേരയില്‍ ഇരുന്ന് അഴിമതി നടത്തുന്നവന്‍ , കോടികളുടെ കള്ളക്കടത്ത് നടത്തുന്നവന് പെണ്ണും പണവും വാങ്ങി പരവതാനി വിരിക്കുന്നവന്‍....അങ്ങനെ സകലമാന മോശം ഏര്‍പ്പാടുകളും ചെയ്യുന്നവരല്ലേ കൂടുതല്‍.......”

ഞാന്‍ മൂളി

“മനുഷ്യത്വത്തിന് എതിരായി ഇങ്ങനെ ചെയ്യുന്ന ആര്‍ക്കെങ്കിലും എതിരെ നിങ്ങള്‍ കല്ലും വടിയും എടുക്കുന്നുണ്ടോ?”

ഞാന്‍ പിന്നെയും മൌനിയായി.

“പോട്ടെ ഈ നന്മയും മനുഷ്യത്വവും ഒക്കെ ഉയര്‍ത്തിപ്പിടിക്കുന്ന മതങ്ങള്‍,ഇസങ്ങള്‍,രാഷ്ട്രീയപ്പാര്‍ട്ടികള്‍ ....മറ്റൊരു മതക്കാരനോടോ,ഇസക്കാരനോടോ,എതിര്‍ പാരട്ടിക്കാരനോടോ ചെറിയ ഒരു ഇടച്ചില്‍ ഉണ്ടായാല്‍ പോലും ഈ മനുഷ്യത്വം ഒക്കെ മറന്നു ഇവരും ഞങ്ങള്‍ക്ക് ചാര്‍ത്തിതന്ന സ്വഭാവം കാണിക്കുന്നതെന്താ ?”

കീരി എന്‍റെ മക്കളെ നോക്കി കണ്ണിറുക്കി ചിരിച്ചു. എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും അവരും ചിരിച്ചു.

കീരി തുടര്‍ന്നു

മനുഷ്യത്വം എന്താണ് എന്ന് തിരിച്ചറിയാതെ മനുഷ്യരായി ജീവിക്കുന്ന നിങ്ങള്‍ തന്നെ മൃഗങ്ങളായ ഞങ്ങളെ മൃഗീയമായി ജീവിക്കാനും സമ്മതിക്കില്ല.............ഇതെന്തു ന്യായം.

ഇത്രയും പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ട്  കീരി  ഗെയ്റ്റ് കടന്നു പുറത്തേക്കു  പോയി.
ഞാനും മക്കളും വീട്ടിലേക്ക് തിരിച്ചു നടന്നു. വീട്ടിലേക്കു കയറുമ്പോള്‍ മോള് ചോദിച്ചു.

“ഇങ്ങനെ എല്ലാ മൃഗങ്ങളും കിളികളും പൂമ്പാറ്റയും ഒക്കെ വര്‍ത്താനം പറഞ്ഞാല്‍ നല്ല രസായിരിക്കും അല്ലേ ഉപ്പാ..”

ഒരു കീരിയുടെ ചോദ്യങ്ങള്‍ക്ക് തന്നെ ഉത്തരം പറയാന്‍ കഴിയാതെ വിയര്‍ത്ത ഞാന്‍ ചിന്തിച്ചു നോക്കി. അങ്ങനെ ആയാല്‍ എന്തായിരിക്കും അവസ്ഥ.  മനുഷ്യന്‍ ചെയ്തു കൂട്ടുന്ന സകല തിന്മകള്‍ക്കും എതിരെ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി വരുന്ന മറ്റ് സകല ജീവജാലങ്ങളെയും ഓര്‍ത്തു ഞാന്‍ നടുങ്ങി.












  


Wednesday, November 13, 2013

പെരുമഴയില്‍ ഇടറിവീഴാതൊരമ്മ


നിര്‍ത്താത്ത മഴ പെയ്തുകൊണ്ടിരുന്ന ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്. പള്ളിയിലേക്ക് പോകാന്‍ നേരമാവുന്നേ ഉണ്ടായിരുന്നുള്ളൂ.ഇരുണ്ടു മൂടി പെയ്യുന്ന മഴയുടെ ഭംഗി  കണ്ടിരിക്കുകയായിരുന്നു ഞാന്‍ ഉമ്മറത്ത്.

അപ്പോഴാണ്‌ ആ അമ്മ ഗെയ്റ്റ് കടന്നു വന്നത്.മുറ്റത്ത് പതിച്ച സിമന്‍റ്  കട്ടകളില്‍ കാല് വഴുതാതെ കയ്യിലൊരു സഞ്ചിയുമായി അവര്‍. അറുപത് വയസ്സിലധികം പ്രായമുണ്ടാകും.നെറ്റിയിലെ ചന്ദനക്കുറിയില്‍ അവരുടെ മുഖം വളരെ ഐശ്വര്യം തോന്നിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും അടിയുടുപ്പുകള്‍ വില്‍ക്കാന്‍ നടക്കുകയായിരുന്നു ആ സ്ത്രീ. എന്‍റെ നാട്ടില്‍ നിന്ന് എണ്‍പത് കിലോമീറ്ററോളം ദൂരെ കുന്ദമംഗലത്തിനു  അടുത്താണ് അവരുടെ വീട്. ഈ പ്രായത്തില്‍ ഇത്രയും ദൂരം അതും ഇങ്ങനെ പെരുമഴയത്ത്...

“ഓരോ ദിവസവും ഓരോ വഴിക്ക് ഇറങ്ങും.വടകരയും,നാദാപുരവും,ഒക്കെ.....ബസ്സില് ....പുലര്‍ച്ചെ വീട്ടീന്ന്‍ എറങ്ങ്യാല്‍ വൈന്നേരം വീട്ടില് തിരിച്ചെത്താന്‍ പറ്റുന്ന ഇടത്തൊക്കെ...”

മഴയുടെ തണുപ്പിനെ ചൂടുചായ മൊത്തിക്കുടിച്ചകറ്റി അവര്‍ പറഞ്ഞുകൊണ്ടിരുന്നു.ഈ വാര്‍ധക്യത്തിലും ജീവിതം തേടിയുള്ള യാത്രകള്‍.

“ഏതായാലും ഈ കച്ചവടവും ആയി നടക്കുകയല്ലേ ...കുറച്ചൂടെ സാധനങ്ങള്‍ കരുതിക്കൂടെ...”

“ഉണ്ടായിരുന്നു മോനേ...അടിപ്പാവാടയും,നിസ്കാരക്കുപ്പായവും,നൈറ്റിയും  ഒക്കെ കൊണ്ട് നടക്കാറുണ്ടായിരുന്നു.അതിനൊക്കെ നല്ല ചെലവും ഉണ്ടായിരുന്നു....ഒരിക്കല്‍ അറ്റാക്ക് വന്നതോടെ അത്രയും ഭാരം കൊണ്ടുപോവുന്നത് നിര്‍ത്തി.....”

ഇങ്ങനെ നടക്കുമ്പോള്‍  അറ്റാക്ക് വന്നു വഴിയില്‍ വീണതും.ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചതുമായ കഥ ഞെട്ടലോടെ ഞാന്‍ കേട്ടു.

അവര്‍ പേഴ്സില്‍ നിന്ന് ഒരു ചെറിയ മൊബൈലും,ചില ഫോണ്‍ നമ്പരുകള്‍ എഴുതിയ കടലാസ് തുണ്ടും, ആശുപത്രിയിലെ ചീട്ടും രണ്ടു ഗുളികകളും എടുത്തു കാണിച്ചു തന്നു.

“അതിനു ശേഷം എപ്പഴും ഇത് കൊണ്ട് നടക്കും.വേദന തോന്നിയാല്‍ നാവിനടിയില്‍ വെക്കാനാ ഈ ഗുളിക.അഥവാ പഴയ പോലെ വീണു പോയാല്‍ ഈ ചീട്ടില്‍ വിവരങ്ങളുണ്ട്.വിളിക്കാനുള്ള നമ്പരും....”

അമ്പരന്നു പോയ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അവര്‍ പറഞ്ഞ കഥകള്‍ അഭിമാനിയായ ഒരു സ്ത്രീയുടെ ജീവിതമായിരുന്നു.നാട്ടിലെ ഒരു തുണിക്കട ഉടമയായിരുന്നു അവരുടെ ഭര്‍ത്താവ്.വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് മക്കള്‍  ഉണ്ടായത്. രണ്ടു പെണ്‍കുട്ടികള്‍.

ഭര്‍ത്താവ് മരിക്കുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുകയായിരുന്നു. കച്ചവടം അന്യാധീനപ്പെട്ടു പോയെങ്കിലും ഉള്ളത് കൊണ്ട് അവര്‍ ജീവിച്ചു. പക്ഷെ മക്കളുടെ തുടര്‍പഠനത്തിനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഒരു തൊഴില്‍ വേണമായിരുന്നു. അങ്ങനെയാണ് തുണിത്തരങ്ങള്‍ വീടുതോറും കൊണ്ട് നടന്ന് വില്‍ക്കാന്‍ തുടങ്ങിയത്.

മൂത്തമകളെ എം എ വരെ പഠിപ്പിച്ചു വിവാഹം ചെയ്തയച്ചു. രണ്ടാമത്തെ മകള്‍ ഇപ്പോള്‍  പഠിച്ചു കൊണ്ടിരിക്കുന്നു.

ഇനി ഈ പ്രായത്തിലും രോഗാവസ്ഥയിലും ഈ ജോലി മതിയാക്കിക്കൂടെ എന്ന എന്‍റെ ചോദ്യത്തിന് അവര്‍ ചിരിച്ചു.

“മോളുടെ ഭര്‍ത്താവ് അവിടെ നിന്നോളാന്‍ പറഞ്ഞതാ.........ശരിയാവില്ല...വെറുതെ ഇരുന്ന് ആരുടെയെങ്കിലും ഔദാര്യത്തിന്....അത് വേണ്ട.ഈ നടത്തം ഒരു ശീലായി...മോളെ പഠിപ്പിക്കാനും ഞങ്ങക്ക് ജീവിക്കാനും ഉള്ള വരുമാനമുണ്ട്.പിന്നെ അവളെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള ഇത്തിരിയൊക്കെ സ്വരൂപിക്കാനും കഴിഞ്ഞു.....”  


ഇറങ്ങുന്നതിനു മുമ്പ് അവര്‍ പറഞ്ഞു.

“ഈശ്വരനുണ്ട് കൂടെ.... ഇതുവരെ കുഴങ്ങിപ്പോയിട്ടില്ല.ഇപ്പഴും എണീറ്റ് നടക്കാനുള്ള ആരോഗ്യം ഉണ്ടല്ലോ.....സ്ഥിരായിട്ട് സാധനം വാങ്ങിക്കുന്ന കുറെ ആള്‍ക്കാരുണ്ട് ...ഇത്രേം കടകളൊക്കെ ഉണ്ടായിട്ടും അവര്‍ കാത്തിരിക്കും ....അങ്ങനെ കുറെ നല്ല മനുഷ്യരുടെ സ്നേഹമുണ്ട് എപ്പോഴും...ഇതൊക്കെ വലിയ ഭാഗ്യം”

ആരോഗ്യമുണ്ടെങ്കിലും  കൈനീട്ടാന്‍ മടിക്കാത്ത ആളുകള്‍ എമ്പാടും ഉള്ള ഈ കാലത്ത് , രോഗം,വീട് നിര്‍മ്മാണം,പെണ്‍കുട്ടികളുടെ വിവാഹം അങ്ങനെ എന്തിനും ഗള്‍ഫിലേക്ക് ഒരു കത്തെഴുതിയാല്‍ പരിഹാര മാവുന്ന നാട്ടില്‍, റിലീഫ് കിറ്റുകളും പണവും കൃത്യമായി വീടുകളില്‍ എത്തിക്കാന്‍ സമ്പന്നര്‍ മത്സരിക്കുന്ന ചുറ്റുപാടില്‍    ഇങ്ങനെ ഒരു സ്ത്രീ .................



പെയ്തു തീരാത്ത മഴനൂലുകളിലേക്ക് അവര്‍ ഇറങ്ങി നടന്നു. വാര്‍ധക്യവും രോഗവും വകവെക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്ന  ആ സ്ത്രീ കയ്യിലെ സഞ്ചി മുറുക്കിപ്പിടിച്ച് കാലുകള്‍ വഴുക്കാതെയും ഇടറാതെയും സൂക്ഷിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങി.

ചിത്രത്തിന് കടപ്പാട്:ഗൂഗിള്‍ 

Wednesday, November 6, 2013

അഹമദ് കുട്ടിക്ക എന്ന പേര്‍ഷ്യക്കാരന്‍




“ദര്‍ഗ്ഗയില്‍ വരുന്നവര്‍ അവിടെ ചുറ്റിപ്പറ്റി ഭിക്ഷയെടുത്തു കഴിയുന്നവര്‍ക്ക് സൌജന്യമായി ഭക്ഷണം നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കൂപ്പണ്‍ വാങ്ങി വിതരണം ചെയ്യും.പലരും ഒന്നിച്ച് അവിടത്തെ വാച്ച്മാനെ ഏല്‍പ്പിക്കുകയാണ് ചെയ്യുക.അയാള്‍ അത് എന്‍റെ കയ്യില്‍ തരും.ഒരു കൂപ്പണ്‍ ഞാനെടുത്ത് ബാക്കിയുള്ളവ എന്നെപ്പോലുള്ള അഗതികള്‍ക്ക് വിതരണം ചെയ്യും. അങ്ങനെ അവിടെയുള്ള പിച്ചക്കാരുടെ ക്യാപ്റ്റനായിരുന്നു ഞാന്‍ ഒന്നര വര്‍ഷത്തോളം......”

അഹമദ്കുട്ടിക്ക ഒരു തമാശ പോലെയാണ് അത് പറഞ്ഞതെങ്കിലും എനിക്ക് അത് കേട്ട് ചിരിക്കാന്‍ കഴിഞ്ഞില്ല.

ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ നാട്ടില്‍ അപൂര്‍വ്വമായിരുന്ന ‘പേര്‍ഷ്യക്കാരന്‍റെ’ എല്ലാ പത്രാസോടെയും ജീവിച്ച മനുഷ്യന്‍. അഹമദ്കുട്ടിക്ക ഉപ്പയുടെ സുഹൃത്തായിരുന്നു.വെളുത്ത നിറവും ഉയരവും തടിയുമുള്ള  അദ്ദേഹം  സ്വര്‍ണ്ണപ്പല്ലുള്ള ചിരിയോടെ ഉപ്പയുമായി കഥ പറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.നിരത്തരികില്‍ മുകളിലും താഴെയും വരാന്തയില്‍ ഗ്രില്‍സിട്ട ആ വലിയ വീട്ടില്‍ ‘ഓത്ത്കുട്ടികളുടെ ചോറിനു’ പോയി അന്ന് അപൂര്‍വ്വമായിരുന്ന ബിരിയാണി ഞാനും പലവട്ടം കഴിച്ചിട്ടുണ്ട്.

അയാളാണ് നാല്‍പതു വര്‍ഷത്തെ ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച്   നാട്ടിലെത്തി രണ്ടു വര്‍ഷം പോലും പിടിച്ചു നില്‍ക്കാനാവാതെ,ഒടുവില്‍ ആരോടും മിണ്ടാതെ നാടുവിട്ട് വര്‍ഷങ്ങളോളം അലഞ്ഞ കാലത്തെ കഥകള്‍ എന്‍റെ മുന്നിലിരുന്ന് പറയുന്നത്.ഒരു പെരുമഴ പോലെ നിര്‍ത്താതെ.....

അയാളൊരു ധൂര്‍ത്താനായിരുന്നില്ല.വീട് വെക്കുകയും പറമ്പുകള്‍ വാങ്ങുകയും ചെയ്തപ്പോഴും കുടുംബത്തെയും ഭാര്യവീട്ടുകാരെയും അയാള്‍ നന്നായി സഹായിച്ചു.പള്ളിക്കും പാവപ്പെട്ടവര്‍ക്കും കയ്യയഞ്ഞു കൊടുത്തു.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായി ഇടപെട്ടു.


നാല്‍പതു വര്‍ഷം ദുബായില്‍ അഹമദ്കുട്ടിക്ക  പല ജോലികള്‍ ചെയ്തു.സ്വന്തമായി കച്ചവടമടക്കം.മക്കളെയും അളിയന്മാരെയും അങ്ങോട്ട്‌ കൊണ്ടുപോയി.എല്ലാവരും തരക്കേടില്ലാത്ത നിലയില്‍ തന്നെ.ഒടുവില്‍ പ്രായമായപ്പോള്‍ തിരിച്ചു പോന്നു.

“വെറുതെ ഇരുന്നു ശീലമില്ലാത്തത് കൊണ്ട് നാട്ടില്‍ വന്നപ്പോള്‍ ഒരു ഹോട്ടലില്‍ കുറച്ചു കാലം കാഷ്യര്‍ ആയി നിന്നു.രാത്രിയും ഉറക്കമൊഴിച്ച് നില്‍ക്കണം എന്നായപ്പോള്‍ അതൊഴിവാക്കി.പിന്നീടാണ് നാട്ടില്‍ തന്നെ ഒരു ഹോട്ടലും ചെറിയൊരു കടയും തുടങ്ങിയത്..”

കുറേക്കാലം ഗള്‍ഫില്‍ ജീവിച്ച ഒരാള്‍ക്ക്‌ അതും ആരോടും കര്‍ക്കശമായി ഇടപെടാന്‍  കഴിയാത്ത ഒരാള്‍ക്ക്‌ പെട്ടെന്ന് നാട്ടില്‍ കച്ചവടം തുടങ്ങിയാലുണ്ടാകുന്ന അനുഭവം.അഹമദ്കുട്ടിക്ക കച്ചവടം നിര്‍ത്തേണ്ടി വന്നു.പത്തു ലക്ഷത്തോളം രൂപ കടക്കാരനായിക്കൊണ്ട്!

“എന്‍റെ രണ്ടോ മൂന്നോ സെന്റ്‌ സ്ഥലം വിറ്റാല്‍ വീട്ടാവുന്ന കടമേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ.....”

കടക്കാര്‍ വീട്ടില്‍ തിരക്കി വരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഒറ്റപ്പെട്ടു.ഇത്രയും കാലം തീറ്റിപ്പോറ്റിയവരുടെ യഥാര്‍ത്ഥ മുഖം കണ്ടയാള്‍ ഞെട്ടി.കണക്കു നോക്കാതെ കൊടുത്ത ബന്ധുക്കളും സ്വന്തക്കാരും അയാള്‍ വീട്ടിലേക്കു കയറിവരുമ്പോള്‍ ഒളിച്ചിരുന്നു.പക്ഷെ തകര്‍ന്നു പോയത് അവിടെയല്ല.

“ഡോക്ടറെ കാണിക്കാന്‍ എന്ന് പറഞ്ഞ് അവരെന്നെ വിളിച്ചു കൊണ്ടുപോയത് ഭ്രാന്താശുപത്രിയിലെക്കാണ്.ഒരാഴ്ചയോളം ഭ്രാന്തന്മാരോടൊപ്പം ഞാന്‍...............”

പിന്നീട് ഒന്നര വര്‍ഷത്തോളം വീട്ടിനകത്ത് ഭ്രാന്തിനുള്ള മരുന്ന് കഴിച്ചു തളര്‍ന്നു കിടന്നു.വിശപ്പും ദാഹവും ഇല്ലാതെ.നാവു കുഴഞ്ഞു സംസാരിക്കാനാവാതെ.......

ഒടുവില്‍ കടം വാങ്ങിയ ആയിരം രൂപയും കൊണ്ട് നാടുവിട്ടു.എങ്ങോട്ടെന്നില്ലാതെ.എത്തിപ്പെട്ടത് നാഗൂര്‍ ദര്‍ഗ്ഗയില്‍.കാശ് തീര്‍ന്നപ്പോള്‍ കൈയില്‍ കെട്ടിയ വാച്ച് വിറ്റു.പിന്നെ ആരൊക്കെയോ കൊടുത്ത ടോക്കനുകള്‍ കൊണ്ട് പശിയടക്കി.....

അത് കഴിഞ്ഞു പല നാടുകള്‍.പാചകക്കാരനായും തോട്ടം കാര്യസ്ഥനായും പല വേഷങ്ങള്‍.എട്ടു വര്‍ഷത്തോളം.

ആരോ പറഞ്ഞറിഞ്ഞ് വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ ചെല്ലുമ്പോള്‍ കണ്ണൂരില്‍ വലിയൊരു കച്ചവട സ്ഥാപനത്തില്‍ ജോലിക്കാര്‍ക്കുള്ള മെസ്സിലെ പ്രധാന കുശിനിക്കാരനായിരുന്നു എഴുപത്തി എട്ടുകാരനായ അഹമദ്കുട്ടിക്ക എന്ന ഗള്‍ഫ് പ്രവാസി.

“ഇപ്പോള്‍ സങ്കടമൊന്നുമില്ലെടോ.ആരെയും കുറ്റം പറയാനുമില്ല. എവിടെയാണ് പിഴച്ചു പോയത് എന്ന് എനിക്കുമറിയില്ല.എല്ലാരെയും വിശ്വസിക്കുകയും കഴിയുമ്പോലെ സഹായിക്കുകയും ചെയ്തിരുന്നു. പട്ടിണി കിടന്നിട്ടുണ്ട് ഗള്‍ഫില്‍ ആയപ്പോള്‍ പോലും.ചെറുപ്പത്തില്‍ വീട്ടില്‍ ചോറ് വെക്കുന്നത്.വെള്ളിയാഴ്ച മാത്രമാണ്.അന്ന് ചിലപ്പോള്‍ അളിയാക്ക വരുന്നത് കൊണ്ട് ഉമ്മ ചോറുണ്ടാക്കും അല്ലെങ്കില്‍ കഞ്ഞി തന്നെ.ബാംഗ്ലൂരില്‍ ഹോട്ടലില്‍ പണിയെടുക്കുമ്പോഴാ വയറു നിറച്ചു ചോറ് തിന്നത്.ആ അനുഭവങ്ങള്‍ ഒന്നും മക്കള്‍ക്ക്‌ ഉണ്ടാവരുത് എന്ന് കരുതിയാ കഷ്ടപ്പെട്ട് കുറെ സമ്പാദിച്ചത്.വിശപ്പിന്‍റെ വില അറിയുന്നത് കൊണ്ടാ കുടുംബക്കാരെയും ഭാര്യവീട്ടുകാരെയും ഒക്കെ പരമാവധി സഹായിച്ചത്.പക്ഷെ.............”

ജീവിതത്തിന്‍റെ കനല്‍വഴികള്‍ എമ്പാടും താണ്ടിയ ആ മനുഷ്യന്‍ പറഞ്ഞു നിര്‍ത്തി.


അപ്പോള്‍ എന്‍റെ മനസ്സില്‍ മൂടാടി അങ്ങാടിയിലെ ‘സുഹറാ സൌണ്ട്സി’നു മുന്നില്‍ പൊടിയില്‍ കുളിച്ച ഒരു ബോംബെ ബസ്സ്‌ വന്നു നിന്നു.അങ്ങാടി മുഴുവന്‍ ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പോകുന്ന ‘സഫറുകാരനെ’ കാണാന്‍ ബസ്സിനു ചുറ്റും കൂടി. കയ്യില്‍ ‘ഫൈവ്ഫോര്‍ത്രീ’ സെറ്റുമായി പ്രേംനസീറിനെ പോലെ സുന്ദരനായ അഹമദ്കുട്ടിക്ക നടന്നു.പിറകില്‍ ചുവന്ന കള്ളിയുള്ള പെട്ടികളും സൂട്കെസുമായി ചുമട്ടുകാരും.ഒരു രാജാവിനെ പോലെ ആ പേര്‍ഷ്യക്കാരനെ നാട് വരവേറ്റു.