Friday, January 13, 2012

വിദ്യാഭ്യാസവും മുസ്ലിം സമൂഹവും
(KKMA(KUWAIT KERALA MUSLIM ASSOCIATION) കേന്ദ്ര സാഹിത്യവേദി സര്‍ഗ്ഗസായാഹ്നം 09.12.2012.ഞാന്‍ അവതരിപ്പിച്ച പ്രബന്ധം)


"പറയുക അറിവുള്ളവരും അറിവില്ലാത്തവരും സമന്മാര്‍ ആകുമോ.ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ". (സൂറത്തുല്‍ സുമര്‍ 9) "നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്" (സൂറത്തുല്‍ മുജാദില:11)


പരിശുദ്ധ ഖുര്‍ആന്‍.


മനനം ചെയ്യുന്നവനാണ് മനുഷ്യന്‍ ചിന്തയിലൂടെ ,നിരീക്ഷണങ്ങളിലൂടെ,ഗുരുക്കന്മാരിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ്.ഇതാണ് ഒരു വ്യക്തിയെ സാംസ്കാരികപരമായും സാമൂഹ്യപരമായും ഉയരങ്ങളില്‍ എത്തിക്കുന്നത്.മനുഷ്യ സമൂഹത്തിന് ഇത്തരം ജ്ഞാനം നല്‍കിക്കൊണ്ട് സൃഷ്ടാവിനെ കുറിച്ചുള്ള ബോധം ഉറപ്പിച്ചു നിര്‍ത്തി അവരെ സച്ചരിതരാക്കി തീര്‍ക്കുക എന്ന ദൌത്യമാണ് പ്രവാചക നിയോഗങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്‌.
ലോകത്തിന് വെളിച്ചമായി പിറന്ന അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി മുസ്തഫ (സ:അ)ഏതു കാലത്തിനും സമൂഹത്തിനും വഴികാട്ടിയായ അനശ്വരമായ ഒരു ഉത്തമ ഗ്രന്ഥം തന്റെ ഉമ്മത്തുകളെ ഏല്‍പ്പിച്ചു പോയത് ,തന്റെ ചര്യകളെ പിന്‍ പറ്റിക്കൊണ്ട് ,പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന അറിവുകളുടെ വെളിച്ചത്തില്‍ ഈ സമുദായം ലോകത്തിന് ദിശാബോധവും നേതൃത്വവും നല്‍കാന്‍ വേണ്ടിയായിരുന്നു.അപ്പോഴാണ്‌ നാം ഉത്തമ സമുദായമെന്ന ഖ്യാതിക്ക് അര്‍ഹാരാകുന്നത്.

ദൌര്‍ഭാഗ്യവശാല്‍ വര്‍ത്തമാന ലോകത്തെ മുസ്ലിം സമൂഹം സമ്പത്തും അംഗബലവും ഏറെ ഉണ്ടായിട്ടും ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരന്തരമായ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് .ഒരു മതത്തിന്റെ അനുയായികള്‍ ആയതിന്റെ പേരില്‍ മാത്രം ഇങ്ങനെ ചവിട്ടിയരക്കപ്പെടാനുള്ള വിധി ഇന്ന് ലോകത്തില്‍ മറ്റൊരു സമുദായത്തിനുമുണ്ടാകില്ല .നേതാക്കളായി നിന്ന് ലോകത്തെ നയിക്കേണ്ടിയിരുന്ന നാം ആരുടെയൊക്കെയോ ഔദാര്യത്തിനായി എമ്പാടും വിട്ടുവീഴ്ചകള്‍ ചെയ്തും കെഞ്ചിയും കരഞ്ഞും കാലുപിടിച്ചും കഴിയേണ്ട ഗതികേടിലേക്ക് എങ്ങിനെ എത്തിച്ചേര്‍ന്നു......ഉത്തരം ഒന്നേയുള്ളൂ .വിജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ട് ,ലഭിച്ച അറിവിനെ തമ്മില്‍ തല്ലാനുള്ള ആയുധമായി ഉപയോഗിച്ച് ജേതാക്കള്‍ ആകാന്‍ ശ്രമിച്ചപ്പോള്‍ തീന്‍മേശയിലെ ഭക്ഷണ തളികയിലേതെന്ന പോലെ ആര്‍ക്കും കയ്യിട്ടു വാരാമെന്ന സ്ഥിതിയിലേക്ക് ലോകത്തെ മുസ്ലിം സമുദായം ആയി തീര്‍ന്നു.

നമ്മുടെ ഇന്നലെകള്‍
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണെന്ന പ്രവാചക വചനത്തിന്റെ വെളിച്ചത്തില്‍ അറിവ് തേടി ലോകമൊട്ടുക്കും സഞ്ചരിക്കുകയും വിവിധ ജന പഥങ്ങളില്‍ നിന്ന് ലഭിച്ച വിജ്ഞാനം രേഖപ്പെടുത്തി വെക്കുകയും പകര്‍ന്നു നല്‍കുകയും ,ചിന്തയിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും നടത്തി ലോകത്തിന് സംഭാവന ചെയ്ത മഹാ മനീഷികളായിരുന്നു നമ്മുടെ പൂര്‍വ്വീകര്‍ .
വൈദ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും,ജ്യോതി ശാസ്ത്രത്തിലും അങ്ങനെ ഒട്ടനവധി കണ്ടെത്തലുകള്‍ക്ക് ആധുനിക ശാസ്ത്രം കടപ്പെട്ടിരിക്കുന്നത് അല്‍ബിറൂനിയെയും ,ഇബ്നുസീനയെയും,ഇബ്നുഖൈതമിനെയും,അല്‍ഖവാരിസിമിയെയും പോലുള്ള അതുല്യ പ്രതിഭകളോടാണ്.ജ്ഞാന സമ്പാദനത്തിലൂടെ സൃഷ്ടാവിനെ തേടിയ മഹാരഥന്മാരായ നമ്മുടെ പൂര്‍വ്വീകര്‍ തങ്ങളുടെ അറിവുകള്‍ രേഖപ്പെടുത്തി വെച്ച ഗ്രന്ഥപ്പുരകള്‍ കുരിശുയുദ്ധ കാലത്ത് മുച്ചൂടും കൊള്ളയടിച്ച് കൊണ്ട് അതില്‍ നിന്ന് നേടിയ അറിവിലൂടെ പാശ്ചാത്യ ശക്തികള്‍ ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കുതിച്ചു ചാട്ടം നടത്തി ലോകത്തിന്റെ നേതൃത്വം കയ്യിലടക്കിയപ്പോള്‍ ലോകത്തെ മുസ്ലിം സമൂഹം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് .

ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ
സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.വിവിധ മത സമൂഹങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന്റെ തോത് കുറഞ്ഞു വരുന്നു എന്നതാണ് അതില്‍ പ്രധാനം.കുറഞ്ഞ വിദ്യാഭ്യാസവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരവും ചേര്‍ന്ന് ഇന്ത്യന്‍ മുസ്ലിംകള്‍ ഇരട്ടി അസൌകര്യങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മൊത്തത്തിലുള്ള വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് അനുസരിച്ച് ഇവരുടെ ബുദ്ധിമുട്ടുകളും അതിയായി വര്‍ദ്ധിക്കുന്നു.ചില അവസരങ്ങളില്‍ മുസ്ലിംകളുടെ ആനുപാതിക പങ്കാളിത്തം ഏറെ നാളായി ജാതി വ്യവസ്ഥയുടെ അടിമകള്‍ ആയിരുന്ന പട്ടികജാതി വര്‍ഗ്ഗക്കാരെക്കാളും താഴെയാണ് എന്ന സച്ചാര്‍ സമിതിയുടെ നിരീക്ഷണം ഏറെ ഗൌരവം അര്‍ഹിക്കുന്നു.മുസ്ലിംകളും മറ്റു പുരോഗതി പ്രാപിച്ച സമൂഹങ്ങളും തമ്മിലുള്ള വിദ്യാഭ്യാസരംഗത്തെ വിടവ് സ്വാതന്ത്ര്യാനന്തരം കൂടിവരികയാണ് ഉണ്ടായതെന്നും ,1980നു ശേഷം ഈ വിടവിന് ആക്കം കൂടി വരുന്നതായും സച്ചാര്‍ കമ്മീഷന്‍ വിലയിരുത്തുന്നു..

ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ചരിത്രം പേറുന്നവരാണ്.ആത്മീയതയുടെ സുഗന്ധം പരത്തിയ സൂഫീവര്യന്മാരുടെയും മുഗള്‍ രാജവംശത്തിന്റെയും കഥകള്‍ പേറുന്ന മണ്ണ്.ഈ സമുദായത്തിന് ജ്ഞാനികളെയും, രാജാക്കന്മാരെയും,നേതാക്കന്മാരെയും,കലാകാരന്മാരെയും,യോദ്ധാക്കളെയും സംഭാവന ചെയ്ത ഭൂവിഭാഗം.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്‍നിര നേതാവും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന അബുല്‍ കലാം ആസാദിനെ പോലെ ,അലി സഹോദരന്മാരെ പോലെ സര്‍ സയ്യിദിനെ പോലെ,ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാനെപോലെ,ജിന്നയെ പോലെ കാലം മറക്കാത്ത നേതാക്കളുടെയും ഒപ്പം മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്തു പോരാടിയ അനേകായിരം സാധാരണക്കാരുടെയും ചരിത്രം

നിരന്തരമായ വര്‍ഗ്ഗീയ കലാപങ്ങളും വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവും നയിക്കുവാന്‍ പ്രാപ്തിയുള്ള നേതാക്കളുടെ അഭാവവും നൂല് പൊട്ടിയ മുത്തുമാല പോലെ ഈ സമൂഹത്തെ ചിതറിച്ചു കളഞ്ഞു .ദയൂബന്തും അലിഗഡും അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്ന മണ്ണില്‍ ഭൂരിപക്ഷ മുസ്ലിംകളും അക്ഷരാഭ്യാസം ഇല്ലാത്തവരായി തീര്‍ന്നു.എഴുന്നള്ളതിന്റെ വീഥികളില്‍ നാണയങ്ങള്‍ വലിച്ചെറിഞ്ഞ നൈസാമിന്റെ പിന്മുറക്കാരന്‍ ഹോട്ടലില്‍ എച്ചില്‍പാത്രം കഴുകുന്നുവെന്ന പത്രവാര്‍ത്ത നമുക്ക് കാണിച്ചു തന്ന ചിത്രം ആ സമൂഹത്തിന്റെ മൊത്തം അവസ്ഥയുടെത് കൂടിയായിരുന്നു.

ഗതകാല ചരിത്രത്തിന്റെ അടയാളബാക്കി എന്ന പോലെ വെയിലുകൊണ്ട് കരുവാളിച്ച മുഖത്തിനതിരില്‍ മൈലാഞ്ചിയിട്ടു ചുവപ്പിച്ച താടിയും ഓട്ടവീണ തൊപ്പിയുമായി കുതിരവണ്ടിയോടിച്ചും കൂലിപ്പണി എടുത്തും ജീവിക്കാന്‍ പാടുപെടുന്ന ഉത്തരേന്ത്യയിലെ നമ്മുടെ സഹോദരങ്ങള്‍ അവരോടൊപ്പം  നരച്ച പര്‍ദ്ദയണിഞ്ഞ അവരുടെ ഭാര്യമാരും കഠിനാധ്വാനം ചെയ്തിട്ടും എങ്ങും എത്താത്തതിനാല്‍ പാഠശാലകളിലേക്ക് പോവേണ്ട പ്രായത്തില്‍ പണിശാലകളിലേക്കെത്തിപ്പെടാന്‍ വിധിക്കപ്പെട്ട കുഞ്ഞുമക്കള്‍ക്ക് അക്ഷരങ്ങളുടെ ലോകം ഇന്നും അന്യമാണെന്കില്‍ വിദ്യാഭ്യാസത്തിലൂടെ എന്നാണു ഇവര്‍ക്ക് കര കയറാന്‍ സാധിക്കുക.
എന്നും വോട്ടുബേങ്കായി മാത്രം ഇവരെകണ്ട രാഷ്ട്രീയക്കാര്‍ ,മതത്തിന്റെ പേര് പറഞ്ഞ്ഇവരെ ചാവേറാക്കി നിര്‍ത്തിയ അധോലോക നേതാക്കള്‍ ,അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയുടെ നീരാളിക്കൈകള്‍ .ഈ സമുദായത്തെ എന്നും അറിവില്ലായ്മയുടെ അന്ധതയില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ഈ ചൂഷകരില്‍ ആണ് നിസ്സഹായരായ ഈ പാവങ്ങള്‍ ഇന്നും രക്ഷകരെ തേടേണ്ടി വരുന്നത്.

കേരളം കര്‍ണ്ണാടകം,ആന്ധ്ര പ്രദേശ്‌ ,മഹാരാഷ്ട്ര തുടങ്ങിയ ചുരുക്കം സംസ്ഥാനങ്ങളില്‍ ഈ അടുത്തായി മുസ്ലിം സമുദായം വിദ്യാഭ്യാസ കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതായി സച്ചാര്‍ സമിതി നിരീക്ഷിക്കുന്നു.2001 ലെ സെന്‍സസ്‌ റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനമായ അറുപത്തഞ്ചു ലക്ഷം മുസ്ലിംകള്‍ ഉള്ള കര്‍ണാടകത്തില്‍ എഴുപത് ശതമാനം മുസ്ലിം കുട്ടികളും ഉറുദു മാതൃഭാഷ ആയതിനാല്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു ഉറുദു സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി .ഇതിലൂടെ കര്‍ണാടകയിലെ മുസ്ലിം സമൂഹത്തിന് ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ ഉയരാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.ഉറുദു സംസാരിക്കുന്ന അധ്യാപകര്‍ ,അതില്‍ തന്നെ പകുതിയോളം വനിതാ അധ്യാപകര്‍ ആയതിനാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കും പ്രത്യേകിച്ചും മുസ്ലിംകള്‍ കൂടുതലായി അധിവസിക്കുന്ന ദക്ഷിണ കന്നഡ ഭാഗങ്ങളില്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഇപ്പോള്‍ ഏറെ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു.

കേരളത്തിലെ മുസ്ലിം സമൂഹവും വിദ്യാഭ്യാസവും
1980 കള്‍ക്ക് ശേഷം ഇന്ത്യയിലെ മുസ്ലിം സമുദായം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത്‌ പുറകോട്ടു പോയ്ക്കൊണ്ടിരിക്കുന്നതായി സച്ചാര്‍ കമ്മിറ്റി നിരീക്ഷിക്കുമ്പോള്‍ കേരളത്തിലെ അവസ്ഥ ഇതില്‍നിന്നും വിഭിന്നമാണ്.കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ കേരളത്തിലെ വിശിഷ്യാ മലബാര്‍ മേഖലയിലെ മുസ്ലിം സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി ഏറെ അഭിമാനകരമാണ്.കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണല്‍ കോളേജുകളിലേക്ക് മുസ്ലിം വിദ്യാര്‍ഥികള്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു.പ്രത്യേകിച്ചും മുസ്ലിം പെണ്‍കുട്ടികള്‍ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മുസ്ലിം സംഘടനകളുടെയും വ്യക്തികളുടെയും കീഴില്‍ ധാരാളം സ്കൂളുകളും കോളെജുകളും കേരളത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്.

കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉണ്ടായ വിദ്യാഭ്യാസ രംഗത്തെ ഈ കുതിപ്പ് പലരിലും അമ്പരപ്പും അസ്വസ്ഥതയും ഉണ്ടാക്കിയിട്ടുണ്ട്.വിദ്യാഭ്യാസ രംഗം കുത്തകയാക്കി വെച്ച ഒരു വിഭാഗത്തിന്റെ അസ്വസ്ഥതയാണ് ലവ്ജിഹാദ്‌ എന്ന് മുറവിളി കൂട്ടാന്‍ കാരണം ആയതെങ്കില്‍ എന്നും അറിവില്ലാത്തവരായി നില്‍ക്കുന്ന ഒരു സമൂഹത്തെ തങ്ങളുടെ ആലയിലേക്ക് ആട്ടിതെളിക്കാന്‍ കാത്തിരുന്ന രാഷ്ട്രീയക്കാരന്റെ നിലവിളിയാണ് മലപ്പുറം ജില്ലയിലെ വിജയ ശതമാനത്തില്‍ സംശയം പൊട്ടിമുളക്കാന്‍ കാരണമായത്‌.എഴുത്തും വായനയും അറിഞ്ഞുകൂടാത്ത 'കാക്കാമാര്‍'നാലക്ഷരം പഠിച്ചു തെളിയുമ്പോള്‍ ചില ചെങ്കോട്ടകളിലും അരമനകളിലും അതിന്റെ കുലുക്കം ഉണ്ടായിട്ടുണ്ട് എന്നുറപ്പ്.
എന്നാല്‍ ഇവരറിയാതെ പോയ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിജ്ഞാനം കൊണ്ട് സമ്പന്നമായൊരു ഭൂതകാലത്തിന്റെ ചരിത്രം ഈ സമുദായത്തില്‍ പെട്ടവരെങ്കിലും മനസ്സിലാക്കി വെക്കണം.

പുണ്യ പ്രവാചകന്റെ ജീവിത കാലത്ത് തന്നെ ഇസ്ലാമിന്റെ പൊന്‍ കിരണങ്ങള്‍ ഏറ്റു വാങ്ങാന്‍ ഭാഗ്യം ലഭിച്ച മണ്ണാണ് കേരളം.അതിനു മുമ്പേ അറബികളുമായി കച്ചവട ബന്ധം നിലനിന്നിരുന്ന ഈ നാട്ടിലേക്ക് ഈ പുതിയ മതം ഏറെ ആദരപൂര്‍വ്വം സ്വീകരിക്കപ്പെട്ടു.പള്ളികള്‍ പണിയാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും ഇവിടത്തെ നാടുവാഴികള്‍ സൗകര്യം ചെയ്തു കൊടുത്തപ്പോള്‍ വിശ്വസ്തരായ അനുയായികളായി നിന്നുകൊണ്ട് രാജ്യത്തിന്റെയും നാടുവാഴിയുടെയും കാവല്‍ക്കാരായി നിന്നുകൊണ്ട് അവര്‍ നാടിനോട് കൂറുള്ള മക്കളായി.

പതിനാലാം നൂറ്റാണ്ടില്‍ യമനില്‍ നിന്നെത്തിയ മഖ്ദൂമുമാരിലൂടെ,പിന്നീട് വന്ന ബാഅലവികളിലൂടെ കേരളത്തിലെ മുസ്ലിം സമൂഹം വിജ്ഞാനം കൊണ്ട് സമ്പന്നരായി.പണ്ഡിതന്മാര്‍ ജ്ഞാനം കൊണ്ടും സല്‍പെരുമാറ്റം കൊണ്ടും സമൂഹത്തിലെ ആദരണീയരായി തീരുകയും ജനങ്ങളുടെ നേതൃ സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്കോഡഗാമയുടെ കടന്നു വരവോടെ ആരംഭിച്ച വൈദേശിക അധിനിവേശത്തിനെതിരെ ധീരമായി ചെറുത്തു നില്‍ക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത്,പിറന്ന നാടിനോടുള്ള കൂറും,അല്ലാഹുവിലുള്ള ഭയവും ആയിരുന്നു.ഇതിനവരെ പ്രാപ്തരാക്കിയത് അവര്‍ നേടിയ മതപരമായ വിജ്ഞാനമാണ്.ആ അറിവ് പകര്‍ന്നു നല്‍കിയ പണ്ഡിതരായ നേതാക്കള്‍ ആണ്.
കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പ്രഥമ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച 'തഹരീള്' എന്ന യുദ്ധകാവ്യം.സമ്പത്തും ജീവനും ത്യജിച്ചു കൊണ്ട് രാജ്യത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങാന്‍ മുസ്ലിംകളെ ആഹ്വാനം ചെയ്യുകയാണ് ഈ കൃതിയിലൂടെ.അറബി ഭാഷയില്‍ എഴുതിയ ഈ ഗ്രന്ഥം ആ സമയത്ത് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നുവെങ്കില്‍ ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം .അന്നത്തെ മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ പോലും അറബി ഭാഷയില്‍ അവഗാഹം ഉള്ളവര്‍ ആയിരുന്നു എന്നതാണ്.

അന്നത്തെ ഹിന്ദു സമൂഹത്തിലെ വരേണ്യ വിഭാഗം തങ്ങള്‍ ആര്‍ജിച്ച വിജ്ഞാനം ഭക്തികാവ്യങ്ങളും ശൃംഗാര കാവ്യങ്ങളും രചിക്കുന്നതിന് ഉപയോഗിച്ചും,മൃഷ്ടാന്ന ഭോജനം ഉണ്ടും വെടിവട്ടം പറഞ്ഞും നാടൊട്ടുക്ക് സംബന്ധം നടത്തിയും കഴിഞ്ഞു കൂടുകയായിരുന്നു.ജാതിയുടെ പേരില്‍ മനുഷ്യനെ പല തട്ടുകളായി തിരിച്ച്അവരെ എല്ലാരീതിയിലും ചൂഷണം ചെയ്ത് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വാണ അന്നത്തെ ബ്രാഹ്മണ സമൂഹവും, സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ ഇടപെട്ട് കീഴാളനെ ചേര്‍ത്ത് പിടിച്ച് തങ്ങള്‍ ആര്‍ജ്ജിച്ച അറിവിനെ സമൂഹ നന്മക്കായി പരിവര്‍ത്തിപ്പിച്ച അന്നത്തെ മുസ്ലിം പണ്ഡിത നേതൃത്വവും തമ്മിലുള്ള വ്യത്യാസം അവിടെയാണ് നാം മനസ്സിലാക്കേണ്ടത്.ആ മഹാരഥന്മാര്‍ വിദ്യാസമ്പന്നര്‍ ആയിരുന്നു.ആ ജ്ഞാനത്തിലൂടെ സൃഷ്ടാവിനെയും,അവന്റെ സൃഷ്ടികളെയും തിരിച്ചറിഞ്ഞവരായിരുന്നു.

ഷെയ്ക്ക് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ രചിച്ച 'തുഫ്ഫതുല്‍ മുജാഹിദീന്‍ 'എന്ന ഗ്രന്ഥം കേരളത്തിന്റെ ആദ്യത്തെ ആധികാരിക ചരിത്ര ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.കേരളത്തിന്റെ വിജ്ഞാനരംഗത്ത്‌ മുസ്ലിംസമൂഹത്തിന്റെസംഭാവനകളുടെ അറിയപ്പെടാത്ത ഏടുകള്‍ ഏറെയാണ്.

മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ 'അഹമഹമികയാ പാവകജ്വാലകള്‍ 'എന്ന് സംസ്കൃതത്തില്‍ മുക്കി എഴുതിയ അതെ കാലത്ത് അദ്ധേഹത്തിന്റെ സമകാലീനനായ ഖാസി മുഹമ്മദ്‌ "കളവു പറയല്ല എന്നുമ്മ ചൊന്നാരെ കള്ളന്റെ കയ്യില് പോന്നു കൊടുത്തോവര്‍ " എന്ന് ശുദ്ധമലയാളത്തില്‍ 'മുഹിയുദ്ധീന്‍ മാല' രചിക്കുകയുണ്ടായി.ഭൂമിയുടെ ആകൃതിയെ കുറിച്ച് ഇന്നത്തെ പോലെ കൃത്യമായ ശാസ്ത്രീയ ധാരണകള്‍ ഇല്ലാതിരുന്ന ആ കാലത്ത് "ഭൂമി ഒരുണ്ട പോല്‍ എന്‍ കയ്യില്‍ എന്നോവര്‍ "എന്നും  നമുക്ക് ഇതേ കൃതിയില്‍ കാണാന്‍ കഴിയുമ്പോള്‍ ആ കാലത്തെ പണ്ഡിതന്മാരുടെ അറിവിനെ കുറിച്ച് നാം വിസ്മയിച്ചു പോകും.ഇംഗ്ലീഷ്‌ ഭാഷ ഈ മണ്ണില്‍ വേര് പിടിക്കുന്നതിന് ന്നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ അറബി മലയാളം എന്ന ലിപിയിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ചവരാണ് നമ്മുടെ പൂര്‍വ്വീകര്‍ .എഴുത്തും വായനയും വിജ്ഞാന സമ്പാദനവും ഒരു വരേണ്യ വിഭാഗത്തിന്റെ മാത്രം കുത്തകയാക്കി വെച്ച കാലത്താണ് വലിയവനെന്നോ ചെറിയവന്‍ എന്നോ വ്യത്യാസമില്ലാതെ ആണ്‍ പെണ്‍ ഭേദമില്ലാതെ ,അക്ഷരങ്ങളെ സ്നേഹിച്ചും,വായിച്ചും,എഴുതിയും കേരളത്തിലെ മുസ്ലിം സമൂഹം വിജ്ഞാനത്തിന്റെ വന്‍ മലകളെ കരതലാമലകമാക്കിതീര്‍ത്തത്.പഴയ ഉമ്മാമമാരുടെ ചുണ്ടുകളിലിന്നും തത്തിക്കളിക്കുന്ന സബീന പാട്ടുകള്‍ ഓര്‍ക്കുക.
കടുകട്ടി സംസ്കൃതത്തില്‍ എഴുതിയ ആയുര്‍വേദ ഗ്രന്ഥമായ 'അഷ്ടാംഗ ഹൃദയം' ഏറെ ലളിതമാക്കി തേന്‍ പോലെ മധുരമുള്ളതാക്കി കാസര്‍ഗോട് പട്ലത്തെ കുഞ്ഞി മായന്‍ കുട്ടി വൈദ്യര്‍ അറബി മലയാളത്തിലേക്ക് കവിതാ രൂപത്തില്‍ മൊഴിമാറ്റം ചെയ്തെടുക്കുകയുണ്ടായി.1888 ല്‍ പ്രസിദ്ധീകരിച്ച ആദ്യ മലയാള നോവലായ ചന്തുമേനോന്റെ ഇന്ദുലേഖ ഇറങ്ങുന്നതിനും ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അമീര്‍ ഖുസ്രുവിന്റെ പേര്‍ഷ്യന്‍ നോവലായ 'ചാര്‍ ദര്‍വേശ്'എന്ന നോവലിന്‍റെ അറബി മലയാളം പരിഭാഷ മാപ്പിളമാര്‍ വായിച്ചു കഴിഞ്ഞിരുന്നു.ആയിരത്തൊന്നു രാവുകളും 'അമീര്‍ ഹംസ'പോലുള്ള നോവലുകളും ഈ കാലത്ത് തന്നെ അറബി മലയാളത്തില്‍ ഇറങ്ങി. എ.ശ്രീധരമേനോന്‍ കേരള ചരിത്രം എഴുതുന്നതിന് എത്രയോ കാലം മുമ്പ് പട്ടിക്കാട് ഇബ്രാഹീം മൌലവി മലബാര്‍ ചരിത്രം എഴുതി കഴിഞ്ഞിരുന്നു.ഔഷധങ്ങള്‍ക്ക്ഇംഗ്ലീഷ്‌-ഉറുദു-മലയാളം നാമങ്ങള്‍ അടങ്ങിയ 'മഖ്സനുല്‍ മുഫ്രദാത്ത്'എന്ന അറബി മലയാളം നിഘണ്ടുവും അദ്ദേഹം രചിക്കുകയുണ്ടായി.സാധാരണക്കാര്‍ക്ക് ഗണിത ശാസ്ത്ര തത്വങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ ഉതകുന്ന പുത്തന്‍ പുരക്കല്‍ മുഹിയുദ്ധീന്‍ എഴുതിയ 'ആദാബു സ്സിബിയാന്‍' എന്ന ഗ്രന്ഥം 1880 ല്‍ ആണ് ഇറങ്ങിയത്.മലയാള നാമങ്ങളുടെ പര്യായ നിഘണ്ടു പോലും ആ കാലത്ത് അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ വനിതാ പ്രസിദ്ധീകരണങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും മുമ്പ് തന്നെ 1929 ല്‍ 'നിസാഉല്‍ഇസ്ലാം' എന്ന വനിതാ മാസിക ഇവിടെ അറബിമാലയാലത്തില്‍ പ്രസിദ്ധീകരിക്കുകയും മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരം നേടുകയും ചെയ്തിരുന്നു.1938 ല്‍ 'മുസ്ലിം വനിത' എന്ന പേരില്‍ മലയാളത്തില്‍ വനിതാ മാസിക ആരംഭിച്ച ഹലീമാ ബീവിയെപ്പോലെ സ്വന്തമായി പാട്ടുകളും ബൈതുകളും കെട്ടിയുണ്ടാക്കിയ ഒരുപാട് മുസ്ലിം വനിതകളും സാക്ഷരതയിലും വിജ്ഞാനത്തിലും കേരളത്തിലെ മുസ്ലിം വനിതകള്‍ എത്രത്തോളം മുന്‍പന്തിയില്‍ ആയിരുന്നു എന്ന് കാണിക്കുന്നു.

എന്നാല്‍ ഈ ഒരു അവസ്ഥ നില നിര്‍ത്താനും തുടരാനും ആയില്ല എന്നത് വാസ്തവമാണ്.ഇപ്പോള്‍ വീണ്ടും ഈ സമുദായം വിദ്യാഭ്യാസ രംഗത്ത്‌ ഉയിര്‍ത്തെഴുന്നേറ്റു തുടങ്ങുമ്പോള്‍ ഏറെ കാലം നിശ്ചലമായി പോയതിന്റെ കാരണങ്ങളെ കുറിച്ച് കൂടി നാം വിശകലനം ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ തീര പ്രദേശങ്ങളെ കേന്ദ്രീകരിച്ച് കച്ചവടം മുഖ്യ തൊഴിലായി സ്വീകരിച്ച മുസ്ലിം സമൂഹം ,നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശ ശക്തികളോടുള്ള നിരന്തരമായ ചെറുത്തു നില്‍പ്പുകളിലൂടെ ഏറെ ദുര്‍ബലരായി തീര്‍ന്നു.കച്ചവടം ഉപേക്ഷിച്ചു കൃഷിയിലേക്ക് തിരിയുകയും ക്രമേണ ഉള്‍നാടുകളിലേക്ക് ചേക്കേറുകയും ചെയ്തു.മേല്‍ജാതിക്കാരുടെ ജാതിക്കോയ്മ മൂലം പൊറുതി മുട്ടിയ കൃഷിപ്പണി ചെയ്തു കഴിഞ്ഞു കൂടിയ കീഴാള വിഭാഗം ഇസ്ലാമിന്റെ സമത്വ സുന്ദരമായ നിലപാടില്‍ ആകര്‍ഷിക്കപ്പെട്ട് കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കാന്‍ തുടങ്ങി.സ്വാഭാവികമായും പഴയ കാല നേതൃത്വം കുറഞ്ഞു വന്നത് ദീനീ വിജ്ഞാനം പുതുതായി ചേര്‍ന്ന വിഭാഗങ്ങളില്‍ ശരിയായ രീതിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല,.ദീനീ പഠനം പ്രധാനമായും കര്മ്മശാസ്ത്രത്തിലും ഓതി പഠിക്കുന്നതിലും ഒതുക്കേണ്ടി വന്നു.മുസ്ലിമായി തീര്‍ന്നുവെങ്കിലും പലരും തങ്ങള്‍ കാലങ്ങളായി കൊണ്ടുനടന്ന പല ആചാരാനുഷ്ടാനങ്ങളും കയ്യൊഴിഞ്ഞതുമില്ല.

എല്ലാം നഷ്ടപ്പെട്ട് വന്‍കിട ജന്മിമാര്‍ക്ക് കീഴില്‍ കുടിയാന്മാരായി തീര്‍ന്ന മുസ്ലിംകളെ അവരോട് എന്നും പകയും വിദ്വേഷവും വെച്ച് പുലര്‍ത്തിയ ബ്രിട്ടീഷുകാരും അവരുടെ പാദസേവകരായ ജന്മിമാരും നിരന്തരമായി പൊറുതി മുട്ടിച്ചതിന്റെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി നിരവധി കാര്‍ഷിക കലാപങ്ങള്‍ നടക്കുകയുണ്ടായി.1921 ലെ മലബാര്‍ കലാപത്തിന്റെ അടിസ്ഥാന കാരണം ഇതാണ്.ഇങ്ങനെ അസ്വസ്ഥരും കേന്ദ്രീകൃതരുമല്ലാത്ത മുസ്ലിം സമുദായം ക്രമേണ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയായിരുന്നു.

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളിലേക്ക് മുസ്ലിംകള്‍ തങ്ങളുടെ മക്കളെ കൂടുതലായി അയക്കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്.പ്രധാനമായും ഇംഗ്ലീഷുകാര്‍ പള്ളിക്കൂടം സ്ഥാപിച്ചതിന്റെ പ്രധാന ലക്‌ഷ്യം മത പ്രചാരണം ആയിരുന്നു എന്ന തിരിച്ചറിവ്.രാവും പകലും ഭാര്യയും ഭര്‍ത്താവും കൃഷിപ്പണിക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ ഇളയ കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല മൂത്തകുട്ടികള്‍ക്ക് ആയതിനാല്‍ പള്ളിക്കൂടത്തില്‍ പോവാന്‍ കഴിഞ്ഞില്ല.ഇതിലൊക്കെ പ്രധാനം വിനിമയത്തിന് സ്വന്തമായി ഒരു ലിപിയും ഭാഷയും ഉണ്ടായിരുന്നു എന്നതാണ്.

മുസ്ലിം പണ്ഡിതന്മാര്‍ ഇംഗ്ലീഷ്‌ പഠിക്കുന്നതിനെ വിരോധിച്ചതിനാല്‍ ആണ് മുസ്ലിം സമുദായം പിന്നീട് ഏറെ പിന്നാക്കമായി മാറേണ്ടി വന്നത് എന്നതൊരു വസ്തുതയണെങ്കിലും അതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ചികയുമ്പോള്‍ നമുക്കവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയെ നാം ആദരിക്കുമ്പോള്‍ ഇന്നും സാമ്രാജ്യത്വ കുത്തകകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത് മികച്ച സാമ്രാജ്യത്വ വിരുദ്ധ സമരമുറയായി കൊണ്ടാടപ്പെടുമ്പോള്‍ ,ഒരു ഭാഷയിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം തിരിച്ചറിഞ്ഞു കൊണ്ട് അത് വേണ്ടാ എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ആര്‍ജ്ജവം കാണിച്ച അന്നത്തെ പണ്ഡിത നേതൃത്വത്തെ എങ്ങനെയാണ് കുറ്റപ്പെടുത്തുക.

സ്വാതന്ത്ര്യ പോരാട്ടത്തില്‍ ജീവനും സ്വത്തും ത്യജിച്ചു ഈ സമുദായം മുന്നില്‍ നിന്നപ്പോള്‍ ,അന്ന് ബ്രിട്ടീഷുകാരുടെ പാദസേവകരായഒരു വിഭാഗം ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടുകയും ഉന്നതമായ ജോലികള്‍ കരസ്ഥമാക്കുകയും ഒടുവില്‍ സ്വാതന്ത്യത്തിനു ശേഷം അധികാരത്തിന്‍റെയും ഭരണത്തിന്‍റെയും തലപ്പത്ത് എത്തിച്ചേരുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട പുരോഗമന ആശയക്കാരായ പണ്ഡിതര്‍ മുന്‍കയ്യെടുത്തു രൂപീകരിച്ച കേരളത്തിലെ മുസ്ലിം പുരോഗമന പ്രസ്ഥാനങ്ങള്‍ .വിശ്വാസപരമായും വിജ്ഞാനപരമായും മങ്ങലേറ്റുകൊണ്ടിരുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തിനു പുതിയ ദിശാബോധം നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ തങ്ങളുടെ ധനവും ഊര്‍ജ്ജവും സമയവും പ്രധാനമായി ചിലവഴിക്കുന്നത് പരസ്പ്പരം വിഴുപ്പലക്കാനും തല്ലാനും ആയിരുന്നില്ലെങ്കില്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ സമുദായത്തിന് സാധിക്കുമായിരുന്നു.
സ്വാതന്ത്ര്യാനന്തരം 'അറ്റകണ്ണിയും വീണ നിലവും'ഇല്ലാതെപോയ കേരളത്തിലെ മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ സയ്യിദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെ പോലുള്ള നേതാക്കള്‍ ഏറെ ഉത്സാഹിച്ചിട്ടുണ്ട്.എന്നാല്‍ എഴുപതുകളിലെ ഗള്‍ഫ്‌ കുടിയേറ്റമാണ് സാമ്പത്തികമായെന്നപോലെ വിദ്യാഭ്യാസപരമായും ഉയരാന്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഏറെ ഉത്തേജനം നല്‍കിയത്.

ഗള്‍ഫ്‌ കുടിയേറ്റത്തിന്റെ ആദ്യ ദശകങ്ങള്‍ മുസ്ലിം ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ദോഷകരമായാണ് ബാധിച്ചതെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ തങ്ങള്‍ക്കു ലഭിക്കാതെ പോകുന്ന അവസരങ്ങളെ കുറിച്ചും,അക്ഷരാഭ്യാസമില്ലാത്തതിനാല്‍ വ്യക്തിജീവതത്തില്‍ ഉണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ചും അനുഭവിച്ചറിഞ്ഞ ഗള്‍ഫ്‌ പ്രവാസി തങ്ങളുടെ മക്കള്‍ക്ക്‌ എന്ത് വില കൊടുത്തും വിദ്യാഭ്യാസം നല്കണമെന്നെടുത്ത തീരുമാനമാണ് ഇന്ന് കേരളത്തിലെ മുസ്ലിം സമുദായം വിദ്യാഭ്യാസ രംഗത്ത്‌ കുതിച്ചു ചാട്ടം നടത്താനുള്ള പ്രധാന കാരണം.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ഗള്‍ഫുകാരനോളം തിരിച്ചറിഞ്ഞവര്‍ ഉണ്ടാകില്ല.

നമ്മുടെ മക്കള്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത്‌ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ഇതിനു പിന്നില്‍ ഒരുപാട് കഠിനാധ്വാനം ചെയ്ത ഒരു വിഭാഗം ആരുടേയും ശ്രദ്ധയില്‍ പെടാതെ മാറി നില്‍ക്കുന്നുണ്ട്.ഈ കുട്ടികളുടെ ഉമ്മമാര്‍ അതെ ഗള്‍ഫുകാരാ നിങ്ങളുടെ ഭാര്യമാര്‍ .മക്കള്‍ അക്ഷരങ്ങളുടെ വെളിച്ചമറിയാനും വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങള്‍ താണ്ടാനും ഏറെ പാടുപെട്ടത്‌ അവരാണ്.അവരുടെ ജീവിതാനുഭവങ്ങള്‍ അങ്ങനെയൊരു ദൃഡനിശ്ചയത്തിന്അവരെ പ്രേരിപ്പിക്കുകയായിരുന്നു.
നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ മധുവിധുവിന്റെ ചൂടാറും മുമ്പേ നിങ്ങളീ മരുഭൂമിയിലേക്ക് പറന്നു പോന്നപ്പോള്‍ വിരഹത്തിന്റെ കൊടും വേദനയില്‍ തപിച്ചിരുന്ന അവളെ തേടിയെത്തിയ നിങ്ങളയച്ച കത്തില്‍ അവള്‍ കണ്ടത് നിങ്ങള്‍ക്ക് വേണ്ടി ആരോ കോറിയിട്ട ജീവനില്ലാത്ത അക്ഷരങ്ങളെയാണ്.നിങ്ങള്‍ക്ക് വായിക്കാനറിയാത്തതിനാല്‍ ഒരായിരം പ്രണയ ലേഖനങ്ങളും വിരഹ നൊമ്പരങ്ങളും അവളുടെ മനസ്സില്‍ തന്നെ അവള്‍ കീറിയിടേണ്ടി വന്നിട്ടുണ്ട്.നിങ്ങളുടെ അഭാവത്തില്‍ വീട്ടുകാര്യങ്ങള്‍ നടത്താന്‍ വേണ്ടി ബാങ്കിലും സര്‍ക്കാരാപ്പീസുകളിലും ആശുപത്രികളിലും ഇംഗ്ലീഷ്‌ അറിയാത്തതിന്റെ പേരില്‍ അവള്‍ ഒരുപാട് വട്ടം അപമാനിതയായിട്ടുണ്ട്.സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവില്ലാത്ത പെണ്ണാണെന്ന് അറിയുന്നത് കൊണ്ട് ഒരുപാട് ഭര്‍തൃ വീടുകളില്‍ അവള്‍ കുത്തുവാക്കേറ്റു പിടയേണ്ടി വന്നിട്ടുണ്ട്.പതിനാറാം വയസ്സില്‍ ഗള്‍ഫുകാരന്റെ ഭാര്യയാകേണ്ടി വന്നതിനാല്‍ പഠനം നിര്‍ത്തി ആരാന്‍റെ അടുക്കളയിലെ കരിപിടിച്ചു പോയ ആ ജന്മങ്ങളാണ് ഇന്ന് നിങ്ങളുടെ മക്കള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൊയ്യുന്നതിന്‍റെ പിന്നിലെ ശക്തി.

നമ്മുടെ നാട്ടിലെ സ്കൂള്‍ P.T.A യോഗങ്ങളില്‍ അധ്യാപകരുമായി തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുകയും ഉത്കണ്ഠകള്‍ പങ്കു വെക്കുകയും ചെയ്യുന്ന പര്‍ദ്ദയിട്ട ഉമ്മമാരെയാണ് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയുക.നിങ്ങള്‍ നാട്ടിലുള്ളപ്പോള്‍ മക്കളുടെ സ്റ്റഡി ലീവ് സമയത്ത് പോലും ടൂര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഈ ഉമ്മമാരുടെ നെഞ്ചിടിപ്പ് നിങ്ങള്‍ അറിയുന്നില്ല.
കാലത്ത് ഏഴുമണിക്ക് മുമ്പായി നാട്ടിന്‍ പുറത്തെ നിരത്തോരങ്ങളില്‍ മക്കളുമായി സ്കൂള്‍ ബസ്സ് കാത്തു നില്‍ക്കുമ്പോഴും തലേന്നത്തെ പാഠം ഒന്നുകൂടി പറഞ്ഞുറപ്പിക്കുന്ന ഈ ഉമ്മമാരെ നിങ്ങള്‍ക്ക് കാണാം.കറിക്കരിയുമ്പോള്‍ മോന് പദ്യം ചൊല്ലി കൊടുക്കുന്ന തേങ്ങ ചിരകുമ്പോള്‍ മോള്‍ക്ക്‌ കേട്ടെഴുത്ത് നടത്തുന്ന പരീക്ഷാ തലേന്ന് ഉറക്കമിളച്ചു പഠിക്കുന്ന മക്കള്‍ക്ക്‌ ഉറക്കമൊഴിഞ്ഞ് കൂട്ടിരിക്കുന്ന ഉമ്മമാര്‍ .നമ്മുടെ മക്കള്‍ അഭിമാനാര്‍ഹമായ വിജയം നേടിയതിന്റെ പേരില്‍ ആദരിക്കപ്പെടുമ്പോള്‍ കാണാമറയത്ത് എവിടെയോ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി മാറി നില്‍ക്കുന്ന നിങ്ങളുടെ പ്രിയതമയെ കാണാന്‍ നിങ്ങള്‍ക്കെങ്കിലും ആവണം.

വിദ്യാഭ്യാസപരമായി കേരളത്തിലെ മുസ്ലിം സമൂഹം മുന്നേറുന്നു എന്ന് നാം ഏറെ അഭിമാനിക്കുമ്പോഴും ചില വസ്തുതകള്‍ നാം കാണാതെ പോകരുത്.വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് എളുപ്പത്തില്‍ ഉയര്‍ന്ന വരുമാനവും സാമൂഹികാന്തസ്സുമുള്ള ജോലി കരസ്ഥമാക്കുക എന്നതാണ് എന്ന ഒരു ധാരണ നമ്മുടെ സമൂഹത്തില്‍ വേരുറച്ചു വരുന്നു.മുമ്പ് മീശ കുരുക്കുന്നതിനു മുമ്പ് പാസ്പോര്‍ട്ട് എടുത്തു ഗള്‍ഫിലേക്ക് വിടാന്‍ ശ്രമിച്ചത്‌ പോലെ പത്താം തരാം കഴിഞ്ഞ ഉടനെ എങ്ങനെയെങ്കിലും മക്കളെ എന്‍ജിനീയറും ഡോക്ടറും ആക്കി മാറ്റാനുള്ള തത്രപ്പാടിലാണ് നാം.ഗ്ലാമാറുള്ള ജോലിയും അടിച്ചു പൊളി ജീവിതവും ആഗ്രഹിക്കുന്ന നമുക്ക് വ്യക്തിപരമായി ഇത് നേട്ടമായിരിക്കാം.എന്നാല്‍ സമുദായത്തിനും സമൂഹത്തിനും ഇതിലൂടെ എത്രത്തോളം നേട്ടം ലഭിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

വില്ലേജോഫീസുമുതല്‍ സെക്രട്ടറിയേറ്റ്‌ വരെ ഒരു ചെറിയ കടലാസു പോലും ശരിയാക്കാന്‍ നാം നെട്ടോട്ടമോടെണ്ടി വരുന്നതിനു പ്രധാന കാരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ നമുക്കുള്ള പ്രാതിനിധ്യ കുറവ് കൊണ്ടാണ് .നമുക്ക് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രം മതിയോ.വില്ലേജ്‌ ഓഫീസിലെ പ്യൂണ്‍ മുതല്‍ IAS ഉദ്യോഗസ്ഥന്‍ വരെ ഈ സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്നാലേ നാം അനുഭവിക്കുന്ന ഒരുപാട് വിവേചനങ്ങള്‍ക്ക് അറുതി വരുത്താനും ,നമ്മുടെ ഭാവി തലമുറയ്ക്ക് സ്വചശമായും അന്തസ്സോടെയും ഇവിടെ ജീവിക്കാനും സാധിക്കൂ.
ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ സമുദായ നേതൃത്വവും മത സംഘടനകളും ഈ കാര്യത്തില്‍ ഏറെ അലസത കാണിക്കുകയും ,തങ്ങളുടെ കീഴില്‍ പുതിയ എന്ജിനീയറിംഗ് ,മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയുമാണ്.

അക്കാദമിക്‌ വിദ്യാഭ്യാസം കുറവാണെങ്കിലും പുതിയ പുതിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുന്ന അസാധാരണ പ്രതിഭകള്‍ സമുദായത്തില്‍ ഒരുപാട് ഉണ്ടെങ്കിലും അവരെ ശ്രദ്ധിക്കാനും ആവശ്യമായ പ്രോത്സാഹനം നല്‍കാനും സമുദായത്തിന്‍റെ ഭാഗത്ത്‌ നിന്നും കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല.
ശാസ്ത്രീയമായ ഏതൊരു പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇതെല്ലാം പണ്ടേ ഖുര്‍ആനിലും ഹദീസിലും ഉള്ളതാണെന്ന് പറയുകയും ,സായിപ്പ് കണ്ടുപിടിച്ച മൊബൈല്‍ ഫോണും കീശയിലിട്ട്സായിപ്പ് കണ്ടുപിടിച്ച കമ്പ്യുട്ടറിന് മുന്നില്‍ ഇരുന്ന് ഇന്‍റര്‍ നെറ്റിലൂടെ സായിപ്പിനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയുമല്ലാതെ ,ഇത്രയധികം മത പാഠശാലകളും പണ്ഡിതന്മാരും ഉണ്ടായിട്ടും ഖുര്‍ആന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി പുതുതായി എന്തെങ്കിലും ഒന്ന് കണ്ടെത്തി ലോകത്തിനു നല്‍കാന്‍ മുസ്ലിം സമൂഹത്തിനു കഴിയുന്നില്ലെങ്കില്‍ അതിന്റെ കുറ്റം ആരുടെ പിരടിയിലാണ് നാം വെച്ച് കെട്ടുക.
ആചാരാനുഷ്ടാനങ്ങളുടെ ഇഴകീറി പരിശോധിക്കാനും ഈണത്തില്‍ പ്രസംഗിക്കാനും മാത്രം പഠിക്കാനുള്ളതാണോ നമ്മുടെ ഉന്നത മതപഠന കേന്ദ്രങ്ങള്‍ .

നമ്മുടെ പൂര്‍വ്വ സൂരികള്‍ കൊളുത്തി വെച്ച വിളക്ക് കാലം കൊണ്ട് കരിന്തിരി കത്തിപ്പോയെങ്കില്‍ ,ഈ ആധുനിക കാലത്തെ എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് അതിനെ പൂര്‍വ്വാധികം ഭംഗിയായി പ്രകാശിപ്പിക്കാനും ആ വെളിച്ചത്തിലൂടെ ഈ ലോകത്തെ നയിക്കാനുമുള്ള ധാര്‍മ്മിക ബാധ്യത വര്‍ത്തമാന കാല മുസ്ലിം സമൂഹത്തിനില്ലേ.ആ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്തിരിഞ്ഞു കളഞ്ഞതിന്റെ ദുരന്ത ഫലമല്ലേ ഇന്ന് ലോകമെങ്ങും ഈ സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നത് .

വായനയുടെയും,അറിവ് തേടലിന്റെയും,വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഉദ്ഘോഷിച്ചു കൊണ്ട് ഹിറാ ഗുഹയെ പ്രകമ്പനം കൊള്ളിച്ച് അവതീര്‍ണ്ണമായ ഖുര്‍ആനിലെ ആദ്യ വാക്യം നാം എപ്പോഴും ഓര്‍ക്കുക. "ഇഖ്റ.......വായിക്കുക
പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച നിന്റെ നാഥന്റെ നാമത്തില്‍
"__________________________________________________________________________________
വിവരങ്ങള്‍ക്ക് കടപ്പാട്
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് -- ഐ .പി.എച്ച് കോഴിക്കോട്
മാപ്പിള മലബാര്‍ --ഡോ:ഹുസൈന്‍ രണ്ടത്താണി
മാപ്പിളമാരുടെ പ്രതി വ്യവഹാരങ്ങള്‍ --എം.എ.റഹ് മാന്‍ (പച്ചക്കുതിര മാസിക 2009 ജൂണ്‍ ലക്കം)


ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ ആഴ്ചപ്പതിപ്പായ 'സസ്നേഹം' 05.12.2013-05.12.2013 ദിവസങ്ങളിലായി  പ്രസിദ്ധീകരിച്ചത്.