Saturday, February 25, 2012

പുറപ്പെടുന്നതിനു മുമ്പ്



കാറില്‍ കയറാന്‍ നേരം കൂട്ടുകാരന്‍ പറഞ്ഞു
“നിന്റെ പെട്ടി ശരിക്കും അടയ്ക്കാന്‍  പറ്റുന്നില്ല വല്ലാത്ത ഭാരവും......... അതില്‍ നിന്നും എന്തെങ്കിലും എടുത്ത് ഒഴിവാക്ക്”
“ഒരു നിമിഷം...... ഞാനൊന്ന് നോക്കട്ടെ”
കയ്യില്‍ ചുറ്റിപ്പിടിച്ച രണ്ടു കുഞ്ഞിക്കൈകള്‍ അടര്‍ത്തി മാറ്റുമ്പോള്‍ ജാലകത്തിനപ്പുറത്തെ  നിറഞ്ഞ കണ്ണുകളും കോലായയിലെ അടക്കിപ്പിടിച്ച മൌനവും അറിഞ്ഞു.
“ഇനി  പുറപ്പെടാം ...”
“ഇപ്പോള്‍ പെട്ടിയുടെ ഭാരം ഒരുപാട് കുറഞ്ഞല്ലോ .....ഇത്ര കനമുള്ളത് എന്താണ് നീ ഇവിടെ വെച്ച് പോകുന്നത്”
“എന്റെ ഹൃദയം”
അയാള്‍ മെല്ലെ പിറുപിറുത്തു      

22 comments:

  1. പ്രവാസിയുടെ ഹൃദയം എന്നും കനമുള്ളത് തന്നെ ..സന്തോഷവും ദുഖവും
    അമര്‍ഷവും കളിചിരികളും എല്ലാം അടക്കി പിടിക്കുന്ന ഹൃദയം എന്നും പ്രവാസി നാട്ടില്‍ തന്നെ ഭദ്രമായി ഇറക്കി വെക്കുന്നു ..
    ഒരിറ്റു കണ്ണുനീര് പൊടിക്കാന്‍ പോലും ബെഡ് സ്പെയ്സിലെ സഹജീവികളുടെ അഭാവം കൊതിക്കുന്നു ....

    ReplyDelete
  2. സ്നേഹ സമ്പന്നമായ പ്രവാസിയുടെ ഹൃദയം ...എന്നും കണ്ണുനീര്‍ തുടക്കാന്‍ മാത്രം വിധിക്കപ്പെട്ടത് ....

    ReplyDelete
  3. ആരെയാണ് നോക്കേണ്ടത് ,ആരോടാണ് യാത്ര പറയണ്ടത് ,
    ആ കുഞ്ഞു കവിളില്‍ ഒന്ന് കൂടി ഉമ്മ വെക്കണോ ,
    എന്റെ കണ്ണ് നിറഞ്ഞത്‌ ആരങ്കിലും കണ്ടോ .....
    ശരിക്കും വികാര നിര്‍ഭരമായ നിമിഷങ്ങള്‍ തന്നെ ആണ് അത് ....
    അവിടെ തുടങ്ങുന്നു ........

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഓരോ പ്രവാസിയുടെയും മനസ്സില്‍ ഒരിക്കലും മാച്ചു കളയാനാവാത്ത നൊമ്പരത്തിന്റെ ഒരു വല്ലാത്ത മോഹൂര്‍ത്തമാനത് ...ഏതു ശിലാ ഹൃദയവും ഒന്ന് പിടഞ്ഞു പോകുന്ന തേങ്ങിപ്പോകുന്ന ഒരു പക്ഷെ പൊട്ടിപ്പോകുന്ന ഒരു വല്ലാത്ത സന്ദര്‍ഭം .....നിറഞ്ഞ കണ്ണുകള്‍ ചുറ്റും നിന്ന് മൌനാനുവാദം നല്‍കുമ്പോഴും ഒന്നും കാണാതിരിക്കാന്‍ കണ്ണുകള്‍ ഇരുകിയടക്കാന്‍ ശ്രമിക്കുമ്പോഴും അറിയാതെ അറിയാതെ പുറത്തേക്കൊഴുകാന്‍ ഒരുങ്ങി നില്‍കുന്ന അശ്രു കണങ്ങള്‍ ആരെയും കാണിക്കാതിരിക്കാന്‍ പാട് പെടുംപോഴും അവന്‍ അറിയുന്നു എന്റെ ഹൃദയം ഞാനിവിടെ ഇറക്കി വെച്ച് പോകുകയാണെന്ന് .......ആ ഹൃദയം തുടിക്കുന്നതെന്തിനെന്നു അവനറിയുന്നു ....ആഗ്രഹിച്ചിട്ടും പൊട്ടിപ്പോകുമെന്നു കരുതി തിരിഞ്ഞു നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും തിരിഞ്ഞു നോക്കാതിരിക്കാന്‍ അവനാവുന്നില്ല......നിസ്സഹായതയുടെ നിലവിളി എത്ര ഉച്ചത്തിലാണെന്നു അവന്റെ മനസ്സ് മനസ്സിലാക്കുന്നു ......കൂടുതല്‍ എഴുതാന്‍ കഴിയുന്നില്ല നജു......

    ReplyDelete
  6. നജീബ്ക്ക... നല്ല വരികള്‍.. ഹൃദയം സ്പര്‍ശിച്ച ഹൃദയം,,, സസ്നേഹം ഹരിഷ് പള്ളപ്രം...

    ReplyDelete
  7. മനസ്സും ചിന്തയും നാട്ടില്‍ വച്ച്..വെറും ചലിക്കുന്ന ദേഹവുമായി ജീവിക്കുന്നു പ്രവാസി...........!! മനസ്സില്‍ തട്ടിയ വരികള്‍ നജീബ്ക്ക...

    ReplyDelete
  8. നെഞ്ചോടു ചേര്‍ന്നുറങ്ങുന്ന കുഞ്ഞു മുഖം മെല്ലെ അകറ്റി ,എഴുനേറ്റു..ഇനി എല്ലാം പെട്ടെന്ന് വേണം..ഇന്ന് കുഞ്ഞരിപ്പല്ലുകള്‍ ചിരിക്കില്ല,അവന്‍ പൂര്‍ണമായും ഉണരുന്നതിനു മുന്നേ ഇറങ്ങണം. കൈകാലുകള്‍ തളരുന്നു,തൊണ്ട വരളുന്നു..ഇടനെഞ്ചില്‍ ഒരു ഭാരം പോലെ.ഒന്നാര്‍ത്തു കരയണം എനിക്ക്.സാധ്യമല്ല -അവന്‍ ഉണരും.
    ഹൃദയം എടുത്തു കൈക്കുടന്നയില്‍ വച്ച് ഞാന്‍ യാത്ര യായി.......

    ReplyDelete
  9. എല്ലാ പ്രവാസികളും പല പ്രാവശ്യങ്ങളിലും അനുഭവിക്കുന്ന ഒരു ദുസ്ഥിതിയെന്ന് തന്നെ പറയാം, എന്നാൽ, ഒന്നും രണ്ടും വർഷങ്ങൾ എത്തി നാട്ടിൽ പൊയി മടങ്ങുന്നവരുടെ ദുഃഖം വിവരണാധീതമാണു, പ്രത്യേകിച്ച് കൊച്ച് കുഞ്ഞുങ്ങൾ പിറന്ന് പിച്ചവെക്കാനും കൊഞ്ചാനും തുടങ്ങുന്ന പ്രായത്തിൽ തൻറെ കുഞ്ഞിനെ പിരിയുന്ന രംഗം കരൾ പറിക്കുന്നതിനു തുല്ല്യമായിരിക്കും.ചുരുങ്ങിയ വരികൾ കൊണ്ട് ഒരുപാട് പറഞ്ഞ് കഥയെ സമ്പന്നമാക്കിയ നജീബിനു അഭിനന്ദനങ്ങൾ.

    ReplyDelete
  10. പ്രവാസിയുടെ ഹൃദയം ആശംസകള്‍ നല്ല എഴുത്തിന്

    ReplyDelete
  11. കൊള്ളാം മാഷെ ...ഒരു കമെന്റ് ഞാന്‍ ഇവടെ ഇടുന്നു അത്രയും ഭാരം കുറയുമല്ലോ

    ReplyDelete
  12. നജീബ്കാ ഈ രചന ചെറുതാണെങ്കില്‍ പോലും ഇതിന്റെ ഉള്ളടക്കവും അതിന്റെ വിലയും നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതും ആണ് ..വായിച്ചപ്പോള്‍ വീണ്ടും വീണ്ടും വായിച്ചു ..പക്ഷെ ഓരോ നിമിഷവും കണ്ണുനീര്‍ ചാലുകള്‍ ഒഴുകി ...

    ReplyDelete
  13. പ്രവാസ ജീവിതത്തില്‍ ഏറ്റവും ദുഃഖം വരുന്ന ഘട്ടം താങ്കള്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചു വെച്ചു........ഒന്ന് കരഞ്ഞാല്‍ മനസ്സിന്റെ വിങ്ങല്‍ കുറയും എന്ന്
    തോന്നുന്ന നിമിഷം ..പക്ഷെ പിടിച്ചു നിന്നെ പറ്റു...നമ്മള്‍ പ്രവാസികള്‍ സങ്കടപെട്ടാല്‍ തീര്‍ന്നു.....സങ്കടങ്ങള്‍ കടിച്ചമര്‍താന്‍ വിധിച്ചവരാണ് നമ്മള്‍ .

    ReplyDelete
  14. തിരികെ വച്ച ഹൃദയം പതുക്കെ ചെന്നെടുക്കുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചു. കണ്ണില്‍ നിന്നും ചിതറി തെറിക്കുന്ന തുള്ളികള്‍ അതിന്മേലെ വീഴാതിരിക്കാന്‍ അവളതു നെഞ്ചോടു ചേര്‍ത്തു.അതിനും മേലെ തന്‍റെ ഹൃദയധമനികള്‍ കൊണ്ട് ചുറ്റി വരിഞ്ഞു. ഋതുഭേദങ്ങള്‍ അറിയാതെ കാത്തിരിക്കുന്ന ഈ ഹൃദയം ഇതിനെക്കാള്‍ സുരക്ഷിതമായി എവിടെ വെക്കും.. മഴയും വെയിലുമേല്‍ക്കുന്ന നിസ്സംഗമായ പ്രവാസത്തിന്റെ നിശ്വാസങ്ങള്‍ തന്‍റെ ഹൃദയത്തിലേക്ക് അല്ലാതെ എവിടെ ഇറക്കി വെക്കും വിട്ടുപോയ ഈ ഹൃദയം... ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ പതുക്കെ മൊഴിഞ്ഞു.. പ്രിയനേ ഭാരമില്ലാതെ പോയ്‌ വരൂ..കണ്ണിമ ചിമ്മാതെ ഈ ഹൃദയത്തിന്റെ തുടിപ്പ് അണയാതെ സൂക്ഷിക്കാം ഞാന്‍. അതുകേട്ട് രണ്ടു കുഞ്ഞുപാദങ്ങള്‍ അവളുടെ അടുത്തെത്തി കൈകള്‍ നീട്ടി ഒരു താരാട്ടു പാട്ടിന്റെ ഈണത്തില്‍ കുഞ്ഞിളം ചുണ്ടുകള്‍ മുത്തം വച്ചതു അവളുടെ നെഞ്ചിലെ രണ്ടു ഹൃദയത്തിലെക്കായിരുന്നു....​.... ( നജുക്കാ വളരെ വളരെ ഇഷ്ടമായി .. )..

    ReplyDelete
  15. പ്രവാസത്തിന്റെ തുടക്കവും ഒടുക്കവും ഒരേ തരം വികാരങ്ങളാല്‍ സാമ്യപ്പെട്ടു കിടക്കുന്നു. നാടിന്റെ നഷ്ടം മറുനാടുകൊണ്ട് നികത്താനാവാത്തതുപോലെ മറുനാടിന്റെ നഷ്ടം നാടുകൊണ്ടും നികത്താനാവില്ലെന്ന അനുഭവപാഠം പ്രവാസത്തിന് വിരാമമിടുമ്പോള്‍ ഉള്‍കൊള്ളാതെ തരമില്ല.പ്രവാസ ജീവിതവും പ്രവാസത്തിലെ നോവുന്ന നൊമ്പരങ്ങളും ...കഥയോ അതോ ജീവിതാനുഭവങ്ങളളോ ..മനസ്സിനെ പിടിച്ചിരുത്തുന്ന രചന . പ്രവാസികളുടെ, മനസ്സില്‍ തീ കോരിയിടുന്ന വരികള്‍.. നജൂ ..കുറഞ്ഞ വരികള്‍ നന്നായി വേദനിപ്പിക്കുന്നു .....

    ReplyDelete
  16. തുടക്കത്തിലെ ചെറുവാക്കുകൾ വരെ ഹൃദയത്തിലേക്ക്
    ആഴത്തിലിറങ്ങിച്ചെല്ലുന്നവയാണു പിന്നീടുടുള്ള ഓരോ
    വരികളിലും വേദനയാൽ മിടിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ്
    തൊട്ടറിയുന്ന.വീണുകിട്ടുന്ന എണ്ണിച്ചുട്ട അവധികളിലെ
    പൊട്ടിച്ചിരിക്കിടയിലും മുഖങ്ങളിൽ മായ്ച്ചെടുക്കാനാവാത്ത
    വിങ്ങലിന്റെ നിശ്ശബ്ദ സ്വരം കുടുംബത്തിനായി സ്വന്തം
    ജീവിതം ഹോമിച്ച് ഒന്നുമാവാതെ എരിഞ്ഞുതീരുന്ന
    മെഴുകുതിരി വെളിച്ചം. വായനക്കുശേഷവും മന്നസ്സിലൊട്ടി
    പ്പിടിക്കുന്ന രചന.അഭിനന്ദനങ്ങൾ......

    ReplyDelete
  17. പ്രവാസി ആണ് എന്നാല്‍ നാട്ടില്പോയി തിരിച്ചു വന്ന ഒരു പരിചയം ഇല്ല എന്നാലും അപ്പോഴത്തെ മാനസികാവസ്ഥ ഒരു പരിധി വരെ മനസ്സിലാകുന്നു

    ReplyDelete
  18. ഇവിടെ വച്ച് പോയ ഹൃദയം എപ്പോയും കൂടെ ഉള്ളത് കൊണ്ടാകാം മനസ്സിന് വല്ലാത്ത ഭാരം.ഇതൊന്നു തിരിച്ചുകൊടുക്കാന്‍ എന്ന് വരും??????എന്നും ചോദിക്കും ഞാനാ ഹൃദയത്തോട്.വളരെ നന്നായി അവതരിപ്പിച്ചു വേര്‍പാടിന്റെ വേദന.

    ReplyDelete
  19. നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവന്‍റെ പെട്ടിയുടെ ഭാരം സന്തോഷത്തിന്‍റെ താനെന്കില്‍ .........മടക്ക യാത്രയില്‍ ആ ഭാരം ഹൃദയം ഏറ്റെടുക്കുന്നു .ഒരുചേറിയ വിവരണത്തില്‍ വലിയ കഥ പറഞ്ഞൂ ...നജീബ്ക്കാ .നന്നായി .

    ReplyDelete
  20. പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ ..ഹ ഹ ഹ ഹ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ