Tuesday, October 30, 2012

ഉറക്കമില്ലാത്ത വീട്ഇനി ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ എയര്‍ പോര്‍ട്ടിലേക്ക് പോകാന്‍ കാറെത്തും. ഇന്ന് തിരിച്ചു പോകുകയാണ്. പുലരാന്‍ ഇനിയും ഒരുപാട് നേരമുണ്ട്. ദിവസങ്ങളായി  പെയ്തൊഴിയാതെ ആകാശം  മൂടിക്കെട്ടിനില്‍ക്കുന്നത് കൊണ്ട്  ഒന്നുകൂടി കനത്ത പുറത്തെ ഇരുട്ടിലേക്ക് നോക്കി കിടന്നു........

'എന്നിട്ട് വേണം സ്വസ്ഥമായിട്ട് ഒന്നുറങ്ങാന്‍'
സ്വന്തം വീട് എന്ന സ്വപ്നം മനസ്സില്‍ നിറം വെക്കാന്‍ തുടങ്ങിയത് മുതല്‍ ഒപ്പം ആഹ്ലാദത്തിന്റെ കുമിളപോലെ മേലോട്ട് വന്നു ചിതറുന്ന വാക്കുകള്‍.

തൊട്ടില് കെട്ടിയ തുണിക്ക് വേണ്ടി വഴക്കിട്ട അമ്മാവനെ പറ്റി ഇത്താത്ത പിന്നീട്  പറഞ്ഞ അറിവാണെങ്കിലും പാതിരാത്രിയില്‍.തറവാട്ടില്‍ നിന്ന് പലപ്പോഴും ഞെട്ടി ഉണര്‍ന്നു കരഞ്ഞ ഓര്‍മ്മ കണ്ണീരു പോലെ ഉണങ്ങി പിടിച്ചു നില്‍ക്കുന്നുണ്ട്.ആ നാളുകളിലെന്നോ ആയിരിക്കും ഇങ്ങനെയൊരു മോഹവിത്ത് മനസ്സില്‍ കുഴിച്ചു വെച്ചത്.

ഉമ്മയുടെ കണ്ണുകള്‍ പോലെ കര്‍ക്കടകം പെയ്ത രാത്രികളില്‍ പലയിടങ്ങളിലായി നിരത്തിവെച്ച കരി പിടിച്ച പാത്രങ്ങളില്‍ മേല്‍പ്പുര ചോര്‍ന്നു വീഴുന്ന മഴവെള്ളം നോക്കി ഉറക്കമില്ലാതെ, മരുന്നിന്റെ മണമുള്ള ഉപ്പയുടെ കട്ടിലില്‍ കൂനിപ്പിടിച്ച് ഇരിക്കുമ്പോഴും ഇക്കാക്കയോട് സ്വകാര്യം പറഞ്ഞത് അത് തന്നെ.

പന്ത്രണ്ടാം വയസ്സില്‍ ഹോട്ടലില്‍ മേശ തുടച്ചും പാത്രം കഴുകിയും  കഴിഞ്ഞ നാളുകളില്‍   അടുക്കളയില്‍ തളര്‍ന്നുറങ്ങുമ്പോള്‍ പാതിരാത്രിയില്‍ കരിപിടിച്ച ശരീരത്തില്‍ ഇഴഞ്ഞു നടന്നു  ഉറക്കം കെടുത്തിയത് പെരുച്ചാഴി മാത്രമായിരുന്നില്ല.

മീശ കറുപ്പിച്ച് പാസ്പോര്‍ട്ടെടുത്ത് മരുഭൂമിയില്‍ എത്തിയപ്പോഴും കാത്തിരുന്നത് ഉറക്കമില്ലാത്ത രാത്രികള്‍.

വിയര്‍ത്തും വിറച്ചും കൂട്ടിവെച്ചതൊക്കെ പ്രിയപ്പെട്ടവര്‍ക്ക് വീതം വെച്ച് കൊടുത്തപ്പോഴും ഉറക്കമില്ലാത്ത രാത്രികളില്‍ നെഞ്ചില്‍ പറ്റിക്കിടന്നവളുടെ ചെവിയില്‍ സമാധാനിപ്പിച്ചു.

“അടുത്ത വരവിന് എന്തായാലും നമ്മുടെ വീടിന് കുറ്റിയടിക്കും ...ഒരു കൊല്ലം കൊണ്ട് നമ്മുടെ വീട്..... എന്റെ രാജകുമാരിക്കുള്ള കൊട്ടാരം .....എന്നിട്ട് വേണം സ്വസ്ഥമായി...................... ..”

മൂന്നുകൊല്ലം ഉറങ്ങാതെ അധ്വാനിച്ചും ഉണ്ണാതെ മുറുക്കെ പിടിച്ചും സ്വരുക്കൂട്ടിയത് കൊണ്ട് നാട്ടിലേക്ക് പറന്നപ്പോള്‍ സ്വപ്നം നേരാവാന്‍ പോകുന്നതിന്റെ ആഹ്ലാദമായിരുന്നു ഉള്ളില്‍.

ഉള്ളിലെ ചെറിയ വീട് അവളുടെ മനസ്സിലേക്ക് വരച്ചു വെച്ചപ്പോള്‍ അവള്‍ പറഞ്ഞു.

“നമുക്ക്‌ ഇത് മതിയാവും പക്ഷെ കുട്ടികള്‍ വലുതാകുകയല്ലേ..............പഴയ കാലമല്ല ഇപ്പോഴത്തെ വീടൊന്നും....”

ഒരു കട്ടിലും അതിന്റെ ചുവട്ടിലെ ഇടവും മാത്രം സാമ്രാജ്യമായ മരുഭൂമിയിലെ ഇടുങ്ങിയ മുറിയെ കുറിച്ച് പറഞ്ഞത് കൊണ്ടാവും അവള്‍ നിശബ്ദയായി.

മൂന്നു ദിവസം കാത്തു നിന്നാണ് സ്നേഹിതന്‍ പറഞ്ഞു തന്ന  എഞ്ചിനീയറെ നേരില്‍ കാണാന്‍ കഴിഞ്ഞത്. ആദ്യ ഇരിപ്പില്‍ തന്നെ മനസ്സില്‍ വരഞ്ഞു വെച്ച ചെറിയ വീട് അയാള്‍ പുഞ്ചിരിയോടെ ചുരുട്ടി ചവറ്റുകൊട്ടയിലിട്ടു.
മുന്നിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞു വന്ന വീടുകള്‍ ഞങ്ങളുടെ  കണ്ണില്‍ തിളങ്ങി നിന്നു. ബസ്സിറങ്ങി നടന്നു പോകുമ്പോഴാണ് കണ്ടത് കമ്പ്യൂട്ടറില്‍ നിന്ന് ഇറങ്ങി വന്ന വീടുകളാണ് ഓരോ പറമ്പുകളിലും വയലുകളിലും ......

മക്കളുടെ കൂട്ടുകാരുടെ വീടുകളിലെ സൌകര്യങ്ങളെ കുറിച്ച് അവര്‍ പറഞ്ഞു കൊണ്ടിരുന്നു. പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും അടുത്ത് ഗൃഹ പ്രവേശം കഴിഞ്ഞതുമായ പല വീടുകളും ചെന്ന് കണ്ടു. തന്നെപ്പോലെ ഗള്‍ഫില്‍ കൂലിവേല ചെയ്യുന്ന സാധാരണക്കാരുടെ കൊട്ടാരങ്ങള്‍........

എല്ലാരും ഇങ്ങനൊക്കെ തന്നെ....... കയ്യില്‍ മുഴുവന്‍ പൈസേം വെച്ചിട്ടാ പുരപ്പണി തോടങ്ങ്വ ..അതങ്ങ് നടക്കും....അതൊക്കെ ഒരു യോഗാ... .”

പ്ലാന്‍ വരപ്പിച്ചു വാങ്ങിയപ്പോള്‍ തന്നെ പുതിയ വീട്ടില്‍ പാര്‍പ്പു തുടങ്ങിയ സന്തോഷമായിരുന്നു.അവളും മക്കളും ഓരോ മുറികളിലും കയറിയിറങ്ങി..... ചിരിച്ചും ആഹ്ലാദിച്ചും...........

കുറ്റിയടിച്ചു. തറക്കല്ലിടലിന്റെ ദിവസം നെയ്യപ്പവും ചായയും വിളമ്പുന്ന  തിരക്കിനിടയില്‍ എളാപ്പയെ വിളിക്കാന്‍ വിട്ടുപോയത്‌ സൂചിപ്പിച്ച അവളെ സമാധാനിപ്പിച്ചു. 

“പുരയില്‍കൂടല്‍ നമ്മക്ക് ആഘോഷമായി നടത്താം.... കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ വിളിച്ച്....”  

ചേര്‍ത്ത് വെച്ചതൊക്കെ കൈക്കുടന്നയിലെ വെള്ളം പോലെ ചോര്‍ന്നു തീര്‍ന്നപ്പോഴും പണി പാതിയായിട്ടുണ്ടായിരുന്നില്ല. മൂന്നു  ദിവസം ആറാതെ നനച്ച ആദ്യത്തെ നിലയുടെ കോണ്‍ക്രീറ്റിന് അവളുടെ കഴുത്തിലെയും കൈയ്യിലെയും സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ടായിരുന്നു.

ആ പ്രാവശ്യം തിരിച്ചു പോകുമ്പോള്‍ കാറിലിരുന്ന്‍ കണ്ണില്‍ നിന്ന് മറയുവോളം അത്ഭുതത്തോടെ നോക്കി.ഭൂമിയില്‍ നിന്ന് എത്ര പെട്ടന്നാണ് ഒരു വീട് മുളച്ചു പൊന്തുന്നത്!!!

ഓരോ ദിവസവും നാട്ടിലേക്ക്‌ വിളിച്ചു കഴിഞ്ഞാല്‍ മണല്‍ പാസും, കമ്പിയുടെയും സിമന്റിന്റെന്റെയും കല്ലിന്റെയും  വിലയും, പണിക്കാരുടെ പിറകെയുള്ള നടത്തവും മാത്രമായി റൂമിലെ കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്യാനുള്ള വിഷയം.

നാട്ടില്‍ പോയി വന്നവര്‍ നാട്ടിലെ പുതിയ വീടുകളെകുറിച്ചും പുതിയ പുതിയ സൌകര്യങ്ങളെ കുറിച്ചും വര്‍ണ്ണിച്ചു. ടെലിവിഷനും,വാരികകളും അതൊക്കെ വിശദീകരിച്ചു തന്നു. രാജസ്ഥാനിലും ബാംഗ്ലൂരിലും പോയി ഗ്രാനൈറ്റും മാര്‍ബിളും എടുത്താല്‍ ഉള്ള ലാഭം  പരിചയക്കാരോട് ചോദിച്ചു വെച്ചു.

പ്ലാനിനോടൊപ്പം തന്ന വീടിന്റെ സുന്ദരമായ ചിത്രം നോക്കി ഇരിക്കുമ്പോള്‍   എസ്റ്റിമേറ്റ്‌ തുകയൊക്കെ എപ്പോഴോ കഴിഞ്ഞത് മറന്നു പോയിരുന്നു. നയിച്ച്‌ കിട്ടിയതൊക്കെ അയച്ചു കൊടുത്തിട്ടും എങ്ങുമെത്താതെ നിരാശനായപ്പോള്‍ വീടുപണി നടക്കുന്നവന്റെ പ്രാരാബ്ധം അറിയുന്ന കൂട്ടുകാര്‍ കഴിയുന്നത്ര കടം തന്നു സഹായിച്ചു. എന്നിട്ടും കണക്ക് കൂട്ടലുകളൊക്കെ തെറ്റിച്ച് സാധനങ്ങളുടെ വിലയും കൂലിയും .....

എവിടെയും എത്താതെയായപ്പോളാണ് ബാങ്ക് ലോണിനെ പറ്റി ചിന്തിച്ചത്. അപ്പോഴേക്ക് വീട്പണി തുടങ്ങി കൊല്ലം നാലായിരുന്നു. ആധാരം പണയം വെച്ച് വാങ്ങിയ പണവുമായി ബാങ്കില്‍ നിന്ന് ഇറങ്ങുമ്പോള്‍  സഞ്ചിയിലെ പണം തീക്കട്ട പോലെ കയ്യും മനസ്സും പൊള്ളിച്ചു.....  ....കൊടുക്കലും വാങ്ങലും കണക്ക്‌ എഴുതുന്നത്‌ പോലും ഹറാമായ പലിശയിടപാട്  ....

വിണ്ടു പൊട്ടിയ മനസ്സിന്റെ ചുവരുകളിലേക്ക് സങ്കടം കിനിഞ്ഞിറങ്ങി. എഞ്ചിനീയര്‍ വരച്ചു  തന്ന വീടിന്റെ മനോഹരമായ ചിത്രം എപ്പോഴോ  നഷ്ടപ്പെട്ടിരുന്നു. അതിലുണ്ടായിരുന്ന  വര്‍ണ്ണങ്ങള്‍ക്ക് പകരം നീട്ടിയടിച്ച വെള്ള നിറമുള്ള ചുവരുകളും പരുക്കന്‍ തേച്ച നിലവുമുള്ള ഈ  വീട്ടിലേക്ക് ഒരാഴ്ച മുമ്പാണ്  സുബഹി നിസ്കരിച്ചു കൊണ്ട് താമസം തുടങ്ങിയത്. സാക്ഷികളായി  വീട്ടുകാരും വിരലില്‍ എണ്ണാവുന്നബന്ധുക്കളും അയല്‍വാസികളും മാത്രം.

ഉള്ളും പുറവും വേവുന്ന രാത്രികളിലാണ് തിരിച്ചറിഞ്ഞത്. ഉറക്കം പോയിട്ട് ഒരു പോള കണ്ണടക്കാന്‍ പോലുമാവുന്നില്ല. മനസ്സ് നിറയെ വീട്ടി തിര്‍ക്കാനുള്ള കടങ്ങളാണ്. കണ്ണടയ്ക്കുമ്പോള്‍ ആരൊക്കെയോ വന്നു വാതിലില്‍ ശക്തിയായി മുട്ടുന്ന പോലെ. പലിശക്കെടുത്ത   പണം കൂടി ഉള്ളത് കൊണ്ടാവും  പ്രാര്‍ഥിക്കാന്‍  വിരിച്ച നിസ്കാരപ്പായ പോലും പൊള്ളുന്നു......

പുറത്തു കാറിന്റെ ഹോണടി. ..പുറപ്പെടാറായി എഴുന്നേല്‍ക്കട്ടെ ......ഒരു പാട് മോഹങ്ങളും നിറയെ കണ്ണീരും മാത്രം കൊടുത്ത ഒരു പാവം തൊട്ടടുത്ത്‌ നിശബ്ദയായി കിടക്കുന്നുണ്ട്.... കൊട്ടാരത്തിലെ രാജകുമാരി......
ഒരു തേങ്ങലോടെ ചുറ്റിപ്പിടിച്ചവളെ മുറുകെ പുണരുമ്പോള്‍ ഇടനെഞ്ച് പൊട്ടിയ ഒരു പ്രാര്‍ത്ഥന നിലവിളിപോലെ നെഞ്ചില്‍ തടഞ്ഞു.

“റബ്ബേ ഖബറിലെങ്കിലും കിട്ടുമോ ........സ്വസ്ഥമായ ഒരു ഉറക്കം ....”

4pm news 
പയ്യോളി അങ്ങാടി ഫേസ്ബുക്ക് മാഗസിന്‍

32 comments:

 1. വളരെ നല്ല എഴുത്ത്..മനസിലെ കടല്‍ കാണുവാനാവുന്നു ..ഇനിയും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു....
  Hafsa Kallungal

  ReplyDelete
 2. എഴുതുക , ഇനിയുമെഴുതുക വേദനകള്‍ സ്വപ്നങ്ങളായി കൊണ്ട് നടക്കുന്ന ഒരു പാട് പേരുടെ നൊമ്പരങ്ങള്‍ ചാലിച് .


  വീട് , ഞാന്‍ എന്തായാലും ഇപ്പ പണിയില്ല .. :)

  ReplyDelete
 3. nannaayirikkunnu avatharanam oro pravasiyudeyum swpnam thaankal azhuthikaanichu thannu aashamsakal

  ReplyDelete
 4. abhimaanathinu vendi kettippokki oduvil ulla maanavum kalayunna itharam 'urakkamillaatha veedu'kal ethu naattilum kaanaavunnathaanu... nalla avtharanam.... Congrats!!!

  ReplyDelete
 5. പ്രവാസ ജീവിതത്തിന്റെ നേര്കാഴ്ചകളിലേക്ക് കുറച്ചു സമയം മാരിചിന്തിച്ചു.എന്നിട്ട് വേണം സ്വസ്ഥമായി ഒന്ന് ഉറങ്ങുവാന്‍ ഒരുപക്ഷെ എല്ലാവരും ആഗ്രഹിക്കുന്നു.ഈ പ്രവാസ ലോകത്ത് എത്തി ക്കഴിഞ്ഞാല്‍ നമുക്ക് അതിനു കഴിയുന്നുണ്ടോ.നജീബ് സാഹിബ് വളരെ നനായിട്ടുണ്ട്.

  ReplyDelete
 6. എല്ലാവരുടെയും മനസ്സിലേക്ക് വളരെ പെട്ടെന്നു തന്നെ ചേക്കേറുന്ന ഒരു വലിയ സ്വപ്നം....അതാണ്‌ ഏവര്‍ക്കും "ഒരു വീട് ".
  സ്വന്തം സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചു വരച്ചെടുക്കുന്ന ആ പറുദീസ ഒരു സ്വപ്ന ഗൃഹമാകണമെങ്കില്‍ അതിനുള്ളിലെ ജീവജാലങ്ങള്‍ക്ക് മനം നോവാത്ത അനുഭവങ്ങള്‍ ഏറെ വേണം. .
  കടങ്ങള്‍ വന്നു നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവിടെ നമുക്ക് നഷ്ടമാവുന്നതു ഇതുപോലുള്ള നല്ല രാത്രികളാണ്......ഉറങ്ങാത്ത രാത്രികള്‍.....
  വലുപ്പത്തില്‍ ചെറുതായി തോന്നിക്കുന്ന ഒരു" കിളിക്കൂട്‌ " ആയാലും അതിനുള്ളിലെ ജീവിതം സുന്ദരമാണെങ്കില്‍ അതുതന്നെയാണ് ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കൊട്ടാരം.
  അങ്ങനെയുള്ള ഒരു വീടിന്‍റെ നാല് ചുവരുകള്‍ക്ക് പറയാന്‍ നല്ല ഒരു കഥയുണ്ടാകും ....നജീബ്ക്കയുടെ ഈ കഥ പോലെ മനോഹരമായിരിക്കും......അവിടെ ഉറക്കം
  താനേ വരും.....

  ReplyDelete
 7. ഉറക്കം കിട്ടാത്ത വീടുകള്‍ പണിയാന്‍ മാത്രം ആയി പോകുന്നു ജീവിതങ്ങള്‍ എന്ന് തോന്നും. ഒരു വീടെന്ന സ്വപ്നതിലെക്കെത്താന്‍ ഇന്ന് നമ്മള്‍ ഏറെ കഷ്ട്ടപ്പെടണം. അതിന്റെ ബാധ്യതകളില്‍ നിന്ന് ഒരിക്കലും സ്വതന്ത്രമാകാത്ത എത്ര ജീവിതങ്ങള്‍ . അവയിലൊന്നിനെ വളരെ നന്നായി വരച്ചു കാട്ടി

  ReplyDelete

 8. വീട് വെയ്ക്കുവോളം അതൊരു സ്വപ്നമാണ് ആവേശമാണ്. അതിനുശേഷം തോന്നും പലതും അനാവശ്യമായിരുന്നെന്ന്!എത്രയോക്കെ മോടിപിടിപ്പിചാലും ഒരിക്കലും തൃപ്തിയാകില്ല, ആവശ്യങ്ങള്‍ തീരുകയുമില്ല. തലചായ്ക്കാന്‍ ഒരിടമായാല്‍ ബാക്കിയൊക്കെ മറന്നുകളയുകയാണ് നന്ന്.
  നന്നായി എഴുതി.

  ReplyDelete
 9. ആത്മാവുളള എഴുത്ത്...അഭിനന്ദനങ്ങള്

  ReplyDelete
 10. ഇന്നിന്‍റെ സത്യങ്ങളില്‍ ചിലത് . മത്സരിക്കാനുള്ള വ്യഗ്രതയില്‍ ചെയ്തു കൂട്ടുന്ന മടയതരങ്ങള്‍. ഒരയുസ്സുകൊണ്ട് തീര്‍ക്കാന്‍ കഴിയാത്ത കടം ഫലം ..നല്ല ഓര്‍മ്മപ്പെടുത്തല്‍ ..

  ReplyDelete
 11. you are such a talented writer with a vision..amazing sleight of hand..once again as usual, congrats..

  ReplyDelete
 12. നജൂക്കാ മനസ്സ് തൊടുന്ന എഴുത്താണ് ഇത്.വരികളില്‍ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമുണ്ട് . പലരുടെയും നെടുവീര്‍പ്പും കണ്ണീരും കാണാന്‍ സാധിക്കുന്നു . നമുക്ക് ചുറ്റിലും എത്രപേര്‍ ഇങ്ങനെ നനയുന്ന നിദ്രകളുമായി ജീവിക്കുന്നുണ്ടാകും അല്ലെ....

  ReplyDelete
 13. "ഉള്ളും പുറവും വേവുന്ന" അനുഭവങ്ങളായിത്തന്നെ കഥ വളര്‍ന്നു.ആശംസകള്‍

  ReplyDelete
 14. ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ബ്ലോഗില്‍ നിന്ന് ഇപ്പോള്‍ ഇങ്ങോട്ട് വന്നതാണ്. അവിടെയും വീടിനെപ്പറ്റി ഒരു കഥയായിരുന്നു

  രണ്ട് വീക്ഷണകോണില്‍ നിന്നുള്ള കഥകള്‍
  രണ്ടും നല്ലത്

  ReplyDelete
 15. ഹൃദയഹാരിയായ ഒരു കഥ വളരെ ഇഷ്ടപ്പെട്ടു.വായിച്ചിട്ട് മനസ്സ് പൊട്ടുന്നു .

  ReplyDelete
 16. ningal puliyaanu najeebka ....aarude kadhayaayaalum...avarkk allahu ( insha allah )swargathil oru kottaaram thanne kodukkumaaraakattee
  aaameeeeeennnn

  ReplyDelete
 17. ഒരു ഗള്‍ഫു പ്രവാസിയുടെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരു ഏട് . അതില്‍ വിയര്‍പ്പും രക്തവും മാത്രമല്ല ഉരുകി തേഞ്ഞ ഏകാന്തതയുടെ നോവുകളും ഉണ്ട്. നജീബ് ഭായ് കൂടുതല്‍ കഥകള്‍ ഞങ്ങളെ കേള്‍പ്പിക്കൂ ....

  ReplyDelete
 18. നന്ദി നല്ല വായനക്കും മനസ്സ്‌ തുറന്ന അഭിപ്രായങ്ങള്‍ക്കും ഹഫ്സ ടീച്ചര്‍,സുനു,ജമാലുദ്ധീന്‍ എടശ്ശേരി,മന്‍സൂര്‍ അബ്ദുള്ള,മുസ്തഫ മാഷ്‌,ഫാത്തിമ നാസറു,നിസാരന്‍,ജോസലൈറ്റ്‌ എം ജോസഫ്‌,ഇരിങ്ങാട്ടിരി മാഷ്‌,അനാമിക,അനുരാജ്.റിയ,സോണി,ആറങ്ങോട്ടുകര.അജിത്‌,സൈനു,മുനു .....

  ReplyDelete
 19. ഉമ്മയുടെ കണ്ണുകള്‍ പോലെ കര്‍ക്കടകം പെയ്ത രാത്രികളില്‍ പലയിടങ്ങളിലായി നിരത്തിവെച്ച കരി പിടിച്ച പാത്രങ്ങളില്‍ മേല്‍പ്പുര ചോര്‍ന്നു വീഴുന്ന മഴവെള്ളം നോക്കി ഉറക്കമില്ലാതെ,മരുന്നിന്റെ മണമുള്ള ഉപ്പയുടെ കട്ടിലില്‍ കൂനിപ്പിടിച്ച് ഇരിക്കുമ്പോഴും ഇക്കാക്കയോട് സ്വകാര്യം പറഞ്ഞത് അത് തന്നെ.//////// ഒരുവല്ലാത്ത നോവും ,, ജീവിതം ജയിച്ചുനേടാനുള്ള ത്വരയും തുടിച്ചുനില്‍ക്കുന്നത് വ്യക്തം .ഭൂതകാലത്തിന്റെ ദാരിദ്ര്യം ഒരു ഇന്ധനമായി ഭാവിയില്‍ മാറിയേക്കാം .തിക്താനുഭവങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വളമാകുമ്പോള്‍ പലിശയുടെ നരകത്തിന് ചൂട്‌ കുറയും എന്ന് നമുക്ക് ആശിക്കാം .പ്രവാസിയുടെ ജീവിതം ഉറങ്ങാനുള്ളതല്ല .അത് ഉത്കണ്ഠപ്പെടാനുള്ളതാണ്.ഉത്കണ്ഠ കളുടെ സമ്മേളനമാണ് അവന്‍റെ കുടുമ്പം ..........നല്ല എഴുത്ത് തുടരുക .

  ReplyDelete
 20. മനസ്സിലെവിടെയോ വിഷാദത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുവാന്‍ അങ്ങയുടെ എഴുത്തിന് സാധിച്ചിരിക്കുന്നു..മാത്രവുമല്ല സമൂഹത്തിന് ഗുണകരമാകുന്ന ഒരു സന്ദേശം കഥയിലുടനീളം നിലനിര്‍ത്തുവാന്‍ സാധിച്ചുവെന്നത് അങ്ങയുടെ എഴുത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്യുന്നു...എനിയും നല്ലരീതിയില്‍ എഴുതുവാന്‍ സാധിക്കുമാറകെട്ടെ....

  സലിം കോട്ടയില്‍.

  ReplyDelete
 21. പല ഗള്‍ഫ് മലയാളിയുടേയും ജീവിതത്തില്‍ നിന്നും ഒരു ഏട് കീറിയെടുത്തതു പോലെ തോന്നി. മറ്റുളളവരുടെ വീട് പോലത്തെ വീട് വെയ്ക്കാന്‍ വേണ്ടി വന്നതിന്‍റെ പിറ്റേ കൊല്ലം മുതല്‍ കടം വാങ്ങി വീട് വെയ്ക്കും. പിന്നെ ജീവിത കാലം മുഴുവന്‍ ആ കടം വീട്ടാന്‍ വേണ്ടി കഷ്ടപ്പെടും.. കടം എല്ലാം വീട്ടി കഴിഞ്ഞ് ആ വീട്ടില്‍ സമാധാനമായി ഉറങ്ങണമെന്ന് ആശിക്കുമ്പോളേക്കും ജീവിതം കൈ വിട്ട് പോയിട്ടുണ്ടാവും..

  ReplyDelete
 22. ikkishttaayi oru thulli sahathaapa kanneer katha naayakan samarppikkunnu

  ReplyDelete
 23. വളരെ നല്ല എഴുത്ത്...എവിടെയോ ഒരു നൊമ്പരം..ഞാനും വീട് എന്ന സ്വപ്നം കാണാന്‍ തുടങ്ങീട്ടു ഒരു വര്‍ഷമായി...ഇടയ്ക്കിടയ്ക്ക് വരുന്ന പുതിയ ആവശ്യങ്ങളാല്‍ ഇതുവരെയായും പണി തുടങ്ങാന്‍ ആയിട്ടില്ല...

  ReplyDelete
 24. മനോഹരം. സമകാലിക പ്രവാസ ജീവിത പുസ്തകത്തില്‍ നിന്നും വലിച്ചു കീറിയെടുത്ത ഒരേട്.

  ReplyDelete
 25. നജീബ്ക്കാ വളരെ നല്ല എഴുത്ത് ...എല്ലാ പ്രവാസിയുടെയും മോഹവും അത് കഴിഞ്ഞാലുള്ള ദുഖവും ....ഞാനടക്കം എല്ലാവരും അനുഭവിച്ചത് അനുഭവിക്കുന്നത് ......എല്ലാവരെയും റബ്ബുല്‍ ആലമീന്‍ അനുഗ്രഹിക്കട്ടെ ആമീന്‍ ,.......!

  ReplyDelete
 26. നജീബ്ക്കാ വളരെ നല്ല എഴുത്ത്..... ഇനിയുമെഴുതുക

  ReplyDelete
 27. കഥയിലെ പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ശരിക്കും ഫീല് ചെയ്തു... !

  ReplyDelete
 28. ഇക്കാ വളരെ മനോഹരമായിരിക്കുന്നു ആശംസകള്‍

  ReplyDelete
 29. Inninte yum innalayuTEyum nale yude yum sath yam.nannayi ezhuthi 👍

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ