Tuesday, October 30, 2012

ഉറക്കമില്ലാത്ത വീട്ഇനി ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ എയര്‍ പോര്‍ട്ടിലേക്ക് പോകാന്‍ കാറെത്തും. ഇന്ന് തിരിച്ചു പോകുകയാണ്. പുലരാന്‍ ഇനിയും ഒരുപാട് നേരമുണ്ട്. ദിവസങ്ങളായി  പെയ്തൊഴിയാതെ ആകാശം  മൂടിക്കെട്ടിനില്‍ക്കുന്നത് കൊണ്ട്  ഒന്നുകൂടി കനത്ത പുറത്തെ ഇരുട്ടിലേക്ക് നോക്കി കിടന്നു........

'എന്നിട്ട് വേണം സ്വസ്ഥമായിട്ട് ഒന്നുറങ്ങാന്‍'
സ്വന്തം വീട് എന്ന സ്വപ്നം മനസ്സില്‍ നിറം വെക്കാന്‍ തുടങ്ങിയത് മുതല്‍ ഒപ്പം ആഹ്ലാദത്തിന്റെ കുമിളപോലെ മേലോട്ട് വന്നു ചിതറുന്ന വാക്കുകള്‍.

തൊട്ടില് കെട്ടിയ തുണിക്ക് വേണ്ടി വഴക്കിട്ട അമ്മാവനെ പറ്റി ഇത്താത്ത പിന്നീട്  പറഞ്ഞ അറിവാണെങ്കിലും പാതിരാത്രിയില്‍.തറവാട്ടില്‍ നിന്ന് പലപ്പോഴും ഞെട്ടി ഉണര്‍ന്നു കരഞ്ഞ ഓര്‍മ്മ കണ്ണീരു പോലെ ഉണങ്ങി പിടിച്ചു നില്‍ക്കുന്നുണ്ട്.ആ നാളുകളിലെന്നോ ആയിരിക്കും ഇങ്ങനെയൊരു മോഹവിത്ത് മനസ്സില്‍ കുഴിച്ചു വെച്ചത്.

ഉമ്മയുടെ കണ്ണുകള്‍ പോലെ കര്‍ക്കടകം പെയ്ത രാത്രികളില്‍ പലയിടങ്ങളിലായി നിരത്തിവെച്ച കരി പിടിച്ച പാത്രങ്ങളില്‍ മേല്‍പ്പുര ചോര്‍ന്നു വീഴുന്ന മഴവെള്ളം നോക്കി ഉറക്കമില്ലാതെ, മരുന്നിന്റെ മണമുള്ള ഉപ്പയുടെ കട്ടിലില്‍ കൂനിപ്പിടിച്ച് ഇരിക്കുമ്പോഴും ഇക്കാക്കയോട് സ്വകാര്യം പറഞ്ഞത് അത് തന്നെ.

പന്ത്രണ്ടാം വയസ്സില്‍ ഹോട്ടലില്‍ മേശ തുടച്ചും പാത്രം കഴുകിയും  കഴിഞ്ഞ നാളുകളില്‍   അടുക്കളയില്‍ തളര്‍ന്നുറങ്ങുമ്പോള്‍ പാതിരാത്രിയില്‍ കരിപിടിച്ച ശരീരത്തില്‍ ഇഴഞ്ഞു നടന്നു  ഉറക്കം കെടുത്തിയത് പെരുച്ചാഴി മാത്രമായിരുന്നില്ല.

മീശ കറുപ്പിച്ച് പാസ്പോര്‍ട്ടെടുത്ത് മരുഭൂമിയില്‍ എത്തിയപ്പോഴും കാത്തിരുന്നത് ഉറക്കമില്ലാത്ത രാത്രികള്‍.

വിയര്‍ത്തും വിറച്ചും കൂട്ടിവെച്ചതൊക്കെ പ്രിയപ്പെട്ടവര്‍ക്ക് വീതം വെച്ച് കൊടുത്തപ്പോഴും ഉറക്കമില്ലാത്ത രാത്രികളില്‍ നെഞ്ചില്‍ പറ്റിക്കിടന്നവളുടെ ചെവിയില്‍ സമാധാനിപ്പിച്ചു.

“അടുത്ത വരവിന് എന്തായാലും നമ്മുടെ വീടിന് കുറ്റിയടിക്കും ...ഒരു കൊല്ലം കൊണ്ട് നമ്മുടെ വീട്..... എന്റെ രാജകുമാരിക്കുള്ള കൊട്ടാരം .....എന്നിട്ട് വേണം സ്വസ്ഥമായി...................... ..”

മൂന്നുകൊല്ലം ഉറങ്ങാതെ അധ്വാനിച്ചും ഉണ്ണാതെ മുറുക്കെ പിടിച്ചും സ്വരുക്കൂട്ടിയത് കൊണ്ട് നാട്ടിലേക്ക് പറന്നപ്പോള്‍ സ്വപ്നം നേരാവാന്‍ പോകുന്നതിന്റെ ആഹ്ലാദമായിരുന്നു ഉള്ളില്‍.

ഉള്ളിലെ ചെറിയ വീട് അവളുടെ മനസ്സിലേക്ക് വരച്ചു വെച്ചപ്പോള്‍ അവള്‍ പറഞ്ഞു.

“നമുക്ക്‌ ഇത് മതിയാവും പക്ഷെ കുട്ടികള്‍ വലുതാകുകയല്ലേ..............പഴയ കാലമല്ല ഇപ്പോഴത്തെ വീടൊന്നും....”

ഒരു കട്ടിലും അതിന്റെ ചുവട്ടിലെ ഇടവും മാത്രം സാമ്രാജ്യമായ മരുഭൂമിയിലെ ഇടുങ്ങിയ മുറിയെ കുറിച്ച് പറഞ്ഞത് കൊണ്ടാവും അവള്‍ നിശബ്ദയായി.

മൂന്നു ദിവസം കാത്തു നിന്നാണ് സ്നേഹിതന്‍ പറഞ്ഞു തന്ന  എഞ്ചിനീയറെ നേരില്‍ കാണാന്‍ കഴിഞ്ഞത്. ആദ്യ ഇരിപ്പില്‍ തന്നെ മനസ്സില്‍ വരഞ്ഞു വെച്ച ചെറിയ വീട് അയാള്‍ പുഞ്ചിരിയോടെ ചുരുട്ടി ചവറ്റുകൊട്ടയിലിട്ടു.
മുന്നിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞു വന്ന വീടുകള്‍ ഞങ്ങളുടെ  കണ്ണില്‍ തിളങ്ങി നിന്നു. ബസ്സിറങ്ങി നടന്നു പോകുമ്പോഴാണ് കണ്ടത് കമ്പ്യൂട്ടറില്‍ നിന്ന് ഇറങ്ങി വന്ന വീടുകളാണ് ഓരോ പറമ്പുകളിലും വയലുകളിലും ......

മക്കളുടെ കൂട്ടുകാരുടെ വീടുകളിലെ സൌകര്യങ്ങളെ കുറിച്ച് അവര്‍ പറഞ്ഞു കൊണ്ടിരുന്നു. പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും അടുത്ത് ഗൃഹ പ്രവേശം കഴിഞ്ഞതുമായ പല വീടുകളും ചെന്ന് കണ്ടു. തന്നെപ്പോലെ ഗള്‍ഫില്‍ കൂലിവേല ചെയ്യുന്ന സാധാരണക്കാരുടെ കൊട്ടാരങ്ങള്‍........

എല്ലാരും ഇങ്ങനൊക്കെ തന്നെ....... കയ്യില്‍ മുഴുവന്‍ പൈസേം വെച്ചിട്ടാ പുരപ്പണി തോടങ്ങ്വ ..അതങ്ങ് നടക്കും....അതൊക്കെ ഒരു യോഗാ... .”

പ്ലാന്‍ വരപ്പിച്ചു വാങ്ങിയപ്പോള്‍ തന്നെ പുതിയ വീട്ടില്‍ പാര്‍പ്പു തുടങ്ങിയ സന്തോഷമായിരുന്നു.അവളും മക്കളും ഓരോ മുറികളിലും കയറിയിറങ്ങി..... ചിരിച്ചും ആഹ്ലാദിച്ചും...........

കുറ്റിയടിച്ചു. തറക്കല്ലിടലിന്റെ ദിവസം നെയ്യപ്പവും ചായയും വിളമ്പുന്ന  തിരക്കിനിടയില്‍ എളാപ്പയെ വിളിക്കാന്‍ വിട്ടുപോയത്‌ സൂചിപ്പിച്ച അവളെ സമാധാനിപ്പിച്ചു. 

“പുരയില്‍കൂടല്‍ നമ്മക്ക് ആഘോഷമായി നടത്താം.... കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ വിളിച്ച്....”  

ചേര്‍ത്ത് വെച്ചതൊക്കെ കൈക്കുടന്നയിലെ വെള്ളം പോലെ ചോര്‍ന്നു തീര്‍ന്നപ്പോഴും പണി പാതിയായിട്ടുണ്ടായിരുന്നില്ല. മൂന്നു  ദിവസം ആറാതെ നനച്ച ആദ്യത്തെ നിലയുടെ കോണ്‍ക്രീറ്റിന് അവളുടെ കഴുത്തിലെയും കൈയ്യിലെയും സ്വര്‍ണ്ണത്തിന്റെ തിളക്കമുണ്ടായിരുന്നു.

ആ പ്രാവശ്യം തിരിച്ചു പോകുമ്പോള്‍ കാറിലിരുന്ന്‍ കണ്ണില്‍ നിന്ന് മറയുവോളം അത്ഭുതത്തോടെ നോക്കി.ഭൂമിയില്‍ നിന്ന് എത്ര പെട്ടന്നാണ് ഒരു വീട് മുളച്ചു പൊന്തുന്നത്!!!

ഓരോ ദിവസവും നാട്ടിലേക്ക്‌ വിളിച്ചു കഴിഞ്ഞാല്‍ മണല്‍ പാസും, കമ്പിയുടെയും സിമന്റിന്റെന്റെയും കല്ലിന്റെയും  വിലയും, പണിക്കാരുടെ പിറകെയുള്ള നടത്തവും മാത്രമായി റൂമിലെ കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്യാനുള്ള വിഷയം.

നാട്ടില്‍ പോയി വന്നവര്‍ നാട്ടിലെ പുതിയ വീടുകളെകുറിച്ചും പുതിയ പുതിയ സൌകര്യങ്ങളെ കുറിച്ചും വര്‍ണ്ണിച്ചു. ടെലിവിഷനും,വാരികകളും അതൊക്കെ വിശദീകരിച്ചു തന്നു. രാജസ്ഥാനിലും ബാംഗ്ലൂരിലും പോയി ഗ്രാനൈറ്റും മാര്‍ബിളും എടുത്താല്‍ ഉള്ള ലാഭം  പരിചയക്കാരോട് ചോദിച്ചു വെച്ചു.

പ്ലാനിനോടൊപ്പം തന്ന വീടിന്റെ സുന്ദരമായ ചിത്രം നോക്കി ഇരിക്കുമ്പോള്‍   എസ്റ്റിമേറ്റ്‌ തുകയൊക്കെ എപ്പോഴോ കഴിഞ്ഞത് മറന്നു പോയിരുന്നു. നയിച്ച്‌ കിട്ടിയതൊക്കെ അയച്ചു കൊടുത്തിട്ടും എങ്ങുമെത്താതെ നിരാശനായപ്പോള്‍ വീടുപണി നടക്കുന്നവന്റെ പ്രാരാബ്ധം അറിയുന്ന കൂട്ടുകാര്‍ കഴിയുന്നത്ര കടം തന്നു സഹായിച്ചു. എന്നിട്ടും കണക്ക് കൂട്ടലുകളൊക്കെ തെറ്റിച്ച് സാധനങ്ങളുടെ വിലയും കൂലിയും .....

എവിടെയും എത്താതെയായപ്പോളാണ് ബാങ്ക് ലോണിനെ പറ്റി ചിന്തിച്ചത്. അപ്പോഴേക്ക് വീട്പണി തുടങ്ങി കൊല്ലം നാലായിരുന്നു. ആധാരം പണയം വെച്ച് വാങ്ങിയ പണവുമായി ബാങ്കില്‍ നിന്ന് ഇറങ്ങുമ്പോള്‍  സഞ്ചിയിലെ പണം തീക്കട്ട പോലെ കയ്യും മനസ്സും പൊള്ളിച്ചു.....  ....കൊടുക്കലും വാങ്ങലും കണക്ക്‌ എഴുതുന്നത്‌ പോലും ഹറാമായ പലിശയിടപാട്  ....

വിണ്ടു പൊട്ടിയ മനസ്സിന്റെ ചുവരുകളിലേക്ക് സങ്കടം കിനിഞ്ഞിറങ്ങി. എഞ്ചിനീയര്‍ വരച്ചു  തന്ന വീടിന്റെ മനോഹരമായ ചിത്രം എപ്പോഴോ  നഷ്ടപ്പെട്ടിരുന്നു. അതിലുണ്ടായിരുന്ന  വര്‍ണ്ണങ്ങള്‍ക്ക് പകരം നീട്ടിയടിച്ച വെള്ള നിറമുള്ള ചുവരുകളും പരുക്കന്‍ തേച്ച നിലവുമുള്ള ഈ  വീട്ടിലേക്ക് ഒരാഴ്ച മുമ്പാണ്  സുബഹി നിസ്കരിച്ചു കൊണ്ട് താമസം തുടങ്ങിയത്. സാക്ഷികളായി  വീട്ടുകാരും വിരലില്‍ എണ്ണാവുന്നബന്ധുക്കളും അയല്‍വാസികളും മാത്രം.

ഉള്ളും പുറവും വേവുന്ന രാത്രികളിലാണ് തിരിച്ചറിഞ്ഞത്. ഉറക്കം പോയിട്ട് ഒരു പോള കണ്ണടക്കാന്‍ പോലുമാവുന്നില്ല. മനസ്സ് നിറയെ വീട്ടി തിര്‍ക്കാനുള്ള കടങ്ങളാണ്. കണ്ണടയ്ക്കുമ്പോള്‍ ആരൊക്കെയോ വന്നു വാതിലില്‍ ശക്തിയായി മുട്ടുന്ന പോലെ. പലിശക്കെടുത്ത   പണം കൂടി ഉള്ളത് കൊണ്ടാവും  പ്രാര്‍ഥിക്കാന്‍  വിരിച്ച നിസ്കാരപ്പായ പോലും പൊള്ളുന്നു......

പുറത്തു കാറിന്റെ ഹോണടി. ..പുറപ്പെടാറായി എഴുന്നേല്‍ക്കട്ടെ ......ഒരു പാട് മോഹങ്ങളും നിറയെ കണ്ണീരും മാത്രം കൊടുത്ത ഒരു പാവം തൊട്ടടുത്ത്‌ നിശബ്ദയായി കിടക്കുന്നുണ്ട്.... കൊട്ടാരത്തിലെ രാജകുമാരി......
ഒരു തേങ്ങലോടെ ചുറ്റിപ്പിടിച്ചവളെ മുറുകെ പുണരുമ്പോള്‍ ഇടനെഞ്ച് പൊട്ടിയ ഒരു പ്രാര്‍ത്ഥന നിലവിളിപോലെ നെഞ്ചില്‍ തടഞ്ഞു.

“റബ്ബേ ഖബറിലെങ്കിലും കിട്ടുമോ ........സ്വസ്ഥമായ ഒരു ഉറക്കം ....”

4pm news 
പയ്യോളി അങ്ങാടി ഫേസ്ബുക്ക് മാഗസിന്‍

Tuesday, October 9, 2012

ബഹുമാനപ്പെട്ട ഭരണകര്‍ത്താക്കളെകുറെ കാലമായി വികസനത്തിന്റെ അഞ്ചു കളിയാണ് നമ്മുടെ നാട്ടില്‍. .പതിനാറ് ആനകള്‍ക്ക് നിരന്നു നടക്കാന്‍ പറ്റിയ റോഡുകള്‍,ആകാശം മുട്ടുന്ന ബില്‍ഡിംഗുകള്‍,കൊട്ടാരം പോലുള്ള കാറുകള്‍,മിന്നല്‍ പോലെ സഞ്ചരിക്കാന്‍ ബുള്ളറ്റ്‌ ട്രെയിനുകള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പോലും ടാബ്ലെറ്റ്‌ പീസി.പിച്ചക്കാരന്റെ കയ്യിലും മൊബൈല്‍ ഫോണ്‍...... .

ഇങ്ങനെയൊക്കെ വികസിക്കാന്‍ വേണ്ടി ഒരുപാട് കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടുണ്ട്...ഞങ്ങളുടെ പെണ്ണുങ്ങള്‍ നെഞ്ഞത്തടിച്ചു കരയുന്നത് കണ്ടിട്ടും .കണ്ണില്‍ ചോരയില്ലാതെ കൂടും കുടുക്കയും പുറത്തേക്കു വലിച്ചെറിഞ്ഞു കിടപ്പാടം തച്ചുപൊളിച്ചുണ്ടാക്കിയ വികസനം..
നാട്ടിലെ സകലമാന മാലിന്യവും ലോറിയില്‍ കേറ്റി കുറെ പാവങ്ങളുടെ മുറ്റത്ത്‌ തള്ളി നിത്യരോഗികളാക്കിയ വികസനം..
കടലില്‍ പോയി ജീവിക്കുന്ന കുറെ സാധുക്കളുടെ നെഞ്ചത്ത്‌ അണുനിലയം സ്ഥാപിച്ചുണ്ടാക്കുന്ന വികസനം.....
ഈ വികസനം ഇങ്ങനെ പൊടിപാറ്റി നടക്കുമ്പോള്‍ ഇപ്പോള്‍ പറയുന്നു.ഉള്ളത് വെച്ചുണ്ടാക്കി കഴിക്കാന്‍ ഗ്യാസില്ല...ഇരുട്ടായാല്‍ വിളക്ക് കത്തിക്കാന്‍ കറന്റില്ല...വണ്ടിയില്‍ ഒഴിക്കാന്‍ എണ്ണയില്ല....സാധനങ്ങള്‍ക്ക് വില കൂടുകയല്ലാതെ കുറയില്ല.

അടങ്ങി ഒതുങ്ങി മര്യാദക്ക് ജീവിച്ച ഞങ്ങളെ പുതിയ പുതിയ സൌകര്യങ്ങള്‍ ഉണ്ടാക്കി തന്നും കാണിച്ചു തന്നും...ഈ ഗതികേടിലേക്കാണോ സാറന്മാരെ എത്തിച്ചത്.
ഇപ്പോള്‍ ഞങ്ങള്‍ക്ക് കത്തിക്കാന്‍ വിറകില്ല ...കറന്റില്ലാതെ ജീവിക്കാന്‍ പറ്റില്ല.....നടന്നു പോകാന്‍ ആരോഗ്യമില്ല.....ഈ പൊള്ളുന്ന വിലക്ക് സാധനം വാങ്ങാന്‍ കാശുമില്ല.

ഉള്ളതും തിന്ന് ഉടുത്തതും പുതച്ചു സ്വസ്ഥമായി ജീവിച്ച ഞങ്ങളോട് എന്തിനായിരുന്നു സാറന്മാരെ ഈ  കൊലച്ചതി ചെയ്തത്..
ഏതായാലും നമ്മുടെ രാജ്യത്തെ വെള്ളവും മണ്ണും ഒക്കെ വില്‍ക്കുകയല്ലേ...വിറ്റുകള ഞങ്ങളെ കൂടി...പോറ്റാന്‍ ഗതിയുള്ള ഏതെങ്കിലും രാഷ്ട്രത്തിന്...അടിമകളായി ജീവിച്ചോളാം ഞങ്ങള്‍....
പട്ടിണി കിടന്നു മരിക്കാന്‍ വയ്യാഞ്ഞിട്ടാണ്...

നിങ്ങളുടെയൊക്കെ  വാക്കുകള്‍ വിശ്വസിച്ചു നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്ത ഒരു പാവം പൌരന്റെ അപേക്ഷ...

Tuesday, October 2, 2012

സേവനവാരം....ഗാന്ധിജയന്തി ദിനത്തില്‍ വെറുതെ ഒരു ചിന്തവീമംഗലം യൂ പി സ്കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ ഗാന്ധിജയന്തി എന്നാല്‍ ‘സേവനവാരം’ ആയിരുന്നു.സ്കൂളിന്റെ പരിസരവും,മൂടാടി അങ്ങാടിയും,വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍റെ ചുറ്റുപാടുമൊക്കെ വൃത്തിയാക്കാന്‍.അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളും ഉത്സാഹിച്ച ഒരാഴ്ച.അവസാന ദിവസം വിളമ്പുന്ന ‘വെല്ലക്കഞ്ഞി’ എന്ന പായസത്തിന്റെ പൊള്ളലും രുചിയും ഇപ്പോഴും നാക്കിലുണ്ട്.
ജനാധിപത്യ കാലത്ത്  ഏതോ ഒരു ‘രാജാവി’ന് തോന്നിയ ബുദ്ധി സേവന വാരം എന്നത് സേവന ദിനമാക്കി.പതിയെ പതിയെ സേവനം നിര്‍ത്തി അതും സാധാരണ പോലെ ഒരു ഒഴിവു ദിനമായി മാറി.
സേവനവാരം കൊണ്ട് പഠിച്ച ഒരു പാഠം ഉണ്ടായിരുന്നു.പരിസര ശുചിത്വം.കുഞ്ഞിക്കൈകള്‍ കൊണ്ട് കച്ചറ പെറുക്കുകയും കാടും പടലും വെട്ടി തെളിച്ചു പൊതു വഴികളും അങ്ങാടിയുമൊക്കെ വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പതിഞ്ഞ പാഠം.ഇത് തങ്ങളുടെ കടമയാണെന്ന്.പൊതു ഇടങ്ങളിലെ മാലിന്യം നീക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്ന്.
സേവനവാരം മാത്രമല്ല.വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം പോലും സേവനമല്ല മറിച്ച് ഉയര്‍ന്ന ശമ്പളം നേടാനുള്ള,സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ‘സംഗതി’ മാത്രമാണെന്ന് മക്കളെ ‘തച്ചുപഴുപ്പിച്ച്’ എടുക്കുന്ന ഈ കാലത്ത്.അവനവന്റെ വീട്ടിലെ/പറമ്പിലെ സകല വൃത്തികേടും അഴുക്കും കൊണ്ടുപോയി തള്ളാനുള്ള ഇടമാണല്ലോ പൊതുസ്ഥലങ്ങള്‍. . ലാലൂരും,ഞെളിയന്‍പറമ്പും,പെട്ടിപ്പാലവും എല്ലാം ആ പരിസര വാസികളുടെ നിലവിളിയായി മാത്രം ഒതുങ്ങിപ്പോകുന്നത് സേവന വാരങ്ങളെല്ലാം അവസാനിച്ച അവനവനെ മാത്രം സേവിക്കാന്‍ ശീലിച്ച കാലം ആയത് കൊണ്ടാകും..
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ ഒറ്റമുണ്ടുടുത്ത ഒരു വൃദ്ധന്‍ ഇതിലെ കടന്നു പോയിരുന്നു.സ്വന്തം കൈ കൊണ്ട് ആശ്രമത്തിലെ കക്കൂസ് കഴുകിയ ഏറെ ലളിതമായി ജീവിച്ച ഒരു മനുഷ്യന്‍ . ഭരിക്കുന്നവരെ പോറ്റാന്‍, അവരുടെ ഭൃത്യപ്പടക്ക് ശമ്പളവും ചെലവും നല്‍കാന്‍ പാവപ്പെട്ടവനെ പിഴിഞ്ഞുണ്ടാക്കുന്ന നികുതിപ്പണം യാതൊരു ഉളുപ്പുമില്ലാതെ ചെലവാക്കുന്ന ഈ കാലത്ത് മറന്നു കളയാം നമുക്കീ മനുഷ്യനെ.

ഉപ്പുകുറുക്കിയും, വിദേശ വസ്തുക്കള്‍ ബഹിഷ്കരിച്ചും,നൂറായിരം  സമരങ്ങളിലൂടെയും,പോരാട്ടങ്ങളിലൂടെയും വിദേശികളെ തുരത്തി സ്വതന്ത്രയായ ഈ രാജ്യത്തിന്റെ ,കുടിവെള്ളവും,മണ്ണും അടക്കം വിദേശക്കുത്തക്കള്‍ക്ക് തീറെഴുതി കങ്കാണിപ്പണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അഭിനവ ഗാന്ധിയന്മാരുടെ ഈ കാലത്ത് കറന്‍സി നോട്ടിലെ വെറുമൊരു ചിത്രമായി മാത്രം യുവ തലമുറ ഗാന്ധിജിയെ അറിഞ്ഞാലും അത്ഭുതപ്പെടാനില്ല.
ഒരു സേവനവാരം ഇനിയും ആവശ്യമാണ്‌.സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ . അരുക്കായിപ്പോയ കുറ മനുഷ്യജീവികളെ കാണാനാവാത്ത അത്രയും പൂപ്പല്‍ പിടിച്ചു പോയ ചില മനസ്സുകളില്‍.. .
. വളര്‍ന്നു വരുന്ന തലമുറയെ ഇനിയെങ്കിലും അത് ശീലിപ്പിച്ചില്ലെങ്കില്‍ മാലിന്യ കൂമ്പാരമായി ഈ നാട് മാറും.
അഴിമതിയും,കുറ്റകൃത്യങ്ങളും, നീതിനിഷേധങ്ങളും കൊണ്ട് ഇപ്പോള്‍ തന്നെ കെട്ടു നാറാന്‍ തുടങ്ങിയിരിക്കുന്നു മഹാത്മാ ഗാന്ധി രാഷ്ട്രപിതാവായ നമ്മുടെ രാഷ്ട്രം...

ഈ ഗാന്ധി ജയന്തി ദിനത്തില്‍ വെറുതെ ചിന്തിച്ചു പോകുന്നു .ഇനിയുമൊരു സേവനവാരം ആരാണ് തുടങ്ങിവെക്കുക...ഏതു കുഞ്ഞിക്കൈകളാണ് അതേറ്റു വാങ്ങുക.