Monday, November 20, 2017

സഹതാപമല്ല പരിഗണനയാണ് വേണ്ടത്


'വിജയത്തിന്റെ പടികൾ ചവിട്ടിക്കയറുക'   മലയാളത്തിലെ ഒരു ആലങ്കാരിക പ്രയോഗം ആണിത്. ജീവിതത്തിന്റെ ഉയരങ്ങളിലെത്തിയവരെ വിശേഷിപ്പിക്കാൻ നമുക്കിങ്ങനെ ഒരു പ്രയോഗം തന്നെയുണ്ടെങ്കിലും പടിക്കെട്ടുകൾ കാരണം തോറ്റു പോകുന്ന ഒരുപാട് ജീവിതങ്ങളെ കുറിച്ച് നാം ഒരിക്കലും  ഓർക്കാറില്ല.

ജന്മനാ, അല്ലെങ്കിൽ എന്തെങ്കിലും രോഗം ബാധിച്ച് അതല്ലെങ്കിൽ അപകടമോ വാർദ്ധക്യമോ മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളിൽ ഒതുങ്ങിപ്പോയ ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഈ ഒരു അവസ്ഥയിൽ ആകുന്നതോടെ ഉപയോഗശൂന്യമായ ഒരു വസ്തു എന്നപോലെ ഇങ്ങനെയുള്ളവരെ നാം ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അറിഞ്ഞോ അറിയാതെയോ മാറ്റി നിർത്തുകയാണ്. ഈ അവസ്ഥയിൽ ഉള്ളവർക്ക് ലഭിക്കുന്ന ഏതൊരു സന്തോഷവും മറ്റുള്ളവരുടെ ഔദാര്യമോ നന്മയോ മാത്രമായി മാറുകയും ആരോഗ്യമുള്ള മറ്റു മനുഷ്യരെപ്പോലെ അഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള അവകാശം ഇവർക്കും ഉണ്ട് എന്നത് നാം സൗകര്യപൂർവ്വം മറന്നു കളയുകയും ചെയ്യുന്നു!

ഭിന്നശേഷിക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുവാൻ ഉപകാരപ്രദമായ ധാരാളം നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഒക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടെങ്കിലും 'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ ഏറെയും. ഇതൊക്കെ നടപ്പിലാക്കേണ്ടവർക്ക് പോലും ഇക്കാര്യത്തിൽ വേണ്ട ധാരണയോ ഇതൊക്കെ പാലിക്കപ്പെടണം എന്ന ആത്മാർത്ഥമായ വിചാരമോ ഇല്ലാത്തത് കാരണവും, ഇതൊക്കെയും ഉത്തരവാദപ്പെട്ടവരെ നിരന്തരമായി ഓർമ്മിപ്പിക്കാനും അവകാശങ്ങൾ ചോദിച്ചു വാങ്ങാനും ഇവർക്കുള്ള പരിമിതികൾ മൂലം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ട് തങ്ങൾ ഒന്നിനും കൊള്ളാത്ത ജന്മങ്ങൾ ആണെന്ന ആത്മനിന്ദയോടെ ജീവിതം  തള്ളി നീക്കുകയാണ് ഈ അവസ്ഥയിൽ ആയിപ്പോയവരിൽ ബഹുഭൂരിപക്ഷവും.

സർക്കാർ ഓഫീസുകളും,   നിശ്ചിത അളവിനു മേൽ ഉള്ള സ്വകാര്യ  കെട്ടിടങ്ങൾ ആയാലും അവിടെ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് സുഗമമായി കയറിച്ചെല്ലാൻ റാമ്പ് സൗകര്യം നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് ഇവിടെ നിയമം ഉണ്ട്. അതല്ലെങ്കിൽ കെട്ടിടത്തിന് ലൈസൻസ് പോലും അനുവദിക്കാൻ പറ്റില്ല.  ഈ നിയമം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നത് നമുക്ക് ചുറ്റും കണ്ണോടിച്ചാൽ തന്നെ അറിയാൻ പറ്റും. രണ്ടു വർഷങ്ങൾക്ക് മുമ്പ് green palliative എന്ന സംഘടന വീൽ ചെയർ ഫ്രൻഡ്ലി സ്റ്റേറ്റ്  ക്യാമ്പയിന് തുടക്കം കുറിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട ഒരു റാലിയുടെ സമാപന ചടങ്ങിലേക്ക് അന്നത്തെ മലപ്പുറം കളക്ടറെ ക്ഷണിക്കാൻ വേണ്ടി കലക്ടറേറ്റിൽ എത്തിയപ്പോഴാണ് എത്രയോ കാലം പഴക്കമുള്ള, പലവിധ ആവശ്യങ്ങൾക്കായി നിത്യേന ഒരുപാട് പേർ വീൽചെയറിൽ എത്തുന്ന മലപ്പുറം കളക്ട്രേറ്റിൽ പോലും റാമ്പ് സൗകര്യം ഇല്ല എന്നത് അന്നത്തെ കലക്ടർ ഭാസ്കരൻ സാറിന്റെ ശ്രദ്ധയിൽ പെടുന്നത്. മനുഷ്യസ്നേഹിയായ ആ ഉദ്യോഗസ്ഥൻ ഉടനെ തന്നെ അവിടെ റാമ്പ് നിർമ്മിക്കാൻ ആളെ ചുമതലപ്പെടുത്തുകയും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും റാമ്പുകൾ നിർമ്മിക്കാനും മുകൾ നിലയിലുള്ള സർക്കാർ ഓഫീസുകളിൽ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി വീൽചെയറിൽ കഴിയുന്ന ആരെങ്കിലും വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ താഴെ ഇറങ്ങി വന്നു കക്ഷിയെ കണ്ട് വേണ്ടത് ചെയ്തു കൊടുക്കണം എന്ന്‌ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇന്ന് മലപ്പുറം കോട്ടക്കുന്ന് പാർക്ക് അടക്കം വീൽചെയർ ഫ്രൻഡ്ലി ആയി മാറിയത് അദ്ദേഹത്തിന്റെ ഉത്സാഹം മൂലം ആണ് എന്നതും സാന്ദർഭികമായി ഓർമ്മിക്കട്ടെ. അതുപോലെയാണ് ഇപ്പോൾ KSRTC ലോ ഫ്ലോർ ബസ്സുകളിൽ വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്ക് യാത്ര ചെയ്യാൻ ഏർപ്പെടുത്തിയ സൗകര്യം. അന്നത്തെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഗ്രീൻ പാലിയേറ്റിവ് നൽകിയ നിവേദന ഫലമായി സർക്കാർ അതിനു വേണ്ട ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പറഞ്ഞു വരുന്നത് ഇടപെടാനും ബോധ്യപ്പെടുത്താനും ആളുണ്ടെങ്കിൽ സർക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ന്യായമായ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ സാധിക്കും എന്നതാണ്. പക്ഷെ ശരീരം തളർന്നു വീൽ ചെയറിൽ ആയിപ്പോയ സഹജീവികളോട് പൊതു സമൂഹത്തിന്റെയും പലപ്പോഴും വീട്ടുകാരുടെയും സ്വന്തക്കാരുടെയും ഒക്കെ നിലപാട് എന്താണ് എന്നത് ആരോയുമ്പോഴാണ് വല്ലാതെ നിരാശ തോന്നുക.

ഏതൊരു രക്ഷിതാക്കൾക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ഒരുപാട്  സ്വപ്നങ്ങളും സങ്കല്പങ്ങളും ഉണ്ടാകും. കളിയും ചിരിയും കുസൃതികളുമായി വളരുന്ന ഓമനപൈതലിന്റെ ചിത്രമായിരിക്കും എപ്പോഴും ഉള്ളിൽ. പക്ഷെ പിറന്നു വീഴുന്നത് ശാരീരികമായോ ബുദ്ധിപരമായോ വെല്ലുവിളി നേരിടുന്ന  ഒരു കുഞ്ഞാണെങ്കിൽ അന്ന് മുതൽ ആ മാതാപിതാക്കളുടെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നെന്നേക്കുമായി അസ്തമിക്കുകയാണ്.

പരാശ്രയമില്ലാതെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആ കുഞ്ഞിനുവേണ്ടി അവരുടെ ജീവിതം ഉഴിഞ്ഞു വെക്കുന്നു. ചിലപ്പോഴെങ്കിലും ഇങ്ങനെ ഒരു കുഞ്ഞു പിറന്നതിന്റെ 'കുറ്റം' മതാവിൽ ചാരി ഇട്ടേച്ചു പോകുന്ന പിതാക്കൾ ഉണ്ട്. അതുപോലെ കുടുംബം പുലർത്താൻ പിതാവ് വിദേശത്തു ജോലി ചെയ്യുക ആണെങ്കിലും വീടിന്റെ ചുമതലയോടൊപ്പം ഈ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതല മതാവിൽ മാത്രം അർപ്പിതമാവുകയാണ്. മറ്റു കുഞ്ഞുങ്ങളെക്കാളും സ്നേഹത്തോടെയും കരുതലോടെയും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ പരിചരിക്കാൻ മാതാവിന് യാതൊരു മടിയും ഉണ്ടാവാറില്ല. എന്നാൽ കൂട്ടു കുടുംബത്തിൽ പോലും പലപ്പോഴും ഇങ്ങനെയുള്ള കുട്ടികളുടെ കാര്യത്തിൽ അടുത്ത ബന്ധുക്കളുടെ പോലും സഹകരണം ഉണ്ടാവാറില്ല. എന്നാൽ കുട്ടികളുടെ ഭാഗത്തു നിന്നും അനിഷ്ടകാരമായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ-പ്രത്യേകിച്ചും ബുദ്ധിമാന്ദ്യമോ ഓട്ടിസമോ ഉള്ള മക്കളിൽ നിന്ന്- വളരെ കർശനമായും ക്രൂരമായും ഇടപെടുന്ന വീട്ടുകാർ പോലും ഉണ്ട്. സഹതാപമോ പരിഹാസമോ നിറഞ്ഞ ചോദ്യങ്ങളും നോട്ടങ്ങളും നേരിടാനുള്ള മടികൊണ്ട് ബന്ധുവീടുകളിലെ വിശേഷങ്ങളിൽ പോലും ഇങ്ങനെ ഉള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾക്ക് മടിയാണ്.

ശരിയായ ചികിത്സ ലഭിച്ചാൽ വളരെ മാറ്റം ഉണ്ടാകുന്ന അവസ്ഥയിൽ ഉള്ള കുട്ടികളുടെ കാര്യത്തിൽ പോലും ബന്ധുക്കളുടെയും അയൽവാസികളുടെയും തെറ്റായ ഉപദേശങ്ങൾ കൊണ്ട് ഫലപ്രാപ്തി ഇല്ലാത്ത ചികിത്സകൾക്കും മന്ത്രവാദങ്ങൾക്കും ഒക്കെ പോയി കൂടുതൽ വഷളായ അവസ്ഥകളിൽ എത്തുന്നവർ ഉണ്ട്. ഇങ്ങനെ ഉള്ള കുട്ടികൾക്ക് വേണ്ട പരിശീലനങ്ങളും പരിചരണങ്ങളും ലഭിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളിൽ കുഞ്ഞുങ്ങളെ വിടാൻ  നിത്യവും പോകേണ്ടി വരുന്ന ഉമ്മമാർ  പലപ്പോഴും നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ കുറ്റപ്പെടുത്താലും ബന്ധുക്കളുടെ ഉപദേശവും കൊണ്ടു മാനസികമായി തകർന്നു പോകാറുണ്ട്. ഈ കുട്ടികൾ വളർന്നു വരുംതോറും മാതാപിതാക്കളുടെ ഉള്ളിൽ ആധി പെരുകുകയാണ്. തങ്ങളുടെ കാലശേഷം ഈ മക്കളെ ആരു തിരിഞ്ഞു നോക്കും എന്ന ചിന്ത, പെൺകുട്ടികൾ ആണെങ്കിൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുമോ എന്ന പേടി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ജനിച്ച ഓരോ മാതാപിതാക്കളും നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ ചെറിയൊരു അംശം മാത്രമാണ് ഈ എഴുതിയത്.

ബുദ്ധിയും തിരിച്ചറിവും ചിന്തയും എല്ലാം ഉണ്ടായിട്ടും ശരീരം തളർന്നു ചലനശേഷി നഷ്ടപ്പെട്ടതിനാൽ  സമൂഹത്തിന്റെ അവഗണന അനുഭവിക്കേണ്ടി വരികയാണ് ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിപ്പോയവർ.  ജന്മനാ അല്ലെങ്കിൽ കുഞ്ഞുന്നാളിലെ രോഗം വന്ന് ഈ അവസ്ഥയിൽ ആയിപ്പോയവരെ ഉപയോഗശൂന്യമായ ഒരു വസ്തു എന്ന നിലയിൽ ആണ് നമ്മുടെ സമൂഹം പൊതുവെ കാണുന്നത്. അങ്ങനെയുള്ള വ്യക്തികളെ അടുത്തറിയാനോ അവരുടെ കഴിവുകളെയും ചിന്തകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ചു മനസ്സിലാക്കാനോ ആരും ശ്രമിക്കാറില്ല. എന്തിന് വീട്ടിൽ വിരുന്നു വരുന്നവർ പോലും ഇങ്ങനെ കിടപ്പിലായിപ്പോയവരെ പലപ്പോഴും കാണാനോ ശ്രദ്ധിക്കാനോ മെനക്കെടാറില്ല. പോളിയോ ബാധിച്ച താൻ വീട്ടു വരാന്തയിൽ ഇരിക്കുന്നതിനാൽ സഹോദരങ്ങൾക്ക് വന്ന വിവാഹാന്വേഷണങ്ങൾ ഒക്കെ മുടങ്ങിപ്പോയതിനെ കുറിച്ചും, അങ്ങനെ വീട്ടിലേക്ക് ആരെങ്കിലും വരുമ്പോൾ അകമുറിയിൽ ഒളിച്ചിരുന്നതിനെ കുറിച്ചും പെരുവണ്ണാമൂഴിയിലെ ജോൺസനെ കുറിച്ചുള്ള ജീവിതക്കുറിപ്പിൽ കാണാം. ഈ അനുഭവം ഒട്ടേറെപ്പേർക്ക് ഉള്ളതാണ്.  തങ്ങളുടേതല്ലാത്ത കുറ്റത്തിന് ക്രൂരമായി ശിക്ഷിച്ചു രസിക്കുന്ന സമൂഹമാണ് പലപ്പോഴും ശരീരം തളർന്നു പോയവരെ മാനസികമായും തളർത്തുന്നത്.

ശരീരം കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ എളുപ്പം കഴിയില്ലെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് ഉയരങ്ങളിൽ ചിന്തിക്കുന്ന, ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആളുകളാണ് വീൽചെയറിൽ കഴിയുന്നവരിൽ ഏറെയും. പഠിക്കാനും തൊഴിൽ പരിശീലനത്തിനും സർഗ്ഗപരമായ കഴിവുകളെ വളർത്താനും വേണ്ട സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ചെയ്തു കൊടുത്താൽ സാധാരണ ആളുകളെക്കാളും മികച്ച രീതിയിൽ ഈ രംഗങ്ങളിൽ ശ്രദ്ധേയരാവൻ ഇവർക്ക് പറ്റും. അങ്ങനെ അവരിൽ ആത്മവിശ്വാസം വളർത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിക്കും. ശരീരം തളർന്നു പോയവർക്ക് വേണ്ട മികച്ച പരിചരണ രീതികളും ചികിത്സയും അവർക്ക് ചെയ്യാൻ  കഴിയുന്ന തൊഴിലുകളുടെയും കാര്യത്തിൽ വിദേശ രാജ്യങ്ങളൊക്കെ ഏറെ മുന്നേറി കഴിഞ്ഞെങ്കിലും നാമിപ്പോഴും പിറകിൽ ആയിപ്പോകാൻ ഉള്ള കാരണം നമ്മുടെ സമൂഹത്തിന്റെ മനോഭാവവും അധികാര കേന്ദ്രങ്ങൾക്ക് ഈ കാര്യത്തിൽ ഉള്ള അലസതയും ആണ്. സർക്കാർ ആയാലും പൊതുസമൂഹം ആയാലും സഹതാപത്തോടെ ചുരുട്ടി വെച്ചു കൊടുക്കുന്ന ഏതാനും നോട്ടുകൾ കൊണ്ട് നമ്മുടെ കടമ തീർന്നു എന്നതാണ് പൊതുധാരണ. സത്യത്തിൽ അതിലൂടെ ഈ അവസ്ഥയിൽ ആയിപ്പോയവരെ മടിയന്മാരും കർമ്മവിമുഖരും ആക്കി തീർക്കുക കൂടിയാണ് നാം പലപ്പോഴും ചെയ്യുന്നത്. സാമ്പത്തിക സഹായം നൽകേണ്ടത് അലസരായി ജീവിക്കുവാൻ വേണ്ടിയവരുത്.  അവർക്ക് വേണ്ട ഉപജീവന മാർഗ്ഗം ഒരുക്കുവാൻ വേണ്ടി ആവണം. 

മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിക്കാനാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അവരുടെ കൂടി ആത്മാഭിമാനം ഇല്ലാതാക്കുന്ന രീതിയിൽ ആണ് പലപ്പോഴും സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഇടപെടലുകൾ.

നമ്മുടെ ആരാധനാലയങ്ങളും വായനാശാലകളും ലൈബ്രറികളും വിനോദ കേന്ദ്രങ്ങളും  പൊതുവാഹനങ്ങളും  വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒക്കെ ഇവർക്ക് കൂടി യഥേഷ്ടം എത്തിച്ചേരാൻ സൗകര്യപ്പെടുന്ന വിധത്തിൽ ആയിത്തീരണം. ജീവിതം തന്നെ മടുത്തു ഒറ്റപ്പെട്ടു പോകുന്നവർക്ക് മാനസികമായി ലഭിക്കുന്ന വലിയൊരു തുറവാകും അത്.  കോടികൾ ചെലവഴിച്ചു നാം നിർമ്മിക്കുന്ന പള്ളികൾ നമസ്കാരം കഴിഞ്ഞു തിരക്കിട്ടോടുന്നവരെ കൊണ്ടു നിറയുമ്പോൾ ഏറെ നേരം ഈ പള്ളികൾക്കകത്ത് ഇരിക്കാൻ കൊതിക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴും പള്ളികളുടെ പടിക്കെട്ടുകൾ തടസ്സമായതിനാൽ പുറത്താണ്. കമനീയമായി നിർമ്മിച്ച അല്ലാഹുവിന്റെ ഭവനങ്ങൾ ദൂരെ നിന്നും  കണ്ടു നെടുവീർപ്പിടാൻ മാത്രം വിധിക്കപ്പെട്ടവർ. അവരിൽ പലരും ഒരു കാലത്ത് നമ്മെപ്പോലെ ഓടിച്ചാടി പള്ളികളിൽ വന്നവരാണ്. ഓരോ വക്ത്തിലും ഉത്സാഹത്തോടെ മുൻ നിരയിൽ നിവർന്ന് നിന്ന് നമസ്കരിച്ചവർ ആണ്. അപകടമോ രോഗമോ മൂലം ശരീരം തളർന്നു പോയതിനാൽ അല്ലാഹുവിന്റെ ഭവനം പോലും അവർക്ക് നിഷേധിക്കപ്പെട്ടു പോവുക എന്നത് എത്ര വേദനാജനകമാണ്. മഹല്ല് കമ്മറ്റികളിലും പള്ളി പരിപാലനത്തിലും അഭിപ്രായങ്ങളും ചിന്തകളും പങ്കുവെക്കാൻ അവർക്കും അവസരം നൽകേണ്ടതില്ലേ. വീൽ ചെയറിൽ ഇരുന്നു കൊണ്ടു അവർക്ക് ചെയ്യാവുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അവർക്കും സാധിക്കും.

വീൽചെയറിൽ ആയിപ്പോകുന്ന പുരുഷന്മാർ അനുഭവിക്കുന്നതിലും ഒറ്റപ്പെടലും വേദനയുമാണ് ശരീരം തളർന്നു പോയ സ്ത്രീകൾ അനുഭവിക്കുന്നത്. ഒരു പുരുഷന് കിട്ടുന്ന പരിഗണനയോ പരിചരണമോ ഒരു സ്ത്രീക്ക് പലപ്പോഴും സ്വന്തം വീട്ടിൽ നിന്ന് പോലും ലഭിക്കുന്നില്ല. പുതിയ കാലത്ത്, കിടപ്പിലായവരും വീൽചെയറിൽ ആയിപ്പോയവരും ആയ വ്യക്തികൾക്ക് മൊബൈൽ ഫോൺ വലിയൊരു ആശ്വാസമാണ്. കൂട്ടായ്മകൾ ഉണ്ടാക്കുവാനും വിളിച്ചും മെസേജിലൂടെയും ബന്ധപ്പെടാനും പല കാര്യങ്ങളും ചെയ്യുവാനും അവർക്ക് അവസരമുണ്ട്. എന്നാൽ ഇതിനൊക്കെ സ്ത്രീകൾക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. വിവാഹിതനായ ഒരു പുരുഷൻ അപകടത്തിൽ പെട്ട് ശരീരം തളർന്നു കിടപ്പിലായാൽ അയാളെ മരണം വരെ ശുശ്രൂഷിച്ചു കൂടെ നിൽക്കാൻ പ്രിയതമയുണ്ടാകും. എന്നാൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഈ അവസ്‌ഥ വന്നാൽ ഇങ്ങനെ ആവണം എന്നില്ല. എത്രയും പെട്ടെന്ന് ഭർത്താവ് വേറെ വിവാഹം കഴിക്കുകയും ഇത്ര കാലം കൂടെ നിന്ന ഭാര്യയെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലേക്ക് ഇട്ടെറിഞ്ഞു പോകുന്നവരും ഉണ്ട്. ഒരു രോഗം വന്നാലോ മറ്റെന്തെങ്കിലും അവശ്യത്തിനോ ഈ അവസ്ഥയിൽ ഉള്ള ഒരു പുരുഷനെ പോലെ എളുപ്പമല്ല സ്ത്രീക്ക് പുറത്തു പോവാൻ. ആരോടും പറയാതെ ഉള്ളിലൊതുക്കിയ സങ്കടങ്ങളുടെ അഗ്നിപർവ്വതങ്ങൾ ആണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീകളുടെ ഉള്ള്. ആശുപതി അകങ്ങൾ പോലും റാമ്പിന് അപ്പുറം വീൽ ചെയറിൽ ആയിപ്പോയവർക്ക് ഒട്ടും സൗകര്യപ്രദമല്ലാത്ത രീതിയിൽ നിർമ്മിച്ച നമ്മുടെ നാട്ടിൽ ആരാണ് ഇതേ കുറിച്ചൊക്കെ ചിന്തിക്കുന്നത്.

വിധി എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് നമുക്കിതൊക്കെ സൗകര്യപൂർവ്വം കണ്ടില്ലെന്നു നടിക്കാം. വാഹനാപകടങ്ങൾ നിത്യ സംഭവം ആകുന്ന ഈ കാലത്ത് ഈ അവസ്ഥയൊക്കെ ആർക്കും എപ്പോൾ വേണമെങ്കിലും ആവാം എന്നു നാം ഓർക്കാറില്ല. തിരക്ക് പിടിച്ചോടുന്ന നമ്മുടെ ലോകത്ത് പാതിവഴിയിൽ വീണുപോയവരെ തിരിഞ്ഞു നോക്കാൻ ആർക്കും നേരമില്ലല്ലോ.

ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു എന്നത് കൊണ്ട് ഒരാളും ഒന്നിനും കൊള്ളാതാവുന്നില്ല. സ്റ്റീഫൻ ഹോക്കിങ്‌സ് മുതൽ ഇങ്ങു നമ്മുടെ തൊട്ടടുത്തു ജീവിക്കുന്ന റഈസും മാരിയത്തും ജെസ്‌ഫറും അടക്കമുള്ള ഒരുപാട് മനുഷ്യർ തങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷവും സമൂഹത്തിനു വേണ്ടി കർമ്മോന്മുഖമായി തീർക്കുന്നത് നമുക്ക് അറിയാം. നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. ചലനശേഷി നഷ്ടപ്പെട്ടവർക്കായാലും ഭിന്നശേഷിക്കാർക്കായാലും വേണ്ടത് നമ്മുടെ  സഹതാപമോ ഔദാര്യമോ അല്ല. സാധാരണ മനുഷ്യർ എന്ന നിലയിൽ ഉള്ള പരിഗണനയാണ്. അവരെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നത് നമ്മുടെ ബാധ്യത മാത്രമാണ്. ചേർത്തു പിടിക്കാനും കൈ പിടിച്ചു നടത്താനും ഉള്ളൊരു മനസ്സുണ്ടായാൽ അവകാശപ്പോരാട്ടങ്ങളിൽ  അവരോടൊപ്പം നിൽക്കാനുള്ളൊരു ഹൃദയം ഉണ്ടായാൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കും. സാധിക്കണം അത് ഓരോ മനുഷ്യന്റെയും കടമയാണ്. പ്രത്യേകിച്ചും വിശ്വാസികളുടെ.
_________________
(മഅദിൻ പ്രസിദ്ധീകരണമായ 'ഉറവ' മാസികയ്ക്ക് വേണ്ടി എഴുതിയത്)

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ