Monday, October 13, 2014

അല്‍പം ‘പത്തിരി’ പുരാണംമലബാറിലെ തീന്‍മേശകളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇന്നും ‘പത്തിരി’. കോഴിക്കോട്ടുകാരുടെ അതിഥി സല്‍കാരത്തിന് പത്തിരിയുടെ രുചിയും മാര്‍ദ്ദവവും ഉണ്ട്. കോഴിക്കോട് മാത്രമല്ല കണ്ണൂരും മലപ്പുറത്തും ഒക്കെ പത്തിരി പ്രമാണി തന്നെ.

പച്ചരി പൊടിച്ച് കുഴച്ച് നേരിയതായി പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുന്ന പത്തിരിയുടെ ചരിത്രം എന്താണ് എന്ന വെറും ഒരു അന്വേഷണമാണ് ഈ പോസ്റ്റ്‌. ആധികാരികം അല്ല എന്ന് മുന്‍‌കൂര്‍ ജാമ്യത്തോടെ.

മലബാറിലെ മാപ്പിളവിഭവങ്ങള്‍ക്കും തീറ്റയൊരുക്കങ്ങള്‍ക്കും അറബികളുമായി  ബന്ധമുണ്ട്. നൂറ്റാണ്ടുകളോളം  കച്ചവട ആവശ്യത്തിന് മലബാറില്‍ വരികയും മാസങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്ത അറബികളുടെ ഭക്ഷണ രീതികളും സല്‍ക്കാര രീതികളും ഇവിടെയുള്ളവരും സ്വായത്തമാക്കിയിരിക്കാം.. നെയ്യും മാംസവും എണ്ണയും മധുരവും ഒക്കെ ചേര്‍ത്തുള്ള പലഹാരങ്ങള്‍ അറബികള്‍ക്ക് പ്രിയങ്കരമാണല്ലോ. മലബാര്‍ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങള്‍ക്കും ഇതൊക്കെ തന്നെയാണ് കൂട്ട്. ആ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള ഭക്ഷ്യവിഭവമാണ് പത്തിരി.

ബ്രേക് ഫാസ്റ്റ് എന്ന് ഏകദേശ അര്‍ഥം വരുന്ന ‘ഫതീര്‍’ എന്ന വാക്കില്‍ നിന്നായിരിക്കണം പത്തിരിയുടെ ഉത്ഭവം. (ഇഫ്താര്‍ എന്ന പദവും ഉത്ഭവിക്കുന്നത് ഈ വാക്കിന്‍റെ ധാതുവില്‍ നിന്നാണ്). ഫതീര്‍ എന്ന പേരില്‍ പ്രഭാതത്തില്‍ കഴിക്കുന്ന ഒരു പലഹാരം ഇന്നും ഗള്‍ഫ് നാടുകളില്‍ ഉണ്ടല്ലോ.

അറബികള്‍ ധാന്യങ്ങള്‍  പൊടിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഉപകരണമാണ് ‘ആസ് കല്ല്‌’. പ്രവാചക പുത്രി ഫാത്വിമ(റ:അ) യുടെ കൈകള്‍ വീട്ടുജോലി ചെയ്ത് ആസ്കല്ല്‌ പിടിച്ചു തഴമ്പിച്ചതായി ഒരു ഹദീസില്‍ കാണാം. ധാന്യം പൊടിക്കുന്ന വിദ്യ അന്നേ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കം. (കുവൈത്തിലെ പഴയ അഞ്ച് ദിനാര്‍ നോട്ടില്‍ ആസ്കല്ലിന്‍റെ ചിത്രമുണ്ട്. കുവൈത്തിന്‍റെ ഇന്നലകളെ ചിത്രീകരിച്ചതില്‍).

അപ്പോള്‍ ‘പത്തിരി’ എന്ന നമ്മുടെ ഇഷ്ടവിഭവം ഫതീറില്‍  നിന്ന് വന്നതാവണം എന്ന് അനുമാനിക്കാം.. കാലങ്ങള്‍ കൊണ്ട് നമ്മുടെതായ രീതിയിലേക്ക് അതിനെ മാറ്റിയെടുത്തിരിക്കാം. പത്തിരി മാത്രമല്ല നമ്മുടെ തീന്മേശകളില്‍ തനതു കേരളീയ ഭക്ഷണം എന്ന് പറയാന്‍ പറ്റിയ സംഗതി ഏറെയൊന്നും ഇല്ല എന്നതാണ് സത്യം. ഇന്ന് ബര്‍ഗറും സാന്റ്വിച്ചും പോലെ അന്യ ദേശത്ത് നിന്നും പണ്ട് വന്ന പലതുമാണ് നമ്മുടെ രുചികളെ തൃപ്തിപ്പെടുത്തുന്നത്.

മണ്‍കുടവും മുളംകുറ്റിയും ഉപയോഗിച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന നമ്മുടെ പാവം പുട്ടിന് പോലും ഏറെക്കാലത്തെ പാരമ്പര്യം ഇല്ല എന്നതല്ലേ നേര്. നെല്ലും നാളികേരവും ഒക്കെ കേരളത്തില്‍ വ്യാപകമായിട്ട്‌ അഞ്ചാറ് നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ എന്ന് ചരിത്രകാരന്മാര്‍ പറയുമ്പോള്‍ അങ്ങനെയാണല്ലോ ഊഹിച്ചെടുക്കേണ്ടത്. (ജാതി വിവേചനം അനുഭവിച്ച ഒരു പലഹാരം കൂടി ആയിരുന്നല്ലോ പുട്ട് പഴയ കാലത്തെ സവര്‍ണ്ണര്‍ ഈ കീഴാള ഭക്ഷണത്തെ കണ്ടിയപ്പം എന്ന് വിളിച്ചിരുന്നുവത്രേ) പത്തിരി തന്നെയും തുടക്കത്തില്‍ അരിപ്പൊടി കൊണ്ടായിരിക്കുമോ. അറബികളുടെ ചരിത്രത്തില്‍ ഗോതമ്പ്പൊടി അല്ലാതെ അരിപ്പൊടി കുറവാണല്ലോ.

ടെലിവിഷനിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ രുചി വൈവിധ്യങ്ങളെ കുറിച്ച് അറിയാനും പരീക്ഷിക്കാനും നമുക്കിന്ന് എളുപ്പമുണ്ട്. പക്ഷെ കാലങ്ങളായി നാം പിന്തുടരുന്ന ഭക്ഷ്യശീലങ്ങള്‍ രുചിയും ആരോഗ്യവും മാത്രമല്ല,  കാലങ്ങള്‍ കൊണ്ട് വിവിധ ദേശക്കാരുമായുള്ള ഇടപഴകലുകളിലൂടെ ലഭിച്ചത് കൂടിയാണ്.

നമ്മുടെ തീന്മേശയിലെ വിഭവങ്ങള്‍ പറഞ്ഞു തരുന്നത് വിവിധ നാടുകളിലെ ആളുകളുടെ സ്വഭാവ രീതികളും കാലാവസ്ഥയും സമ്പദ്സ്ഥിതിയും ആഹാരരീതിയും ഒക്കെയാണ്. ഭക്ഷണം വിശപ്പടക്കാന്‍ മാത്രമല്ല മനുഷ്യസമൂഹത്തിന്റെ വിവിധസംസ്കാരങ്ങളെ കുറിച്ച് പഠിക്കുവാന്‍ കൂടി ഉള്ളതാണ് എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യര്‍ ഭിന്നിച്ചും തമ്മിലടിച്ചും പരസ്പര വിദ്വേഷത്തോടെ  അകലാന്‍ ഉത്സാഹിക്കുന്ന  ഈ കാലത്ത്, കൊണ്ടും കൊടുത്തും പരസ്പരം പങ്കുവെച്ചും വളര്‍ന്നു വന്ന മഹത്തായ മനുഷ്യസംസ്കാരത്തെ നാം അറിയാന്‍ ശ്രമിക്കണം. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ അടിസ്ഥാനരുചി സഹവര്‍ത്തിത്വത്തിന്‍റെതാണ്. അതില്‍ മനുഷ്യനന്മ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു.


Thursday, August 21, 2014

കണാരേട്ടന്‍റെ നാട്ടിലെ ചിത്രങ്ങള്‍

കണാരേട്ടന്‍റെ ചിരിയാണ് ആ വൈകുന്നേരം അയാളെ ബസ്സില്‍ നിന്ന്  അവിടെ ഇറക്കിയത്. പഴയ പീടികമുറിക്ക് മുകളിലെ പുറം ചുവരില്‍ മാറാലയും പൊടിയും പിടിച്ച് മങ്ങിപ്പോയ ചിത്രത്തില്‍ കണാരേട്ടന്‍ ചിരിച്ചു. കാതിലെ കല്ല്‌ വെച്ച കടുക്കനും പൂവെണ്ണ തേച്ച് പിറകോട്ട് പറ്റനെ ചീകി വെച്ച മുടിയും ചിരിച്ചു. കരിക്കട്ടയും കളര്‍ ചോക്കും കൊണ്ട്  അയാള്‍ തന്നെയാണ് ആ ചിത്രം വരച്ചതും. 

അയാളും കൂട്ടരും ഈ നാട്ടില്‍  ദിവസങ്ങളോളം തമ്പടിച്ച് സൈക്കിള്‍ യജ്ഞവും റിക്കാര്‍ഡ് ഡാന്‍സും അഭ്യാസപ്രകടനങ്ങളും നടത്തി ആളുകളെ വിസ്മയിപ്പിച്ചിരുന്നു. അതിപ്പൊ ഒരു  മുപ്പത്തഞ്ച് കൊല്ലമെങ്കിലും കഴിഞ്ഞുകാണും. ചെറുപ്പക്കാരനായ അയാളായിരുന്നു കൂട്ടത്തിലെ സാഹസികനായ അഭ്യാസി. നിരത്തി വെച്ച ട്യൂബ് ലൈറ്റുകള്‍ക്ക് മേലെ മലര്‍ന്നു കിടന്ന് നെഞ്ചിലേക്ക് പാറക്കല്ല് ശക്തിയായി ഇടുന്നതും. തലയില്‍ വെച്ച പാത്രത്തില്‍ ചായ തിളപ്പിക്കുന്നതും, മണ്ണിട്ട്‌ മൂടിയ കുഴിയില്‍  മണിക്കൂറുകളോളം കിടക്കുന്നതും ...........

അയാളൊരു മികച്ച ചിത്രകാരനൊന്നും ആയിരുന്നില്ലെങ്കിലും ഇത്രയും ജീവസ്സുറ്റൊരു ചിത്രം തന്‍റെ ജീവിതത്തില്‍ വേറെ വരച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. സ്നേഹം കൊണ്ട് തോല്‍പ്പിച്ചു കളഞ്ഞ ആ മനുഷ്യനും നാട്ടുകാര്‍ക്കും പകരം കൊടുക്കാന്‍ അയാളുടെ കയ്യില്‍ വേറെയൊന്നും ഉണ്ടായിരുന്നില്ല. 


ഉള്ളില്‍ വല്ലാതെ ആഹ്ലാദം ഉണ്ടാക്കുന്ന അനുഭവങ്ങളെയാണ്‌ അപൂര്‍വ്വമാണെങ്കിലും അയാള്‍ വരച്ചിരുന്നത്. അതൊക്കെയും ഇതുപോലെ ഏറെ ആളുകള്‍ കാണുന്ന ഇടങ്ങളില്‍ ആയിരുന്നു.  ചിത്രം കാണുന്നവരൊക്കെ  അതിലൂടെ  ആ സന്തോഷം  അനുഭവിക്കണമെന്നും ചിത്രങ്ങളൊക്കെ മനുഷ്യനെ ആഹ്ലാദിപ്പിക്കണം  എന്നുമുള്ള  ചിന്തയാണ്  അയാളെക്കൊണ്ട് വരപ്പിച്ചത്. പുഴയും കുന്നും വയലും ചിത്രശലഭങ്ങളും പോലെ കണാരേട്ടനാണ് ഈ നാട്ടിന്‍പുറത്ത് അയാളുടെ മനസ്സിനെ കീഴടക്കിയത്. അല്ലെങ്കില്‍ ആ ദേശത്തിന്‍റെ പ്രതിരൂപമായിരുന്നു കണാരേട്ടന്‍.

മറ്റിടങ്ങളില്‍ നിന്ന് കിട്ടുന്നതിലും കൂടുതല്‍ പണം അവര്‍ക്ക് ഈ നാട്ടില്‍  നിന്ന് കിട്ടിയിരുന്നെങ്കിലും,  അയാളിലെ സാഹസികനായ അഭ്യാസിയെ ഇവിടം ഒരിക്കലും സന്തോഷിപ്പിച്ചിരുന്നില്ല. ആളുകളെ വിഹ്വലരാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സാഹസികാഭ്യാസങ്ങള്‍ ആണ് അയാളെ എവിടെയും ശ്രദ്ധേയനാക്കിയത്. പുറത്ത് തറച്ച കുപ്പിച്ചീളുകളുമായി  പുഞ്ചിരിയോടെ കൈ വീശുമ്പോഴും മണിക്കൂറുകള്‍ക്ക് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്ത ശേഷം കണ്ണുകള്‍ മെല്ലെ മെല്ലെ തുറന്ന് എഴുന്നേറ്റ് വരുമ്പോഴും ആളുകള്‍ ഉയര്‍ത്തുന്ന കൈയ്യടിയില്‍ അയാള്‍ സ്വയം മറന്നുപോയിരുന്നു.

പക്ഷെ ഇവിടെ മാത്രം ഒരിക്കലും അയാള്‍ക്ക് അങ്ങനെ ഒരു കയ്യടി കിട്ടിയില്ല. “നിരത്തിവെച്ച കുപ്പിച്ചില്ലുകള്‍ക്കുമേല്‍ നെഞ്ചില്‍ പാറക്കല്ലുമായി.....” എന്ന അനൌണ്‍സ് തുടങ്ങുമ്പോഴേ അതുവരേക്കും കുട്ടികളെ അടക്കി ഇരുത്താനും പെണ്ണുങ്ങള്‍ക്ക് കളി കാണാന്‍ പീടിക ഇറയത്ത്‌ സൗകര്യം ഒരുക്കാനും ഒക്കെ മുന്നിലുണ്ടായിരുന്ന കണാരേട്ടന്‍ ചാടി വീഴും.

“കുഞ്ഞിമ്മക്കളെ അത് മാത്രം ഇവ്ട  മാണ്ട........ഇങ്ങള് വേറെ എന്ത് കളി മാണെങ്കിലും കളിച്ചോ... മേത്ത് ചോര പൊടിയുന്ന കളി മാത്രം മാണ്ട....ഇതൊക്കെ ഇങ്ങക്ക് കുടുംബം പോറ്റാന്‍  വേണ്ടി  അല്ലെ....ഞാന്‍ പിരിപ്പിച്ചു തരാം പൈശ...”
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ ഗംഭീരമാക്കാന്‍ ഒരു സാഹസിക അഭ്യാസത്തിനും സമ്മതിക്കാതെ  കണാരേട്ടന്‍ നിത്യവും ആള്‍ക്കൂട്ടത്തിനു മുന്നില്‍ തോളിലെ തോര്‍ത്ത്‌ നീട്ടി പിരിവെടുത്തു. മനസ്സ് കിടുങ്ങിപ്പോകുന്ന കാഴ്ചകള്‍ കാണാന്‍ താല്‍പര്യം ഇല്ലാതിരുന്ന നാട്ടുകാര്‍ സന്തോഷത്തോടെ നോട്ടും ചില്ലറയും കൂമ്പാരമായി നല്‍കി.

സൈക്കിള്‍യജ്ഞവും ചെറിയ അഭ്യാസങ്ങളും റിക്കാര്‍ഡ് ഡാന്‍സും അവര്‍ ആസ്വദിച്ചു. ‘ഒരുകാശൊരുകാശൊരു കാശ് തരണേ ഒരുപിടി ചോറിനുള്ള കാശു തരണേ...’ എന്ന അന്ധയായ കുട്ടിയുടെ  പാട്ട് വെച്ച് പിച്ചക്കാരെപ്പോലെ കൈനീട്ടിയപ്പോള്‍ കുഞ്ഞിന്‍റെ വിധിയോര്‍ത്ത്  അവര്‍ കരഞ്ഞു.  ‘കൊളമ്പിലേക്ക് ആണി കയറ്റുന്ന’ കല്യാണ ചെറുക്കന്‍റെ നാടകം കണ്ട് തലമറന്ന് ചിരിച്ചു. ‘ആരാന്റമ്മ പെറ്റ മക്കളേ എന്ന് മൈക്കിലൂടെ നീട്ടി വിളിച്ചപ്പോള്‍ ‘ഓഓഓഓഓ.....’ എന്ന് നീട്ടി വിളികേട്ടു.....

എന്നാലും കണാരേട്ടന്‍ തരം കിട്ടുമ്പോഴൊക്കെ ഉപദേശിച്ചു.
“ഇങ്ങള് വേറെ എന്തെങ്കിലും പണി എടുത്ത് ജീവിക്കാന്‍ നോക്ക് മക്കളേ....ഈ അപകടം പിടിച്ച കളീം കൊണ്ട് നടക്കാതെ....”
എങ്കിലും ആള്‍ക്കൂട്ടം കാണുമ്പോള്‍ അഭ്യാസങ്ങള്‍ കൊണ്ട് അവരെ അത്ഭുതപ്പെടുത്താന്‍ ശരീരം കൊതിക്കും. സാഹസികതയുടെ യുക്തിയൊന്നും കണാരേട്ടന് കേള്‍ക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.
“ഇങ്ങക്കെന്താ ഇക്കിട്ടുന്ന പൈശോന്നും മതിയാകായിറ്റാ................പറ ഇതിലും കൂടുതല്‍ ഞാന്‍ പിരിച്ചു തരാ........ പെണ്ണും കുട്ട്യേളും ഇല്ലാത്ത നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ലാ...  എന്തായാലും  ഇക്കളി ഞാന്‍ സമ്മയിക്കൂലാ... ..”
ക്ഷോഭിക്കുമ്പോള്‍ കണാരേട്ടന്‍റെ കാതുകളിലെ ചുവന്ന കല്ലുവെച്ച കടുക്കന്‍ വിറച്ചു. മുടിയിഴകള്‍ നെറ്റിയിലേക്ക് തെറിച്ചു  കിടന്നു.

പീടികമുറിക്ക് മുകളില്‍ ശുദ്ധനായ കണാരേട്ടന്‍റെ ചിത്രം അതിലേറെ ശുദ്ധരായ നാട്ടുകാരുടെ മുന്നില്‍വെച്ച് വരച്ചത് കളിയുടെ അവസാന ദിവസമാണ്. ചിത്രം കണ്ട് അതിശയപ്പെട്ട് നിന്ന കണാരേട്ടനോടും നാട്ടുകാരോടുമായി അയാള്‍ പറഞ്ഞു.
“കണാരേട്ടാ എന്നെങ്കിലും ഈ നാട്ടില്‍ വന്ന് അഭ്യാസങ്ങള്‍ കൊണ്ട് നിങ്ങളെ ഞാന്‍ അതിശയപ്പെടുത്തും................അതെന്‍റെ ആഗ്രഹാ”
“അതിന് ഞാളെയൊക്കെ കാലം കഴിയട്ടെ മോനെ...................ഒരാക്ക് അപകടം പറ്റ്ന്ന കളി കണ്ട് നോക്കി നിക്കാനും ചോര കണ്ട് സന്തോശിക്കാനും ഞാക്ക് പറ്റൂലാ...”
“നിങ്ങളെയൊക്കെ പ്രാര്‍ത്ഥന ഉള്ളപ്പോ എങ്ങനെയാ കണാരേട്ടാ അപകടം പറ്റ്വാ........ആ കരുതല് പോരേ ഞങ്ങക്ക്”

കൂട്ടത്തിലെ പെണ്ണായി നടിക്കുന്ന  ഉത്തമനെയും കൊണ്ട്  മെഡിക്കല്‍കോളേജിലായ സമയത്താണ് കണാരേട്ടന്‍ മരിച്ച വാര്‍ത്ത അറിഞ്ഞത്. വരാന്തയില്‍ ഉറങ്ങാന്‍ വിരിച്ച പത്രക്കടലാസിന്‍റെ ചരമകോളത്തില്‍ കണാരേട്ടന്‍ ചിരിച്ചു.

കാലം ഈ നാട്ടിനും  ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചെറിയൊരു ടൌണ്‍ തന്നെ.  കണാരേട്ടന്‍റെ  ചിത്രമുള്ള എടുപ്പിന് താഴെ ഉണ്ടായിരുന്ന നിരപ്പലകയിട്ട പീടികകള്‍ ഒക്കെ മാറി ഷട്ടറിട്ട പുതിയ ഷോപ്പുകള്‍. തൊട്ടു പിറകിലെ മുമ്പ് സൈക്കിള്‍യജ്ഞം നടത്തിയ പറമ്പില്‍ വലിയൊരു ഷോപ്പിംഗ്‌ കോംപ്ലക്സ്‌. അപ്പുറത്തെ കാട് മൂടിയ കണ്ടത്തില്‍  വലിയൊരു വീട്...... മുപ്പത്തഞ്ചു കൊല്ലം. ഇതിനിടയില്‍ മരിച്ചും പിരിഞ്ഞും തങ്ങളുടെ കൂട്ടം ചിതറിയതും ശരീരം തളരാന്‍ തുടങ്ങിയ മധ്യവയസ്സില്‍ താങ്ങായി വന്നവളെ കൂടെ കൂട്ടിയതും, കണാരേട്ടന്‍ പറഞ്ഞപോലെ കുടുംബം പോറ്റാനായി ഇന്നും ഈ വേഷം  കെട്ടുന്നതും.....

ഈ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍  അയാളുടെ ഞരമ്പുകള്‍ തുടിച്ചു. വാര്‍ദ്ധക്യം മറന്ന പേശികള്‍ മുറുകി.  ഉള്ളില്‍ ആ ആരവം മുഴങ്ങുന്നു.
“മക്കളേ...............”
“ഓഓ....”
“ആരാന്റമ്മ പെറ്റ മക്കളേ”
“ഓഓഓഓഓഓഓഓ.....”
കണാരേട്ടാ ഇന്നാണ് ആ ദിവസം. അഭ്യാസങ്ങള്‍ കൊണ്ട് നിങ്ങളുടെ നാട്ടുകാരെ ഞാന്‍ അതിശയപ്പെടുത്തുന്നദിവസം. അത് കഴിഞ്ഞ്  ഞാന്‍ വിളിച്ചുപറയും ആ ചിത്രത്തെ പറ്റി. നന്മ നിറഞ്ഞ ഈ നാടിന്‍റെ കണാരേട്ടനെ പറ്റി.  

ഷോപ്പിംഗ്‌ കോംപ്ലക്സിനു പിറകില്‍ കൂടിയിട്ട  ഉടഞ്ഞ മദ്യക്കുപ്പികള്‍  പെറുക്കിക്കൊണ്ടുവരുമ്പോള്‍ അയാള്‍ ഓര്‍ത്തു സൈക്കിള്‍ അഭ്യാസി കുഞ്ചുവിന് കുടിക്കാന്‍ വേണ്ടി അന്നൊക്കെ റാക്ക് സംഘടിപ്പിക്കാന്‍ പെട്ട പാട്. ബസ്സ്റ്റോപ്പിന് അരികിലെ ഒഴിഞ്ഞയിടത്ത് തോര്‍ത്തു വിരിച്ച് അതില്‍  കുപ്പിക്കഷണങ്ങള്‍ നിരത്തി. വലിയൊരു കരിങ്കല്ല് താങ്ങിയെടുത്ത്  കൊണ്ടുവന്നുവെച്ചു.  

തിരക്കിട്ട് പോവുന്ന ആളുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ അയാള്‍ കൈകൊട്ടി ഉറക്കെ വിളിച്ചു.

ആരും അടുത്തേക്ക് വന്നില്ലെങ്കിലും ചിലരൊക്കെ ദൂരെ നിന്ന് കൌതുകത്തോടെ നോക്കി. ഏറെ നേരം വിളിച്ചു പറഞ്ഞപ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടം അവിടിവിടെയായി ചിതറി നിന്നു.

അയാള്‍ കുപ്പിച്ചില്ലുകള്‍ക്ക് മേല്‍ മലര്‍ന്നു കിടന്നു. നേരെ കണാരേട്ടന്‍ ചിരിക്കുന്നു. ചാഞ്ഞു പോകുന്ന വെയിലിന്‍റെ മഞ്ഞനിറം വീണ മുഖം. “കണാരേട്ടാ പൊറുക്കുക ഈ വയസ്സ് കാലത്തും കുടുംബം പോറ്റാന്‍ എനിക്കിതേ വഴിയുള്ളൂ. ദിവസങ്ങളായി എന്നെ കാത്തിരിക്കുന്ന അവള്‍ക്കും മക്കള്‍ക്കും  ഇന്നെങ്കിലും...... കൈ നീട്ടാന്‍  ഈ നാടല്ലാതെ മറ്റെവിടെയാണ് ഞാന്‍ ... .....എന്നോട് പൊറുക്കുക”

രണ്ടുപേര്‍ ആ കരിങ്കല്ല് നെഞ്ചിനു നേരെ ഉയര്‍ത്തിപ്പിടിച്ച അയാളുടെ കൈകളിലേക്ക് വെച്ചു കൊടുത്തു.  താഴെ കുപ്പിച്ചില്ലുകള്‍ ഞെരിഞ്ഞു. ചുറ്റുമുള്ള കണ്ണുകളൊക്കെയും അയാളിലേക്ക്.

ശ്വാസം ശരീരത്തിലേക്കാവാഹിക്കുന്ന മാത്രകളില്‍ എപ്പോഴോ കൈ ദുര്‍ബലമായതും കല്ല്‌ നെഞ്ചിലേക്ക്.!!!!!......
നിലവിളിയോടൊപ്പം വായില്‍ നിന്നൊഴുകിയത് കൊഴുത്ത ചോര.... ഈ കല്ല്‌ മാറ്റി ആരെങ്കിലും എഴുന്നേല്‍പ്പിക്കൂ എന്ന് വിളിച്ചു കൂവണമെന്നുണ്ട്.....അവസാനമായൊരു തുള്ളി വെള്ളം....
ആരൊക്കെയോ ചുറ്റും ഓടിക്കൂടുന്നു. ആള്‍ക്കൂട്ടം എന്തിനാണ് തിക്കിതിരക്കുന്നത്.... ഈ കല്ല്‌ നെഞ്ചില്‍ നിന്ന് മാറ്റൂ.... ഇത്തിരി വെള്ളം വായിലൊഴിച്ച് തരൂ..... ഉള്ളില്‍ അയാള്‍ അലറിക്കരഞ്ഞു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന രണ്ടു കുഞ്ഞുമുഖങ്ങളും അവളും....

ചുറ്റും കൂടിയ കണാരേട്ടന്‍റെ നാട്ടുകാര്‍ മൊബൈലില്‍ അയാളുടെ അവസാന പിടച്ചിലുകള്‍  ചിത്രീകരിക്കാന്‍  തിരക്ക് കൂടിക്കൊണ്ടിരുന്നു. ഒലിച്ചിറങ്ങിയ ചോരയില്‍ ചവിട്ടി നിന്ന് കൊണ്ട് ചിത്രമെടുക്കുന്ന അവര്‍ക്ക് മുകളിലായി കണാരേട്ടന്‍റെ മുഖം ഇരുട്ടില്‍ മങ്ങിമങ്ങി ഇല്ലാതായി. 

Tuesday, August 12, 2014

ആ വികൃതികളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍‘മുഖം കഴുകി അമ്മയെ വന്ദിച്ച ശേഷം അവന്‍ ജനലിന്‍റെ തണുത്ത ചില്ലില്‍ മുഖമമര്‍ത്തി അവര്‍ കടന്നുപോകുന്ന സ്ഥലങ്ങളേതാണെന്നും അന്നാട്ടുകാര്‍ എന്ത് ചെയ്യുന്നുവെന്നും നോക്കി. ..............
........... ആ കാട്ടിനടിയില്‍ ഒരു കുടിലുണ്ടായിരുന്നു. ഷര്‍ട്ടും വലിയ രണ്ടു കമ്പിളിച്ചെരിപ്പുകളുമിട്ട ഒരു കൊച്ചുപയ്യന്‍ ഒരു പൂച്ചയെയും കൊണ്ട് തിണ്ണയിലേക്ക് ചാടി. അവന്‍ അതിനെ ഒരൊറ്റ ഏറ്. പൂച്ച കറങ്ങിവീണ് പൊടിമഞ്ഞില്‍ ആണ്ടുപോയി. അത് വിഷമിച്ചു വന്ന്‍ പുറത്തേക്ക് ഓടിപ്പോയി. .....
.....അതാ ഒരു കാവല്‍പ്പുര അതിനടുത്ത് ആട്ടിന്‍തോല്‍ക്കോട്ടിട്ട ഒരു കാവല്‍ക്കാരന്‍ നില്‍ക്കുന്നുണ്ട്........’

ഗെക്ക് തീവണ്ടിജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ നാമും കാണുന്നുണ്ട്. മഞ്ഞുവീണു മൂടിയ നിരത്തുകളും തെരുവുകളും ഫിര്‍ മരങ്ങളും രോമക്കുപ്പായം ധരിച്ച മനുഷ്യന്മാരും.....

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളില്‍ പലരെയും പോലെ ഞാനും  കാത്തിരുന്നിരുന്നു. ഗെക്കിന്‍റെയും ചുക്കിന്‍റെയും വികൃതികള്‍ വായിക്കാന്‍. അമ്മയോടൊപ്പം അച്ഛനെ തേടിയുള്ള അവരുടെ യാത്രയില്‍ ഒപ്പം കൂടാന്‍. അപരിചിതമായ ഒരു നാട്ടിലെ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും ഒപ്പം അമ്മയെന്ന സ്നേഹഭാവവും അച്ഛന്‍ എന്ന കരുതലും ലോകത്തെങ്ങും ഒരുപോലെയാണല്ലോ എന്ന് ആഹ്ലാദിക്കാന്‍.

റഷ്യയില്‍ നിന്ന് വരുന്ന, മലയാളത്തില്‍ അച്ചടിച്ച ‘സോവിയറ്റ് യൂണിയന്‍’ എന്ന മിനുസമുള്ള കടലാസും വര്‍ണ്ണചിത്രങ്ങളും ഉള്ള മാസികയുടെ അവസാന പുറങ്ങളില്‍ തുടര്‍ക്കഥയായി ‘ചുക്കും ഗെക്കും’ രസിപ്പിച്ച കാലം. പുതിയൊരു ലോകം തുറന്നു തന്ന വായന. 
സ്വപ്നജീവിയായ ഗെക്കും കാണുന്നതൊക്കെ എടുത്ത് തന്‍റെ തകരപ്പെട്ടിയില്‍ സൂക്ഷിക്കുന്ന ചുക്കും. അവര്‍ ശണ്‍ഠ കൂടുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയ അച്ഛന്‍റെ കമ്പിയും, അത് കിട്ടാതെ പോയത് മൂലമുണ്ടായ പൊല്ലാപ്പും. തീവണ്ടിയാത്രയും അതുകഴിഞ്ഞ് പകലും രാവും നീണ്ട കുതിരവണ്ടി യാത്രയുടെ ഹരവും, രാത്രിയിലെ സത്രവും അച്ഛന്‍റെ താമസസ്ഥലവും കുട്ടികളുടെ വികൃതിയും ഒക്കെ എത്ര മനോഹരമായാണ് വരച്ചു വെച്ചത്. 

മിനിഞ്ഞാന്ന് കോഴിക്കോട്ടെ മാതൃഭൂമി ബുക്ക്സ്റ്റാളില്‍  മോന് വേണ്ടി പുസ്തകം തിരഞ്ഞെപ്പോള്‍ ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി ആ വികൃതികളെ. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കുമ്പോള്‍ പഴയ അതേ കൌതുകവും ആകാംക്ഷയും അനുഭവിക്കാന്‍ കഴിയുന്നു ഓരോ വരികളിലും. അന്ന് മനസ്സില്‍ കണ്ട തെരുവും അടുപ്പും മഞ്ഞു വീണുറച്ച കാട്ടിലേക്കുള്ള വഴിയും...... 

വായന മാന്ത്രികമായൊരു ലോകത്തിലേക്കുള്ള വാതിലാണ്. കാലങ്ങള്‍ക്ക് പിറകോട്ടുള്ള തിരിച്ചുപോക്കും. കാലമെത്ര കഴിഞ്ഞാലും ബാല്യം മാറാത്ത കുസൃതികളായ  ‘ചുക്കും ഗെക്കും’ അത് വിളിച്ചുപറയുന്നു. മുടിയിഴകളില്‍ വീണ മഞ്ഞുരുകുന്നത് അറിയാതെ അവരുടെ അമ്മ അപ്പുറത്തിരുന്നു മന്ദഹസിക്കുന്നുണ്ടാവും. ഭൂഗര്‍ഭഗവേഷണസംഘത്തിന്‍റെ തലവനായ അവരുടെ അച്ഛന്‍ സെരോഗിനെ ഓര്‍ത്തുകൊണ്ട്‌. സംഭവബഹുലമായ ആ യാത്രയും.
---------------------------------
ചുക്കും ഗെക്കും –അര്‍ക്കാദി ഗൈദാര്‍ (വിവര്‍ത്തനം കെ ഗോപാലകൃഷ്ണന്‍) മാതൃഭൂമി ബുക്സ്

Monday, August 4, 2014

കാരുണ്യത്തിന്‍റെ തണല്‍ചിറകുകള്‍ തേടുന്നവര്‍

“ആരെയും ബുദ്ധിമുട്ടിക്കാതെയും, ആര്‍ക്കും ഭാരമാകാതെയും അങ്ങു പോകണം”
ഇതൊരു പ്രാര്‍ഥനയാണ്. രോഗങ്ങള്‍ തളര്‍ത്തുന്ന മനസ്സും ശരീരവുമായി വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായതയിലേക്ക്  വേച്ചുവേച്ച്‌ നടന്നുപോകുന്ന, പരിചരിക്കാനോ ശുശ്രൂഷിക്കാനോ തിരിഞ്ഞു നോക്കാനോ സ്വന്തം മക്കള്‍ അടുത്തില്ലാത്ത ഗതികെട്ട കുറേ മാതാപിതാക്കളുടെ പ്രാര്‍ത്ഥന. മക്കളുടെ പ്രവാസം കൊണ്ട് അനാഥമായിപ്പോയ വാര്‍ദ്ധക്യത്തിന്‍റെ വേവലാതി നിറഞ്ഞ  നിലവിളി.

പോറ്റാന്‍ ഗതിയില്ലാത്തതിനാല്‍ മാതാപിതാക്കളെ തെരുവില്‍ തള്ളുന്ന മക്കളെ ആക്ഷേപിക്കാനും ശപിക്കാനും നമുക്ക് ഉത്സാഹമാണ്. വൃദ്ധസദനങ്ങളില്‍ ഒടുങ്ങേണ്ടി വരുന്ന ജന്മങ്ങളെ കുറിച്ച് വേദനിക്കാനും അതിന് കാരണക്കാരായ മക്കളുടെ കണ്ണില്‍ ചോരയില്ലായ്മയെ കുറിച്ച് രോഷം കൊള്ളാനും നാം മുന്നിലുണ്ട്. ഫേസ്ബുക്കില്‍ മാതൃമാഹാത്മ്യം എത്ര പാടിയാലും മതിവരാത്തവര്‍ ആണ് നാം. എന്നിട്ടും പ്രവാസികളായ നമ്മുടെ വീടകങ്ങളില്‍ രോഗശയ്യയില്‍ ഒറ്റപ്പെട്ടുപോയവരും ദുരിതം അനുഭവിക്കുന്നവരുമായ നമ്മുടെ മാതാപിതാക്കളെ കുറിച്ച് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

ഇതുവായിക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും  തോന്നും താന്‍ അങ്ങനെയല്ല എന്ന്. മാതാപിതാക്കള്‍ എന്‍റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് എന്നും, അവര്‍ക്ക് വേണ്ടി എല്ലാ സൌകര്യവും ഉള്ള പ്രത്യേകം മുറി തന്നെയാണെന്നും. ഏറ്റവും മികച്ച ആശുപത്രിയില്‍ ആണ് ചികിത്സയെന്നും, അതിനായി എത്ര പണം വേണമെങ്കിലും അയച്ചു കൊടുക്കാറുണ്ടെന്നും നിത്യവും അവരെ ഫോണില്‍ വിളിച്ചു വിശേഷം ചോദിക്കാറുണ്ട് എന്നുമൊക്കെ മാതാപിതാക്കളോടുള്ള സ്നേഹത്തെ കുറിച്ച് ന്യായീകരിക്കാനും സ്ഥാപിക്കാനും നമ്മുടെ മുന്നില്‍ എമ്പാടും കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ഒന്ന് നാം സൌകര്യപൂര്‍വ്വം മറന്നു കളയുന്നു. വാര്‍ദ്ധക്യത്തിലും രോഗത്തിന്‍റെ അവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ് എന്നത്.

ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തതിന്‍റെ ഖേദം നിറഞ്ഞ ന്യായീകരണങ്ങള്‍ ആത്മാര്‍ഥമായി തന്നെ നമുക്ക് പറയാനുണ്ട്. ഒരു പ്രവാസിയുടെ പരിമിതികള്‍. ജോലിയുടെ സ്വഭാവം, ലീവ് കിട്ടാത്ത ബുദ്ധിമുട്ട്, കച്ചവടത്തില്‍ നിന്ന് ദീര്‍ഘനാള്‍ മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, സര്‍വ്വോപരി സാമ്പത്തികപ്രയാസം.

ശരിയാണ് പ്രവാസി എന്ന പേരും വലിയൊരു വീടും ഉണ്ടെങ്കിലും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നവരാണ് അന്യനാട്ടില്‍ കഴിയുന്ന നമ്മില്‍ ഭൂരിപക്ഷവും. സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ എന്നതാണ് നമ്മുടെ ആഹ്ലാദം. ഇതൊക്കെ സത്യമാണെങ്കിലും നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ നാം നിറവേറ്റണ്ടതില്ലേ. നാം പണം അയച്ചു കൊടുക്കുന്നതോടെ നമ്മുടെ ബാധ്യത തീര്‍ന്നുവോ.

അങ്ങനെ സമാധാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ശുദ്ധമനസ്കര്‍ അറിയുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

ജീവിത ശൈലീ രോഗങ്ങള്‍ എന്ന്‍ ഓമനപ്പേരിട്ട് വിളിക്കുന്ന പ്രഷറിനും, ഷുഗറിനും, കൊളസ്ട്രോളിനും ഒക്കെ പുറമേ ഇന്ന് കുഗ്രാമങ്ങളില്‍ പോലും വ്യാപകമായ ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, അല്‍ഷിമേഴ്സ് തുടങ്ങി പലവിധ മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം നരകമായിപ്പോയവരാണ് നമ്മുടെ വൃദ്ധജനതയില്‍ ഭൂരിപക്ഷവും.

ഉത്സാഹത്തോടെ ഓടി നടന്ന നമ്മുടെ മാതാപിതാക്കള്‍  ചെറിയൊരു അസുഖമോ തളര്‍ച്ചയോ വീഴ്ചയോ ഒക്കെയായി ആശുപത്രിയില്‍ എത്തുമ്പോഴാണ് ഉള്ളില്‍ ഒളിച്ചിരിക്കുന്ന വന്‍രോഗങ്ങളെ കുറിച്ച് അറിയുന്നത്. കഴിവിനനുസരിച്ച് ചികിത്സയും കാര്യങ്ങളുമായി മൂന്നൊട്ടു പോവുമെങ്കിലും അപ്പോഴേക്കും രോഗി തികച്ചും ശയ്യാവലംബി ആയിരിക്കും.

ലീവ് കിട്ടാത്ത, പെട്ടന്ന്‍ നാട്ടിലേക്ക് വരാനാവാത്ത നാം കടം വാങ്ങിയെങ്കിലും കിട്ടുന്ന പണം നാട്ടിലേക്കയച്ച് വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നു.

യാതൊരു മന:സാക്ഷിയും ഇല്ലാതെ കൊഴുത്തുവളരുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. തോന്നിയ ടെസ്റ്റുകളും പലവിധ ‘വിദഗ്ദ’ ഡോക്ടര്‍മാരുടെ ചികിത്സയും പിന്നെ നീണ്ട നാള്‍ ആശുപത്രി വാസവും വിധിച്ചു കൊണ്ട് അവര്‍ പിടിച്ചുപറി തുടങ്ങുന്നു. ഇത് മനസ്സിലായാലും നിസ്സഹായതയോടെ നിന്ന് കൊടുക്കേണ്ടി വരുന്നു. കാരണം രോഗിയെ മെഡിക്കല്‍ കോളേജിലോ മറ്റ് അത്തരം  ആശുപത്രികളിലോ കൊണ്ടുപോവാനും കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്യാനും ഉറ്റവരായ ആണുങ്ങള്‍ ഇല്ല എന്നതാണ്.

പഴയ കാലം പോലെയല്ല ഇപ്പോള്‍ ഒരുവിധം നിവൃത്തിയുള്ള  പ്രവാസികളൊക്കെ കുടുംബത്തെയും ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ മാതാപിതാക്കളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും പെണ്മക്കളും അടുത്തില്ലാത്ത അവസ്ഥയാണ്. മുതിര്‍ന്ന പേരക്കുട്ടികളാണെങ്കില്‍ പഠനത്തിനായി പല നാടുകളിലാണ് ഉണ്ടാവുക.

ഹോം നഴ്സിന്‍റെ പരിചരണത്തിലും വേലക്കാരുടെ മേല്‍നോട്ടത്തിലും ജീവിക്കുന്ന, പ്രായം ചെന്ന മാതാപിതാക്കള്‍  ഒറ്റക്കായ  പഞ്ചനക്ഷത്ര വൃദ്ധസദനങ്ങളാണ് നമ്മുടെ നാട്ടിലെ പല വീടുകളും. പണം കൊണ്ട് നേടിക്കൊടുക്കാന്‍ കഴിയുന്ന എല്ലാ സൌകര്യങ്ങളും മാതാപിതാക്കള്‍ക്ക് എത്തിച്ചു കൊടുത്ത് സമാധാനിക്കുന്നവരാണ് വിദേശത്ത് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഇവരുടെ ‘സ്നേഹനിധികളായ’ മക്കള്‍.

പറഞ്ഞു വന്നത് അവരെ കുറിച്ചല്ല. ഇടത്തരക്കാരായ ഗള്‍ഫ് പ്രവാസികളുടെ വീട്ടിലെ അവസ്ഥയെ കുറിച്ചാണ്. മിക്കവാറും ആണ്‍മക്കളുടെ വീട്ടിലാണ്  പ്രായമായ മാതാപിതാക്കള്‍ താമസിക്കുക. ഗൃഹനാഥന്‍റെ അഭാവത്തില്‍ വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും എല്ലാം നോക്കി നടത്തുന്ന, നാട്ടില്‍ കഴിയുന്ന പ്രവാസിഭാര്യയുടെ ചുമലില്‍ തന്നെയാണ്  വൃദ്ധരായ മാതാപിതാക്കളുടെ ഉത്തരവാദിത്തവും. ഇതേ മാതാപിതാക്കളുടെ സ്വന്തം പെണ്മക്കള്‍ നാട്ടില്‍ തന്നെയുണ്ടെങ്കിലും സ്വന്തം  വീട്ടില്‍/ഭര്‍ത്താവിന്‍റെ വീട്ടില്‍  ഇതേ റോളില്‍ ആയിരിക്കും അവരുടെയും ജീവിതം. അതുകൊണ്ട് തന്നെ മാതാപിതാക്കളെ ശുശ്രൂഷിക്കാനായി കൂടെ നില്‍ക്കുക എന്നത് ഇവര്‍ക്കും പ്രായോഗികമല്ല. എന്നാലും തങ്ങളുടെ കടമ ചെയ്യുന്നു എന്ന്‍ സ്വയം ആശ്വസിക്കാന്‍ ഈ പാവങ്ങള്‍ ഇടക്കെങ്കിലും ഓടിവന്ന് മാതാപിതാക്കളെ  കുളിപ്പിച്ച് കൊടുക്കാനും  വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കാനും ഒക്കെ  കൂടെ നില്‍ക്കാറുണ്ട്.

നമ്മുടെ മാതാവിനെ/പിതാവിനെ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയ ദിവസം വൈകുന്നേരം വിളിച്ച് വിശേഷങ്ങള്‍ ചോദിക്കുന്ന നാം അറിയാറുണ്ടോ അന്നത്തെ ഒരു ദിവസം നിങ്ങളുടെ ഭാര്യ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച്.

ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പ് മക്കളെ സ്കൂളില്‍ പറഞ്ഞയക്കുന്നതടക്കം വീട്ടുജോലികള്‍ എല്ലാം ഒതുക്കണം. ആണ്‍കുട്ടികള്‍ ആരും കൂടെയില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ച ടാക്സി ഡ്രൈവറുടെ സഹായത്തോടെ രോഗിയെ വണ്ടിയില്‍ കയറ്റി ഇരുത്തണം. വെള്ളവും, ഭക്ഷണവും, മരുന്നും ചിലപ്പോള്‍ മൂത്രം ഒഴിക്കാനുള്ള പാത്രവും....

ആശുപത്രിയില്‍ എത്തിയാലും മണിക്കൂറുകളോളം രോഗിയെയും കൊണ്ടുള്ള കാത്തിരിപ്പ്, പരിശോധനാ സമയത്ത് രോഗിയുടെ അവസ്ഥ വിവരിക്കാനും ഡോക്ടര്‍ പറയുന്നത് സശ്രദ്ധം കേട്ട് മനസ്സിലാക്കാനും.....

പലതരം ടെസ്റ്റുകള്‍. ഇതിനിടെ രോഗിക്ക് നേരത്തിന് ഭക്ഷണവും മരുന്നും നല്‍കല്‍... നമ്മുടെ ആശുപത്രികളിലൂടെ ഒന്ന് നടന്നു നോക്കൂ ഈ കാഴ്ചകള്‍ കാണാം. ഏതൊക്കെയോ പ്രവാസികളുടെ ഭാര്യമാര്‍ ആണത്. നമ്മുടെ അഭാവത്തില്‍ നാം ചെയ്യേണ്ട ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യുന്നവര്‍. ഒരു ദിവസം അവര്‍ അനുഭവിക്കുന്ന ഈ പ്രയാസങ്ങള്‍ ഒന്നും നാം വിളിക്കുമ്പോള്‍ അറിയാറില്ല. അഥവാ വല്ല സങ്കടവും  പറഞ്ഞുപോയാല്‍ തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹക്കുറവായി വ്യാഖ്യാനിക്കാന്‍ മിടുക്കുള്ളവര്‍ ആണ് നമ്മില്‍ പലരും.

കിടപ്പിലായ വൃദ്ധരെ പരിചരിക്കാനുള്ള പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ചാരിയിരുത്തി ഭക്ഷണവും മരുന്നും നല്‍കാനും വിസര്‍ജ്ജ്യങ്ങള്‍ നീക്കാനും, ശരീരം വൃത്തിയാക്കാനുമൊന്നും  അത്ര എളുപ്പമല്ല. വീട്ടിലെ മറ്റു ജോലികള്‍ക്ക് പുറമേ നിത്യവും ഇതിനായും സമയം കണ്ടെത്തണം. ഒരു പുരുഷന്‍റെ സഹായം ഇവിടെയൊക്കെ ആവശ്യമുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ മക്കള്‍ തന്നെ ചെയ്യുന്നതാവും ഉത്തമം.

മറ്റു രോഗങ്ങള്‍ക്കൊപ്പം അല്‍ഷിമേഴ്സ് ബാധിച്ചവരും ഇപ്പോള്‍ പ്രായമായവരില്‍ ധാരാളം ഉണ്ട്. ഇവരുടെ  പെരുമാറ്റവും രീതികളും പലപ്പോഴും വീട്ടുകാര്‍ക്ക് വളരെ അസഹ്യമായിരിക്കും. പലപ്പോഴും ഈ രോഗം തിരിച്ചരിയപ്പെടാറില്ല. അതുകൊണ്ട് തന്നെ അവരുടെ വാക്കുകളും പ്രവര്‍ത്തികളും രോഗിയോട് വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാറുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് പരിസരം വൃത്തികേടാക്കുകയും സന്ദര്‍ശകരോട് വീട്ടുകാരുടെ അവഗണനയെ കുറിച്ച് പരാതി പറയുകയുമൊക്കെ ചെയ്യുക ഇത്തരം രോഗികളില്‍ പതിവാണ്. (പല സന്ദര്‍ശകര്‍ക്കും ഇത് കേള്‍ക്കാനും നാലാളോട് പറഞ്ഞു നടക്കാനും വളരെ താല്‍പര്യമാണ്. ഉറ്റബന്ധു ആണെങ്കില്‍ പോലും പരിചരിക്കാന്‍ ചെറിയൊരു സഹായം പോലും ഉണ്ടാകില്ലെങ്കിലും വീട്ടുകാരുടെ പരിചരണത്തില്‍ ഉള്ള പോരായ്മകള്‍ കണ്ടെത്താനും രോഗിയോടുള്ള സഹതാപം എന്ന പേരില്‍ ‘ദുഷിപ്പടിച്ചു’ നടക്കാനും ഇക്കൂട്ടര്‍ നന്നായി ഉത്സാഹിക്കും).

സ്വന്തം മക്കള്‍ അടുത്തുണ്ടാകുകയും സ്നേഹപൂര്‍വ്വം പരിചരിക്കുകയും ചെയ്യുന്നത് ഈ രോഗികള്‍ക്ക് വളരെ ആശ്വാസമാണ്.

മാതാപിതാക്കള്‍ക്ക് രോഗം ഗുരുതരമായ  അവസ്ഥയില്‍ പോലും  പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് പല മക്കള്‍ക്കും എത്തിച്ചേരാന്‍ കഴിയാറില്ല.  എല്ലാ ചുമതലകളും ഭാര്യയെ ഏല്‍പ്പിച്ച് സഹായത്തിന് നാട്ടിലുള്ള ഏതെങ്കിലും ബന്ധുക്കളെയും വിളിച്ചു പറഞ്ഞ് കുറേ പണവും അയച്ചു കൊടുത്ത് അസ്വസ്ഥമായ മനസ്സുമായി അന്യനാട്ടില്‍ കഴിയുന്ന സുഹൃത്തേ. അറിയുമോ താങ്കളുടെ മാതാപിതാക്കളുടെ ഗതികേടിനെ കുറിച്ച്, നിങ്ങളുടെ പ്രിയതമ പെടുന്ന പെടാപ്പാടുകളെ കുറിച്ച്.

രോഗി ആശുപത്രിയില്‍ ആവുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഉറ്റവരായ പുരുഷന്മാര്‍ ഇല്ലെങ്കില്‍ ഇത് സ്ത്രീകളുടെ മാത്രം ചുമതലയാവുന്നു. രോഗിയുടെ ബന്ധുബലവും ധനസ്ഥിതിയും ഒക്കെ അനുസരിച്ച് കൂട്ട്നില്‍ക്കാനും കാര്യങ്ങള്‍ക്ക് ഓടി നടക്കാനും കുറേദിവസമൊക്കെ അടുത്ത ബന്ധുക്കളും അയല്‍വാസികളുമൊക്കെ ഉണ്ടാവുമെങ്കിലും ആശുപത്രി വാസം നീണ്ടു പോകുന്തോറും സന്ദര്‍ശകരുടെ എണ്ണം പോലും കുറഞ്ഞുവരും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോരുത്തരും തങ്ങളുടെ തിരക്കുകളുമായി നെട്ടോട്ടമോടുന്ന കാലമാണ്.

ഒടുവില്‍ രോഗിയുടെ പെണ്‍മക്കളോ ആണ്‍കുട്ടികളുടെ ഭാര്യമാരോ മാത്രമാകും ആശുപത്രിയില്‍ കൂട്ടിന്. പലപ്പോഴും വീട് പൂട്ടിയിട്ടും സ്കൂളില്‍ പോകുന്ന മക്കളെ ബന്ധുവീടുകളില്‍ ആക്കിയുമൊക്കെ അവര്‍ നിര്‍ബന്ധിതരായി ഈ ദൌത്യം ഏറ്റെടുക്കുന്നു.

സ്വകാര്യ ആശുപത്രികളിലും ചെന്നയുടനെ മുറി കിട്ടുക ഇപ്പോള്‍ അപൂര്‍വ്വം. അന്യായ ചാര്‍ജുള്ള എ സി മുറി മാത്രമേ ‘ഒഴിവുണ്ടാകൂ’. പലപ്പോഴും ICU വിനു മുന്നില്‍ ഉറക്കമൊഴിച്ച് ഇരിക്കേണ്ടി വരും. വിളിക്കുമ്പോള്‍ ഏതു പാതിരാക്കും ഫാര്‍മസിയിലേക്ക് ഓടേണ്ടി വരും. ലാബിലും കാന്റീനിലും ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലും  ഡോക്ടറുടെ ക്യാബിനിലും ഒക്കെയായി നെട്ടോട്ടമോടുന്നത് നിങ്ങളുടെ ഭാര്യയാണ്. ഇതൊക്കെയും ചെയ്യേണ്ട താങ്കള്‍  വിദേശത്തായതിനാല്‍ ഒരു പരിചയവുമില്ലാത്ത ഇടങ്ങളില്‍ അവര്‍ ഇതൊക്കെ ഏറ്റെടുക്കേണ്ടി വരുന്നു. ആശുപത്രിയില്‍ ആണെങ്കിലും ആണുങ്ങള്‍ കൂട്ടിനില്ലാത്ത സ്ത്രീകള്‍ക്ക് പിറകെ ‘സഹായ’മനസ്സുമായി വരുന്ന ഞരമ്പുരോഗികള്‍ക്ക് യാതൊരു കുറവുമില്ല എന്ന് കൂടി അറിയുക.

ഇതിനു പുറമേ രോഗിക്ക് രക്തം ആവശ്യമായി വന്നാല്‍ പലരെയും വിളിച്ച് സംഘടിപ്പിക്കുന്നതും  കയ്യിലുള്ള പണം തികയാതെ വന്നാല്‍ പണ്ടം പണയം വെച്ചെങ്കിലും എത്തിക്കുന്നതും ഈ സ്ത്രീകള്‍ തന്നെയാണ്.

രോഗി ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പുണ്ടെങ്കിലും സ്വകാര്യ ആശുപത്രിക്കാര്‍ പലരും അനാവശ്യമായി ICU വിന്‍റെ ഏകാന്ത തടവിലേക്ക് രോഗിയെ മാറ്റും. അവസാന സമയത്ത് ഉറ്റവരെയൊക്കെ ഒന്ന് കാണാന്‍ രോഗിക്കോ. മരണനേരത്ത് ഇത്തിരി വെള്ളം ചുണ്ടില്‍ ഉറ്റിച്ചു കൊടുക്കാനോ അന്ത്യവേളയില്‍ മതപരമായ വല്ലതും ചെയ്തു കൊടുക്കാനോ കൂടെയുള്ളവര്‍ക്കോ ഇത് കൊണ്ട് സാധിക്കുകയുമില്ല.  ഉചിതമായ ഒരു തീരുമാനം എടുക്കാന്‍ ആണ്‍കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല എന്നതാണ് സത്യം.

ഇതൊക്കെ വായിക്കുമ്പോള്‍ അതിശയോക്തിപരം എന്ന് തോന്നുന്നവര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ നിങ്ങളുടെ ബന്ധുക്കളോ പരിചയക്കാരോ ആയ സ്ത്രീകളോട് ചോദിച്ചു നോക്കിയാല്‍ അറിയാന്‍ കഴിയും ഈ എഴുതിയതൊന്നും ഒന്നുമല്ല എന്ന്.

വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായാവസ്ഥയിലും രോഗാവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ്. കൂടെ നില്‍ക്കാനും പരിചരിക്കാനും ശുശ്രൂഷിക്കാനും മക്കള്‍ കൂടെയുണ്ടാകുക എന്നതാണ് അവരുടെ തൃപ്തി. പക്ഷെ ‘പണമില്ലാത്തവന്‍ പിണം’ എന്ന ലോകത്ത് അവര്‍ നിശബ്ദരാകുകയാണ്. അവശതകള്‍ മക്കളെ അറിയിക്കാതെ മൂടി വെക്കുകയാണ്. തങ്ങള്‍ കാരണം മക്കളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാകാതിരിക്കാന്‍, മക്കളുടെ ഭാവിക്ക് കോട്ടം വരാതിരിക്കാന്‍.

പ്രായമായ പലരും രോഗത്തിലേക്ക്  പെട്ടെന്ന്‍ വഴുതുന്നത് ഉറ്റവരുടെ സാമീപ്യവും സ്നേഹപരിചരണങ്ങളും ഇല്ലാതാവുമ്പോഴാണ്. ജീവിത പങ്കാളി ആദ്യമേ കടന്നുപോയവരില്‍ ഈ ഒറ്റപ്പെടല്‍ ഏറെ വേദനാ ജനകമാണ്. മറ്റുള്ളവര്‍ക്ക് ഭാരമാവുന്നു എന്ന തോന്നല്‍ അവരെ മൌനത്തിലെക്കും മരണത്തെ കാത്തിരിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

എല്ലാ സൌകര്യങ്ങളും ഉള്ള ഈ കാലത്തും മക്കളെ വളര്‍ത്തി വലുതാക്കാനുള്ള പാടും പ്രയാസവും നമുക്കറിയാം. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ കഴിഞ്ഞ തലമുറയില്‍ പെട്ട നമ്മുടെ മാതാപിതാക്കള്‍ക്ക് ഇന്ന് എല്ലാമുണ്ടായിട്ടും കൂട്ടായി നില്‍ക്കാന്‍ നമുക്ക് കഴിയുന്നില്ല.

മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്‍റെ ചിറകുകള്‍ താഴ്ത്തി കൊടുക്കാന്‍ കല്‍പ്പിച്ച  ശേഷമാണ് അവര്‍ക്കായുള്ള പ്രാര്‍ത്ഥന പോലും പഠിപ്പിച്ചത് എന്ന് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

മാതാപിതാക്കളുടെ മരണവിവരമറിഞ്ഞാല്‍ എല്ലാ തിരക്കും മാറ്റിവെച്ച് വിമാനം കയറുകയും. കുറെ ദിവസം നാട്ടില്‍ നില്‍ക്കുകയും മരണാനന്തര ചടങ്ങുകള്‍ ഗംഭീരമായി നടത്തുകയും ചെയ്തു കൊണ്ട് നാം മാതാപിതാക്കളോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചാല്‍ മതിയോ.

ആണ്‍മക്കളും മക്കളുടെ മക്കളും പ്രവാസികള്‍ ആണെങ്കില്‍ ഒരാളെങ്കിലും സ്ഥിരമായി നാട്ടില്‍ ഉണ്ടാവുകന്ന രീതിയില്‍ ലീവ് ക്രമീകരിക്കാന്‍ സാധിച്ചാല്‍ പോലും വലിയ നേട്ടമാണ് എന്ന് മനസ്സിലാക്കുക.


ഈ തിരക്കുകള്‍ എല്ലാം കഴിഞ്ഞ് നാം എത്തിച്ചേരുന്നതും ഇതേ അവസ്ഥയിലേക്കാണ്. പുതിയ കാലത്തിന്‍റെ സമ്മാനമായ എല്ലാ രോഗങ്ങളും പേറുന്ന ശരീരങ്ങളുമായി. ഇതിലും തിരക്കേറിയവര്‍ ആയിരിക്കും നമ്മുടെ മക്കള്‍. ഒരു തിരിച്ചറിവിന് അത്രയും കാലം കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ല. നാം തന്നെയാണ്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും ഗതികെട്ടതും ദുരിതപൂര്‍ണ്ണവും ആയ ഒരു ജീവിതസായന്തനം ആവാതിരിക്കട്ടെ നമുക്കെങ്കിലും. അതിനായി നമ്മുടെ മക്കള്‍ക്ക് നാം മാതൃകയാവുക. 

Thursday, July 31, 2014

പാട്ടുവഴികളിലെ പണംപയറ്റുപീടിക

ഇത് പാട്ടിന്‍റെ കാലമാണ്. ഇന്ന് ലോകത്തിന്‍റെ ഏതു കോണില്‍ ഇറങ്ങുന്നൊരു പാട്ടും സംഗീതവും നിമിഷങ്ങള്‍ കൊണ്ട് എങ്ങുമെത്തുന്നു. ആയിരക്കണക്കിന് പാട്ടുകള്‍ ചെറിയൊരു മെമ്മറികാര്‍ഡില്‍ ഒതുക്കി സൂക്ഷിക്കാന്‍ കഴിയുന്നു. ഇഷ്ടപ്പെട്ട ഗാനം ഇന്റര്‍നെറ്റിലൂടെ തെരഞ്ഞ് കേള്‍ക്കാന്‍ കഴിയുന്നു. ഇരിപ്പിലും നടപ്പിലും കിടപ്പിലും ആര്‍ക്കും അലോസരമില്ലാതെ പാട്ട് കേള്‍ക്കാനും ലയിക്കാനും ഭാഗ്യമുള്ള തലമുറ. ഏതു ദരിദ്രനും ഇഷ്ടഗാനം  പ്രാപ്യമായ കാലം.

 സീഡിയുടെ കാലവും കഴിയുന്നുവെന്ന്‍ ഇന്നലെ പത്രവാര്‍ത്ത. സീഡിക്ക് മുമ്പ്, കാസറ്റ് കാലത്തിനും മുമ്പ് 'വിവിധഭാരതി'യും 'ഇഷ്ടഗാനങ്ങളും' 'ബിനാക്കാ ഗീത് മാല'യും ഒക്കെയായി റേഡിയോ എല്ലാ വീടുകളിലും എത്തുന്നതിനും  മുമ്പ്. നാട്ടിന്‍ പുറങ്ങളില്‍ പാട്ട് കേള്‍ക്കാനും പാടാനും പൂതി വെച്ചു നടന്ന ചെറുപ്പക്കാരുടെ സംഗീത മോഹങ്ങളേ തൃപ്തിപ്പെടുത്തിയത് എന്തൊക്കെ ആയിരുന്നു.

‘ഞാട്ടിപ്പാട്ടിലും*’ കോല്‍ക്കളിയിലുമൊക്കെ ഉള്ളു തുറന്നു പാടി ആഹ്ലാദിച്ച നാട്ടുംപുറത്തെ ‘സംഗതി’ അറിയാത്ത പാട്ടുകാര്‍. നാടന്‍ ക്ലബ്ബുകളിലെ വാര്‍ഷികങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ഗാനമേളകളിലാണ് തബലയും ഗിറ്റാറും ട്രിപ്പിള്‍ ഡ്രമ്മുമൊക്കെ അവര്‍ നേരില്‍ കണ്ടത്.

പാട്ടുപെട്ടി എന്ന അത്ഭുതം അതിശയപ്പെടുത്തിയ ഒരു തലമുറയായിരുന്നു അതിനു മുമ്പ്. കൈ കൊണ്ട് വൈന്‍ഡ് ചെയ്ത് തിരിയുന്ന  കറുത്ത ‘റിക്കാര്‍ഡില്‍ ഉരയുന്ന സൂചിയും  കോളാമ്പിയിലെ പാട്ടും.............

എന്നാല്‍ ഇതിനെക്കാളൊക്കെ നാട്ടിന്‍ പുറങ്ങളില്‍ പാട്ടിനെ ജനകീയമാക്കിയത്‌ പണംപയറ്റുകള്‍ ആണ്. റേഡിയോയും ടേപ്പ്റിക്കാര്‍ഡറും ഇല്ലാത്ത  ഭൂരിപക്ഷത്തിന് പാട്ടിന്‍റെ പാലാഴി തീര്‍ത്ത പണംപയറ്റുകള്‍.

നാട്ടിന്‍ പുറത്തെ കുരുത്തോല കൊണ്ട് ചമയിച്ച ചായപ്പീടികകളില്‍ നിന്ന് ഉച്ചതിരിഞ്ഞ് ഒഴുകുന്ന പാട്ടുകള്‍ പണംപയറ്റ് എല്ലാവരെയും ഓര്‍മ്മിപ്പിക്കാനാണ്‌. അതാത് കാലത്തെ ഹിറ്റ്‌ ഗാനങ്ങളുമായി കമുകറയും യേശുദാസും, ജയചന്ദ്രനും, പി സുശീലയും....... തേഞ്ഞു പഴകിയ റിക്കാര്‍ഡില്‍ തെന്നിപ്പോകുന്ന സൂചി ഒരേ വരി തന്നെ പലവട്ടം പാടിപ്പാടി....

ഉച്ചമുതല്‍ രാത്രി വൈകുവോളം നീളുന്ന  പാട്ടുകള്‍ അന്ന്‍ ആര്‍ക്കും അലോസരമായിരുന്നില്ല. പ്രണയവും വിഷാദവും വിരഹവും തുടിച്ചു നിന്ന ഇഷ്ടഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍പ്പിക്കാന്‍ യുവാക്കള്‍ പാട്ടു വെക്കുന്നയാളെ ശട്ടം കെട്ടി. കുട്ടികള്‍ അയാളെ ആദരവോടെ നോക്കി. വീട്ടമ്മമാര്‍ പലവട്ടം കേട്ട് കാണാപാഠമായ ഈ പാട്ടുകള്‍ അടുക്കളകളില്‍ നിന്ന് മൂളി. പാട്ടിലെ വര്‍ണ്ണനകള്‍ കേട്ട യുവതികള്‍ ‘ലജ്ജയില്‍ മുങ്ങിയ ചിരി’ ഉള്ളില്‍ ഒളിപ്പിച്ചു.

 ഉദ്ദേശിച്ച പണം ഒത്തുകിട്ടാത്ത പയറ്റുകാരന്‍റെ ഉള്ളറിഞ്ഞ് ‘താമസമെന്തേ വരൂവാന്‍.....’ എന്ന പാട്ട് രാത്രി വൈകിയും പയറ്റുപീടികയില്‍ നിന്ന് പാടിക്കൊണ്ടിരുന്നു. പണം പയറ്റിന്‍റെ തിരക്ക് കുറഞ്ഞ അവസാന മണിക്കൂറുകളില്‍ കെ പി എ സി യുടെ നാടക ഗാനങ്ങള്‍ ഇരുട്ടിനെ തഴുകിയെത്തി.

 ഒരു തലമുറയെ പാട്ടിലേക്ക് അടുപ്പിച്ച ആ കാലം കഴിഞ്ഞുപോയി. ഇന്ന് പണംപയറ്റു തന്നെ അപൂര്‍വ്വം. അവിടെ നിന്ന് നാടുമുഴുവന്‍ പാട്ട് കേള്‍ക്കുന്നില്ല. കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യവും ഇല്ല.

 പക്ഷെ ‘ആത്മവിദ്യാലയ’മേ കേട്ട് മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ച് ഓര്‍ത്ത വൃദ്ധനും  ‘അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്ന...’ തില്‍ ആഹ്ലാദിച്ച ചെറുപ്പക്കാരനും   ‘പ്രിയസഖീ പോയ്‌ വരൂ’ എന്ന് ഉള്ളു നൊന്തു കരഞ്ഞ വിഷാദ കാമുകനും ‘അല്ലാഹുവിന്‍റെ പോരിശ പ്രകാശ ഗേഹമേ....’ കേട്ട് മനസ്സുകൊണ്ട് മക്കത്ത് പോയവരും ഇവിടെയൊക്കെ ഉണ്ടായിരുന്നു. അവരെ പാട്ടിന്‍റെ ഇഷ്ടക്കാരാക്കിയത് പണം പയറ്റുകള്‍ ആണ്.

മലയാളിയുടെ പാട്ടുവഴികള്‍ തേടുന്നവര്‍ ഇത് കാണാതെ പോകരുത്. ഒരു കാലഘട്ടത്തിന്‍റെ സംഗീത ഓര്‍മ്മകളില്‍ ഈ പണം പയറ്റുകള്‍ക്കും സ്ഥാനമുണ്ട്. സഹവര്‍ത്തിത്വത്തിന്‍റെ കൈത്താങ്ങായ പണം പയറ്റ് നാട് നീങ്ങുമ്പോഴും സംഗീതം വളരുകയാണ്. നമ്മുടെ ജീനുകളില്‍ എവിടെയോ പാട്ടിനോടുള്ള ഇഷ്ടം കൂടുകൂട്ടിയതില്‍ കുരുത്തോല കൊണ്ട് ചമയിച്ച ആ പഴയ പയറ്റുപീടികകളെ മറക്കാതിരിക്കുക.
--------------
ഞാട്ടിപ്പാട്ട് = സ്ത്രീകള്‍ ഞാറു നടുമ്പോള്‍ പാടുന്ന പാട്ട്


   

Sunday, July 27, 2014

മിട്ടായിത്തെരുവിലെ പെരുന്നാള്‍ കാഴ്ചകള്‍.


മിട്ടായിത്തെരുവില്‍ പെരുന്നാള്‍ തിരക്കാണ്. പെരുമഴയും നോമ്പിന്‍റെ ക്ഷീണവും വകവെക്കാതെ പെരുന്നാള്‍കോടി എടുക്കാന്‍ വന്നവരുടെ തിരക്ക്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും...

തുണിക്കടകളിലും, ചെരിപ്പ്പീടികകളിലും, ഫാന്‍സി ഷോപ്പുകളിലും ഒരു നിമിഷം വെറുതെ നില്‍ക്കാനാവാതെ ജോലിക്കാര്‍ക്കും  തിരക്കോട് തിരക്കാണ്. പെരുന്നാള്‍ കച്ചവടം  കണക്കിലെടുത്ത് താല്‍ക്കാലികമായി പണിക്ക് നിര്‍ത്തിയ ‘യോ യോ’ ബാല്യക്കാരും വളരെ ഉത്സാഹത്തിലാണ്.  “ഇദാണ്പ്പൊ ബ്ടെ ടൌണില് കളിക്ക്ന്നെത്എന്ന സെയില്‍സ്മാന്‍റെ വാക്ചാതുരിയിലാണ്  പുതിയ ട്രെന്‍ഡുകളും ഫാഷനും  പിറക്കുന്നത്.

ബ്രാന്‍ഡഡ് കമ്പനി ഷോറൂമുകളിലെയും, എമ്പാടും നിലകളുള്ള പുതിയ തുണിക്കടകളിലെയും  അന്യായ വില താങ്ങാനാവാത്തവരും  എത്തുക മിട്ടായിത്തെരുവിലാണ്. ഇവിടെ ഏതു നിലവാരത്തില്‍ ഉള്ളവര്‍ക്കും പറ്റിയ തുണിത്തരങ്ങളുണ്ട്.  കടകളിലേതു പോലെ നിരത്തരികിലും വില്‍പന പൊടിപൊടിക്കുന്നു. വെറും തയ്യല്‍ക്കൂലിക്ക് പാന്‍റും ഷര്‍ട്ടും വില്‍ക്കുന്നവരും നൂറ്റമ്പത് രൂപയുടെ ചെരിപ്പ് നൂറു രൂപക്ക് കൊടുക്കുന്നവരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് ആളെക്കൂട്ടുന്നു.  


ഡ്രസ്സിനു പുറമെ  ഷൂവും ബെല്‍റ്റുമൊക്കെ വാങ്ങാന്‍ കൂട്ടത്തോടെ കടകള്‍ കയറി ഇറങ്ങുന്ന കൌമാരക്കാരുടെ കലപില. എത്ര തെരഞ്ഞിട്ടും ഉദ്ദേശിച്ചത് കിട്ടാത്ത നിരാശ. പെരുന്നാള്‍ ആഘോഷത്തിന്‍റെ തിമര്‍പ്പും ഉത്സാഹവും അവരുടെ ചര്‍ച്ചകളില്‍ പൂത്തിരിപോലെ കത്തുന്നു.

ചുരിദാറും, സാരിയും, പര്‍ദ്ദയും, കുട്ടിയുടുപ്പുകളും, തേടി സ്ത്രീകളും കുട്ടികളും കടകള്‍ കയറിയിറങ്ങുന്നു. നാട്ടില്‍ പെരുന്നാള്‍കൂടാന്‍ ഭാഗ്യമില്ലാത്ത ഇവരുടെ പ്രിയപ്പെട്ടവര്‍ പ്രവാസത്തിന്‍റെ മരുഭൂമിയില്‍ നിന്ന് പെരുന്നാളിന് വിളിക്കും, പെരുന്നാള്‍കോടിയണിഞ്ഞ ചിത്രങ്ങള്‍ വാട്സ്അപ്പിലൂടെ കാണും അല്ലാത്തവര്‍ മനസ്സില്‍ വരച്ചുണ്ടാക്കും, പെരുന്നാള്‍വസ്ത്രമണിഞ്ഞ്‌  മൈലാഞ്ചിയിട്ട  തന്‍റെ മൊഞ്ചത്തിയെ..... പുത്തനുടുപ്പിന്‍റെ പത്രാസില്‍ നടക്കുന്ന മക്കളെ……

മുഖം നിറയെ ഗൌരവമുള്ള  പിതാവിനോടൊപ്പം വന്ന പെണ്‍കുട്ടി ഒരുപാട് തെരഞ്ഞാണ് തനിക്കിഷ്ടപ്പെട്ട ചുരിദാര്‍ കണ്ടെത്തിയത്. അത് ദേഹത്ത് വെച്ച് ഭംഗി നോക്കുമ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ പെരുന്നാള്‍ നിലാവ് ചുരിദാറിന്‍റെ വില കേട്ടതോടെ ഇല്ലാതായി. ഉപ്പയുടെ കീശയുടെ കനം അവള്‍ക്ക് അറിയുന്നതാണല്ലോ. പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ അവളെ അതിശയിപ്പിച്ചു കൊണ്ട്  ആ ചുരിദാര്‍ എടുക്കാന്‍  വില്‍പനക്കാരനോട് പറയുമ്പോള്‍ അയാളുടെ മുഖത്ത് പിതൃവാത്സല്യത്തിന്‍റെ പെരുന്നാളമ്പിളി ഉദിച്ചിരുന്നു. മനസ്സിലെ ലിസ്റ്റില്‍ തനിക്കായി വാങ്ങാന്‍ കരുതിയ  പെരുന്നാള്‍ കോടിയില്‍ എന്തായിരിക്കും മകളുടെ സന്തോഷത്തിനായി ആ ഉപ്പ വെട്ടി മാറ്റിയിട്ടുണ്ടാവുക..... 

മിട്ടായിത്തെരുവിലെ തിരക്കിലൂടെ ആ ദമ്പതികള്‍. കറുത്ത്മെലിഞ്ഞ്  ഉയരമുള്ള സ്ത്രീ ഭര്‍ത്താവിന്‍റെ കൈ പിടിച്ചിരുന്നു. അയാള്‍ ഉയരം കുറഞ്ഞ് കൈകാലുകള്‍ വളഞ്ഞ്, ഏന്തിയേന്തിയാണ്  നടന്നിരുന്നത്. തിരക്ക് അസഹ്യമായതിനാലാവാം അയാള്‍ കടുത്ത മുഖത്തോടെ അവ്യക്തമായ ശബ്ദത്തില്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ആ സ്ത്രീ  ഒരു മടിയനായ  കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഉമ്മയെപ്പോലെ അയാളെ അനുനയിപ്പിച്ച്............

നിരത്തരികില്‍ “മുന്നൂറു രൂപ മാത്രം” എന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരന് മുന്നില്‍ അവര്‍ നിന്നു. അവിടെ കൂട്ടിയിട്ട ഷര്‍ട്ടുകളില്‍ നിന്ന് നിറവും അളവും നോക്കി ഏറെ സമയം  തെരഞ്ഞു. മഴ പൊടിയുന്നുണ്ടായിരുന്നു. അയാള്‍ അസഹ്യതയോടെ ആ സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ടിരുന്നു. കുറേ നേരത്തെ തെരച്ചിലിന് ശേഷം ഒരു ഇളം നിറമുള്ള ചെക്ക് ഷര്‍ട്ട് അയാള്‍ക്ക് ചേരുന്നോ എന്ന് അളവ് നോക്കി.

നല്ല ഭംഗിയുണ്ടെന്ന അവരുടെ മുഖഭാവം വായിച്ചാവണം അയാളുടെ മുഖത്തൊരു നേരിയ ചിരി വിരിഞ്ഞു. പേഴ്സില്‍ നിന്നും രണ്ട് നൂറു രൂപ നോട്ടുകളും ബാക്കി ചില്ലറയുമായി ആ സ്ത്രീ മുന്നൂറു രൂപ ഒപ്പിച്ചു കൊടുത്തു. ഷര്‍ട്ട്  പൊതിഞ്ഞു വാങ്ങി അയാളുടെ കൈയും പിടിച്ച് തിരക്കിലൂടെ പുറത്തേക്ക് നടന്നു.

കുറച്ചപ്പുറത്ത്‌ എത്തിയപ്പോള്‍ അയാള്‍ മുന്നോട്ട് നീങ്ങാതെ ഒരിടത്ത് തറഞ്ഞു നിന്നു. അവര്‍ അയാളെ നടത്തിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അയാള്‍ വഴങ്ങിയില്ല. പറയുന്നതൊന്നും  ചെവിക്കൊള്ളാതെ അവ്യക്തമായ ശബ്ദത്തില്‍ അവരോടു ക്ഷോഭിച്ചുകൊണ്ടിരുന്നു. ആ തിരക്കിലും പലര്‍ക്കും  അതൊരു കൌതുക്കാഴ്ചയായി.

ഒരു പെരുമഴക്കായി ആകാശം ഇരുണ്ടുനിന്നു. വിലക്കുറവിന്‍റെ നോട്ടീസുമായി ആളെ വിളിക്കുന്ന പയ്യന്‍ വഴികാട്ടിയ ഗല്ലിയിലേക്ക് ആ ദമ്പതികള്‍  കയറി. അവിടെ  വിവിധ വര്‍ണ്ണങ്ങളിലുള്ള ‘മാക്സി’കള്‍   പുറത്തു തൂക്കിയിട്ട് വില്‍ക്കുന്ന കടകളായിരുന്നു നീളെ. ഓരോ കടകള്‍ക്ക് മുന്നിലും നിന്ന് ഏറെപരതി  നീല നിറത്തില്‍ ധാരാളം പൂക്കളുള്ള  ഉള്ള ഒരു മാക്സി അയാള്‍ ചെറിയൊരു വിലപേശല്‍ നടത്തി തെരഞ്ഞെടുത്തു.

തെറുത്തു വെച്ചിരുന്ന കുപ്പായക്കൈയില്‍ നിന്നും  പണമെടുത്തു കൊടുക്കുമ്പോള്‍ അയാളുടെ മുഖം പോലെ കാറ്  നീങ്ങിപ്പോയ മേഘങ്ങള്‍ക്ക് മുകളില്‍ സൂര്യന്‍ ചിരിച്ചു.  തിളങ്ങി നിന്ന പൊന്‍വെളിച്ചത്തില്‍  ഒട്ടും ധൃതിയില്ലാതെ പരസ്പരം സമ്മാനിച്ച പെരുന്നാള്‍കോടികളുമായി അവര്‍ നടന്നു. ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യരായി.....

വിശ്വാസികള്‍ക്ക് പടച്ചവന്‍റെ  സമ്മാനമാണല്ലോ പെരുന്നാള്‍. വ്രതം കൊണ്ട് വിശപ്പിന്‍റെ വിലയറിഞ്ഞവര്‍ക്കും, ദരിദ്രനെ ദാനം കൊണ്ട് ചേര്‍ത്തുപിടിച്ചവര്‍ക്കുമുള്ള സമ്മാനം

 ഓരോ പെരുന്നാളുകളും ആഹ്ലാദിപ്പിക്കുന്നത് പ്രിയപ്പെട്ടവര്‍ നല്‍കുന്ന സ്നേഹസമ്മാനങ്ങളില്‍ കൂടിയുമാണല്ലോ. ഇഷ്ടമുള്ളൊരു ഉടുപ്പായോ, പുരട്ടിത്തന്ന സുഗന്ധമായോ, പ്രിയപ്പെട്ടൊരു രുചിയായോ, അകലെ നിന്നൊരു വിളിയായോ നമ്മെ ചേര്‍ത്തുപിടിക്കുന്ന സ്നേഹസമ്മാനങ്ങള്‍...... 


 മിട്ടായിത്തെരുവില്‍ ഇപ്പോഴും  തിരക്കാണ്. പെരുന്നാള്‍ സമ്മാനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്ക്. അവരുടെ മനസ്സിന്‍റെ  മധുരം കൊണ്ടായിരിക്കുമോ ഈ തെരുവിന് മിട്ടായിത്തെരുവ് എന്ന പേര് വന്നത്.


Saturday, June 14, 2014

ജീര്‍ണ്ണതയുടെ കോമാളിവേഷം കെട്ടിയാടുന്ന ‘ഉത്തമസമുദായം’


വിവാഹം എന്ന പരിപാവനമായ കര്‍മ്മത്തെ എത്രത്തോളം പരിഹാസ്യമാക്കാന്‍ കഴിയും എന്നതില്‍ ഗവേഷണം നടത്തുകയാണോ കേരളത്തിലെ, വിശിഷ്യാ മലബാറിലെ മുസ്ലിം സമൂഹം എന്ന് തോന്നിപ്പോകുന്നു  ഇപ്പോഴത്തെ ചില കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍.

പണക്കൊഴുപ്പും പൊങ്ങച്ചവും പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന നിലയിലേക്ക് മുസ്ലിം വിവാഹങ്ങള്‍ അധ:പതിച്ചിട്ട് കാലം കുറച്ചായെങ്കിലും അതും പിന്നിട്ട് മനോ വൈകൃതത്തിന്‍റെയും പേക്കൂത്തുകളുടെയും പ്രദര്‍ശന ശാലകളായി വിവാഹാഘോഷം മാറിപ്പോവുമ്പോള്‍ ‘ഉത്തമ സമുദായത്തിന്‍റെ’ ഈ പോക്കില്‍ ഖേദമല്ല ഭീതിയാണ് തോന്നുന്നത്.

വിവാഹം എന്നത് ഒരുപാട് തരം  വിഭവങ്ങള്‍ ഒരുക്കി അതിഥികള്‍ക്കു മുന്നില്‍ തന്‍റെ ധനസ്ഥിതി പ്രകടിപ്പിക്കാനുള്ള ഭക്ഷ്യമേളയാക്കുന്ന പൊങ്ങച്ചക്കാരുടെ ആഘോഷമായിട്ട് നാളേറെയായി.  

എന്നാല്‍ അതിലേറെ പരിഹാസ്യമായ ചില കൂത്താട്ടങ്ങള്‍ മലബാറിലെ വിവാഹവേളകളെ നെഞ്ചിടിപ്പോടെ മാത്രം പങ്കെടുക്കാനാവുന്ന ഒരു ചടങ്ങായി മാറ്റിയതും നമുക്കറിയാം. പുതിയാപ്പിളയുടെ വരവും അതോടനുബന്ധിച്ചുള്ള ‘തോന്ന്യാസങ്ങളും’ വിവാഹപ്പന്തലിലും മണിയറയില്‍ പോലും പടക്കം പൊട്ടിച്ചും, ചായം വിതറിയും, തെറിപ്പാട്ട് പാടിയും വധുവിന്‍റെ പിതാവിനെയടക്കം ‘റാഗ്’ ചെയ്യുന്ന കുറെ ചെറുപ്പക്കാര്‍ (അത്ര ചെറുപ്പക്കാരൊന്നുമല്ല  വിവാഹിതരായ മുതുക്കന്മാര്‍ പോലും ഇതില്‍ ഉണ്ടാകും).

അത് കഴിഞ്ഞ് വധുവും വരനും വീട്ടിലേക്ക് പോകുമ്പോള്‍. ലോറിയില്‍  കയറ്റിയും  പാട്ടുപാടിച്ചും കൂടെയുള്ളവര്‍ കോമാളി വേഷം കെട്ടിയും പരിപാവനമായ ഒരു കര്‍മ്മത്തെ എത്രത്തോളം വികൃതവും ജുഗ്പസാവഹവും ആയി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവുമോ അതൊക്കെയും ചെയ്തു കൂട്ടുന്ന തനി തെമ്മാടിത്തത്തിന്‍റെ ഉത്സവ ദിനമാക്കി മാറ്റിക്കളഞ്ഞു വിവാഹാഘോഷത്തെ.

ഇതൊന്നും ഒരു പുതിയ കാര്യമല്ല ഇതൊരു നാട്ടുനടപ്പായി മാറിക്കഴിഞ്ഞിട്ടു കാലം കുറേ ആയി. അത് കൊണ്ട് തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഇതൊക്കെ കാണാനും സഹിക്കാനുമുള്ള തയ്യാറെടുപ്പോടെയാണ് പോകുന്നത്. ചിലയിടങ്ങളിലെങ്കിലും ഈ തെമ്മാടിത്തരങ്ങളെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്നത് സന്തോഷകരമാണ്.

ഇപ്പോള്‍ ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം ഈയിടെയായി എഫ് ബി യില്‍ കാണാന്‍ കഴിഞ്ഞ ചില വീഡിയോ ചിത്രങ്ങള്‍ ആണ്. ഉളുപ്പും മാനവും  നഷ്ടപ്പെട്ട ഈ സമുദായത്തിന്‍റെ പേക്കൂത്തുകള്‍. വിവാഹ വേദിയില്‍ ആണും പെണ്ണും ചേര്‍ന്ന്‍ ആടിപ്പാടുന്ന ചടങ്ങ് ഈ സമുദായത്തിന് എന്ന് മുതലാണ്‌ ഹലാലായത്. സ്വന്തം ഭാര്യയെ ആണെങ്കിലും എടുത്തു പൊക്കുന്നതും കെട്ടിപ്പിടിക്കുന്നതും കെട്ടിയവളുടെ   അഴകും ശരീരവടിവും   ലോകം മുഴുവന്‍ ആസ്വദിക്കട്ടെ എന്ന് കരുതിയാണോ. ഈ ഒരു വേദിയില്‍ തന്നെ വേണമോ ഈ കോപ്രായങ്ങള്‍. ആദ്യരാത്രിയുടെ സ്വകാര്യതയില്‍ നല്‍കേണ്ട പ്രഥമചുംബനം പോലും  വീഡിയോ ചിത്രമാക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്‍റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവന്‍റെ സംസ്കാരം എത്രത്തോളം അധ:പതിച്ചു പോയി എന്നാലോചിച്ചു നോക്കൂ.

ആരുടെ ഭാവനയില്‍ ഉദിച്ചതാവുമെന്നറിയില്ല  സ്ത്രീകള്‍ പാട്ടുപാടി  ഉരലില്‍ ഉലക്കയിട്ട് ഇടിക്കുന്ന ഒരു കലാപരിപാടിയും അതിനിടയില്‍ കണ്ടു (ഇത് പ്രതീകാത്മകമായിരിക്കുമോ  എന്തായാലും ഏറെ താമസിയാതെ മാപ്പിളമാരുടെ വിവാഹ വേളയില്‍ ഇതൊരു നിര്‍ബന്ധിത ചടങ്ങായി മാറും എന്നതില്‍ സംശയമില്ല)

മറ്റൊരു വീഡിയോ കണ്ട് ശരിക്കും ഞെട്ടിപ്പോയി. വരന്‍റെ വീട്ടില്‍ എത്തിയ പുതുപെണ്ണിനെ അവിടെയുള്ള സ്ത്രീകളും ‘ആണും പെണ്ണും കെട്ടവരും’    (ആണുങ്ങള്‍ എന്ന്‍ ഇവരെ വിളിക്കാന്‍ മനസ്സ് വരുന്നില്ല) ‘റാഗ്’ ചെയ്യുന്നത്. ഒരു സ്റ്റൂളിനു മേല്‍ വെച്ച ചക്ക മണവാട്ടി കത്തി കൊണ്ട് വെട്ടി മുറിക്കണം. ലജ്ജയും അപമാനവും കൊണ്ട് ആ പാവം വിളറിയ ചിരിയോടെ ഈ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഇത് ചെയ്യുമ്പോള്‍ പിന്നണിയായി കൂടി നില്‍ക്കുന്ന പര്‍ദയും ചുരിദാറും ഒക്കെ ധരിച്ച സ്ത്രീകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലി ഇതിനു ഈണമേകുന്നു. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ തോന്ന്യാസത്തിനു മേളക്കൊഴുപ്പേകാന്‍ ആരുടെ പേരാണ് ഇവര്‍ വിളിച്ചു പറയുന്നത്. സമുദായമേ എവിടെ എത്തി നില്‍ക്കുന്നു നിങ്ങളുടെ മതബോധം. ശരിക്കും ആലോചിച്ചു നോക്കൂ ആരാണ് പ്രവാചക നിന്ദ നടത്തുന്നത്. ഏതോ രാജ്യത്ത് ആരോ തിരുനബിയെ അപമാനിച്ചു എന്ന് കേള്‍ക്കുമ്പോള്‍ രക്തം തിളക്കുന്ന കേരളത്തിലെ കാക്കാമാരെ ഇതിലും വലിയ പ്രവാചക നിന്ദ എന്താണ്.  വിവേകമുണ്ടെങ്കില്‍ ചിന്തിക്കുക.

മതസംഘടനകളും, പള്ളികളും, മത സ്ഥാപനങ്ങളും, ചാനലുകളും, പത്രങ്ങളും, കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങളും, സീഡിയും ഇന്റര്‍നെറ്റും പോരാഞ്ഞിട്ട് രാത്രിക്ക് പതിനായിരങ്ങള്‍ വിലയുള്ള മതപ്രാസംഗികരും ഉദ്ബോധനം നടത്തിയിട്ടും ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തുന്ന ഒരു സമുദായമായി കേരളത്തിലെ മുസ്ലിം സമൂഹം മാറുന്നുവെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍?

ഊതിവീര്‍പ്പിച്ച പൊങ്ങച്ചക്കാഴ്ച്ചകള്‍ കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ വേണ്ടി പരക്കം പായുന്ന ഉള്ളുപൊള്ളയായ സമൂഹമായി മാറിയോ ചരിത്രത്താളുകളില്‍ അഭിമാനപൂര്‍വ്വം മാത്രം വായിക്കാന്‍ കഴിയുന്ന മാപ്പിളമാര്‍.

ഗള്‍ഫ് കുടിയേറ്റം മൂലം ലഭിച്ച സമ്പത്ത് ഗുണപരമായ രീതിയില്‍ ചെലവാക്കാന്‍ പഠിക്കാതെ ധൂര്‍ത്തും ആഘോഷവും അലങ്കാരമായി കൊണ്ട് നടക്കുന്ന സമൂഹമായി നാം മാറിയോ? ഈ സമുദായത്തിന്‍റെ അജ്ഞതയും പൊങ്ങച്ച മനോഭാവവും കൊണ്ട് മാത്രം തഴച്ചു വളര്‍ന്നത്‌ മലബാറിലെ ആശുപത്രി വ്യവസായവും, സ്വര്‍ണ്ണക്കടകളും, തുണിക്കടകളും മാത്രമല്ല.

ഗള്‍ഫിലും നാട്ടിലുമൊക്കെ വന്‍കിട ബിസിനസ് നടത്തുന്ന സമ്പന്നരുടെ വിവാഹമടക്കമുള്ള ആഘോഷങ്ങളെ അതേപോലെ അനുകരിക്കാനാണ് സാധാരണക്കാരനും തിടുക്കം. കാശുള്ളവന്‍ ചെലവാക്കുന്നത് പോലെ കടം വാങ്ങിയും പൊങ്ങച്ചം കാട്ടാന്‍ മടിയില്ലാത്ത സമുദായം. മദ്യപാനത്തെക്കാള്‍ കഠിനമായ കുറ്റമാണ്  പലിശയിടപാട് എന്ന് പഠിപ്പിച്ച സമുദായത്തിന്‍റെ മക്കളാണ് ബാങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുമായി പലിശക്ക് പണം വാങ്ങി ആര്‍ഭാടം നടത്തുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാരില്‍ വലിയൊരു ശതമാനത്തിന്‍റെയും ഭാര്യമാരുടെ പണ്ടങ്ങള്‍ പണയത്തിലാണ് എന്നതും, അത് വീടുപണി വിവാഹം പോലെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നതും ഒരു പരമാര്‍ത്ഥം മാത്രമാണ്.

വിവാഹ വേളയിലെ ഈ പൊങ്ങച്ചങ്ങള്‍ക്കും  ആര്‍ഭാടങ്ങള്‍ക്കും  പേക്കൂത്തുകള്‍ക്കും എതിരെ ശക്തമായി രംഗത്ത് വരേണ്ട മതപണ്ഡിതന്‍മാരും സമുദായ നേതാക്കളും പങ്കെടുക്കുന്ന വിവാഹങ്ങള്‍ പലപ്പോഴും ഒന്നുകൂടി കൊഴുപ്പുകൂട്ടാന്‍ ആതിഥേയന്‍ ശ്രദ്ധിക്കും. വി ഐ പി കള്‍ വരുന്ന വിവാഹം കെങ്കേമമാകണമല്ലോ.

ഇതൊക്കെ കണ്ടാലും ശക്തമായ പ്രതികരണവും പ്രതിഷേധവും പണ്ഡിതന്‍മാരില്‍  നിന്നും സമുദായ നേതൃത്വത്തില്‍ നിന്നും ഉണ്ടാവില്ല. കാരണം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനും, സമ്മേളനം നടത്താനും വാരിക്കോരി കൊടുത്തു ‘സ്വര്‍ഗ്ഗം ഉറപ്പാക്കുന്ന സമുദായ സ്നേഹികളുടെ ചെയ്തികളെ എങ്ങനെ വിമര്‍ശിക്കാനാണ്. അഥവാ വിമര്‍ശനത്തില്‍ പ്രകോപിതനായി അയാള്‍ സംഘടനയോ ഗ്രൂപ്പോ  മാറിയാല്‍ അതും ക്ഷീണമാണല്ലോ.

പണക്കൊഴുപ്പിന്‍റെ ആര്‍ഭാടമേളയായി ജീവിതം ആഘോഷിക്കുന്നവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന ചിന്തയില്‍ ഈ സമുദായത്തിലെ ചെറുപ്പക്കാര്‍ കള്ളക്കടത്തും പിടിച്ചുപറിയും മോഷണവും തട്ടിപ്പും വെട്ടിപ്പും അടക്കമുള്ള സകല ക്രിമിനല്‍ ചെയ്തികളിലും മുന്നോട്ടു കുതിക്കുന്നു എന്നത് നിഷേധിക്കാനാവുമോ?

കേരളത്തിലെ മുസ്ലിം സമുദായം വിദ്യാഭ്യാസകാര്യത്തില്‍ മുന്നേറുന്നു എന്ന് അഭിമാനിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു സത്യം ഉയര്‍ന്ന വരുമാനമുള്ള ജോലിക്ക് വേണ്ടി പഠിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്‌ഷ്യം എന്നാണ് സമുദായത്തിലെ ഭൂരിപക്ഷം യുവതലമുറയുടെയും ധാരണ. അത് കൊണ്ട് തന്നെ ഇത്തരം ആഘോഷങ്ങളില്‍ കൂടെ ചേര്‍ന്ന് കൊഴുപ്പിക്കാന്‍ അവരും മുന്നില്‍ തന്നെയുണ്ട്‌.

സത്യം പറയട്ടെ പണക്കൊഴുപ്പിന്‍റെ അഹങ്കാരം കൊണ്ട് ചിലര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ കാരണം പരിഹസിക്കപ്പെടുന്നതും അവമാനിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്.

മറക്കണ്ട ബര്‍മ്മയിലും സിംഗപ്പൂരിലും പോയി പണം വാരിക്കൂട്ടി നാട്ടില്‍ പത്രാസ് കാണിച്ച കാരണവന്മാര്‍ ഒരു ചുരുട്ടിന് വേണ്ടി ഇരന്നു നടന്ന കാലം ഏറെ മുമ്പൊന്നുമല്ല. ചടങ്ങുകളും മാമൂലുകളും കൊണ്ട് മുടിഞ്ഞുപോയ സമുദായങ്ങളുടെ കഥകള്‍ നമുക്ക് ചുറ്റും എമ്പാടുമുണ്ട്. പാലസ്തീന്‍ എന്ന നാടിന്‍റെ വേദന എന്നും നീറ്റലായി ഉള്ളില്‍ പുകയുമ്പോഴും, യുദ്ധത്തിനു മുമ്പ് കുവൈത്തില്‍ ഉണ്ടായിരുന്നവരോട് ചോദിച്ചാല്‍ അറിയാം മതചിട്ടകള്‍ മറന്ന് പണം പുല്ലുപോലെ ചെലവാക്കി ആര്‍ഭാടമായി ജീവിച്ച പലസ്തീനികളുടെ ചെയ്തികളെ കുറിച്ച്. ഇന്ന് അവരുടെ അവസ്ഥ എന്താണ് എന്നതും മറക്കാതിരിക്കുക.

പള്ളികള്‍ എമ്പാടും കൂടിയതുകൊണ്ടും, പര്‍ദ്ദക്കടകള്‍ വര്‍ധിച്ചതുകൊണ്ടും, സോഷ്യല്‍മീഡിയകളിലൂടെ ആയത്തും ഹദീസും കണ്ടമാനം വിളമ്പിയത് കൊണ്ടും ഈ സമുദായം ഉത്തമ സമുദായമാകുന്നില്ല. ജീവിതം തന്നെ സന്ദേശമാക്കിമാറ്റിക്കൊണ്ട്  ആദരവ് നേടാന്‍ കഴിയുമ്പോള്‍ മാത്രമേ ആ വിശേഷണത്തിന് അര്‍ഹത നേടൂ. ഇന്ന് ഈ സമുദായത്തില്‍ പെട്ട ചിലര്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകള്‍ക്ക് പഴി മുഴുവന്‍ കേള്‍ക്കെണ്ടിവരുന്നതും പരിഹസിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്. തെറ്റ് തിരുത്താനല്ല ധാര്‍ഷ്ട്യത്തോടെ തുടരാണ് ഭാവമെങ്കില്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക.

അഹങ്കാരികള്‍ക്ക് ദുനിയാവില്‍ വെച്ച് തന്നെയുള്ള കഠിനശിക്ഷ  പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ച പരിശുദ്ധ ഖുര്‍ആന്‍ വചനം നമുക്ക് കൂടിയുള്ള താക്കീതാണ്. ഹൃദയം  മുദ്രവെക്കപ്പെട്ടവര്‍ എന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായി മാറാതിരിക്കട്ടെ നാം.

ഏറ്റവും ലളിതമായി എങ്ങനെ ജീവിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത നേതാവിന്‍റെ അനുയായികളേ “നിങ്ങളുടെ ദാരിദ്ര്യത്തെ അല്ല സമ്പന്നതയെയാണ് ഞാന്‍ ഭയപ്പെടുന്നത്”  എന്ന  പ്രവാചകവചനം നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന അഗതികളായ മക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും കണ്ട് ഉള്ളു വേദനിച്ച നാം പണത്തിന്‍റെ പുളപ്പില്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകളെ കുറിച്ച് ഇനിയെങ്കിലും ബോധവാന്മാരാകുക. എല്ലാം തകിടം മറിയ്ക്കാന്‍ പടച്ചവന് ഏറെ സമയമൊന്നും വേണ്ട എന്നത് മറക്കാതിരിക്കുക.