Monday, November 20, 2017

പെണ്ണിനെ ഒരുത്തൻ കയറിപ്പിടിക്കുമ്പോൾ ആരുടെ മാനമാണ് ഭംഗപ്പെട്ടുപോകുന്നത്?


ഒരു പെണ്ണ് ലൈംഗീകമായി അക്രമിക്കപ്പെട്ടാൽ, കീഴടക്കപ്പെട്ടാൽ നാം അതിനെ കുറിച്ച് എഴുതുകയും പറയുകയും ചെയ്യുക 'മാനഭംഗശ്രമം' 'മാനഭംഗം ചെയ്യപ്പെട്ടു' എന്നൊക്കെയാണ്. 'പ്രണയം നടിച്ചു മാനം കവർന്ന ശേഷം ഉപേക്ഷിച്ചു' എന്നും 'മാനം കവരാൻ സമ്മതിക്കില്ല' എന്നൊക്കെയുള്ള ഡയലോഗുകൾ നമ്മൾ സ്ഥിരമായി കേൾക്കുന്നതുമാണ്. ഈ ഒരു പ്രയോഗത്തിലൂടെ നാം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നത് എന്താണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഈ മാനം എന്ന് പറയുന്ന സംഗതി പെണ്ണിന് മാത്രം ഉള്ള ഒരു കാര്യം ആണെന്നും. ബലമായോ അനുനയ രൂപത്തിലോ പെണ്ണിനെ കീഴ്പ്പെടുത്തുന്നതോടെ പവിത്രമായതും അവൾ കരുതലോടെ സൂക്ഷിക്കേണ്ടതുമായ ആ സംഗതി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നും അല്ലേ!

 വീട്ടിനകത്തയാലും തൊഴിലിടങ്ങളിൽ ആയാലും നിരത്തിലോ വാഹനത്തിലോ ആഘോഷസ്ഥലത്തോ എവിടെ ആയാലും ചോരക്കുഞ്ഞു മുതൽ പടുവൃദ്ധകൾ വരെ ലൈംഗീകാക്രമണനത്തിനു വിധേയമാകുന്ന ഈ കാലത്ത്  തന്റെ ശരീരം ആക്രമിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്നതിനേക്കാളേറെ അവൾ ഉത്കണ്ഠ പ്പെടേണ്ടത് ഭംഗപ്പെട്ടു പോയ മാനത്തെ കുറിച്ചാണെന്നു ചുരുക്കം.

സംഗതി അങ്ങനെ തന്നെയാണ് എന്ന് നമ്മൾ അംഗീകരിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ പീഡനക്കേസുകളിലെ പ്രതികളും ആരോപിതരുമൊക്കെ യാതൊരു കൂസലും ഇല്ലാതെ  സമൂഹത്തിന്റെ മുന്നിലൂടെ  നെഞ്ചും വിരിച്ചു നടക്കുമ്പോഴും ഇരകളാക്കപ്പെട്ട പെൺകുട്ടികൾ അതോട് കൂടി സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് വീടകങ്ങളിൽ ഒതുങ്ങിപ്പോവുകയോ സർക്കാർ വക 'നിർഭയ ഹോമുകൾ' എന്ന നാലു ചുവരുകൾക്കുള്ളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുന്നത്. പേരുപോലും ഇല്ലാത്തവളായി പിറന്ന നാടും വീടും വിട്ട് ഒളിച്ചോടേണ്ടി വരുന്നത്. ലൈംഗീകമായി ആക്രമിക്കപ്പെട്ട ഒരു പെണ്ണിനെ കൗതുകത്തോടെയോ പരിഹാസത്തോടെയോ കുറ്റപ്പെടുത്തലോടെയോ കാണുന്ന, പീഡിപ്പിച്ചവന്റെ നേരെ അങ്ങനെയൊരു നോട്ടം കൊണ്ട് പോലും നോവിക്കാതെ വെറുതെ വിടുന്ന നാം,  അവളുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനത്തെ കുറിച്ച് ചിന്തിച്ചു തല പുകയ്ക്കുകയും, വസ്ത്രത്തിന്റേയോ ഇടപെടലിന്റെയോ ഒറ്റക്ക് നിന്നതിന്റെയോ കാരണം കണ്ടെത്തി സമാധാനിക്കുകയും ചെയ്യുന്നു.  'ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും'  എന്ന മഹത്തായ ആപ്തവാക്യം ഓർമ്മിപ്പിച്ചു സംതൃപ്തി അടയുന്നു.

ലൈംഗികാതിക്രമങ്ങളൊക്കെ ഇങ്ങനെ മാനത്തോട് ചേർത്ത് വെച്ചത് കൊണ്ട്  ഏത് ഊച്ചാളിക്കും ഏതു പെണ്ണിനേയും എവിടെ വെച്ചും കയറിപ്പിടിക്കാം എന്ന സൗകര്യമായി. മാനക്കേടോർത്ത് പെണ്ണ് ഒന്നും  പുറത്തു പറയില്ല എന്നുറപ്പണല്ലോ.  മാനം എന്ന സംഗതി അവൾക്ക് മാത്രം ഉള്ളതായത് കൊണ്ട് ഒതുക്കേണ്ടത് അവളുടെ ഉത്തരവാദിത്തം ആണല്ലോ. എത്ര സുന്ദരമായ ആചാരങ്ങൾ.  ഒരു പാട് ആണുങ്ങൾ  സുഹൃത്തുക്കളായ പെണ്ണ് പിഴയും, ഒരു പാട് പെണ്ണുങ്ങൾ സുഹൃത്തുക്കൾ ആയുള്ള ആണ് ഹീറോയും ആയി കൊണ്ടാടപ്പെടുന്ന നമ്മുടെ നാട്ടിൽ മാനത്തിന്‌ രണ്ട് അളവുകോൽ ആയതിൽ ഒട്ടും ആശ്ചര്യം ഇല്ല.

പുരുഷാധികാര കേന്ദ്രീകൃതമായ ഒരു സമൂഹം സദാചാര ബോധത്തിന്റെയും മതത്തിന്റെയും സാമൂഹ്യമാന്യതയുടെയും  ഒക്കെ പേര് പറഞ്ഞ് പവിത്രീകരിച്ചു വെച്ച ഈ മാനസങ്കൽപം കാരണമാണ് ഇന്ന് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങൾ ഇത്രയും കൂടാനുള്ള കാരണം എന്നത് നാം സൗകര്യപൂർവ്വം  മിണ്ടാതിരിക്കുകയാണ്. ഏത് ആൾത്തിരക്കിനിടയിലും പെണ്ണിനെ കയറിപ്പിടിച്ചാലും മാനക്കേട് വിചാരിച്ചു  എതിർത്തൊന്നും പറയില്ല എന്ന ധൈര്യം. ഇനി പെണ്ണ് എതിർത്താൽ തന്നെ വേണ്ടപ്പെട്ടവർ ഇടപെട്ട് അത് ഒതുക്കിക്കോളും എന്ന തന്റേടം. പെണ്ണിന്റെ മാനത്തെ ചൊല്ലി ഏറെ കരുതൽ ഉള്ളവരണല്ലോ നാം എപ്പോഴും. ആ കരുതലിന്റെയും സ്നേഹത്തിന്റെയും പേരിൽ എല്ലാം ഗോപ്യമാക്കി വെക്കുന്നതാണ് മാനം എന്ന കണ്ടെത്തലിൽ  നാം അനുവദിച്ചു കൊടുത്തത് പെണ്ണിന് നേരെ എന്തും ചെയ്യാനുള്ള ലൈസൻസാണ് എന്ന് നാം ചിന്തിക്കാതെ  പോയി.

മുമ്പൊക്കെ നമ്മുടെ പത്രങ്ങൾ ബലാൽസംഗം, ബലാൽസംഗ ശ്രമം എന്നൊക്കെ തന്നെയായിരുന്നു ഇതിനൊക്കെ എഴുതിയിരുന്നത്. എന്നുവെച്ചാൽ ഇതിലേക്ക് മാനത്തിനെ വലിച്ചിഴച്ചില്ലായിരുന്നു  എന്ന് ചുരുക്കം.
കുലീനതയും ആഢ്യത്വവും ഒക്കെ വല്ലാതെ പ്രദർശനപരതയോടെ കൊണ്ടാടപ്പെടുന്നൊരു   കാലം കൂടി ആയതു കൊണ്ടാവാം ലൈംഗീകാതിക്രമങ്ങളൊക്കെ പെണ്ണിന്റെ  മാനഭംഗം ആക്കി  നമ്മുടെ മാധ്യമങ്ങൾ മാറ്റിയെടുത്തത്. യാതൊരു എതിരും പറയാതെ സ്ത്രീ വിമോചകർ അടക്കം  ആ വാക്കിനെ അങ്ങ് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

കോവിലകങ്ങളും തമ്പുരാക്കന്മാരും 'ഫുക്രി ബംഗ്ലാവുകളിലെ' റോയൽ ജീവിതങ്ങളുമൊക്കെ മഹത്വ വൽക്കരിക്കുന്ന നമ്മുടെ സിനിമകൾ തന്നെ നൽകിയ ഒരു സന്ദേശം ഉണ്ടല്ലോ. നായകൻ എത്ര വിടനാണെങ്കിലും നായിക എപ്പോഴും അനാഘ്രാത കുസുമം ആയിരിക്കണം എന്നും. അഥവാ നായിക വല്ല വിധേനയും പിഴച്ചുപോയെങ്കിൽ  അവസാനം അവൾക്ക്  മരണം വിധിച്ചു കൊണ്ടെങ്കിലും നായകനെ ആ 'കുടുക്കിൽ' നിന്ന്  രക്ഷിക്കണമെന്നും. സമൂഹത്തിന്റെ താല്പര്യം  അറിഞ്ഞു തന്നെയാണ് നമ്മുടെ സിനിമകൾ ഇതൊക്കെ വിളമ്പിയത്. അങ്ങനെയൊക്കെയാണ് മാനം എന്ന പവിത്ര സംഗതി പെണ്ണിന് മാത്രം വേണ്ടതാണ് എന്ന് അടിച്ചേല്പിക്കുന്നതും.

എത്രകാലം നമ്മളിങ്ങനെ പെണ്ണിന്റെ നേർക്കുള്ള  ലൈംഗീകാതിക്രമങ്ങളെ മാനഭംഗം എന്ന് പേരിട്ടു മൂടിവെച്ചുകൊണ്ടിരിക്കും? ആണിന് ആവശ്യമില്ലാത്ത എന്ത് മാനമാണ് അക്രമിക്കപ്പെടുന്ന പെണ്ണിന് മാത്രം ബാധകമായിട്ടുള്ളത്? കയറിപ്പിടിക്കുന്നവന് ഇല്ലാത്ത ഏതു മാനത്തിന്റെ പേരിലാണ് പിറന്നു വീഴുന്നത് മുതൽ ഓരോ പെൺകുട്ടിയും തന്റെ ശരീരത്തെ ചൊല്ലി ഇങ്ങനെ വേവലാതിപ്പെട്ടുകൊണ്ട് ജീവിക്കേണ്ടി വരുന്നത്?  ആരാണ് ഇതിനൊക്കെ മറുപടി പറയുക
2017 feb 24 ന്റെ fb പോസ്റ്റ്

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ