Monday, November 20, 2017

ഓർമ്മനാടച്ചുരുളിലെ മായാ ചിത്രങ്ങൾ


"ഇങ്ങള് കല്യാണത്തിന് വരൂലെ..."    ചോദ്യത്തിൽ ആശങ്കയും പരിഭവവും കലർന്നിരുന്നു.
"ഞാനിപ്പോ വന്നു പോന്നിട്ട് ആറുമാസം ആവുന്നല്ലേ ഉള്ളൂ.....പൊന്നും പണവും കല്യാണച്ചെലവിനുള്ള പൈസയും ഒക്കെ ഒപ്പിക്കണ്ടേ....."
"നമ്മളെ മോൾടെ കല്യാണത്തിന് ഇങ്ങളില്ലാതെ  എങ്ങനാ....."
 ഇപ്പോൾ പെയ്യുമെന്ന പോലെ  സങ്കടം നിറഞ്ഞ അവളുടെ വാക്കുകളിൽ തുളുമ്പി നിൽക്കുന്നത് കല്യാണത്തിന്റെ ആഹ്ലാദമല്ല. 
"ഇവിടാകുമ്പോ കൂട്ടുകാരോടൊക്കെ എന്തെങ്കിലും തിരിമറിയാക്കാൻ പറ്റും..... നാട്ടിൽ പോയി വരാനുള്ള ടിക്കറ്റിന്റെ പൈസ ഉണ്ടെങ്കിൽ തന്നെ മൂന്നാലു പവൻ വാങ്ങാം.....ഞാനിപ്പോ വന്നാൽ...നിനക്കറിയാലോ പുരപ്പണിയുടെ കടം തന്നെ ഇനിയും വീട്ടിത്തീർന്നിട്ടില്ല...."
"നമ്മളെ മോളെ പുയ്യാപ്ലന്റെ കൈ പിടിച്ചു  നിക്കാഹ് ചെയ്തു കൊടുക്കാനും ഓള്  ഇറങ്ങിപ്പോവുന്നത് കാണാനും ഇങ്ങളില്ലാതെ.........."
മുറിഞ്ഞു പോവുന്ന വാക്കുകളിലെ കണ്ണീര് ഉള്ളിൽ വീണു പൊള്ളിക്കുന്നു.
"നീ എന്നെ സങ്കടപ്പെടുത്തല്ലേ... .....ഇതൊന്നും ഞാൻ ആലോചിക്കാതെയല്ല......ഇപ്പൊ ഞാൻ വന്നാൽ ആകെ കുടുങ്ങും..... ഉപ്പ നിക്കാഹ് ചെയ്തു കൊടുത്തോട്ടെ. ഞാൻ 'കൈ' അയക്കാം..... കൂടാനും കാണാനും പൂതി ഇല്ലാഞ്ഞിട്ടല്ല.....നിനക്കറിയാലോ.."
അപ്പുറത്തെ നിശബ്ദതയെ സമാധാനിപ്പിക്കാൻ അയാൾ കൂട്ടിച്ചേർക്കുന്നു.
"ഇഞ്ഞൊരു കാര്യം ചെയ്യ്....കുട്ട്യോളോട് ആരോടെങ്കിലും വീഡിയോ പിടിക്കുന്നവരെ ഏർപ്പാട് ചെയ്യാൻ പറ..... എന്നാൽ എനിക്ക് ഇവിടെ ഇരുന്ന് കാണാലോ കല്യാണം.......ഇപ്പൊ എല്ലാരും അങ്ങനല്ലേ....വേറെ നിവൃത്തിയില്ലാലോ."
.....................
പത്തിരുപത്തിയഞ്ചുയഞ്ചു കൊല്ലം മുമ്പുള്ള കാര്യമാണ്. മൊബൈൽ ഫോണിലൂടെ  മുഖത്തോടു മുഖം നോക്കി മണിക്കൂറുകളോളം  വർത്തമാനം പറയാനുള്ള സൗകര്യമൊക്കെ ആവുന്നതിനു മുമ്പ്. സിനിമാ പാട്ടിനെ വെല്ലുന്ന രീതിയിൽ മൂന്നോ നാലോ മിനിറ്റിലേക്ക് ചുരുങ്ങിയ കല്യാണ വീഡിയോകൾ വാട്സ് ആപ്പിലൂടെ  ആഘോഷിക്കപ്പെടുന്നതിനും എത്രയോ മുമ്പ്........

പങ്ക് ചേരാൻ  കഴിയാതെ പോയ ആഹ്ലാദങ്ങളും പ്രിയപ്പെട്ടവരെയും നിഴൽചിത്രമായെങ്കിലും കണ്ട് ആശ്വസിക്കാനായി കടൽ കടന്ന് വരുന്നൊരു കല്യാണ വീഡിയോ   കാസറ്റിനായി കാത്തിരുന്ന   സാധാരണക്കാരായ ഒരു പാട് ഗൾഫ്  പ്രവാസികളെ കുറിച്ച്...

ചുരുങ്ങിയത് രണ്ടു കൊല്ലമെങ്കിലും കഴിയാതെ നാട്ടിലേക്ക് പോവുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കാലം. രണ്ടു മാസത്തിൽ ഒരിക്കൽ  അഞ്ചു ദിനാർ കൊടുത്താൽ 15 മിനിറ്റ് കഷ്ടി കിട്ടുന്ന 'കുഴല് വിളി'യും  കത്തുകളും  മാത്രമായി പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളെ ചേർത്തുവെച്ചൊരു കാലം.

അങ്ങനെയിരിക്കെ നാട്ടിലേക്കൊണ് അടിയന്തരമായി വിളിക്കണമെന്ന് ജോലിസ്ഥലത്തേക്കോ  റൂമിലേക്കോ വീട്ടുകാരുടെ ഫോൺ വരുന്നു. പേടിക്കാനൊന്നുമില്ല ഒരു അത്യാവശ്യ കാര്യം പറയാനാണ് എന്നൊരു സമാധാനപ്പെടുത്തൽ ഉണ്ടെങ്കിലും പരിഭ്രാന്തിയോടെ നാട്ടിലേക്ക് വിളിക്കുമ്പോൾ കേൾക്കുന്നതൊരു സന്തോഷവർത്തമാനം.
"നിന്റെ മോൾക്ക് നല്ലൊരു സംബന്ധം വന്ന്‌ട്ടുണ്ട്.... അന്വേഷിച്ചെടുത്തോളം കുഴപ്പമില്ലാത്ത കൂട്ടരാണ്. പക്ഷെ ഓന് ഇനി രണ്ടു മാസം കൂടിയേ ലീവുള്ളൂ. അതോണ്ട്  കല്യാണം പെട്ടെന്ന് വേണ്ടി വരും"

പൊന്നും പണവും പെട്ടെന്നെങ്ങനാണ് ഉണ്ടാക്കുക എന്ന അങ്കലാപ്പ് ഉള്ളിലടക്കി അയാൾ സമ്മതം മൂളുന്നു.  വൈകാതെ തന്നെ പെണ്ണുകാണലും കല്യാണനിശ്ചയവും  കഴിയുന്നു. മക്കളുടെ കല്യാണം ആണെങ്കിലും  പെട്ടെന്നൊരു നാട്ടിൽപോക്ക് അന്നൊന്നും ഒരു സാധാരണ പ്രവാസിക്ക് എളുപ്പമല്ല.  ലീവ് കിട്ടാനുള്ള പാട്, ഇഖാമയുടെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്... ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും ഒരുപാട് കാലമായി സ്വപ്നം കണ്ടു നടന്ന ആഹ്ലാദ മുഹൂർത്തങ്ങളിൽ പോലും കൂടെയുണ്ടാവാൻ കഴിയാതെ മരുഭൂമിയിൽ ഒറ്റക്കായിപ്പോയവന് അകലെയിരുന്ന്‌ ആ സന്തോഷങ്ങൾ ഒരു ചലച്ചിത്രം എന്ന പോലെ  പലവട്ടം കണ്ട് മനസ്സ് നിറയ്ക്കാനുള്ള ഒരേയൊരു ഉപാധി   കല്യാണ വീഡിയോ മാത്രമാണ്.  കൂടെയുള്ള ബന്ധുക്കൾക്കും അയൽവാസികൾക്കുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ടവരെയും കാണാം എന്നൊരു സന്തോഷം കൂടിയുണ്ട്. മക്കളുടെ വളർച്ച പലഘട്ടങ്ങളിലായി മാത്രം കാണാൻ വിധിക്കപ്പെട്ട പിതാക്കളുടെ ആഹ്ലാദവഴി.

കല്യാണ നാളിൽ അയാൾ  കടലിനക്കരെ മരുഭൂമിയിൽ  താൻ ജോലി ചെയ്യുന്ന  ഹോട്ടലിന്റെ അടുക്കളയിൽ പൊള്ളുന്ന പൊറാട്ടകല്ലിനു മുന്നിൽ തീച്ചൂടിൽ വിയർത്തു കൊണ്ട് കൊണ്ട്‌ മനക്കണ്ണിൽ കല്യാണവീട് കാണും. 
നാട്ടുകാരെയൊക്കെ പന്തലിലേക്ക് സ്വീകരിച്ചിരുത്തുന്നതും, ഭക്ഷണം  വിളമ്പുന്നതും, പുതിയാപ്പിളയും ആളും  എത്തുന്നതും, നിക്കാഹിനിരിക്കുന്നതും, കൂട്ടുകാരോടൊപ്പം അറയിലേക്ക് ചെല്ലുന്നതും, മൂത്തവരോടെല്ലാം പൊരുത്തം വാങ്ങി മോള് പുതുക്കപ്പെണ്ണുങ്ങളോടൊപ്പം  പുതിയാപ്പിളയുടെ വീട്ടിലേക്ക്   പുറപ്പെടുന്നതും......

അന്ന് രാത്രി ബാച്ചിലർ കൂടാരത്തിലെ ഇരുമ്പു കട്ടിലിൽ കടുത്ത നിരാശയെ മൗനത്തിലൊളിപ്പിച്ച്‌ കമിഴ്ന്നു കിടക്കുമ്പോൾ സഹമുറിയന്മാരാരോ പറയുന്നു.
"ഇതൊക്കെ തന്നെയല്ലേ നമ്മള് ഗൾഫുകാരുടെ ജീവിതം....കല്യാണമായാലും മരണമായാലും എത്തിപ്പെടാൻ കഴിയാത്തവരല്ലേ നമ്മൾ...."
"സാരമില്ലെടോ......ഇനിയിപ്പോ കല്യാണ കാസറ്റ് വരുമല്ലോ...പങ്കെടുക്കാൻ പറ്റാത്ത സങ്കടം നമ്മൾക്ക്‌  അത് കണ്ടങ്ങ്‌ തീർക്കാം"

അയാൾ മാത്രമല്ല  ബന്ധുക്കളും നാട്ടുകാരുമായ ഒരുപാട് പേർ ആ കാസറ്റിനായി കാത്തിരിക്കുകയാണ്. കല്യാണം കൂടിയ തങ്ങളുടെ  പ്രിയപ്പെട്ടവരെ കാണാൻ. എഡിറ്റ് ചെയ്ത് മൊഞ്ചാക്കിയ  വീഡിയോ കാസറ്റ് വീട്ടിൽ എത്തിയിട്ടുണ്ടത്രെ. ഇനി അത് ഇങ്ങോട്ട് കൊണ്ടുവരാൻ പരിചയക്കാരെ ആരെയെങ്കിലും കിട്ടണം. നാട്ടിൽ നിന്ന് ആരാണ് വരാനുള്ളത്  എന്ന് എല്ലാരും ഉത്സാഹത്തോടെ അന്വേഷിക്കുന്നുണ്ട്.

"ന്റെ ഒരു അയലോക്കക്കാരൻ വര്ണ് ണ്ട് അടുത്താഴ്ച........ ന്റെ വീട്ട്‌ക്ക്‌ കൊടന്നു കൊടുത്താ മതി.......വെയ്ക്കോ.."
പട്ടാമ്പിക്കാരനായ സഹമുറിയൻ ഒരു ദിവസം പണി കഴിഞ്ഞു വന്നപാടെ പറഞ്ഞ  സന്തോഷവാർത്ത നാട്ടിലേക്ക് പറക്കുന്നു.
പട്ടാമ്പി ഒരുപാട് ദൂരെയാണെങ്കിലും കാത്തിരിക്കുന്നവരുടെ ഉൾപിടച്ചിൽ വീട്ടുകാർക്ക് നന്നായി അറിയാമല്ലോ.

അതിരാവിലെ പട്ടാമ്പിക്കുള്ള തീവണ്ടി പിടിക്കാൻ കൊയിലാണ്ടിയിലേക്ക് പുറപ്പെടുന്ന ഭർതൃപിതാവിന്റെ കയ്യിൽ  വീഡിയോ കാസറ്റിനൊപ്പം സങ്കടക്കണ്ണീരിന്റെ ചുവയുള്ളൊരു പൊതി കൂടി നൽകിയവൾ പറയുന്നു.
"ഉപ്പാ...ഇതിന്റെ കൂടെ പുതിയാപ്പളന്റെ  പൊരേന്ന് കൊണ്ടുവന്ന കുറച്ച്‌ 'മണ്ട' കൂടി  വെച്ച്‌ക്കേ......ഓല്‌ക്ക് ഒന്നും കിട്ടീക്കില്ലാലോ.."

അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തുന്നു.  വൈകുന്നേരത്തെ ഫ്‌ളൈറ്റിന് എത്തുന്ന  അയൽക്കാരന്റെ റൂമിലേക്ക്  കൂട്ടുകാരൻ ടാക്സി വിളിച്ചു പോയിട്ടുണ്ട്.  നാട്ടുകാരും ബന്ധുക്കളും  ചിലർ കല്യാണം കാണാൻ റൂമിലേക്ക് എത്തിയിട്ടുണ്ട്. അവർക്കായി ഒരു തക്കാരം തന്നെ ഒരുക്കിയിട്ടുണ്ട്. ഇരട്ടക്കട്ടിലുകളിൽ ചാഞ്ഞിരുന്ന്‌ അവർ പൊരിഞ്ഞ ചർച്ചയിലാണ്.

കാസറ്റുമായി കൂട്ടുകാരൻ എത്തുന്നതോടെ ചർച്ച അവസാനിക്കുന്നു. മോളുടെ കല്യാണം കാണാൻ 'മണ്ട'യുടെ മധുരം നുണഞ്ഞു കൊണ്ട് TV സ്ക്രീനിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു  അയാളും കൂട്ടരും.

വർണ്ണങ്ങളിൽ തെളിഞ്ഞുവന്ന പേരുകൾക്ക്  പിറകെ തല നിറയെ മുല്ലപ്പൂ ചൂടിയ ചിരിക്കുന്നൊരു മുഖം....ഹൃദയത്തിൽ നിന്നൊരു മിന്നൽ പോലെ..."ന്റെ മോള് .."
പലതായി ഇരട്ടിച്ച്‌  അവളങ്ങനെ സ്‌ക്രീനിൽ നിറയുന്നു. സാരിയുടുത്ത്‌ വലിയ പെണ്ണായിരിക്കുന്നു. ആഭരണങ്ങളുടെ തിളക്കത്തെക്കാൾ നിറമുള്ള ചിരിയോടെ പുതിയോട്ടി...... ഓരോ വരവിലും മുട്ടായിക്കായി കാത്തിരുന്നവൾ. എങ്ങോട്ടിറങ്ങിയാലും  വിരലിൽ തൂങ്ങി ഉപ്പാന്റെ പുന്നാര മോളെന്ന് വീമ്പു പറഞ്ഞവൾ... എത്ര പെട്ടെന്നാണ് അവൾ വളർന്നതും  മണവാട്ടിയായതും....

വീട്ടുകാരും ബന്ധുക്കളും പുതിയോട്ടിയോടൊപ്പം  മാറി മാറി നിന്നുള്ള  ദൃശ്യങ്ങളാണ്. കണ്ണിനു മുന്നിൽ കല്യാണപ്പന്തലും  രാത്രിയിലെ അതിഥികളും വെപ്പുപുരയിലെ   തകൃതിയും.

വീട്ടുകാർക്കൊപ്പം  മണവാട്ടിയോടു   ചേർന്ന് നിൽക്കുന്ന അവളുടെ ഉമ്മയുടെ കണ്ണ്‌ നിറഞ്ഞത്  ആഹ്ലാദം കൊണ്ടോ സന്തോഷം   പങ്കുവെക്കേണ്ടവൻ കൂട്ടിനില്ലാത്ത ഒറ്റപ്പെടൽ ഓർത്തിട്ടോ.

"മ്മളെ കുഞ്ഞിരാമൻ വൈദ്യര് വല്ലാണ്ട് ക്ഷീണിച്ചു പോയല്ലോ"
"വീഡിയോക്കാരനെ  കാണുമ്പോ വെപ്പുകാരൻ അന്ത്രൂന്റെ ഉള്ളിവെട്ടല് രജനി സ്റ്റൈലിലാ"
"ശബ്ദവും വെളിച്ചവും ബാലേട്ടൻ തന്നെ ഇപ്പളും ...കണ്ടില്ലേ ടെസ്റ്ററും കൊണ്ട് എന്തോ പണീലാ.."
"മ്മളെ അള്ള് കുഞ്ഞവുള്ള അല്ലേ അത്.... ഓൻ നാട്ടിലുണ്ടായിനോ..... ഞാൻ ഓനെ കണ്ടിട്ട് പതിനെട്ട് കൊല്ലായി... കുവൈത്തിലേക്ക് വന്ന ശേഷം ഞാള് തമ്മിൽ കണ്ടിട്ടില്ല...... ഓൻ ഉള്ളേരം ഞാൻ നാട്ടിൽ  ഉണ്ടാവൂല.... ഞാനുള്ളേരം ഓനും..."
ഏറെക്കാലത്തിനു ശേഷം കൂട്ടുകാരനെ വീഡിയോയിൽ കണ്ടപ്പോഴുള്ള സന്തോഷം പങ്കിടുന്നൊരാൾ..
"സുരേന്ദ്രാ.... നെന്റെ ഓളും കുഞ്ഞനും അല്ലേ അത്.... ഞ്ഞ്‌ത് വരെ  കുഞ്ഞനെ കണ്ട്ക്കില്ലാലോ"
"ഇല്ല....ഇത് എനിക്ക്  കാണാൻ വേണ്ടി പ്രത്യേകം പറഞ്ഞു പിടിപ്പിച്ചതാ"
 പല്ലില്ലാ മോണകാട്ടി ഇരുന്ന്  ചിരിക്കുന്ന കുഞ്ഞിനേയും ഭാര്യയെയും അയാൾ കണ്ണ് നിറയെ കാണുന്നു.
ഓരോ കാഴ്ചയിലും തങ്ങളുടെ പ്രിയപ്പെട്ടവരെ  തേടി... പെട്ടെന്ന് നാട്ടിലെത്തിയപോലെ ആഹ്ലാദപ്പെട്ട് അവരൊക്കെയും ലയിച്ചിരിക്കുന്നു......

കല്യാണനാളിലെ ദൃശ്യങ്ങൾക്ക് അതിലേറെ വർണ്ണപ്പൊലിവുണ്ട്. വിവാഹ വസ്ത്രത്തിൽ  തിളങ്ങി നിൽക്കുന്ന മണവാട്ടി, നിറഞ്ഞ ചിരിയോടെ കടന്നു വരുന്ന അതിഥികൾ.
വീട്.. പ്രിയപ്പെട്ടവർ....ബന്ധുക്കൾ നാട്ടുകാർ...ആഘോഷത്തിന് മുന്നിൽ നിൽക്കേണ്ടൊരാൾ മാത്രം ദൂരെ ദൂരെ കടലിനക്കരെ...

വരനും കൂട്ടുകാരും വിവാഹത്തിനായി വരുന്ന ദൃശ്യം... തന്റെ മകളുടെ ജീവിതത്തിൽ ഇനി താങ്ങും തണലുമായി മാറേണ്ടവൻ. സങ്കടങ്ങളിലും സാന്തോഷങ്ങളിലും ഇനി അവളെ ചേർത്തു  പിടിക്കേണ്ടവൻ. ഇത്ര കാലവും അവൾ ഓടിവന്ന് മുഖമമർത്തിയ ഈ ചുമലിന്  പകരം ഇനി..... കരൾ നിറയുന്ന ഈ കാഴ്ചയിൽ അയാളുടെ കണ്ണുകൾ കലങ്ങുന്നു.

'സവ്വജതുക്ക....വമിൻകഹുത്തുക്ക...'
തനിക്ക് പകരമിരുന്ന് പുതിയാപ്പിളയുടെ  കൈ പിടിച്ച്‌ നിക്കാഹ് ചെയ്തു കൊടുക്കുന്ന ബാപ്പയുടെ ശബ്ദം ഇടറുന്നത് ഇതിനൊന്നും യോഗമില്ലാതെ പോയ മോനെ ഓർത്താവുമോ...
നിക്കാഹ് കഴിഞ്ഞ്‌ എഴുന്നേറ്റ പുതിയാപ്പിളയെയും കൂട്ടുകാരെയും അറയിലേക്ക് ആനയിക്കുന്നു.
നാണിച്ചു തലയുയർത്താൻ മടിച്ച മോളുടെ കഴുത്തിലേക്ക് മഹറ് കെട്ടിക്കൊടുക്കുന്ന പുതിയാപ്പിള. വീഡിയോക്കാരന്റെ നിർദേശം അനുസരിച്ചു വരനോട് ചേർന്ന് നിൽക്കുമ്പോഴും പരിഭ്രമം കൊണ്ടും നാണം കൊണ്ടും വിളറുന്ന മോളുടെ മുഖം. പാലും പഴവുമായി കടന്നു വരുന്ന ഉമ്മാമ....പുതിയാപ്പിളയുടെ വിരലിൽ അമ്മായി മോതിരം  അണിയിക്കുന്ന വധുവിന്റെ ഉമ്മയുടെ പരിഭ്രമം...

വരനും കൂട്ടരും തിരികെ പോകുമ്പോൾ പുതിയോട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന പെണ്ണുങ്ങൾ വധുവിനെ ചമയിക്കുന്നു.
പുതുക്കപ്പെണ്ണുങ്ങളോടൊപ്പം മോള് പടിയിറങ്ങുകയാണ്. പുതിയൊരു ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറാൻ.  സന്തോഷം തുടിച്ചു നിന്ന അന്തരീക്ഷത്തിലൊരു സങ്കടം വിങ്ങി നിൽക്കുന്നു. ചേർത്തു പിടിച്ചും അനുഗ്രഹിച്ചും പ്രിയപ്പെട്ടവർ..
ഇത്രനേരം ചിരിയോടെ നിന്നവൾ വാടിപ്പോവുകയാണല്ലോ.  കളിച്ചു വളർന്ന വീട്ടിൽ നിന്ന്... പ്രിയപ്പെട്ടവരിൽ നിന്ന്.... മറ്റൊരു വീട്ടിലേക്ക്.

അവളുടെ ഉമ്മ മൂർദ്ധാവിൽ മുത്തം കൊടുത്തു യാത്രയാക്കുന്നു. കരൾ പറിയുന്ന വേദനയുണ്ട് ആ മുഖത്ത്.    മടിയും ഉഴപ്പും വികൃതിയുമായി  നടക്കുമ്പോൾ 'ആരാന്റെ അടുക്കളയിൽ പോകണ്ട പെണ്ണാ' എന്ന് പലവട്ടം ശാസിച്ചവൾ. ഇതാണാ മുഹൂർത്തം...ആരാന്റെ അടുക്കളയിലേക്ക് മോളെ യാത്രയാക്കുന്നു.  കുസൃതിയും പിണക്കങ്ങളുമായി ഇത്രനാളും തന്റെ നിഴലായി ഒപ്പം നടന്നവൾ.... വീടും അടുക്കളയും  ഇനി ഉറങ്ങിപ്പോവും. പെണ്ണായത് മുതൽ മകളായും കൂട്ടുകാരിയായും അടുപ്പിച്ചു നിർത്തിയവൾ പടിയിറങ്ങുകയാണ്....

ഒരു കല്യാണാഘോഷം കണ്മുന്നിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരും പരിചയക്കാരും നാട്ടുകാരും അവരുടെ ഓരോ ചലനങ്ങളും....VCR ഓഫ് ചെയ്യുമ്പോൾ നാട്ടിൽ നിന്ന്  വീണ്ടും മരുഭൂമിയിൽ തിരിച്ചെത്തുന്നു.  പുലർച്ചെ എഴുനേറ്റ് ജോലിക്ക് പോകാനുള്ളതാണെങ്കിലും  ഉറക്കം വരാതെ ഇരട്ടക്കട്ടിലുകളിൽ  ഇരുട്ടിലേക്ക് കണ്ണു മിഴിച്ചു കിടക്കുന്നു.

മോളുടെയും പ്രിയപ്പെട്ടവരുടെയും  സന്തോഷമുഖങ്ങൾ കണ്മുന്നിൽ ഇപ്പോഴും. ജീവിതത്തിലെ ഏറ്റവും വലിയൊരു സൗഭാഗ്യം നഷ്ടപ്പെട്ടു പോയതിന്റെ ഒടുങ്ങാ ഖേദം ഉള്ളു പൊള്ളിച്ചു കൊണ്ടിരിക്കുന്നു..

......................
കാലം മാറി, കുടുംബസമേതം ഗൾഫിൽ കഴിയുന്നതൊരു പുതുമയല്ലാതായി.  VCR നും VCPക്കും പകരം CD യും DVD യുമായി. ടെലിവിഷൻ 24 മണിക്കൂറും മലയാളം പറയാൻ തുടങ്ങി. എല്ലാ അതൃപ്പങ്ങളും മൊബൈലിലേക്ക് ചുരുങ്ങി. നടന്നും ഇരുന്നും കിടന്നും ദുനിയാവിന്റെ ഏതറ്റത്തുള്ള പ്രിയപ്പെട്ടവരോടും ഏതു നേരവും എത്ര നേരവും കണ്ടു വർത്തമാനം പറയാമെന്നായി.

പ്രവാസിയുടെ നാടോർമ്മ പോലെ ഒരിക്കലും പൂപ്പൽ പിടിക്കാത്ത കല്യാണ വീഡിയോ കാസറ്റുകൾ  CD യിലേക്കോ കംപ്യൂട്ടറിലേക്കോ പകർത്തി വെച്ചു ചിലരെങ്കിലും.  ഗൃഹാതുരത്വം തുളുമ്പുന്നൊരു ഓർമ്മയുടെ സൂക്ഷിപ്പായി.

വർഷങ്ങൾക്ക് മുമ്പ് ഏറെ മോഹിച്ച്‌ കാത്തിരുന്ന, ആഹ്ലാദത്തോടെ പലവട്ടം കാണുകയും പ്രദർശിപ്പിക്കുകയും ചെയ്ത  ആ കല്യാണക്കാഴ്ചകൾ ഏറെക്കാലത്തിന്‌ ശേഷം  വീണ്ടും കാണുമ്പൊൾ മനസ്സിലുയരുന്ന വികാരമെന്താണ്.

അന്ന് ആദ്യവസാനക്കാരായി  നിറഞ്ഞു നിന്ന ഉറ്റവർ പലരും അരങ്ങൊഴിഞ്ഞിരിക്കുന്നു. ചിരിയും ഉത്സാഹവും നിറഞ്ഞ അവരുടെ ചലനങ്ങൾ ഉള്ളിൽ നോവ് പടർത്തുന്നു.  പരിചിതമായ മുഖങ്ങൾ പലരും മരണത്തിന്റെ തിരശീലക്കപ്പുറം മാഞ്ഞു പോയിരിക്കുന്നു. വൃദ്ധന്മാർ മാത്രമല്ല  ചെറുപ്പക്കാരും കുട്ടികളും....ആഘോഷങ്ങളുടെ നിസ്സാരതയെയും  നശ്വരമായ  ജീവിതത്തെയും മരണമെന്ന നിത്യസത്യത്തെയും ഓർമ്മിപ്പിച്ച്‌  പ്രിയപ്പെട്ടവരെ ഓർത്തുള്ള  നഷ്ടബോധത്തിന്റെ  നോവുയർത്തുന്നു വീണ്ടുമീ കാഴ്ചകൾ. ജീവിതത്തിലെ സന്തോഷങ്ങളൊക്കെയും ക്ഷണികമാണല്ലോ എന്നോർമ്മിപ്പിച്ചു കൊണ്ട്.

ഒരിക്കൽ ഏറെ കാത്തിരുന്ന് ആഘോഷമായി കാണാനിരുന്ന അതേ ദൃശ്യങ്ങൾ ഇന്ന് സങ്കടങ്ങളുടെ വാതിൽ തുറക്കുന്നു.  ഓർമ്മനാടച്ചുരുളിലെ കല്യാണക്കാഴ്ചകൾ ഇടക്കൊക്കെ  കണ്ണുനീർ മൂടി  മങ്ങിപ്പോകുന്നു.
(നജീബ് മൂടാടി)
__________
2017 jan 6 ന്റെ ഗൾഫ് മാധ്യമം 'ചെപ്പി'ൽ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ