Tuesday, July 17, 2012

ഭക്ഷ്യമേളയായി മാറുന്ന നോമ്പ് തുറകള്‍പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ ഒരിക്കല്‍ കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ആഹ്ലാദത്തോടെ കാത്തിരിക്കുന്ന മാസം.പ്രാര്‍ഥനകളുടെയും,പാപമോചനത്തിന്റെയും മാസം.നന്മകള്‍ക്ക് ഒരുപാട് ഇരട്ടിയായി പ്രതിഫലം നല്‍കപ്പെടുന്ന പുണ്യമാസം.
മനസ്സിനെയും,പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിച്ചു നിര്‍ത്തുവാനുള്ള പരിശീലന മാസം.പരിശുദ്ധ വ്രതമാസം.പകല്‍ മുഴുവന്‍ അന്ന പാനീയങ്ങള്‍ വെടിഞ്ഞ്‌ വിശപ്പ്‌ അനുഭവിക്കുന്നതിലൂടെ പട്ടിണിയുടെ കാഠിന്യം എന്താണെന്നറിഞ്ഞ്.അല്ലാഹുവിനായുള്ള സമര്‍പ്പണത്തിന്റെ മാസം.
അനുഷ്ഠാനപരമായ കൃത്യതകള്‍ പാലിക്കുമ്പോഴും,നോമ്പ് സാമൂഹ്യമായ ഒരു വിപ്ലവവും കൂടി ആക്കി മാറ്റാന്‍ മുസ്ലിം സമുദായത്തിന് സാധിക്കുന്നുണ്ടോ?
ഭക്ഷണം വിശപ്പടക്കാനുള്ളത് എന്ന പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും മാറി അലങ്കാരത്തിനും,ആര്‍ഭാടത്തിനും,പൊങ്ങച്ചത്തിനും ഉള്ള ഉപാധിയായി മാറിയിരിക്കുന്നു. ഭക്ഷ്യ വിഭവങ്ങളുടെ ധാരാളിത്തം തീന്മേശയില്‍ നിറഞ്ഞു നില്‍ക്കുന്നു.വിപണിയില്‍ കൊതിപ്പിക്കുന്ന നിറവും,മണവും,രുചിയുമുള്ള വിവിധ ഭക്ഷ്യ വിഭവങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു...ആവശ്യമില്ലെങ്കിലും പരസ്യത്തിന്റെ സ്വാധീനത്തില്‍ മയങ്ങി നാം അത് വാങ്ങിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നു
ഇതിന്റെ മറുവശമോ ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് ഭക്ഷ്യക്ഷാമം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശവും കൃഷിയിടങ്ങള്‍ കുറയുന്നതും,കാര്‍ഷിക വൃത്തി ലാഭകരം അല്ലാത്തതിനാല്‍ കര്‍ഷകര്‍ മറ്റു തൊഴില്‍ തേടി പോകുന്നതും ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യതക്ക് കാരണമാകുന്നു.പണം ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വരുന്നതായിരിക്കും സമീപ ഭാവിയില്‍ ലോകം നേരിടേണ്ടി വരുന്ന വലിയൊരു ദുരന്തം എങ്കില്‍ അതിശയിക്കേണ്ടതില്ല.
ഈ ഒരു പാശ്ചാത്തലത്തില്‍ ലോകത്തുള്ള മുസ്ലിം സമൂഹമെങ്കിലും ഈ വിഷയം ഗൌരവത്തോടെ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രത്യേകിച്ചും റംസാന്‍ മാസത്തില്‍. എന്ന് ചിന്തിച്ചു പോകുകയാണ്.
ശ്രദ്ധിച്ചിട്ടുണ്ടോ നാം കൂടുതലായും ഭക്ഷണം കഴിക്കുന്ന പകല്‍ നേരം മുഴുവനും മുസ്ലിംകള്‍ പട്ടിണി കിടക്കുന്ന റംസാന്‍ മാസത്തിലാണ് മുസ്ലിം എരിയകളിലെ  കമ്പോളങ്ങളില്‍ ഏറ്റവും അധികം ഭക്ഷ്യധാന്യങ്ങളും ഇറച്ചിയും,മീനും,പച്ചക്കറിയും,എണ്ണയും മറ്റു ഭക്ഷ്യവസ്തുക്കളും എല്ലാം കൂടുതലായി സ്റ്റോക്ക് ചെയ്യുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നത്.എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും ഒരു സത്യം മാത്രമാണ്.
മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ പോലും പലര്‍ക്കും  നോമ്പിനെ കുറിച്ചുള്ള ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ എന്നാല്‍ നോമ്പ് തുറ വിഭവങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളാണ്.വനിതാ പ്രസിദ്ധീകരണങ്ങള്‍ക്കും ടെലിവിഷനും നോമ്പ് പുതിയതും പഴയതുമായ പലഹാരങ്ങളും മറ്റു ഭക്ഷ്യ വിഭവങ്ങളും പരീക്ഷിക്കാനുമുള്ള മാസമാണ്.എന്തിന് കേരളത്തിലെ ഒരു മുസ്ലിം സംഘടനയുടെ  പ്രശസ്തമായ പത്രം ഗള്‍ഫു എഡിഷനില്‍ കുറച്ചു ദിവസമായി വരുന്ന  പരസ്യം അവരുടെ പ്രശസ്ത വ്യക്തികളുടെ ഇഷ്ടവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാചക പുസ്തകതിന്റെതാണ്.!!!!
ഓരോ നോമ്പുതുറസല്‍ക്കാരവും  മിനി ഭക്ഷ്യ മേളകള്‍ ആണ്.വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കില്‍ വീട്ടമ്മമാര്‍ക്ക് പലപ്പോഴും നമസ്കരിക്കാന്‍ പോലും നേരം കിട്ടാറില്ല...മുന്നില്‍ നിരത്തി വെക്കുന്ന വിഭവങ്ങളില്‍ മുക്കാലും ആര്‍ക്കും ആവശ്യമില്ലാതെ ബാക്കിയാവുന്നു..നോമ്പായതിനാല്‍ പിറ്റേന്ന് പകല്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്നു.!!!!
എവിടെയാണ് നോമ്പ് കൊണ്ടുള്ള മഹത്തായ ലക്‌ഷ്യം പൂര്‍ണ്ണമാകുന്നത്.നാം ആവശ്യമില്ലാതെ കഴിക്കുന്ന,വലിച്ചെറിയുന്ന ഓരോ ഭക്ഷ്യ വസ്തുവും നിര്‍മ്മിക്കാനുള്ള ധാന്യവും അനുബന്ധ വസ്തുക്കളും.കൃഷി ചെയ്തു വളര്‍ത്തിക്കൊണ്ടുവരാനുള്ള പാടും അത്.വളര്‍ന്നു വരുന്നത് വരെയുള്ള കാത്തിരിപ്പും ...അറിയുകയാണെങ്കില്‍ അതെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നാം പണം കൊടുത്തു വാങ്ങിയതാണ് എന്നത് ഒരിക്കലും അത് നശിപ്പിക്കാനുള്ള ന്യായമല്ല എന്ന് മനസ്സിലാവും.മറ്റാരോ കഴിക്കാനുള്ള ഭക്ഷണമാണ് നമ്മുടെ പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ നാം വലിച്ചെറിയുന്നത്.ഓര്‍ത്തു നോക്കുക എത്ര ഗൌരവം ഉള്ളതാണിത്.നോമ്പ് തുറ മാമാങ്കങ്ങളില്‍ പങ്കെടുക്കുന്ന പണ്ഡിതന്മാര്‍ പോലും ഇതെല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും നിശബ്ദരാവുന്നതും അത്തരം പരിപാടികളില്‍ നിരന്തരം പങ്കെടുക്കുന്നതും ആണ് ഏറ്റവും സങ്കടകരം.പരോക്ഷമായെങ്കിലും അവരുടെ സാന്നിധ്യം ഇത്തരം ആര്‍ഭാടങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.എന്ന് അവര്‍ ഓര്‍ക്കുന്നില്ല.
കാരക്കയും വെള്ളവും കൊണ്ട് നോമ്പ് തുറക്കാന്‍ പഠിപ്പിച്ചു തന്ന പ്രവാചകന്‍,കാല്‍ഭാഗം,ഭക്ഷണവും,കാല്‍ഭാഗം വെള്ളവും കഴിച്ചു പകുതി വയര്‍ ശൂന്യമായിരിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്‍,ആഴ്ചയില്‍ രണ്ടു ദിവസം നോമ്പെടുക്കാന്‍ പഠിപ്പിച്ച പ്രവാചകന്‍....ആ പ്രവാചകനെ മറന്നു കൊണ്ടാണ് നോമ്പ് കാലം പണക്കൊഴുപ്പിന്റെ ഭക്ഷ്യ മേളകള്‍ ആയി സമുദായം അധപ്പതിപ്പിചിരിക്കുന്നത്...എപ്പോഴാണ് ഇതൊക്കെ തിരിച്ചറിയുക.സമുദായത്തിലെ അഭ്യസ്ത വിദ്യരും സമുദായ നേതൃത്വവും ഒക്കെയും ഇതൊക്കെ കണ്ടു രസിച്ചു നില്‍ക്കുകയാണ്...അങ്ങനെ  പരിശുദ്ധമായ റംസാന്‍ മാസം ഭക്ഷ്യമേളകളുടെ മാസമായി തീര്‍ക്കുന്നുആര്‍ക്കും ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ..       

   

6 comments:

 1. നന്നായി. ഇത് തുറന്നെഴുതുന്നതിലൂടെ ആരെങ്കിലുമൊക്കെ അൽപ്പമെങ്കിലും മാറിയാല് മതിയായിരുന്നു.
  ഇവ്വിഷയകമായി ഈയുള്ളവനും ഒരു ചെറുരചന നടത്തിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം. ഇതുവഴി പോയാൽ അത് ഭുജിച്ച് ആസ്വദിക്കാം വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!!

  ReplyDelete
 2. വാസ്തവം, നമ്മുടെ ആഘോഷങ്ങളെല്ലാം അനാവശ്യ പ്രൌഡിയും ധൂര്‍ത്തും പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു.നോമ്പുതുറ എന്നപേരില്‍ എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്...അത് ഏതു സങ്കടനതന്നെ ആയാലും കണക്കാ

  ReplyDelete
 3. ഇന്നും കാരക്കയും പച്ചവെള്ളവും തന്നെ, പക്ഷെ അത് കഴിഞ്ഞു "തീറ്റമത്സരം". ഇതേയുള്ളൂ വ്യത്യാസം. ഇതെഴുതുന്നവരും വായിക്കുന്നവരും ചിന്തിക്കുക..എന്നാണ് നമ്മള്‍ മാറേണ്ടത് എന്ന്... വേണ്ടേ നമുക്കൊരു മാറ്റം?

  ReplyDelete
 4. നന്മയിലേക്കുള്ള മാറ്റങ്ങള്‍ വരട്ടെ

  ReplyDelete
 5. ഒരു നല്ല പോസ്റ്റ്‌ .നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട കാരിയം തന്നെ .പണ്ഡിതന്മാര്‍ ഈ പ്രശ്നം കാര്യമായി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

  ReplyDelete
 6. സുഹാസ്മൊയ്തീന്‍Sunday, July 22, 2012 3:22:00 AM

  പ്രശ്ന കലുഷിതമായ നമ്മുടെ ചുറ്റുപാട്,മനുഷ്യ രെല്ലാം അന്തമില്ലാത്ത പരക്കം പാചിലിലാണ്.ഭൌതിക
  സമ്പത്തും സുഖഭോഗങ്ങളും സ്ഥാന മാനങ്ങളും എല്ലാം മനുഷ്യനെ അന്ധമാക്കിയിരിക്കുന്നു.
  അവയ്ക്ക് പിന്നാലെ ലക്ഷ്യബോധമില്ലാതെ കിതചോടുകയാണ് മനുഷ്യര്‍.ആധ്യാത്മികത പാടെ വിസ്മൃതമായിരിക്കുന്നു. ഇത്തരം പരിതസ്ഥിതിയിലാണ് ആത്മ വിശുദ്ദിയുടെയും ദൈവിക സ്നേഹത്തിന്റെയും സന്ദേശമായി നോമ്പ് പ്രസക്തമാകുന്നത്.
  പകല്‍ മുഴുവന്‍ പട്ടിണിയിരിക്കുന്ന ആള്‍ക്ക് ഒരു പരിധി കൂടുതല്‍ ഭക്ഷണം കഴിക്കാനാവില്ല.
  ദാഹം മൂലം ആവശ്യത്തിലധികം വെള്ളം കുടിക്കുന്നതിലൂടെ കുറെ സമയത്തേക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുന്നു. നോമ്പ് തുടങ്ങി മൂന്നോ നാലോ ദിവസങ്ങള്‍
  കഴിയുമ്പോഴേക്കും പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും കാണാം.
  ഒരു മാസത്തെ വ്രതാനുഷ്ട്ടാനം കഴിയുന്നതോടെ മിക്കവരുടെയും ശരീരഭാരം മൂന്നു മുതല്‍
  അഞ്ചു കിലോ വരെ കുറയുന്നത് സ്വാഭാവികമാണ്.
  ഇന്ന് ഓരോ ദിവസവും മനുഷ്യര്‍ തമ്മില്‍ അകല്‍ച്ച വര്‍ധിക്കുകയാണ്.തെറ്റായ ചിന്തകളെയും
  സന്ദേശങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഒറ്റപ്പെടുത്തി എങ്കില്‍ മാത്രമേ വ്രതം പൂര്‍ണമാകൂ.
  മനസിനെയും ശരീരത്തിനെയും ഒന്നുപോലെ പാകപെടുത്താന്‍ ഓരോ വ്രത ദിനത്തിലും കഴിയണം.
  പ്രായോഗിക ജീവിതത്തില്‍ സ്വന്തം താല്‍പര്യങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യന്‍ എല്ലായ്പ്പോഴും ദൈവഹിതം മറക്കുന്നു.ദൈവം നിര്‍ദേശിച്ച
  പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ വ്യക്തിപരമായ ,അല്ലെങ്കില്‍ മനുഷ്യ സാഹചമായ താല്‍പര്യങ്ങളുടെ മണ്ഡലം കുറക്കേണ്ടി വരും.
  ദൈവത്തിന്റെ അനുഗ്രഹ വര്‍ഷത്തിനു മുന്നില്‍ നിസാരനായ മനുഷ്യന്റെ വിധേയത്വ പ്രകടനങ്ങള്‍
  എത്ര ചെറുത്‌!!!..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ