Saturday, July 14, 2012

ഒരു അമ്മായിപ്പാട്ട് 'പുട്ടുകുത്തി കഞ്ഞിവെച്ചു...' വട്ടായിപ്പോയ അമ്മായിയുടെതല്ല
ഉസ്താദ്‌ ഹോട്ടല്‍ എന്ന സിനിമയും ആ ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും.....’എന്ന അമ്മായിപ്പാട്ടും സൂപ്പര്‍ ഹിറ്റാവുമ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് ആ സിനിമയ്ക്ക് ഒരു കോഴിക്കോടന്‍ ടച്ച് ഉണ്ടല്ലോ എന്നതാണ്.സിനിമ പറയുന്ന കഥ എന്തുതന്നെ ആയാലും ഒരു ഹോട്ടലിന്റെ പാശ്ചാത്തലത്തില്‍ കോഴിക്കോടന്‍ മാപ്പിളമാരിലൂടെ ആകുമ്പോള്‍ അതിനു രുചികൂടും.അത് തിരിച്ചറിഞ്ഞ സംവിധായകനും തിരക്കഥ എഴുത്തുകാരിക്കും അഭിനന്ദനങ്ങള്‍.
വിഷയം ആ സിനിമയും പാട്ടുമല്ല. മറ്റൊരു അമ്മായിപ്പാട്ടാണ്.മാപ്പിള വിഭവങ്ങളുടെ പേരുകള്‍ കോര്‍ത്തുകൊണ്ട് അജ്ഞാതനായ ഒരു മാപ്പിള കവി എഴുതിയ ഒരു ‘അമ്മായിപ്പാട്ട്’.കോഴിക്കോട്ടും,കൊയിലാണ്ടിയിലും,തലശ്ശേരിയിലും എല്ലാമുള്ള മുസ്ലിം വീടുകളില്‍ പഴയ കാലത്ത് പുതിയാപ്പിളയെ സല്‍ക്കരിക്കാന്‍ ഒരുക്കിയിരുന്ന വിഭവങ്ങള്‍.ഈ അമ്മായി വെറും ‘പുട്ടു കുത്തിയും’കഞ്ഞി വെച്ചും’ അല്ല മരുമോനെ കാത്തിരിക്കുന്നത്.....ഒന്ന് പാടിനോക്കൂ

“ഉണ്ട് ബന്ന മത്തരം കിസ്കിസ്‌യെ
ബന്നം പോള കടുംദുടി അപ്പം
പൊന്നുപോല്‍ തീരുന്ന മുട്ടമറിച്ചദ്‌
മിന്നെറിപോല്‍ ഉലങ്കുന്നെ മുസാറ

മികുദിയില്‍ കലത്തപ്പം കുലുസി അപ്പം
മികവുളെള തവാബപ്പം മുടച്ചിലപ്പം

മറ്റു മദെത്തിര മുട്ട സുര്‍ക്ക
ഉറ്റ് പണിന്തുളെള പഞ്ചാരപ്പാറ്റ
അറ്റം ഇല്ലാ പുളിയാള കലാഞ്ചി
തെറ്റെബെള്ളക്കലത്തപ്പം ഓട്ടപ്പം

തകര്‍ത്തു കോയ്‌ മുറബ്ബയും തുര്‍ക്കിപ്പത്തില്‍
തരം കോഴി മുഴുവനും ബല അപ്പവും

തങ്കിത്തിടപൊടി ചെലവ് മികച്ചെ
പൊങ്കിടും പഞ്ചാരസീറുകള്‍ എത്തിര
ചൊങ്കില്‍ പണിയദ് കോഴിക്കഞ്ഞി
ചങ്കിന്‍ മശമുള്ള ബെള്ളപ്പോള

ചമയിച്ചിട്ടൊരുക്കുന്നാള്‍ പലെ അപ്പവും
ചികപ്പുട്ട പൊരിച്ചദും ഇറച്ചിപ്പത്തില്‍

ചന്തമെശുന്തുളെള കോയിസിര്‍വാ
പന്തിയില്‍ പൊന്തുന്നെ നല്ലെ നെയ്യപ്പം
എന്തു ദിരം പാലൂദകവാബ്‌
ചിന്ത തുളങ്കിടുവാന്‍ മുട്ടമാല

ചിദമുളെള കോഴിമുട്ട നിറച്ചെ അപ്പം
ചുറച്ചിട്ടെ  ബലാ അപ്പം മടക്ക് പത്തില്‍”

മാപ്പിളപ്പാട്ടെന്നാല്‍ മുത്തേ കരളേ എന്ന് വിളിക്കുന്നതും കാമുകിയോടുള്ള മുഹബ്ബത്തും മാത്രമാണെന്ന് ധരിച്ച പാട്ടെഴുത്തുകാരുടെയും പാട്ടുകാരുടെയും   ഈ കാലത്ത് ഇങ്ങനെയുള്ള രചനകള്‍ കണ്ടെടുക്കാണോ സംരക്ഷിക്കാനോ ആരും തയ്യാറാകുന്നില്ല.നമുക്ക് നഷ്ടപ്പെടുന്നത് ചരിത്രത്തിലേക്കുള്ള ഒരുപാട് തുറവുകളാണ്.കടന്നു പോയ ഒരു സമൂഹത്തിന്റെ ജീവിതരീതികളുമായി ബന്ധപ്പെട്ട ,ആ സമൂഹത്തെ കുറിച്ചുള്ള ചരിത്രം....
     

3 comments:

 1. മാപ്പിളപ്പാട്ടെന്നാല്‍ മുത്തേ കരളേ എന്ന് വിളിക്കുന്നതും കാമുകിയോടുള്ള മുഹബ്ബത്തും മാത്രമാണെന്ന് ധരിച്ച പാട്ടെഴുത്തുകാരുടെയും പാട്ടുകാരുടെയും ഈ കാലത്ത് ഇങ്ങനെയുള്ള രചനകള്‍ കണ്ടെടുക്കാണോ സംരക്ഷിക്കാനോ ആരും തയ്യാറാകുന്നില്ല.നമുക്ക് നഷ്ടപ്പെടുന്നത് ചരിത്രത്തിലേക്കുള്ള ഒരുപാട് തുറവുകളാണ്.കടന്നു പോയ ഒരു സമൂഹത്തിന്റെ ജീവിതരീതികളുമായി ബന്ധപ്പെട്ട ,ആ സമൂഹത്തെ കുറിച്ചുള്ള ചരിത്രം....

  വളരെ ശരി.

  ReplyDelete
 2. ഇതെവിടുന്നു ഒപ്പിച്ചു...ശരിക്കും മറന്നു പോയിരുന്നു ഓര്‍മിപിച്ചതിന്നു നന്ദി

  ReplyDelete
 3. ഒരു കാലത്ത് കേരളത്തില്‍ (മലബാറില്‍) വളരെ പ്രശസ്തമായ ഒരു പാട്ടാണ്

  " അപ്പെങ്ങളെമ്പാടും ചുട്ടമ്മായി
  മരുമോനെ വീട്ടില്‍ വിളിച്ചമ്മായി
  അപ്പാടെ അപ്പങ്ങള്‍ ഓരോതരം
  അറയില്‍ ചുമന്ന് വരുന്നമ്മായി "

  അതൊന്ന് റീമിക്സ് ചെയ്തതായിരിക്കും ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ