Tuesday, July 10, 2012

ഫോട്ടോസ്റ്റാറ്റിന്റെ പരസ്യം അഥവാ മാവൂര്‍ക്കയുടെ കടും കൈ



ഗള്‍ഫ്‌ ജീവിതം മതിയാക്കി നാട്ടില്‍ എന്തെങ്കിലും ബിസിനസ് ചെയ്തു ജീവിക്കാം എന്ന്‍ ഉറപ്പിച്ചാണ് നമ്മള്‍ മൊയ്ദീന്‍ പാറയില്‍ എന്ന് നീട്ടിയും പാറ എന്ന് കുറുക്കിയും വിളിക്കുന്ന ബഹു പാറ നാട്ടില്‍ എത്തിയത്.
അത്യാവശ്യമായി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വേണ്ടി നോക്കിയപ്പോള്‍ നാട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ഇതിനായി ബസ്സില്‍ പോകേണ്ടി വന്ന യാത്രയില്‍ എന്ത് ബിസിനസ് ചെയ്യണം എന്നതിനെ കുറിച്ച് മൂപ്പര്‍ക്ക് ബോധാദയം ഉണ്ടായി.
അങ്ങനെ അടുത്ത ആഴ്ച തന്നെ സ്വന്തം നാട്ടിലെ അങ്ങാടിയില്‍ ബസ്സ്സ്റ്റോപ്പിനടുത്ത് മൂപ്പര്‍ സ്വന്തമായി ഫോട്ടോസ്റ്റാറ്റ് ‘കച്ചോടം’ തുടങ്ങി.
പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്.സംഗതി വിചാരിച്ച പോലെ നടക്കുന്നില്ല.ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എപ്പോഴെങ്കിലും ആരെങ്കിലും വന്നാലായി.വാടക കയ്യില്‍ നിന്ന് കൊടുക്കേണ്ടി വരുമോ എന്നതിനേക്കാള്‍ തിരിച്ചു ഗള്‍ഫിലേക്ക് തന്നെ പോകേണ്ടി വരുമോ എന്നത് ആലോചിച്ചപ്പോള്‍ ഉള്ള സമാധാനവും പോയി.
ഇതൊക്കെ ഓര്‍ത്ത് ഇങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോഴാണ് എങ്ങോട്ടോ പോകാനായി ബസ്സ്‌ കാത്തു നില്‍ക്കുകയായിരുന്ന മാവൂര്‍ക്ക അങ്ങോട്ട്‌ കേറി വന്നത്.
“എന്താ പാറേ ഇങ്ങനെ അന്തം വിട്ടു ഇരിക്കുന്നത്” മാവൂര്‍ക്ക കുശലം ചോദിച്ചു.പാറ സങ്കടത്തോടെ തന്റെ അവസ്ഥ പറഞ്ഞു.കുറെ നേരം ആലോചിച്ച് ഇരുന്നപ്പോള്‍ മാവൂര്‍ക്ക മൊയ്ദീനിക്കയോട് പറഞ്ഞു
“പാറേ ഇപ്പോഴത്തെ കാലത്ത് എന്ത് കച്ചോടത്തിനും നല്ല പരസ്യം വേണം.നീ ഒരു കാര്യം ചെയ്യ്‌ ആരെക്കൊണ്ടെങ്കിലും നല്ല ഒരു പരസ്യം എഴുതിച്ച് ഈ ചില്ലിമ്മേല്‍ ഒട്ടിക്ക്...ആളുകള്‍ അത് വായിച്ച് ഇങ്ങോട്ട് കേറട്ടെ...”
ഈ ഐഡിയ തരക്കേടില്ല എന്ന് പാറയ്ക്കും തോന്നി.കുറച്ചു നേരം കൂടി സംസാരിച്ച് ഇരുന്ന ശേഷം തന്റെ ബസ്സ്‌ വന്നപ്പോള്‍ മാവൂര്‍ക്ക ഓടിപ്പോയി.
ആരെക്കൊണ്ട് എഴുതിക്കും പാറ തലപുകഞ്ഞ് ചിന്തിച്ചു.എന്തായാലും അടുത്ത സ്റ്റേഷനറി കടയില്‍ നിന്നും എഴുതാന്‍ വേണ്ട സാമഗ്രികളൊക്കെ വാങ്ങി ഒരുക്കി വെച്ചു.
പരസ്യം എഴുതാന്‍ ആരെകിട്ടും എന്ന് ചിന്തിച്ചു ചിന്തിച്ചു വൈകുന്നേരമായപ്പോള്‍ സ്ഥലത്തെ പ്രധാന ബുദ്ധിജീവിയായ നമ്മുടെ സുഹാസ്‌ അതാ കയ്യില്‍ മൂന്നാല് പുസ്തകങ്ങളുമായി കറുത്ത കണ്ണടയും അണിഞ്ഞു മന്ദം മന്ദം വായനശാലയിലേക്ക് നടന്നു വരുന്നു!!!!!!!!
തേടിയ വള്ളി കാലില്‍ ചുറ്റി എന്നല്ല അതില്‍ തടഞ്ഞു വീണു എന്ന് പാറയ്ക്ക് തോന്നി.ഉടനെ പുറത്തിറങ്ങി സുഹാസിനെ കൈ മാടി വിളിച്ചു.
സുഹാസ്‌ വളരെ ഗൌരവത്തില്‍ പാറയുടെ ഷോപ്പിലേക്ക് വന്നു.
“എന്താടോ”
“സുഹൂ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം”
“അങ്ങനെ ഒരു ഏര്‍പ്പാട് എനിക്ക് ഇല്ലാന്ന് തനിക്ക് അറിയാല്ലോ.....താന്‍ കാര്യം പറ”
മോയ്ദീനിക്ക സംഗതി സുഹുവിന്റെ മുന്നില്‍ നിവര്‍ത്തി
കുറച്ചു നേരം ഗാഡമായി ആലോചിച്ച ശേഷം സുഹാസ്‌ പാറയോട് ചോദിച്ചു
“എഴുതാനുള്ള സാമഗ്രികള്‍ ഒക്കെ ഉണ്ടോ”
‘അതൊക്കെ ഞാന്‍ നേരത്തെ തന്നെ വാങ്ങി വെച്ചിട്ടുണ്ട്”
പാറ സന്തോഷത്തോടെ പറഞ്ഞു.
“എന്നാല്‍ താന്‍ ആ ഉസ്മാനിയ ഹോട്ടലില്‍ പോയി മൂന്ന് പൊറാട്ടയും ചിക്കനും വാങ്ങി വാ “
‘ഓസിനു കിടിയാല്‍ ഇവന്‍ ആസിഡും കുടിക്കും’ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് പാറ ഹോട്ടലിലേക്ക്‌ നടന്നു
പാറ വരുമ്പോഴേക്കും സുഹാസ്‌ സംഗതി എഴുതി ഉണ്ടാക്കി പാറയുടെ കയ്യില്‍ കൊടുത്തു
“വായിച്ച് നോക്കെടോ”
“നീ എഴുതിയതല്ലേ എന്ത് വായിച്ച് നോക്കാനാ”
പാറ സാക്ഷരത പുറത്താകാതിരിക്കാന്‍ അടവെടുത്തു.ശേഷം സുഹാസ്‌ എഴുതിയ പോസ്റര്‍ കടയുടെ ചില്ലിന്മേല്‍ എല്ലാരും കാണുന്ന ഒരിടത്ത് വൃത്തിയായി ഒട്ടിച്ചു വെച്ചു...
സുഹാസ്‌ പൊറാട്ടയും ചിക്കനും വൃത്തിയായി വെട്ടി വിഴുങ്ങാന്‍ തുടങ്ങി..ഈ സമയത്താണ് മാവൂര്‍ക്ക ബസ്സിറങ്ങി പോവുന്നത് പാറ കണ്ടത്.പാറ സന്തോഷത്തോടെ മാവൂര്‍ക്കയെ കൈകൊട്ടി വിളിച്ചു.
കടയിലേക്ക് കയറി വന്ന മാവൂര്‍ക്ക ചില്ലിന്മേല്‍ ഒട്ടിച്ചു വെച്ചത് വായിച്ച് ആശ്ചര്യപ്പെട്ടു.
‘ലോകത്തിലെ എല്ലാ ഭാഷയിലും ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കപ്പെടും’!!!!!!!
“പാറേ...........ആരാ ഇത് എഴുതിയത്”
“ഇത് ഇവന്‍ തന്നെ നമ്മുടെ സുഹു.......എങ്ങനെയുണ്ട് മാവൂര്‍ക്കാ നന്നായിട്ടില്ലേ”
കടയ്ക്കകത്ത്‌ ചിക്കനും പൊറാട്ടയുമായി മല്പിടിത്തം നടത്തുന്ന സുഹാസിനെ മാവൂര്‍ക്ക കണ്ടു
സുഹാസ്‌ ഞാനാരാ മോന്‍ എന്നാ ഭാവത്തില്‍ കണ്ണട എടുത്തിട്ട് കോളര്‍ ശരിയാക്കി ഗമയില്‍ ഇരുന്നു.
മാവൂര്‍ക്ക സുഹുവിന്റെ അടുത്ത് വന്നു പറഞ്ഞു
“സുഹൂ...............നിനക്ക് ഇത്രേം വിവരമുണ്ടെന്ന് ഞാന്‍ വിചാരിച്ചില്ല....സമ്മതിച്ചു ഒരു അഞ്ചു മിനിറ്റ് ഞാനിപ്പോ വരാം.നിനക്ക് ഒരു സമ്മാനം തരാതെ പോകാന്‍ എന്റെ മനസ്സ്‌ സമ്മതിക്കുന്നില്ല”
മാവൂര്‍ക്ക ഇതും പറഞ്ഞു പുറത്തേക്ക് പോയി
ഒന്നും പിടുത്തം കിട്ടാതെ പാറ സുഹാസിനെ നോക്കി.’ഞാനൊരു സംഭവമാണ് മോനെ’ എന്ന ഭാവത്തില്‍ ഇയാളെ കൊണ്ട് ഒരു പാക്കറ്റ് സിഗരെറ്റ്‌ കൂടി വാങ്ങിപ്പിച്ചില്ലല്ലോ എന്ന നിരാശയില്‍ സുഹു കൈ കഴുകി...
അല്‍പ സമയത്തിനുള്ളില്‍ മാവൂര്‍ക്ക തിരിച്ചു വന്ന മാവൂര്‍ക്ക കീശയില്‍ നിന്ന് പതിനായിരം കലവീണ പുരാതനമായ മഷി തീരാറായ ഒരു ബോള്‍പെന്‍ എടുത്തു കൊണ്ട് പറഞ്ഞു
“മോനെ സുഹൂ എണീറ്റ് നില്‍ക്ക് ..എന്നിട്ട് ഭയ ഭക്തി ബഹുമാനത്തോടെ ഈ സമ്മാനം വാങ്ങ്”
സുഹുവിനും പാറയ്ക്കും ഒന്നും മനസ്സിലായില്ലെങ്കിലും സുഹാസ്‌ മാവൂര്‍ക്ക പറഞ്ഞ പോലെ ചെയ്തു.
“ഇത് വലിയൊരു പ്രത്യേകത ഉള്ള പെന്നാ .....ഇത്രയും ബുദ്ധി ജീവിയായ നിനക്കാ ഇതിന്റെ ആവശ്യം.” മാവൂര്‍ക്ക അനുഗ്രഹിക്കുന്ന പോലെ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങി.
സുഹുവും പാറയും ജിജ്ഞാസ കൊണ്ട് ഭരിതന്മാരായി. വിക്കി വിക്കി കൊണ്ട് സുഹു ചോദിച്ചു “സത്യം പറ മാവൂര്‍ക്കാ എന്താ ഇതിന്റെ പ്രത്യേകത”
“അതൊക്കെ എഴുതാന്‍ തുടങ്ങുമ്പോള്‍ നിനക്ക് മനസ്സിലായിക്കോളും”
മാവൂര്‍ക്ക ഒന്നും വിട്ടു പറയാതെ പുറത്തേക്ക് ഇറങ്ങി ........സസ്പെന്‍സ് സഹിക്കാന്‍ കഴിയാതെ ചാടി വീണ സുഹാസ്‌ മാവൂര്‍ക്കയോട് പറഞ്ഞു
“മാവൂര്‍ക്കാ നിങ്ങള്‍ ഇത് പറഞ്ഞിട്ട് പോ ..............ടെന്‍ഷന്‍ ആക്കാതെ എനിക്ക് അല്ലെങ്കില്‍ തന്നെ പ്രഷറാ”
“ഭയങ്കര വിശപ്പ്‌..... എനിക്ക് വീട്ടില്‍ എത്തണം”
“നിക്ക് നമുക്ക് ഹോട്ടലില്‍ പോയി വല്ലതും കഴിക്കാം”
സുഹു പറഞ്ഞു .........
“അതൊന്നും ശരിയാവൂല ആളുകള്‍ കണ്ടാല്‍ എന്ത് വിചാരിക്കും..പൊറാട്ടയും കോഴിയും ഞാന്‍ വീട്ടില്‍ പോയി കഴിച്ചോളാം ..ഞാന്‍ പോട്ടെ”
“മാവൂര്‍ക്കാ നിങ്ങള്‍ പോവല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങി വരാം”
സുഹു ഓടി .അഞ്ചു മിനിട്ടിനുള്ളില്‍ പൊറാട്ടയും കോഴിയുമായി വന്നു. മാവൂര്‍ക്ക പാറയുടെ കടയില്‍ ഇരുന്നു തന്നെ അത് രുചിയോടെ കഴിക്കുന്നത്‌ സുഹു ക്ഷമയോടെ നോക്കി നിന്നു.ഓട്ടത്തിനിടയില്‍ പോക്കറ്റിലെ പേന വീണു പോയിട്ടില്ലെന്ന് ഉറപ്പു വരുത്തി.
ഫുഡ്‌ കഴിച്ച് ഏമ്പക്കം വിട്ട മാവൂര്‍ക്ക പോകാനൊരുങ്ങി അതിനു മുമ്പ് സുഹുവിനെ വിളിച്ചു സ്വകാര്യമായി മാറ്റി നിര്‍ത്തി ...
“സുഹൂ .........നീ ഏറെ ആരോടും പറയരുത് ഈ പേനയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍.................”
മാവൂര്‍ക്ക പകുതി വെച്ചു നിര്‍ത്തിയതും സുഹുവിന്റെ പ്രഷര്‍ കൂടി ...ഒന്നും മനസ്സിലാവാതെ പാറ അന്തം വിട്ടു നിന്നു.
“സുഹുവിന്റെ ചെവിയിലായി മാവൂര്‍ക്ക ആ രഹസ്യം വെളിപ്പെടുത്തി
“ലോകത്തിലെ ഏതു ഭാഷയും എഴുതാന്‍ കഴിയുന്ന പേനയാണിത്.....നിനക്കല്ലാതെ ഈ നാട്ടില്‍ ആര്‍ക്കാണ് ഞാന്‍ ഇത് കൊടുക്കുക....പോട്ടെ ചിക്കനും പൊറാട്ടയും കഴിച്ചത് കൊണ്ടാവും ഭയങ്കര ക്ഷീണം”
മാവൂര്‍ക്ക പോവുന്നതും നോക്കി ഇടിവെട്ടിയത് പോലെ സുഹാസ്‌ ഇരുന്നു പോയത് കണ്ടു ഇതെന്തൊരു അതിശയം എന്ന മട്ടില്‍ പാറ വായ പൊളിച്ചു നോക്കി നിന്നു.

8 comments:

  1. ഏതുഭാഷയും എഴുതാവുന്ന ഒരു പേന എന്റെപക്കലും ഉണ്ട്‌.പറഞ്ഞിട്ടെന്തുകാര്യം ആകെയൊരു ഭാഷയേ അല്‍പ്പമെങ്കിലും പിടിയുള്ളൂ...മൂടാടി ആറാടി!

    ReplyDelete
  2. ഇത് വായിച്ചിട്ട് എന്റെ മൂട് മാത്രമല്ല മൊത്തം ആകെ ആടി .. ദേ - മാനേജര്‍ കണ്ണ് ഉരുട്ടുന്നു .. ഒന്നുപോടെയ്‌ .. ഇത് വായിച്ചു ഞാന്‍ ചിരിച്ചതിന്റെ പേരില്‍ എന്റെ ഒരു ദിവസത്തെ ശമ്പളം നീ കട്ട് ചെയ്യുമെന്കില്‍ ചെയ്യടെയ്‌.. എന്നാലും ഞാന്‍ ഇന്ന് മൊത്തം ചിരിക്കും... ഹി ഹി ഹിമ്ഹ്...

    ReplyDelete
  3. ഹാസ്യത്തെ നല്ല രീതിയില്‍ വളചോടിക്കുവാന്‍ കഴിവുള്ള നജീബിക്കാ അങ്ങേക്ക് ഒരു ഷെയ്ക്കണ്ട് ഉണ്ട് ട്ടാ.....

    ReplyDelete
  4. നല്ല അവതരണം നജൂക്കാ അവതരണ ശൈലി തന്നെയാണ് ഒരു കഥയെ വായനക്കാരനിലേക്ക് അടുപ്പിക്കുന്നത് പ്രത്യേഗിച്ച് ഹാസ്യ കഥകള്‍ അവതരണത്തില്‍ പാളിയാല്‍ പിന്നെ ഹാസ്യ കഥകള്‍ മറ്റൊരു തലത്തിലെക്കാവും കൂട്ടി കൊണ്ട് പോവുക
    ഈ ഹാസ്യ കഥ ഒത്തിരി ഇഷ്ട്ടമായി ഇതിലെ ഒരു കഥാ പാത്രമാവാന്‍ കഴിഞ്ഞത് ഭാഗ്യവും ..
    അഭിനന്ദനം .. ലൈക്‌

    ReplyDelete
  5. അവസാന പേരഗ്രാഫ് ഏറെ ചിരിപ്പിച്ചു.
    രസകരമായ എഴുത്ത് ...

    ReplyDelete
  6. ചിരിഭാഷകൊണ്ട് ഒരു രസം..

    ReplyDelete
  7. ഓ, പിന്നെയാണ് സാക്ഷാല്‍ മൊയ്ദീന്‍ പാറയിലിനെ കണ്ടത്....ആശംസകള്‍ മൊയ്ദീന്‍

    ReplyDelete
  8. ചിരിപ്പിച്ചു.. രസകരമായി അവതരണം..സ്വതസിദ്ധമായ ശൈലിയില്‍ രസകരമായ വിവരണം. സന്തോഷത്തോടെ വായിച്ചു..ഇതിലെ ഒരു കഥാ പാത്രമാവാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു നജൂ.........

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ