Monday, July 9, 2012

ചരിത്രം പറയാതെ പോയത്പ്രവാചകന്‍ മുഹമ്മദ്‌ നബി(സ:അ)യുടെ കാലത്തിനു മുമ്പ് തന്നെ അറബികളുമായുള്ള വ്യാപാര ബന്ധം മൂലം അറബി ഭാഷയുമായി ഏറെ അടുപ്പവും പരിജ്ഞാനവും ഉള്ളവരായിരുന്നു കേരളീയര്‍ വിശിഷ്യാ മലബാര്‍ പ്രദേശത്ത് ഉള്ളവര്‍.
മുഹമ്മദ്‌ നബി(സ:അ)യുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാം മതം പ്രബോധനം ചെയ്യപ്പെടുകയും ധാരാളം പേര്‍ ഈ മതം സ്വീകരിക്കുകയും ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതായി ചരിത്രം പറയുന്നു.
ഖുര്‍ആനും ഹദീസുകളും(പ്രവാചകചര്യ)അറബി ഭാഷയില്‍ തന്നെ പഠിക്കുകയും പഠിപ്പിക്കുകയും,ആരാധനാ കര്‍മ്മങ്ങള്‍ അറേബ്യയില്‍ നിന്നുള്ളതില്‍ യാതൊരു മാറ്റവും ഇല്ലാതെ അനുഷ്ഠിക്കുകയും,പാലിക്കുകയും ചെയ്തുവന്നവരാണ് തുടക്കം മുതലേയുള്ള കേരളീയ മുസ്ലിം സമൂഹം.എന്തിന് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന് കാലങ്ങള്‍ക്കു മുമ്പ് തന്നെ അറബി മലയാളം എന്ന ഭാഷയിലൂടെ സമ്പൂര്‍ണ്ണ സാക്ഷരത നേടുകയും,ഈ ഭാഷയില്‍ കനപ്പെട്ട ഗ്രന്ഥങ്ങളും നിഘണ്ടുക്കളും വരെ രചിക്കുകയും ഉണ്ടായി.(കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ 'വിദ്യാഭ്യാസവും മുസ്ലിം സമൂഹവും'   ബ്ലോഗ്‌ പോസ്റ്റ്‌ http://www.palacharakkukada.blogspot.com/2012/01/blog-post.html  കാണുക)

എന്നാല്‍ അറബി ഭാഷാപരമായി ഇത്രയും വിജ്ഞാനം ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും മുസ്ലിംകളുടെ പ്രധാന ആരാധനാ കര്‍മ്മത്തിനു അറബി ഭാഷയിലുള്ള ‘സ്വലാത്ത്’ ‘സല്ലി’ എന്നൊന്നും അല്ലാതെ സംസ്കൃത പദമായ നമസ്കാരം(നിസ്കാരം) എന്ന വാക്ക് ഉപയോഗിക്കുന്നത്?(കൃത്യ നിഷ്ഠയില്ലാത്ത അലസന്മാരെ കളിയാക്കാന്‍ ‘തോന്നുമ്പം സല്ലി’ എന്ന ഒരു മാപ്പിള ശൈലിപോലും ഉണ്ട്.എന്നിട്ടും ഗൌരവപൂര്‍വ്വം എഴുതുകയും പറയുകയും ചെയ്യുന്നിടത്ത് നമസ്കാരം എന്ന് തന്നെയേ ഉപയോഗിക്കുകയുള്ളൂ).മുസ്ലിം ആരാധനാലയങ്ങളെ മസ്ജിദ്‌ എന്ന് പറയാതെ പള്ളി എന്ന മലയാള വാക്കിലൂടെ അറിയപ്പെടുന്നത്?മറ്റൊരു പ്രധാന ആരാധനാ കര്‍മ്മമായ റംസാന്‍ മാസ വ്രതം ‘സൗം’ എന്ന് അറബിയില്‍ പറയാതെ നോമ്പ് എന്ന് മലയാളത്തില്‍ തന്നെ പറയുന്നത്?


മലയാളികളായ നാം നിത്യജീവിതത്തില്‍  നിരന്തരം ഉപയോഗിക്കുന്ന ഒരുപാട് വാക്കുകള്‍ അറബി ഭാഷയില്‍ നിന്നും ലഭിച്ചതാണ്. എന്നിട്ടും മുസ്ലിംകള്‍ മാത്രം പ്രധാനമായും ഉപയോഗിക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട ഇത്തരം വാക്കുകള്‍ മാത്രമെന്തേ അറബി ഭാഷയില്‍ ആയില്ല!!!!!

അറിവുള്ളവര്‍ പറഞ്ഞു തരിക ഈ ദിശയിലുള്ള അന്വേഷണം മതം എന്നാല്‍ ഏറെ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന ഈ കാലത്ത് ഒരു പാട് പുതിയ അറിവുകളിലെക്കും കണ്ടെത്തലുകളിലേക്കും നമ്മെ നയിക്കും.ഒരു കാലഘട്ടത്തിന്റെ സംസ്കാരവും ശീലങ്ങളും നമുക്ക് വെളിപ്പെടുത്തി തരും.സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി ഒരു പുതിയ മതം ചോര ചിന്താതെയും വെട്ടിപ്പിടിക്കാതെയും എങ്ങനെ വളര്‍ന്നു വന്നു എന്ന് അറിയാന്‍ പറ്റും.ചരിത്ര തല്പരരുടെയും ഈ വിഷയകമായി കൂടുതല്‍ അറിവുള്ളവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു.

3 comments:

  1. മുഹമ്മദു കുട്ടി മാവൂര്‍ ...Monday, July 09, 2012 3:24:00 PM

    ആധികാരികമായി ഒന്നും പറയാന്‍ അറിയില്ല ..സംസ്കാരങ്ങളുടെ സങ്കലന ഫലമായി തനിമ ചോര്‍ന്നു പോകാതെ ചില കൊടുക്കല്‍ വാങ്ങലുകള്‍ ഇരു സംസ്കാരങ്ങളിലും ഉണ്ടായിട്ടുള്ളതിനു നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ട്.. ഒരു പക്ഷെ ഹൈന്ദവാചാരപ്രകാരം പൂര്‍ണ്ണമായും ദൈവത്തില്‍ അര്‍പ്പിച്ചു നടത്തുന്ന സാഷ്ടാംഗ നമസ്കാരം ...മുസ്ലിംകളുടെ നമസ്കാരവുമായി വളരെ അടുത്ത സാമ്യതയും അര്‍ത്ഥതലത്തിലുള്ള ഏകതയും ആയേക്കാം ഒരു പക്ഷെ ഈ വാക്കിനു പിന്നിലെന്ന് അനുമാനിക്കുന്നു ... പക്ഷെ ഇത് വെളിവാക്കുന്ന ഒരു പരമാര്‍ത്ഥം നമ്മുടെ പൂര്‍വ്വികരുടെ ഇടയില്‍ ഉണ്ടായിരുന്ന ഐക്യവും സാഹോദര്യവും ആണ് ..ഇതിനെ വീക്ഷിക്കെണ്ടതും ആ അര്‍ത്തത്തിലാണെന്നാണ് എനിക്ക് തോന്നുന്നത് ..മതം ഒരിക്കലും കാലുഷ്യത്തിന്റെതല്ലെന്നും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ് മതങ്ങള്‍ നല്‍കിയിരുന്നതെന്നും പരസ്പരമുള്ള ഈ ഇഴുകിചെരലുകള്‍ നന്മയുടെ സ്വാംശീകരണ മാണെന്നും ഊഹിക്കാന്‍ അന്നത്തെ ആളുകള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല ..പക്ഷെ ഇന്ന് എല്ലാവിധ വൃത്തികേടുകള്‍ക്കും മതത്തെ കൂട്ട് പിടിക്കുകയും തദ്വാരാ മതവിശ്വാസികളുടെ ഇടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തി കുളം കലക്കി മീന്‍ പിടിക്കാന്‍ എല്ലാ മതങ്ങളിലും ഒരു ന്യൂന പക്ഷം ദുഷ്ട ശക്തികള്‍ നടത്തുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ മുന്‍കാലങ്ങളിലെ സമഭാവനയുടെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ പ്രതീകമായി ഇത്തരം നിരീക്ഷണങ്ങള്‍ എത്ര മഹത്തരമെന്നു തോന്നിപ്പോകുന്നു ..... അറിവുള്ളവര്‍ ആധികാരികമായി പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കാം ........

    ReplyDelete
  2. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് എനിക്ക് തോനുന്നില്ല. മാതൃഭാഷയില്‍ പറയുന്നത് തെറ്റൊന്നുമില്ലാലോ...

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ