Sunday, July 1, 2012

മരുഭൂമിയിലെ അസ്സയിനാര്‍ക്ക
മമ്മുവിന്റെ ഫ്ലാറ്റില്‍ നിന്ന് അസ്സയിനാര്‍ക്ക യാത്രപറഞ്ഞിറങ്ങിയത് സൂര്യന്‍ ഉരുകിയുറ്റുന്ന ജൂലായ്മാസ നട്ടുച്ചയിലേക്കാണ്.മുഖത്തേക്ക് വീശുന്ന തീക്കാറ്റിനെ മുറിച്ചു നടക്കുമ്പോഴും മനസ്സിലൊരു കനം കുറഞ്ഞതിന്റെ തണുപ്പ്.ആ സന്തോഷത്തില്‍ അയാള്‍ മൊബൈല്‍ എടുത്തു നാട്ടിലേക്ക് ഞെക്കി.
“കുഞ്ഞലീമാ .............എന്തൊക്കാ  വിശേഷം”
“പെരും മഴ അതുതന്നെ ഇവ്ടത്തെ വിശേഷം....രണ്ടു ദിവസായി തോര്‍ന്നിട്ടില്ല...എന്താ തണുപ്പ്......അവ്ടെ എന്തൊക്കാ വിശേശം..."
“ഞമ്മളെ അങ്ങ്ട്ടേലെ മമ്മു നാളെ നാട്ടില് വരുന്നുണ്ട്‌............എയര്‍പോര്‍ട്ട്ന്ന് രണ്ട് ടിന്ന്‍ ടാന്‍ഗ് വാങ്ങി അങ്ങ് തരാന്‍ ഓന്റെട്ത്ത് പൈസ കൊടുത്തിട്ട് വര്വാ ഞാന്‍ .............”
“ആവൂ .......സമാധാനായി ..ആരെങ്കിലും വന്നാല്‍ കുടിക്കാന്‍ കൊടുക്കാന്‍ ഇത് തീര്‍ന്നിറ്റ് എത്ര ദിവസായീന്നോ....”
“അതോണ്ടല്ലേ കുഞ്ഞലീമാ ഞാനെപ്പളും തീരുന്നതിന്റെ മുമ്പെ പറേണംന്ന് പറേന്നത്........ഇതിപ്പം ഇഞ്ഞ് അന്ന് പറഞ്ഞത് മുതല്‍ ഞാന്‍ അന്നേശിക്കാ ആരാ നാട്ടിപ്പോകുന്നത്ന്നു...................പിന്നെ വേറെ എന്തൊക്കാ വിശേശം.ഇന്ന് ഞാറായ്ച്ച ആയിറ്റ് ഉച്ചക്കെന്താ കോള്...”
“മീന്‍ ബിരിയാണി...........ഇന്നലെ മോന്‍ മാര്‍കറ്റില്‍ പോയപ്പം നല്ല അയക്കൂറ മാങ്ങി കൊണ്ട്വന്നീനു .........എന്താ ഇപ്പൊ മീനിനോക്കെ വെല ഒരു കിലോ അയക്കൂറക്ക് അഞ്ഞൂറ്ററുപതു ഉറുപ്യ....രണ്ട് കിലോ മാങ്ങീറ്റും അഞ്ചു പൈസ കൊറച്ചു തന്നില്ല...”
“നാട്ടില്‍ അല്ലെങ്കിലും അന്നന്ന് വെല കൂട്വല്ലേ.....”
ഇവിടെ കൊല്ലങ്ങളായി ഒരു ദിനാറിന് അഞ്ചു കിലോ മത്തി കിട്ടുന്നതില്‍ അസ്സയിനാര്‍ക്കാക്ക് വലിയ മതിപ്പ് തോന്നി.
“അസ്മാന്റെ മോള് പ്രസവിച്ചിട്ട് ഇത് വരെ കാണാന്‍ പോയിട്ടില്ല.ആസ്പത്രീന്ന് നാളെ മറ്റന്നാള്‍ ഡിസ്ചാര്‍ജ് ആകും ...ഈ മഴേത്ത് എങ്ങനാ കോഴിക്കോട് വരെ പോക്വാന്ന് ആലോചിക്കുമ്പളാ...”
“ഞാന്‍ എപ്പളും പറയലില്ലേ ..........ഒരു കാറ് വിളിച്ച് പോയ്ക്കൂടെ ഈ മഴേത്ത് ബസ്സിലൊക്കെ തെരക്കിപ്പിടിച്ച് കേറി ഇഞ്ഞും കുട്ട്യേളും ഇങ്ങനെ കഷ്ടപ്പെടണോ?.....”
സംസാരിക്കുന്നതിനിടെ പിന്നില്‍ ഹോണടി കേട്ട് തിരിഞ്ഞു നോക്കി.പാക്കിസ്ഥാനി ടാക്സിയില്‍ കയറാന്‍ ക്ഷണിക്കുകയാണ്.കൈ കൊണ്ട് വേണ്ട എന്ന് ആംഗ്യം കാട്ടി ഫോണില്‍ പറഞ്ഞു വന്നത് മുഴുമിപ്പിച്ചു.
“ഞമ്മളെ ആവശ്യത്തിനും സൌകര്യത്തിനും ചെലവാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാ പൈശ.........................."
കത്തുന്ന വെയിലില്‍ നടന്നു തളര്‍ന്ന് റൂമിലെത്തിയതും ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമെടുത്ത് വരണ്ടുണങ്ങിയ തൊണ്ടയിലേക്ക് മടമടാ ഒഴിക്കുമ്പോള്‍ അസ്സയിനാര്‍ക്ക ആലോചിച്ചത് ഇതായിരുന്നു.
“എയര്‍പോര്‍ട്ട്ന്ന് ടാന്‍ഗ് വാങ്ങാന്‍ മമ്മൂനോട് മറന്നുപോകുമോ പടച്ചോനെ”  

  

13 comments:

 1. മുഹമ്മദു കുട്ടി മാവൂര്‍ ...Sunday, July 01, 2012 12:51:00 PM

  പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ...... ചുട്ടു പൊള്ളുന്ന വെയിലിലും ഒരു പെപ്സി പോലും വാങ്ങിക്കുടിക്കാതെ ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം എടുത്തു കുടിക്കുന്ന ..ഭാര്യോടും മക്കളോടും 500 രൂപയുടെ അയക്കോര വാങ്ങി ബിരിയാണി വെച്ച് കഴിക്കാന്‍ പറയുമ്പോഴും ഇവിടെ മത്തിക്ക് വില കൂടിയില്ലല്ലോ എന്നതില്‍ ആശ്വാസം കണ്ടെത്തുന്ന ഒരു ശരാശരി പ്രവാസി ...നന്നായിരിക്കുന്നു നജു .......

  ReplyDelete
 2. പ്രവാസത്തിന്റെ അണയാത്ത നെരിപ്പോടുകൾ
  സ്നേഹത്തിന്റെയും,സഹനത്തിന്റെ വർഷങ്ങൾ
  വളരെ മനോഹരമായ അവതരണം മനസ്സിൽ വല്ലാതെ തട്ടി നജീബ് ഭായ്

  ReplyDelete
 3. പ്രവാസികളുടെ തോല്‍വിയും ഇത് തന്നെയാണ്. എല്ലാം കുടുംബത്തിനു വേണ്ടി എന്ന് പറയുമ്പോഴും വിഷമങ്ങള്‍ ആവരെ അറിയിക്കാതെ ജീവിക്കുന്ന പ്രവാസി ചെയ്യുന്നത് ത്യാഗമല്ല മറിച്ചു ശുദ്ധ മണ്ടത്തരം തന്നെ.

  എന്തോ ആവട്ടെ. എഴുത്ത് മനസ്സില്‍ തട്ടി.

  ReplyDelete
 4. നജീബ്ക്ക, നമ്മളിങ്ങനെ തന്നെ ജീവിതം തീര്‍ക്കും. ജീവിക്കാന്‍ മറന്നു പോവുന്നപ്രവാസി. ഒര്മാപെടുതലിനു നന്ദി.

  ReplyDelete
 5. ഇതാണ് നജീബിന്റെ ബ്ലോഗ്‌ വായിക്കാനുള്ള സുഖം.....അതികം നീട്ടിവലിച്ചു കൊണ്ടുപോകില്ല...ഉള്ളത് നല്ല രസത്തില്‍ ചുരുക്കിയങ്ങു പറയും....
  ഇത്തരം ജീവിതങ്ങള്‍ ദിവസവും നമ്മള്‍ എത്ര കാണുന്നു...അവരുടെ സന്തോഷം അതാണ്‌ നമ്മുടെ സന്തോഷം

  ReplyDelete
 6. പ്രവാസജീവിതം....ഓരോ കാഴച്ചകള്‍

  ReplyDelete
 7. പ്രവാസികളുടെ വേദനകള്‍ നാട്ടിലുള്ളവര്‍ അറിയുന്നില്ല ..അതാണ്‌ കഷ്ടം

  ReplyDelete
 8. പ്രവാസികളുടെ വേദനകള്‍ നാട്ടിലുള്ളവര്‍ അറിയുന്നില്ല ..അതാണ്‌ കഷ്ടം

  ReplyDelete
 9. നജീബ്.
  ഇങ്ങനെ കുടുംബത്തിനു വേണ്ടി ജീവിച്ചു തീര്‍ത്തെന്നു പരിതപിക്കുന്നവര്‍ നശിപ്പിച്ചു കളയുന്നത് സ്വന്തം ജീവിതമല്ലേ, കറവ വറ്റിയാല്‍ ആര്‍ക്കു വേണം ഇവരെ? അതുകൊണ്ട് ഇനിയുള്ള തലമുറയെങ്കിലും കാശുണ്ടാക്കാനായി ജീവിക്കാതിരിക്കട്ടെ, മറിച്ച് അതുകൊണ്ട് ജീവിക്കട്ടെ.

  നല്ല പോസ്റ്റ്‌, ആശംസകള്‍....

  ReplyDelete
 10. ആദ്യമായിട്ടാണ് ഈ ബ്ലോഗിലേക്ക് വരുന്നത്. ഇനിയെന്നും വരാമല്ലോ. കൂടെ പോസ്റ്റുകള്‍ വരുമ്പോള്‍ മെയില്‍ വഴി അയച്ചിരുന്നെങ്കില്‍ മിസ്സ്‌ ആവാതെ വായിക്കാമായിരുന്നു. മെയില്‍ ഐ. ഡി. shamzi99@gmail.com . കഥയില്‍ പറഞ്ഞത് പോലെ പച്ച വെള്ളം കുടിക്കുന്ന, അഞ്ചു ദിര്‍ഹത്തിന്റെ മത്തിയില്‍ അയക്കൂറയെ കണ്ടെത്തുന്ന, നടന്നു പോകുമ്പോഴും വീട്ടില്‍ വിളിച്ചു കാറില്‍ പോകാന്‍ പറയുന്ന ഒരു പ്രവാസി തന്നെ ഞാനും. നന്ദി

  ReplyDelete
 11. "ഞമ്മളെ ആവശ്യത്തിനും സൌകര്യത്തിനും ചെലവാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാ പൈശ ..........."

  മനോഹരമായി എഴുതി .... അഭിനന്ദനങ്ങള്‍ ......!!!!

  ReplyDelete
 12. ഒരു കാലഘട്ടത്തിലെ പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച..നന്നായ് എഴുതി.

  ReplyDelete
 13. ഇങ്ങിനെ "കഷ്ടപ്പെട്ട്" കുടുംബത്തിനു എല്ലാ വിധ സൌകര്യങ്ങളും ചെയ്ത് കൊടുക്കുന്ന പ്രവാസിയാണ് അവസാനം അവരാല്‍ തിരസ്കരിക്കപ്പെടുന്നത്! ആദ്യം സ്വന്തം ആരോഗ്യം നോക്കുക, എന്നിട്ട് കുടുംബം. കാന്‍വാസ് ഇല്ലാതെ പടം വരക്കാന്‍ പറ്റില്ല എന്ന് ഓരോ പ്രവാസിയും മനസ്സിലാക്കുക. മനസ്സിലാക്കിയാല്‍ നന്ന്

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ