Wednesday, November 6, 2013

അഹമദ് കുട്ടിക്ക എന്ന പേര്‍ഷ്യക്കാരന്‍




“ദര്‍ഗ്ഗയില്‍ വരുന്നവര്‍ അവിടെ ചുറ്റിപ്പറ്റി ഭിക്ഷയെടുത്തു കഴിയുന്നവര്‍ക്ക് സൌജന്യമായി ഭക്ഷണം നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കൂപ്പണ്‍ വാങ്ങി വിതരണം ചെയ്യും.പലരും ഒന്നിച്ച് അവിടത്തെ വാച്ച്മാനെ ഏല്‍പ്പിക്കുകയാണ് ചെയ്യുക.അയാള്‍ അത് എന്‍റെ കയ്യില്‍ തരും.ഒരു കൂപ്പണ്‍ ഞാനെടുത്ത് ബാക്കിയുള്ളവ എന്നെപ്പോലുള്ള അഗതികള്‍ക്ക് വിതരണം ചെയ്യും. അങ്ങനെ അവിടെയുള്ള പിച്ചക്കാരുടെ ക്യാപ്റ്റനായിരുന്നു ഞാന്‍ ഒന്നര വര്‍ഷത്തോളം......”

അഹമദ്കുട്ടിക്ക ഒരു തമാശ പോലെയാണ് അത് പറഞ്ഞതെങ്കിലും എനിക്ക് അത് കേട്ട് ചിരിക്കാന്‍ കഴിഞ്ഞില്ല.

ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ നാട്ടില്‍ അപൂര്‍വ്വമായിരുന്ന ‘പേര്‍ഷ്യക്കാരന്‍റെ’ എല്ലാ പത്രാസോടെയും ജീവിച്ച മനുഷ്യന്‍. അഹമദ്കുട്ടിക്ക ഉപ്പയുടെ സുഹൃത്തായിരുന്നു.വെളുത്ത നിറവും ഉയരവും തടിയുമുള്ള  അദ്ദേഹം  സ്വര്‍ണ്ണപ്പല്ലുള്ള ചിരിയോടെ ഉപ്പയുമായി കഥ പറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.നിരത്തരികില്‍ മുകളിലും താഴെയും വരാന്തയില്‍ ഗ്രില്‍സിട്ട ആ വലിയ വീട്ടില്‍ ‘ഓത്ത്കുട്ടികളുടെ ചോറിനു’ പോയി അന്ന് അപൂര്‍വ്വമായിരുന്ന ബിരിയാണി ഞാനും പലവട്ടം കഴിച്ചിട്ടുണ്ട്.

അയാളാണ് നാല്‍പതു വര്‍ഷത്തെ ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച്   നാട്ടിലെത്തി രണ്ടു വര്‍ഷം പോലും പിടിച്ചു നില്‍ക്കാനാവാതെ,ഒടുവില്‍ ആരോടും മിണ്ടാതെ നാടുവിട്ട് വര്‍ഷങ്ങളോളം അലഞ്ഞ കാലത്തെ കഥകള്‍ എന്‍റെ മുന്നിലിരുന്ന് പറയുന്നത്.ഒരു പെരുമഴ പോലെ നിര്‍ത്താതെ.....

അയാളൊരു ധൂര്‍ത്താനായിരുന്നില്ല.വീട് വെക്കുകയും പറമ്പുകള്‍ വാങ്ങുകയും ചെയ്തപ്പോഴും കുടുംബത്തെയും ഭാര്യവീട്ടുകാരെയും അയാള്‍ നന്നായി സഹായിച്ചു.പള്ളിക്കും പാവപ്പെട്ടവര്‍ക്കും കയ്യയഞ്ഞു കൊടുത്തു.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായി ഇടപെട്ടു.


നാല്‍പതു വര്‍ഷം ദുബായില്‍ അഹമദ്കുട്ടിക്ക  പല ജോലികള്‍ ചെയ്തു.സ്വന്തമായി കച്ചവടമടക്കം.മക്കളെയും അളിയന്മാരെയും അങ്ങോട്ട്‌ കൊണ്ടുപോയി.എല്ലാവരും തരക്കേടില്ലാത്ത നിലയില്‍ തന്നെ.ഒടുവില്‍ പ്രായമായപ്പോള്‍ തിരിച്ചു പോന്നു.

“വെറുതെ ഇരുന്നു ശീലമില്ലാത്തത് കൊണ്ട് നാട്ടില്‍ വന്നപ്പോള്‍ ഒരു ഹോട്ടലില്‍ കുറച്ചു കാലം കാഷ്യര്‍ ആയി നിന്നു.രാത്രിയും ഉറക്കമൊഴിച്ച് നില്‍ക്കണം എന്നായപ്പോള്‍ അതൊഴിവാക്കി.പിന്നീടാണ് നാട്ടില്‍ തന്നെ ഒരു ഹോട്ടലും ചെറിയൊരു കടയും തുടങ്ങിയത്..”

കുറേക്കാലം ഗള്‍ഫില്‍ ജീവിച്ച ഒരാള്‍ക്ക്‌ അതും ആരോടും കര്‍ക്കശമായി ഇടപെടാന്‍  കഴിയാത്ത ഒരാള്‍ക്ക്‌ പെട്ടെന്ന് നാട്ടില്‍ കച്ചവടം തുടങ്ങിയാലുണ്ടാകുന്ന അനുഭവം.അഹമദ്കുട്ടിക്ക കച്ചവടം നിര്‍ത്തേണ്ടി വന്നു.പത്തു ലക്ഷത്തോളം രൂപ കടക്കാരനായിക്കൊണ്ട്!

“എന്‍റെ രണ്ടോ മൂന്നോ സെന്റ്‌ സ്ഥലം വിറ്റാല്‍ വീട്ടാവുന്ന കടമേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ.....”

കടക്കാര്‍ വീട്ടില്‍ തിരക്കി വരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഒറ്റപ്പെട്ടു.ഇത്രയും കാലം തീറ്റിപ്പോറ്റിയവരുടെ യഥാര്‍ത്ഥ മുഖം കണ്ടയാള്‍ ഞെട്ടി.കണക്കു നോക്കാതെ കൊടുത്ത ബന്ധുക്കളും സ്വന്തക്കാരും അയാള്‍ വീട്ടിലേക്കു കയറിവരുമ്പോള്‍ ഒളിച്ചിരുന്നു.പക്ഷെ തകര്‍ന്നു പോയത് അവിടെയല്ല.

“ഡോക്ടറെ കാണിക്കാന്‍ എന്ന് പറഞ്ഞ് അവരെന്നെ വിളിച്ചു കൊണ്ടുപോയത് ഭ്രാന്താശുപത്രിയിലെക്കാണ്.ഒരാഴ്ചയോളം ഭ്രാന്തന്മാരോടൊപ്പം ഞാന്‍...............”

പിന്നീട് ഒന്നര വര്‍ഷത്തോളം വീട്ടിനകത്ത് ഭ്രാന്തിനുള്ള മരുന്ന് കഴിച്ചു തളര്‍ന്നു കിടന്നു.വിശപ്പും ദാഹവും ഇല്ലാതെ.നാവു കുഴഞ്ഞു സംസാരിക്കാനാവാതെ.......

ഒടുവില്‍ കടം വാങ്ങിയ ആയിരം രൂപയും കൊണ്ട് നാടുവിട്ടു.എങ്ങോട്ടെന്നില്ലാതെ.എത്തിപ്പെട്ടത് നാഗൂര്‍ ദര്‍ഗ്ഗയില്‍.കാശ് തീര്‍ന്നപ്പോള്‍ കൈയില്‍ കെട്ടിയ വാച്ച് വിറ്റു.പിന്നെ ആരൊക്കെയോ കൊടുത്ത ടോക്കനുകള്‍ കൊണ്ട് പശിയടക്കി.....

അത് കഴിഞ്ഞു പല നാടുകള്‍.പാചകക്കാരനായും തോട്ടം കാര്യസ്ഥനായും പല വേഷങ്ങള്‍.എട്ടു വര്‍ഷത്തോളം.

ആരോ പറഞ്ഞറിഞ്ഞ് വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ ചെല്ലുമ്പോള്‍ കണ്ണൂരില്‍ വലിയൊരു കച്ചവട സ്ഥാപനത്തില്‍ ജോലിക്കാര്‍ക്കുള്ള മെസ്സിലെ പ്രധാന കുശിനിക്കാരനായിരുന്നു എഴുപത്തി എട്ടുകാരനായ അഹമദ്കുട്ടിക്ക എന്ന ഗള്‍ഫ് പ്രവാസി.

“ഇപ്പോള്‍ സങ്കടമൊന്നുമില്ലെടോ.ആരെയും കുറ്റം പറയാനുമില്ല. എവിടെയാണ് പിഴച്ചു പോയത് എന്ന് എനിക്കുമറിയില്ല.എല്ലാരെയും വിശ്വസിക്കുകയും കഴിയുമ്പോലെ സഹായിക്കുകയും ചെയ്തിരുന്നു. പട്ടിണി കിടന്നിട്ടുണ്ട് ഗള്‍ഫില്‍ ആയപ്പോള്‍ പോലും.ചെറുപ്പത്തില്‍ വീട്ടില്‍ ചോറ് വെക്കുന്നത്.വെള്ളിയാഴ്ച മാത്രമാണ്.അന്ന് ചിലപ്പോള്‍ അളിയാക്ക വരുന്നത് കൊണ്ട് ഉമ്മ ചോറുണ്ടാക്കും അല്ലെങ്കില്‍ കഞ്ഞി തന്നെ.ബാംഗ്ലൂരില്‍ ഹോട്ടലില്‍ പണിയെടുക്കുമ്പോഴാ വയറു നിറച്ചു ചോറ് തിന്നത്.ആ അനുഭവങ്ങള്‍ ഒന്നും മക്കള്‍ക്ക്‌ ഉണ്ടാവരുത് എന്ന് കരുതിയാ കഷ്ടപ്പെട്ട് കുറെ സമ്പാദിച്ചത്.വിശപ്പിന്‍റെ വില അറിയുന്നത് കൊണ്ടാ കുടുംബക്കാരെയും ഭാര്യവീട്ടുകാരെയും ഒക്കെ പരമാവധി സഹായിച്ചത്.പക്ഷെ.............”

ജീവിതത്തിന്‍റെ കനല്‍വഴികള്‍ എമ്പാടും താണ്ടിയ ആ മനുഷ്യന്‍ പറഞ്ഞു നിര്‍ത്തി.


അപ്പോള്‍ എന്‍റെ മനസ്സില്‍ മൂടാടി അങ്ങാടിയിലെ ‘സുഹറാ സൌണ്ട്സി’നു മുന്നില്‍ പൊടിയില്‍ കുളിച്ച ഒരു ബോംബെ ബസ്സ്‌ വന്നു നിന്നു.അങ്ങാടി മുഴുവന്‍ ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പോകുന്ന ‘സഫറുകാരനെ’ കാണാന്‍ ബസ്സിനു ചുറ്റും കൂടി. കയ്യില്‍ ‘ഫൈവ്ഫോര്‍ത്രീ’ സെറ്റുമായി പ്രേംനസീറിനെ പോലെ സുന്ദരനായ അഹമദ്കുട്ടിക്ക നടന്നു.പിറകില്‍ ചുവന്ന കള്ളിയുള്ള പെട്ടികളും സൂട്കെസുമായി ചുമട്ടുകാരും.ഒരു രാജാവിനെ പോലെ ആ പേര്‍ഷ്യക്കാരനെ നാട് വരവേറ്റു.     

18 comments:

  1. നജീബ് വളരെ രസകരമായ അവതരണം
    ഇന്ന് പല പ്രവാസികൾക്കും പറ്റുന്ന ഒരു
    അമളി വളരെ നന്മയത്വത്തോടെ ഇവിടെ
    പറഞ്ഞു ലേബലിൽ പലവക എന്ന് കണ്ടതിനാൽ
    ഇതൊരു വെറും കഥ അല്ല മറിച്ച് ഇതിൽ അൽപ്പം
    അനുഭവവും ഇല്ലേ എന്ന് തോന്നിപ്പോയി
    എഴുതുക അറിയിക്കുക
    എന്റെ ബ്ലോഗിൽ വരാനും മറക്കേണ്ട കേട്ടോ

    ReplyDelete
    Replies
    1. ഇത് കഥയല്ല.അനുഭവം തന്നെ ഇന്നലെ രാവിലെ അയാള്‍ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞ അനുഭവങ്ങളില്‍ നിന്ന് അല്പം മാത്രം

      Delete
  2. ഹൃദയസ്പര്‍ശിയായിരിക്കുന്നു അഹമദ് കുട്ടിക്കയുടെ കഥ.
    നാല്പതുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് രണ്ടുവര്‍ഷത്തെ
    നാട്ടിലെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്നു.പ്രവാസിയുടെ ദുര്യോഗം.
    നന്നായി എഴുതിയിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സാര്‍.ഓരോ പ്രവാസിക്കും ഇതൊരു പാഠമാണ്

      Delete
  3. നല്ല അവതരണം. പച്ചിലകള്‍ ആയ നമ്മുടെ കാര്യം ആലോചിക്കുമ്പോള്‍ ഹോ...!!!

    ReplyDelete
    Replies
    1. ഇനിയുള്ള തലമുറ ഇത്ര പോലും

      Delete
  4. ഒരു പാസ്പോർട്ട്‌ അത് കിട്ടിയാൽ ഒരു വിസ പിന്നെ കുറെ സ്വപ്‌നങ്ങൾ അവസാനം ഒരു കിടക്കാടം ഉണ്ടായാൽ ഭാഗ്യം

    ReplyDelete
    Replies
    1. ആരോഗ്യവും സ്വത്തും ഇല്ലാതാകുന്ന വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും

      Delete
  5. വിധിയുടെ കൈവഴികൾ മനുഷ്യരെ എങ്ങോട്ടാണ് കൊണ്ടുപോവുകയെന്ന് ആർക്കും പ്രവചിക്കാനവില്ല. ഗൾഫ് കുടിയേറ്റത്തിന്റെ ആദ്യകാലത്തെ പ്രവാസികൾക്ക് സാധാരണ നിലയിൽ ഉണ്ടാവാൻ പാടില്ലാത്ത ദുര്യോഗമാണ് ശുദ്ധഹൃദയനായ ആ മനുഷ്യന് അനുഭവിക്കേണ്ടി വന്നത്.

    മനസ്സിൽ പതിഞ്ഞു., ലളിതമായ ഈ വിവരണം

    ReplyDelete
    Replies
    1. അതെ പ്രദീപ്‌ ജി.അദ്ധേഹത്തിന്റെ ആദ്യകാല ജീവിതത്തില്‍ ഇങ്ങനെ ഒരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല.

      Delete
  6. വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ!

    ReplyDelete
  7. വേദനിപ്പിക്കുന്ന സത്യം.അയാളുടെ പിടച്ചില്‍ ഭാര്യക്കും മക്കള്‍ക്കും പോലും ഭ്രാന്തായി തോന്നി. ഇതുപോലെ എത്രപേര്‍ .....

    ReplyDelete
  8. :( ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ബന്ധങ്ങള്‍ക്ക് എന്ത് വില എന്ന് തോന്നിപ്പോകുന്നു. എന്റെ വളരെ അടുത്ത ഒരു ബന്ധുവിന്റെ അനുഭവം ഏതാണ്ട് ഇത് പോലെ തന്നെ -അദ്ദേഹം പട്ടാളത്തില്‍ ആയിരുന്നു എന്ന് മാത്രം.

    ReplyDelete
  9. തലയിലെഴുത്ത് തൂത്താല്‍ പോകില്ലല്ലോ നജീബ്. ഓരോ അനുഭവങ്ങള്‍ കേള്‍ക്കുമ്പോഴും മറ്റാര്‍ക്കും ഇതുപോലെ ഉണ്ടാവരുതേയെന്നു പ്രാര്‍ത്ഥിക്കാം...

    ReplyDelete
  10. കാലത്ത് തന്നെ നല്ലൊരു വായന നല്കിയതിനു നന്ദി നമ്മളും മറ്റൊരു അഹ്മദ് കുട്ടിയാവാതിരിക്കട്ടെ ..ഓരോ പ്രവാസിക്കും ഒരു മുന്നറിയിപ്പ് ....ഇത് പോലെ പല അഹ്മദ് കുട്ടിമാരും നമ്മുടെ എല്ലാവരുടെയും നാട്ടിൻ പുറത്തുണ്ടാവും..

    ReplyDelete
  11. ആര്‍ക്കും ഇങ്ങനെ സംഭാവിക്കാതെയിരിക്കട്ടെ

    ReplyDelete
  12. നാല് പതിറ്റാണ്ട് പ്രവാസത്തിന്റെ പ്രയാസങ്ങൾ പേറിയ
    ഒരുവന്റെ ദുര്യോഗം ഹൃദയസ്പര്‍ശിയായി വിവരിച്ചിരിക്കുന്നൂ....

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ